ഒരു വിരൽ തുമ്പിൽ പോലും തൊടാത്ത ആളിൽ നിന്നും ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല. ഇന്നെന്താ നല്ല ഫോമിൽ ആണല്ലോ…?

ഓണപ്പുടവ – എഴുത്ത്: Aann S Aann

“ചിറ്റേ…ചിറ്റയ്ക്ക് അച്ഛമ്മ വാങ്ങിച്ച ഓണക്കോടി നോക്കിക്കേ….ദേ…മയിൽപീലി ഒക്കെയുണ്ട്…എന്ത് രസാ..!!

വണ്ടി പാർക്ക് ചെയ്തു വീട്ടിലേക്ക് കയറുമ്പോൾ എന്നെ വരവേറ്റത് കയ്യിൽ ഒരു പൊതിയുമായി ഓടിവന്ന കുഞ്ഞു മാളൂട്ടിയുടെ കുസൃതിച്ചിരിയോടെ ഉള്ള സംസാരമാണ്.

തുമ്പപ്പൂ പോലത്തെ കുഞ്ഞി പല്ലു കാണിച്ചുള്ള ചിരിയും പൂത്തിരി കത്തിച്ച പോലെ സന്തോഷത്താൽ തിളങ്ങുന്ന കണ്ണുകളും കണ്ടപ്പോൾ…എന്തോ അവളെ പിണക്കാൻ തോന്നിയില്ല. കൈ നീട്ടി പൊതി വാങ്ങിച്ചു.

“യ്യേ!!…അച്ഛമ്മേ…ചിറ്റ സാരി വാങ്ങിച്ചേ…മാളൂട്ടി കൊടുത്തിട്ട് ചിറ്റ സാരി വാങ്ങിച്ചേ…”

എന്റെ കവിളിൽ ഒരു മുത്തം നൽകി പുതിയൊരു കളിപ്പാട്ടം കയ്യിൽ കിട്ടിയതിലും സന്തോഷത്തിൽ അവൾ അടുക്കളയിലേക്കോടി, അച്ഛമ്മയുടെ അടുത്തേക്ക്…

ഞാൻ പൊതിയും വാങ്ങി നേരെ മുറിയിലേക്ക് പോയി കതകടച്ചു. അമ്മയെ പോയി കാണാൻ തോന്നിയില്ല. ഞാൻ ആ പൊതിയിലേക്ക് നോക്കി. എന്റെ ഇക്കൊല്ലത്തെ ഓണക്കോടി…

നാലഞ്ചു വർഷമായി ഇത് വാങ്ങിക്കുന്നത് അമ്മയ്ക്കൊരു പതിവാണ്. പക്ഷേ അമ്മയുടെ കയ്യിൽ നിന്നും താനിതുവരെ അത് വാങ്ങിച്ചിട്ടില്ല. ഈ വർഷം വാങ്ങിയെങ്കിലും ഞാനതുടുക്കില്ലെന്ന് മറ്റാരെക്കാളും അമ്മയ്ക്കറിയാം.

ആ പൊതി കിടക്കയിലേക്ക് വലിച്ചെറിഞ്ഞു…പിന്നെ കിടക്കയിലേക്ക് ഞാനും വീണു…കണ്ണിൽ നിന്നും അനുവാദമില്ലാതെ ഒഴുകി വന്ന നീരുറവയ്ക്കൊപ്പം മനസ്സ് ഒരു അപ്പൂപ്പൻതാടി പോലെ മറക്കാൻ ശ്രമിക്കുന്ന ഓർമകളുടെ മൂടുപടം നീക്കി മാറ്റുന്നത് അറിഞ്ഞു.

കോളേജിലെ രണ്ടാം വർഷത്തെ ഓണാഘോഷം…കോൺവെന്റ് സ്കൂളിലെ പഠനവും അധ്യാപക ദമ്പതിമാരുടെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്ക് പട്ടണത്തിലെ കോളേജും അവിടുത്തെ കുസൃതിനിറഞ്ഞ തമാശകളും അമിത സ്വാതന്ത്ര്യവും ഒക്കെ ഒരു അത്ഭുതവും, തെല്ലൊരു അനിഷ്ടവും ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ആദ്യ വർഷത്തെ ഓണാഘോഷത്തിന് പോകാതിരുന്നത്.

കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ടാമത്തെ വർഷം പോയെങ്കിലും ഡ്രസ്സ് കോഡ് ആയ സാരിയും ദാവണിയും ഒന്നും ഇടാതെ പഴയ ഒരു സെറ്റ് ചുരിദാറിൽ ഒതുക്കി. പാട്ടും കൂത്തും ഗെയിംസും പൂക്കളവും ഒക്കെയായി ഓണാഘോഷം ഗംഭീരം. പെൺകുട്ടികൾ എല്ലാം പുതുവസ്ത്രങ്ങളും ആഭരണങ്ങളും മുല്ലപ്പൂവും…സ്വർഗ്ഗത്തിലെ അപ്സരസുമാർ വരെ തോറ്റു പോകും. ആൺകുട്ടികൾ ആണെങ്കിൽ അധികപേരും സുരാപാനം ഒക്കെ ചെയ്തു തകർപ്പൻ ഫോമിലും.

എന്റെ ഉള്ളിൽ നേരിയൊരു അപകർഷതാബോധവും മടുപ്പും ഒക്കെ ഉണ്ടെങ്കിലും ഇതുവരെ കാണാത്ത തരത്തിലുള്ള ആഘോഷങ്ങളുടെ മായാലോകം തീർത്ത നേരിയ സന്തോഷത്തിന്റെ ഓളവും…പുലികളിയുടെയും ചെണ്ടമേളത്തിന്റെയും ആർപ്പ് വിളികളുടെയും നാടൻപാട്ടിന്റെ അകമ്പടിയോടു കൂടിയും ഘോഷയാത്ര ഇങ്ങനെ അടുത്തേക്ക് നീങ്ങി വരുന്നു.

