അത് തന്നെ ഇവൾക്ക് ഭ്രാന്താണ് അല്ലെങ്കിൽ പിന്നെ അവനെയൊക്കെ കേറി ആരെങ്കിലും പ്രേമിക്കുമോ എന്നൊക്കെയുള്ള കൂട്ടുകാരികളുടെ ചോദ്യങ്ങൾക്ക്….

എഴുത്ത്: ശിവ

“നീ എന്ത് കണ്ടിട്ട് ആണെടി അവനെ സ്നേഹിക്കുന്നത്….? അതിന് മാത്രം എന്താ അവനുള്ളത്‌.. കൂലിപ്പണികാരൻ ആണ് പോരാത്തതിന് കാണാനും കറുത്തിട്ടാണ്….

“അത് തന്നെ ഇവൾക്ക് ഭ്രാന്താണ് അല്ലെങ്കിൽ പിന്നെ അവനെയൊക്കെ കേറി ആരെങ്കിലും പ്രേമിക്കുമോ എന്നൊക്കെയുള്ള കൂട്ടുകാരികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന നേഴ്സ് പെണ്ണിനെയാണ് ഞാൻ കണ്ടത്…..

ആശുപത്രിയിലെ കാൻസർ വാർഡിൽ വെച്ചാണ് ഞാൻ അവളെ ആദ്യം കാണുന്നത്…. അച്ഛനെയും കൊണ്ട് കാൻസർ വാർഡിൽ ചെന്ന അന്ന് അവൾ എന്റെ അരികിലേക്ക് വന്നു….

ഉണ്ടക്കണ്ണും കറുത്ത കുഞ്ഞു വട്ട പൊട്ടും അണിഞ്ഞു പുഞ്ചിരിയോടെ വരുന്ന അവളെ ആരും ഒന്നു നോക്കി പോവും….പുഞ്ചിരിച്ചു കൊണ്ട് അച്ഛനെ ബെഡിൽ കിടത്താൻ അവളും എന്നെ സഹായിച്ചു.. പിന്നീട് വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു ട്രിപ്പും നൽകി അവൾ അടുത്ത ആളിന്റെ അടുത്തേക്ക് നടന്നു നീങ്ങി….എല്ലാവരോടും കുശലം പറഞ്ഞു ചിരിയോടെ അവൾ നടക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി..മറ്റു നേഴ്സ്മാരുടെ മുഖത്തു കാണാത്ത ഒരു പുഞ്ചിരി അവളുടെ മുഖത്തു നിറഞ്ഞു നിന്നിരുന്നു..

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ നല്ല പരിചയത്തിൽ ആയി..എങ്കിലും എനിക്ക് അവളോട്‌ പ്രണയം തോന്നിയിരുന്നില്ല അതിനു പറ്റുന്ന മാനസികാവസ്ഥ ആയിരുന്നില്ലല്ലോ…….

അങ്ങനെ ഇരിക്കെ ആണ് അവിചാരിതമായി ഞാൻ അവളും കൂട്ടുകാരികളും തമ്മിലുള്ള സംസാരം കേൾക്കാൻ ഇടയായത്….അവരുടെ സംസാരത്തിൽ നിന്നും കഥാനായകൻ ഞാൻ ആണെന്ന് മനസ്സിലായി.. അതുകൊണ്ട് തന്നെ അവളുടെ മറുപടി എന്താകും എന്നറിയാൻ ആകാംഷയോടെ ഞാൻ കാത്ത് നിന്നു…..

“നിന്ന് ചിരിക്കാതെ പറയെടി….”

” ഞാൻ എന്ത് പറയാൻ.. പറഞ്ഞാലും നിങ്ങൾക്ക് മനസ്സിലാവില്ല..”

“എന്ത് മനസ്സിലാവില്ല.. നീ പറ ഞങ്ങളും കൂടി അറിയട്ടെ നീ ഇഷ്ടപ്പെടാൻ മാത്രം അവനുള്ളതെന്ന് ….”

