ചേച്ചീ..ഒരാണും പെണ്ണും കൂടി ലവ്വ് ചെയ്യില്ലേ അത്. ഒരീസം ഞാൻ അമ്മായിടെ കൂടെ കിടന്നപ്പോൾ അമ്മായിയും മാമനും ലവ്വ് ചെയ്തല്ലോ…

എഴുത്ത്: വിപിൻ‌ദാസ് അയിരൂർ

ബെഡ്റൂമിലെ സീറോ ബൾബിന്റെ വെളിച്ചത്തിൽ അവളുടെ നെറ്റിയിലെ വിയർപ്പുതുള്ളികളിൽ പറ്റിപിടിച്ചു കിടക്കുന്ന മുടികൾ വിരൽകൊണ്ട് മാറ്റുമ്പോൾ അവന്റെ ചുണ്ടുകൾ ആ വിയർപ്പുതുള്ളികൾക്ക് മേലെ അമരുവാൻ വെമ്പിനിൽക്കുകയായിരുന്നു. പതിയെ അടയുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി അവന്റെ ചുണ്ടുകൾ അവളിലേക്കായ് അടുത്തു..

“ഡീ ചിന്നൂ… ചിന്നൂ.. ഇവളിത് എവിടെ പോയിരിക്കുവാ? സ്കൂൾ ബസ് വരാൻ സമയമായല്ലോ.. ചിന്നൂ…”

അമ്മയുടെ ആർപ്പുവിളി കേട്ട് ചെറിയച്ഛന്റെ മുറിയിലെ വാതിലിന്റെ പുറകിൽ നിന്ന ആറ് വയസ്സുകാരി ചിന്നു കയ്യിലെ മൊബൈൽ മേശയിൽ വെച്ച് അമ്മയുടെ അടുത്തേക്കോടി വന്നു.

“എവിടാർന്നു നീ.. എത്ര നേരമായെടി വിളിക്കുന്നു. സ്‌കൂൾ ബസ് വരാനായി. നീ എന്തേലും കഴിച്ചിട്ടുണ്ടോടി. നിനക്കെപ്പോഴാണാവോ എന്റെ കയ്യിൽ നിന്നും കിട്ടുന്നത്. കുറെ ദിവസമായി നീയിപ്പോൾ ഇങ്ങനെ തുടങ്ങീട്ട്.

ഒന്നും മിണ്ടാതെ ചിന്നു മേശയിൽ വെച്ചിരുന്ന ഉപ്പുമാവ് രണ്ട് സ്പൂൺ കഴിച് ഗ്ലാസ്സിലെ പാൽ കുടിച്ചു ഉമ്മറത്തു ബാഗ്ഗും പിടിച്ചു റോഡിലേക്ക് നോക്കി ഇരുന്നു.

ക്ലാസ്സിൽ എത്തിയിട്ടും ചിന്നു എന്തോ ആലോചിച്ചു ഇരിക്കുകയാണ്. ടീച്ചർ വന്നു കയ്യിൽ തട്ടിയപ്പോഴാണ് ചിന്നു സ്വബോധം വീണ്ടെടുത്തത്.

ഒരു അവധി ദിവസം വന്നെത്തി.

“അമ്മെ ഞാനിപ്പോ വരാട്ടോ. ചിത്രേച്ചീടെ വീട്ടിലേക്കാ,”

രണ്ട് ഭാഗത്തേക്ക് മുടഞ്ഞിട്ട മുടികൾ ആട്ടിയാട്ടി മുറിപ്പാവാട ഇട്ട് ചിന്നു ചിത്രയുടെ വീട് ലക്ഷ്യമാക്കി ഓടി.

“ഹാ, ആരിത്.. ചിന്നൂട്ടിയോ.. കുറെ ആയല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്”

ചിത്ര.. MBA പഠിക്കുന്നു. ചിന്നുവിനെ കണ്ടപ്പോൾ തലയിൽ എണ്ണയിട്ടു കൊണ്ടിരുന്ന അവൾ അകത്തുനിന്നു പുറത്തോട്ട് വന്നു.

“ചേച്ചിക്കും ഇടക്കൊക്കെ അങ്ങോട്ട് വരാലോ. ഞാൻ മാത്രല്ലേ ഇങ്ങോട്ട് വരുന്നുള്ളൂ”

“ഞാൻ ക്ലാസ് കഴിഞ്ഞവരാൻ നേരംവൈകും ചിന്നുമോളെ. പിന്നെ ഇരുട്ടിയാൽ അതിലൂടെ എങ്ങനെ വരാനാ”

“ഹും, ചേച്ചിക്ക് എല്ലാത്തിനും ഓരോ കാരണങ്ങളാണ്. ആയിക്കോട്ടെ. ഞാനും ഇങ്ങനെ പറയും ഇനി”

