നിനക്കായ് – ഭാഗം 13 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആഘോഷത്തിൻറെ ഒരുക്കങ്ങൾ അടുക്കളയിൽ രാവിലെ തന്നെ അമ്മയും ഞാനും കൂടെ തുടങ്ങിയിരുന്നു. ചേച്ചിയോട് ഈ വഴിയേ വന്നേക്കരുത് എന്ന് ആദ്യമേ ചട്ടം കെട്ടിയതിനാൽ അവൾ ഇപ്പോഴും ഉറക്കത്തിലാണ്. ചേച്ചിയുടെ ഇഷ്ട വിഭവമായ ഇടിയപ്പം ഉണ്ടാക്കുന്നതിൽ ഞാനും കടലക്കറി ഉണ്ടാക്കുന്നതിൽ അമ്മയും അന്നത്തെ ജോലികൾ ചെയ്തു തുടങ്ങി. അതിനിടയ്ക്ക് ഉച്ചത്തെ സദ്യക്ക് വേണ്ട ഓരോ കാര്യങ്ങളും നോക്കി നോക്കി ചെയ്യുന്നുണ്ട് അമ്മ.

സിദ്ധു എഴുന്നേറ്റോ എന്നറിയാൻ വല്ലാത്ത കൗതുകം തോന്നിയിരുന്നെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മുകളിലേക്ക് കയറി പോകാൻ വയ്യ. ഒരു ചായ കുടിക്കുന്ന ശീലമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് കൊടുക്കാൻ എന്ന മട്ടിൽ കയറി ചെല്ലാമായിരുന്നു..വല്ലാത്തൊരു അക്ഷമ എന്നെ വന്നു മൂടുന്നുണ്ടായിരുന്നു.

“നീ എന്താടാ ഇവിടെ കിടന്ന് വട്ടം തിരിയുന്നത്? ഇന്ന് ഓട്ടവും ചാട്ടവും ഒന്നുമില്ലേ?..” അച്ഛൻറെ ചോദ്യം കേട്ടതും ആള് താഴെ ഹാളിൽ എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി.

“ഓ. ഇന്ന് ഒരു മൂഡില്ല അച്ഛാ.. ആകെ ഒരു ക്ഷീണം…ദൂരയാത്ര ചെയ്തതിൻറെ ആവും…”

സിദ്ധുവിൻറെ മറുപടി കേട്ടതും എനിക്ക് ഉള്ളിൽ ചിരി പൊട്ടിയിരുന്നു.

“എന്നാൽ പിന്നെ പത്രത്തിൽ പോയി തലപൂഴ്ത്തി ഇരിക്ക്.. ഇനി അതിനും ക്ഷീണമുണ്ടോ?…”

“അത് പിന്നെ ഞാൻ.. അടുക്കളയിലോട്ടു..വല്ല സഹായവും വേണോന്നറിയാൻ.. ഇന്നലെ അങ്ങനെയൊക്കെ അല്ലേ നമ്മൾ പ്ലാൻ ചെയ്തത്..” അച്ഛൻറെ കയ്യീന്ന് രക്ഷപ്പെട്ടു അടുക്കളയിൽ എത്താൻ സിദ്ധു വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്ന് തോന്നി.

“എൻറെ പൊന്നേ പറഞ്ഞപോലെ ഞാനതങ്ങു മറന്നു ..” സിദ്ധുവിനെകാൾ മുന്നേ അടുക്കളയിൽ എത്തിയത് അച്ഛനായിരുന്നു.

സിദ്ധുവിൻറെ നോട്ടം എന്നിലേക്ക് എത്തുന്നത് അറിയാൻ കഴിഞ്ഞിട്ടും മുഖം കൊടുക്കാൻ തോന്നിയില്ല.. എന്തെന്നില്ലാത്ത ഒരു പരവേശം..ആളെ കാണണം എന്നുണ്ട് പക്ഷേ ആ നോട്ടം താങ്ങാൻ ശക്തിയില്ലാത്ത പോലെ..

“കാപ്പികുടി കഴിഞ്ഞിട്ട് മതി സഹായം.. അടുക്കളയിൽ നിന്ന് പോയാട്ടെ.. എന്നുവച്ച് രണ്ടും മുങ്ങികളയരുത്.. എനിക്കിവിടെ ഒത്തിരി ജോലി ചെയ്യിക്കാൻ ഉണ്ട് …” അമ്മ പറഞ്ഞു തുടങ്ങിയില്ല അച്ഛൻ സ്ഥലം കാലിയാക്കി യിരുന്നു.. ചേച്ചി അപ്പോഴേക്കും കുളി കഴിഞ്ഞു ചുമന്ന ഒരു കോട്ടൺ സാരി ഉടുത്ത് പതിവിലും സുന്ദരിയായി വന്നു.. പിറകെ വാലുപോലെ കിച്ചു ഏട്ടനും..

