ഗന്ധർവ്വൻ

എഴുത്ത് – വിഷ്ണു പാരിപ്പള്ളി

ശക്തമായ മഴ…ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ഇടിയും മിന്നലും…നടുക്കടലിൽ ഇരമ്പി ആർത്തു വരുന്ന കാറ്റിലും കോളിലും പെട്ട്  ബോട്ട് ആടി ഉലയുന്നുണ്ടായിരുന്നു….

നട്ടുച്ചയാണ്. പക്ഷേ സുര്യനെ കാണാനുണ്ടായിരുന്നില്ല. കാർമേഘങ്ങൾ മൂടി ചുറ്റും ഇരുട്ടിയടച്ചു കിടക്കുന്നു. ഞങ്ങൾ അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. സ്റ്റീയറിങ് നിയന്ത്രിച്ചിരുന്ന റമ്മീസിക്കയുടെ കൈയിൽ നിന്നും ബോട്ട് ഗതി മാറി ഒഴുകാൻ തുടങ്ങി. ഉയർന്നു വരുന്ന തിരമാലയിൽപെട്ട്  ബോട്ട് ഒന്ന് വട്ടം ചുറ്റി. ഞങ്ങളുടെ കൂട്ട നിലവിളി ആ ഇരമ്പലിൽ മുങ്ങിപോയി. കാതടപ്പിക്കുന്ന ഒച്ചയിൽ ബോട്ട് നെടുകെ രണ്ടായി ഒടിഞ്ഞു നുറുങ്ങി.

എടുത്തടിച്ചു ഞാൻ കടലിലേക്ക് വീണു. കടലിന്റെ ആഴത്തിലേക്ക്  മുങ്ങി പോകുമ്പോൾ സർവ്വശക്തിയുമെടുത്തു ഞാൻ മുകളിലേക്ക് ഒന്ന് കുതിച്ചു. ആരോ ഒരാൾ എന്റെ മുന്നിലൂടെ താഴേക്കു താഴ്ന്നു പോകുന്നത് മിന്നൽ പോലെ കണ്ടു. സ്വന്തം ജീവൻ രക്ഷിക്കാനുള്ള തത്രപാടിൽ അത് കണ്ടില്ലെന്നു നടിക്കേണ്ടി വന്നു. വെള്ളത്തിനു മുകളിലെത്തി ഒന്ന് ശ്വാസമെടുത്തു നോക്കുമ്പോൾ ബോട്ടിന്റെ ഒരു പാളി പലകകഷ്ണം തൊട്ടടുത്ത്…

ഒരു കുതിപ്പിന് ഞാൻ അതിനു മേലേക്ക് കമഴ്ന്നു വീണു ഉറുമ്പടക്കം ചുറ്റിപിടിച്ചു. തിരമാലയ്ക്കൊപ്പം ഉയർന്നു താഴുമ്പോൾ ഞാൻ അള്ളാഹുവിനെ  വിളിച്ചു ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. ഒന്നും വേണ്ട ജീവൻ തിരിച്ചു കിട്ടിയാൽ മതിയെന്ന് തോന്നി. കൂടെ വന്നവരെ ആരെയും കാണാനില്ല. നടുക്കടലിൽ ഞാൻ മാത്രം ബാക്കി. കടലിലാണ് വളർന്നത് എന്നിട്ടും ഭയം എന്റെ സിരകളെ മരവിപ്പിച്ചു.

ആകാശത്തു നിന്നും മിന്നൽ കടലിലേക്ക് ഇറങ്ങി വന്നു. തുടർന്നുള്ള ഇടിയുടെ ശക്തിയിൽ എന്റെ കാതുകൾ അടഞ്ഞു. തുടർന്ന് കാറ്റൂതി കയറുന്ന ഒച്ച മാത്രം. മരണം തൊട്ടടുത്തായി എത്തിയിരിക്കുന്നു. കാതിലാരോ ശഹാദത് കലിമ ചൊല്ലുന്ന പോലെ….പതിയെ പതിയെ എന്റെ ബോധം മറഞ്ഞു.

********************

കണ്ണുകൾ തുറക്കുമ്പോൾ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപിന്റെ കരയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു ഞാൻ.  ശരീരം മൊത്തം ഇടിച്ചു നുറുങ്ങുന്നത് പോലെ നോവുന്നുണ്ടായിരുന്നു. നനഞ്ഞ മണലിൽ നിന്നും പതിയെ കൈകുത്തി ഞാൻ എണീറ്റു. തല ചുറ്റുന്നത് പോലെ എനിക്കു തോന്നി. ശരീരത്ത് ആകെ അവശേഷിക്കുന്നത് ഒരു കറുത്ത ഷോർട്സ് മാത്രം…

കരയോട് ചേർന്നു ഒരു മരത്തിന്റെ തണലിലേക്ക് ഞാൻ കുഴഞ്ഞിരുന്നു. എന്തു ചെയ്യണം എന്നറിയില്ല…എവിടെയാണ് ഈ സ്ഥലമെന്ന് നിശ്ചയമില്ല. മുന്നിൽ നോക്കെത്താദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന നീലകടൽ…എന്റെ പടച്ച തമ്പുരാനെ ഇവിടുന്നെങ്ങനെ രക്ഷപെടും…?

ഇതിലും ഭേദം ഇന്നലെ രാത്രിയിൽ തന്നെ മരിക്കുന്നതായിരുന്നു. എനിക്ക് വേണ്ടി കരയാനും സ്വലത്ത് ചൊല്ലി കാത്തിരിക്കാനുമൊന്നും ആരുമില്ല.

കാസറഗോടെ നെല്ലിക്കുന്ന് കടലോര പ്രദേശത്താണ് ജനിച്ചത്. എന്നെ പെറ്റിട്ടപ്പോൾ തന്നെ ഉമ്മ മയ്യത്തായി. പത്തിൽ പഠിക്കുമ്പോഴാണ് ബാപ്പച്ചിയെ കടലമ്മ കൊണ്ട് പോകുന്നത്. തുടർന്ന് ജീവിതം പട്ടിണിയിലേക്കും വറുതിയിലേക്കും കൂപ്പ് കുത്തിയപ്പോൾ പഠനം ഉപേക്ഷിച്ചു  ബാപ്പയുടെ കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയി തുടങ്ങി. ഈ ഇരുപത് വയസ് വരെയും അത് മാത്രമായിരുന്നു  ഉപജീവനമാർഗം. ആദ്യമാണ് ഇങ്ങനെ ഒരു അപകടത്തിൽ പെടുന്നത്.

വീട്ടിൽ കാത്തിരിക്കാൻ ആരുമില്ലാത്തത് കൊണ്ട് എന്നെ തിരഞ്ഞു ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷ ഒന്നുമില്ല…വിശപ്പ് സിരകളെ കാർന്നു തിന്നാൻ തുടങ്ങി…നല്ല ദാഹവും…കണ്ണെത്താദൂരത്തോളം വെള്ളമാണ്..പക്ഷെ എന്ത് ചെയ്യാൻ ഉപ്പുവെള്ളം കുടിക്കാൻ പറ്റില്ലല്ലോ…പടച്ചോൻ ജീവൻ തിരിച്ചു തന്നു. ഇനി അത് നിലനിർത്തണം.

ശരീരം തളർന്നു പോകുന്നെങ്കിലും മനസിൽ അല്ലാഹുനെ മാത്രം സ്മരിച്ചു കൊണ്ട് ഞാൻ പതിയെ എണീറ്റു. മുന്നിൽ മണൽതിട്ടക്ക് അപ്പുറം പേരറിയാത്ത മരങ്ങളും വള്ളിപടർപ്പുകളും നിറഞ്ഞ ഒരു വനം. ഇതിനുള്ളിൽ തനിക്കു കഴിക്കാൻ എന്തെങ്കിലും പടച്ച തമ്പുരാൻ കരുതി വച്ചിട്ടുണ്ടാവുമെന്ന് എനിക്കു തോന്നി.