കോളേജിലെ പ്രധാന ചട്ടമ്പികളും, പോഷ് ടീമും, സർവ്വോപരി സ്വഭാവദൂഷ്യങ്ങളുടെ കലവറകളും ആയ എല്ലാ കണ്ണിലുണ്ണികളും മുൻനിരയിൽ തന്നെ ഉറഞ്ഞാടുന്നുണ്ട്. പെട്ടെന്നാണ് അതിൽ ഉള്ള ഒരുത്തൻ ഞാൻ നോക്കിയ അതേ നേരം തന്നെ എന്നെയും തിരിച്ചു നോക്കിയത്. കണ്ണുകൾ തമ്മിൽ ഒന്ന് കൊരുത്തതും ഞാൻ നോട്ടം മാറ്റി. ആകാശത്തിലൂടെ പക്ഷികൾ ഒന്നും തന്നെ പറന്നു പോകുന്നില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കി. ഇത്തിരി കഴിഞ്ഞു നോക്കിയപ്പോൾ ആൾ നിന്നിടം ശൂന്യം..ഭാഗ്യം.

ആ ചേട്ടൻ എന്നെ നോക്കുന്നത് പലപ്പോഴായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ക്യാന്റീനിന്റെ പിന്നിൽ നിന്ന് പുകവലിക്കുന്നവരുടെ കൂട്ടത്തിൽ…യൂണിയൻ റൂമിന്റെ ഉള്ളിൽ (ആ മുറി ഇടിമുറി ആണെന്നും അതിനുള്ളിൽ വെള്ളമടി ആണ് പരിപാടി എന്നും കേട്ടിട്ടുണ്ട്) ഗാലറിയിൽ ഫുട്ബോൾ കളിക്കുന്നത്, ഏതോ സീനിയർ ചേച്ചിയെ കമൻറ് അടിച്ചന്നും പറഞ്ഞു ഒരു പയ്യനെ തല്ലിപൊളിക്കുന്നത്…ചുരുക്കി പറഞ്ഞാൽ കോളേജിലേക്ക് വരുന്നതിന് മുൻപേ ചെന്നു പെടരുത് എന്ന് അപ്പനും അമ്മയും പറഞ്ഞു തന്ന എടാകൂടങ്ങളിൽ ഒക്കെപെട്ട ഒരാൾ.

എന്റെ പുറകിൽ ആരോ തട്ടിയോ…ഏയ് തോന്നിയതാ…

“ഡോ”

കുറച്ച് കനത്തിൽ ഒരു ശബ്ദം. തിരിഞ്ഞ് നോക്കിയതും അതേ ചേട്ടൻ എന്റെ തൊട്ടു പിറകിൽ നിൽക്കുന്നു.

“എ…എന്താ…?”

“ഇയാൾ ഇങ്ങ് വന്നേ…ഒരു കാര്യം ചോദിക്കട്ടെ?”

“ഞാനോ?…ഞാനെങ്ങും വരില്ല…എന്താ കാര്യം…?”

“കാര്യം ഒക്കെ പറയാം…ഇയാളോട് അല്ലേ വരാൻ പറഞ്ഞത്?”

“അത്…അറിയാത്ത ആളുകളുടെ കൂടെ അങ്ങനെ വരാൻ ഒന്നും പറ്റില്ല…അത്രയ്ക്ക് അത്യാവശ്യമാണെങ്കിൽ ഇവിടുന്ന് പറഞ്ഞാൽ മതി”

“അപ്പോൾ നിനക്കെന്നെ ഒട്ടും അറിയില്ലേ? അറിയാഞ്ഞിട്ടാണോ ഞാൻ നോക്കുമ്പോൾ ഒക്കെ നീ എന്നെ നോക്കുന്നത് കാണാറ്?” ഇത്തിരി കുസൃതിയോടാണ് ചോദ്യം…

കർത്താവേ ഇയാൾ അതൊക്കെ കണ്ടിട്ടുണ്ടോ?

“ഞാനാരെയും നോക്കിയിട്ടില്ല. അല്ലേലും ഞാൻ എന്തിനാ നിങ്ങളെ നോക്കുന്നത്? എനിക്ക് നിങ്ങളെ നല്ലപോലെ അറിയുക കൂടിയില്ല “

അത് കേട്ടതും അയാളുടെ ചിരിച്ചു നിൽക്കുന്ന മുഖം ഒക്കെ മാറി കണ്ണിലെ കുസൃതിക്ക് പകരം തീക്ഷ്ണത നിറഞ്ഞു. എന്റെ ഉള്ളിലും ഭയം ഉരുണ്ടു കൂടിയിരുന്നു.

“എന്റെ പേരും ബ്രാഞ്ചും പറയെടീ”

“നവീൻ ദാമോദർ…എസ്6. മെക്കാനിക്കൽ” വിറയലിനിടയിലും എന്റെ ഉള്ളിൽ നിന്നും ഒരു അശരീരി ഉയർന്നുവന്നു.

“ആഹാ..പ്രിയ വർഗീസ് ഇത്ര മിടുക്കി ആയിരുന്നോ? അപ്പൊ നമുക്ക് തമ്മിൽ ആവശ്യത്തിലേറെ പരിചയം ഉണ്ടല്ലോ? ഒരു 5 മിനിറ്റ് സംസാരിക്കാൻ ഇതൊക്കെ ധാരാളം പോരേടോ?” മുഖത്ത് വീണ്ടും കുസൃതി നിറഞ്ഞു വന്നു.

