സ്വന്തം ഭർത്താവിന്റെ കൊടിയ പീഡനം സഹിക്കാൻ വയ്യാതായപ്പോൾ പറ്റിയ അബദ്ധം.അതാണവരെ ജയിലറക്കുള്ളിൽ ആക്കിയത്.

ഈ തണലിൽ ഇത്തിരി നേരം – എഴുത്ത്: രമ്യ വിജീഷ്

“രമണി നാളെ ആണ് നിന്റെ റിലീസിംഗ്.നാളെ നിനക്കു ഈ കൂട്ടിൽ നിന്നും പറക്കാം.നിനക്കു സന്തോഷം ആയില്ലേ ” ജയിൽ വാർഡൻ വത്സല മാഡം അവളുടെ തോളത്തു തട്ടി..

“സന്തോഷം ആണ് മാഡം “ഒരു തണുത്ത ചിരി മുഖത്തു വരുത്തിക്കൊണ്ടവൾ പറഞ്ഞു

“ഇന്നു കൂടി കഴിഞ്ഞാൽ നീയും എന്നെ വിട്ടു പോകുമല്ലോ മോളെ. നീ രക്ഷപ്പെടണം… നന്മയുള്ളവളാ നീ.ഈ ശാന്തേച്ചിയൊക്കെ ഇനിയെത്ര കാലം ” തന്റെ കയ്യിൽ പിടിച്ചു സംസാരിക്കുന്ന ശാന്തേച്ചിയുടെ മുഖത്തേക്കവൾ അലിവോടെ നോക്കി.

“പാവം. സ്വന്തം ഭർത്താവിന്റെ കൊടിയ പീഡനം സഹിക്കാൻ വയ്യാതായപ്പോൾ പറ്റിയ അബദ്ധം.അതാണവരെ ജയിലറക്കുള്ളിൽ ആക്കിയത്.

അറിഞ്ഞും അറിയാതെയും കൊലയാളികൾ ആയവർ.. ജയിലിൽ അടക്കപ്പെട്ടവർ. അങ്ങനെ ഉള്ളവരാണ് തന്റെ സഹതടവുകാർ മുഴുവനും. ജയിലിൽ ആണെങ്കിലും ഇവിടെ തനിക്കു ആരെല്ലാമോ ഉണ്ടായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയാൽ?? ആരുണ്ടാവും? താൻ എങ്ങോട്ട് പോകും? ഒരിക്കൽ പോലും പരോളിൽ പോയിട്ടില്ല. തന്നെ കാണാൻ ആരും വന്നിട്ടുമില്ല. നീണ്ട പത്തു വർഷങ്ങൾ !ഹോ !എങ്ങനെ കഴിച്ചു കൂട്ടി… സ്വന്തം മക്കളെ പോലും ഒരു നോക്കു കാണാതെ !സത്യത്തിൽ ഈ ശിക്ഷ താനർഹിച്ചത് തന്നെ..

എത്ര സുന്ദരമായിരുന്നു സുകുവേട്ടനും മക്കൾക്കും ഒപ്പമുള്ള ജീവിതം. എല്ലു മുറിയെ പണിയെടുത്തു കുടുംബം പോറ്റി യിരുന്ന എന്റെ സുകുവേട്ടനെ ഞാൻ ചതിച്ചതല്ലേ….അവളുടെ ഉള്ളം പിടഞ്ഞു.

അമ്മുവിനും ചിന്നുവിനും പത്തും എട്ടും പ്രായമുള്ളപ്പോൾ കണ്ടതാ… അവരെ കാണാതെ ഉള്ളം പിടഞ്ഞു ജീവിച്ചു ഇത്രയും വർഷം.മഹാ പാതകിയായ എന്നെ അവരിനി സ്വീകരിക്കുമോ? ഈ അമ്മയെ അവർ കാറിത്തുപ്പുമോ? അവരിപ്പോൾ വലിയ കുട്ടികൾ ആയല്ലോ? എന്റെ സുകുവേട്ടൻ എന്നെ ഇനി സ്വീകരിക്കില്ല.. അതെനിക്കുറപ്പാ… അവൾ തേങ്ങിക്കരഞ്ഞു….