വന്യമൃഗങ്ങൾ ഒന്നും കാണരുതെന്ന് പ്രാർത്ഥിച്ചു ഉള്ളിലേക്ക് കയറി. കിളികളുടെ ചിറകടി ഒച്ചയും കൂവലും കേൾക്കുന്നുണ്ടായിരുന്നു. രണ്ടു കുരങ്ങുകൾ ചിലച്ചു കൊണ്ട് എന്റെ മുന്നിലൂടെ വള്ളിയിൽ തൂങ്ങിയാടി പോകുന്നത് കണ്ടു. ചെടികളും വള്ളികളും വകഞ്ഞു മാറ്റി കുറച്ചു ദൂരം നടന്നപ്പോൾ മുന്നിൽ വലിയ കറുത്ത പാറക്കെട്ട്. അതിനോട് ചേർന്നു മറുവശം നിറയെ കുലച്ചു കിടക്കുന്ന തെങ്ങിന്റെ തലപ്പ് താഴെ നിന്ന് ഞാൻ കണ്ടു. പാറയിലേക്കു വലിഞ്ഞു കയറി തെങ്ങിന്റെ സമീപം എത്തി.

കയ്യെത്തിച്ചു അടർത്തി എടുക്കാൻ പറ്റുന്നതിലും കുറച്ചു കൂടി ഉയരം. തെങ്ങിൽ കയറാനുള്ള ശക്തി ശരീരത്തിനല്ല. എന്തുചെയ്യണം എന്നാലോചിച്ചു ചുറ്റിനും നോക്കി. പാറക്കെട്ടിൽ നിന്നും താഴേക്കു നിരങ്ങി ഇറങ്ങി. വലിയ ഒരു മരത്തിനു താഴെയുള്ള നീളമുള്ള ഒരു കമ്പ് കഷ്ടപ്പെട്ട് വലിച്ചോടിച്ചു എടുത്തു. അതിന്റെ ഇലയുടെ ഭാഗം ഓടിച്ചു കളഞ്ഞു കൊണ്ടു വീണ്ടും പാറയിലേക്ക് അള്ളിപ്പിടിച്ചു കയറി. കമ്പിന്റെ കട്ടിയുള്ള ചുവടു തിരിച്ചു പിടിച്ചു ഉയർത്തി തേങ്ങകുലയുടെ ചുവട്ടിലേക്ക് ശക്തിയായി കുത്തി. ഒരു രക്ഷയുമില്ല…

തളർച്ചയിൽ കുറച്ചു നേരം അവിടേയ്ക്ക് തന്നെ നോക്കി ഇരുന്നു. വീണ്ടും എണീറ്റ്‌ ഒരിക്കൽ കൂടി ശ്രമിച്ചു. ഒടുവിൽ രണ്ടെണ്ണം പാറയുടെ മേലേക്കും ഒരെണ്ണം താഴേക്കും അടർന്നു വീണു. തേങ്ങയുടെ മൂട് ഭാഗം പാറയുടെ മുകളിൽ ശക്തിയായി പലകുറി ഇടിച്ചപ്പോൾ തൊണ്ടു പൊളിഞ്ഞു വന്നു. ചകിരി വലിച്ചു പറിച്ചു കളഞ്ഞിട്ടു തേങ്ങ ചെറുതായി പാറയിൽ ഇടിച്ചു പൊട്ടിച്ചു. പൊട്ടിയ ഭാഗത്തൂടെ ഒഴുകി വരുന്ന വെള്ളം ഞാൻ ആവേശത്തോടെ കുടിച്ചു. അധികം വിളയാത്ത കാമ്പ് കാന്തി കഴിച്ചു. ഒറ്റ ഇരിപ്പിനിരുന്നു രണ്ടും അകത്താക്കി. ഒരു വിധം ആശ്വാസം തോന്നി.

പിന്നെ പാറക്കെട്ടിന്റെ ഒരു സൈഡിലെ മരത്തണലിൽ ചെന്നു കുറച്ചു നേരം കിടന്നു. എങ്ങനെ ഇവിടുന്നു രക്ഷപെടുമെന്നാണ് ഞാൻ ചിന്തിച്ചത്. ജീവിതം ഈ ദ്വീപിൽ അവസാനിച്ചതായി എനിക്കു തോന്നി. രക്ഷിക്കണേ തമ്പുരാനേയെന്ന് മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അങ്ങനെ കിടന്നു ഞാൻ ഉറങ്ങിപ്പോയി. എന്തോ ഒച്ച കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. നോക്കുമ്പോൾ മുന്നിൽ ഒരു ആൾ രൂപം…ഞെട്ടിപിടഞ്ഞു ഞാൻ എണീറ്റു.

********************

ഏകദേശം എന്റെ പ്രായം തന്നെ  തോന്നിക്കുന്ന ഒരു ചെക്കനാണ് മുന്നിൽ. ഒരു മഞ്ഞ മുണ്ടാണ് അവന്റെ വേഷം. അതിന് മേലെ കയറ് പിരിച്ചത് പോലെയുള്ള ചുവന്ന തുണി കച്ചകെട്ടി വച്ചിരിക്കുന്നു. അല്പം മങ്ങിയ നിറം. ഒറ്റ രോമം പോലുമില്ലാത്ത ഒതുങ്ങിയ ശരീരം. ആരെയും ആകർഷിക്കുന്ന നല്ല ഭംഗിയുള്ള മുഖം. ആ വിടർന്ന വലിയ കണ്ണുകൾക്ക് വല്ലാത്തൊരു കാന്ത ശക്തി ഉണ്ടെന്നു എനിക്ക് തോന്നി…ചുരുളൻ മുടിക്ക് കുറുകെ തലയിൽ ഒരു വർണ്ണ തുണി ചുറ്റി കെട്ടിയിട്ടുണ്ട്. അതവന് നന്നായി ചേരുന്നുണ്ട്…

ആരി…? ഞാൻ പതിഞ്ഞ ഒച്ചയിൽ ചോദിച്ചു. മനോഹരമായി അവൻ ചിരിക്കുന്നു….

കൊള്ളാം. എന്റെ സ്ഥലത്തു വന്നിട്ട് ഞാൻ ആരാന്ന് ചോദിക്കുന്നോ…? ആ മറു ചോദ്യം കേട്ട് ഞാൻ തിടുക്കത്തിൽ എണീറ്റു. തുടർന്നു സങ്കടത്തോടെ എന്റെ അവസ്ഥ വിശദീകരിച്ചു.

ഇന്നല വന്ന മഴക്ക് ഞങ്ങളെ ബോട്ട് പൊളിഞ്ഞോയി..എന്റക്ക ഇണ്ടായപ്യനെല്ലം കാണാതായി. ബോധം വന്നപ്പോ ഞാൻ ഈട ഇണ്ട്. എങ്ങനെങ്കിലും എന്റെ നാട്ട് ലേക്ക് പോആൻ ഒരിക്ക സഹായിക്കൊ…?

പെട്ടന്ന് ഉച്ചത്തിൽ ചിരിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു കഴിഞ്ഞു. ഒന്ന് സംശയിച്ചു നോക്കി നിന്നിട്ട് ഞാൻ പിന്നാലെ ചെന്നു. എന്തിന് നിങ്ങൊ ഇങ്ങനെ ചിരിക്ക്ന്നെ…?

എനിക്ക് അവന്റെ ചിരി കേട്ടിട്ട് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. ഇവിടെ മനുഷ്യന്റെ ചങ്ക് പിടയുകയാണ്. അപ്പോഴാണ് അവന്റൊരു ഹലാക്കിലെ ചിരി. ആരാണിവൻ…? ഇത് അവന്റെ സ്ഥലമെന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ തന്നെ ആപത്തിൽ പെട്ടു പോയ ഒരാളെ നോക്കി ഇങ്ങനെ കളിയാക്കി ചിരിക്കാൻ പാടുണ്ടോ…?

ഒരിക്ക മതിയാക്കറോ…ഞാൻ ഒച്ചവച്ചു. അവൻ തിരിഞ്ഞു നിന്നു. എന്നെ ആകെയൊന്ന് നോക്കി.

എന്റെ പൊന്ന് ചങ്ങാതി…തനിക്കറിയോ ഞാനിവിടെ വന്നു പെട്ടിട്ട് മൂന്നു മാസത്തിൽ കൂടുതൽ ആയിട്ടുണ്ട്. ഇവിടുന്നു ഒന്ന് രക്ഷപെടാനാണ് ഞാനീ ചുറ്റി കറങ്ങുന്നതൊക്കെ…ഒരു രക്ഷയുമില്ല മോനേ..ഞാൻ…അല്ല നമ്മൾ ശരിക്കും പെട്ടിരിക്യാ…

അതുകേട്ടതോടെ ഞാൻ ശരിക്കും തളർന്നു. പടച്ചോനെ മൂന്ന് മാസമായി ഇവൻ ഇവിടെ…അതും തനിച്ചു…പക്ഷെ മൂന്ന് മാസം പട്ടിണി കിടന്നവന്റെ ദേഹപ്രകൃതിയൊന്നുമല്ല ഇവന്റെത്…മുഖത്ത് യാതൊരു  ക്ഷീണവും തോന്നുന്നില്ല. എനിക്കതൊട്ടും വിശ്വാസം തോന്നിയില്ല. പെട്ടന്ന് അവൻ തിരിഞ്ഞു എന്റെ നേരെ വലതു കൈ നീട്ടി.