“മ്മ്മം.. പറയാം.. ഞാൻ അവനെ ആദ്യം കാണുബോൾ തന്നെ ശ്രദ്ധിച്ച ഒരു കാര്യം അവൻ അവന്റെ അച്ഛനോട് കാണിക്കുന്ന സ്നേഹം തന്നെ ആണ്..അച്ഛന്റെ കൈയും പിടിച്ചു നടത്തുമ്പോളും പലവട്ടം ഒരു മടിയും കൂടാതെ ബാത്രൂമിൽ കൊണ്ടു പോകുകയും കൊണ്ടു വരികയും ചെയ്യുമ്പോളും അവന്റെ മുഖത്തു വിടർന്ന പുഞ്ചിരി എനിക്ക് അത്ഭുതം തോന്നി….എല്ലാ സമയത്തും ആ അച്ഛന്റെ മുഖത്തു പുഞ്ചിരി വിടർത്താൻ അവനെപ്പോളും ശ്രമിക്കുന്നത് കാണാമായിരുന്നു..അച്ഛൻ വേദന കൊണ്ട് പിടയുമ്പോൾ അതിനേക്കാൾ വേദന ഞാൻ അവന്റെ മുഖത്തു കണ്ടു….ആ കണ്ണുകൾ നിറയുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്….

ഈ ജോലി തുടങ്ങി ഇത്രയും കാലത്തിനിടയിൽ ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട് അവരെല്ലാം ഒരൽപ്പം എങ്കിലും ഇഷ്ടക്കേടോ ദേഷ്യമോ ഈ അവസ്ഥയിലുള്ള അച്ഛനമ്മമാരോട് കാണിക്കുന്നത് കാണാം.. പക്ഷേ ഇവനിൽ അത് ഞാൻ കണ്ടില്ല..അതുകൊണ്ട് തന്നെ അവനെ പരിചയപ്പെട്ടപ്പോൾ ഞാൻ ആദ്യം ചോദിച്ചതും അതിനെ കുറിച്ചായിരുന്നു…..അതിന് അവൻ നൽകിയ മറുപടിയാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്…..

“അതിനു മാത്രം എന്ത് മറുപടി ആണ് അവൻ തന്നത്…?”

“കുട്ടിക്കാലത്ത്‌ എന്നെ പിച്ച വെച്ചു നടപ്പിച്ചത് അച്ഛൻ ആയിരുന്നു..വീഴാതെ കൈപിടിച്ച് ദിവസവും നടത്തുമ്പോൾ ആ മുഖത്തു ഒരിക്കലും ദേഷ്യം തോന്നിയിട്ടുണ്ടാവില്ല..അങ്ങനെയുള്ള അച്ഛനെ അതേ പോലെ കൈ പിടിച്ചു നടത്താൻ കഴിയുക എന്നത് എന്റെ ഭാഗ്യം അല്ലേ അപ്പോൾ അതിൽ എന്തിന് എനിക്ക് ദേഷ്യം തോന്നണം…..കുട്ടികാലത്തു ഒരു ചെറു പനി വന്നാൽ പോലും എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു ആശുപത്രിയിലേക്ക് ഓടിയിരുന്നത് അച്ഛൻ ആയിരുന്നു….അങ്ങനെയുള്ള അച്ഛന് വേണ്ടി ഇത് ചെയ്യുമ്പോൾ എന്തിന് ദേഷ്യം വരണം….ഒരുപക്ഷേ അമ്മയേക്കാൾ സ്നേഹം തന്നത് അച്ഛൻ തന്നെ ആയിരുന്നു…. ആ അച്ഛന് വേണ്ടി എന്ത് ചെയ്താലും അത് കുറഞ്ഞു പോവത്തേയുള്ളൂ എന്നും പറഞ്ഞവൻ ചിരിച്ചു..

“കുട്ടികാലത്തെ അച്ഛനെ നഷ്ടപ്പെട്ട എനിക്ക് അവൻ അച്ഛനോട് കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ അസൂയയാണ് ആദ്യം തോന്നിയത്..അവനോട് ഇത്രയും നാൾ സംസാരിച്ചപ്പോളും അവന് പറയാനുണ്ടായിരുന്നത് അച്ഛനെ കുറിച്ചു മാത്രം ആയിരുന്നു..അവന്റെ അമ്മ പോലും എന്നോട് പറഞ്ഞത് അച്ഛനാണ് അവനെല്ലാം എന്നാണ്..അങ്ങനെ ഒരച്ഛന്റെ സ്നേഹവും വാത്സല്യവും എന്താണെന്നു അറിയാവുന്ന അച്ഛനെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരാൾക്കു അച്ഛനില്ലാത്ത എനിക്ക് അച്ഛന്റെ സ്നേഹവും സംരക്ഷണവും വാത്സല്യവും പകർന്നു തരാൻ കഴിയും എന്നെനിക്ക് തോന്നി….അതുകൊണ്ടാണ് അവനോട് എനിക്കിഷ്ടം തോന്നിയത്…..