“സുകുവേട്ടൻ ഒറ്റക്കു പണിയെടുത്താൽ ഒന്നുമാവില്ല.. നമുക്ക് രണ്ടു പെൺകുട്ടിക്കളല്ലേ”

“വേണ്ടടി രമണിയെ… നീ കഷ്ടപെടെണ്ടടി.. ഞാൻ ഇല്ലെടി നിനക്കും മക്കൾക്കും “

“സുകുവേട്ടാ നമുക്കൊരു വീട് വക്കണ്ടേ… ഞാനും എന്നെകൊണ്ടാകുന്ന പോലെ ജോലി ചെയ്യാം “

“എന്ത് വേണോന്നു വച്ചാൽ ചെയ്യൂ… എന്നോട് മിണ്ടണ്ട “

“അയ്യോടാ അപ്പോളേക്കും പിണങ്ങിയോ.. ഇങ്ങോട്ടു തിരിഞ്ഞു കിടന്നേ.. ഈ നെഞ്ചിൽ തല വച്ചു കിടന്നില്ലേൽ എനിക്കുറങ്ങാൻ പറ്റില്ലാന്നു അറിയില്ലേ സുകുവേട്ടാ ” അവൾ കൊഞ്ചിക്കൊണ്ടയാളോട് ചേർന്നു കിടന്നു.. സുകു തിരിഞ്ഞു കിടന്നു അവളെ നെഞ്ചോട് ചേർത്ത് ഇറുകെ പുണർന്നു…

ടൗണിൽ ഉള്ള തുണികടയിൽ ആണവൾ ജോലിക്ക് പോയി തുടങ്ങിയത്.. നാലു ചുവരുകൾക്കുള്ളിൽ സുകുവിന്റെയും മക്കളുടെയും മാത്രം ലോകത്തിൽ ഒതുങ്ങി ജീവിച്ച അവൾക്കു ടൗണിലെ കാഴ്ചകൾ പലതും പുതിയ അനുഭവം ആയിരുന്നു..

ആദ്യമൊക്കെ തുണി എടുക്കുന്നതും മടക്കുന്നതും ഒക്കെ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും അവൾ പെട്ടെന്ന് അതെല്ലാം പഠിച്ചു… പുതിയ കൂട്ട് കെട്ടുകൾ… മാസാദ്യം കിട്ടുന്ന ശമ്പളം എല്ലാം അവളിൽ ചെറിയ അഹങ്കാരം വളർത്തി തുടങ്ങി.. തന്നോടൊപ്പം ജോലി ചെയ്യുന്ന മഹേഷുമായി അവൾ കൂടുതൽ അടുത്തു. അവൻ തീർത്ത മോഹ വലയത്തിനുള്ളിൽ അവൾ പെട്ടു…

തന്റെ നെഞ്ചോട് ചേർന്നു ഉറങ്ങുന്ന പെണ്ണിലെ മാറ്റങ്ങൾ സുകുവിനെയും ദുഃഖത്തിൽ ആഴ്ത്തി.. മക്കളെ പോലും ശ്രദ്ധിക്കാതെ വന്നപ്പോൾ ആണ് സുകുവിന്റെ നിയന്ത്രണം തെറ്റിയത്…അവളെ അയാൾ ആദ്യമായി മർദ്ദിച്ചത്… ആ വാശിയിൽ അവൾ അയാളെയും മക്കളെയും ഉപേക്ഷിച്ചു.. മഹേഷിനോപ്പം ജീവിക്കാൻ തീരുമാനിച്ചു. അവന്റെ അടുത്തേക്ക് ഓടിച്ചെന്ന അവളെ അവൻ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.. താൻ വീശിയ വലയിൽ കുരുങ്ങിയ അവളെ അവൻ നെഞ്ചോട് ചേർത്തു. തന്നെ മറ്റൊരാൾക്കായി കാഴ്ച്ച വക്കാൻ പോകുന്നു എന്ന സത്യം അവളെ ഞെട്ടിച്ചു.. മഹേഷിൽ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. കാമഭ്രാന്തുമായി തന്നോടടുത്ത അവനെ സർവ്വ ശക്തിയുമെടുത്തു തള്ളി.. തലക്കു മാരകമായി പരിക്കേറ്റ അവൻ നിലത്തു വീണു പിടഞ്ഞു മരിക്കുന്നത് നോക്കി നിന്നു.

