പിന്നെ, ഞാൻ മിന്നുകെട്ടാൻ പോണ പെണ്ണ് മറ്റൊരുത്തന്റെ നെഞ്ചിൽ ഒട്ടികിടക്കുന്നത് കണ്ടാൽ ഞാൻ എന്തു കരുതണമെടീ…?

വിടപറയാതെ – എഴുത്ത്: രമ്യ വിജീഷ്

പള്ളിയിൽ കുർബാന പിരിഞ്ഞയുടനേ സലോമി പോയത് അപ്പച്ചന്റെ കബറിടത്തിലേക്കാണ്… അവിടെ വക്കുവാൻ കയ്യിൽ കരുതിയ പനിനീർപുഷ്പങ്ങൾ കയ്യിലെടുത്തു കണ്ണടച്ച് ഒരു നിമിഷം അവൾ പ്രാർഥനിരതയായി.. കണ്ണീർകണങ്ങൾ വീണ ആ പുഷ്പങ്ങൾ അവൾ അപ്പച്ചന് സമർപ്പിച്ചു….

“അപ്പച്ചാ…. അപ്പച്ചന്റെ സലോമി മോൾ പോകുവാട്ടോ.. അപ്പച്ചൻ ആഗ്രഹിച്ചത് പോലെ തന്നെ സലോമി മോള് ഒരു അദ്ധ്യാപിക ആയി…ഇപ്പോൾ ഒരു മാനേജ്മെന്റ് സ്കൂളിൽ ആണ് കിട്ടിയിരിക്കുന്നത്.. നമ്മുടെ സഭയുടെ തന്നെ സ്കൂളിൽ… റാഹേൽ അച്ഛനാണ് എല്ലാം ശരിയാക്കി തന്നത്… അവിടെ പള്ളിയുടെ തന്നെ ഹോസ്റ്റലിൽ താമസവും ഏർപ്പെടുത്തിയിട്ടുണ്ട്.. ഇന്ന് ഉച്ചക്ക് ശേഷം പോണം.. നാളെ തിങ്കളാഴ്ച അല്ലെ.. നാളെ തന്നെ ജോയിൻ ചെയ്യണോന്ന പറഞ്ഞിരിക്കുന്നത്…

അമ്മച്ചിയും സെലിനും സ്റ്റീഫനും ഒക്കെ വരുന്നുണ്ട് എന്റെ കൂടെ… ദൂരക്കൂടുതൽ ഉള്ളത് കൊണ്ടു എല്ലാ മാസവും വന്നു പോകുവാനെ സാധിക്കൂ… ഇടക്കിടക്ക് എനിക്കിനി അപ്പച്ചനോട് ഇങ്ങനെ വന്നു സംസാരിക്കാൻ പറ്റില്ലല്ലോ.. എല്ലാം മറക്കുവാൻ ഞാൻ ഇങ്ങനെ മാറി നിൽക്കുന്നതാ നല്ലതെന്നു എല്ലാവരും പറയുന്നു.. അപ്പച്ചന്റെ സലോമി മോൾക്കതിനു കഴിയുമോ?? ഇല്ല കഴിയില്ല..അപ്പച്ചന്റെ അനുഗ്രഹം ഉണ്ടാകണം. എന്റെ അപ്പച്ചന് ഒരായിരം ഉമ്മ.”..അവൾ കല്ലറയിൽ തല വച്ചു ഏങ്ങി ഏങ്ങി കരഞ്ഞു.

“സലോമി..”അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് റാഹേൽ അച്ഛനെയാണ്….

” സലോമി.. മതി അപ്പച്ചനോട് യാത്ര പറച്ചിൽ.. വേഗം വീട്ടിലേക്കു ചെന്നു പോകാൻ റെഡി ആകു… നിന്നെ വീട്ടിൽ എല്ലാവരും കാത്തിരിക്കുവല്ലേ..”

കണ്ണീർ തുടച്ചുകൊണ്ട് അവൾ മെല്ലെ എണീറ്റു അച്ഛന്റെ അടുത്തേക്ക് വന്നു…

“കഴിഞ്ഞതൊക്കെ മറക്കണം നീ… കർത്താവിന്റെ അനുഗ്രഹം നിനക്കെപ്പോളും ഉണ്ടാകും “

കണ്ണീരിനിടയിലും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു… അച്ഛനോട് യാത്രയും പറഞ്ഞു അപ്പച്ചന്റെ കബറിടത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയിട്ട് വീണ്ടും കണ്ണുകൾ തുടച്ചു അവൾ മെല്ലെ പടികൾ ഇറങ്ങി..

