വൈകി വന്ന വസന്തം – ഭാഗം 21, എഴുത്ത്: രമ്യ സജീവ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദിവസങ്ങൾ കടന്നുപോയി…ലീവ് കഴിഞ്ഞു ശ്രീനാഥ്‌ ബാങ്കിൽ പോയി തുടങ്ങി. അവധിദിനങ്ങളിൽ മാത്രം പൊയ്ക്കൊണ്ടിരുന്ന psc യുടെ കോച്ചിങ്ങ് ക്ലാസ്സിൽ നന്ദ ഇപ്പോൾ പതിവായി പോകാൻ തുടങ്ങി. മീരക്ക്  ഫൈനൽ ഇയർ  ക്ലാസ്സ്‌ തുടങ്ങാറായതുകൊണ്ട്  അവൾ തിരിച് അച്ഛനമ്മമാരുടെ അടുത്തേക്ക് പോയി. മീരയെ തനിച്ചുവിടാൻ ദേവകിയമ്മ സമ്മതിക്കാത്തതുകൊണ്ട് ശ്രീനാഥും , നന്ദയും കൂടിയാണ് അവളെ തിരിച്ചുകൊണ്ടെന്നാക്കിയത്.  രണ്ടു ദിവസം  അവിടെ താമസിച്ചിട്ടാണ് അവർ തിരിച്ചു ശ്രീനിലയത്തിലേക്ക്  മടങ്ങിയത്.

~~~~~~~~~~~~~~

ചെറിയ ചെറിയ പിണക്കങ്ങൾ നന്ദയുടെയും  ശ്രീനാഥിന്റെയും ജീവിതത്തിൽ  ഉണ്ടായെങ്കിലും  ഒരിക്കലും അതവരുടെ പ്രണയത്തെ ബാധിച്ചിരുന്നില്ല. നന്ദയെ ഒന്നു നെഞ്ചോട് ചേർത്തുപിടിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ അവരുടെ ഇടയിൽ ഉണ്ടായിരുന്നുള്ളു….അതുകൊണ്ട് തന്നെ നാൾക്കു നാൾ അവരുടെ പ്രണയം കൂടുകയാണുണ്ടായത്…..ഇങ്ങനെയൊക്കെയാണെങ്കിലും  ചില സംശയത്തിന്റെ  വിത്തുകൾ നന്ദനയുടെ മനസ്സിൽ പൊട്ടിമുളച്ചിരുന്നു …അത് പുറമെ പ്രകടിപ്പിക്കാതെ ,  ആരോടും  പറയാതെ അവൾ മനസ്സിൽ  തന്നെ  ഒളിപ്പിച്ചുവച്ചു. എന്നാലും കുറച്ചു ദിവസങ്ങളായി അവളെ അലട്ടുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണുവാൻ അവൾക്കായില്ല. ശ്രീയേട്ടനോട്  പറഞ്ഞാൽ ചിലപ്പോൾ എടുത്തുചാടി എന്തെങ്കിലും ചെയ്യുമോ എന്ന്  പേടിച്ചിട്ടാണ് അവൾ പറയാതിരിക്കുന്നത് . എന്തായാലും  ഇനിയും അയാൾ തന്നെ പിന്തുടരുന്നുണ്ടെങ്കിൽ അക്കാര്യം തീർച്ചയായും ശ്രീയേട്ടനോട് പറയണം എന്നായിരുന്നു അവളുടെ തീരുമാനം.

അന്നും പതിവുപോലെ ക്ലാസ്സ്‌ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരും വഴി അയാൾ നന്ദനയെ  പിന്തുടർന്നു. ഇതിപ്പോൾ കുറച്ചു ദിവസങ്ങളായി കാണുന്നു. ആദ്യം ഒന്നും അവൾ അത് കാര്യമാക്കിയില്ല…. പക്ഷെ ഇന്ന്…… അയാൾ അവളെ പിന്തുടർന്ന്   വീടിന്റെ  അടുത്ത്  വരെ  എത്തി . അതിന്റെ  ഒരു പേടിയും വെപ്രാളവും  അവളുടെ മുഖത്തുണ്ടായത്  കണ്ടതും അത്  അയാളെ കൂടുതൽ സന്തോഷവാനാക്കി….ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ എത്തിയ നന്ദയുടെ മുഖം വല്ലാതിരിക്കുന്നത് കണ്ട ദേവകിയമ്മക്ക്  ആധിയായി…

“എന്താ ….. മോളെ എന്തുപറ്റി നിനക്ക്” ? മുഖം വല്ലാതിരിക്കുന്നുണ്ടല്ലോ”  കയറിവന്നപാടെ അവളെ കണ്ട  ദേവകിയമ്മ ചോദിച്ചു. “ഒന്നും ഇല്ല അമ്മേ….എനിക്ക്….വല്ലാത്ത തലവേദന…വെയില് കൊണ്ടിട്ടാകും….നെറ്റിയിൽ കൈവിരലുകൾ വച്ചുകൊണ്ട് നന്ദ  പറഞ്ഞു”. ഹോസ്‌പിറ്റലിൽ പോകണോ മോളെ…ദേവകിയമ്മ അവളുടെ അടുത്തേക്ക് ചെന്ന് നെറ്റിയിൽ  കൈ ചേർത്തുവച്ചുകൊണ്ട് ചോദിച്ചു. വേണ്ട അമ്മേ…..ഒന്നു കിടന്നാൽ മതി….ഞാൻ…ഞാൻ….ഒന്ന് പോയി കിടക്കട്ടെ….ചെല്ല്….. ഈ വേഷം ഒക്കെ മാറി എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നോ. മ്മ്…… അവൾ ഒന്നു മൂളികൊണ്ട് വേഗം മുറിയിലേക്ക് പോയി. അന്ന് വൈകുനേരം  ബാങ്കിൽ നിന്നും തിരിച്ചെത്തിയ ശ്രീനാഥ്‌ പതിവിലും വിപരീതമായി നന്ദയുടെ മുഖത്തെ  തെളിച്ചമില്ലായ്മ  കണ്ട്  ആകെ അസ്വസ്ഥനായി . കാര്യം എന്താണെന്ന് ചോദിച്ചെങ്കിലും  അവളുടെ മറുപടി   അവന്  വിശ്വാസം  ഉണ്ടായില്ല.

