വിടപറയാതെ ~ ഭാഗം 02 ~ എഴുത്ത്: രമ്യ വിജീഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പരാതികളും പരിഭവവും ഒന്നുമില്ലാത്ത ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത് അവന്റെ കടന്നു വരവോടെ ആയിരുന്നു…

അവൻ ക്രിസ്റ്റി… അപ്പച്ചന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ തോമാച്ചായന്റെ മോൻ… അപ്പച്ചന്റെ ബാല്യകാല സുഹൃത്ത് കൂടിയായിരുന്നു തോമസ് എന്ന തോമാച്ചായൻ…അപ്പന്മാരെപ്പോലെ ഞങ്ങൾ മക്കളും ഉറ്റ സുഹൃത്തുക്കളായിരുന്നു.. ക്രിസ്റ്റിയും ഞാനും സമപ്രായക്കാർ.. ക്രിസ്റ്റിക്കു നേരെ ഇളയ രണ്ടു സഹോദരിമാർ.. കത്രീനയും എലീനയും… വളരെ സന്തോഷകരമായിരുന്നു ഞങ്ങളുടെ ബാല്യം…

ഞാനും സെലിനും സ്റ്റീഫനും ക്രിസ്റ്റിയും എലീനയും കത്രീനയും അപ്പച്ചന്മാരും അമ്മച്ചിമാരും ഒത്തുകൂടിയാൽ പെരുന്നാൾ ആണന്നു…ക്രിസ്റ്റിയുടെ അമ്മച്ചി അന്നമ്മയെ തോമാച്ചായൻ സ്നേഹിച്ചു കല്യാണം കഴിച്ചതായിരുന്നു…അവരാകട്ടെ പേരുകേട്ട തറവാട്ടിലെ ഒരേയൊരു പെൺതരിയും…. കുടുമ്പത്തിനു നാണക്കേടുണ്ടാക്കി ചുമട്ട് തൊഴിലാളി തോമസിനൊപ്പം ഇറങ്ങിയ അന്നമ്മച്ചിയെ വീട്ടുകാർ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല…

ഒരു ദിവസം ചന്തയിൽ ചുമട് ജോലിയിൽ ഏർപ്പെട്ടിരുന്ന തോമാച്ചായൻ തലകറങ്ങി വീണു എന്നാരോ അപ്പച്ചനോട് വന്നു പറയുന്നത് കേട്ടു… ആഹാരം കഴിച്ചുകൊണ്ടിരുന്ന അപ്പച്ചൻ കൈ പോലും കഴുകാതെ ഓടിപ്പോകുന്നതും കണ്ടു…. കുറേ നേരങ്ങൾക്കുശേഷം ആംബുലൻസ് ചീറിപ്പാഞ്ഞെത്തി ഞങ്ങളുടെ തോമാച്ചായന്റെ മൃദദേഹവുമായി… കൂട്ടക്കരച്ചിലുകളുടെയും അലമുറയുടെയും അകമ്പടിയോടെ തോമാച്ചായനെ യാത്ര അയച്ചു…

പ്രിയപെട്ട കൂട്ടുകാരന്റെ മരണം അപ്പച്ചനെ വല്ലാതെ തളർത്തി…. തോമാച്ചായന്റെ മരണത്തോടെ അന്നമ്മച്ചി ആരോടും മിണ്ടാതെയും പറയാതെയും ആയി… മാനസികമായി തകർന്ന അവരെയും പെട്ടന്ന് തന്നെ മരണം കവർന്നു… ഒന്നും ഉൾക്കൊള്ളാനാവാതെ ഞങ്ങളും…അന്നമ്മച്ചിയുടെ വീട്ടുകാർ ഒന്നിനും സഹകരിച്ചുമില്ല…

പെട്ടെന്ന് തന്നെ അനാഥരായിപ്പോയ ക്രിസ്റ്റിയേയും സഹോദരങ്ങളെയും അപ്പച്ചനും അമ്മച്ചിയും ഞാങ്ങൾക്കൊപ്പം നിർത്തി… ആരോരുമില്ലാത്ത അവരെ ഏറ്റെടുക്കാൻ സഭക്കാർ തീരുമാനിച്ചു. വേദനയോടെയാണെങ്കിലും അവരുടെ നല്ല ഭാവിയേകരുതി അപ്പച്ചൻ അവരെ പോകാനനുവദിച്ചു…

