തനിയെ

എഴുത്ത് – RENJU ANTONY

കണ്ണുനീർ വറ്റിയ കണ്ണുകളും അലറി കരയുന്ന മനസ്സുമായി ഞാൻ അവന്റെ മുറിയിൽ കയറി, അവന്റെ കൂടെ വണ്ടിയിൽ നിന്ന് ആരോ എടുത്ത് വെച്ച ബാഗ് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു, അവൻ എന്നോട് സ്വപ്നങ്ങൾ പങ്കുവെച്ച മുറിയുടെ മുക്കും മൂലയും ആദ്യം കാണുന്നതാണെങ്കിലും എനിക്ക് മനപാഠമായിരുന്നു, ഞാൻ അവന്റെ കബോർഡ് തുറന്നു, തൊട്ട് അരികിൽ അവന്റെ ശ്വാസം എന്റെ കഴുത്തിൽ തട്ടിയത് പോലെ അവന്റെ സ്നേഹത്തിന്റെ ചൂട്, കണ്ണുകൾ പിന്നെയും നിറഞ്ഞ് കവിയുന്നു, ഇല്ല അവൻ എങ്ങും പോയിട്ടില്ല, എന്റെ തൊട്ട് അടുത്ത് എനിക്കവനെ കാണാൻ പറ്റുന്നില്ല എന്ന് മാത്രം.

കബോർഡിൽ ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത് മുതൽ ഞാൻ കൊടുത്ത എല്ലാ സ്നേഹ സമ്മാനങ്ങളും അടുക്കി വെച്ചിരിക്കുന്നു, കൂടെ ഞങ്ങൾ കോളേജിൽ വെച്ച് എടുത്ത ഫോട്ടോ, ആ നിഷ്കളക്കമായ പുഞ്ചരിച്ച മുഖം കാണുത്തോറും ഇതൊക്കെ ഞാൻ കണ്ട ഒരു നശിച്ച സ്വപ്നം ആയിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു.

എഞ്ചിനിയറിങ് കോളേജിൽ ആദ്യ ദിനം, പേടിയോടെ ക്ലാസ്സിൽ ചെന്ന് കയറിയപ്പോൾ കണ്ടത് നിഷ്കളക്കമായ ചിരിയും വലിയ കണ്ണുകളും ഉള്ള ചെക്കനെ ആയിരുന്നു, ആരോടും വലിയ സംസാരമൊന്നും ഇല്ലാത്ത അവനെ എപ്പോളും പുറകെ നടന്ന് ശല്യം ചെയ്യലായിരുന്നു എന്റെ ഇഷ്ട വിനോദം, പതിയെ എപ്പോളോ അവനും അതൊക്കെ ആസ്വദിക്കാൻ തുടങ്ങി എന്ന് മനസ്സിലായി, പിന്നീട് ഒരു ദിവസം അവൻ ക്ലാസ്സിൽ വന്നില്ലെങ്കിൽ എന്തോ നഷ്ടമായതുപോലെ തോന്നി തുടങ്ങി, അവനും അങ്ങനെ തന്നെ ആണെന്ന് രണ്ട് ദിവസം പനി പിടിച്ച് വരാതെ ഇരുന്നതിന്റെ അടുത്ത ദിവസം ഞാൻ താമസിച്ച് ക്ലാസ്സിൽ ചെന്ന് കയറിയപ്പോൾ ആ കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു, അന്ന് തന്നെ എന്നെ തിരയുന്ന ആ കള്ള കണ്ണുകളിലെ പ്രണയം ഞാൻ എന്റെതു മാത്രം ആക്കി.

