നിനക്ക് ഉറക്കം കളയാൻ സ്വന്തമായിട്ട് ഒരു കേട്യോനെ തന്നില്ലേടി ഞാൻ…ഇനിയെങ്കിലും എനിക്കിതിരി സമാധാനം തന്നൂടെ…?

എഴുത്ത്: Shimitha Ravi

“എന്നാലും എന്റെ നാത്തൂനെ എന്നോടിത് ചെയ്തല്ലോ….” പെണ്ണ് തല തല്ലി കരയുവാണ്. തലയിണയിൽ മുഖം ഇരുട്ടുരുട്ടി ആ കവറും വൃത്തികേടാക്കുന്നുണ്ട്. എനികാണേൽ ഇത് കണ്ടിട്ട് ചിരി വരുന്നുണ്ട്. പക്ഷെ ഉള്ളിൽ വല്ലാത്ത നോവും. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ.

ഇതിനെല്ലാം ഉത്തരവാദി ആയവൾ ഇപ്പൊ അവിടെ എന്തെടുക്കുവാണോ..? ഒന്ന് വിളിച്ചു രണ്ടു ചീത്ത പറഞ്ഞാൽ കൊള്ളാം എന്നുണ്ട്. പക്ഷെ ഔചിത്യബോധം എന്നെ തടുക്കുന്നു. ഞാൻ പണ്ടേ ഒരു മര്യാദകാരൻ ആണല്ലോ…? അല്ലെങ്കിലും ഈ സൗന്ദര്യം, മര്യാദ, വിനയം ഇതൊക്കെ എനിക്ക് ജന്മനാ ഉള്ളതാണെന്നേ…ആരും അതിന്റെ രഹസ്യം അന്വേഷിച്ചു ഇങ്ങോട്ടു വരണ്ട എന്ന് വച്ച് പറഞ്ഞതാ…

കാര്യത്തിലേക്ക് മടങ്ങിവരാം. ഇപ്പൊ സമയം നട്ടപാതിര…ഈ കട്ടിലേൽ കിടന്നു മോങ്ങുന്നത് നോമിന്റെ ധർമ പത്നി വിദ്യ. ഇവൾ വലിയ വായിൽ നിലവിളിക്കുന്നത് എന്റെ പുന്നാര അനിയത്തി ലച്ചു കാരണം ആണ്. ഇപ്പോ കാര്യങ്ങളുടെ കിടപ്പു ഏകദേശം പിടികിട്ടി കാണുമല്ലോ. നാത്തൂൻ വേഴ്സസ് നാത്തൂൻ. അതാണ് എന്റെ കഥയിലെ നായികയും വില്ലത്തിയും…

അവളിങ്ങനെ മോങ്ങി മോങ്ങി സമാധനം തരാത്തത് കൊണ്ടും എനിക്ക് ഉറക്കം വരാത്തത്കൊണ്ടും പുറത്തേക്കിറങ്ങി പോകാനുള്ള സൗകര്യം തത്കാലം ഇല്ലാത്തതു കൊണ്ടും നമുക്കല്പം നൊസ്റ്റാൾജിയ ആവാം…കാലചക്രം ഒരു 2 വർഷം പുറകോട്ടു പോട്ടെ…അന്നാണ് എന്റെ കല്യാണം…ഈ ആസ്ഥാന മോങ്ങൽ വിദഗ്ധ എന്റെ ജീവിതത്തിലോട്ടു വലത് കാൽ വച്ച് കയറിയ സുദിനം.

അന്നിവൾക്ക് വയസ്സ് കഷ്ടിച്ചു 21. ഇവളെക്കാൾ ഒരു വയസിനു മൂത്തതാണ് ലച്ചു. പെണ്ണിനെ കെട്ടിച്ചിട്ടു മതി എന്ന് ഞാൻ നൂറു പ്രാവശ്യം പറഞ്ഞതാ. അപ്പോൾ അവൾ ജോലികിട്ടാതെ കെട്ടില്ല എന്നൊരു കടുംപിടുത്തം…അങ്ങനെ ഇവളേം നോക്കി നിന്നാൽ ഞാൻ മുപ്പതും കഴിഞ്ഞു മൂക്കേൽ പല്ലും മുളച്ചു നില്കുകയെ ഉള്ളു എന്ന് എനിക്ക് ബോധ്യപ്പെട്ടതുകൊണ്ടായിരുന്നു ആ സാഹസം.