ഇതാകെ പണി പാളിയ മട്ട് ആണല്ലോ പുണ്യാളാ? എങ്ങനെയാ ഒന്ന് തലയൂരുന്നേ?

“ഡാ നവീ…ആ പ്രിൻസി ഭൂതം..പറഞ്ഞ സമയത്ത് തന്നെ വന്നെടാ…ഉദ്ഘാടനം തുടങ്ങേണ്ടേ? നീ വരണ്ടാ?” ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് അവിടേയ്ക്ക് വന്ന ചേട്ടൻ പിന്നെയാണ് എന്നെ കണ്ടത്.

“ഓ നീയെവിടെ നിൻറെ പെണ്ണിനോട് സൊള്ളുവായിരുന്നോ? ഓണമായിട്ട് ഞാൻ കട്ടുറുമ്പ് ആയോ അളിയാ? സോറി ട്ടാ പെങ്ങളേ”

അത്ഭുതത്തോടെ ഞാൻ എന്റെ മുൻപിലുള്ള ആളെ നോക്കിയതും അവിടെ പ്രണയമോ, കുസൃതിയോ, നാണമോ…ഇന്നും അറിയില്ല ആ കണ്ണുകൾ എന്നോട് ഓതിയ ഭാവം എന്തായിരുന്നു എന്ന്.

“ഞാൻ പോട്ടെ….പിന്നെ കാണാം” പതിഞ്ഞൊരു ശബ്ദത്തിൽ നേർത്ത ഒരു പതർച്ചയോടെ പറഞ്ഞിട്ട് ആൾ ഓടിപ്പോയി.

കേട്ടതും കണ്ടതും ഒക്കെ ഡീകോഡ് ചെയ്യാൻ എന്റെ ബ്രെയിൻ ബുദ്ധിമുട്ടുണ്ടായിരുന്നു.

ഫ്രഷേഴ്സ്ഡേക്ക് പണ്ട് എപ്പോഴോ എഴുതിയ ഒരു കവിത ട്യൂൺ ചെയ്തു പാടിയതും…ഒരു പോസ്റ്റിൽ ചാരിനിന്ന് അത് ആസ്വദിച്ച് കേൾക്കുന്ന ആളിനെയുമാണ് ആദ്യം ഓർമ്മയിൽ വന്നത്. ഒട്ടും അറിയാത്ത പല ചേട്ടന്മാരും ചേച്ചിമാരും ഒക്കെ പരിചയ ഭാവത്തിൽ ചിരിച്ചതും…ചിലർ പെങ്ങളേ എന്ന് വിളിച്ചതും ഒക്കെ ഓർമ്മയിൽ തെളിഞ്ഞു.

പിന്നീടങ്ങോട്ട് ആ ചേട്ടനെ കാണരുതേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ ദിവസവും കോളേജിലേക്ക് ഇറങ്ങിയത്. എങ്കിലും ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കുമായിരുന്നു. സിഗരറ്റ് വലിക്കുമ്പോൾ എന്നെ കണ്ടാൽ അത് താഴെയിട്ട് വായുവിലുള്ള പുക മായ്ച്ചു കളയുന്നത്, ആർട്സ്ഡേക്ക് ഡാൻസ് കളിക്കാൻ നിർബന്ധിക്കുന്നത്, മാഗസിനിൽ കവിതയെഴുതാൻ പുറകെ നടന്നു കൊണ്ട്, പലപ്പോഴായി ഇഷ്ടം പറഞ്ഞു കൊണ്ട്…

അങ്ങനെയങ്ങനെ എപ്പോഴാണെന്നറിയില്ല എന്റെ മനസ്സിന്റെ കടിഞ്ഞാണും പതിയെ എന്റെ കൈവിട്ടു പോയിരുന്നു. എങ്കിലും ഞാൻ അല്ലാതെ മറ്റാരും അറിയാതെ ആ ഇഷ്ടം മനസ്സിനുള്ളിൽ തന്നെ കുഴിച്ചുമൂടി.

അങ്ങിനെ അവരുടെ ഫെയർവെൽ ദിനം വന്നെത്തി. മനസ്സിനുള്ളിൽ ദേഷ്യമോ…സങ്കടമോ…പ്രിയപ്പെട്ടതെന്തോ കൈവിട്ടു പോകുന്ന ഒരു തോന്നൽ…ക്ലാസിൽ കയറാതെ എന്റെ പ്രിയപ്പെട്ട അപ്പൂപ്പനാലിന്റെ തണലിൽ പോയിരുന്നു. സങ്കടം എപ്പോളോ തേങ്ങലിന്റെ രൂപത്തിലേക്ക് മാറിയിരുന്നു.

എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല ബോധം വന്നപ്പോൾ എന്റെ അടുത്ത് ആരോ ഇരിക്കുന്ന പോലെ തോന്നി. തല ചെരിച്ചു നോക്കിയപ്പോൾ ഒരു കർച്ചീഫ് എന്റെ നേരെ നീട്ടി…

“എന്തുപറ്റി ഇങ്ങനെ കരയാൻ? നിനക്ക് ഒട്ടും ഇഷ്ടമില്ലാത്ത ആരെങ്കിലും നിന്നെ പിരിഞ്ഞ് പോകുന്നുണ്ടോ?”

“ഇല്ല”

“പിന്നെ ഈ ഇരിപ്പും…ശോകം സീനും…മൊത്തത്തിൽ ഈ സ്റ്റേറ്റ്മെൻറ്ന് ഒരു മാച്ച് ഇല്ലല്ലോ?”