പിന്നെ ഞങ്ങൾ പരസ്പരം സ്നേഹിക്കാൻ മൽസരിച്ചു, ആദ്യം ഞങ്ങൾ പ്രണയത്തിലാണ് എന്ന് പറഞ്ഞത് അവന്റെ അമ്മയോട്, അവന് അമ്മ എന്നാൽ ജീവൻ ആയിരുന്നു, അടുത്ത ഞായറാഴ്ച പള്ളിയിൽ എന്നെ കാത്ത് അവന്റെ അമ്മയും ഉണ്ടായിരുന്നു, അന്ന് അമ്മ എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ തന്ന ചുംബനത്തിന്റെ ചൂട് ഇന്നും ഫീൽ ചെയ്യുന്നു, അന്ന് അവന്റെ മുഖം ഒരു വിജയിയുടെ ആയിരുന്നു.

രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഞങ്ങൾ പ്രണയിച്ചു, ഞങ്ങളുടെ സ്നേഹം കണ്ട് ഈ പ്രകൃതി പോലും അസൂയപ്പെട്ടിരുന്നോ? കോളേജ് കഴിഞ്ഞ് രണ്ട് പേരും രണ്ട് സ്ഥലത്ത് ജോലിക്ക് കയറി എങ്കിലും വീഡിയോ കോളും ചാറ്റിങ്ങും ആയി എപ്പോളും അവൻ എന്നെ ചേർത്തിനിർത്തി.

രണ്ട് പേർക്കും ഒന്നിച്ച് ലീവ് കിട്ടിയപ്പോൾ എന്റെ അടുത്തോട്ട് അവൻ ഓടി വന്നു, ആ രണ്ട് ദിവസം ഞങ്ങൾ കൈകോർത്ത് നടന്ന് ഒത്തിരി സ്വപ്നം കണ്ടു, സന്ധ്യക്ക് എന്റെ ഒപ്പം അസ്തമയം കാണണും എന്നും പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് അടുത്തുള്ള ബീച്ചിൽ പോയി, അന്ന് സൂര്യൻ അസ്തമിച്ചപ്പോൾ എന്നെ ചേർത്ത് പിടിച്ച് നെറ്റിയിലും കവിളിലും നിറയെ ഉമ്മകൾ തന്നു, അന്ന് അവൻ എന്നോട് പറഞ്ഞത് ഇനി നമ്മൾക്ക് ഇത്ര സന്തോഷത്തോടെ ഒന്നിച്ച് അസ്തമയം കാണാൻ പറ്റിയില്ലെങ്കിലോന്ന്, നിനക്ക് വട്ടാന്ന് പറഞ്ഞ് ഞാൻ അവനെ കളിയാക്കി. അവിടെ വെച്ച് ഞാൻ ആദ്യ ശബള കിട്ടിയപ്പോൾ അവന് വേണ്ടി വാങ്ങിയ സമ്മാനം എടുത്ത് കാണിച്ചു, തുറന്ന് നോക്കരുത് തിരിച്ച് ചെന്ന് ഞാൻ പറഞ്ഞിട്ടെ തുറക്കാവു എന്ന് പറഞ്ഞ് സമ്മതിപ്പിച്ചു. അതിൽ എനിക്ക് അവനോട് എത്ര പറഞ്ഞാലും തീരാത്ത ഒരായിരം കാര്യങ്ങൾ ചേർത്ത് വെച്ചിരുന്നു.