വർഷങ്ങൾക്കു ശേഷം ക്രിസ്റ്റി തിരിച്ചെത്തി ഞങ്ങളുടെ നാട്ടിലേക്കു തന്നെ ഒരു ഡോക്ടർ ആയിട്ട്…

കാലങ്ങൾ കൂടി അവനെ കണ്ടതിന്റെ ആഹ്ലാദം കുറച്ചൊന്നുമല്ലായിരുന്നു ഞങ്ങൾക്കു…

ക്രിസ്റ്റിക്കു ഞങ്ങൾ പ്രിൻസിനെ പരിചയപ്പെടുത്തി… ക്രിസ്റ്റിയെ കുറിച്ചുള്ള കഥകൾ ഒന്നും മുൻപേ അവനോടു പറയാത്തതിൽ അവൻ പരിഭവിച്ചു..

ഞങ്ങളുടെ വീടിനടുത്തു തന്നെ ക്രിസ്റ്റി ഒരു വാടകവീടെടുത്തു… അവൻ പ്രാക്ടീസ് ചെയ്യുന്ന ഹോസ്പിറ്റലും എന്റെ കോളേജും അടുത്തായിരുന്നതിനാൽ യാത്ര ഞങ്ങൾ ഒരുമിച്ചു അവന്റെ ബൈക്കിലായിരുന്നു…

ആദ്യമൊക്കെ ക്രിസ്റ്റിയോട് സൗഹൃദത്തിലായിരുന്ന പ്രിൻസ് പിന്നീട് അവനെ തീരെ ശ്രദ്ധിക്കാതെ ആയി… ഞാനും അപ്പച്ചനും അമ്മച്ചിയും അവനെ അവഗണിക്കുന്നതായി അവനു തോന്നിയിരിക്കാം…

പല കാരണങ്ങളും പറഞ്ഞു അവനെന്നോട് വഴക്കുണ്ടാക്കി. പ്രിൻസിന്റെ പെട്ടെന്നുണ്ടായ മാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു….

പെട്ടെന്ന് തന്നെ ഞങ്ങളുടെ വിവാഹം നടത്തണമെന്ന് അവൻ ആവശ്യപ്പെട്ടു…വിവാഹശേഷം തുടർപഠനവും ജോലിയും ഒക്കെ നേടാമെന്ന ആഗ്രഹത്തിൽ വിവാഹത്തിന് പൂർണ്ണസമ്മതം നൽകി.. ഇല്ലെങ്കിൽ എനിക്കെന്റെ പ്രിൻസിനെ നഷ്ടപെടുമോന്നു ഞാൻ ഭയന്നു…

വീണ്ടും സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ദിവസങ്ങൾ ആയിരുന്നു ഞങ്ങൾക്ക്.. പ്രണയം സാക്ഷാൽക്കരിക്കപ്പെടുന്ന നിമിഷങ്ങളെ സ്വപ്നം കണ്ടുതുടങ്ങി ഞാനും…

ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു… എല്ലാത്തിനും എന്റെ സഹോദരസ്ഥാനത്തു ക്രിസ്റ്റി ഉണ്ടായിരുന്നു… അപ്പച്ചനും അമ്മച്ചിക്കും അവന്റെ സാമിപ്യം വല്ലാത്ത ആശ്വാസം ആയിരുന്നു…

ഡ്രെസ്സും ആഭരണങ്ങളും എല്ലാം വാങ്ങിതന്നത് പ്രിൻസ് ആയിരുന്നു.. എന്നാലും എന്റെ പെങ്ങൾക്കുള്ളത് ഞാൻ നൽകും എന്നു പറഞ്ഞു ക്രിസ്റ്റിയും എനിക്കു കുറച്ചു ആഭരണങ്ങൾ വാങ്ങി നൽകി.. ഞങ്ങളെല്ലാവരും ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ ആയിരുന്നത്…