കാര്യം ഇങ്ങനൊക്കെ പറഞ്ഞാലും അവൾ മിടുക്കിയാണ് കേട്ടോ. അവൾ ജോലി വാങ്ങും എന്നെനിക്ക് നല്ല ഉറപ്പും ഉണ്ടായിരുന്നു…അവളുടെ മുൻപിൽ ഒരു ലോഡ് പുച്ഛം എന്ന മട്ടിൽ നിന്നാലും എന്റെ അനിയത്തി എന്റെ സ്വകാര്യ അഹങ്കാരം ആയിരുന്നു. എന്നെക്കാൾ എഴുവയസിന് ഇളപ്പം ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ബോണ്ട് ആയിരുന്നു. ഈ പ്രായത്തിലും ഞങ്ങൾ അടി കൂടുമായിരുന്നു. ഒരിക്കലും ദേഷ്യത്തോടെയോ വാശിയോടെയോ അല്ല…ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ഞോണ്ടും. പിന്നെ അതിൽ പിടിച്ചു ഇടിയോടിടി…അടിയോടാടി…അവസാനം അവളോടി രക്ഷപെടും.

അവളെന്നോട് പറയാത്ത യാതൊരു രഹസ്യവും ഇല്യാ. മനസ്സിൽ സൂക്ഷിച്ച ഇഷ്ടം പോലും. അത്രക്ക് സ്നേഹം ഉണ്ടായിരുന്നത് കൊണ്ടാവാം അവളെന്നോട് പലപ്പോഴും തമാശ രൂപേണ സൂചിപ്പിച്ചിരുന്നു….”ഒരു പെണ്ണ് വന്നു കേറുമ്പോ ന്നെ മറന്നാൽ ണ്ടല്ലോ…ഇവിടെ യുദ്ധം നടക്കും…” അത് പറയുമ്പോൾ അവളുടെ കണ്ണിൽ ആ പേടി ഞാൻ കണ്ടതാണ്. വന്നു കയറുന്ന പെണ്ണ് ഞങ്ങൾക്കിടയിൽ മതിലുകൾ സൃഷ്ടിക്കുമോ എന്ന ഭയം.

എന്റെ ഉള്ളിലുമുണ്ടായിരുന്നു ആ ഭീതി. എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ ഇവർ രണ്ടും തമ്മിൽ തല്ലുമോ എന്ന ഭീതി…എനിക്കാകെ രണ്ടാഴ്ച ലീവ് ഉണ്ടായിരുന്നുള്ളൂ. ആ രണ്ടാഴ്ച വിരുന്നുപോക്കും ചടങ്ങുകളുമായി വീട്ടിൽ നില്ക്കാൻ നേരം കിട്ടിയില്ല. ഞാൻ തിരിച്ചുപോരുമ്പോൾ വിദ്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നോക്കി നിന്നു. ട്രെയിനിൽ ഇരിക്കുമ്പോൾ മനസ്സിൽ അകാരണമായ ഒരുഭയം വന്നു നിറഞ്ഞു.

വിദ്യ വീടുമായി പൊരുത്തപ്പെടുമോ…എന്റെ വീട്ടിൽ യാതൊരു അസ്വാരസ്യങ്ങളും എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു. ഞങ്ങളുടെ വീട് സത്യത്തിൽ ഒരു സ്വർഗം തന്നെ ആയിരുന്നു. ആർഭാടങ്ങളില്ലാത്ത…ലളിതമായ…പരസ്പരംപറയാതെ തന്നെ മനസിലാക്കാൻ കഴിയുന്ന നാല് മനസ്സുകൾ. അവിടേക്കു വ്യത്യസ്തമായ ജീവിതസാഹചര്യത്തിൽ നിന്നുവന്ന ഒരു പെൺകുട്ടി. എനിക്കാരെയും നഷ്ടപ്പെടുത്താൻ വയ്യായിരുന്നു.

“ചേട്ടാ…ഞാൻ ഫോൺ എടുത്തോട്ടെ…എനിക്കങ്ങോട്ട് ഒന്ന് വിളിക്കണം…” വിദ്യ ആണ്. മുഖം മത്തങ്ങ പോലെ വീർത്തിരിക്കുന്നു. കണ്ണ് ചുവന്നു കലങ്ങി. “ഇപ്പോഴോ…? വേണ്ട വേണ്ട. രാവിലെ ആവട്ടെ. നീ ഉറങ്ങാൻ നോക്ക്.” അസ്വസ്ഥതയോടെ തന്നെയാണ് പറഞ്ഞത്. കാരണം ഉള്ളിന്റെയുള്ളിൽ വിളിക്കണം എന്നൊരാഗ്രഹം മനസിലുണ്ടായിരുന്നു. എന്തൊക്കെ ആയാലും എന്റെ അനിയത്തിയല്ലേ…വിദ്യ ലൈറ്റ് അണച്ച് കിടക്കുമ്പോഴും മനസ് വീണ്ടും ഓർമകളിലേക്ക് തിരിച്ചുപോയി…

