അവനുമായി ബാത്ത്റുമില്‍ നിന്ന് ഇറങ്ങി വരുന്ന കണ്ടതോടെ എന്‍റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. ഞാനവനെ അവളീല്‍ നിന്നും…

എഴുത്ത്: Shenoj TP

എനിക്കു പ്രമോഷന്‍ ട്രാന്‍സഫര്‍ ജില്ലക്കു പുറത്ത് കിട്ടിയപ്പോള്‍ അവള്‍ക്കൊരു കൂട്ടായിക്കോട്ടെന്നു കരുതിയാണ് അവനെ ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നതും അവള്‍ക്ക് പരിചയപ്പെടുത്തിയതും.

അവനെ കൊണ്ടുവന്ന ആദ്യ നാളുകളില്‍ അവള്‍ക്കവനെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനൂമൊക്കെ ഭയങ്കര പ്രയാസ്സമായിരുന്നു. ആദ്യത്തെ ആഴ്ചകളില്‍ ഞാന്‍ ലീവിനു വരുമ്പോള്‍ അങ്ങനൊരാള്‍ ആ വീട്ടിലൂള്ളതായി അവള്‍ ശ്രദ്ദിക്കേ ഇല്ലായിരൂന്നു. കുറച്ചു നാളുകള്‍ക്കു ശേഷം അവളവനെ മനസ്സിലാക്കി തുടങ്ങി. അവനോടവള്‍ക്ക് കൂടുതല്‍ അടുപ്പവും സ്നേഹവും തുടങ്ങി. എന്നോട് കുറഞ്ഞും…

ആഴ്ചകളില്‍ മാത്രം ഞാന്‍ ലീവിനു അവളുടെ അടുത്തോട്ടെത്തിയിട്ടും അവള്‍ക്കെന്നേക്കാള്‍ ശ്രദ്ദയും കരുതലുമവനോടാണെന്നെനിക്കു തോന്നീ. ആദ്യമൊക്കെ ഞാന്‍ അത് കാര്യമാക്കിയിരുന്നില്ലെങ്കിലും പിന്നിട് അവരെ തമ്മില്‍ എങ്ങനെയെങ്കിലും വേര്‍പെടുത്തിയാല്‍ മതിയെന്നായി. അവരു തമ്മിലുള്ള ഈ അടുപ്പം ഞങ്ങളുടെ ബന്ധത്തിനു പോറലേല്‍പ്പിച്ചു.

ആഴ്ചയില്‍ മാത്രം വന്നിട്ടുകൂടി എന്നേക്കാളേറെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതൊക്കെ അവനോടാണെന്ന് എനിക്കു മനസ്സിലായി. ഞാന്‍ ഉള്ളപ്പോള്‍ ഹാളിലും ഊണ്‍മേശയിലൊക്കെയായിരുന്നു അവരുടെ സ്നേഹപ്രകടനം. ഒരു ദിവസം അത് കിടപ്പുമൂറിയിലേക്ക് വരെയെത്തി.

അത് എനിക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഞാന്‍ പൊട്ടിത്തെറിച്ചു. അവള്‍ ഒന്നും മീണ്ടിയില്ല. തിരിഞ്ഞു കിടന്നുറങ്ങി. എന്നെ പേടിച്ച് അവള്‍ അവനെ ബാത്ത്റുമില്‍ ഒളിച്ചു കടത്തി. അവനുമായി ബാത്ത്റുമില്‍ നിന്ന് ഇറങ്ങി വരുന്ന കണ്ടതോടെ എന്‍റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. ഞാനവനെ അവളീല്‍ നിന്നും പറിച്ചെടുത്ത് ഭിത്തിയിലോട്ട് ഒറ്റ ഏറായിരുന്നു.

അതെ അവന്‍ ചിന്നിച്ചിതറി തെറിച്ചു. ദേ കിടക്കണ് നിലത്ത്, അവളുടെ ഒറ്റപ്പെടല്‍ മാറ്റാന്‍ വാങ്ങി നല്കി എന്നെ ഒറ്റക്ക് ആക്കാന്‍ നോക്കിയ കുന്ത്രാണ്ടം.

12000 രൂപയ്ക്കു അവള്‍ക്കു ഞാന്‍ വാങ്ങി നല്കിയ പുതിയ സ്മാര്‍ട്ട് ഫോണ്‍.