എന്തെങ്കിലും ചോദിച്ചു  ചെന്നാൽ  ഒന്നും ഇല്ല എന്ന്  പറഞ്ഞു അവൾ  അവനിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു. ഇനിയും താനായിട്ട് ഒരു പ്രശ്നം  ഉണ്ടാക്കണ്ട   എന്ന് വിചാരിച്ചിട്ടാണ് അവൾ  ഒഴിഞ്ഞുമാറിയത്. പക്ഷെ….അവളുടെ മുഖത്തു നിന്നും കാര്യമായ എന്തോ  അവളെ അലട്ടുണ്ടെന്ന് അവനു മനസ്സിലായി. രാത്രി ഭക്ഷണം  കഴിച്ചുകഴിഞ്ഞു ശ്രീനാഥ്‌ മുറിയിലിരുന്ന്   ബാങ്കിലെ കുറച്ചു വർക്കുകൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അത് ചെയ്തുകഴിഞ്ഞിട്ടും   നന്ദയെ മുറിയിലേക്ക് കാണാതെ വന്നപ്പോൾ അവൻ  അവളെ അന്വേഷിച് പുറത്തേക്ക് വന്നു. മുകളിൽ നിന്നും താഴേക്ക് നോക്കിയപ്പോൾ താഴത്തെ ലൈറ്റുകൾ എല്ലാം ഓഫ് ചെയ്ത് കിടക്കാൻ മുറിയിലേക്ക് പോകുന്ന അമ്മയെയാണ് ശ്രീനാഥ്‌ കണ്ടത്. ഇവളിതെവിടെപോയി!!!! എന്ന് ആലോചിച്ചു നിന്ന്   തിരിഞ്ഞപ്പോഴാണ് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് ശ്രീനാഥിന്റെ ശ്രദ്ധയിൽ പെട്ടത്. അവൻ അവിടേക്ക് ചെന്നു.

ബാൽക്കണിയിലെ  കൈവരിയിൽ  പിടിച്ചുകൊണ്ട്  പുറത്തെ ഇരുട്ടിലേക്ക് നോക്കിനിൽക്കുന്ന നന്ദയെയാണ്  അവൻ  അവിടെ കണ്ടത്. അവനവളുടെ അടുത്തേക്ക് ചെന്ന് അവളുടെ പുറകിലൂടെ    വട്ടം കെട്ടിപിടിച്ചു  അവളുടെ  ചുമലിലേക്ക് അവൻ താടി  ചേർത്തുവച്ചു അവളോട് ചേർന്നു നിന്നു. അവൾ ഒന്നു ഞെട്ടിയെങ്കിലും ഒരു പ്രതികരണവുമില്ലാതെ അതേ നിൽപ് അവൾ അങ്ങനെ നിന്നു. “എന്താ??? നന്ദുട്ടിയുടെ മുഖത്തു ഒരു മ്ലാനത” തന്റെ പ്രാണേശ്വരന്റെ സാമിപ്യം അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന  അവളെ  അവനഭിമുഖമായി  തിരിച്ചു നിർത്തികൊണ്ടവൻ  ചോദിച്ചു. ഒന്നും ഇല്ല എന്ന്  പറഞ്ഞുഒഴിവാകാൻ നോക്കണ്ട…രണ്ടു ദിവസമായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്….ഇന്നാണെങ്കിൽ  മുഖം വല്ലാതായിട്ടുമുണ്ട്….എന്താണെങ്കിലും എന്നോട് പറയെന്റെ പെണ്ണേ… അവൻ അവളെ അവനഭിമുഖമായി  തിരിച്ചു  നിർത്തിക്കൊണ്ട്  ചോദിച്ചു.

അത്….. അത്….. ആദ്യം പറയാൻ അവളൊന്ന് മടിച്ചെങ്കിലും  പിന്നെ അവളുടെ മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ  എല്ലാം അവൾ അവനോട് പറഞ്ഞു. “ഇതാണോ ഇത്ര വലിയ കാര്യമായി മനസ്സിൽ കൊണ്ടുനടന്നത് . എന്റെ നന്ദുട്ടി… നീയിത്ര പാവമായിപ്പോയല്ലോ.” എല്ലാ  കാര്യങ്ങളും   പറഞ്ഞുകഴിഞ്ഞിട്ട് മാസം ഒന്നു കഴിഞ്ഞു. എന്നിട്ടും അതൊന്നും നിന്റെ മനസ്സിൽ നിന്നും കളഞ്ഞില്ലേ  നന്ദുട്ടി…..അതല്ല ശ്രീയേട്ടാ…..ഇനിയും ….എന്തെങ്കിലും ….അവൾ പിന്നെയും എന്തോ പറയാൻ വന്നതും   അവനവളുടെ ചുണ്ടിൽ വിരൽ  വച്ചുകൊണ്ട് പറയാൻ വന്നത് തടഞ്ഞു. “നന്ദുട്ടി……….അനന്യ …..അവളെക്കുറിച്ചാണെങ്കിൽ എന്റെ മോള്  പേടിക്കണ്ട…അവളിപ്പോൾ  ഒരു ഹോസ്പിറ്റലിൽ ആണ്.” “എന്തുപറ്റി  ശ്രീയേട്ടാ  അനന്യക്ക്”.? ഭീതിയോടെ  അവൾ അത് ചോദിച്ചതുംഏയ്യ്…. ഒന്നും ഇല്ലടോ….അവളെ ഒന്നു നല്ല കുട്ടിയാക്കാൻ വേണ്ടി കൊണ്ടുപോയതാ ….. ഈ  മരുന്നൊക്കെ കുത്തിക്കേറ്റി  നടക്കല്ലേ…അതൊക്ക മാറ്റാൻ വേണ്ടി….ഇതൊക്ക എപ്പോൾ നടന്നു. അല്ല ശ്രീയേട്ടൻ  ഇതെല്ലാം എങ്ങനെ അറിഞ്ഞു…എന്നിട്ട് എന്നോടെന്തിയെ  പറഞ്ഞില്ല…അവളുടെ നിർത്താതെയുള്ള ചോദ്യങ്ങൾ കേട്ടതും ഇനിയും എല്ലാം വിശദീകരിച്ചുപറയേണ്ടി  വരുമെല്ലൊ എന്നോർത്തു  അവൻ  തലയിൽ കയ്യ് വച്ചു അവളെ നോക്കി.