കല്യാണത്തിന് രണ്ടു ദിവസം ബാക്കി നിൽക്കെ എപ്പോളും വിളിക്കാറുള്ള പ്രിൻസ് അന്നെന്നെ വിളിക്കാത്തതിൽ എനിക്കാകെ പരിഭ്രമം തോന്നി… അവനെ വിളിക്കുമ്പോൾ ഫോൺ ഓഫ്‌ ആയിരുന്നു.. എന്തോ അപകടം പറ്റിയെന്നു മനസ്സ് പറഞ്ഞു… ക്രിസ്റ്റിയോട് വിവരം പറഞ്ഞു അവനുമായി ഞാൻ പ്രിൻസിന്റെ വീട്ടിൽ എത്തി.. എന്നാൽ അവന്റെ വീട് പൂട്ടിയ നിലയിൽ ആയിരുന്നു…

എന്റെ പ്രിൻസിന് എന്തുപറ്റിയെന്നറിയാതെ ഞാനാകെ വിഷമിച്ചു.. എന്നെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുമ്പോളും ക്രിസ്റ്റിക്കും ചെറിയ ഭയം തോന്നിയിരുന്നു…

വിവാഹസമയത്ത് പ്രിൻസ് തീർച്ചയായും വരുമെന്നും അപ്പച്ചനോടും അമ്മച്ചിയോടും ഇപ്പോൾ ഒന്നും പറയേണ്ടെന്നും ക്രിസ്റ്റി എന്നോടാവശ്യപ്പെട്ടു…

ആ രണ്ടു ദിനങ്ങൾ കടന്നു പോയി… ബന്ധുക്കൾ എല്ലാം എത്തിതുടങ്ങി..ആളും ബഹളവും… എല്ലാവരുടെയും മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുമ്പോളും എന്റെ നെഞ്ച് പിടയുകയായിരുന്നു.. ഇതിനിടയിൽ അപ്പച്ചൻ പലപ്പോളും പ്രിൻസിനെ തിരക്കുന്നുണ്ടായിരുന്നു…

ക്രിസ്റ്റിയും ഞാനും മാറി നിന്ന് സംസാരിക്കുന്നതും അവനെന്റെ കണ്ണീർ തുടക്കുന്നതുമൊക്കെ പലരും ശ്രദ്ധിക്കുന്നത് ഞങ്ങൾ അറിഞ്ഞുമില്ല…

എത്രയൊക്കെ ശ്രമിച്ചിട്ടും എന്നെ സമാധാനിപ്പിക്കാൻ അവനു കഴിഞ്ഞില്ല.. പ്രിൻസിനെ ഓർത്തു നെഞ്ചു നീറി ഞാനും.. പെട്ടെന്ന് തളർച്ചതോന്നി നിലത്തു വീഴാൻ പോയ എന്നെയവൻ താങ്ങി നിർത്തി…ഒരാശ്വാസത്തിനു ഞാനവനെ കെട്ടിപിടിച്ചു കരഞ്ഞു….

“സലോമി “അലർച്ചയോടെയുള്ള ആ വിളികേട്ട് ഞങ്ങളിരുവരും ഭയന്നു പോയി..

പ്രിൻസിനെ കണ്ടതും സന്തോഷത്തോടെ ഞാനവന്റെയരികിൽ ഓടിയെത്തി…

“നീയെവിടെയായിരുന്നു പ്രിൻസ്… നിന്നെ കാണാതെ ഞാൻ എന്തു മാത്രം വിഷമിച്ചു.. ഒന്നു പറഞ്ഞിട്ട് പോയ്കൂടായിരുന്നില്ലേ നിനക്കു.. ഫോൺ വിളിച്ചിട്ടു കിട്ടിയില്ല.. നിനക്കെന്തെങ്കിലും അപകടം പറ്റിയെന്ന് ഓർത്തു ഇനി നേരാത്ത നേർച്ചകൾ ഒന്നുമില്ല “.. കരഞ്ഞുകൊണ്ട് ഞാനവനെ കെട്ടിപിടിച്ചു…

” ഛേ.. മാറിനിൽക്കെടി… മതിയാക്കു നിന്റെ അഭിനയം… ഞാനിപ്പോൾ കണ്ടതല്ലേ നിന്റെ സ്നേഹം… “

