പിന്നെയും പല തവണ ജിത്തുവും ദിയയും കണ്ടുമുട്ടി എന്നാൽ അവർ തീർത്തും അപരിചിതരായിരുന്നു. പക്ഷേ അവരറിയാതെ…

പുനഃസംഗമം – എഴുത്ത്: ദിയ കൃഷ്ണ

“അതേയ്, പാർക്ക് അടയ്ക്കാൻ സമയമായി…” സെക്യൂരിറ്റി ജീവനക്കാരൻ തെല്ലുറക്കെ ദിയയോടായി പറഞ്ഞു. അവൾ ദയനീയതയോടെ അയാളെ ഒന്നു നോക്കിയിട്ട് ബാഗുമെടുത്ത് പുറത്തേക്ക് നടന്നു.

അവളുടെ മനസ്സ് ദൂരെയെങ്ങോ ആയിരുന്നു. ഇന്ന് അവളുടെ സുഹൃത്തിന്റെ നാവിൽ നിന്നുതിർന്ന വാക്കുകളാണ് അവളുടെ ബുദ്ധിയെ ചിന്താശേഷിയെയെല്ലാം ഉണർത്തിയത്.

2 വർഷം..!! 2 വർഷം കടന്നു പോയിരിക്കുന്നു ദിയ ജിത്തുവുമായി പിരിഞ്ഞിട്ട്. 3 വർഷത്തോളം പ്രണയിച്ചിട്ടും പരസ്പരം മനസിലാക്കാൻ കഴിയാതെ പോയതോർത്തപ്പോ ദിയയുടെ മനസൊന്നു വിങ്ങി. ഒരുമിച്ചുള്ള സന്തോഷത്തോടെയുള്ള ദിനങ്ങൾക്കിടെ ആയിരുന്നു അവർക്കിടയിലേക്ക് ആവണി കടന്നു വന്നത്.

ദിയയും ജിത്തുവും ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്. ജിത്തു ദിയയുടെ സീനിയർ ആയിരുന്നു. ജിത്തുവിന്റെ സഹപാഠിയാണ് ആവണി. ആവണിക്ക് ജിത്തുവിനെ ഒരുപാടിഷടമായിരുന്നു. പക്ഷേ ആവണി അവളുടെ ഇഷ്ടം തുറന്നു പറഞ്ഞപ്പോഴേക്കും ദിയയും ജിത്തുവും ഏറെ അടുത്ത് കഴിഞ്ഞിരുന്നു. ജിത്തു ദിയയെ കുറിച്ച് പറഞ്ഞപ്പോഴും ആവണിയ്ക്ക് വിശ്വാസമായിരുന്നില്ല.

ഒരു ഉച്ച തിരിഞ്ഞ സമയത്ത് ആവണി ദിയയെ കാണാനായി അവളുടെ ക്ലാസ്സിൽ ചെന്നു. ആവണി പക്ഷേ ഒന്നും തന്നെ ദിയയോട് ചോദിച്ചില്ല. ഒന്നും മിണ്ടാതെ നടന്നകന്നു. ഇടയ്ക്കിടെ അവൾ ദിയയെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.

വൈകുന്നേരം ജിത്തു കാര്യം പറഞ്ഞപ്പോഴാണ് ആവണിയുടെ കാര്യം ദിയ അറിയുന്നത്. ദിയ ഒന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അതോടെ ജിത്തുവും ആവണിയും നല്ല സുഹൃത്തുക്കളായി. ദിയക്ക് അവരുടെ ബന്ധത്തിൽ യാതൊരു സംശയവും തോന്നിയില്ല.

ആവണിയുമായുള്ള ബന്ധം പതിയെ പതിയെ അവരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി. അത് വഴക്കുകൾക്കും പിണക്കങ്ങൾക്കും വഴി മാറി തുടങ്ങി.

ജിത്തു കോളേജ് പഠനം കഴിഞ്ഞു മടങ്ങിയെങ്കിലും ഇടയ്ക്കിടെ ദിയയെ കാണാൻ വന്നിരുന്നു. പക്ഷേ അവളുടെ ഉള്ളിലുള്ള വിഷമത്തെ ജിത്തുവിനോട് മുഖം തിരിച്ചാണ് അവൾ തീർത്തത്. പിന്നീട് ജിത്തുവും ദിയയും ഒരിക്കലും സംസാരിച്ചിരുന്നില്ല. പക്ഷേ അവരുടെ കണ്ണുകളിലെ പ്രണയത്തിന് അസ്തമയവുമുണ്ടായിരുന്നില്ല….

