എന്താ മോളേ.. ഒറ്റയ്ക്കാണോ? അങ്കിൾ കൊണ്ടു വിടാം സ്കൂളിൽ…അയാൾ അവളെയുമെടുത്ത് ആൾത്താമസമില്ലാത്ത വീട്ടിലേക്ക് കയറി…..

പെണ്‍കുട്ടി – എഴുത്ത്: ദിയ കൃഷ്ണ

വല്ലാത്തൊരു അങ്കലാപ്പോടെയാണ് വീണ വീട്ടിൽ വന്നു കയറിയത്.
വേണ്ടായിരുന്നു ചോദിക്കേണ്ടായിരുന്നു!!!

വീണ ഗർഭിണിയാണ്. പരിചയമുള്ള ഡോക്ടായതു കാരണം ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് ആ സൗഹൃദം കൊണ്ട് പറഞ്ഞു തന്നു..പെൺകുഞ്ഞാണെന്ന് അറിഞ്ഞതു മുതൽ ഉള്ളിലൊരു നടുക്കം!!! താനൊരു പെണ്ണാണ് എന്നിട്ടു പോലും ഒരു പെണ്‍കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നില്ല…..ഭർത്താവ് കാർത്തിക് ജോലി കഴിഞ്ഞു വന്നപ്പോൾ സ്വൽപ്പം ടെൻഷനോടെ കാര്യം പറഞ്ഞു..പക്ഷെ കാർത്തിക്കിന്റെ പ്രതികരണം മറ്റൊന്നായിരുന്നു..

“എന്താ വീണേ നീയിങ്ങനെ? പെൺകുട്ടിയായാലും ആൺകുട്ടിയായാലും നമുക്ക് ഒരുപോലെയല്ലേ?”

കാർത്തിക് പറയുന്നത് ശരിയാണ്. എങ്കിലും അതാലോചിക്കുമ്പോൾ ഒരു ഭയം. മിക്കവരും സ്ത്രീധനം നൽകുന്നതിനെ കുറിച്ചായിരിക്കും ഭയക്കുന്നത്. എന്നാൽ വീണയുടെ ഭയം അതല്ല..

ഒരു പെണ്‍കുഞ്ഞിന് ജനിച്ചു വീണ് അവളുടെ അവകാശങ്ങളോടെ സുരക്ഷിതമായി വളരാൻ നമ്മുടെ സമൂഹം അനുവദിക്കുകയില്ല!!! ഒരു പിഞ്ചുകുഞ്ഞിനെ പോയിട്ട് വാർദ്ധക്യത്തിലെത്തിയ സ്ത്രീകളെ പോലും ഒരാളും വെറുതെ വിടുന്നില്ല..

“പുരുഷന് കുതിര കേറാനുള്ള വസ്തുവാണോ സ്ത്രീ!!! ഈശ്വരാ ഞാനെങ്ങനാ എന്റെ കുഞ്ഞിനെ വളർത്തുക??? എന്നിൽ കുരുത്ത ജീവനെ എനിക്ക് ഇല്ലാതാക്കാൻ കഴിയില്ല….”

ദിവസങ്ങളും മാസങ്ങളും പിന്നിടുമ്പോൾ വീണയുടെ മനസിലെ ഭീതി കൂടി കൂടി വന്നു..

വീണ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞുമിഴികൾ തുറന്ന് ആ കുഞ്ഞ് ലോകം കണ്ടു.. അവളെ വേദന തിന്ന് പ്രസവിച്ച അമ്മയെ കണ്ടു.. അവളെ കൈയിലെടുക്കാൻ കൊതിച്ച അച്ഛനെ കണ്ടു….

അവൾ ചിരിക്കാൻ പഠിച്ചു പിച്ച വച്ച് നടക്കാൻ പഠിച്ചു.. അമ്മേ എന്നും അച്ഛാ എന്നും വിളിക്കാൻ പഠിച്ചു.. പക്ഷേ അവകാശങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാത്ത ഒരു സ്ത്രീയാണെന്നു മാത്രം പഠിച്ചില്ല.. ഹ

അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വീണ കൂടെ നിന്നു. തള്ളക്കോഴി പരുന്തിൽ നിന്നും രക്ഷിക്കാൻ തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്ന പോലെ വീണ അവളെ വളർത്തി…ബാല്യത്തിൽ അവൾ വിദ്യാലയത്തിന്റെ പടികൾ കയറിയപ്പോൾ വീണ അവൾക്കൊപ്പം എന്നും ചെന്നു…

