നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞു. എന്തെങ്കിലും ഒരു സന്തോഷം നിങ്ങൾ എനിക്ക് തന്നിട്ടുണ്ടോ…സിനിമയിൽ കാണുന്നത് പോലെ…

തിരിച്ചറിവുകൾ -എഴുത്ത്: രമ്യ വിജീഷ്

” വേണുവേട്ടാ ഇനിയെങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ വയ്യച്ചാൽ ഞാൻ എന്റെ കുഞ്ഞിനേം കൊണ്ടു എന്റെ പാട്ടിനു പോയ്ക്കളയുമെ…പിന്നെ നിങ്ങൾ അമ്മയും മോനുംകൂടെ എന്താണ് വച്ചാൽ ആയിക്കോ “…

“എന്റെ സുമിത്രേ ഒന്നു പതുക്കെ പറ.. അമ്മ കേൾക്കും “

” അവർ കേൾക്കട്ടെ… കേൾക്കാൻ വേണ്ടി തന്നെയാ പറയുന്നത്. എന്തൊക്കെ വൃത്തികേടുകളാ അവരിവിടെ കാണിച്ചു കൂട്ടുന്നത് വേണുവേട്ടാ…മലവും മൂത്രവും ഇതെത്ര നാളായി ഞാൻ കോരുവാൻ തുടങ്ങിയിട്ട്…ഇതിനൊരവസാനവും ഇല്ലല്ലോ…നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞു… എന്തെങ്കിലും ഒരു സന്തോഷം നിങ്ങൾ എനിക്ക് തന്നിട്ടുണ്ടോ…. സിനിമയിൽ കാണുന്നത് പോലെ ഒന്നും വേണോന്നു ഞാൻ പറയുന്നില്ല….വല്ലപ്പോളും ഒന്നു പുറത്തു കൊണ്ടു പോവുകയോ.. പുറത്തു നിന്നും ആഹാരം കഴിക്കുകയോ അതൊക്കെ ഏതൊരു പെണ്ണും ആഗ്രഹിക്കും. എന്തിനേറെ പറയണം സ്വന്തം വീട്ടിൽ പോലും ഒരു രാത്രി തികച്ചു നിന്നിട്ടില്ല.. അപ്പോളൊക്കെ തളർന്നു കിടക്കുന്ന നിങ്ങളുടെ അമ്മയെ വിട്ടു നിങ്ങൾ വരില്ല എന്നല്ലേ പറയാറ്…എന്റെ ഈശ്വരാ കാലനും വേണ്ടല്ലോ ഈ ജന്തുവിനെ “

അതും കൂടി കേട്ടപ്പോൾ അത്രയും നേരം സംയമനം പാലിച്ചു നിന്ന വേണുവിന്റെ സകല നിയന്ത്രണവും തെറ്റി….

അവൻ സുമിത്രയുടെ കരണം നോക്കി ആഞ്ഞടിച്ചു….. അവളുടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു… കയ്യിലുരുന്ന അവരുടെ കുഞ്ഞു ഉറക്കെ നിലവിളിക്കുവാൻ തുടങ്ങി…

” കേറിപ്പോടി അകത്തു ” അവൻ അലറി..

സുമിത്ര കുഞ്ഞിനേയും കൊണ്ടു കരഞ്ഞു കൊണ്ടു അകത്തേക്കു കയറിപ്പോയി..

ഇതെല്ലാം കേട്ടുകൊണ്ട് തൊട്ടടുത്തുള്ള മുറിയിൽ അവന്റെ അമ്മ എങ്ങികരയുന്നുണ്ടായിരുന്നു…

അമ്മ തളർന്നു കിടക്കുവാൻ തുടങ്ങിയിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞു. വേണുവിന്റെയും സുമിത്രയുടെയും വിവാഹം കഴിഞ്ഞു രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം ആണ് പ്രഷർ കൂടി ഞരമ്പ് പൊട്ടിയതും ഒരു വശം മുഴുവനായി തളർന്നു പോയതും… സംസാര ശേഷിയും അതോടൊപ്പം നഷ്ടമായി.. അന്നു മുതൽ അവളാണ് ഇഷ്ടം അല്ലാഞ്ഞിട്ടു കൂടിയും അമ്മയെ നോക്കുന്നത്…. അമ്മയെ കുറച്ചു പണം ചിലവായാൽ കൂടിയും ഏതെങ്കിലും അഗതിമന്ദിരത്തിൽ ആക്കണം.. അതാണവളുടെ ആവശ്യം…