അല്ല….ഞാൻ….പെട്ടന്ന്  കേട്ടപ്പോൾ….. ചോദിച്ചുപോയതാ…അവൾ അവനെ നോക്കി മുഖം കൂർപ്പിച്ചു. ഞാൻ മനഃപൂർവം പറയാതിരുന്നതാടോ…അന്ന് …ഒരു ഫോൺ കാൾ വന്നതിന്റെ  പേരിൽ താൻ ഒരുപാട് വിഷമിച്ചത് ഞാൻ കണ്ടതല്ലേ ..അതുപോലെ ഇനിയും വേണ്ടാന്ന്  കരുതിയ  ഞാൻ…സോറി …. നന്ദുട്ടി….അത് കുഴപ്പമില്ല.. ശ്രീയേട്ടാ . ഒരുകണക്കിന്  അത് നന്നായി. അല്ലെങ്കിൽ പിന്നെ ഇതിനും ഞാൻ….നമ്മുടെ കല്യാണം തീരുമാനിച്ചതിന്റെ ഇടയിൽ അവൾ കൃഷ്ണപുരത്ത് വന്നതും പിന്നിടുണ്ടായ കാര്യങ്ങളും  എല്ലാം  അവൻ  അവളോട് പറഞ്ഞു. പിന്നെ…അലക്ക്സിന്  അനന്യയോടുള്ള ഇഷ്ടവും…..എ എ …… ഇതൊക്ക എപ്പോ നടന്നു. അവനതുപറഞ്ഞതും അവൾ  കണ്ണും മിഴിച്ചു അവനെ നോക്കി  ചോദിച്ചു. അതൊക്ക ഇതിന്റെ ഇടയിൽ നേരത്തെ നടന്ന കാര്യങ്ങളാണ്. അവനൊന്ന് നന്നായി ചിരിച്ചുകാണിച്ചുകൊണ്ട് പറഞ്ഞു. പിന്നെ ഈ കാര്യം…..അത് എനിക്കും അവനും ഇടയിൽ ഉള്ള ഒരു രഹസ്യം ആയിരുന്നു. ഇപ്പോൾ നീയും അറിഞ്ഞു. നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെന്ന്  വിചാരിച് പറയാതിരുന്നതാ….ആ… എന്തായാലും അത് പൊളിഞ്ഞു.  പിന്നെ….മറ്റയാളുടെ കാര്യം….അത് നി വിട്ടേക്ക് . ഒരു കാൾ  മതി അവന്റെ ഫുൾ ഡീറ്റെയിൽസ്  നമുക്ക്‌ കിട്ടും.  ഇനി ഇതിനെക്കുറിച്ഛ്  ആലോചിച്ചു എന്റെ നന്ദുട്ടി  മനസ്സ് വിഷമിപ്പിക്കണ്ട  കേട്ടോ….അവനവളുടെ  താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട്  പറഞ്ഞു.

എല്ലാം പറഞ്ഞു അവളെ സമാധാനിപ്പിച്ചിട്ടും മുഖത്തു ഒരു തെളിച്ചമില്ലാതെ  അവൾ  പിന്നെയും  പുറത്തേക്ക് തന്നെ നോക്കി നിന്നു. “ദേ….. നന്ദുട്ടി….. ഇവിടെ ഇങ്ങനെ നിൽകാനാണോ ഉദ്ദേശ്യം” യാതൊരു ഭാവവ്യത്യാസവുമില്ലാതെ  അവൾ  അവിടെ  നില്കുന്നത് കണ്ടപ്പോൾ അവൻ  വീണ്ടും അവളുടെ അരികിലേക്ക് ചേർന്നുനിന്നുകൊണ്ട് പറഞ്ഞു. “ചെറിയ തണുപ്പൊക്കെ  വരുന്നുണ്ട്…..  ഒരു നല്ല രാത്രി  വെറുതെ കളയണോ.” ഒരു വഷളൻ ചിരിയോടെ അവൻ  അതു പറഞ്ഞതും     അവൾ അവനെ കൂർപ്പിച്ചുനോക്കി. അതല്ല….  മീര….മീര പറഞ്ഞ കാര്യം  നമുക്ക്‌ ഒന്നാലോചിക്കണ്ടേ. അയ്യോടാ…എന്റെ പൊന്നുമോൻ അങ്ങനെ അതിപ്പോൾ ആലോചിക്കണ്ട. ശ്രീയേട്ടന്  ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോ…നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്  ചിലപ്പോൾ മഴ പെയ്യാൻ സാധ്യതയുണ്ട്. ഞാൻ കുറച്ചുനേരം കൂടി ഇവിടെ നിൽക്കട്ടെ…അതുകഴിഞ്ഞു വരാം. അവൾ അവനെ നോക്കാതെ  പറഞ്ഞുകൊണ്ട് പിന്നെയും ആ ഇരുട്ടിലേക്ക് കണ്ണുംനട്ടുകൊണ്ട്  അവിടെ നിന്നു.