“ഹഹഹ, പോടീ വായാടി, നീ ചേച്ചീടെ മുറിയിൽ പോയിരിക്ക്. ഇവിടാരുമില്ല. ചേച്ചി ഉമ്മറത്തെ വാതിൽ അടക്കട്ടെ. ഞാൻ അപ്പോഴേക്കും കുളിച്ചിട്ട് വരാട്ടോ”

ചിത്ര തോർത്തെടുത്ത് കുളിക്കാൻ പോയി. കുറച്ചു സമയത്തിന് ശേഷം ചിത്ര കുളി കഴിഞ്ഞു പുറത്തുവന്നു. ചിന്നുവിനെ കാണുന്നില്ല. ചുറ്റിലും നോക്കി. അപ്പോൾ അതാ കട്ടിലിന്റെ മറയിൽ താഴെ ചിത്രയുടെ മൊബൈൽ കയ്യിൽ പിടിച്ചു ചിന്നു ഇരിക്കുന്നു.

“എന്താ ചിന്നു ഇവിടെ വന്നിരിക്കുന്നത്? അതും കട്ടിലിന്റെ ഇടയിൽ. എന്താ കാര്യം?”

ചിന്നു ഭയത്തോടെ ചിത്രയെ നോക്കി. കയ്യിലെ മൊബൈൽ മറച്ചുപിടിക്കാൻ ശ്രമിച്ചു. അതുകണ്ട് ചിത്ര കയ്യിൽ നിന്നും മൊബൈൽ വാങ്ങി.

“നീയെന്താ നോക്കിയിരുന്നത് ഇവിടെ മറഞ്ഞിരുന്നിട്ട്? പറ.. ഇല്ലേൽ ഞാൻ ഇനി നിന്നോട് മിണ്ടില്ല”

“ചേച്ചി.. ഞാൻ., ഞാൻ ചേച്ചീടേ ഫോണിൽ ലവ്വ് ഉണ്ടോ എന്ന് നോക്കുവായിരുന്നു.”

“ലവ്വോ..? അതെന്താ?”

“അത്.. അതെന്റെ അമ്മായിടെ ഫോണിൽ ഉണ്ടല്ലോ.. ഞാൻ കാണാറുണ്ട്.. “

“മോളെന്താ ഉദ്ദേശിച്ചത്..?”

“ചേച്ചീ.. ഒരാണും പെണ്ണും കൂടി ലവ്വ് ചെയ്യില്ലേ അത്.. ഒരീസം ഞാൻ അമ്മായിടെ കൂടെ കിടന്നപ്പോൾ അമ്മായിയും മാമനും ലവ്വ് ചെയ്തല്ലോ.. മാമൻ ഗൾഫിൽ പോയപ്പോൾ കമ്പ്യൂട്ടറിൽ കൂടി അവർ ലവ്വ് ചെയ്യാറുണ്ടല്ലോ”

ചിത്രയുടെ നാവ് മരവിച്ചു. എന്താ പറയുക എന്നറിയാതായി. ഇത്രേം ചെറുപ്പത്തിൽ ചിന്നു ഇത്രയും കണ്ടും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.

“ചിന്നു ഇത് ആരോടെങ്കിലും പറഞ്ഞോ എന്നിട്ട്?”

“മ്മ്.. എന്റെ വീടിന്റെ അപ്പുറത്തെ അഭിയോട് പറഞ്ഞു. അപ്പൊ അവൻ പറഞ്ഞു നമുക്കൊന്നു ചെയ്തു നോക്കിയാലോന്നു. ഞങ്ങൾ അന്ന് ചുമ്മാ ലവ്വ് ചെയ്തുനോക്കി”

“എന്റെ ഈശ്വരാ.. എന്തൊക്കെയാ ഞാൻ ഈ കേള്ക്കുന്നെ.. നീ ഇങ്ങു വന്നേ.. നിന്റെ ലവ്വ് കാണൽ ഞാനിന്നു ശരിയാക്കി തരാം”

ചിത്ര കയ്യിലെ തോർത്ത് കട്ടിലിലേക്ക് എറിഞ്ഞു ചിന്നുവിന്റെ കൈ പിടിച്ചു അവളുടെ വീട്ടിലേക്ക് നടന്നു.

“ദീപേച്ചി… ദീപേച്ചി.. ഇങ്ങുവന്നേ..”