പിന്നെ അവനോട് ഓരോ തവണ സംസാരിക്കുമ്പോളും ഞാൻ പോലും അറിയാതെ എന്റെ മനസ്സ് അവനിലേക്ക് അടുക്കുകയായിരുന്നു….നിങ്ങൾ അവന്റെ സൗന്ദര്യം കാണാൻ ശ്രമിച്ചത് ശരീരത്തിൽ ആണെങ്കിൽ ഞാൻ അത് കണ്ടെത്തിയത് അവന്റെ മനസ്സിൽ ആണ് ..

പിന്നെ ജോലി.. വിയർപ്പിന്റെ വില അറിയുന്നവനെ കെട്ടുന്നതും ഭാഗ്യം തന്നെ ആണ്.. എന്നും പറഞ്ഞവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും ഞാൻ അവിടെ നിന്നും മാറി…..

ശെരിക്കും അവളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു ഈ കാലഘട്ടത്തിലും ഇങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികൾ ഉണ്ടോ….ഇവളെ പോലെ ഒരു പെണ്ണിനെ സ്വന്തമാക്കുക ഭാഗ്യം തന്നെ ആണ് എങ്കിലും പരമാവധി അവളെ അവോയ്ഡ് ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു….ഒരുപക്ഷേ ഇപ്പോളത്തെ അവളുടെ ഒരു തോന്നൽ മാത്രം ആയിരിക്കും ഇതെല്ലാം മാത്രമല്ല പ്രണയിക്കാൻ പറ്റിയ അവസ്ഥയും ആയിരുന്നില്ലല്ലോ..

പിന്നീട് അവൾ സംസാരിക്കാൻ വന്നപ്പോളൊക്കെ ഞാൻ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു……അങ്ങനെ ദിവസങ്ങൾ കടന്നു പോയതിനിടയിൽ ആണ് ആശുപത്രിയിൽ വെച്ച് അപ്രതീക്ഷിതമായി അച്ഛന്റെ മരണം സംഭവിച്ചത്..അതോടെ മാനസികമായി തന്നെ ഞാൻ ആകെ തകർന്നിരുന്നു..അച്ഛന്റെ മരണം ഏൽപ്പിച്ച മുറിപ്പാടുമായി നാലു ചുവരുകൾക്കുള്ളിൽ ഞാൻ ഒതുങ്ങി……അമ്മക്ക് വേണ്ടി ഇനി ജീവിക്കണം എന്നുള്ള മറ്റുള്ളവരുടെ ഉപദേശങ്ങളും എന്നെ കൂടി നഷ്ടം ആവുമോ എന്ന് തോന്നി അമ്മ ഒഴുക്കിയ കണ്ണീരോ എന്തോ ഒന്ന് വീണ്ടും ജീവിതത്തിലേക്ക് വരാൻ എന്നെ പ്രേരിപ്പിച്ചു…..

താളം തെറ്റാൻ നിന്ന മനസ്സിനെ നിയന്ത്രിക്കാൻ അക്ഷരങ്ങളെ ഞാൻ കൂട്ടുപിടിച്ചു തുടങ്ങി..അതിനിടയിൽ ആണ് അപ്രതീക്ഷിതമായി ഒരു കോൾ എന്റെ ഫോണിലേക്ക് വന്നത്….അതവൾ ആയിരുന്നു..വളരെ പതുങ്ങിയ ശബ്ദത്തിൽ അവൾ സംസാരിച്ചു തുടങ്ങി…

പതിയെ പതിയെ അവളുടെ വാക്കുകൾ ഉള്ളിലെ സങ്കടങ്ങളുടെ തീ അണച്ചു തുടങ്ങി….പിന്നീട് അവളുടെ കോളുകൾ സ്ഥിരമായി തുടങ്ങി..ഞാൻ വേണ്ടെന്ന് വെച്ച പ്രണയം അച്ഛൻ എനിക്ക് നൽകിയ സമ്മാനം പോൽ എന്നിലേക്ക് ചേക്കേറുകയായിരുന്നു…..എതിർപ്പുകൾ എല്ലാം മറികടന്ന് ഞാൻ അവളെ കെട്ടി…ഇന്നവൾ എന്റെ ഭാര്യ ആണ്…..

“അതേ ഇച്ചായോ നിങ്ങൾ ഇതെന്നാ ആലോചിച്ചു കിടക്കുവാണ്….ഉറങ്ങുന്നില്ലേ….?

“ഒന്നുമില്ലെടി.. ഞാൻ നമ്മുടെ പ്രണയത്തെകുറിച്ച് ഒന്നു ഓർത്ത് നോക്കിയതാണ്…..”