“അങ്ങനെയിപ്പം എന്റെ നന്ദുട്ടി  ഈ തണുത്ത കാറ്റുംകൊണ്ട്  ഈ മഴ വരുന്നതും നോക്കി  നിൽക്കണ്ട. നിന്നിൽ പെയ്യാനായി  എന്നിലുള്ള പ്രണയമഴയുണ്ട്. ഒരിക്കലും പെയ്തു തീരാത്ത പ്രണയമഴ….ആ പ്രണയമഴയിൽ  നീ നനഞ്ഞാൽ മതി….അതും പറഞ്ഞവൻ അവളെ ചേർത്തുപിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. അയ്യോടാ… ഈ പ്രണയമഴ അങ്ങനെ  എനിക്ക്  നനയണ്ട…അതും പറഞ്ഞവൾ അവൾ അവനെ തള്ളിമാറ്റി പോകാൻ തിരിഞ്ഞതും…. എന്നാലേ  എന്റെ പ്രണയമഴ നിന്നിലേക്ക് നനഞ്ഞിറങ്ങാൻ  പോകുകയാണ് മോളെ…..എന്നും പറഞ്ഞവൻ അവളെ നിന്നനില്പിൽ  നിന്നും എടുത്തുയർത്തി  അവന്റെ തോളിലേക്ക് ഇട്ടു കൊണ്ട്  മുറിയിലേക്ക് നടന്നു. ദേ….ശ്രീയേട്ടാ… വിട്…  എന്നെ താഴെയിറക്ക്… പ്ലീസ്…. അവൾ അവന്റെ തോളിൽകിടന്നുകൊണ്ട് അവന്റെ മുതുക്കിനിട്ട്   തല്ലാനും  ഇടിക്കാനും  തുടങ്ങി. അവളെ അങ്ങനെ തന്നെ എടുത്തുകൊണ്ടവൻ പുറത്തേക്കുള്ള വാതിലും അടച്ചു നേരെ മുറിയിലേക്കു ചെന്ന് മുറിയുടെ വാതിലും ലോക്ക് ചെയ്തുകൊണ്ടവൻ അവളെ കട്ടിലിലേക്ക് കിടത്തി.

കിടത്തിയ പാടെ പിടഞ്ഞെഴുനേൽക്കാൻ തുടങ്ങിയ അവളുടെ ഇടുപ്പിലൂടെ   ചേർത്തുപിടിച്ചുകൊണ്ടവന്റരികിലേക്ക് ചേർത്തു കിടത്തി. അവന്റെ വിരലുകൾ  അവളുടെ മേനിയിലൂടെ  തഴുകിയൊഴുകി. പിന്നെയും….അവന്റെ  വിരലുകളും,  അധരങ്ങളും വികൃതി കാണിക്കാൻ തുടങ്ങിയതും അവളുടെ ഉള്ളവും അവന്റ പ്രണയമഴയിൽ നനയാൻ ആഗ്രഹിച്ചു. ചെറുതായി തുറന്നിട്ട ജനൽ  പാളിയിലൂടെ ഒരു തണുത്ത  കാറ്റ് അവരെ തഴുകി തലോടി പോയതും അവരുടെ രണ്ടാളുടെയും ഉള്ളിലുള്ള വികാരങ്ങൾ ഒന്നായി തീർന്നിരുന്നു. ആ രാത്രിയിൽ അവന്റെയുള്ളിലുള്ള പ്രണയമഴ അവളെ   നനയിച്ചുകൊണ്ടിരിക്കുമ്പോൾ…..പുറത്ത് അവർക്കുവേണ്ടി പ്രകൃതി പ്രണയത്തിന്റെ  നിർതുള്ളികളുടെ രൂപത്തിൽ മഴയായി ഭൂമിയെ പ്രണയിച്ചു….

*************************

ആഴ്ചകളും  മാസങ്ങളും കടന്നുപോയി. നന്ദക്ക് കൃഷ്ണപുരത്ത്  തന്നെയുള്ള  ഒരു  പ്രൈവറ്റ്  സ്കൂളിൽ  ജോലികിട്ടി. ജോലിയോടൊപ്പം തന്നെ  ഇടക്ക് കോച്ചിങ്ങ്  ക്ലാസ്സിനും അവൾ പോയിരുന്നു. ഇതിനിടയിൽ ഒന്നു രണ്ട്  psc  പരീക്ഷകളും  അവൾ എഴുതി. ഇതിനിടയിൽ  അച്ഛന്റെയും ദേവൂന്റെയും കാര്യങ്ങളും അവൾ നോക്കിയിരുന്നു. സമയം കിട്ടുമ്പോളൊക്കെയും അവരെ കാണാൻ  ശ്രീനാഥും , നന്ദയും  ഇടക്ക്  ചെമ്പകശ്ശേരിയിൽ പോകും. അതുപോലെതന്നെ  അവർ രണ്ടാളും ശ്രീനിലയത്തിലേക്കും വരും. ക്ലാസ്സ്‌ ഇല്ലാത്ത ദിനങ്ങളിൽ ദേവു ശ്രീനിലയത്തിലേക്ക്  വരുമ്പോൾ അവളുടെ കൂടെ കീർത്തിയും  ഉണ്ടാകും. ചില ഞായറാഴ്ചകളിൽ കിരണും  നന്ദയെ കാണാൻ വരും  അപ്പോഴെല്ലാം അവന്റെ കൂടെ ദേവും , കീർത്തിയും   ഉണ്ടാകും. അന്നേരം ശ്രീനാഥും  അവരുടെയൊപ്പം  കൂടും…പിന്നെ അവിടെ സന്തോഷത്തിന്റെ  നിമിഷങ്ങൾ ആയിരിക്കും. എന്നിരുന്നാലും കിരണിനും  ,  ദേവുനും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. കിരൺ കൂടെയുണ്ടാകുന്ന    സമയങ്ങളിലെല്ലാം ദേവു അവനുമായി   എങ്ങനെവന്നാലും ഒരടിപിടി അവിടെ ഉണ്ടാകും. എന്നാലും ആ പിണക്കത്തിന്  അധികം ആയുസും ഉണ്ടാകില്ല അപ്പോൾ തന്നെ അവർ ഇണങ്ങുകയും  ചെയ്യും. അങ്ങനെ കളിയും ചിരിയും കുറെയേറെ സന്തോഷങ്ങളും പിന്നെ  കുഞ്ഞു കുഞ്ഞു  പരിഭവങ്ങളും ഒക്കെ നിറഞ്ഞ്    നന്ദയുടെയും ശ്രീനാഥിന്റെയും ദാമ്പത്യ  ജീവിതം മുന്നോട്ടുപോയികൊണ്ടിരുന്നു.