“ക്ഷീണം തോന്നുന്നുണ്ടോ മീനു..” അമ്മ വന്ന് ചേച്ചിയുടെ നെറ്റിയിൽ ഒക്കെ തൊട്ടു നോക്കുന്നുണ്ട്..

“ഇല്ലമ്മേ ഒരു കുഴപ്പവുമില്ല… വെറുതെ ഇരിക്കുന്നതിൻറെ കുഴപ്പമേയുള്ളൂ.. എന്നെ കൂടെ വല്ലതും ചെയ്യാൻ സമ്മതിച്ചാൽ മതി..”

“ഏടത്തി പറഞ്ഞതാണ് ശരി. പതിവുപോലെ ചെയ്യുന്ന ജോലികൾ ഒക്കെ ചെയ്യണം. എന്നാലും ആദ്യത്തെ 3 മാസം ചെറുതായൊന്നു ശ്രദ്ധിക്കണം എന്നേയുള്ളൂ..” സിദ്ധു ഒരു പ്രസംഗത്തിനുള്ള ഒരുക്കം ആണെന്ന് തോന്നുന്നു.

“എടാ അതൊക്കെ എനിക്കും അറിയാം.. ഞാൻ പ്രസവിച്ചിട്ട് തന്നെയാ നീ ലോകം കണ്ടത്.. എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ ഒരു ദിവസം ഇവർ രണ്ടാൾക്കും റെസ്റ്റ് തന്നെയാണ്..”

“കൂട്ടത്തിൽ ഏട്ടനും ഉണ്ടോ സൗജന്യം…” സിദ്ധു കിച്ചു ഏട്ടൻറെ വയറിനിട്ട് കളിയായിട്ട് ഇടിക്കുന്നത് കണ്ടു.

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോഴാണ് സിദ്ധു വുമായി മുഖത്തോട് മുഖം നോക്കുന്നത്. പെട്ടെന്ന് തന്നെ മുഖം താഴ്ത്തി എങ്കിലും ഒരു ചിരി ഉണ്ടായിരുന്നു മുഖത്ത് .അമ്മയും ഞാനും കഴിച്ചെന്ന് വരുത്തി പെട്ടെന്നെഴുന്നേറ്റു. അച്ഛനും സിദ്ധുവും കൂടിയാണ് പാത്രങ്ങളൊക്കെ എടുത്ത് കഴുകി വെച്ചത്.

പായസത്തിനടക്കം സദ്യക്ക് വേണ്ട തേങ്ങ മൊത്തം പൊതിക്കാനും ചിരകാനും പാൽ എടുക്കാനും ഒക്കെ ആയിട്ട് അച്ഛന് പിടിപ്പത് ജോലിയുണ്ട്. പച്ചക്കറി അരിയാനാണ് സിദ്ധുവിനെ ഏൽപ്പിച്ചത്. എല്ലാം കണ്ടും കേട്ടും കൊണ്ട് ചേച്ചിയും കൗണ്ടർ അടിച്ചുകൊണ്ട് ചേട്ടനും അടുക്കളയിൽ തന്നെ നിൽപ്പുണ്ട്. എല്ലാവരെയും കണ്ടു കൊണ്ടിരിക്കുന്നത് ആണത്രേ അവർക്ക് സന്തോഷം.

ഞാൻ നോക്കിയതും സിദ്ധു സർജറി ബ്ലേഡ് പിടിക്കുന്ന പോലെ കത്തിയും പിടിച്ച് നിൽപ്പുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ ആൾക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ലെന്ന് ബോധ്യമായി. സഹായം വല്ലതും വേണോ എന്ന് ചോദിച്ചു ചെന്നതും ഇതൊക്കെ നിസ്സാരം എന്ന മട്ടിൽ എന്നെ ഓടിച്ചു വിട്ടു.

ഞാൻ എൻറെ പണി തുടങ്ങി ഒരു മിനിറ്റ് കഴിഞ്ഞു കാണില്ല” അമ്മേ ” ന്നുള്ള നിലവിളി കേട്ടു. കൈ മുറിഞ്ഞ താണെന്ന കാര്യത്തിൽ സംശയമേ ഇല്ലായിരുന്നു. വെപ്രാളത്തിൽ ഓടിച്ചെന്ന് ചോര പൊടിഞ്ഞിരിക്കുന്ന ചൂണ്ടുവിരൽ എടുത്തു വായിൽ വെച്ചു. സിദ്ധുവിൻറെ മുഖഭാവം കണ്ടിട്ട് ഇപ്പോൾ കരയും എന്ന മട്ടാണ്. അപ്പോഴേക്കും ഒച്ചപ്പാട് കേട്ടിട്ട് എല്ലാവരും ഓടി എത്തിയിരുന്നു. ഞാൻ വായിൽ നിന്നും വിരൽ എടുത്തു പരിശോധിച്ചതും ചെറിയൊരു പോറൽ .. ഇതിനായിരു ന്നോ തല വെട്ടിയെടുത്ത പോലെ അലറിക്കരഞ്ഞത് എന്നായിരുന്നു എൻറെ ഭാവം..എങ്കിലും കളിയാക്കി ചിരിച്ചില്ല.