“പ്രിൻസ് നീയെന്തൊക്കെയാ പറയുന്നത്… ഞാൻ അഭിനയിച്ചെന്നോ.. നിനക്കെന്താ പറ്റിയെ “

“പിന്നെ ഞാൻ മിന്നുകെട്ടാൻ പോണ പെണ്ണ് മറ്റൊരുത്തന്റെ നെഞ്ചിൽ ഒട്ടികിടക്കുന്നത് കണ്ടാൽ ഞാൻ എന്തു കരുതണമെടീ…കുറെ ആയി ഞാൻ കാണുന്നു.. അവളും അവളുടെ ഒരു ബാല്യകാല സുഹൃത്തും തമ്മിലുള്ള അഴിഞ്ഞാട്ടം “

“പ്രിൻസ്… പ്രിൻസെ താൻ എന്തൊക്കെയാ ഈ പറയുന്നത്.. താൻ എന്തോ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുവാ.. താൻ ഒന്നു വന്നേ പറയട്ടെ.. എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നു ” ക്രിസ്റ്റി അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു…

” എല്ലാവരും കേൾക്കട്ടെ.. എല്ലാവരുടെയും കേൾക്കെ ചിലത് പറയാൻ തന്നെ ആണ് ഞാൻ വന്നത് “

ശബ്ദം കേട്ട് ബന്ധുക്കളും നാട്ടുകാരും ഒക്കെ അടുത്തേയ്ക്കു വന്നു..

“എന്നതാ പ്രിൻസ് മോനെ… എന്നതാ സലോമി.. ഇവിടിപ്പോ എന്താ ഉണ്ടായത് “അപ്പച്ചൻ ഒച്ചയും ബഹളവും കേട്ട് ഓടിവന്നു….

നടക്കുന്നത് ഒന്നും ഉൾകൊള്ളാൻ ആവാതെ ഞാനും ക്രിസ്റ്റിയും മഹാപരാധികളെ പോലെ എല്ലാവർക്കും നടുവിലായി നിന്നു….

” ഓഹോ അപ്പൻ ഒന്നും അറിഞ്ഞില്ല അല്ലെ… ദേ ഇവനും ഇവളും കൂടി എന്നേ ഇത്രയും നാൾ പറ്റിക്കുവാരുന്നു… കളിക്കൂട്ടുകാരൻ ഡോക്ടറെ കണ്ടപ്പോൾ അവൾക്കു എന്നേ വേണ്ടാതായി… അല്ല നിങ്ങൾക്കും തോന്നികാണും അപ്പനെതെന്നോ അമ്മയെതെന്നോ അറിയാത്ത പ്രിൻസിനേക്കാൾ നല്ലത് ഈ ഡോക്ടർ ആണെന്ന് അല്ലെ “

“പ്രിൻസ് മോനേ നീ ദൈവദോഷം പറയല്ലേടാ… ക്രിസ്റ്റിമോൻ ഞങ്ങൾക്ക് ഞങ്ങളുടെ മോനാ “അമ്മച്ചി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“ആ അതുതന്നെയാ ഞാനും പറഞ്ഞത് ക്രിസ്റ്റിമോൻ നിങ്ങളുടെ മോൻ… ഞാൻ വലിഞ്ഞു കയറി വന്നവൻ അല്ലെ “

അവൻ പറയുന്നത് കേട്ട് അമ്മച്ചിക്ക് ഒന്നും പറയുവാൻ കഴിഞ്ഞില്ല…

” എനിക്കെന്തായാലും ഇനി ഇവളെ വേണ്ട.. വല്ലവന്റെയും എച്ചിൽ ഭക്ഷിക്കാൻ പ്രിൻസിന് മനസ്സില്ലാന്നേ.. ഈ കല്യാണം നടക്കില്ല..സ്വഭാവദൂഷ്യം ഉള്ള പെണ്ണാ ഇവള്.. ഇവളെ നീ തന്നെയങ്ങു കെട്ടി കൂടെപൊറുപ്പിച്ചോ “

പ്രിൻസ് എന്നേ ക്രിസ്റ്റിയുടെ അടുത്തേക്ക് തള്ളി വിട്ടു…

” എടാ നിന്നെ ഞാൻ ” ക്രിസ്റ്റി അവന്റെ കഴുത്തിനു കുത്തി പിടിച്ചു.. ശ്വാസം കിട്ടാതെ അവൻ ക്രിസ്റ്റിയുടെ കൈകളിൽ കിടന്നു പിടഞ്ഞു….