ഞാൻ ഋഷി…തന്റെ പേരെന്താ…?

ഞാൻ സംശയിച്ചു കൈ നീട്ടിയപ്പോൾ അവൻ എന്റെ കൈപ്പത്തി ബലമായി പിടിച്ചൊന്ന് കുലുക്കി വിട്ടു.

അഹമ്മദ്…

ഞാൻ എന്റെ പേര് പറഞ്ഞു.

ആഹാ കൊള്ളാലോ…നല്ല പേരാണല്ലോ…

എന്ക്ക് കുടിക്കാൻ കൊറച്ച് വെള്ളം തരുവൊ…?എന്റെ തൊണ്ടേല്ലം വരണ്ടൊണങ്ങി….

ഋഷി എന്നെ നോക്കി മന്ദഹസിച്ചു. എന്റെ കൂടെ വാ…അവൻ ഒരു അഭ്യാസിയെ പോലെ പാറക്കെട്ടുകൾ ചാടിയിറങ്ങി താഴേക്കു പോയി. ഞാൻ പതിയെ പൊത്തി പിടിച്ചിറങ്ങുന്നത് അവൻ ചിരിയോടെ താഴെ നോക്കി നിന്നു. ഞാൻ താഴെ എത്തിയപ്പോൾ ഒരു കമ്പ് കയ്യിലിട്ട് കറക്കി കൊണ്ട് ഋഷി  മുന്നേ നടന്നു.

നിങ്ങളെ നാട് ഏട…? ഞാൻ ചോദിച്ചു.

ഈ ലോകം മൊത്തം എന്റെ നാടാണ്…പറഞ്ഞിട്ട് ചെക്കൻ മണികൾ കിലുങ്ങുമ്പോലെ ചിരിച്ചു. നിന്ക്ക് ഈട വന്ന് കെണിഞ്ഞിറ്റും ഒരു ബെജാറും തോന്ന്ന്നില്ലെ…? എത്ര സന്തോഷത്തില് നീ നടക്ക് ന്നെ…? കൊറച്ച് സമയം ആയപ്പൊ ന്നെ എന്ക്ക് ശീണായി.

നീ വന്നപ്പോൾ കൂട്ടിന് ഞാനിവിടെ ഉണ്ട്. പക്ഷെ ഞാൻ വരുമ്പോൾ ആരും ഉണ്ടായിരുന്നില്ല. അപ്പോഴുള്ള എന്റെ അവസ്ഥ നീയൊന്ന് ആലോചിച്ചു നോക്ക്. എന്റെ ആദ്യത്തെ സങ്കടമൊക്കെ മാറി. രക്ഷപെടാൻ കഴിയില്ലെന്ന് ഉറപ്പായി കഴിഞ്ഞാൽ പിന്നെ സാഹചര്യവുമായി ഇണങ്ങി ജീവിക്കാൻ പഠിക്കണം. അത് നിന്നെ പഠിപ്പിക്കേണ്ട കാര്യം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാനെന്തായാലും ഇവിടവുമായി  പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോ തിരിച്ചു പോയില്ലെങ്കിലും എനിക്കു യാതൊരു കുഴപ്പവുമില്ല…

അള്ളാ…എന്ക്ക് എന്തായാലും മടങ്ങി പോയാലെ കയ്യൂ…

ഞാൻ ആന്തലോടെ പറഞ്ഞു. അപ്പോൾ ഋഷി തിരിഞ്ഞു നിന്നു…

എന്താ നാട്ടിൽ ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ…?

ഞാൻ അവനെ ഒന്ന് നോക്കിയിട്ട് ഇല്ലെന്ന് പതിയെ തലയാട്ടി. ഋഷി വീണ്ടും നടന്നു.

പിന്നെന്തിനാടോ താനിങ്ങനെ ആധി പിടിക്കുന്നെ…? എനിക്ക് വേണ്ടി കാത്തിരിക്കാൻ നാട്ടിൽ ഒരുപാട് പേരുണ്ട്. എന്നിട്ടും ഞാനിവിടെ  സന്തോഷത്തോടെ നടക്കുന്ന കണ്ടില്ലേ…

തമാശ പറയുമ്പോലെ ഋഷി ചിരിച്ചു. ഞാൻ പിന്നാലെ ചെന്നു.

നിങ്ങ ഏട്ത്തെക്കീ പോന്നെ…?

വാടോ. തനിക്കെന്താ പേടി ആവുന്നോ…?

പേടി ഇണ്ടായിന്. പക്ഷേ ഇപ്പൊ ഇല്ല. നീ ഇല്ലെങ്കില് ഞാൻ ഈട ഒറ്റക്ക് എന്താക്കട്ടീ…? ശ്വാസം മുട്ടി…പ്രാന്ത് പിടിക്കട്ടീ…ഓ അത് ഓർക്കാൻ കയ്യ.

അതറിയാവുന്നത് കൊണ്ടല്ലേ ഞാൻ തന്റെ അടുത്ത് വന്നെ…അവൻ വീണ്ടും ചിരിക്കുന്നു. ദാ അവിടെ നിന്ന് ഇഷ്ടം പോലെ വെള്ളം കുടിച്ചോ…ഋഷി ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ഞാൻ നോക്കി.

രണ്ടു പാറകെട്ടുകൾക്ക് ഇടയിൽ ഒരു മുളങ്കുഴൽ ചെത്തിയൊരുക്കി കയറ്റി വച്ചിരിക്കുന്നു. അതിൽ നിന്നും വെള്ളിനൂലുകൾ പോലെ വെള്ളം ഒഴുകി വരുന്നു. ആഹ്ലാദത്തോടെ ഞാൻ അവിടേക്ക് ഓടി…

********************

ആ തണുത്ത വെള്ളത്തിലേക്ക് ഞാൻ കുറച്ചു നേരം മുഖം നീട്ടി പിടിച്ചു നിന്നു.

ടോ….ഇങ്ങനെ നിന്നാൽ മതിയോ. നമുക്ക് പോവണ്ടേ…? ഋഷിയുടെ ചോദ്യം കേട്ട് ഞാൻ മുഖം തിരിച്ചു നോക്കി.

ഇനി ഏട്ത്തേക്ക്…?ഞാൻ കൈത്തലം കൊണ്ട് മുടിയിലെയും മുഖത്തെയും വെള്ളം തുടച്ചു കളഞ്ഞു.

ദേ വെയിൽ ചാഞ്ഞതു കണ്ടില്ലേ. ഇനി പെട്ടന്ന് ഇവിടെ ഇരുട്ട് വീഴും…

അയിനിപ്പോ എന്ത്യെ ഈടപ്പൊ ഏടെ ആയെങ്കിലും ഒരെ പോലെന്നല്ലെ…? ഞാൻ തമാശയിൽ ചിരിച്ചു.

ഭാഗ്യം…നീയൊന്ന് ചിരിച്ചു കണ്ടു. ഋഷി പുഞ്ചിരിയോടെ തുടർന്നു.

രാത്രി ആയാൽ ഇവിടെ നില്കുന്നത് അത്ര പന്തിയല്ല. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം…പറഞ്ഞിട്ട് ഋഷി നടന്നു കഴിഞ്ഞു.

വീടോ…?

ഒന്ന് സംശയിച്ചു നിന്നിട്ട് ഞാൻ അവന്റെ പിന്നാലെ ഓടി. ഈട ബന്നിറ്റ് നീ വീടെല്ലം കെട്ടിയൊ…? എനിക്കു ശരിക്കും ചിരി വന്നു.

ഞാനല്ല മോനെ. ഇവിടെ മുൻപ് വന്നവർ ആരോ പണിതിട്ടിരുന്നതാ. ഞാനത് ഒന്ന് വൃത്തിയാക്കി എടുത്തു. അത്രേ ഉള്ളു. നമുക്ക് സുരക്ഷിതമായി രാത്രി ഉറങ്ങണം. അതുപോരെ…?

അയിന് മുമ്പ് എനക്കൊരിക്ക കുളിക്കണം…പിന്നെ…?

പിന്നെ…? എന്ക്ക് പൈക്ക്ന്ന് ഋഷി…

വിശക്കുന്നു എന്നർത്ഥത്തിൽ ഞാൻ വയറിൽ തടവി കാണിച്ചു.