“അയ്യേ ..ഇതിനാണോ ഇവൻ..” കിച്ചു ഏട്ടൻ ചിരി തുടങ്ങിയിരുന്നു.

“അല്ലടാ കിച്ചു …ഈ തുപ്പല് തൊട്ടാൽ സെപ്റ്റിക് ആകില്ലേ? പണ്ട് ഞാൻ എൻറെ ഭാര്യയുടെ വിരലിൽ തുപ്പൽ ആക്കി എന്നും പറഞ്ഞു വാളെടുത്ത ഒരു ഡോക്ടറെ നിനക്കോർമ്മയുണ്ടോ?..” അച്ഛനാണ്. വാലു മുറിഞ്ഞ് നിൽക്കുന്ന സിദ്ദുവിനെ കണ്ടതും എല്ലാവരുടെയും മുന്നിൽ വെച്ച് ചെയ്തതോർത്ത് ചമ്മലോടെ തലതാഴ്ന്നു പോയിരുന്നു . സിദ്ധുവിനും ആഘോഷം ഏതാണ്ട് മതിയായ മട്ടാണ് . ദയനീയതയോടെ അമ്മയെ നോക്കുന്നത് കണ്ടു.

“മോൻ പോയി ക്ലീനിങ് വല്ലതും ചെയ്യാനുണ്ടോന്ന് നോക്കൂ.. അതാണ് എനിക്ക് ഏറ്റവും വലിയ സഹായം”. സിദ്ധു എന്നെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോകുന്നത് കണ്ടു. പിന്നാലെ അച്ഛനും മുങ്ങുന്നത് കണ്ടു.

“നിങ്ങൾ എങ്ങോട്ടാ .. ഇവിടെ നൂറായിരം പണിയുണ്ട്..പച്ചക്കറി പെട്ടെന്ന് അരിഞ്ഞു തന്നാട്ടെ…” പെട്ടു എന്ന അർത്ഥത്തിൽ ഞങ്ങളെ നോക്കി നിൽക്കുന്ന അച്ഛൻ മനപ്പൂർവം കൈ മുറിക്കും എന്ന് തോന്നി. വൈകാതെ ഒരു നിലവിളി കൂടി പ്രതീക്ഷിച്ചു എങ്കിലും ഭാഗ്യത്തിന് ന അത് ഉണ്ടായില്ല .

ഏകദേശം ജോലിയെല്ലാം ഒതുങ്ങി കഴിഞ്ഞപ്പോഴേക്കും മുറ്റത്തുനിന്നും ഹോണടി കേട്ടു. അച്ഛനെയും മുത്തശ്ശിയും കാണാൻ ഉള്ളം തുടിച്ചു തുടങ്ങിയിരുന്നു.ചേച്ചിയും കിച്ചു ഏട്ടനും പിന്നെയും രണ്ടുതവണ വീട്ടിൽ പോയിരുന്നു എങ്കിലും ഞാൻ മനപ്പൂർവ്വം പോകാതെ ഇരുന്നതാണ്. എൻറെ ആദ്യ ശമ്പളം കൊണ്ട് വാങ്ങിച്ച അച്ഛനും മുത്തശ്ശിക്കും ഉള്ള വസ്ത്രങ്ങളൊക്കെ അവളുടെ കയ്യിൽ കൊടുത്തു വിട്ടതായിരുന്നു. എന്തോ ആ വീടും അവിടത്തെ ഓർമകളും എനിക്ക് വേണ്ടെന്നു തോന്നി.

മുറ്റത്തിറങ്ങി ചെന്ന് മുത്തശ്ശിയുടെ കയ്യിൽ പിടിച്ച് പടികൾ കയറാൻ സഹായിച്ചു. അച്ഛൻ അപ്പോഴേക്കും ഡിക്കി തുറന്നു വച്ചിരുന്നു. ചേമ്പും ചേനയും കപ്പയും കാച്ചിലും മത്തനും ഇളവനും എന്തിനേറെ പച്ചമുളക് വരെ കുത്തിനിറച്ച് വെച്ചിരിക്കുന്നു.

“ഇതെന്താ വാസുദേവാ.. ഒരു ലോറിയിൽ കൊള്ളാവുന്ന സാധനങ്ങൾ ഉണ്ടല്ലോ?..” എന്നെപ്പോലെ അച്ഛനും അതിശയപ്പെട്ടു ചോദിക്കുന്നത് കേട്ടു.