“അതിനു നമ്മുടെ പ്രണയത്തിനു എന്താ കുഴപ്പം…..?”

“കുഴപ്പം ഒന്നുമില്ല…. എങ്കിലും ഒരു തോന്നൽ നിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ എന്റെ ഭാര്യയായി പോയതിന്റെ പേരിൽ ഇല്ലാതായി പോയില്ലേ എന്ന്…എന്തോ ഒരു കുറ്റബോധം…..”

“ഓഹോ എങ്കിലേ നിങ്ങൾ ആ കുറ്റബോധത്തെയും കെട്ടിപിടിച്ചു ഇവിടെ കിടന്നോളു ഞാൻ പോവാണ് എന്നും പറഞ്ഞവൾ ദേഷ്യം കേറി കട്ടിലിൽ നിന്നും എഴുന്നേറ്റു പോവാൻ ഒരുങ്ങി….

“ഹാ ഡി പോവല്ലേ ഞാൻ വെറുതെ പറഞ്ഞതാണ്..”

“വേണ്ട സത്യം പറ എന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം….?”

“അതുപിന്നെ ഇന്ന് നിന്റെ കൂട്ടുകാരെ കണ്ടപ്പോൾ അവർ ചോദിക്കുന്നത് കേട്ടു വെളിയിൽ പോയി ജോലി ചെയ്യണം എന്നുള്ള ആഗ്രഹം ഒക്കെ ഉപേക്ഷിച്ചോ എന്ന്.. അത് കേട്ടപ്പോൾ തൊട്ടു എന്തോ പോലെ ഈ വീടിന്റെ ചുവരുകൾക്ക് ഉള്ളിൽ നിന്റെ സ്വപ്നങ്ങളെ ഞാൻ തളച്ചിട്ടത് പോലെ തോന്നി….”

“ഓ അപ്പോൾ അതാണോ കാര്യം.. ഡാ പൊട്ടൻ ഇച്ചായ വിദേശത്തു ജോലിക്ക് പോവുക എന്നതൊക്കെ എന്റെ സ്വപ്നവും ആഗ്രഹവും ഒക്കെ തന്നെ ആയിരുന്നു.. പക്ഷെ അതിനേക്കാൾ നൂറിരട്ടി സന്തോഷമാണ് എനിക്ക് നിങ്ങളോട് ഒപ്പമുള്ള ഓരോ നിമിഷവും..ആശുപത്രിയിലെ ജോലിയും കഴിഞ്ഞു തളർന്നു വരുമ്പോൾ ഈ മാറിലേക്ക് തല ചായ്ച്ചു കിടക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും ഏത് സ്വപ്നങ്ങൾ കൈയെത്തി പിടിച്ചാലും കിട്ടില്ല…..പിന്നെ ഒരു പെണ്ണിന്റെ സ്വപ്നങ്ങൾ പൂർത്തികരിക്കാൻ ഏതൊരാൾക്കും കഴിഞ്ഞെന്നു വരും. പക്ഷേ അവളെ മനസ്സിലാക്കാനും മനസ്സറിഞ്ഞു സ്നേഹിക്കാനും അവളുടെ കുസൃതിക്കും കുറുമ്പിനും കൂട്ടു നിൽക്കാനും കഴിയുന്ന…വിവാഹ ശേഷം അവളെ അവളായി തന്നെ ജീവിക്കാൻ അനുവദിക്കുന്നൊരാളെ കിട്ടുക എന്നതാണ് ഏതൊരു പെണ്ണിന്റെയും ഭാഗ്യം..എനിക്ക് ഭാഗ്യം കിട്ടി.. അതിനേക്കാൾ വലുതല്ല ഒന്നും….

അതുകൊണ്ട് തന്നെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി എനിക്കെന്റെ ഈ കൂലിപ്പണിക്കാരൻ ചെക്കന്റെ സ്വപ്നങ്ങൾക്ക് നിറം പകരനായാൽ മാത്രം മതി എന്നും പറഞ്ഞവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു…..

ആ നിമിഷം നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ഇരു കൈകളും കൊണ്ടു അവളെ ഞാൻ എന്നിലേക്കു വരിഞ്ഞു മുറുക്കുകയായിരുന്നു…….

ഇങ്ങനെയും ചില പ്രണയങ്ങൾ ഉണ്ട് പ്രണയം എന്ന വാക്കിനു അർത്ഥമേകുന്ന പ്രണയങ്ങൾ….സ്നേഹപൂർവ്വം… ശിവ