തന്നെയൊന്നു കാണാൻ പോലും സുകുവേട്ടൻ വന്നിട്ടില്ല…ഇത്രയും കാലം ഈ ജയിലറക്കുള്ളിൽ ചെയ്തു പോയ തെറ്റിനെക്കുറിച്ച് ചിന്തിച്ചു മനസ്സുരുകി ജീവിച്ചു…. ശാന്തേച്ചിയെപ്പോലുള്ള നന്മയുള്ളവർക്കൊപ്പം കഴിഞ്ഞു… ഇനിയെന്ത്?

അവിടെ നിന്നും പുറത്തിറങ്ങുമ്പോളും അവൾക്കു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു സുകു വരുമെന്ന്… തന്റെ മക്കൾ വരുമെന്ന്.. ആരെയും കണ്ടില്ല…എന്തൊക്കെ വന്നാലും ഇനിയും താൻ അവരുടെ മുന്നിൽ പോകില്ല.. അതിനുള്ള യോഗ്യത ഇല്ല തനിക്കു… മരിക്കണം.. അതാണ് നല്ലതു… ആരോരുമില്ലാത്തവൾ എന്തിനു ജീവിക്കണം… വല്ല ട്രെയിൻ പാളത്തിലോ ആറ്റിലോ തീരാൻ ഉള്ളതാണ് തന്റെ ജീവൻ.. അവൾ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങി…

“അമ്മേ ” എന്ന പിൻവിളി അവളെ പിടിച്ചു നിർത്തി.. തിരിഞ്ഞു നോക്കിയപ്പോൾ തന്നെയും നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന രണ്ടു പെൺകുട്ടികൾ.. തന്റെ പൊന്നുമക്കൾ ! വിശ്വസിക്കാനാകാതെ അവൾ സ്തംഭിച്ചു നിന്നു..

“അമ്മേ വാ അമ്മേ പോകാം.. അച്ഛൻ വന്നിട്ടുണ്ട് “

മക്കൾ ചൂണ്ടിയിടത്തേക്കു നോക്കുമ്പോൾ ആണ് അവൾ സുകുവിനെ കണ്ടത്

“മക്കൾ അമ്മയോട് പൊറുക്കണം.. ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ ആണ് അമ്മ ചെയ്തത് “അവൾ ഏങ്ങി ക്കരഞ്ഞു..

“അമ്മേ അമ്മ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചത് അമ്മ മാത്രമല്ല.. ഞങ്ങൾ കൂടെ ആണ്.. എല്ലാം കഴിഞ്ഞു.. പശ്ചാത്തപത്തെക്കാൾ വലിയ പ്രായശ്ചിത്തം ഇല്ലല്ലോ അമ്മേ ” മക്കളുടെ വാക്കുകൾ അവൾക്കു സാന്ത്വനം നൽകി.. സുകുവിനും മക്കൾക്കുമൊപ്പം അവരുടെ തണലിൽ ജീവിതത്തിന്റെ പുതിയ അധ്യായം അവിടെ തുറക്കുകയായി….

ശരിയാണ് പശ്ചാത്താപത്തെക്കാൾ വലിയ പ്രായശ്ചിത്തം ഇല്ല. ജീവിതത്തിൽ തെറ്റ് പറ്റാത്തവരായി ആരുമില്ല..പരസ്പരം തെറ്റുകൾ തിരുത്തിയും സ്നേഹത്തോടെയും ബഹുമാനത്തോടെയും ആവണം ദാമ്പത്യം..