“അത് പിന്നെ വിഷം അടിച്ച പച്ചക്കറി ഒന്നും മീനുവിന് ഇനി കൊടുക്കണ്ട. ഇതൊക്കെ ജൈവവളം മാത്രം ഇട്ട് എൻറെ കൈകൊണ്ട് ഉണ്ടാക്കിയതാണ്.. എടുത്തുവച്ച സാധനങ്ങൾ ഇനിയും അവിടെ ഇരിപ്പുണ്ട് ഇതിനകത്ത് കൊള്ളാഞ്ഞിട്ടാണ്.. ഇത് തീരുമ്പോഴേക്കും കിച്ചുവോ സിദ്ധുവോ അതുവഴി വന്നാൽമതി.. എനിക്ക് പണ്ടത്തെ പ്പോലെ ഇത്ര ദൂരം വണ്ടി ഓടിച്ചു വരാൻ ഒന്നും പറ്റുന്നില്ല. ആകപ്പാടെ ഒരു വെപ്രാളമാണ് വയസ്സായി വരുന്നതിൻറെതാവും…”

“വിശേഷങ്ങളൊക്കെ അകത്തു കയറി സ്വസ്ഥതയോടെ ഇരുന്നിട്ട് പറയാം മാഷേ.. സാധനങ്ങളൊക്കെ ഇവന്മാര് ഇറക്കി വച്ചോളും …” അമ്മ അച്ഛനെയും വിളിച്ച് അകത്തേക്ക് പോയി. മുത്തശ്ശി ചേച്ചിയെ തൊട്ടുഴിയുന്ന കൂട്ടത്തിൽ കെട്ടിപ്പിടുത്തവും കണ്ണീരും ആകെ ജഗപൊഗയാണ് .

“മാളു” സിദ്ധുവിൻറെ ശബ്ദം മുറ്റത്തുനിന്നും കേട്ടതും സാധനങ്ങൾ ഇറക്കി വയ്ക്കാൻ അടുക്കള വശത്തേ വാതിൽ തുറക്കാൻ ആയിരിക്കുമെന്ന് ഊഹിച്ചിരുന്നു.

“ദാ വരുന്നു..” ധൃതിയിൽ നടക്കാൻ ഒരുങ്ങിയതും സംഭാഷണങ്ങൾക്കിടയിലൂടെ എന്നെ ശ്രദ്ധിക്കുന്ന അച്ഛനെ കണ്ടു. വാതിൽ തുറന്നു കൊടുത്തു ഞാൻ ചായ ഉണ്ടാക്കിയപ്പോഴേക്കും സാധനങ്ങളൊക്കെ രണ്ടുപേരും കൂടി എടുത്തു വച്ചിരുന്നു. കിച്ചു ഏട്ടൻ പോയി കഴിഞ്ഞതും ഞാൻ എടുത്തു വച്ചിരുന്ന പലഹാരങ്ങൾ സിദ്ധു പ്ലേറ്റുകളിൽ ഒരുക്കി വെക്കുന്നത് കണ്ടു. ചായ ട്രെയുമായി ഞാനും പലഹാരങ്ങളുമായി സിദ്ധുവും ഹാളിലേക്ക് നടന്നു.

അച്ഛനും അമ്മയും പഴയ സ്കൂൾ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ഇവിടുത്തെ അച്ഛൻ വേറെ രക്ഷ ഒന്നും ഇല്ലാത്തതിനാൽ കിച്ചു ഏട്ടനെ പിടിച്ച് എന്തൊക്കെയോ കത്തി വയ്ക്കുന്നുണ്ട്.മുത്തശ്ശി ചേച്ചിക്ക് ഗർഭകാലം ക്ലാസ് തുടങ്ങിയിട്ടുണ്ട്. ചായ കുടിച്ച് കഴിഞ്ഞപ്പോഴേക്കും ക്ലാസ്സ് പുരോഗമിച്ച് ഏഴാം മാസത്തിൽ എത്തിയിട്ടുണ്ട്.

“എൻറെ മുത്തശ്ശി ..എല്ലാം കൂടി ഇപ്പോൾ പറഞ്ഞു തീർക്കേണ്ട..പ്രസവത്തിന് ഇനിയും 9 മാസം നീളത്തിൽ കിടപ്പുണ്ട്..” മുത്തശ്ശിയുടെ മറുപടി കേട്ടതും പറയേണ്ടായിരുന്നു എന്ന് തോന്നി.

“പറഞ്ഞ പോലെ നിന്നെ കൂടി വിളിക്കേണ്ടതായിരുന്നല്ലോ മാളുവേ.. വൈകാതെ നിനക്കും ആവശ്യം വരില്ലേ?..” എല്ലാവരും എന്നെ നോക്കി ചിരിച്ചെങ്കിലും ആ വർത്തമാനം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. സിദ്ധു മാത്രം മസില് പിടിച്ച് നിൽക്കുന്നത് കണ്ടതും മ്മക്ക് ഇതിനൊന്നും അടുത്ത കാലത്തൊന്നും യോഗമില്ല എന്ന് സ്വയം ആശ്വസിപ്പിച്ചു.

അവരുടെ സംസാരങ്ങൾ നീണ്ടു പോയതും എനിക്കും സിദ്ദുവിനും ബോറടിച്ചു തുടങ്ങിയിരുന്നു .