” ക്രിസ്റ്റി…നീയവനെ വിട്… കൈയ്യെടുക്കാൻ മടിച്ചു നിന്ന അവന്റെ നേരെ വീണ്ടുംഞാൻ ശബ്ദമുയർത്തി ” വിടാനല്ലേ പറഞ്ഞത് ” എന്റെ ഒച്ചയുയർന്നപ്പോൾ ക്രിസ്റ്റി അവനെ സ്വതന്ത്രനാക്കി…

” അവൻ പോട്ടെടാ ക്രിസ്റ്റി.. ഈ സലോമിയെ അവൻ മനസ്സിലാക്കിയിട്ടില്ല “

” സലോമി ” ക്രിസ്റ്റിയെന്നെ വേദനയോടെ വിളിച്ചു…

” പൊക്കോ നീ.. ഇനിയൊരു നിമിഷം പോലും നീയിവിടെ നിക്കരുത്.. എനിക്ക് നിന്നെ കാണേണ്ട.. പോ… പോ ഇവിടുന്നു… ” ഞാൻ പ്രിൻസിനെ പിടിച്ചു തള്ളിയിറക്കി..

അവൻ തിരിഞ്ഞു നടക്കുമ്പോളും ഒരു പ്രത്യാശ എനിക്കുണ്ടായിരുന്നു അവനെന്നെ പറ്റിക്കാൻ കട്ടികൂട്ടിയതാകും ഇതെന്ന്… എന്നാൽ ഇരുട്ടിലേക്ക് ഓടിമറയുന്ന പ്രിൻസിനെയാണ് ഞാൻ കണ്ടത്…

എല്ലാം നഷ്ടപ്പെട്ട്ടവനെപ്പോലെ തലയിൽ കയ്യും വച്ചു അപ്പച്ചൻ നിലത്തിരുന്നു..

” ആ പയ്യൻ പറഞ്ഞത് നേരാ.. ഞങ്ങൾ കാണുന്നതല്ലേ രണ്ടിന്റെയും കൂടെയുള്ള ഒട്ടിയിരുന്നുള്ള യാത്രയും മറ്റും… കുറച്ചു മുൻപും കണ്ടു ആ പയ്യൻ അവളോടെന്തെക്കൊയോ പറയുന്നതും അവൻ അവളുടെ കണ്ണീരൊപ്പുന്നതുമൊക്കെ.. അതും കണ്ടോണ്ട ആ കൊച്ചൻ കയറി വന്നത് “

അയൽപക്കത്തുള്ള ത്രേസിയാമ്മ ചേടത്തിയുടെ അടക്കം പറച്ചിൽ ഇത്തിരി ഒച്ചയിൽ ആയിരുന്നു…

അപ്പച്ചൻ അതുകേട്ടു ദയനീയം ആയി എല്ലാവരെയും നോക്കി…

“ഞങ്ങൾ ഇങ്ങനൊന്നും അല്ലടാ വറീതേ നിന്റെ മോളെകുറിച്ചു കരുതിയെ… ഇനി ആ കൊച്ചൻ പറഞ്ഞത് പോലെ നീ നിന്റെ മോളെ ഈ ഡോക്ടർക്കു തന്നെ കെട്ടിച്ചു കൊടുത്തോ.. ഞങ്ങളാരും സഹകരിക്കില്ല “..

ആരോ അങ്ങനെ പറയുന്നത് കേട്ടു.. വന്നവരെല്ലാം പിരിഞ്ഞു പോയി… അമ്മച്ചിയും സെലിനുമൊക്കെ എന്നേ കെട്ടിപിടിച്ചു കരഞ്ഞു… എനിക്കൊരുതരം മരവിപ്പ് തോന്നി…

” സലോമി “…പെട്ടെന്നുള്ള വിളികേട്ട് ഞങ്ങൾ പുറത്തേക്ക് ചെന്നു…”സലോമി ദേ അപ്പച്ചൻ ” അപ്പച്ചനെ ക്രിസ്റ്റിയും സ്റ്റീഫനും ചേർന്നു താങ്ങി പിടിച്ചു നിൽക്കുന്നു

“അയ്യോ ന്റെ അപ്പച്ചനെന്തു പറ്റി “കരഞ്ഞു കൊണ്ടു ഞങ്ങൾ ഓടിയെത്തി…

” സ്റ്റീഫ നീ വേഗം വണ്ടി വിളിക്കു”

ക്രിസ്റ്റി പറയുന്നതിന് മുൻപേ സ്റ്റീഫൻ പോയിക്കഴിഞ്ഞു..