അവൻ മുറിയിൽ ചെല്ലുമ്പോളേക്കും അവൾ കുഞ്ഞിന്റെയും അവളുടെയും വസ്ത്രങ്ങൾ എല്ലാം പാക്ക് ചെയ്യുന്നതാണ് കണ്ടത്…

” എനിക്കും ഉണ്ടൊരു വീട്… ഇത്രയും ഒക്കെ നോക്കിയിട്ടും എന്നെ തല്ലിയെക്കുന്നു… പെട്ടെന്ന് ഞാൻ ഒന്നിനും കൊള്ളരുതാത്തവൾ ആയില്ലേ.. എന്റെ അച്ഛനും അമ്മേം എന്നെ പൊന്നു പോലെ നോക്കിക്കോളും.. അമ്മയെ എന്നു നിങ്ങൾ ഉപേക്ഷിച്ചു വരുന്നോ അന്നേയുള്ളു സുമിത്ര ഇനി ഇങ്ങോട്ട് “

അവൾ കുഞ്ഞിനേയും കൊണ്ടു പോകാനറിങ്ങി…

“സുമി പ്ലീസ് നീ പോകരുത്.. പെട്ടെന്ന് നീ അങ്ങനെ പറയുന്നത് കേട്ടപ്പോൾ തല്ലിപ്പോയതാണ്… എല്ലാം ശരിയാണ്.. ഞാൻ എല്ലാം മറന്നു… നീ പറയുന്നത് പോലെ നമുക്ക് അമ്മയെ മറ്റൊരിടത്താക്കാം. എനിക്ക് കുറച്ചു സമയം വേണം… “

ഒരടി കൊണ്ടാലും തന്റെ ലക്ഷ്യം ഫലം കണ്ടതോർത്ത് അവൾ മനസ്സിൽ ചിരിച്ചു

” ശരി ദേവേട്ടാ നിങ്ങളെ പിരിയാൻ എനിക്കും കഴിയില്ല… “

“എന്നാൽ നീ ഈ ബാഗ് ഒക്കെ തിരിച്ചെടുത്തു വക്കു.. ഞാൻ അമ്മയെ ഒന്നു കണ്ടിട്ട് വരട്ടെ… “

അവനെ കണ്ടതും അമ്മ മെല്ലെ ഒന്നു ചിരിച്ചു.. എല്ലാം കണ്ടും കേട്ടും ആ പാവം ഒന്നു കൂടി തളർന്നിരിക്കുന്നു… അമ്മക്കു പോകാൻ സമ്മതം ആണെന്നും നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം എന്നും സുമിത്ര ഒരു പാവം ആണെന്നും ഒക്കെ അവനോടു അമ്മ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അതു കാണാൻ കഴിയാത്തത് കൊണ്ടു അവൻ ആ മുറി വിട്ടു പുറത്തേക്കിറങ്ങി…

തിരിച്ചു മുറിയിലെത്തുമ്പോൾ സുമിത്ര കുഞ്ഞിനെ ഉറക്കി കിടത്തിയിരുന്നു… അടികൊണ്ടു അവളുടെ കവിൾ കരിനീലിച്ചിട്ടുണ്ടെങ്കിലും സന്തോഷവതിയായിരുന്നു അവൾ…

” നിനക്കു വേദനിച്ചോ സുമിയെ.. അവളുടെ കവിളിൽ തഴുകിക്കൊണ്ടവൻ ചോദിച്ചു “

“ഇല്ല വേണുവേട്ടാ…. എന്റെ വേദനയൊക്കെ പോയി… ഇനി ഇന്നു കൂടി കഴിഞ്ഞാൽ ഇങ്ങനെ ഒന്നും ഇനി ഒരിക്കലും ഉണ്ടാകില്ലല്ലോ “

“ഉം സുമി… നമ്മൾക്ക് ഇപ്പോൾ ഒരിടം വരെ പോണം.. മോനെ എടുക്കു.” അവൻ ഉറങ്ങിക്കിടക്കുന്ന മോനെ നോക്കി പറഞ്ഞു.