ഉച്ച ഭക്ഷണം എടുത്തു വെക്കുന്ന കാര്യങ്ങൾ ഞങ്ങൾ തന്നെ ഏറ്റെടുത്തു. ഇല വെട്ടി കൊണ്ട് വന്നു കഴുകി വെച്ചെങ്കിലും ഇല്ല വെക്കേണ്ട രീതിയോ വിഭവങ്ങൾ വിളമ്പേണ്ട വിധമോര ഒന്നും ആൾക്ക് അറിയില്ല എന്ന് മനസ്സിലായി. ഒരു ഇലയിട്ട് വിളമ്പി സാമ്പിൾ കാണിച്ചു കൊടുത്തതും പിന്നെ എല്ലാത്തിനും ആള് തന്നെ മതി.

അവരെ എല്ലാവരെയും ഒരുമിച്ചിരുത്തി വേണ്ടതെല്ലാം ഞങ്ങൾ എത്തിച്ചു കൊടുത്തു. ഞങ്ങൾ തമ്മിലുള്ള ആശയവിനിമയങ്ങൾ അച്ഛൻ കഴിക്കുന്നതിനിടയിലും ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പിന്നെ വീട്ടിലേക്ക് പോകാതിരുന്നത് അച്ഛന് ഒത്തിരി സംശയങ്ങൾ ബാക്കി വെച്ചിരുന്നു എന്ന് തോന്നി. ഞാൻ ഒരു പുഞ്ചിരിയോട് കൂടി അച്ഛൻ കഴിക്കുന്നത് നോക്കിയിരുന്നു.

എല്ലാവരും എഴുന്നേറ്റ് കഴിഞ്ഞതും ഞങ്ങൾ രണ്ടുപേരും കഴിക്കാനായി ഇരുന്നു. ഞങ്ങളെ ഒന്ന് നോക്കിയിട്ട് ശല്യം ചെയ്യേണ്ട എന്ന് കരുതിയാവും അമ്മയും ചേച്ചിയും ഒക്കെ ഹാളിലേക്ക് പോയി. കുറച്ചു കഴിഞ്ഞതും അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു.

“വല്ലതും വേണോ?.. ഞാൻ വിളമ്പി തരാം..”

“എല്ലാം ഇവിടെ തന്നെയില്ലേ. ഞങ്ങൾ എടുത്ത് കഴിച്ചോളാം. ഹോളിൽ പോയി ഇരിക്ക് അച്ഛാ…” സിദ്ധു ആണ് മറുപടി പറഞ്ഞത്.

“നിങ്ങളോട് തെറ്റ് ചെയ്തു എന്നൊരു കുറ്റബോധം വല്ലാതെ ഉണ്ടെനിക്ക് . മകളുടെ ഭാവിയെക്കുറിച്ചുള്ള എന്നിലെ വൃദ്ധന്റെ ഭയം ആയിരിക്കാം സിദ്ധുവിൻറെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒന്നും ചോദിച്ചറിയാതെയാണ് ഞാനന്ന് അങ്ങനെയെല്ലാം പെരുമാറിയത്.. മറ്റൊരുതരത്തിൽ പറഞ്ഞാൽ നിങ്ങളുടെ ജീവിതം കയ്യിൽ എടുത്തതിന് ഈ വൃദ്ധനോട് മാപ്പാക്കണം…”

“എന്താ അച്ഛാ ഇത്.. അച്ഛനോട് എന്നും നന്ദിയും സ്നേഹവും ഒക്കെയേ ഉള്ളൂ മനസ്സിൽ.. ഇങ്ങനെ യൊന്നും ഞങ്ങളോട് പറയല്ലേ..” ഞാൻ തന്നെയാണ് മറുപടി പറഞ്ഞത്. അച്ഛൻ സന്തോഷത്തോടെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.

“ഇനി നിങ്ങളുടെ വക എന്നാണ് ഇങ്ങനെയൊരു സദ്യ?” ആ ചോദ്യം പക്ഷേ ഞങ്ങൾ രണ്ടാളും പ്രതീക്ഷിച്ചില്ലായിരുന്നു. ഒരു വിഷമത്തോടെ സിദ്ദു എന്നെ നോക്കുന്നത് കണ്ടു.

“എനിക്ക് കുറച്ചു കൂടി പഠിക്കണമെന്നുണ്ട് അച്ഛാ.. പിന്നെ ചേച്ചിയുടെ കാര്യങ്ങളും ഭംഗിയായി കഴിയട്ടെ…” അച്ഛൻ ഒന്ന് മൂളിയിട്ട് ഹാളിലേക്ക് പോകുന്നത് കണ്ടു. എൻറെ ഉത്തരം കേട്ടതും സിദ്ധുവിൻറെ മുഖവും തെളിഞ്ഞിട്ടുണ്ട്.