ഒരു ദിവസം ദിയയും ആവണിയും വീണ്ടും കണ്ടു മുട്ടി. ആവണി “നിങ്ങൾ പിരിഞ്ഞോ ” എന്ന് ദിയയോട് ചോദിച്ചപ്പോൾ അതെ എന്ന് പറയാനും ഇല്ല എന്നു ദിയക്ക് പറയാനും കഴിഞ്ഞില്ല. അവളുടെ മനസ്സ് അപ്പോഴും ജിത്തുവിന്റെ കൂടെ ആയിരുന്നു.

“ജിത്തു ഇപ്പോൾ പുതിയ കുട്ടിയെ നോക്കുന്നുണ്ടെന്ന കേട്ടത് “

ആവണി അത് പറഞ്ഞപ്പോൾ ദിയയുടെ മനസ്സിൽ ആ വാക്കുകൾ പ്രകമ്പനം കൊണ്ടു. അവൾ ഒന്നും മിണ്ടാതെ അല്പനേരം നിന്നു.പിന്നെ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

“ഞാനും ജിത്തുവും പിരിഞ്ഞു “

പൊള്ളുന്ന ഹൃദയവുമായാണ് ദിയ വീട്ടിൽ ചെന്നു കയറിയത്. അവളുടെ മിഴികൾ പെയ്യാറായ കാർമേഘം പോലെ മൂടിക്കെട്ടിയിരുന്നു. വീട്ടിലെത്തിയതും അവൾ കതകടച്ച് പൊട്ടി കരഞ്ഞു. കഴിഞ്ഞു പോയ വർഷങ്ങൾ മാസങ്ങൾ നിമിഷങ്ങൾ അവയെല്ലാം അവളെ പരിഹസിച്ചു കൊണ്ട് കണ്മുന്നിൽ മിന്നിമറഞ്ഞു.

ആവണി ജിത്തുവിന്റെ അടുത്ത സുഹൃത്തായതു കൊണ്ട് അവിശ്വസിക്കാൻ ദിയക്ക് കഴിഞ്ഞില്ല. അടുത്ത ദിവസം ഒരു സുഹൃത്തുമായി ഷോപ്പിംഗിനു പോയപ്പോൾ വഴിയിൽ വച്ച് ദിയ ജിത്തുവിനെ കണ്ടു. അവൻ അവളുടെ അടുത്ത് ബൈക്ക് നിർത്തി. അവനെ കണ്ട ഭാവം നടിക്കാതെ ദിയ നടക്കാൻ ശ്രമിച്ചപ്പോൾ ജിത്തു തടഞ്ഞു. അന്ന് മറ്റൊരു ജിത്തുവിനെയായിരുന്നു ദിയ കണ്ടത്.

“ഒരു നായയെ പോലെയാണ് അന്ന് ഞാൻ നിന്റെ പിന്നാലെ വന്നത്. നീയൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലല്ലോ..!! നിനക്കെങ്ങനെയാ ദിയ ഇങ്ങനെയൊക്കെയാകാൻ കഴിയുന്നത്??? “

ജിത്തുവിന്റെ കണ്ണിലെ ദേഷ്യം കണ്ട് ദിയ തന്നെ പേടിച്ചു പോയി. എങ്കിലും അവൾ പറഞ്ഞു.

“ഒരേ സമയം, 2 പേരെ കൊണ്ടു നടക്കാൻ ജിത്തുവിന് കഴിയുമല്ലേ??

ആ ചോദ്യത്തിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ അവൻ പറഞ്ഞു..

“2 അല്ല 4 പേരെ!!!!!…..”

അവൾക്കൊന്നും ശബ്‌ദിക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും പറയുന്നതിന് മുൻപ് ജിത്തു ബൈക്കുമെടുത്ത് പോയിരുന്നു.

പിന്നെയും പല തവണ ജിത്തുവും ദിയയും കണ്ടുമുട്ടി എന്നാൽ അവർ തീർത്തും അപരിചിതരായിരുന്നു. പക്ഷേ അവരറിയാതെ അവരുടെ കണ്ണുകൾ പരസ്പരം തിരയുന്നുണ്ടായിരുന്നു. വീണ്ടും മാസങ്ങൾ കടന്നു പോയി.. വർഷങ്ങളും…