“എങ്ങോട്ടാ വേണുവേട്ടാ ഈ പാതിരാത്രിയിൽ…” അവൾക്കു ആകാംഷ അടക്കാൻ ആയില്ല..

‘” അതൊക്കെ പറയാം നീ കുഞ്ഞിനെ എടുക്ക്… വേഗം വേണം… “

തെല്ലമ്പരപ്പോടു കൂടിയും ആകാംഷയോടു കൂടിയും അവൾ കുഞ്ഞിനേയും കൊണ്ടു അവനൊപ്പം നടന്നിറങ്ങി..

കാറിൽ യാത്ര ചെയ്യുമ്പോൾ അവർ പരസ്പരം സംസാരിച്ചതേയില്ല…

കാർ ജില്ലാ ആശുപത്രിക്കു മുന്നിൽ നിർത്തിയപ്പോൾ അവൾ സംശയത്തോടെ അവനെ നോക്കി..

കുഞ്ഞിനേയുംകൊണ്ടിറങ്ങാൻ അവൻ ആവശ്യപ്പെട്ടപ്പോൾ അവളതനുസരിച്ചു…

കുഞ്ഞിനെ അവൻ വാങ്ങി തന്റെ തോളിൽ കിടത്തി കുറച്ചു നടന്നു..

‘അമ്മത്തൊട്ടിൽ ‘ എന്നെഴുതി വച്ചിരിക്കുന്നു ബിൽഡിങിന് മുന്നിൽ അവർ നിന്നു…

” സുമി ഞാൻ നമ്മുടെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിക്കുവാൻ പോകുകയാണ് “

” വേണുവേട്ടാ ” അവൾ അലറി വിളിച്ചു…. “നിങ്ങൾക്ക് ഭ്രാന്തുണ്ടോ വേണുവേട്ടാ നമ്മുടെ കുഞ്ഞിനെ..”. അവൾക്കു സംസാരിക്കാൻ കഴിയുമായിരുന്നില്ല. അവൾ കുഞ്ഞിനെ വേണുവിന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി..

“ഞാൻ നൊന്തു പെറ്റ എന്റെ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുവാൻ കൊണ്ടു വന്ന നിങ്ങളൊരു ദുഷ്ടനാ… നീചൻ… “വെറുപ്പോടെ അവളത് പറയുമ്പോൾ കിതക്കുന്നുണ്ടായിരുന്നവളെ….

” ശരിയാ ഞാൻ ദുഷ്ടനും നീചനും ഒക്കെ ആണ്… അപ്പോൾ എന്നെ നൊന്തു പെറ്റ എന്റമ്മയെ ഉപേക്ഷിക്കാൻ പറയുകയും അവരുടെ മരണം വരെയും ആഗ്രഹിച്ച നിന്നെ ഞാൻ എന്തു വിളിക്കണം സുമി “

അവന്റെ ചോദ്യം കേട്ടപ്പോൾ ഞെട്ടിപ്പോയി അവൾ…

ശരിയാണ് താനെന്തൊരു ക്രൂര ആണ്… താൻ പറഞ്ഞുപോയ ഓരോ വാക്കുകളും അവളെ കുത്തി നോവിപ്പിച്ചു..

“വേണുവേട്ടാ എനിക്കമ്മയെ കാണണം.. നമ്മുടെ അമ്മയെ ഞാൻ നോക്കും… ചെയ്തു പോയ തെറ്റുകൾക്കൊക്കെ അമ്മയോടെനിക്ക്‌ മാപ്പ് പറയണം..” വേണുവിന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു കൊണ്ടവൾ പറഞ്ഞു.

അവൾ തിരിച്ചറിയുക ആയിരുന്നു അമ്മ എന്ന പദവി അനിർവ്വചനീയം ആണെന്ന്..