ഹോസ്പിറ്റലിൽ എത്തും മുൻപേ അപ്പച്ചൻ ഞങ്ങളെ വിട്ടു പിരിഞ്ഞിരുന്നു..

******************

നെറ്റിയിൽ നേർത്ത തണുപ്പ് പടരുന്നതറിഞ്ഞു സലോമി മെല്ലെ കണ്ണുകൾ തുറന്നു.

“എങ്ങനുണ്ട് ടീച്ചർ ഇപ്പോൾ “അമല സിസ്റ്റർ ആയിരുന്നു…

“കുറവുണ്ട് സിസ്റ്റർ.. നല്ല ക്ഷീണം ഉണ്ടായിരുന്നു.. അല്ല സിസ്റ്റർ എവിടെ പോകുന്നു “

“ആഹാ അതു കൊള്ളാം ഞാൻ സ്കൂളിൽ പോകുവാ ” അമല സിസ്റ്റർ ചിരിച്ചുകൊണ്ടു പറഞ്ഞു

“അയ്യോ നേരം ഇത്രയും ആയോ.. ഞാൻ റെഡി ആയില്ലല്ലോ “അവൾ പെട്ടെന്ന് എണീക്കാൻ ശ്രമിച്ചു “

“വേണ്ട… വേണ്ട ടീച്ചർ കിടന്നോ..ആഗ്നസ്‌ സിസ്റ്റർ പറഞ്ഞത്കൊണ്ടാണ് ടീച്ചറെ വിളിക്കാതിരുന്നത്… ഇന്നു ലീവ് എടുത്തോളാൻ സിസ്റ്റർ പറഞ്ഞിട്ട് പോയി.. ടീച്ചർ എണീറ്റു എന്തെങ്കിലും കഴിക്ക്.. താഴെ മെസ്സിൽ എല്ലാം ഉണ്ട്.. എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി.. എന്റെ നമ്പർ ഇവിടെ എഴുതി വച്ചിട്ടുണ്ട്.. ശരി ടീച്ചർ ഞാൻ പോയി വരാം “

“ശരി “അവൾ തലയാട്ടി

ലീവ് എടുത്തോളാൻ പറഞ്ഞത് അവൾക്കു വലിയ ആശ്വാസം ആയി… അവനെ ഒന്നു പോയി നേരിൽ കാണണം… എന്നെങ്കിലും കണ്ടുമുട്ടിയാൽ അവനോടു പറയാൻ ബാക്കി വച്ചതോക്കെ പറയണം എന്നാഗ്രഹിച്ചിരുന്നു.. ദൈവം അതിനുള്ള അവസരം തന്നു…

സലോമി വേഗം എണീറ്റു റെഡി ആയി.. താഴെ മെസ്സിൽ ചെന്നു ആഹാരം കഴിച്ചു.. ആരും ഇല്ല എന്നുറപ്പു വരുത്തിയ ശേഷം പതിയെ പുറത്തു കടന്നു… അവൾ വേഗം അഗതി മന്ദിരം ലക്ഷ്യമാക്കി നടന്നു…

ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി.. പ്രിൻസിനെ തിരഞ്ഞു.. കുറച്ചു മാറി നിറയെ പൂത്തു നിൽക്കുന്ന ഗുൽമോഹർ ന്റെ ചുവട്ടിൽ വയലിൻ നെഞ്ചോട് ചേർത്ത് അവൻ ഇരിക്കുന്നത് കണ്ടു.. അവൾ അവന്റെ അരികിലേക്കു നടന്നടുത്തു.. ആളനക്കം തോന്നി അവൻ തിരിഞ്ഞു നോക്കി…സലോമിയെ കണ്ടു അവൻ ഞെട്ടിപ്പിടഞ്ഞെനീറ്റു….