ഒരു ദീർഘനിശ്വാസത്തോടെ സലോമി യാത്ര ആകുന്നതും നോക്കി റാഹേൽ അച്ഛൻ നിന്നു…

**********************

സലോമി പുതിയ സ്കൂളും ചുറ്റുപാടും ഒക്കെ നോക്കികാണുവായിരുന്നു… വഴിയിൽ നിന്നും കുറച്ചു മുകളിലായി വലിയൊരു പള്ളി.. പള്ളിമുറ്റം നിറയെ തണൽ മരങ്ങൾ…. പേരറിയാത്ത ആ മരങ്ങളിൽ നിറയെ മഞ്ഞയും റോസും നിറമുള്ള കുഞ്ഞു പൂക്കൾ ഉണ്ട്…ഓരോ ചെറിയ കാറ്റിലും അവ പൂമഴ പെയ്യിക്കുന്നു….അങ്ങിങ്ങായി ഗുൽമോഹർ പൂത്തുനിൽക്കുന്നു… കുറച്ചു മാറി വലിയൊരു മാവ് നിറയെ കായ്ച്ചു നിൽക്കുന്നു… എവിടെ നിന്നോ കുയിലിന്റെ മണിനാദം കേൾക്കുന്നു..

പള്ളിക്കു താഴെയായി കുറച്ചു മാറി വലിയൊരു രണ്ടു നിലകെട്ടിടം… സ്കൂൾ ആണത്… ഒരു വശത്ത് പള്ളിയുടെ തന്നെ വലിയൊരു ഹോസ്പിറ്റൽ… പിന്നെ വേറെയും വലിയൊരു കെട്ടിടം കാണുന്നു… അഗതിമന്ദിരം ആണെന്ന് തോന്നുന്നു… സലോമിയുടെ മനസ്സിൽ ഒരു കുളിർകാറ്റു വീശി…

” സലോമിയെന്താ പ്രകൃതിഭംഗി ആസ്വദിക്കിവാണോ “ഒരു പെൺശബ്ദം കേട്ടുകൊണ്ടവൾ തിരിഞ്ഞു നോക്കി..

ഒരു മധ്യവയസ്ക്കയായ കന്യാസ്ത്രീയെ കണ്ടു അവൾ പുഞ്ചിരിച്ചു….

” ഗുഡ്മോർണിംഗ് സിസ്റ്റർ.. നേരത്തെ വന്നതുകൊണ്ട് പുറത്തേക്കൊന്നിറങ്ങിയതാണ് “

” ഗുഡ്മോർണിംഗ്…. റാഹേൽ അച്ഛൻ പറഞ്ഞിരുന്നു സലോമി എത്തുമെന്ന്… ഞാൻ സിസ്റ്റർ ആഗ്‌നസ്.. സ്കൂൾ പ്രിൻസിപ്പൽ ആണ്… വരൂ നമുക്ക് ഓഫീസിലേക്ക് പോകാം “പുഞ്ചിരിച്ചുകൊണ്ടവൾ അവരെ അനുഗമിച്ചു….

“സലോമി ഇരിക്കൂ “മുമ്പിലെ കസേരകളിൽ ഒന്നിൽ അവൾ ഇരുന്നു…

“സെര്ടിഫിക്കറ്റ്സ് എല്ലാം കൊണ്ടു വന്നിട്ടില്ലേ “

“യെസ് സിസ്റ്റർ..”അവൾ കയ്യിലിരുന്ന ഫയൽ അവർക്കു നേരെ നീട്ടി…

അവർ അതൊരൊന്നായി നോക്കി…

” മാത്‍സ് ആണല്ലേ സബ്ജെക്ട് “

“അതേ സിസ്റ്റർ “

“ശരി ഹൈസ്കൂൾ കുട്ടികൾക്കാണ് ക്ലാസ്സ്‌ എടുക്കേണ്ടത്…ഇഷ്ടവിഷയമായ കണക്കിൽ തന്നെ തുടങ്ങിക്കോ “

“താങ്ക് യൂ സിസ്റ്റർ “

“ഇവിടെ ഉള്ള അധ്യാപകരെല്ലാം കന്യാസ്ത്രീകൾ ആണ്..നമുക്കെല്ലാവരെയും പരിചയപ്പെടാം.. രജിസ്റ്റർ സൈൻ ചെയ്യുകയും ആവാം “

“ശരി സിസ്റ്റർ ” അവൾ സന്തോഷത്തോടെ തലയാട്ടി….