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

“ഈ ജാതിയും മതവും ഒക്കെയാണ് നിന്റെ പ്രശ്നമെങ്കിൽ നിന്റെ അപ്പനും എന്റെ വീട്ടുകാരും സമ്മതിക്കുന്നത് എന്നാണോ അന്ന് വരെ കാത്തിരിക്കാൻ ഞാനൊരുക്കമാണ്. ഇനി എന്റെ തല്ലുകൊള്ളിത്തരവും ദുശ്ശീലങ്ങളും ഒക്കെയാണ് പ്രശ്നമെങ്കിൽ ഇതൊക്കെ ഒരു ക്യാമ്പസ് തമാശ മാത്രമാണ്. നീയും ഞാനും ഒരു ജീവിതം തുടങ്ങുമ്പോൾ ഈ ലഹരികൾ എല്ലാം ഞാൻ മാറ്റിയിരിക്കും. ഇത് നിനക്ക് മാത്രമല്ല എന്റെ അമ്മയ്ക്ക് കൂടി ഞാൻ കൊടുത്ത വാക്കാണ്. ഇനിയെങ്കിലും നിന്റെ കണ്ണുകളിൽ ഒളിപ്പിച്ചു വെക്കാൻ നീ കഷ്ടപ്പെടുന്ന എന്നോടുള്ള പ്രണയം സമ്മതിച്ചു തന്നുകൂടെ നിനക്ക്”

നാണത്തിൽ ഒളിപ്പിച്ച ഒരു മറു ചിരി മാത്രമായിരുന്നു ആ ചോദ്യത്തിനുള്ള എന്റെ മറുപടി.

ആറുമാസത്തിന്റെ ഇടവേളയ്ക്കുശേഷംMtech ന് ആൾ വീണ്ടും കോളേജിൽ എത്തി. പിന്നീടുള്ള രണ്ടു വർഷങ്ങൾ മഴവില്ലുപോലെ നിറപ്പകിട്ടാർന്നതായിരുന്നു.

ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ, ഗ്യാലറിയിൽ, ആൽമരച്ചോട്ടിൽ, ലൈബ്രറിയിൽ…പ്രണയം പറഞ്ഞും അറിഞ്ഞും നിറഞ്ഞൊഴുകിയ നാളുകൾ. ആ ബുള്ളറ്റിന്റെ കട.. കട ശബ്ദം ഇടിമുഴക്കം കേൾക്കുന്ന മയിലിനെ പോലെ എന്നെ നൃത്തം ചെയ്യിച്ച..പ്രണയ മഴയിൽ അലിഞ്ഞുചേർന്ന നാളുകൾ.

ഫൈനൽ ഇയറിന്റെ ചൂട് ഞങ്ങളെ പ്രണയത്തേക്കാൾ ഏറെ പഠനത്തിലും പ്ലേസ് മെൻറ് ലും ഒക്കെ ശ്രദ്ധ കൊടുക്കാൻ പ്രേരിപ്പിച്ച കാലം.

ഓണാഘോഷ ചർച്ചകൾ ചൂടുപിടിച്ചു വന്നപ്പോ സാരി ഉടുക്കുന്നതിനെ ചൊല്ലിയായി തർക്കം.

“എനിക്ക് സാരി ഉടുക്കാൻ ഒക്കത്തില്ല..അമ്മച്ചി സമ്മതിക്കത്തില്ല” ഞാൻ പതിവു പല്ലവി പുറത്തെടുത്തു.

“നിന്നെ ഞാൻ ഇതുവരെ സാരി ഉടുത്തു കണ്ടിട്ടേയില്ല…ഈ ചാൻസ് കൂടി ഞാൻ നഷ്ടപ്പെടുത്തില്ല മോളേ…നാളെ ഉടുക്കാനുള്ള സാരിയും ബ്ലൗസും ഒക്കെ ഞാൻ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി കൊണ്ടു വരാം. അമ്മയുടെ കയ്യിൽ കേരള സാരിയുടെ കലക്ഷൻ തന്നെയുണ്ട്. നീ രാവിലെ കുളിച്ച് നിന്റെ അമ്മച്ചി പറയുന്ന വല്ല പഴഞ്ചനും ഇട്ട് ഒന്ന് വന്നാൽ മതി. ബാക്കി ഞാൻ ശരിയാക്കിത്തരാം”

ആ തീരുമാനത്തിനെ എതിർക്കാൻ തോന്നിയില്ല. പിറ്റേന്ന് രാവിലെ കോളേജിൽ ഒരു പൂച്ച കുഞ്ഞു പോലും എത്തുന്നതിന് മുൻപേ ഞാൻ എത്തിയപ്പോഴേക്കും ആൾ എന്നെ കാത്തിരിപ്പുണ്ട്. എന്നെ കണ്ടതും കൈ പിടിച്ചു നെഞ്ചത്തോട്ട് വലിച്ചിട്ടു. ഒരു വിരൽ തുമ്പിൽ പോലും തൊടാത്ത ആളിൽ നിന്നും ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല.

“ഇന്നെന്താ നല്ല ഫോമിൽ ആണല്ലോ…?”