” സലോമി… മോളെ “

” ഹോ അപ്പോൾ ആ പേര് മറന്നിട്ടില്ല അല്ലെ “

സലോമി പ്രിൻസിനെ നോക്കി കാണുവായിരുന്നു… നന്നേ ക്ഷീണിച്ചു അവൻ.. തിളക്കമാർന്ന പൂച്ചകണ്ണുകൾ കുഴിഞ്ഞിരിക്കുന്നു.. കവിൾ ഒട്ടി.. തലമുടി കൊഴിഞ്ഞിരിക്കുന്നു..

” സലോമി…മോളെ.. നീയൊന്നു വന്നല്ലോ.. നിന്നെ കാണാൻ കഴിഞ്ഞല്ലോ.. സന്തോഷം ആയി… “

“ഞാൻ നിങ്ങളോട് സുഖ വിവരം തിരക്കാൻ വന്നതല്ല.. “എന്താ ഒരു സുഖം നിങ്ങളെ ഇങ്ങനെ കാണേണ്ടി വരുമ്പോൾ… എങ്ങനെ ഇവിടെ എത്തിപെട്ടു എന്നൊന്നും എനിക്കറിയെണ്ട.. കർത്താവു വലിയവൻ ആണ്… നിങ്ങൾ നൽകിയ വേദനയിൽ ചങ്ക് പൊട്ടി മരിച്ച എന്റപ്പച്ചന്റെ ശാപം ആണ് നിങ്ങളെ തളർത്തിയതു… നിങ്ങൾ അനുഭവിക്കും ഇനിയും… അതു കാണാൻ ഞാൻ ഇവിടെ ഉണ്ടാവും.. “

“സലോമി… മോളെ നീ എന്നോട് ക്ഷമിക്കില്ലേ “

“ഇല്ല നിങ്ങളോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല.. നിങ്ങൾ ചവിട്ടി അരച്ച എന്റെ ജീവിതം.വളരെ കഷ്ടപ്പെട്ടാണ് ഞാൻ വീണ്ടെടുത്തതു “

“ഇനിയും ഞാൻ നിന്നെ കാണാൻ വരില്ല പ്രിൻസ്… കയ്യെത്തും ദൂരത്തു ഞാനുണ്ടാകും.. നിന്റെ പതനാം ആസ്വദിക്കാൻ.”

” സലോമി “അവൻ ദയനീയമായി അവനെ വിളിച്ചു..

തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്യാതെ അവൾ നടന്നകന്നു.. നേരെ പോയത് പള്ളിയിലേക്ക് ആണ്… കർത്താവിന്റെ തിരുരൂപത്തിനു മുന്നിൽ മുട്ട് കുത്തി പ്രാർത്ഥിച്ചു… കണ്ണീർ അനുസരണ ഇല്ലാതെ വന്നു കൊണ്ടിരുന്നു… അവൾ അപ്പോളും പ്രാർത്ഥിച്ചു.. ദൈവമേ എന്റെ പ്രിൻസിനെ ശിക്ഷിക്കരുതേ എന്ന്..

തന്റെ തോളിൽ ആരുടെയോ കൈ പതിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി… ആഗ്നസ്‌ സിസ്റ്റർ…

സിസ്റ്റർ നെ കണ്ടവർ എഴുന്നേറ്റു..

” സലോമി.. പ്രിൻസിനെ കണ്ടു അല്ലെ “

അവരുടെ ചോദ്യം കേട്ട് അവൾ അതിശയത്തോടെ അവരെ നോക്കി..

“എനിക്കെല്ലാം അറിയാം സലോമി. പ്രിൻസ് മോൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്… എന്റെ ഈ കൈകളിൽ ആണ് അവനെ കിട്ടിയത്.. ഈ കൈകളിൽ കിടന്നാണ് അവൻ വളർന്നത്. നിന്നെ കണ്ടതും ഇഷ്ടമായതും എല്ലാം അവനെന്നോട് പറഞ്ഞിരുന്നു.. നീ വിചാരിക്കുന്നത് പോലെ അവൻ നിന്നെ ചതിച്ചിട്ടില്ല സലോമി… അവൻ ഒരു കാൻസർ രോഗിയാണ്. നിങ്ങളുടെ വിവാഹദിവസത്തിനു രണ്ടു ദിവസം മുമ്പനാണ് ഞങ്ങൾ ആ സത്യം അറിഞ്ഞത്.. അവനും.. ഇവിടെ ഒരു രോഗിക്ക് രക്തം നൽകിയിരുന്നു അവൻ.. അതിന്റെ പരിശോധനയിൽ അവൻ രോഗിയാണെന്ന സത്യം ഡോക്ടർ ഞങ്ങളോട് പറഞ്ഞു.. ഞങ്ങൾ അറിയിച്ചിട്ടാണ് അവൻ നിന്നോട് പോലും പറയാതെ ഇങ്ങോട്ട് പോന്നത്…