ആഗ്‌നസ് സിസ്റ്റർ സ്റ്റാഫ്‌ റൂമിൽ എത്തി സലോമിയെ എല്ലാവർക്കും പരിചയപ്പെടുത്തി… എല്ലാവരും അവളെ ഹാർദ്ദമായി സ്വീകരിച്ചു..സിസ്റ്റർ അമല, അൽഫോൺസ, മാർഗരറ്റ് അങ്ങനെ പലരും അവളെ സ്വയം പരിചയപ്പെടുത്തി.. പരിചയപ്പെടലുകൾക്കുശേഷം അവളെ ക്ലാസ്റൂമിലെക്കു കൊണ്ടു പോയി…

പുതിയ ടീച്ചറിനെ കുട്ടികൾ സന്തോഷത്തോടെ സ്വീകരിച്ചു…. എട്ടാംക്ലാസ്സാണ് അവൾക്കു നൽകിയത്… കുട്ടികൾക്ക് നന്നായി പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്തു… ആദ്യദിവസത്തെ ക്ലാസ്സ്‌ വളരെ ഭംഗിയായി നടന്നു.. സലോമിക്കു മനസ്സിന് വല്ലാത്ത സന്തോഷം തോന്നി….

” സലോമി ടീച്ചറെ ” പെട്ടെന്നാരോ വിളിച്ചത് കേട്ടവൾ തിരിഞ്ഞു നോക്കി… അമല സിസ്റ്റർ ആയിരുന്നത്…. “എങ്ങനിരുന്നു ക്ലാസുകൾ… ടീച്ചർക്ക്‌ ഇഷ്ടമായോ “

” പിന്നെന്താ.. വളരെ ശാന്തമായ ഈ അന്തരീക്ഷവും കുട്ടികളെയും നിങ്ങളെയെല്ലാവരെയും എനിക്കൊത്തിരി ഇഷ്ടമായി “അവൾ നിറഞ്ഞ ചിരിയോടെ പറഞ്ഞു…

“രണ്ടുപേരും കൂടെ എന്താ പറയുന്നത് “എന്നു ചോദിച്ചുകൊണ്ട് ആഗ്‌നസ് സിസ്റ്റർ അവിടേക്കു വന്നു

“ഒന്നുമില്ല സിസ്റ്റർ സലോമി ടീച്ചർക്ക്‌ നമ്മളെയൊക്കെ ഇഷ്ടമായൊന്നു ചോദിച്ചതാ “

” ആ അമല സലോമി അമലയുടെ റൂമിൽ കിടന്നോട്ടെ “

“ശരി സിസ്റ്റർ “അമല സന്തോഷത്തോടെ തലയാട്ടി… സലോമിക്കും അതു വലിയ സന്തോഷമായി….

കുറച്ചു നടക്കണം ഹോസ്റ്റലിലേക്ക്.. അവരിരുവരും വിശേഷങ്ങൾ ഒക്കെ പറഞ്ഞു നടന്നു… ഹോസ്റ്റലിൽ എത്തി.. നല്ല വൃത്തിയും ശാന്തവുമായ സ്ഥലം…

റൂമിലെത്തി കുളി കഴിഞ്ഞതിനു ശേഷം ചായ കുടിക്കുന്നതിനിടെ സലോമി അമ്മച്ചിയെ വിളിച്ചു സംസാരിച്ചു… അന്നത്തെ വിശേഷങ്ങൾ ഒക്കെ പങ്കു വച്ചു…

“ടീച്ചർ വരുന്നോ വെറുതെ ഒന്നു നടക്കാൻ..എനിക്കെന്നും അതു പതിവാണ്… കുറച്ചു നേരം പള്ളിയിൽ കയറി പ്രാർത്ഥിക്കും..മനസ്സൊന്നു ശാന്ത മാകുമ്പോൾ തിരിച്ചു പോരും “

അമല സിസ്റ്റർ പറയുന്നത് കേട്ടപ്പോൾ സലോമിയും അവരോടൊപ്പം നടന്നു…അവിടെ അവൾക്കു കാണുവാൻ വേറെയും പല കാഴ്ചകൾ ഉണ്ടായിരുന്നു… കുറച്ചു ദൂരെയെവിടെയോ മധുരമായി വയലിൻ വായിക്കുന്നതവൾ കേട്ടു…