അതിനെല്ലാം വഴി ഉണ്ടാക്കാടോ…താൻ ധൈര്യമായി വാ…എന്ന് പറഞ്ഞു ഋഷി മുന്നേ നടന്നു. എന്റെ പരിഭ്രമവും പേടിയും എല്ലാം കുറേശ്ശേ മാറിയിരുന്നു. ഈ വനത്തിനുള്ളിലെ സകല ചരിത്രവും അറിയുന്ന ആളാണ് മുന്നിൽ പോകുന്നത്. പിന്നെ പേടിക്കുന്ന എന്തിന്…?

ഋഷിയെ ഇവിടെ കണ്ടില്ലായിരുന്നുവെങ്കിലുള്ള തന്റെ അവസ്ഥയെ കുറിച്ച് ഞാൻ ചിന്തിച്ചു നോക്കി. എനിക്കത് ഓർമ്മിക്കാൻ കൂടി പറ്റുമായിരുന്നില്ല. നടന്നു ചെന്നത് വീണ്ടും വലിയ പാറകെട്ടുകൾ നിറഞ്ഞ ഒരു പ്രദേശത്താണ്. അതിനു അരുകിലൂടെ ഋഷിയുടെ പിന്നാലെ ഞാൻ മറുവശത്തേക്ക് ചെന്നു. അവിടെ എന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു.

വിശാലമായ ഒരു കുളം ആണ് മുന്നിൽ. അതിനു ചുറ്റും പലവർണങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ചെറിയൊരു ഉദ്യാനം എന്ന് തന്നെ പറയാം. കുളത്തിൽ രണ്ടു ഇണഅരയന്നങ്ങൾ നീന്തിതുടിക്കുന്നുണ്ടായിരുന്നു. കുറച്ചു മാൻപേടകൾ പുൽനാമ്പുകൾ കടിച്ചു അങ്ങിങ്ങു നിൽക്കുന്നു. മുയലുകളും പ്രാവുകളും മയിലുകളും ചുറ്റിനും വിഹരിക്കുന്നുണ്ടായിരുന്നു. അടുത്ത് ഒരു  മരത്തിനു മുകളിൽ മുളകമ്പുകളും ഇലകളും കൊണ്ട് മെനഞ്ഞ മനോഹരമായ ഒരു കുടിൽ.

കണ്ണുകൾ വിടർത്തി വിസ്മയത്തോടെ ചുറ്റും നോക്കി നിൽക്കുന്ന എന്റെ തോളിൽ പുഞ്ചിരിയോടെ ഋഷി കൈത്തലം ചേർത്തു.

അഹമ്മദിന്  ഇവിടെ ഇഷ്ടായോ…?

ഇഷ്ട്ടായിനൊന്നോ…? ഇത് പോലത്തെ കാഴ്ച എന്റെ ജീവിതത്തില് ഈന് മുമ്പ് ഞാൻ കണ്ടിറ്റ മോനെ…

ആഹ്ലാദത്തോടെ ഞാൻ പറയുന്ന കേട്ട് ഋഷി ചിരിച്ചു.

ഇവിടെ വന്ന് പെട്ടതിന് ശേഷം ഒരാഴ്ച ഞാൻ ചുറ്റി നടന്നു കണ്ടു പിടിച്ചതാ ഇവിടം. നല്ല ഭംഗി ഉണ്ടല്ലേ…?

നല്ല പാങ്ങ്ണ്ട്…ഈ സുന്ദരമായ പ്രദേശത്തെ കുറിച്ച് അതിനേക്കാൾ നല്ലൊരു വാക്ക് പറയാൻ എനിക്കറിയില്ല. കുളത്തിനു അടുത്ത് ചെന്നിട്ടു ഞാൻ ഋഷിയെ നോക്കി. ഞാനീട കുളിക്കട്ട…?

ധൈര്യമായി കുളിച്ചോ…ഇത് നമ്മുടെ അല്ലെ…ഋഷി ധൈര്യം പകർന്നു. കേൾക്കാത്ത താമസം ഞാൻ കുളത്തിലേക്ക് എടുത്തു ചാടി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ അരയന്നങ്ങൾ കുളത്തിന്റെ ഒരു കോണിലേക്ക് നീന്തിപോയി. ഞാൻ കുറച്ചു നേരം വെള്ളത്തിൽ നീന്തിതുടിച്ചു. പിന്നീട് കരയിലേക്ക് കയറുമ്പോഴാണ് ബുദ്ധിമോശം ആണ് കാട്ടിയതെന്ന് എനിക്ക് മനസിലായത്.

മാറി ഉടുക്കാൻ ഒന്നും ഇല്ല. ആകെയുള്ള കറുത്ത ഷോർട്സ് മൊത്തം നനഞ്ഞു. ഇനി എന്തു ചെയ്യും…? അപ്പോൾ വലിയ ഒരു ഇല നിറയെ പലതരത്തിലുള്ള പഴങ്ങളുമായി ഋഷി എത്തി.

ഇതെല്ലം ഏട്ന്ന്…? ദേഹത്തെ വെള്ളം കൈ കൊണ്ട് തുടച്ചു മാറ്റുന്നതിനിടയിൽ അതിശയത്തോടെ ഞാൻ ചോദിച്ചു.

അതൊക്കെ ഉണ്ട് മോനെ…നീ എന്നെ പറ്റി എന്താ കരുതിയെ…? കുളി കഴിഞ്ഞല്ലോ. ഇനി മുകളിലേക്ക് പോവാം…?

പോവാം…എന്റെ ട്രൗസറ് എല്ലം ചണ്ടായി…ഇനി എന്താക്കും…ഞാൻ ദയനീയമായി നോക്കി ചോദിച്ചു.

താൻ വാടോ…അതിനെല്ലാം വഴിയുണ്ട് എന്ന മട്ടിൽ ചിരിച്ചു കൊണ്ട് ഋഷി നടന്നു കഴിഞ്ഞു. മരത്തിനു മുകളിൽ പണിഞ്ഞ കുടിലിൽ എത്തിയപ്പോൾ എനിക്കു ഉടുക്കാൻ ഋഷി ഒരു മഞ്ഞ തുണി എടുത്തു തന്നു. തോർത്ത് പോലെ അത് ഞാൻ അരയിൽ ചുറ്റി കെട്ടി. ഷോർട്സ് ഊരി എടുത്തു പുറത്തേക്കു വെള്ളം പിഴിഞ്ഞ് ഒരു സൈഡിൽ വിരിച്ചു.

പുറത്ത് നിലാവ് ഉദിച്ചിരുന്നു. ആ വെളിച്ചം കുടിലിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു. ഇനി നമുക്ക് കഴിച്ചാലോ…ഋഷി ചോദിച്ചു. ഞാൻ റെഡി. ശരിക്കും എനിക്കു നല്ല വിശപ്പുണ്ടായിരുന്നു. നിലത്തു ചമ്രംപടിഞ്ഞിരുന്നു മനസ്സിൽ ബിസ്മില്ല ചൊല്ലി, ഋഷി തന്ന പഴങ്ങൾ  മൊത്തം ഞാൻ  ആസ്വദിച്ചു കഴിച്ചു. ഒരു മുളങ്കുഴലിലെ വെള്ളം അവൻ എനിക്കു കുടിക്കാൻ തന്നു. എങ്ങനെ. വയർ നിറഞ്ഞോ…?

കഴിച്ചു കഴിഞ്ഞു  ഋഷി എന്നെ നോക്കി ചോദിച്ചു. ഞാൻ ചിരിയോടെ തലയാട്ടി. ശരിക്കും എനിക്ക് നിറഞ്ഞിരുന്നു. ശരീരവും ഒപ്പം മനസും…പുറത്തു മറ്റൊരു മനോഹരമായ കാഴ്ച. കുടിലിനു ചുറ്റും മിന്നാമിനുങ്ങുകൾ ഒരു വലയം തീർത്തിരിക്കുന്നു. ഞാൻ അത് ആസ്വദിച്ചു നിൽകുമ്പോൾ ഋഷി എന്റെ അടുത്തേക്ക് വന്നു. എന്താ നീ ആലോചിക്കുന്നേ…

ഞാൻ ഈട വന്ന് കെണിഞ്ഞത് എത്ര നന്നായീന്ന് എന്ക്കിപ്പോ തോന്നുന്നു.

അതെന്താ…?