എപ്പോൾ വേണമെങ്കിലും മരണം അവനെ തേടിയെത്താം.. നിന്നോട് തുറന്നു പറഞ്ഞാൽ നിനക്കതു സഹിക്കാൻ കഴിയില്ലെന്ന് അവനറിയാമായിരുന്നു.. അവനോടുള്ള വാശിക്കെങ്കിലും നീ ജീവിക്കണം എന്നവൻ കരുതി.. എന്നാൽ സംഭവിച്ചതൊക്കെ ആരും ആഗ്രഹിക്കാത്ത കാര്യങ്ങളും.. എല്ലാം അവനറിഞ്ഞപ്പോൾ അവന്റെ ആഗ്രഹം ആയിരുന്നു നിന്നെ അവനു അവസാനമായി കാണണം എന്ന്.. റാഹേൽ അച്ഛനും എല്ലാം അറിയാമായിരുന്നു…. “

സിസ്റ്റർ പറയുന്നതൊന്നും വിശ്വസിക്കാൻ അവൾക്കു കഴിഞ്ഞില്ല…

“സിസ്റ്റർ എനിക്കെന്റെ പ്രിൻസിനെ ഇപ്പോൾ തന്നെ കാണണം.. ആ കാലിൽ വീണു മാപ്പു പറയണം ” അവൾ സിസ്റ്ററെ തള്ളിമാറ്റി വീണ്ടും അഗതി മന്ദിരത്തിലേക്കോടി…

എന്നാൽ പ്രിൻസ് ഇൻജെക്ഷൻ നു ശേഷം ഉള്ള മയക്കത്തിൽ ആയിരുന്നു… അവന്റെ നെറ്റിയിൽ മെല്ലെ തഴുകി കുറേ ചുമ്പനം നൽകിയ ശേഷം അവൾ തിരിച്ചു പോന്നു…

അമല സിസ്റ്റർ എന്തൊക്കെയോ അവളോട്‌ ചോദിച്ചു.. അവൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല… നേരം ഒന്നു പുലരാൻ അവൾ കൊതിച്ചു… പ്രിൻസിനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കണം… കണ്ണീർ തോരാത്ത ഒരു രാത്രി കൂടി കഴിഞ്ഞു പോയി…..

പള്ളിയിൽ നിന്നും കൂട്ടമണി ഉയരുന്ന ശബ്ദം കേട്ടാണവൾ ഉണര്ന്നത്…

കണ്ണു തുറന്നപ്പോൾ അമല സിസ്റ്റർ ബൈബിൾ വായിക്കുന്നതാണ് കണ്ടത്…

” എന്താ സിസ്റ്റർ…. പതിവില്ലാത്ത സമയത്തു കൂട്ടമണി കേൾക്കുന്നത് “? അവൾ ചോദിച്ചു…

“അതോ ടീച്ചറെ നമ്മളുടെ ഒരു അന്തേവാസി ഉണ്ടായിരുന്നില്ലേ.. പ്രിൻസ്… അയാളിന്ന് പുലർച്ചെ മരിച്ചു “

കേട്ട വാക്കുകൾ വിശ്വസിക്കാൻ ആവാതെ അവൾ അലറി വിളിച്ചു.. “പ്രിൻസ് ” അവളുടെ ആ ശബ്ദം അവിടെങ്ങും മാറ്റൊലി കൊണ്ടു….

അവസാനിച്ചു.

എല്ലാവർക്കും എന്റെ സലോമിയെയും പ്രിൻസിനെയും ഇഷ്ടമായെന്നു കരുതുന്നു.. രണ്ടു വാക്കുകൾ എനിക്ക് വേണ്ടി കുറിക്കാൻ മറക്കരുതേ…