“സിസ്റ്റർ.. അതെവിടെനിന്നാണ് ആ സംഗീതം കേൾക്കുന്നത് “അവൾ കാതുകൂർപ്പിച്ചുകൊണ്ട് ചോദിച്ചു…

“ഓഹ്‌ അതോ അതു നമ്മുടെ അഗതി മന്ദിരത്തിലെ ഒരു അന്തേവാസിയാണ്… പേര് ‘പ്രിൻസ് ‘നന്നായി വയലിൻ വായിക്കും, പാടും.. വൈകുന്നേരങ്ങളിൽ കൂടെയുള്ള മറ്റുള്ളവർക്കുവേണ്ടി അയാൾ വയലിൻ വായിക്കാറുണ്ട് “

പ്രിൻസ് എന്ന പേര് കേട്ടപ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു സലോമിക്കു…

“ടീച്ചർക്ക്‌ അവിടേക്കു പോകണോ “

“എനിക്കൊന്നു പോകണമായിരുന്നു സിസ്റ്റർ “

അവർ മെല്ലെ അവിടേക്കു നടന്നു…. വയലിൻ നാദം കൂടുതൽ കൂടുതൽ അടുത്ത് കേൾക്കുന്നു… അവിടെ കുറെയേറെ ആളുകൾക്കിടയിൽ അവൻ.. പ്രിൻസ്.. മധുരമായി ആസ്വദിച്ചു വയലിൻ വായിക്കുന്നു… കൂടെയുള്ളവർ ആ സംഗീതലഹരിയിൽ മതി മറന്നിരിക്കുന്നു… സലോമിയുടെ മുഖം ദേഷ്യത്താൽ വരിഞ്ഞു മുറുകി…. വല്ലാത്ത വെറുപ്പും പകയും അവളുടെ മനസിൽ സ്ഥാനം പിടിച്ചു…

“സിസ്റ്റർ വാ നമുക്ക് പോകാം.. എനിക്കെന്തോ ഒരു വല്ലായ്മ പോലെ “

“എന്താ ടീച്ചർ… എന്തു പറ്റി പെട്ടെന്ന് “

“എനിക്കെന്തോ തല കറങ്ങുന്നു ” പറഞ്ഞു തീരുന്നതിനു മുന്നേ അവൾ നിലത്തേക്ക് കുഴഞ്ഞു വീണു

**********************

“ഇപ്പോൾ എങ്ങനെ ഉണ്ട് ടീച്ചർ “

“എനിക്ക് കുഴപ്പമൊന്നുമില്ല സിസ്റ്റർ “

“എന്തു പറ്റി സലോമി “ആഗ്‌നസ് സിസ്റ്റർ അവിടേക്കു വന്നു

“ഒന്നുമില്ല സിസ്റ്റർ ചെറുതായി ഒന്നു തല കറങ്ങി “

“പ്രിൻസിന്റെ സംഗീതം കേട്ട് അവിടേക്കു പോണമെന്നു പറഞ്ഞു.. അവിടെത്തിയപ്പോൾ തല കറങ്ങി വീഴുകയായിരുന്നു “

ആഗ്‌നസ് എല്ലാം മൂളിക്കേട്ടു…

“അമല സലോമി കുറച്ചു റസ്റ്റ്‌ എടുക്കട്ടെ.. നമുക്ക് മാറി നിൽക്കാം “

“ശരി സിസ്റ്റർ “

അവർ ആഗ്‌നസ് പറഞ്ഞത് അനുസരിച്ചു..

സലോമിയും അതാഗ്രഹിച്ചിരുന്നു.. വല്ലാത്ത തലവേദന… “കർത്താവെ ഇതെന്തൊരു പരീക്ഷണം ആണ്.. ആരെയാണോ ഞാൻ കാണരുതെന്ന് ആഗ്രഹിച്ചത്..അയാൾ കണ്മുന്നിൽ.. ആ വെറുക്കപ്പെട്ടവനെ എന്തിനെനിക്ക് കാട്ടി തന്നു… എല്ലാം മറക്കണം എന്നാഗ്രഹിച്ചാണ് ഇവിടെ എത്തിയത്.. എന്നിട്ടും.. ദൈവമേ നീയെന്തിനെന്നെ പരീക്ഷിക്കുന്നു…

സലോമിയുടെ ഓർമ്മകൾ കുറേ പുറകിലോട്ട് പോയി….