*******************

അങ്ങനെയിരിക്കെ ഒരു ദിവസം അതിരാവിലെ തന്നെ  ഉറക്കത്തിൽ നിന്നും ശ്രീനാഥിനെ വിളിച്ചെഴുനേല്പിക്കുകയാണ്  നന്ദ . “ശ്രീയേട്ടാ…… ശ്രീയേട്ടാ…..   ഒന്നെണീറ്റേ”….”എന്താ നന്ദുട്ടി”……. നന്ദ  വിളിക്കുന്നത് കേട്ട  ശ്രീനാഥ്‌ ഉറക്കത്തിൽ നിന്നും എഴുനേറ്റ്    മടിയോടെ  കണ്ണുകൾ തുറന്നു നോക്കി. കുളികഴിഞ്ഞു ഈറൻ  മുടി തോർത്തുകൊണ്ട്  കെട്ടിവച്ചിരിക്കുന്നു. ഇതെന്നും  പതിവുള്ള  കാഴ്ച്ചയായതിനാൽ  അവനതിൽ പുതുമയൊന്നും തോന്നിയില്ല . എന്താ നന്ദുട്ടി ……… ഇന്ന്  ഞായറാഴ്ച  അല്ലേ?…….  എന്തിനാ  എന്നെ  ഇത്ര  രാവിലെതന്നെ വിളിച്ചെഴുന്നേൽപിക്കുന്നത്? കിടക്കയിൽ നിന്നും എഴുന്നേൽക്കാതെ  അവൻ  അവളോട് ചോദിച്ചു. അതൊക്ക പിന്നെ പറയാം…… ആദ്യം ശ്രീയേട്ടൻ പോയി കുളിച്ചു ഫ്രഷ് ആയിട്ടു വാ….നമുക്കിന്നൊരുമിച്  അമ്പലത്തിൽ പോയിട്ടുവരാം…”ഇന്ന് ഞായറാഴ്ച അല്ലേ നന്ദുട്ടി …… ഞാൻ ഇത്തിരി നേരം കൂടി”…….അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഇന്ന്  എന്റെ കൂടെ വന്നേ പറ്റു. ദേ…കൊഞ്ചാതെ  ….. വേഗം  എഴുനേറ്റ് കുളിച്ചു ഫ്രഷ് ആയി  വാ…. ഇപ്പോൾ   പോയില്ലേ പിന്നെ  അമ്പലം  അടക്കും   അതല്ലേ…

മനസ്സില്ലാമനസ്സോടെ   അവനെഴുനേറ്റ്  കുളിച്ചു ഫ്രഷ് ആകാൻ  പോയ സമയത്ത് അവനുടുക്കാനുള്ള  ഡ്രസ്സ്  കട്ടിലിൽ എടുത്തുവച്ചു അവളും വേഷം മാറി താഴേക്ക് പോയി. ഈ സമയം  പതിവില്ലാതെ  തന്നെ ഉറക്കത്തിൽ നിന്നും വിളിചെഴുനെല്പിച്  അമ്പലത്തിൽ  കൊണ്ടുപോകുന്നത് എന്തിനാണ് എന്നുള്ള  ആലോചനയിലായിരുന്നു  ശ്രീനാഥ്‌. വരുന്നില്ല എന്നുപറഞ്ഞാൽ  അമ്മയെയും കൂട്ടി പോകുകയാണ് പതിവ്. ഇന്നെന്താ പതിവില്ലാതെ….ആ…എന്തെങ്കിലും ആള്  മനസ്സിൽ വിചാരിച്ചുകാണും അതാകും. വേഗം തന്നെ പല്ലുതേപ്പും , കുളിയും കഴിഞ്ഞിറങ്ങി .  കട്ടിലിൽ  അവനായി എടുത്തുവച്ചിരുന്ന  ഡ്രസ്സ് എടുത്തിട്ട്  റെഡിയായി താഴേക്ക്  ചെന്നു.   അവൻ അവിടേക്ക് ചെല്ലുമ്പോൾ അവനെയും കാത്ത് അവൾ ഉമ്മറത്ത് നില്പുണ്ടായിരുന്നു. പോകാം….. മുണ്ടിന്റെ  ഒരറ്റം  കൈയിലേക്ക് എടുത്തുപിടിച്ചു  അവളരികിലേക്ക് നടന്നുവന്നുകൊണ്ട്  അവൻ  ചോദിച്ചു . ചെറിയ  ചാറ്റൽ മഴയുണ്ടല്ലോ   നന്ദുട്ടി….. ബൈക്ക് വേണ്ട……കാറിൽ പോകാം…… അല്ലേ….

***************

ശ്രീനാഥ്‌ വണ്ടി ഒതുക്കിഇട്ട്  വരുമ്പോഴേക്കും നന്ദന   ഒരു കയ്യിൽ  കണ്ണന്  നേദിക്കാനുള്ള  വെണ്ണയും , പിന്നെ മറുകയ്യിൽ വഴിപാടിനുള്ള  റെസീപ്റ്റുമായി  അവന്റെ അടുത്തേക്ക് വന്നു.  അവളുടെ കൈയിലുള്ള  വെണ്ണ  കണ്ടപ്പോൾ തന്നെ എന്തോ സന്തോഷമുള്ള കാര്യത്തിനാണ് ഈ വഴിപാട് എന്നവൻ  ഊഹിച്ചു. രണ്ടുപേരും കൂടി ഒന്നിച്ചു അമ്പലത്തിനകത്തേക്ക് കയറി , ഭഗവാനെ  തൊഴുതു , ആ തിരുനടയിൽ നിന്നു കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുമ്പോൾ   നന്ദയുടെ  കണ്ണുകൾ   നിറഞ്ഞിരുന്നു . തനിക്കു നൽകിയ ഈ ജീവിതത്തിനും , ഇനി അവരുടെ ഇടയിലേക്ക് വരാൻ പോകുന്ന  ആ സൗഭാഗ്യവും ഭഗവാൻ  തന്നതിൽ ആയിരുന്നു ആ സന്തോഷ കണ്ണുനീർ  .  ശേഷം  രണ്ടുപേരും  അമ്പലം ഒന്നുവലം  വച്ചുവന്നപ്പോഴേക്കും  അവൾ കൊടുത്ത വഴിപാടും  നടത്തി പൂജാരി അവർക്ക് പ്രസാദവും കൊടുത്തു. അമ്പലത്തിൽ നിന്നും തിരികെ മടങ്ങും വഴി  ശ്രീനാഥ്‌ നന്ദയെ ശ്രദ്ധിച്ചു.  പതിവിലും കൂടുതലായി ഇന്ന് എന്തോ പ്രത്യേകതയുള്ളതുപോലെ അവനു തോന്നി. അവനതു ചോദിച്ചപ്പോൾ അവൾ അവനെ നോക്കി ചിരിച്ചു.