ഈട ബന്നിറ്റേങ്കില് ഇത്ര പാങ്ങില്ലെ സ്ഥലോം ഈ കാഴ്ച്ചെയൊക്കെ ജീവിതത്തില് എന്ക്ക് കാണാൻ കയ്യട്ട്യോ…?

അപ്പോൾ എന്നെ കാണാൻ പറ്റിയതിൽ ഒരു സന്തോഷവും ഇല്ലേ…? കുസൃതിയോടെ ഋഷി ചോദിച്ചു. ഞാൻ പെട്ടന്ന് മുഖം തിരിച്ചു അവനെ നോക്കി.

മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ ആ പുഞ്ചിരി തൂകുന്ന മുഖം കൂടുതൽ ഭംഗിയായി എനിക്ക് തോന്നി. നീ ഈട ഇല്ലെങ്കിൽ സത്യം പറഞ്ഞ ചെലപ്പോ നാള ബെളി ബര്മ്പഴേക്ക് ഞാൻ ജീവനോടെ ഇണ്ടാട്ടീല്ല…എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.

ശ്ശോ…താൻ കരയുന്നോ…? ഋഷി എന്റെ തോളിൽ പിടിച്ചു അവനഭിമുഖമായി നിർത്തി. ഞാൻ പെട്ടന്ന് ഋഷിയുടെ തോളിൽ മുഖം ചേർത്ത് പതിയെ ഒന്ന് എങ്ങി…

ആരൂല്ല ഋഷി എന്ക്ക്…ബാപ്പയും ഉമ്മച്ചിയും മരിച്ചു. ഒറ്റക്കാണ് വളന്നത്. ഒറ്റക്കന്നെ ഇപ്പൊ ജീവിക്ക്ന്നത്…കൊറേ ആളുണ്ടാവ്മ്പോ ആരുല്ലാത്ത എന്റെ അവസ്ഥ പറഞ്ഞാ ഇങ്ങക്ക്  ചെലപ്പോ മന്സിലാവീല…

ആശ്വസിപ്പിക്കുമ്പോലെ ഋഷി എന്നെ ചേർത്ത് പിടിച്ചു. ചന്ദനത്തിന്റെ ഒരു തരം ഗന്ധം അവനിൽ നിന്നും വമിക്കുന്നത് പോലെ എനിക്ക് തോന്നി. ഏതോ ഒരു മാസ്മരിക വലയത്തിൽ അകപ്പെട്ടത് പോലെ. എന്റെ മനസിനുള്ളിലെ  സങ്കട തിരമാലകൾ പതിയെ അടങ്ങി പകരം നേർത്ത തെളിനീര് ഒഴുകുന്ന പോലെ…നിമിഷങ്ങൾ…ഋഷി എന്നെ അവന്റെ തോളിൽ നിന്നും പിടിച്ചുയർത്തി. ആ നിറഞ്ഞ പുഞ്ചിരി കാണുമ്പോൾ തന്നെ എന്റെ മനം നിറയുന്ന പോലെ. അത് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു മൂലയിൽ ചുരുട്ടി വച്ചിരുന്ന പുല്ല്‌ പായ എനിക്കുറങ്ങാൻ ഋഷി നിലത്തു വിരിച്ചു തന്നു.

ശരിക്കും ഋഷീരെ വീടേടാ…?കിടക്കുമ്പോൾ ഞാൻ ചോദിച്ചു. ഋഷി സ്ഥലപേര് പറഞ്ഞു.

ആട ആരെല്ലുണ്ട്…?

ഒരുപാട് പേരുണ്ട്. അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി, സഹോദരങ്ങൾ, അമ്മാവൻമാർ അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് പേർ…

ശരിക്കും നീ എങ്ങനെ ഇട വന്ന് കെണിഞ്ഞ് പോയെ…?

അതൊക്കെ വലിയ കഥയാണ്. എല്ലാം ഒരുമിച്ചു പറഞ്ഞു തീർക്കണോ. ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ. പതിയെ എല്ലാം ഞാൻ പറയാം. ഇപ്പോ ഉറങ്ങിക്കോ…

പുറത്ത് നിന്നും ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. ഞാൻ പതിയെ കണ്ണുകൾ അടച്ചു…

********************

മനോഹരമായ വേണുഗാനം കേട്ടാണ് ഞാൻ ഉണർന്നത്. നേരം പുലർന്നിരുന്നു. അടുത്ത് ഋഷിയെ കാണാനില്ല. ഇവിടെ ഇത്ര മധുരമായി ഓടക്കുഴൽ വായിക്കുന്നത് ആരെന്ന് ചിന്തിച്ചു ഞാൻ എണീറ്റു. കുടിലിന്റെ സൈഡിലേക്ക് വന്നു താഴേക്കു നോക്കി. കുളത്തിന്റെ കരയിലെ വലിയ മരത്തിനു ചുവട്ടിൽ ഇരുന്നു ഋഷിയാണ് മുളങ്കുഴൽ ഊതുന്നത്. അതിശയം അതല്ല…

ചുറ്റിനും അതിൽ ലയിച്ചതു പോലെ മാൻ പേടകളും മുയലുകളും പ്രാവുകളും മയിലുകളും അരയന്നങ്ങളും ഇരിക്കുന്നു. ഒരു ആൺ മയിൽ മനോഹരമായ പീലികൾ വിരിച്ചു പതിയെ ആടുന്നു. മധുരമായ വേണുഗീതം ചെവിയിലൂടെ ഹൃദയത്തിനുള്ളിലേക്കാണ് കയറി വരുന്നതെന്ന് എനിക്ക് തോന്നിപ്പോയി. ഞാൻ താഴേക്കു ഇറങ്ങി ചെന്നു. എന്നെ കണ്ടു ഋഷി മുളങ്കുഴൽ വായിക്കുന്നത് നിർത്തി എന്നെ നോക്കി ചിരിച്ചു. അപ്പോൾ ചുറ്റിനും ഇരുന്ന ജീവികൾ പലയിടത്തേക്കായി മാറി പോയി.

നീ ഇതെല്ലം പഠിച്ചിനോ ഋഷി…? എത്ര പാങ്ങില് നീ വായ്ക്ക്ന്നെ…ഞാൻ അതിശയത്തോടെ ചോദിച്ചു.

കുറച്ചൊക്കെ…നീ വൃത്തിയായിട്ട് വാ. നമുക്കൊന്ന് ചുറ്റീട്ട് വരാം…പറഞ്ഞിട്ട് ഋഷി എണീറ്റു കുളത്തിന്റെ മറുവശത്തേക്ക് നടന്നു പോയി. കുളിച്ചു കയറി ഞാൻ മഞ്ഞതുണി അരകെട്ടിൽ ചുറ്റുമ്പോഴേക്കും ഋഷി മടങ്ങി എത്തി. ഇന്നലെ കൊണ്ട് വന്നത് പോലെ ഇല നിറച്ചും പഴങ്ങൾ.

ഇത് എട്ന്ന്…?

അതൊക്കെ ഉണ്ട് മോനെ. നിനക്ക് വിശക്കുന്നില്ലേ…വാ കഴിക്കാം.

പഴങ്ങൾ കഴിച്ചു കഴിഞ്ഞു ഋഷിയും ഞാനും കുറച്ചു ദൂരം നടന്നു.

ഈട്ന്ന് നമുക്കെപ്പങ്കിലും പൊറത്ത് പോവാൻ കയ്യോ ഋഷി…?

എന്റെ ചോദ്യം കേട്ട് മുന്നിൽ വഴിയൊരുക്കി പോകുന്ന അവൻ ചിരിച്ചു. എന്തുപറ്റി നിനക്കിവിടെ മടുത്തോ…?

ഇല്ല. നീ ഈട ഇണ്ടെങ്കില് രക്ഷപെടാന്ള്ള ബയി കിട്ട്യാലും ഞാന്ട്ന്ന് പോവില്ല…

പെട്ടന്ന് കൈ നീട്ടി ഋഷി എന്നെ തടഞ്ഞു. മിണ്ടരുത്…എന്ന് ചുണ്ടിൽ വിരൽ ചേർത്ത് ആംഗ്യം കാണിച്ചു.

എന്തേ…?

കാറ്റുതുന്ന ഒച്ചയിൽ ഞാൻ പരിഭ്രമത്തോടെ  ചോദിച്ചു. അവൻ മുന്നിലേക്ക് വിരൽ ചൂണ്ടി. രണ്ടു മരങ്ങൾക്ക് അപ്പുറം ഒരു കാട്ടുപന്നി. അത് ഞങ്ങളെ കണ്ടു മുന്നോട്ടു കുതിച്ചു വന്നു.