പിന്നീടുള്ള ഓരോ ദിവസവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. പതിവുള്ള വിളികളിൽ കൈമാറുന്ന കൈ ഒന്ന് കൂടി ആയി എന്നുമാത്രം…പിന്നീട് ഓരോ ലീവിനു നാട്ടിൽ എത്തുമ്പോഴും ഞാൻ അമ്പരന്നു നിന്നു. അസൂയ, കുശുമ്പ്, വഴക്ക് നാത്തൂൻ പോര്…ഇതൊക്കെ പ്രതീക്ഷിച്ചു ചെന്ന ഞാൻ ശരിക്കും ഞെട്ടിയത് അമ്മ എന്തെങ്കിലും കുറ്റം പറയുമ്പോൾ രണ്ടുപേരും പരസ്പരം സപ്പോർട്ട് ചെയ്യുന്ന കണ്ടിട്ടാണ്. അവർ എല്ലായ്‌പ്പഴും ഒരു സെറ്റ്. പാവം അമ്മ. ഒറ്റയാൾ പോരാളി…

ഡിഗ്രി കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു വിദ്യയുടെ…ഒട്ടും പക്വത ഇല്ലാതിരുന്ന അവളും ബിഎഡ് കഴിഞ്ഞിട്ടും കുട്ടി കളി മാറാത്ത ലച്ചുവും, എങ്ങനെ ഇങ്ങനെ മാറി എന്ന് ഞാൻ അത്ഭുതപ്പെട്ടു. രണ്ടുപേരും എല്ല ജോലിയുമൊരുമിച്ചു ചെയ്യുന്നു. പണ്ട് അമ്മയെ സഹായിക്കാത്തതിനു എത്ര ചീത്ത കേട്ടിട്ടുള്ള ലച്ചുവാ. “ഇതാണ് മോനെ ഏട്ടാ ടീം സ്പിരിറ്റ്…” എന്ന് പറഞ്ഞു അവൾ പൊട്ടി ചിരിക്കുമ്പോൾ എനിക്ക് മനസിലായി കുട്ടികളിക്കുമപ്പുറം വ്യക്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവളാണ് എന്റെ ലച്ചു എന്ന്…

പിന്നീട് അവളെന്നോട് പറഞ്ഞിട്ടുണ്ട് “വന്നു കയറുന്ന വീട്ടിൽ പെട്ടെന്നുണ്ടാകുന്ന ഒറ്റപ്പെടൽ വല്ലാത്തതാണ്. ആദ്യമേ വിദ്യേച്ചിയുടെ കൂടെ കൂടാൻ ആണ് ശ്രദ്ധിച്ചത്. ഞങ്ങളാദ്യം നല്ല കൂട്ടുകാരവാണം എന്ന് പണ്ടേ മനസ്സിൽ ഉറപ്പിച്ചതാണ്. പിന്നെ അമ്മ…അമ്മ നമ്മുടെ അമ്മ അല്ലെ ഏട്ടാ…അമ്മക്കു എന്നെ മനസിലാവില്ലേ എത്ര വഴക്കിട്ടാലും…ചേച്ചിക്ക് പക്ഷെ അങ്ങനെ ആവണം എന്നില്ല. ഞാനും അമ്മയും കൂടി അതിനോട് വഴക്കിട്ടാൽ പിന്നെ വേറെന്തേലും വേണോ കുടുംബം കലങ്ങാൻ…വല്ലപ്പോഴും ഏട്ടൻ വീട്ടിൽ വരുമ്പോൾ ഇവിടെ ഒരു സ്വസ്ഥത കുറവും ഉണ്ടാവാൻ പാടില്ല. അതിനു ഞാൻ റെഡി ആക്കിയ മാസ്റ്റർ പ്ളാൻ അല്ലെ ഇത്. കല്യാണത്തിന് മുൻപേ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ആണ്…ഹാഹാ….”