“എന്താ നന്ദുട്ടി….. ഇന്ന് ഭഗവാൻ  നിന്നെ  പ്രസാദിച്ചോ “?  നല്ല തെളിച്ചമാണല്ലോ  ഈ മുഖത്ത്…”മ്മ്മ്…അതേ…എന്നെ മാത്രമല്ല   നമ്മളെ രണ്ടാളെയും ചേർത്താണ്  ഭഗവാൻ  അനുഗഹിച്ചിരുന്നത് “. ങേ…..”നിയെന്തൊക്കെയാ  നന്ദുട്ടി  ഈ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ലാട്ടോ”…എല്ലാം  മനസ്സിലാക്കിത്തരാം വീട്ടിൽ എത്തട്ടെ  അപ്പോൾ അറിയാം…അവൾ അവനെ നോക്കി  ചിരിച്ചുകൊണ്ട്  പറഞ്ഞു. എന്ത്……?? കാര്യം അറിയാൻ വേണ്ടി   അവൻ  വീണ്ടും  ചോദിച്ചതും , സന്തോഷമുള്ള കാര്യം ആണെന്നും  വീട്ടിൽ ചെന്ന് ആദ്യം മുറിയിൽ പോയി നോക്കിയാൽ കാര്യംഎന്തെന്ന്  അറിയാം  എന്ന്  ഒരു കുസൃതി ചിരിയാല്ലെ  അവൾ പറഞ്ഞു. അവൾ പറഞ്ഞതിന്റെ  പൊരുൾ അവനു മനസിലായില്ലെങ്കിലും  എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി എന്നായി  , കാരണം  അവളുടെ സന്തോഷത്തിന്റെ കാര്യം  എന്തെന്ന് അറിയാനുള്ള   തിടുക്കമായിരുന്നു അത് .

അല്പസമയത്തിനകം അവർ ശ്രീനിലയത്തിൽ  എത്തി. വണ്ടിയിൽ നിന്നും ഇറങ്ങിയ  ശ്രീനാഥ്‌  ധൃതിയിൽ മുറിയിലേക്ക്   പോകുന്നത് കണ്ടുകൊണ്ടാണ്  ദേവകിയമ്മ ഉമ്മറത്തേക്ക് വന്നത്. എന്താ മോളെ …എന്തുപറ്റി ?  രാവിലെ കാണാതായപ്പോൾ ഞാൻ  വിചാരിച്ചു അമ്പലത്തിൽ പോയതാണെന്ന് .അവനെന്താ  ധൃതിയിൽ  കേറിപോകുന്നത്?? ഒരു കാര്യം  ഉണ്ട് അമ്മേ….പോയതിലും വേഗത്തിൽ  ശ്രീയേട്ടൻ ഇപ്പോൾ വരും. അമ്മ  വാ ….പറഞ്ഞുകൊണ്ടവൾ   അകത്തേക്ക് നടന്നു . മുറിയിലെത്തിയ  ശ്രീനാഥ്‌  അവിടെയാകെ  ചുറ്റും കണ്ണോടിച്ചു.  പെട്ടന്ന്  കാണാൻ  തക്ക വിധത്തിൽ അവിടെയെങ്ങും  അവൻ ഒന്നും   കണ്ടില്ല. പിന്നെയും ഒന്നുകൂടി അവൻ അവിടെ നോക്കിയപ്പോൾ  മേശയുടെ മുകളായി  ഇരിക്കുന്ന  പ്രഗ്നൻസി കിറ്റ്  അവന്റെ കണ്ണിലുടക്കിയത്. ഉടനെത്തന്നെ     അവനതു എടുത്തു  നോക്കിയതും  ഒരായിരം പൂര്ണചന്ദ്രന്മാർ  ഉദിച്ചുനിൽകുന്ന  തെളിച്ചമാണവന്റെ മുഖത്തുണ്ടായത്. ഉടനെത്തന്നെ അവൻ  താഴേക്ക് ഓടിച്ചെന്നു. അവളെ  നോക്കി ചിരിച്ചുകൊണ്ട്  വരുന്ന  ശ്രീനാഥിനെ കണ്ടതും നന്ദയുടെ മുഖം നാണതാൽ കുമ്പിട്ടിരുന്നു.

നന്ദയുടെ  അടുത്തെത്തിയ ശ്രീനാഥ്‌ അവളുടെ മുഖം  കൈകുമ്പിൾ എടുത്ത് അവളുടെ നെറ്റിയിൽ  അമർത്തി ചുംബിച്ചു. ശേഷം  ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന അമ്മയെ  കെട്ടിപിടിച്ചു  അവരുടെ കവിളിലും അവൻ  ഒരുമ്മ നൽകി. അവർ പറയാതെ തന്നെ  അവിടെ നടന്ന കാര്യങ്ങൾ  കണ്ടു മനസ്സിലാക്കിയ ദേവകിയമ്മയുടെ ചുണ്ടിലും സന്തോഷത്തിന്റെ  പുഞ്ചിരി വിടർന്നു. മോളെ…….. നേരാണോ..? അവളുടെ അടുത്തേക്ക് വന്ന് വയറിൽ കൈ വച്ചുകൊണ്ടവർ  അവളോട് ചോദിച്ചു .. അതേ അമ്മേ….  ഇന്ന് രാവിലെയാ  അറിഞ്ഞത്. പിന്നീട്  അങ്ങോട്ട് സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു. ആ നിമിഷം  തന്നെ എല്ലാവരെയും  വിളിച് കാര്യങ്ങൾ ദേവകിയമ്മ അറിയിച്ചു.