കുറേ കഴിഞ്ഞ് ആരും ശ്രദ്ധിക്കാത്ത ഒരു നേരത്ത് അച്ഛൻ എന്നെ വീണ്ടും തേടി വന്നു. ഞാനിത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. “നിൻറെ തീരുമാനങ്ങളൊക്കെ സിദ്ധുവിൻറെ കൂടി സമ്മതത്തോടെയാണോ മോളേ ?”

“അതെ അച്ഛാ.. ഞങ്ങൾ കൂടിയാലോചിച്ച് തന്നെ തീരുമാനം എടുത്തതാണ്. വേണമെങ്കിൽ അച്ഛൻ സിദ്ധുവിനോട് തന്നെചോദിച്ചു നോക്കൂ..നിങ്ങൾ തമ്മിൽ വലിയ കൂട്ടല്ലേ”

“കൂട്ടു കൂടാതെ തരമില്ല മാളു… നിനക്കൊരു ജീവിതം തരാൻ സ്വന്തം ജീവിതം നീട്ടി തന്നവനാണവൻ.. എൻറെ മോൾ ആയിട്ട് ഒരിക്കലും അവൻറെ സന്തോഷം കെടുത്തരുത്.. ഇന്ന് നിങ്ങളുടെ കുടുംബജീവിതം കണ്ടതും അച്ഛൻറെ മനസ്സുനിറഞ്ഞു. ഇനി എനിക്ക് സന്തോഷമായിട്ട് കണ്ണടക്കാം “

“അതെ മുത്തശ്ശിക്ക് ഇപ്പോഴും മധുരപ്പതിനേഴ് കഴിഞ്ഞിട്ടില്ല.. എന്നിട്ടല്ലേ അച്ഛൻറെ കണ്ണടയ്ക്കണത്..ഒന്നു പോ അച്ഛാ…” ഞാൻ സ്നേഹം കലർന്ന ശാസന യോടെ അച്ഛനെ കെട്ടിപ്പിടിച്ചിരുന്നു.

എൻറെ തലയിൽ അച്ഛൻ വാത്സല്യത്തോടെ തലോടി. “നല്ലതേ വരൂ എൻറെ കുട്ടിക്ക്.. അച്ഛൻറെ അനുഗ്രഹം എന്നും കൂടെയുണ്ടാകും..എന്നെ അനുസരിച്ചതിന് ഒത്തിരി നന്ദിയുണ്ട് നിന്നോട് …സൗഭാഗ്യങ്ങൾ എല്ലാം ഒന്നൊന്നായി നിന്നെ തേടി വരും കുട്ടി. എൻറെ രണ്ടു മക്കളുടെയും ജീവിതം കണ്ടിട്ട് മനസ്സ് നിറഞ്ഞു..ഇന്നെനിക്ക് സന്തോഷത്തിൻറെ ദിവസമാണ്. “

“ഇതെന്താ മാഷേ അച്ഛനും മോളുടെ ഒരു സ്വകാര്യം…” അമ്മയത് ചോദിച്ചു കൊണ്ടുവന്നതും ഞങ്ങൾ രണ്ടുപേരും കണ്ണുതുടച്ചിരുന്നു.

“ഓരോന്ന് പറഞ്ഞ് നേരം പോയതറിഞ്ഞില്ല… ഞങ്ങൾ ഇറങ്ങട്ടെ ടീച്ചറെ..” അച്ഛൻ പെട്ടെന്ന് വിഷയം മാറ്റുന്നത് കണ്ടു.

“ഇന്നിനി യാത്ര വേണോ മാഷേ… ഈ രാത്രി നമ്മൾക്ക് ഒരുമിച്ചങ്ങ് കൂടാം.. നാളെ ഞായറാഴ്ചയല്ലേ… ഊണൊക്കെ കഴിഞ്ഞ് ഇത്തിരി നേരത്തെ പോകാം.. ഒന്നുമില്ലെങ്കിൽ മാഷിൻറെ മക്കളുടെ വീടല്ലേ ഇത്..”

“പോയേ പറ്റൂ ടീച്ചറെ.. എൻറെ വെണ്ടക്കും ചീരക്കും വെള്ളം നനയ്ക്കാനും കോഴിയേയും താറാവിനെയും കൂട്ടിലടക്കാനും ഒക്കെ ഉള്ളതാ. ഇവര് പോന്നതിൽ പിന്നെ അവരൊക്കെയാണ് എൻറെ മക്കൾ…”

ഒറ്റപ്പെടലിൻറെ വേദന അച്ഛൻറെ വാക്കുകളിൽ വ്യക്തം ആയിരുന്നെങ്കിലും ഈ പറഞ്ഞ കാരണങ്ങൾ ഒന്നുമല്ല യാഥാർത്ഥ്യം. അമ്മ ഉറങ്ങുന്ന ചന്ദ്രോത്തേ മണ്ണിലല്ലാതെ ഒരു അന്തിപോലും തല ചായ്ക്കാൻ അച്ഛന് പറ്റില്ല എന്നത് എനിക്കും ചേച്ചിക്കും വ്യക്തമായി അറിയാമായിരുന്നു. അമ്മ പ്രതീക്ഷയോടെ നോക്കുന്നുണ്ട് എങ്കിലും എന്തോ അവരെ നിർബന്ധിക്കാൻ നിന്നില്ല. എല്ലാവരും മുറ്റത്തിറങ്ങി വന്ന് സന്തോഷത്തോടെ അവരെ യാത്രയാക്കി.