തലക്കൊരു കിഴുക്കാണ് ഞാൻ കൊടുത്തതെങ്കിലും മനസ്സുകൊണ്ട് ഞാൻ അവളെ ചേർത്തപിടിക്കുകയായിരുന്നു. എന്റെ അനിയത്തി എന്നാ അഭിമാനത്തോടെ…എന്നോടവൾ അവശ്യപ്പെട്ടിട്ടുള്ള ഒരേ ഒരു കാര്യം ഒരിക്കലും അമ്മയെ വിഷമിപ്പിക്കാണോ വിദ്യയുടെ കണ്ണ് നിറയാനോ ഇടയാക്കാരുത് എന്ന് മാത്രം ആണ്. എന്നിട്ടും ഇന്നെനിക്കു ആ വാക്കു പാലിക്കാൻ കഴിഞ്ഞില്ല. അതിനു കാരണകാരിയോ അവൾ തന്നെ…

അമ്മ കരഞ്ഞു കരഞ്ഞു ഇപ്പോൾ ഒന്ന് മയങ്ങിയെ ഉള്ളു. അമ്മ ഉറങ്ങി എന്ന് കണ്ട ആശ്വാസത്തോടെ ആണ് റൂമിലേക് വന്നത്. നല്ല ക്ഷീണം ഉണ്ടായിരുന്നു. ഒന്നുറങ്ങണം എന്ന് വച്ചപ്പോൾ ദാ ഒരുത്തി കിടന്നു അതിനും വലിയ കരച്ചിൽ…”എന്നാലും എന്റെ നാത്തൂനേ…എന്നെ ഇട്ടേച്ചു പോയില്ലേ…” നാത്തൂൻ സ്നേഹം കൂടുമ്പോൾ മാത്രം വിളിക്കുന്ന വിളി ആണ്. എനിക്ക് സത്യത്തിൽ ചിരിക്കണമോ കരയണമോ എന്നറിയില്ല. ഞാൻ അന്നേ പറഞ്ഞതാണ് അവളെ കെട്ടിച്ചിട്ടു ഞാൻ കെട്ടുന്നുള്ളൂ എന്ന്. അന്നതാരും മൈൻഡ് ചെയ്തില്ല. ഇപ്പോൾ കണ്ടില്ലേ…ദുഷ്ടത്തി. സ്നേഹിച്ചു സ്നേഹിച്ചു എന്റെ ഭാര്യേം പാട്ടിലാക്കി അതിനേം കരയിപ്പിച്ചു.

ലച്ചുവിനു മൂന്നു മാസം മുമ്പേയാണു അപ്പോയിന്റിമെന്റ് ഓർഡർ വന്നത്. തൊട്ടു പിന്നാലെ തന്നെ നല്ലൊരു ആലോചനയും കൂടി വന്നപ്പോൾ എല്ലാവരും കൂടി അതങ്ങോട്ടു ഉറപ്പിച്ചു. അന്ന് മുതൽ വിദ്യ സെന്റി തുടങ്ങിയതാണ്. ഇടയ്ക്കിടയ്ക്ക് കുഞ്ഞു സച്ചുവിനെ മടിയിൽ വച്ചിരിക്കുന്ന ലച്ചുനോട് പറയും “ഹാ ഇനിയിപ്പോ ന്റെ സച്ചൂനെ ഒക്കെ എടുക്കാൻ നേരം ഉണ്ടോ ആവോ…” കുശുമ്പ് ആണെന്ന് ആണ് ഞാനാദ്യം വിചാരിച്ചത്. പിന്നെ മനസ്സിലായി അതൊന്നും അല്ല, അവളെ പിരിയുന്ന സങ്കടം ആണെന്ന്. അതും പറഞ്ഞു തന്നത് ലച്ചു ആണ് കേട്ടോ…

ഞാൻ അവളുടെ കരളാണെങ്കിൽ ലച്ചു അവളുടെ ഹൃദയം ആണെന്ന് തോന്നും…സത്യം പറയാമല്ലോ ഇവരുടെ ഈ സ്നേഹം കാണുമ്പോൾ എനിക്കും കുറച്ചു കുശുമ്പോക്കെ തോന്നാറുണ്ട്. അല്ലെങ്കിലും ഈ ബൂർഷ്വാസികളെ എന്തിന് കൊള്ളാം. ആറ്റുനോറ്റു ഒരു കല്യാണം കഴിച്ചിട്ട് ഒരു നാത്തൂൻ പോരോ അമ്മായിയമ്മ പോരോ കാണാനുള്ള അവസരം തന്നിട്ടില്ല ഈ ഹതഭാഗ്യന്…പോരാത്തതിന് ആള് വീതം എന്റെ നെഞ്ചത്തോട്ടു കേറു വേം ചെയ്യും…ഹ്ഹോ കഷ്ടപ്പാട്….