മുടി നീട്ടി വളർത്തിയ പൂച്ചകണ്ണുകൾ ഉള്ള നുണക്കുഴി കവിളുകൾ ഉള്ള പൊടിമീശക്കാരൻ സുന്ദരൻ പ്രിൻസിനെ… നന്നായി വയലിൻ വായിക്കാനറിയാവുന്ന പാടാൻ അറിയാവുന്ന ന്റെ പ്രിൻസസ്….വശ്യമായ ചിരികൊണ്ട് പെൺകുട്ടികളുടെ മനസ്സ് കീഴടക്കിയവൻ.. കോളേജിൽ എന്റെ സീനിയർ…

സാമ്പത്തിക ശേഷി തീരെയില്ലാത്ത ഞാൻ മെറിറ്റിൽ ആണ് ആ കോളേജിൽ അഡ്മിഷൻ നേടിയെടുത്തത്… റബ്ബർടാപ്പിങ് ആണ് അപ്പച്ചന്.. അനിയത്തി സെലിനും അനിയൻ സ്റ്റീഫനും അമ്മച്ചിയും അടങ്ങുന്ന കുടുംബം…. നന്നായി പഠിച്ചു ഒരു ജോലി നേടുക എന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ.. സുന്ദരനായ പ്രിൻസിനോട്‌ പലരും പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും അവൻ ആരെയും സ്വീകരിച്ചില്ല…. അവൻ എന്നു മുതലാണ് എന്നെ ശ്രദ്ധിച്ചുതുടങ്ങിയതെന്നറിയില്ല… അവന്റെ പുറകെ നടന്നു ഇഷ്ടം പറയാത്ത ഒരാൾ ഞാൻ മാത്രം ആയിരുന്നു….

എല്ലാവരെയും അസൂയപ്പെടുത്തികൊണ്ട് പ്രിൻസ് എന്നോടന്ന് അവന്റെ പ്രണയം തുറന്നു പറഞ്ഞു… എന്നാൽ ഞാനത് പാടെ ഉപേക്ഷിച്ചു… എന്നാൽ വിട്ടു തരാൻ അവനൊരുക്കം അല്ലായിരുന്നു.. എന്റെ വഴികളിൽ എല്ലാം അവൻ കാത്തു നിന്നു.. ഒരിക്കൽ അപ്പച്ചനോടവൻ സംസാരിച്ചു എന്നെ ഇഷ്ടം ആണെന്നും കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും… അവൻ അനാഥൻ ആണെന്നും.. കോടിക്കണക്കിനു സ്വത്ത്‌ അവന്റെ പേരിൽ അവനെ ഉപേക്ഷിച്ചയാൾ നൽകിയിട്ടുണ്ടെന്നും പിന്നീട് അവൻ തന്നെ പറഞ്ഞു ഞങ്ങൾ അറിഞ്ഞു… പ്രിൻസിന്റെ സ്നേഹത്തിൽ സത്യം ഉണ്ടെന്ന് തോന്നിയതോടെ ഞാനും അവനെ പ്രണയിച്ചുതുടങ്ങി……

ഒരുപാട് സന്തോഷകരമായ പ്രണയനിമിഷങ്ങൾ ഞങ്ങൾ പരസ്പരം കൈ മാറി.. എന്നാൽ ഞങ്ങളുടെ പഠനത്തെ ഇതൊന്നും ബാധിച്ചതേയില്ല…ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു… പ്രിൻസ് ഒരു വർഷം മുന്നേ ഡിഗ്രി പൂർത്തിയാക്കി ആ കോളേജിൽ തന്നെ പി ജി ക്കു ചേർന്നു… ടീച്ചർ ആകാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ബി എഡ് നു ചേർന്നു… കോളേജ് മാറിയത് മുതൽ എപ്പോളും ഞങ്ങൾക്ക് കാണാൻ കഴിയാതെ വന്നു… ആഴ്ചയിലൊരിക്കൽ ഞങ്ങൾ പള്ളിയിൽ വച്ചു കണ്ടു മുട്ടുമായിരുന്നു.. പരാതികളും പരിഭവവും ഒന്നുമില്ലാത്ത ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായത് അവന്റെ കടന്നു വരവോടെ ആയിരുന്നു….

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…