അവർ പോയി കഴിഞ്ഞതും ചേച്ചിയുടെ മുഖത്ത് നല്ല ക്ഷീണം കണ്ടു. എനിക്കും വല്ലാത്ത തളർച്ച തോന്നി. പതിവിൽ കവിഞ്ഞ ജോലിയും ഉറക്കക്കുറവും എല്ലാംകൂടി ഒരു ക്ഷീണം പോലെ. അമ്മയോട് പറഞ്ഞു ഞാനും ഉറങ്ങാൻ കിടന്നു. പകലുറക്കം പതിവില്ലെങ്കിലും ഉറക്കം പെട്ടെന്ന് വന്നു. മയക്കത്തിലേക്ക് വീണതും സിദ്ധുവും അടുത്ത വന്നു കിടക്കുന്നതറിഞ്ഞിരുന്നു.

ഉറക്കത്തിൽ നിന്നും കിച്ചു ഏട്ടൻ ആണ് എന്നെ തട്ടിവിളിച്ചുണർത്തിയത്. അതിശയത്തോടെ ചുറ്റും നോക്കിയതും ജനലിനപ്പുറം കൂരിരുട്ട് സാമ്രാജ്യം തീർത്തിരുന്നു. ഇത്ര പെട്ടെന്ന് രാത്രി ആയോ?..

“മാളു പെട്ടന്ന് റെഡിയാവൂ നമുക്ക് ഒരിടം വരെ പോണം” മുഖത്ത് നോക്കാതെയാണ് ഏട്ടൻ അത് പറഞ്ഞത്.

“പോവാനോ.. എന്നിട്ട് സിദ്ധു എന്തിയേ ഏട്ടാ. ഞാനങ്ങ് ഉറങ്ങിപ്പോയി..”

“അവൻ വരും.. മോള് പെട്ടെന്ന് റെഡി ആവു.. എല്ലാവരും താഴെ കാത്തിരിക്കുകയാണ്..” ഏട്ടൻ പെട്ടെന്ന് തന്നെ ഇറങ്ങി പോകുന്നത് കണ്ടു.

വല്ല സിനിമയ്ക്കും പോകുന്നത് ആയിരിക്കുമെന്നാണ് കരുതിയത്. പാതിരാത്രി ആരെ കാണിക്കാനാണ് എന്ന് കരുതി അത്ര മുന്തിയതല്ലാത്ത ഒരു ചുരിദാർ എടുത്തിട്ടു. ചേച്ചിയും അതുപോലെതന്നെ സിമ്പിൾ ആയിട്ടാണ് ഒരുങ്ങി വന്നത്. അവൾക്ക് ഇനിയും ഉറക്കം മതിയായിട്ടില്ല എന്ന് തോന്നി. സിദ്ധു വന്നില്ലല്ലോ എന്ന ചിന്തയോടെ നിന്നതും” പെട്ടെന്ന് കയറു മോളെ.. അവൻ അങ്ങോട്ടേക്ക് എത്തും..” ഏട്ടൻ പറഞ്ഞത് കേട്ടപ്പോഴാണ് പാർക്കിംഗിലേക്ക് നോക്കിയത്.. സിദ്ദു വണ്ടിയുമെടുത്ത് ആണ് പോയിട്ടുള്ളത്.

ഞങ്ങൾക്കിടയിൽ ആണ് അമ്മ ഇരുന്നത്. ചേച്ചി കയറിയപാടെ അമ്മയുടെ തോളിൽ തല വെച്ച് ഉറക്കം തുടങ്ങി. സിദ്ധു ഒന്നും പറയാതെ പോയതിൻറെ പരിഭവം ഉള്ളതിനാൽ എന്നെ ഉറക്കം തഴുകിയില്ല . ഇരുട്ടിൽ ആണെങ്കിലും പോകുന്ന വഴി അത്ര പരിചിതമല്ല എന്ന് തോന്നി. എന്തായാലും ടൗണിലേക്കുള്ള വഴി അല്ല എന്ന് തോന്നി. “നമുക്ക് വഴി എങ്ങാനും തെറ്റിയോ ഏട്ടാ” മുന്നറിയിപ്പ് പോലെയാണ് ചോദിച്ചത്.

“ഇരുട്ട് ആയിട്ട് തോന്നുന്നതാണ് മോളെ.. വഴി തെറ്റിയാലും അച്ഛനുണ്ട് നോക്കാൻ..പേടിക്കേണ്ട കേട്ടോ.. മോളും കണ്ണടച്ച് ഇത്തിരിനേരം ഉറങ്ങിക്കോ..” അച്ഛൻറെ വാക്കുകൾ കേട്ടതും ഇത്തിരിനേരം കണ്ണടച്ച് ഇരുട്ടിലേക്ക് നോക്കി കിടന്നു.