“അതേ മോളെ…ഞാൻ ഒരു പ്രത്യേക ഫീലിലാണ്..നീ ഇത് നോക്ക് “

ഒരു ജുവൽ ബോക്സ് എന്റെ കയ്യിൽ തന്നു. തുറന്നു നോക്കിയപ്പോൾ ചുവന്ന മുത്തുകൾ കോർത്തൊരു സ്വർണ്ണമാലയും അതിന് മാച്ചിംഗ് ആയിട്ടുള്ള കമ്മലും വളയും…

“നിന്റെ അമ്മായി അമ്മ തന്നു വിട്ടതാ..ഞാൻ സാരി മാത്രമേ ചോദിച്ചുള്ളൂ. ബാക്കിയൊക്കെ ഇങ്ങോട്ട് തന്നു വിട്ടതാ. എന്റെ മോൾക്ക് കൊണ്ട് കൊടുക്കന്നും പറഞ്ഞ്…അമ്മ അങ്ങനെ പറഞ്ഞത് തൊട്ട് ഒരു വല്ലാത്ത ഫീൽ…നീ എന്റെ സ്വന്തം ആയതുപോലെ…ആ കഴുത്ത് നീട്ടിക്കേ മാല ഞാൻ കെട്ടിത്തരാം”

“അയ്യടാ…ആ പൂതി മനസ്സിൽ ഇരിക്കട്ടെ. ആദ്യമായി എന്റെ കഴുത്തിൽ കെട്ടുന്നത് ഒരു താലിയോ അല്ലെങ്കിൽ മിന്നോ ആയിരിക്കും. അതും നമ്മുടെ പാരൻസിന്റെ സമ്മതത്തോടുകൂടി…അതിൽ കുറഞ്ഞതൊന്നും മോൻ പ്രതീക്ഷിക്കേണ്ട”

“എന്നാൽ കണ്ണടച്ച് നിന്റെ കർത്താവിനെ ധ്യാനിച്ചു രണ്ട് കൈയും നീട്ടിക്കേ”

കയ്യിൽ വച്ചു തന്ന പൊതി തുറന്നപ്പോൾ ഒരു കേരള സാരിയും ചുവപ്പ് ബ്ലൗസും.

“നല്ല അടിപൊളി സെലക്ഷൻ ആണല്ലോ അമ്മയുടെത്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു”

“എൻറെ അല്ലേ അമ്മ…ഇന്നലെ നിന്റെ ഫോട്ടോ കണ്ടപ്പോൾ അമ്മയും ഇതുതന്നെയാണ് പറഞ്ഞത് എന്റെ സെലക്ഷൻ കൊള്ളാമെന്ന്…പിന്നെ സാരി…അത് അമ്മ ബാലരാമപുരത്തെ നെയ്ത്തുശാലയിൽ നിന്നും സ്പെഷ്യലായി ഓർഡർ ചെയ്യിച്ച സാരിയാണ്. ബ്രാൻഡ് ന്യൂ…നിനക്കയതുകൊണ്ട് മാത്രം തന്നു വിട്ടതാ…പിന്നെ…ഇനി ആരേലും വരുന്നേനെ മുൻപ് ഓണസമ്മാനമായി എനിക്കൊരു ഉമ്മ തന്നെ”

” അയ്യേ…ഞാനെങ്ങും തരില്ല”

“എടി നിന്റെ ഔദാര്യമല്ല, എന്റെ അവകാശമാണ് ചോദിക്കുന്നത്…ഇല്ലേല് ഞാൻ അങ്ങ് തരുമേ…അതൊന്നിൽ ഒന്നും നിൽക്കില്ല”

“അവകാശമോ? എന്ത് വകയിലെ?”

“നീയിപ്പം കൈനീട്ടി വാങ്ങിയത് പുടവയാ…നീ ഈ പുടമുറി, സംബന്ധം എന്നൊന്നും കേട്ടിട്ടില്ലേ? ഞങ്ങടെ ആചാരപ്രകാരം ഒരു സ്ത്രീ പരപുരുഷന്റെ കയ്യിൽ നിന്നും സാരിയോ വസ്ത്രമോ ഇഷ്ടത്തോടെ സ്വീകരിച്ചു കഴിഞ്ഞാൽ അവർ ഭാര്യ ഭർത്താക്കന്മാരായി. എന്റെ കണക്കിന് നമ്മുടെ കെട്ട് കഴിഞ്ഞ സ്ഥിതിക്ക് എന്റെ ഭാര്യ ആരേലും കാണുന്നതിന് മുൻപ് ചേട്ടന് ഓണസമ്മാനം തന്നേ”

ഒരു ചമ്മലോടെ കൂടി ഞാൻ അടുത്തേക്ക് ചെന്നതും ആൾ കണ്ണടച്ചു. അവസാന മാർഗമെന്ന നിലക്ക്

“അതെ ഞാൻ ഈ പുടവ ഉടുത്ത് മാല ഒക്കെ ഇട്ട് വന്നിട്ട് തന്നാൽ മതിയോ സമ്മാനം”

കണ്ണുതുറന്ന് ഒരു കള്ള ചിരിയോടെ എന്നെ നോക്കി സമ്മത ഭാവത്തിൽ മൂളി.

“നീ പോയി ഇത് ഉടുത്തിട്ട് സുന്ദരി ആയിട്ടു വാ. ഞാൻ പോയി ഈ മുടിയിൽ ചൂടാൻ കുറച്ച് മുല്ലപ്പൂവും പിന്നെ പൂക്കളത്തിന് ബാക്കി വേണ്ട അവന്മാര് പറഞ്ഞ പൂവും ഒക്കെ വാങ്ങി പെട്ടെന്ന് വരാം. വൈകിചേക്കല്ലേ…പിന്നെ അന്നേരം വാക്ക് മാറിയ…എന്റെ തനിക്കൊണം മോൾ അറിയുമെ….”

സാരിയും കൊണ്ട് അടുത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഓട്ടമായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെ സാരിയുടുത്ത് അമ്മയുടെ ആഭരണം ഒക്കെ ഇട്ട്, മുടി അഴിച്ചിട്ടു കുളി പിന്നൽ കെട്ടി ഒരു പൊട്ടും തൊട്ട് കണ്ണാടിയിൽ നോക്കി…നല്ല ചേർച്ചയുണ്ട് എനിക്ക്.