സ്വന്തം ചേച്ചിയെ കെട്ടിച്ചപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല എന്ന് വീമ്പുപറഞ്ഞ എന്റെ ഭാര്യ…പാവം…ഇപ്പഴും ഏതോ വാട്ടർ പ്ലാന്റ് തുറന്നിട്ട പോലെ കണ്ണീരടക്കാൻ പാട് പെടുന്നു. അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു കിടക്കുമ്പോൾ മനസ് ആരെയോ കളിയാക്കുന്ന കേട്ടു…

നീ പോയിട്ട് വേണം ഇച്ചിരി സമാധനായിട്ടു ജീവിക്കാൻ എന്ന് പറഞ്ഞ വേറൊരാളും ഇവിടെയുണ്ടെയ്…(അതാരണവൊ…??എനിക്കറിയില്ലേയ്).

കണ്ണിലെ കണ്ണുനീർ ആരും കാണാതെ തുടയ്ക്കുമ്പോൾ മനസ്സ് നിറഞ്ഞു ഞാൻ അവളെ അനുഗ്രഹിക്കുകയായിരുന്നു. സ്നേഹം കൊണ്ട് എല്ലാവരെയും കീഴ്‌പ്പെടുത്തിയ…ഒരു വാക് കൊണ്ടുപോലും എനിക്ക് ഭാരം ആകാതെയിരിക്കാൻ ശ്രദ്ധദിച്ച…ഏട്ടൻ ആയിട്ടും ഒരു കുഞ്ഞനിയനെ പോലെ എന്നെ നോവിക്കാതെ നോക്കിയ എന്റെ കുഞ്ഞനിയത്തി…അവളെ എനിക്ക് തന്ന ദൈവത്തോട് എങ്ങനെ നന്ദി പറയും ഞാൻ…എന്തൊക്കെ പറഞ്ഞാലും അവൾ അവശേഷിപ്പിച്ചു പോയ ആ ശൂന്യത ഉണ്ടല്ലോ അത് മാത്രം ഒരിക്കലും ആർക്കും നികത്താനാവില്ല…അവൾ വരുന്നതും കാത്തു അത് അവിടെ തന്നെ നിൽക്കട്ടെ…

“പോലീസുകാരൻ വല്യ ആളല്ലേ…”എന്ന് പറയാറുള്ള ആ പെണ്ണ് ഇന്ന് ഒരു പോലീസുകാരനെ കരയാനും ചിരിക്കാനും സമ്മതിക്കാത്ത ഒരു നിസ്സഹായാവസ്ഥയിലേക്ക് തള്ളിയിട്ടിടാണ് പോയത്. എന്റെ കുട്ടികാലത്തിന് നിറം പകർന്ന എന്നും സ്നേഹം കൊണ്ട് തോൽപിച്ച….ചിന്തകളെ മുറിച്ചുകൊണ്ടു ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. ഡിസ്‌പ്ലേയിൽ ഒരു റോസുടുപ്പിട്ട ഉണ്ടക്കണ്ണി ഒന്നര വയസുകാരിയുടെ മുഖം തെളിഞ്ഞു.

ലച്ചു കാളിങ്….ഉറങ്ങുന്ന ദിവ്യയെ ശല്യം ചെയ്യാതെ ചെറിയൊരു പുഞ്ചിരിയോടെ ഫോൺ കയ്യിലെടുത്തു പുറത്തേക്കിറങ്ങി. വാതിൽ ചാരി ഫോൺ ചെവിയിലേക്ക് ചേർത്ത് പൊട്ടിച്ചിരിച്ചു കൊണ്ടുചോദിച്ചു.

“നിനക്ക് ഉറക്കം കളയാൻ സ്വന്തമായിട്ട് ഒരു കേട്യോനെ തന്നില്ലേടി ഞാൻ…ഇനിയെങ്കിലും എനിക്കിതിരി സമാധാനം തന്നൂടെ…?”

********************

ചില ബന്ധങ്ങൾ അങ്ങനെയാണ്. പുറത്തേക്കു കാണിക്കുന്നതിനുമപ്പുറം ഉള്ളിൽ സ്നേഹിക്കുന്നവർ. പോര് വിളിച്ചു നടക്കുമെങ്കിലും ഒരു മുള്ളു കൊണ്ടുപോലും നോവരുത് എന്നാഗ്രഹിക്കുന്നവർ. ജന്മം കൊണ്ടും കർമം കൊണ്ടും മനസറിയുന്ന എല്ലാ ഏട്ടന്മാർക്കും കുഞ്ഞനിയത്തിമാർക്കും വേണ്ടി…