ഓടിക്കോ…എന്ന് ഒച്ചവച്ചു ചിരിച്ചു കൊണ്ട് ഋഷി എന്റെ കൈ പിടിച്ചു മറുവശത്തേക്ക് ഓടി. അത് പിന്നാലെ ചീറി കൊണ്ട് പാഞ്ഞു വരുന്നുണ്ടായിരുന്നു. കുറച്ചു ദൂരം ഓടിയപ്പോൾ തന്നെ ഞാൻ അണച്ചു..

.ഋഷി എന്ക്ക് കയ്യ…ഞാൻ ബീവും…

ശക്തിയിൽ കിതച്ചു കൊണ്ട് ഞാൻ പറയുന്നത് കേട്ടു അവൻ എന്നെ എതിരിലേക്ക് തള്ളിയിട്ടു…

ഞാൻ പുല്ലിലൂടെ താഴേക്കു ഉരുണ്ടു പോയി. എന്റെ ശ്വാസം നിലച്ചത് പോലെ ഞാൻ താഴത്തെ തട്ടിൽ  ചെന്നു വീണു കിടന്നു  കിതച്ചു. എന്റെ തലചുറ്റുന്നത് പോലെ എനിക്ക് തോന്നി. കുറച്ചു നേരം അങ്ങനെ തന്നെ കിടന്നിട്ട് ഞാൻ പതിയെ എണീറ്റ് മുകളിലേക്ക് കയറി വന്നു. ഋഷിയെ എങ്ങും കാണുന്നുണ്ടായിരുന്നില്ല. ചുറ്റും ഭീകരമായ നിശബ്ദത. ആ കാട്ടു പന്നി ഋഷിയെ എന്തെങ്കിലും ചെയ്തു കാണുമോ എന്ന് ഞാൻ ശരിക്കും ഭയപ്പെട്ടു. ഞാൻ അവനെ തിരഞ്ഞു മുന്നോട്ടു പോയി. ഉറക്കെ വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ എന്റെ ഒച്ച കേട്ടു അത് എന്നെ വീണ്ടും  ആക്രമിക്കാൻ വന്നാലോ എന്ന് ഭയന്ന് ഞാൻ അതിനു മുതിർന്നില്ല. കുറച്ചു ദൂരം തിരഞ്ഞു പോയെങ്കിലും ഋഷിയെ കണ്ടില്ല. എന്റെ നെഞ്ചു പിടക്കാൻ തുടങ്ങി. ഋഷി ഇല്ലാതെ ഇവിടെ തനിച്ചു നിൽക്കുന്ന കാര്യം ആലോചിച്ചു. എനിക്ക് ദേഹം തളരുന്ന പോലെ തോന്നി.

കാട്ടുപന്നി തിരിച്ചു വന്നു എന്നെ കൊല്ലുന്നെങ്കിൽ കൊന്നോട്ടെ എന്ന് കരുതി ഞാൻ “ഋഷി…” എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ചുറ്റിനും നോക്കി നടന്നു. എന്റെ ഒച്ച കാട്ടിനുള്ളിൽ അലയടിച്ചു തിരിച്ചു വന്നു.

താമസിയാതെ “ഋഷി…” എന്നുള്ള എന്റെ ഒച്ച ഒരു നിലവിളിയായി എന്നിൽ നിന്നും പുറത്തു വരാൻ തുടങ്ങി. ഒടുവിൽ തളർന്നു തകർന്നു ഒരു മരച്ചുവട്ടിലേക്ക് ഞാൻ കുഴഞ്ഞിരുന്നു. ഭയവും സങ്കടവും കൊണ്ട് എനിക്ക് കരച്ചിൽ വന്നു.

****************

അഹമ്മദ്…എന്നുള്ള വിളി കേട്ടാണ് ഞാൻ മുഖം ഉയർത്തിയത്.

എതിരെയുള്ള മരത്തിൽ ചാരി നെഞ്ചിൽ കൈകൾ പിണച്ചു വച്ച് ഋഷി എന്നെ നോക്കി മനോഹരമായി ചിരിച്ചു കൊണ്ട് നിൽക്കുന്നു. സന്തോഷവും സങ്കടവും എന്നെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു. പാഞ്ഞു ചെന്നു അവനെ കെട്ടിവരിഞ്ഞു ഞാൻ പൊട്ടികരഞ്ഞു. ഋഷി ആശ്വസിപ്പിക്കും പോലെ എന്റെ ചുമലിൽ തഴുകി കൊണ്ടിരുന്നു.

ന്റള്ളാ…ഞാൻ ശെരിക്ക് പേടിച്ചോയി…അത് നിന്ന എന്തെങ്കിലും ആക്കീറ്റ് ണ്ടാകും എന്ന് വിചാരിച്ചു ഞാൻ. നിന്ക്ക് എന്തെങ്കിലും ആയി പോയോന്ന് പേടിച്ചു…ഏങ്ങലടിച്ചു കൊണ്ട് ഞാൻ പതം പറഞ്ഞു കരഞ്ഞു.

ഞാൻ അതിനെ ഓടിച്ചു കളയാൻ പോയതല്ലേ. അതിനു നീ ഇങ്ങനെ വിഷമിക്കണോ. ഞാൻ പറഞ്ഞിട്ടില്ലേ ഇവിടുന്നു പോകുന്ന വരെ അഹമ്മദിനെ വിട്ടു ഞാൻ എങ്ങും പോവില്ലന്ന്. ആശ്വസിപ്പിച്ചുകൊണ്ട് ഋഷി എന്നെ മുന്നോട്ടു നയിച്ചു.

തിരിച്ചു നടക്കുമ്പോൾ എനിക്കു കുടിക്കാൻ ഋഷി കാട്ടു തേൻ എടുത്തു തന്നു. കുടിച്ചിട്ട് മതി വരാതെ ഞാൻ അവന്റെ തേൻ പുരണ്ട വിരലുകൾ വായിൽ ഊറിയെടുത്തു. കൊതിയൻ…ഋഷി എന്റെ തലയിൽ കളിയായി അടിച്ചിട്ട് മുന്നേ ഓടി. ഞാൻ പിന്നാലെ പാഞ്ഞു അവന്റെ തോളിലേക്ക് ചാടി കയറി. എന്നെ കുതറിച്ചു നിലത്തിടാൻ അവൻ ശ്രമിച്ചെങ്കിലും ഞാൻ വിടാതെ തോളിൽ തൂങ്ങി കിടന്നു.

എന്നെയും കൊണ്ട് അവൻ പൂക്കൾ പൊഴിഞ്ഞു കിടക്കുന്ന പുല്ലിലേക്ക് വീണു കിടന്നു ചിരിച്ചു. പിന്നെ തലയിൽ കൈ താങ്ങി കൊണ്ട് എന്റെ നേരെ ചരിഞ്ഞു കിടന്നു ചോദിച്ചു. ഇവിടുന്നു പോയാൽ നീ എന്നെ മറക്കോ…?

അയിന് ഈട്ന്ന് ആര് പോന്നെ…നിന്നെം ഈ സ്ഥലോം ബിട്ടിറ്റ് ഞാനിനി ഏട്ത്തെക്കും പോന്നില്ല…ഞാൻ ഉറപ്പിച്ചു പറഞ്ഞു.

********************

എനിക്ക് പേരറിയാത്ത എന്തൊക്കെയോ കാട്ടുകിഴങ്ങുകൾ ഋഷി തന്നെയാണ് കൊണ്ട് വന്നത്. അത് തീയിൽ ചുട്ടെടുക്കണം. അതിനുള്ള ശ്രമം ആണ്. ഉണങ്ങിയ തൊണ്ടിൽ നിന്നും ചകിരി അവൻ കുറച്ചെടുത്തു അത് തിരുമി നേർത്തതാക്കി വച്ചിരുന്നു. പിന്നെ ഒരു വശം കൂർത്ത ഉരുളൻ തടിയുടെ കൂർത്ത ഭാഗം മറ്റൊരു തടിയുടെ മുകളിൽ വച്ചു അതിന്റെ മറുവശം ഒരു ചിരട്ട വച്ചു അമർത്തി പിടിച്ചു.

പിന്നെ കാട്ടുവള്ളി ഉരുളൻ തടിയിൽ ചുറ്റി അരണി കടയുന്ന പോലെ എന്നോട് ചെയ്യാൻ പറഞ്ഞു. ഞാൻ വള്ളിയിൽ പിടിച്ചു വലിച്ചു ഉരുളൻ തടി കറക്കാൻ തുടങ്ങി. അപ്പോൾ ഋഷി ചകിരി ശക്തിയിൽ കറങ്ങുന്ന കൂർത്ത ഭാഗത്തേക്ക് ചേർത്ത് വച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചകിരിയിൽ നിന്നും പുകചുരുളുകൾ ഉയരാൻ തുടങ്ങി.