എങ്കിലും എത്ര ഒരുങ്ങിയിട്ടും മതിയാകാത്ത പോലെ. ആദ്യമായി സാരി ഉടുത്തു മുന്നിൽ ചെല്ലുമ്പോൾ, അതും പുടവ വാങ്ങിച്ചു എന്നൊക്കെ പറഞ്ഞപ്പോൾ…മനസ്സിനുള്ളിൽ ഒരു മണവാട്ടിയുടെ മാനസികാവസ്ഥ.

പെട്ടെന്നുതന്നെ കോളേജിലെത്തി…കുട്ടികളൊക്കെ എത്താൻ തുടങ്ങി ആരവങ്ങൾ ഒക്കെ ചൂടേറി വരുന്നു. മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും ആളെത്തിയില്ല. ഞാനെന്റെ ആൽമര തണലിൽ ഇരുന്ന് മൊബൈലിൽ ട്രൈ ചെയ്തു കൊണ്ടിരുന്നു.

പതിയെ ഉയർന്ന് പൊങ്ങിയ ആരവങ്ങൾ ഒക്കെ കെട്ടടങ്ങി…ആരൊക്കെയോ എവിടെയൊക്കെയോ ആധി പിടിച്ച് ഓടുന്നുണ്ട്. എവിടെയോ എന്തോ പ്രശ്നമുണ്ട്. അതായിരിക്കും ഞാൻ ഇവിടെ കാത്തിരിക്കുന്നത് മറന്നു പോയത്.

അല്ലേലും കൂട്ടുകാരും നാട്ടുകാരും ഒക്കെ കഴിഞ്ഞില്ലേ ഞാൻ ഉള്ളൂ? ഈ കാത്തിരിപ്പ് എനിക്ക് പുത്തരിയും അല്ലല്ലോ? ഒക്കെ കഴിഞ്ഞിട്ട് പതിവുപോലെ ഒലിപ്പിച്ചു കൊണ്ടിങ്ങു വാ, ഉമ്മ അല്ല…തലമണ്ടക്കിടി തരുന്നുണ്ട് ഞാൻ.

കുറച്ചുകഴിഞ്ഞപ്പോൾ യൂണിയൻ ചെയർമാനും ഒരു ചേച്ചിയും എന്റെ അടുത്തേക്ക് വന്നു.

“പ്രിയ വരൂ…നമുക്കൊരു ഇടം വരെ പോണം”

“ഞാനോ? ഞാൻ ഒരാളെ കാത്തിവിടെ…അല്ല എങ്ങോട്ടാ? പെട്ടെന്ന് വരാൻ പറ്റുമോ?”

“അതൊക്കെ പറയാം…ഇപ്പൊ പെട്ടെന്ന് വരൂ”.

വണ്ടിയിൽ കയറിയതതും ആരും ഒന്നും പറഞ്ഞില്ല. മിഷൻ ഹോസ്പിറ്റലിന്റെ മുന്നിലാണ് വണ്ടി ചെന്നു നിന്നത്. എന്റെ കയ്യും കാലും ഒക്കെ തളരുന്ന പോലെ തോന്നി. ഐസിയുവിന്റെ മുന്നിൽ ആരൊക്കെയോ നിൽക്കുന്നുണ്ട്. കരഞ്ഞു തളർന്ന മധ്യവയസ്കയായ ഒരു സ്ത്രീയും അവരെ താങ്ങി കൊണ്ട് മകളോ മരുമകളോ ഒക്കെ ആണെന്ന് തോന്നുന്ന മറ്റൊരു സ്ത്രീയും.

“ചെറുക്കന് സ്പീഡ് കൂടുതലായിരുന്നു…കയ്യിൽ എന്തോ പൂവ് ഒക്കെ വാങ്ങി വരുന്ന വഴിയാ…ഇവരൊക്കെ എന്തിനാണാവോ ഇങ്ങനെ പറപ്പിക്കുന്നത്? ഒടുക്കത്തെ ഓരോ ആഘോഷങ്ങൾ”

അപരിചിതരായ രണ്ടു ആളുകളുടെ അടക്കം പറച്ചിൽ എന്റെ ചെവിയിൽ എത്തിയതും..ബാക്കിയെല്ലാം എനിക്ക് ഊഹിക്കാൻ ആയിരുന്നു.

“ഇതാ വിശ്വേട്ടാ ആ കുട്ടി…നമ്മുടെ മോൻ ഇന്നലെ പറഞ്ഞ കുട്ടി…അയ്യോ…ഞാനിതെങ്ങനെ സഹിക്കും ഭഗവാനെ…” ഇതും പറഞ്ഞുകൊണ്ട് മധ്യവയസ്കയായ സ്ത്രീ എന്നെ വന്നു മുറുകെ കെട്ടിപ്പിടിച്ചു.

“അമ്മ” മറഞ്ഞു പോകുന്ന ബോധത്തിന് ഇടയ്ക്ക് എന്റെ ഉപബോധ മനസ്സ് എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു. ബോധം വന്ന് കണ്ണുതുറന്നപ്പോൾ പേടിയോ ദേഷ്യമോ സങ്കടമോ ഒക്കെ കടിച്ചമർത്തി നിൽക്കുന്ന അപ്പന്റെ മുഖമാണ് കണ്ടത്.