ഇതേസമയം ചെമ്പകശ്ശേരിയിൽ  ചേച്ചിയുടെ വിശേഷം അറിഞ്ഞതുമുതൽ അവിടെ ദേവുന്  ഇരിക്കപ്പൊറുതി  ഇല്ലായിരുന്നു. എത്രയും  പെട്ടന്ന് അവൾക്ക് ചേച്ചിയെ കാണാൻ തിടുക്കമായി. കുറച്ച് തിരക്കുകൾ കാരണം   പെട്ടന്ന്  അങ്ങോട്ട് പോകാൻ വാസുദേവന്  സാധിക്കാത്തതുകൊണ്ട്     ദേവു  കീർത്തിയെ  വിളിച് അപ്പോൾ തന്നെ ചേച്ചിയെ  കാണാൻ ശ്രീനിലയത്തേക്ക്  പോയി. നന്ദയും, ശ്രീനാഥും  ഹോസ്പിറ്റലിൽ നിന്നും മടങ്ങി വരുമ്പോൾ   ദേവകിയമ്മ  വിളിച്ചു വിവരം പറഞ്ഞതിനെ തുടർന്ന് നന്ദയെ കാണാൻ  അച്ഛനും , അമ്മായിയും , അമ്മാവനും ,  ദേവും  കീർത്തിയും  എത്തിച്ചേർന്നിരുന്നു. അകത്തേക്ക്  കയറിവന്ന നന്ദയെ  കണ്ട ഉടനെ  ദേവും , കീർത്തിയും  ഓടിച്ചെന്ന് കെട്ടിപിടിച്ചു. പിന്നെ ഓരോ വിശേഷങ്ങൾ ചോദിച്ചുകൊണ്ട്  അവളുടെ  കൂടെ തന്നയായിരുന്നു.

പിന്നീട് അങ്ങോട്ട് ഒരു  ആഘോഷം  തന്നെയായിരുന്നു ശ്രീനിലയത്തിൽ…നന്ദയുടെ  അച്ഛനും  അമ്മാവനും , അമ്മായിയും    അങ്ങനെ എല്ലാവരും കൂടി ആ ദിവസം  ഒരു ആഘോഷമാക്കി മാറ്റി. ഫോൺ വിളിയിലൂടെ  മീരയും ,  അവളുടെ അച്ഛനും, അമ്മയും  അവരുടെ  സന്തോഷം  ശ്രീനാഥിനെയും  നന്ദയെയും അറിയിച്ചു. മീരക്ക്  അവിടത്തെ  സന്തോഷനിമിഷങ്ങൾ അറിഞ്ഞപ്പോൾ   അവിടെ   താനും കൂടി  ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ  എന്ന് അവൾ     മനസ്സുകൊണ്ട്  ആഗ്രഹിച്ചുപോയി. അങ്ങനെ ആഹ്ലാദം  നിറഞ്ഞ ആ ദിനത്തിന് വിരാമം ഇട്ടുകൊണ്ട് വന്നവർ എല്ലാവരും തിരിച്ചുപോയി. ദേവൂന്  ചേച്ചിയുടെ കൂടെ   നിൽക്കണം എന്നുണ്ടായെങ്കിലും വീട്ടിൽ അച്ഛൻ ഒറ്റക്ക് ആകുന്നതിനാൽ  അവളും അച്ഛന്റെ കൂടെ   തിരികെ പോന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ പതിവുപോലെ  നന്ദ  ഗാർഡനിലേക്ക്  ഇറങ്ങി. പതിവുപോലെ തന്നെ  അന്നും  ആ കുടമുല്ലപ്പൂമരത്തിനു ചോട്ടിൽ അവൾ വന്നു നിന്നു. എത്ര  നേരം അവിടെ അങ്ങനെ നിന്നുവെന്നറിഞ്ഞില്ല . പെട്ടന്നാണ്  അവളുടെ  പുറം കഴുത്തിൽ  ഒരു ചുടു നിശ്വാസം  പതിച്ചത്  ,  ആ  നിശ്വാസത്തിനൊപ്പം  തന്നെ  അവളുടെ  ഉദരത്തിനുമേൽ  അവന്റെ കരങ്ങളും  പിടുത്തമിട്ടിരുന്നു .  അവന്റെ സാമീപ്യത്തിൽ  അവളുടെ ചുണ്ടിൽ  ഒരു പുഞ്ചിരി വിടർന്നു.

“നന്ദുട്ടി ” ……  പ്രണയാർദ്രമായ  അവന്റെ വിളിയിൽ  അവൾ അവനു നേരെ തിരിഞ്ഞു നിന്നു   അവന്റെ  കവിളിൽ   അവളുടെ അധരം  ചേർത്തുവച്ചവൾ  അമർത്തി ചുംബിച്ചു .  “ഈ നിമിഷം എനിക്ക് തന്നതിന്,ശ്രീയേട്ടനിലുള്ള   പ്രണയത്തിന്റെ   ഈ സ്നേഹസമ്മാനം  എനിക്ക് തന്നതിന്….അവന്റെ  കരങ്ങൾ അവളുടെ വയറിനു മേലെ വച്ചുകൊണ്ടവൾ പറഞ്ഞപ്പോഴേക്കും  അവളുടെ   കണ്ണുകൾ  നിറഞ്ഞിരുന്നു. ഏയ്യ്….സന്തോഷമുള്ള നല്ലൊരു  ദിനമായിട്ട് എന്റെ നന്ദുട്ടി  കരയുന്നോ ?….വേണ്ടാട്ടോ….ഇനി ഈ കണ്ണുകൾ  നിറയാൻ പാടില്ല. പിന്നെ ഇനി എന്നും  സന്തോഷമായിഇരിക്കണം  അല്ലെങ്കിൽ  ദേ  ഇവിടെയുള്ള  എന്റെ മോൾക്കും  സങ്കടം ആകുട്ടോ…. അവളുടെ വയറിലേക്ക്  കൈ ചേർത്തുവച്ചുകൊണ്ട് ശ്രീനാഥ്‌ പറഞ്ഞു . പിന്നെയും എന്തെക്കൊയോ പറഞ്ഞുകൊണ്ടവർ   ആ ഗാർഡനിൽ   കുറച്ചുനേരം കൂടി  നിന്നു