കുറച്ചു ദൂരം ഓടി കഴിഞ്ഞതും വഴികളൊക്കെ പരിചിതമായി വരുന്നതറിഞ്ഞു… നടന്നു നീങ്ങിയ ചെമ്മണ്ണിൽ പൊതിഞ്ഞ നാട്ടുവഴികൾ.. ഇത് എൻറെ ചന്ദ്രോത്ത് വീട്ടിലേക്ക് ആണല്ലോ എന്നോർത്തതും ടോർച്ചും കൈയ്യിലേന്തി ഒറ്റയ്ക്കും കൂട്ടമായും നടന്നു പോകുന്ന നാട്ടുകാരെ യാണ് ശ്രദ്ധിച്ചത്. വീടിനടുത്ത് എത്തി തുടങ്ങുന്നതും അതൊരു വലിയ ആൾക്കൂട്ടമായി രൂപാന്തരപ്പെടുന്നതറിഞ്ഞു.

ഉള്ളിലെ ഭയം പർവ്വതം കണക്കെ വലുതായി വരുന്നു. വണ്ടി നിർത്തി കഴിഞ്ഞിട്ടും കാലുകൾക്ക് ചലനശക്തി നഷ്ടപ്പെട്ടതുപോലെ.. കരിങ്കൽ പാറകൾ കൊണ്ട് കരുത്തേകിയത് പോലെ അവ എന്നെക്കൊണ്ട് ശക്തിയിൽ വലിച്ചെടുക്കാൻ പോലും ആകാതെ ഉറച്ചുനിൽക്കുന്നു.

കാറിൻറെ ഡോറിന് അടുത്തേക്ക് സിദ്ധു വന്നു നിന്നതും എന്തോ ഒരു ധൈര്യം വന്നു. സിദ്ധു ഇവിടെ നേരത്തെ എത്തിയോ?.. എന്താണ് അനർത്ഥം..മനസ്സിലെ ചോദ്യങ്ങൾ ഏറി വന്നപ്പോഴേക്കും പുറത്തുനിന്നും ഡോർ തുറന്നിരുന്നു. സിദ്ധു എൻറെ കൈ പിടിച്ച് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പച്ചിയുടെ ഉച്ചത്തിലുള്ള അലർച്ചകൾ മാത്രമേ എൻറെ കാതിൽ എത്തിയിരുന്നുള്ളൂ…ആർത്തനാദം കൂടി വന്നതും മനസ്സിലേക്ക് ഒരൊറ്റ മുഖമേ തെളിഞ്ഞുവന്നുള്ളൂ..

മാളുവിനെ വേണ്ടെന്നു പറഞ്ഞു ഇട്ടിട്ട് പോയപ്പോഴേ ഭയപ്പെട്ടതാണ്.. എന്തെങ്കിലും വയ്യായ്ക… തലകറങ്ങുന്നതുപോലെ വീഴാൻ ഒരുങ്ങിയതും സിദ്ധുവിൻറെ കൈകളെന്നെ താങ്ങി…”കരയല്ലേ മാളു..”.ആവർത്തിച്ച് മന്ത്രം പോലെ അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു..

കേട്ട് കഴിഞ്ഞതും സിദ്ധുവിൻറെ കോളറിൽ പിടിച്ച് വലിച്ച് ഒന്നേ ചോദിച്ചുള്ളൂ..

“ൻറെ കണ്ണേട്ടന് എന്തായിരുന്നു അസുഖം?..”

അതിശയത്തോടെ എന്നെ നോക്കിയ സിദ്ധുവിൻറെ കൈകൾ ഒരു നിമിഷം തളരുന്നതറിഞ്ഞു. കണ്ണിൽ നിന്നും നീർത്തുള്ളികളും ഒഴുകിയിറങ്ങി . ആ ചുണ്ടിൽ നിന്നും പതിയെ ഒരു മന്ത്രണം പോലെ കേട്ടു..

“കണ്ണനല്ല മാളു.. മുത്തശ്ശിയും. അച്ഛനും..ഒരു ട്രക്കിലിടിച്ച്.”

കാതുകളിൽ സൈറൺ പോലെ ചെവിയടപ്പിക്കുന്ന ആഴത്തിലുള്ള മൂളക്കം വന്ന് കേൾവി അടഞ്ഞു പോകുന്നതറിഞ്ഞു. അകമ്പടിയായി കണ്ണുകളിൽ കൂരിരുട്ട് കരിമ്പടം വിരിക്കുന്നതും.. പതിയെ ബോധം മറയുന്നുണ്ടെങ്കിലും അച്ഛൻ വാത്സല്യത്തോടെ എൻറെ നെറുകയിൽ തലോടുന്നത് പോലെ ഒരു സുഖം എന്നെ തേടി വരുന്നു..

തുടരും…