എന്റെയും ഋഷിയുടെയും മുഖം ഒരേ സമയം വിടർന്നു. ഋഷി പതിയെ അതിലേക്കു ഊതിപ്പോൾ ചകിരി തീ പിടിച്ചു. ആഹ്ലാദത്തോടെ ഞാൻ അത് നോക്കി ഇരുന്നു. കൂട്ടിയിട്ടിരുന്ന ഉണങ്ങിയ കരിയിലയ്ക്ക് ഇടയിൽ കത്തുന്ന ചകിരി വച്ചു തീ പിടിപ്പിച്ചു. ഉണങ്ങിയ മര കഷ്ണങ്ങൾ ഞാൻ പെറുക്കി കത്തുന്ന കരിയിലയ്ക്ക് മുകളിൽ വച്ചു. നന്നായി തീ പിടിച്ചപ്പോൾ കനലുകൾക്ക് മേലെ വച്ച് ഋഷി കിഴങ്ങുകൾ ചുട്ടെടുക്കാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ മുളങ്കുഴലുകളുമായി പോയി കുടിക്കാനുള്ള വെള്ളം കൊണ്ട് വന്നു. ഇലയ്ക്ക് മീതെ വെന്ത കിഴങ്ങുകൾ ഓരോന്നായി ഋഷി എടുത്തു വച്ചു. ഇത്രയ്ക്ക് സ്വാദിഷ്ടമായ ഒരു വിഭവം എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല എന്നെനിക്കു തോന്നി. അത്ര രുചികരമായിരുന്നു അത്.

കഴിച്ചിട്ട് ഞാൻ മരത്തണലിൽ ഋഷിയുടെ മടിയിൽ തല വെച്ചു കിടന്നു. എനിക്കു വേണ്ടി അവൻ പുല്ലാങ്കുഴൽ വായിച്ചു. മരത്തിൽ നിന്നും മഞ്ഞ പൂക്കൾ പൊഴിഞ്ഞു ഞങ്ങളുടെ മേലെ വീഴുന്നുണ്ടായിരുന്നു. ആ മധുര ഗാനം കേട്ടു ഞാൻ മയങ്ങി.

ഉണരുമ്പോൾ കരിയിലയും ഉണങ്ങിയ മര കഷ്ണങ്ങളും വീണ്ടും വാരിയിട്ട് ഋഷി തീ കൂട്ടുന്നത് കണ്ടു. കണ്ണ് തിരുമി എണീറ്റ് ഞാൻ ഇനിയും അതെന്തിനാണെന്നു ചോദിച്ചപ്പോൾ കനൽ കെട്ടു പോകാതിരിക്കാൻ എന്ന് അവൻ മറുപടി പറഞ്ഞു.

സന്ധ്യയ്ക്ക് ഒരുമിച്ചാണ് കുളിച്ചത്. ഇരു കരയിലേക്കും ഞങ്ങൾ മത്സരിച്ചു നീന്തി. ഞാൻ എത്ര ശ്രമിച്ചിട്ടും ഋഷിയെ തോല്പിക്കാൻ എനിക്ക്  പറ്റിയിരുന്നില്ല. അതിൽ എനിക്ക് പരിഭവം ഒന്നും തോന്നിയില്ല. കാരണം അവൻ ജയിക്കുന്നത് എനിക്കും ഇഷ്ടമായിരുന്നു.

********************

രാവിലെ ഉണരുമ്പോൾ ഋഷി അടുത്തുണ്ടായിരുന്നില്ല. ഞാൻ എണീറ്റ്  താഴേ വന്നു. ചുറ്റും തിരഞ്ഞെങ്കിലും അവനെ കണ്ടില്ല. എന്തെങ്കിലും കഴിക്കാനുള്ളത് തേടി പോയിട്ടുണ്ടാകും എന്ന് കരുതി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു കുളത്തിലെ വെള്ളത്തിലേക്ക് കാലിറക്കി ഇരിക്കുമ്പോൾ പിന്നിൽ എന്തോ ഊതുന്ന ഒച്ച കേട്ടു ഞാൻ മുഖം തിരിച്ചു നോക്കി.

ഒരു സർപ്പം ഫണം വിരിച്ചു നിൽക്കുന്നു.

ന്റള്ളാ…എന്ന് അലറി വിളിച്ചു കൊണ്ട് ഞാൻ കുളത്തിലേക്ക് എടുത്തു ചാടി. വിറച്ചു കൊണ്ട് നോക്കുമ്പോൾ സർപ്പത്തെ കൈയിൽ വച്ചു ഋഷി നിന്ന് പൊട്ടിചിരിക്കുകയാണ്.

എനിക്കു ശരിക്കും ദേഷ്യം വന്നു. പോടാ…എന്ന് ആക്രോശിച്ചു കൊണ്ട് ഞാൻ വെള്ളം കൈകൊണ്ടു അവന്റെ മേലേക്ക് തെറിപ്പിച്ചു. ദേഹത്ത് വെള്ളം വീഴാതെ ഒഴിഞ്ഞു മാറി ചെക്കൻ അതിനെ പതിയെ നിലത്തു വച്ചു. സർപ്പം ഇഴഞ്ഞു പോകുന്നത് കണ്ടു ഞാൻ ചാടി കരയിൽ കയറി. അവനെ പിടിക്കാൻ ചെന്നപ്പോൾ ചെക്കൻ ചിരിച്ചു കൊണ്ട് കുതറി മാറി.

എന്നെ ഓടി തോല്പിക്കാൻ പറ്റുമോന്നു നോക്ക്…എന്നെ നോക്കി വെല്ലുവിളിക്കും പോലെ പറഞ്ഞിട്ട് അവൻ തിരിഞ്ഞു ഓടി. വാശിയോടെ ഞാൻ പിന്നാലെ പാഞ്ഞു.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…

ഋഷി…വേണ്ട…എന്ക്ക് കയ്യട…മണികൾ കിലുങ്ങുന്ന പോലെ ചെക്കന്റെ ചിരിയാണ് മറുപടി കിട്ടിയത്. നീ ബാ നമ്മക്ക് മടങ്ങി പോവ…

എന്നെ തൊട്ടാൽ മാത്രേ ഇനിയൊരു തിരിച്ചു പോക്കുള്ളൂ…ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കി ചെക്കൻ ഓർമിപ്പിച്ചു. വീണ്ടും ഞാൻ പിന്നാലെ പാഞ്ഞു. ഇടയ്ക്ക്  അവൻ കണ്ണിൽ നിന്നും മറഞ്ഞു.

ഋഷി…ഉറക്കെ വിളിച്ചു കൊണ്ട് കാൽ മുട്ടിലേക്ക് കൈ കുത്തി നിന്ന് ഞാൻ കിതച്ചു. അപ്പോൾ അവൻ പോയ ഭാഗത്തു നിന്നും ഓടക്കുഴൽ വിളി കേട്ടു. ആ ദിക്കിലേക്ക് ഞാൻ ഓടി. വീണ്ടും വഴി തെറ്റി ഞാൻ നിന്നു. പലകുറി  അവന്റെ പേര് ചൊല്ലി വിളിച്ചു. അപ്പോൾ വീണ്ടും ആ വേണു നാദം കേൾക്കുന്നു.

ഓടിയും ഇടക്ക് അണച്ചു കൊണ്ട് നിന്നും ചെന്നു ചാടിയതു ഞാൻ ആദ്യം വന്നു കയറിയ കടൽ തീരത്താണ്. അമ്പരപ്പോടെ ഞാൻ ചുറ്റും നോക്കി. ഋഷിയെ എങ്ങും കാണാനില്ല. തിരിഞ്ഞു വനത്തിലേക്ക് നോക്കി ഞാൻ ഉച്ചത്തിൽ അവനെ വിളിച്ചു. ഒന്നല്ല, രണ്ടല്ല, പലവട്ടം…മറുപടി ഇല്ല.
എനിക്കു സങ്കടം വരുന്നുണ്ടായിരുന്നു.

അപ്പോൾ പിന്നിൽ ബോട്ടിന്റെ എഞ്ചിൻ മുരളുന്ന ഒച്ച കേട്ടു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. മൂന്നു ബോട്ടുകൾ തീരത്തേക്ക് അടുക്കുകയാണ്.