ആശുപത്രിയുടെ മനം മടുപ്പിക്കുന്ന ഗന്ധതോടൊപ്പം കഴിഞ്ഞ കുറേ മണിക്കൂറുകളുടെ ഞെട്ടിപ്പിക്കുന്ന ഓർമ്മകളും തെളിഞ്ഞു വന്നു. “നവിച്ചാ” എന്നും വിളിച്ച് ട്രിപ്പിട്ടതിന്റെ വയറുകൾ വലിച്ചൂരി ഓടാൻ തുടങ്ങിയപ്പോൾ “പ്രിയ” എന്നും പറഞ്ഞുള്ള അപ്പന്റെ അലർച്ചയാണ് തടയിട്ടത്. തരിച്ചു നിന്നപ്പോൾ “പോയിന്നും” പറഞ്ഞ് അപ്പൻ എന്നെ നെഞ്ചോടടക്കിപ്പിടിച്ചു.

എന്റെ സങ്കടം കണ്ടിട്ട് ആയിരിക്കും അപ്പന്റെ കണ്ണിൽനിന്നും ഉറ്റിയിരുന്നു മിഴിനീർ. “അപ്പാ…എനിക്ക് കാണണം അപ്പാ…അവസാനമായി എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതി അപ്പാ…എന്നെ കൊണ്ടുപോ അപ്പാ…എന്റെ നവിച്ചൻ എന്നെ കാത്തു നിൽക്കും. നോക്ക് എന്റെ പുടവ…അമ്മ തന്ന മാല…എനിക്ക് ഇതൊക്കെ നവിച്ചനെ കാണിക്കണം അപ്പാ…നമുക്ക് വേഗം പോകാം അപ്പാ..”

“പോകാം മോളെ…നമുക്ക് പോകാം…അപ്പൻ കൊണ്ടുപോകാം…എന്റെ മോള് കരയല്ലേ” അപ്പന്റെ തോളിൽ ചാരി കിടന്നു..

.കരഞ്ഞു…കരഞ്ഞ് വീടിന്റെ മുറ്റത്തെത്തി. കല്യാണം കഴിഞ്ഞ് ചെല്ലുമ്പോൾ നിന്നെ മുറ്റത്ത് കാലുകുത്തിക്കാതെ ഗേറ്റ് മുതൽ പടിവരെ എടുത്തോണ്ട് പോകും എന്ന് വീമ്പ് പറഞ്ഞ നവിച്ചൻ വെള്ള പുതച്ച്, മൂക്കിൽ പഞ്ഞിയും വെച്ച്, കാലിലെ വിരലുകൾ തമ്മിൽ കൂട്ടി കെട്ടി…ഒന്ന് അനങ്ങാൻ പോലും വയ്യാതെ…എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കിടക്കുന്നതു കണ്ടിട്ട് സഹിക്കുന്നില്ല…

ആർത്ത് വിളിച്ച് കരയണമെന്നുണ്ട്…കെട്ടിപ്പിടിച്ച് അവസാനമായി എന്നോട് ചോദിച്ച ചുംബനം പോലും കൊടുക്കാൻ കഴിയാതെ…എനിക്കായി വാങ്ങാൻ പോയ മുല്ലപ്പൂവ് ആ കൈകൊണ്ട് തന്നെ ചൂടി തരാൻ പറഞ്ഞു. ആ നെറ്റിയിൽ ആദ്യ ചുംബനം തരാൻ അല്ലേ ഞാൻ കാത്തിരുന്നത്…എന്നിട്ടിപ്പോ കണ്ണുതുറന്ന് എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ….

കർത്താവേ എനിക്ക് താങ്ങാൻ പറ്റുന്നില്ല…വീണ്ടും ബോധം മറഞ്ഞ് ചുറ്റിലും അന്ധകാരം നിറയുന്നത് അറിഞ്ഞു. എന്റെ നവിച്ചനെ ആരൊക്കെയോ ചേർന്ന് കൊണ്ടുപോയതോ ശരീരം കത്തിച്ചു കളഞ്ഞതോ ഒന്നും ഞാൻ അറിഞ്ഞില്ല.

പിന്നീട് ഒരു മാസത്തോളം എന്റെ ജീവിതം സ്തംഭിച്ചു പോലെ…ഒരു ഇല പോലും എനിക്ക് ചുറ്റും അനങ്ങുന്നില്ലന്ന് തോന്നി. എന്റെ ജീവിതത്തിന്റെ വെളിച്ചവും, തിളക്കവും, നിറങ്ങളും എല്ലാം മാഞ്ഞുപോയിരിക്കുന്നു. ഞാൻ എന്തെങ്കിലും കടുംകൈ കാണിക്കുമോ എന്ന ഭയമായിരിക്കും അപ്പനോ അമ്മയോ പ്രീതൂവോ ആരെങ്കിലുമൊരാൾ ഏതുനേരവും എനിക്ക് കാവൽ ഉണ്ടാവാം.

ഒരു ദിവസം എന്നെ കാണാൻ അമ്മ എത്തി. എന്റെ കയ്യിലിരുന്ന അമ്മയുടെ സാരിയും ആഭരണങ്ങളും തിരികെ വാങ്ങിക്കാൻ ആയിരിക്കും.

“എന്റെ നവിച്ചനെയോ നീ തിരികെ എടുത്തു…ആ പുടവ…ഇനിയുള്ള കാലം കഴിച്ചു കൂട്ടാൻ ഉള്ള എന്റെ ഏക അത്താണിയാണ്…അതെന്നോട് ആ അമ്മ തിരികെ ചോദിക്കരുതെ കർത്താവേ” എന്നു മാത്രമായിരുന്നു എന്റെ ഉള്ളിലെ പ്രാർത്ഥന.