****************

ദിയ വീട്ടിൽ ചെന്നു കയറുമ്പോൾ 7.30 ആയിരുന്നു. “എവിടെ ആയിരുന്നു ഇത്രയും നേരം? “

അമ്മയാണത് ചോദിച്ചത്. അവളൊന്നും മിണ്ടാതെ റൂമിലേക്ക് പോയി. കതകടച്ച് വാതിലിനോട് ചാരിയിരുന്നു. ഇന്ന് ദിയയുടെ കോളേജിൽ ഫ്രണ്ട്‌സ് എല്ലാം ചേർന്ന് അവരുടെ പ്രണയാനുഭവം പറയുകയായിരുന്നു. ദിയയെ നിർബന്ധിച്ചപ്പോൾ അവളും പറഞ്ഞു. അപ്പോഴാണ് അവളുടെ ഒരു അടുത്ത സുഹൃത്ത് ചോദിച്ചത്..”അന്ന് ആവണി ജിത്തുവിനെ കുറിച്ച് പറഞ്ഞതൊക്കെ സത്യമാണെന്ന് എന്ത് ഉറപ്പാ നിനക്കുള്ളത്??? “

ആ ചോദ്യത്തിന് മുന്നിൽ ദിയ പതറി. ആവണി പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാൻ തന്റെ കയ്യിൽ തെളിവുകളൊന്നുമില്ല. ആവണി തന്നെയും ജിത്തുവിനെയും വേർപിരിക്കുക ആയിരുന്നെന്നു അവൾക്ക് തോന്നി. ഒരു പക്ഷേ ജിത്തു ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി…അവൾക്കത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.

ദിയക്ക് വിഷമം സഹിക്കാനായില്ല. ജിത്തുവിനെ താൻ തന്നെയാണ് ചതിച്ചതെന്ന് അവൾക്ക് മനസിലായി. ഇനിയൊരു പുനഃസംഗമം സാധ്യമോ?? ദുഃഖതിനൊരറുതി വരുത്താൻ കുത്തി കുറിക്കാനായി അവൾ തന്റെ ഡയറി തിരഞ്ഞു.. പക്ഷേ അവൾക്കതെങ്ങും കണ്ടെത്താനായില്ല. അവസാനമായി അതിലെഴുതിയത് പാർക്കിൽ വച്ചാണ്. ജിത്തുവിനോട് മാപ്പപേക്ഷിച്ചു പറയേണ്ടത് അതിലെഴുതിയിരുന്നു.

“കൃഷ്ണാ, ഡയറി പാർക്കിൽ വച്ചു മറന്നല്ലോ ” അവൾക്ക് ഭയം തോന്നി. ആരെങ്കിലും എടുത്ത് വായിച്ചാലോ. ജിത്തുവിന്റെ ഫോട്ടോയും അതിലുണ്ട്. അവൾക്ക് ആലോചിച്ചിട്ട് ഒരു പിടിത്തവും കിട്ടിയില്ല. അടുത്ത ദിവസം തന്നെ അവൾ ഡയറിയും തിരഞ്ഞ് പാർക്കിലേക്ക് പോയി. അവൾ സ്ഥിരം ഇരിക്കാറുള്ള സിമന്റ് കസേരക്കരികിലും മരത്തിനരികിലും അവൾ ഒരുപാട് തിരഞ്ഞു.

“ഇതാണോ, തിരയുന്നത് “???

ശബ്ദം കേട്ട് ദിയ ഞെട്ടി തിരിഞ്ഞു നോക്കി. ഒരു ചെറിയ ചിരിയോടെ ഡയറിയും പിടിച്ച് ജിത്തു നിൽക്കുന്നു. അവൾ എന്തു പറയണമെന്നറിയാതെ പകച്ച് ജിത്തുവിനെയും നോക്കി നിന്നു.

“ഇവിടത്തെ സെക്യൂരിറ്റി, എന്റെ അയൽവാസിയാണ്.അയാൾ ഏൽപ്പിച്ചതാണ് ഇതെന്നെ. എന്നെ മനസിലാക്കാൻ നിനക്ക് 2 വർഷം വേണ്ടി വന്നൂല്ലേ ദിയാ.. !!”

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾക്കത് കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ജിത്തുവിനെ കെട്ടി പിടിച്ചു.

“എന്നോട് ക്ഷമിക്ക്.. ജിത്തു.. എന്നോട് ക്ഷമിക്ക്.. “

ജമന്തി പൂക്കൾ കാറ്റത്ത് തലയാട്ടി. കൈകൾ കോർത്ത് അവർ ആ പൂന്തോട്ടത്തിലൂടെ പഴയതെല്ലാം മറന്ന് നടന്നു. പുതിയ ജീവിതത്തിന് വർണ്ണ പകിട്ടു നൽകാൻ.. ഇനിയൊരു 100 ജന്മം ഒരുമിച്ച് ജീവിക്കാൻ…

(കഥയിൽ ഇങ്ങനൊക്കെ ആണേലും ജിത്തുവിനെ ആവണി കൊണ്ടോയി സൂർത്തുക്കളേ ) വായനയ്ക്ക് ഒത്തിരി നന്ദി