********************

അന്ന് ആ കുസൃതിക്കുടുക്ക തനിച്ചായിരുന്നു സ്കൂളിലേക്ക് പോയത്. വീണയ്ക്ക് മറ്റെന്തോ ആവശ്യത്തിന് പോകേണ്ടി വന്നു. പെട്ടെന്ന് കിട്ടിയ സ്വാതന്ത്ര്യം ആസ്വദിച്ചു കൊണ്ട് വഴിയിലെ ചെടിയിലെ പൂക്കൾ പറിച്ചും പൂമ്പാറ്റയ്ക്ക് പിന്നാലെ ഓടിയും അവൾ സ്കൂളിലേക്ക് നടന്നു. എന്തിനാണ് അമ്മ തന്നെയിങ്ങനെ ചേർത്തു പിടിച്ചു നടത്തുന്നതെന്ന് അവൾക്കറിയില്ല..

കുറേക്കൂടി നടന്നപ്പോൾ ചുറ്റും ആരുമില്ല. അവൾക്ക് വല്ലാതെ ഭയം തോന്നി. അപ്പോഴാണ് മധ്യവയസ്കനായ ഒരാൾ ബീഡിയും വലിച്ചു നിൽക്കുന്നത് അവൾ കണ്ടത്. അന്യരോട് സംസാരിക്കരുതെന്ന് അമ്മ പറഞ്ഞതോണ്ട് അവളൊന്നും മിണ്ടാതെ നടന്നു.. എന്നാൽ അയാൾ അവളുടെ അടുത്തേക്ക് ചെന്നു..

“എന്താ മോളേ.. ഒറ്റയ്ക്കാണോ? അങ്കിൾ കൊണ്ടു വിടാം സ്കൂളിൽ.”
അയാൾ അവളെയുമെടുത്ത് ആൾത്താമസമില്ലാത്ത വീട്ടിലേക്ക് കയറി………..

“മോളേ……..!!!!! ഒരാർത്തനാദത്തോടെ വീണ ഞെട്ടിയെഴുന്നേറ്റു. കാർത്തിക് പിടഞ്ഞെഴുന്നേറ്റ് ലൈറ്റിട്ടു.

” എന്താ എന്തുപറ്റി വീണേ? എന്തിനാ നീ നിലവിളിച്ചേ?”

“കാർത്തിക്, നമ്മുടെ മോള്…. അയാൾ നമ്മുടെ മോളെ……. “

” ആര്? നീയെന്തൊക്കെയാ ഈ പറയനെ? നീ വല്ല സ്വപ്നവും കണ്ടോ?
നമ്മുടെ മോളല്ലേ നിന്റടുത്ത് കിടക്കുന്നേ!!!

വീണ നോക്കുമ്പോൾ അവൾ നല്ല ഉറക്കത്തിലാണ്. മോളെ ഒന്നു കൂടി ചേർത്തു കിടത്തി വീണ ഉറങ്ങാതെ കിടന്നു.

രാവിലെ കാർത്തിക് എഴുന്നേൽക്കുമ്പോൾ വീണ മുറിയിലെ കസേരയിൽ ഇരിക്കുകയാണ്.. ആകെ ഭ്രാന്തമായ രൂപം. മുടി അഴിച്ചിട്ടിരിക്കുകയാണ്.. കണ്ണുകളിൽ ഉറങ്ങാത്തതിന്റെ കറുപ്പ്..
എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..!

“ഞാൻ കൊല്ലും… അവനെ ഞാൻ കൊല്ലും..!!!”

“വീണേ………. “

വീണ വല്ലാത്തൊരു നോട്ടം നോക്കി. മേശ പുറത്തിരുന്ന കത്തിയെടുത്ത് അവൾ കാർത്തിക്കിനെ ആക്രമിക്കാൻ വന്നു.

“വീണേ നീയെന്താ ഈ ചെയ്യുന്നത്?”

കാർത്തിക് അവളുടെ കയ്യിലെ കത്തി വലിച്ചെറിഞ്ഞു. എങ്കിലും വീണ കാർത്തിക്കിനെ കൊല്ലാൻ ശ്രമിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അവൾ കാർത്തിക്കിന്റെ മേലേക്ക് തളർന്നു വീണു……

ഭ്രാന്താശുപത്രിയുടെ സെല്ലിൽ… മകളെ കുറിച്ചുള്ള ഭയവുമായ് ഒരമ്മ…!!! സമൂഹം പെണ്‍കുട്ടികളുടെ അമ്മമാർക്ക് സമ്മാനിക്കുന്ന ഈ ഭയം ഒരു പക്ഷേ, ഇങ്ങനെയും അവസാനിക്കാം……

ആദ്യത്തെ പോസ്റ്റാണ്….വായനയ്ക്ക് ഒത്തിരി നന്ദി…