അമ്മ എന്റെ അടുത്ത് വന്ന് എന്റെ മുടിയിൽ പതിയെ തഴുകി. “മോളുടെ നീണ്ട ഈ മുടി അവന് ഒത്തിരി ഇഷ്ടമായിരുന്നു. എപ്പോഴും അതിനെക്കുറിച്ച് പറയും…പിന്നെ മോളുടെ ചിരിയെ പറ്റിയും”

അമ്മയുടെയും എന്റെയും കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ മിഴിനീരിന് ഒരേ വേഗതയായിരുന്നു. “മോള് കഴിഞ്ഞതെല്ലാം മറക്കണം. ഇനിയും സങ്കടപ്പെട്ട് ഇരിക്കരുത്. അവന് ഇഷ്ടമുള്ള ആ ചിരി ഈ മുഖത്ത് വിരിയിക്കേണ്ടത് അമ്മയുടെ ചുമതലയാണ്. മോള് കോളേജിൽ പോണം. പരീക്ഷ എഴുതണം അവന്റെ ആഗ്രഹം പോലെ തന്നെ പഠിച്ചു നല്ലൊരു ജോലി വാങ്ങണം. മോളെ എന്നെ ഏൽപ്പിച്ച അവൻ പോയത്. അതുകൊണ്ട് ഇനി മോള് സങ്കടപ്പെട്ട തോറ്റു പോകുന്നത് ഈ അമ്മ ആയിരിക്കും. അവന്റെ ആഗ്രഹങ്ങൾ ഒക്കെ നടത്തി കാണിച്ച് മോൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആവില്ലേ അവനും ആശിക്കുന്നത്.”

അമ്മയുടെ വാക്കുകൾ എനിക്ക് തന്ന ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. വിധിയോടുള്ള വാശി എന്നപോലെ കോളേജിൽ പോയി തുടങ്ങി. അമ്മയുടെ ഇടയ്ക്കിടയ്ക്കുള്ള വരവുകളും നവിച്ചന്റെ ഓർമ്മകളും എനിക്ക് ഊർജ്ജം ഏകി. പഠിച്ച് ജോലി വാങ്ങിച്ചു. മറ്റൊരു ജീവിതത്തിന് അപ്പനും അമ്മയും മാറി മാറി നിർബന്ധിച്ചെങ്കിലും വഴങ്ങി കൊടുത്തില്ല. ഒടുവിൽ എന്റെ പിടിവാശിക്ക് കീഴടങ്ങി അപ്പന് പ്രീതുവിന്റെ വിവാഹം നടത്തേണ്ടി വന്നു.

കല്യാണത്തിന് വന്ന അമ്മയോട് എന്നെക്കൂടി കൂടെ കൂട്ടാമോ നവിച്ചന്റെ പെണ്ണായി ആ വീട്ടിൽ കഴിയാൻ എന്ന് ചോദിച്ചപ്പോൾ എന്റെ കൈ പിടിച്ച് മുന്നിൽ നടന്നത് നവിച്ചന്റെ അച്ഛനായിരുന്നു.

നവിച്ചന്റെ മുറിയിലേക്ക് അമ്മ എന്നെ കൈപിടിച്ച് കൊണ്ടുവന്നപ്പോൾ ചിരിച്ചു നിൽക്കുന്ന നവിച്ചന്റെ ഫോട്ടോയുടെ അടുത്ത് തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലെ പെൺകുട്ടിക്ക് എന്റെ മുഖമായിരുന്നു.

“അവൻ വരച്ചതാ..മോള് ഇവിടെ വരുന്ന ദിവസം കാണിച്ചു തരാൻ വേണ്ടി…പോട്ടെ ദൈവനിശ്ചയം ഇതാകും”

അമ്മ മേശ തുറന്ന ചെറിയൊരു പൊതി കയ്യിൽ തന്നു “ഇതേ ഉള്ളൂ മോൾക്ക് തരാൻ.. .ഇനി ഇതിന്റെ അവകാശി മോളാണ്”

തുറന്നുനോക്കിയപ്പോൾ നവിച്ചന്റെ വാച്ചും പണ്ടെന്നോ കാണാതായ എന്റെ ഒരു കൊലുസും…

ആദ്യമൊന്ന് പകച്ചെങ്കിലും നവിച്ചൻ പോയിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുന്നു. ഇന്നെനിക്ക് ചിരിക്കാനറിയാം സന്തോഷിക്കാനറിയാം അതിലുപരി അഭിനയിക്കാനറിയാം. ഓരോ ഓണവും എനിക്ക് ഓർമ്മകളുടെ പെരുമഴക്കാലം ആണ്.

നാളെ എനിക്ക് എന്റെ നവിച്ചൻ തന്ന പുടവ ഉടുത്ത് ഒരിക്കൽകൂടി ഓണത്തിനായി ഒരുങ്ങണം. ഒരു കാറ്റായോ, മഴയായോ, വായുവിൽ അടങ്ങിയ സിഗരറ്റിൻറെയോ, മുല്ലപ്പൂക്കളുടെ ഒക്കെ ഗന്ധമായോ എന്നിലേക്ക് അണയുന്ന എന്റെ നവിച്ചൻനെ കാണിക്കാൻ. ഇനി എന്റെ എല്ലാ ഓണവും ഇങ്ങനെ തന്നെ…

കാലചക്രം ഉരുണ്ട് മറ്റൊരു ലോകത്തിന്റെ പടിവാതിൽക്കൽ എനിക്ക് ആയുള്ള മുല്ലപ്പൂക്കളും ആയി ആദ്യ ചുംബനത്തിന്റെ മധുരം നുകരാൻ കാത്തിരിക്കുന്ന എന്റെ നവിച്ചന്റെ അരികിൽ എത്തും വരെ…