അന്ന് രാത്രി തിരിച്ച് പോകാൻ ട്രെയിനിൽ കയറുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു, എടി പെണ്ണ എന്തിനാ കരയുന്നെ, നിന്റെ കണ്ണ് നിറയുന്നത് കാണാൻ എനിക്കിഷ്ടമല്ലാട്ടോ എന്ന് പറഞ്ഞ് പുഞ്ചരിയോടെ എനിക്ക് ട്രെയിൻ അകന്ന് പോകുന്നത് വരെ ഫ്ലയിങ്ങ് കിസ് തന്നു. എന്തോ അന്ന് എന്റെ മനസ്സ് വല്ലാതെ ഭയപ്പെടുന്ന പോലെ തോന്നി, അവനോട് രാത്രി മുഴുവൻ സംസാരിച്ചു എപ്പോളോ ഉറങ്ങി, രാവിലെ ഞെട്ടി എണീറ്റ് ആദ്യം ഫോൺ എടുത്ത് വിളിച്ചു, എത്തുമ്പോൾ വിളിക്കാമെന്ന് പറഞ്ഞിട്ട് അവൻ എന്താ വിളിക്കാത്തത് എന്നോർത്ത് ഫോൺ വിളിച്ചപ്പോൾ ബെൽ അടിക്കുന്നുണ്ട്, അവൻ ഉറങ്ങി പോയതാവും എന്നോർത്തു, എന്നാലും നെഞ്ചിടിപ്പ് കൂടുന്നു, എന്തോ പെട്ടെന്ന് ഫേസ് ബുക്ക് എടുത്തു നോക്കി, അതിൽ കണ്ട വാർത്ത വിശ്വസിക്കാതെ ഞാൻ അവനെ വിളിച്ചു കൊണ്ടെ ഇരുന്നു, ആരോ എടുത്ത് അവനെയും ആ അപകടം കൊണ്ടുപോയി എന്ന് പറഞ്ഞത് മാത്രം ഓർമ്മ ഉണ്ട്.

പിന്നീട് കണ്ണു തുറന്നപ്പോൾ അവൻ ചേതന അറ്റ് കിടക്കുന്നു, കണ്ടത് വിശ്വസിക്കാൻ ആവാതെ അലറി കരഞ്ഞ് ഞാൻ അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ട ഇരുന്നു, ഇല്ല അവന് എന്നെ നോക്കി ചിരിക്കാതിരിക്കാൻ പറ്റില്ല, നീ എന്നെ പറ്റിക്കുകയാണെന്ന് പറഞ്ഞ് അവനെ പിടിച്ച് വലിച്ചു, നമ്മൾ എത്ര സ്വപ്നങ്ങൾ കണ്ടതാ നീ തന്നെ പോകാൻ ഞാൻ സമ്മതിക്കില്ലാന്ന് വിളിച്ച് പറഞ്ഞ് അലറി കരഞ്ഞു, ആരോക്കെയോ ചേർന്ന് എന്നെ അടക്കിപിടിക്കുന്നുണ്ടായിരുന്നു, കരഞ്ഞ് കരഞ്ഞ് തളർന്നപ്പോളാണ് ഞാൻ അവന്റെ അമ്മയെ കണ്ടത്, ആ അമ്മയുടെ സങ്കടത്തിന് മുൻപിൽ എന്റെ സങ്കടം ഒന്നും അല്ലാന്ന് തോന്നി.

അവൻ ഞാൻ കൊടുത്ത സമ്മാനം ബാഗിൽ വെച്ചത് ഓർമ്മ വന്നു, അപ്പോളാണ് റൂമിൽ കയറിയത്, ഒരു ഭ്രാന്തിയെ പോലെ കബോർഡിൽ ഇരുന്നതും അവന്റെ ബാഗിൽ പൊട്ടിക്കാതെ വെച്ചിരുന്നതും അവന്റെ ഫോണും എല്ലാം എടുത്ത് ഞാൻ അവൻ കിടന്ന പെട്ടിയിൽ അടുക്കി വെച്ചു, എന്നെ വിളിക്കാതെ നിനക്ക് പറ്റില്ലാന് അറിയാമെന്ന് ചെവിയിൽ പറഞ്ഞു. അവന്റെ തണുത്ത നെറ്റിയിൽ ഉമ്മ വെച്ച് അവനെ യാത്ര ആക്കുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമായതു പോലെ തോന്നി. ഇനി ഒരു ജൻമം എനിക്ക് തരുമോ അവന്റെ കൂടെ ജീവിക്കാൻ എന്ന് ദൈവത്തോട് കരഞ്ഞ് അപേക്ഷിച്ചു.

അതേ ഞങ്ങൾ കണ്ട സ്വപ്നങ്ങൾക്കിടയിൽ ഞാൻ തനിച്ചായി. അവൻ ഇല്ലാത്ത ലോകത്ത് തനിച്ച്.