********************

മുങ്ങൽ വിദഗ്ദ്ധരും പോലീസും എന്റെ നാട്ടിലെ കുറച്ചു പേരുമായിരുന്നു മൂന്ന് ബോട്ടുകളിലായി എത്തിയത്. ബോട്ട് തകർന്നതും ഞങ്ങളെ കാണാതായതും മറ്റും നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു എന്ന് അവർ പറഞ്ഞാണ് അറിഞ്ഞത്. രണ്ടു ദിവസമായി അവർ ഈ ചുറ്റുവട്ടത്ത് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഇവിടെ നിന്നും പുകച്ചുരുൾ ഉയരുന്നതു ശ്രദ്ധയിൽ പെട്ട്  ആരെങ്കിലും അകപ്പെട്ടിരിക്കാം എന്ന് ഊഹിച്ചു എത്തിയതാണ്.

കൂടെ വേറെ ആരെങ്കിലും ഉണ്ടോ…എന്ന ചോദ്യത്തിന് ഒരാൾ കൂടി ഉണ്ടെന്നും വനത്തിനുള്ളിൽ ആണെന്നും ഞാൻ മറുപടി പറഞ്ഞു. എന്റെ പിന്നാലെ അവരും ഉള്ളിലേക്ക് നടന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴി തെറ്റിയെന്ന് എനിക്കു മനസിലായി.

ഞാൻ ചുറ്റിനും നോക്കി ഋഷി…എന്ന് ഉച്ചത്തിൽ വിളിച്ചു. എന്റെ ഒച്ച കാടിനുള്ളിൽ വട്ടം ചുറ്റി തിരിച്ചു വന്നു. ഒടുവിൽ രണ്ടു വിഭാഗമായി പിരിഞ്ഞു ഞങ്ങൾ ഋഷിയെ തിരയാൻ തീരുമാനിച്ചു. ഇരുൾ വീഴുന്നത് വരെ തിരച്ചിൽ തുടർന്നു. എത്ര തേടി അലഞ്ഞിട്ടും ആ കുളവും ഏറുമാടവുമുള്ള സ്ഥലം കണ്ടു പിടിക്കാൻ എനിക്കു കഴിഞ്ഞില്ല. ഒടുവിൽ ഞാൻ നിലത്തേക്കിരുന്നു വിങ്ങി കരഞ്ഞു.

കൂടെ ഉള്ളവർ എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. രാത്രിയിൽ രണ്ടു ഭാഗത്തായി ഞങ്ങൾ തങ്ങി. പോലീസ് ഉദ്യോഗസ്ഥർ ഫോണിൽ സംസാരിക്കുന്നത് കണ്ടു. ഇടക്ക് എന്നോട് സംശയംങ്ങൾ ചോദിച്ചു. എനിക്കു അറിയുന്ന കാര്യങ്ങൾ വിശദമായി ഞാൻ പറഞ്ഞു കൊടുത്തു.

രാത്രിയിൽ ഒരു മരച്ചുവട്ടിൽ ഞാൻ തനിച്ചു പോയിരുന്നു. എത്ര നിയന്ത്രിച്ചിട്ടും ഋഷിയുടെ മുഖം ഓർമിച്ചപ്പോൾ എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഇനി അവനെന്തെങ്കിലും ആപത്തിൽ പെട്ടിട്ടാണ്ടാവുമോ എന്ന് ഞാൻ ഭയന്നു. അവനെ തിരിച്ചു കിട്ടാൻ ഞാൻ പടച്ചോനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. രാത്രിയിൽ എപ്പോഴെങ്കിലും അവൻ എന്റെ അടുത്ത് എത്തുമെന്ന് തന്നെ ഞാൻ വിചാരിച്ചു.

ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു എനിക്ക്. അവന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അറിയണം. ഇരുട്ടിലേക്ക് പോയി ഞാൻ അവനെ ഉറക്കെ വിളിച്ചു. എന്റെ ഒച്ച കേട്ടു എവിടെ നിന്നെങ്കിലും ആ വേണു നാദം ഉയരുന്നുണ്ടോ എന്ന് ഞാൻ കാതോർത്തു…ഒന്നും ഉണ്ടായില്ല…ഉറക്കം വരാതെ കരഞ്ഞു കരഞ്ഞു ഞാൻ നേരം വെളുപ്പിച്ചു.

രാവിലെ വീണ്ടും തിരച്ചിൽ തുടർന്നു. ഉച്ചയോടെ  രണ്ടു ദിക്കിലായി പോയ ഞങ്ങൾ ഒരു സ്ഥലത്തു ഒന്നിച്ചു. ഞാൻ പറഞ്ഞത് പോലെയുള്ള ഒരു സ്ഥലം അവരും കണ്ടില്ല. ഒരു മനുഷ്യജീവിയെ പോലും വരുന്നവഴിക്കെങ്ങും കണ്ടില്ലെന്നും അവർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ മാറി നിന്ന് ചർച്ച ചെയ്യുന്നുണ്ടായിരുന്നു…മറ്റുള്ളവർ വീണ്ടും എന്നോട് ഋഷിയെ കുറിച്ച് ഓരോന്ന് ചോദിച്ചു. ഒടുവിൽ തിരിച്ചു പോകാൻ തീരുമാനം ആയി.

ഇനിയും ഇവിടെ തങ്ങുന്നതിൽ അർത്ഥമില്ലെന്നും ജീവനോടെ ഒരാൾ ഇതിനുള്ളിൽ ഉണ്ടെങ്കിൽ ഇതിനകം കണ്ടെത്തേണ്ടതായിരുന്നുവെന്നും അവർ പറയുന്നത് കേട്ടു എന്റെ നിയന്ത്രണം വിട്ടു. ഋഷിയെ കൂടാതെ എങ്ങോട്ടുമില്ലെന്ന് ഞാൻ അറിയിച്ചു.

എല്ലാവരും കൂട്ടത്തോടെ എന്നെ ശകാരിക്കാൻ തുടങ്ങി. തനിച്ചു ഇവിടെ വിട്ടിട്ടു പോകാൻ പറ്റില്ലെന്ന് അവർ തീർത്തു പറഞ്ഞു. ഞാൻ വിശദീകരിച്ച കുളവും ഏറുമാടവും പോലും കണ്ടെത്താൻ കഴിയാത്തതു കൊണ്ട് അതെല്ലാം എന്റെ തോന്നൽ മാത്രമാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തനിച്ചായപ്പോൾ തോന്നിയ മാനസിക വിഭ്രാന്തി…അത് കേട്ടതോടെ ഞാൻ കാട്ടിലേക്ക് തിരിഞ്ഞു നടന്നു. എനിക്കു ഋഷിയെ വേണം. അവനില്ലെങ്കിൽ ശ്വാസംമുട്ടി മരിക്കുമെന്ന് പോലും എനിക്ക് തോന്നി.

പിന്നാലെ വന്നു അവരെന്നെ തൂക്കിഎടുത്തു കൊണ്ട് പോയി. ഭ്രാന്ത് പിടിച്ചവനെ പോലെ ഞാൻ അലറി. കുതറി പിടഞ്ഞു…എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ പേര് വിളിച്ചു ഞാൻ കരഞ്ഞു കൊണ്ടിരുന്നു.

ബോട്ടിൽ എത്തിച്ചിട്ടും എന്റെ മേലുള്ള പിടി വിടാതെ അടക്കി പിടിച്ചു അവർ എന്റെ ചുറ്റും ഇരുന്നു. ഇവരുടെ കൈയിൽ നിന്നും രക്ഷപെട്ടു ഋഷിയുടെ  അടുത്തേക്ക് പോകാൻ കഴിയില്ലെന്ന് എനിക്കു ഉറപ്പായി. ബോട്ട് മുന്നോട്ടു നീങ്ങുമ്പോൾ ഞാൻ ആ ദ്വീപിലേക്ക് തല തിരിച്ചു നോക്കി. അവിടെ എവിടെയെങ്കിലും നിന്ന് എന്റെ ഋഷി എന്നെ തേടി ഓടി വരുന്നുണ്ടോ എന്ന് എന്റെ കണ്ണുകൾ തിരിഞ്ഞു. അവനെ മാത്രം കണ്ടില്ല.

ഒടുവിൽ ഋഷിയെ പോലെ തന്നെ ആ ചെറിയ ദ്വീപും എന്റെ കാഴ്ചയിൽ നിന്ന് മറഞ്ഞു…

അവസാനിച്ചു….