*******************

പിന്നീട്  അങ്ങോട്ടുള്ള ദിവസങ്ങളെല്ലാം  സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു…. നന്ദക്ക് പറയത്തക്ക  ബുന്ധിമുട്ടുകൾ ഒന്നും ഈ സമയത്ത് ഇല്ലാത്തതിനാൽ അവൾ    ജോലിക്കുപോയിരുന്നു. ദേവകിയമ്മക്ക്  അവളെ  സ്കൂളിലേക്ക് പറഞ്ഞുവിടാൻ   ഇഷ്ടമില്ലായിരുന്നു ,, പിന്നെ ഇവിടെ വെറുതെ ഇരുന്നു   മുഷിച്ചൽ  ഉണ്ടാകും ,  ഇതെല്ലാം സാധാരണ ഉണ്ടാകുന്നത് അല്ലേ….  എന്നൊക്ക  പറഞ്ഞപ്പോൾ  അവസാനം  നിവർത്തിയില്ലാതെ  വന്നപ്പോൾ ദേവകിയമ്മ  അവളെ ജോലിക്ക് വിടാൻ സമ്മതിച്ചു  . എന്നിരുന്നാലും വീട്ടിൽ നിന്നു  പോയി  തിരിച്ചു  വീട്ടിലേക്ക് വരുന്നതുവരെ  ഇടക്ക് ഇടക്ക് അവളെ വിളിച്ചുകൊണ്ടിരിക്കും .  സമയത്ത് ഭക്ഷണം കഴിച്ചോ എന്തെങ്കിലും വയ്യായ്കത  ഉണ്ടോ എന്നൊക്ക ചോദിച്ചുകൊണ്ടാണ് വിളിക്കുന്നത്.  പിന്നെ …….എന്തെങ്കിലും കാരണത്താൽ  വരുന്നതിൽ നിന്നും ഒരല്പം താമസിച്ചുപോയാൽ  പിന്നെ അന്നത്തെ ദിവസത്തെ കാര്യം പറയണ്ട …വഴിയിലേക്ക് കണ്ണും നട്ട്   മുറ്റത്തുതന്നെ നില്പുണ്ടാകും….. അത് പിന്നെ  നന്ദയെ  കണ്ടാൽ മാത്രമേ ആ മുഖത്തുള്ള ആദി മാറുകയുള്ളൂ. ഒരമ്മയുടെ  സ്നേഹം  മുഴുവനും  ദേവകിയമ്മയുടെ  പക്കൽ നിന്നും അനുഭവിക്കുമ്പോൾ   താൻ ഭാഗ്യം ചെയ്തവൾ ആണെന്ന് നന്ദ മനസ്സിൽ. ഓർക്കും….അതിനെല്ലാം അവൾ ഭഗവാനോട് നന്ദി പറയുകയും ചെയ്യും.

**********************

ആഴ്ചകളും  മാസങ്ങളും കടന്നുപോയി. “ഉണ്ണി …..കുറേ നേരമായല്ലോ  മോള് അകത്തേക്ക് പോയിട്ട്. എന്താ ഇത്ര വൈകുന്നത് “???  എന്തെങ്കിലും…. എനിക്കെന്തോ ഒരു ഭയം പോലെ തോന്നുന്നു. സ്കാനിംഗ് റൂമിന്റെ പുറത്ത് വരാന്തയിലെ  കസേരകളിൽ  ഇരിക്കുകയാണ് ദേവകിയമ്മയും,  ശ്രീനാഥും…നന്ദയെ ആദ്യത്തെ സ്കാനിംഗിന്  ഹോസ്പിറ്റലിൽ  കൊണ്ടുവന്നിരിക്കുകയാണ്. അവൾക്കിപ്പോൾ മാസം മൂന്നു ആയിരിക്കുന്നു. അകത്തേക്ക് പോയ നന്ദമോളെ   കുറേ നേരമായിട്ടും പുറത്തേക്ക് കാണാത്തതുകൊണ്ട്  ദേവകിയമ്മക്ക്   വല്ലാത്തൊരു ആദിയായിരുന്നു. ഒരു കുഴപ്പവും ഉണ്ടാകില്ല….അമ്മേ….അമ്മേയെന്തിനാ  എപ്പോഴും  എങ്ങനെ ടെൻഷനിലാകുന്നത്. ദേ…. അകത്തേക്ക് പോയ നന്ദുട്ടിക്ക് ഇല്ലാത്ത ആധിയാണല്ലോ  അമ്മക്കുള്ളത്…അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവനതു പറഞ്ഞ് തീർന്നതും സ്കാനിംഗ്  റൂമിന്റെ  വാതിൽ തുറന്ന് നന്ദ  പുറത്തേക്ക് വന്നു .

രണ്ടുപേരും ഇരിക്കുന്നിടത്തുനിന്നും  എഴുന്നേറ്റ്  അവളുടെ അടുത്തേക്ക് ചെന്നു. മോളെ…..എന്തെങ്കിലും കുഴപ്പം ഉണ്ടോ? മ്മ്…… ഒരു കുഴപ്പം ഉണ്ട് . അവളതു പറഞ്ഞതും  രണ്ടുപേരുടെയും  മുഖം മാറി. അതേ…. ഒരാള് അല്ല രണ്ടുപേരാ പുറത്തേക്ക് വരാൻ  തിടുക്കം  കൂട്ടുന്നത്… ചിരിച്ചുകൊണ്ടവൾ പറഞ്ഞതും  ദേവകിയമ്മയും,  ശ്രീനാഥും  പരസ്പരം നോക്കി .  ശേഷം  നന്ദയെ നോക്കി   രണ്ടുപേരും ചിരിച്ചു . സന്തോഷം കൊണ്ട് അമ്മ അവളെ ചേർത്തുപിടിച്ചു. ഡോക്ടറിനെ കണ്ട് , ചെക്കപ്പും  കഴിഞ്ഞ്, മരുന്നും വാങ്ങി  തിരികെ വീട്ടിലേക്ക്  പോകാൻ നേരം…ശ്രീനാഥിന്റെ ഫോണിലേക്ക്  ഒരു കാൾ വന്നു. പരിചയമില്ലാത്ത  നമ്പർ ആയതിനാൽ ശ്രീനാഥിന് കാൾ അറ്റൻഡ് ചെയ്തില്ല.

പിന്നെയും ആ നമ്പറിൽ  നിന്നും  വീണ്ടും വിളിച്ചപ്പോൾ അവൻ ആ കാൾ അറ്റൻഡ് ചെയ്തു. “ഹലോ “….”ഹലോ   ശ്രീനാഥ്  അല്ലേ”…..

തുടരും…