“എന്താ ചിത്രേ രാവിലെതന്നെ.. ഹാ ചിന്നു ഇങ്ങോട്ട് തന്നെ വേഗം വന്നോ”

“ചിന്നുവിനെ ഞാൻ കൊണ്ടുവന്നതാ.. നമ്മുടെ ചിന്നുവെ കുറച്ചു ദിവസമായി ചീത്ത വഴിയിലൂടെ നടക്കുവായിരുന്നു. ദൈവം ആയിട്ടാ എന്റെ കണ്ണിൽ കാണിച്ചു തന്നത്. അല്ലെങ്കിൽ നമ്മൾ പത്രത്തിലും സിനിമയിലുമൊക്കെ കാണുന്നപോലെ എന്തെങ്കിലും ആപത്ത് ഉണ്ടാക്കി വെച്ചേനെ”

“എന്താ ചിത്രേ.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. നീ തെളിച്ചു പറ”

ചിത്ര നടന്ന സംഭവങ്ങൾ എല്ലാം ചിന്നുവിന്റെ അമ്മയോട് പറഞ്ഞു കൊടുത്തു. അതുകേട്ട് കഴിയുമ്പോഴേക്കും ദീപയുടെ വലംകൈ ചിന്നുവിന്റെ ഇടത് കൈയിൽ ശക്തിയിൽ അടിച്ചിരുന്നു. രണ്ടാമത്തെ അടി വരുമ്പോഴേക്കും ചിത്ര ചിന്നുവിനെ അവളുടെ മറയിലേക്ക് മാറ്റി.

“ദീപേച്ചി.. അടിച്ചതുകൊണ്ട് കാര്യമായില്ല. നമ്മൾ ശ്രദ്ധിക്കേണ്ടതായിരുന്നു. ചിന്നു അതൊക്കെ കണ്ടതും പഠിച്ചതും ഈ വീട്ടിൽ നിന്ന് തന്നെയാണ്. അപ്പോൾ നിങ്ങൾ ആണ് തെറ്റുകാർ. അവൾ ചെറിയ കുട്ടിയാണ്. ഒന്നും അറിയാത്തവൾ. ശ്രദ്ധിക്കേണ്ടത് നമ്മളാണ്.”

“ശരിയാ ചിത്രേ.. ഈ അസ്സത്ത് ഈയിടെയായി സുമയുടെ മുറിയിൽ എപ്പോഴും ഉണ്ടാകും. ഇന്നലെയും സ്കൂൾ വണ്ടി വന്നു നിൽക്കുമ്പോൾ ഇവൾ അതിനുള്ളിൽ സുമയുടെ ഫോണും കയ്യിൽ പിടിച്ചോണ്ടിരിക്കുവായിരുന്നു. മാത്രമല്ല സുമയുടെ ഭർത്താവ് വന്നാൽ ഇവൾ പറയും ഞാൻ അമ്മായിയുടെ മുറിയിൽ കിടന്നോളാം എന്നൊക്കെ. എന്റെ ദൈവമേ എനിക്കറിയില്ലല്ലോ ഇവളുടെ മനസ്സിൽ ഇത്രേം വലിയ ചിന്തയൊക്കെ കൊണ്ട് നടക്കുവാണെന്ന്.”

ദീപയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റുവീണു. ചിന്നു കരയാതെ കരഞ്ഞു തല താഴ്ത്തി അവരുടെ അടുത്ത് നിന്നു.

“ദീപേച്ചി.. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇപ്പൊ നമ്മൾ മാത്രല്ലേ അറിഞ്ഞുള്ളൂ. അപ്പോൾ ഇനിമുതൽ ശ്രദ്ധിക്കുക. സുമചേച്ചിയോട് പറ അങ്ങനെയുള്ള വീഡിയോസ് ഒന്നും ഫോണിൽ വെച്ച് നടക്കരുതെന്നു. മാത്രമല്ല ചേട്ടനുമായി വീഡിയോകോൾ ചെയുമ്പോൾ ഡോർ അടക്കാനും പറയണം. നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് കൊള്ളാം.”

“ഇനി എങ്ങാനും നീ അത് കണ്ടെന്നറിഞ്ഞാൽ കൊന്നുകളയും ഞാൻ. തിന്നാൻ തന്ന് വളർത്തിയാൽ കൊല്ലാനും അറിയാം. മര്യാദക്ക് പറഞ്ഞത് കേട്ട് നടന്നോണം,കേട്ടോടി..”

തല താഴ്ത്തി നിന്ന ചിന്നു കുറ്റബോധത്തോടെ മുഖം ചുവന്നു കണ്ണിലൂടെ കണ്ണുനീർ ഒഴുക്കുന്ന അമ്മയെ ദയനീയമായി നോക്കി നിന്നു.

പിറ്റെന്നാൾ ചിത്രയും ദീപയും ചേർന്ന് ചിന്നുവിനെ ഒരു ഡോക്ടറെ കാണിച്ചു കൗൺസിലിംഗും കൊടുത്തു. അതിനുശേഷം ചിന്നു നല്ല കുട്ടിയായി. അമ്മയെ അനുസരിക്കുന്ന ക്ലാസ്സിൽ നന്നായി പഠിക്കുന്ന നല്ലൊരു കുട്ടിയായി വളർന്നു.

NB: നമുക്ക് ചുറ്റും ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ യാദാർത്യരൂപമാണിത്. ഇങ്ങനെ ഓരോ വീടുകളിലും സംഭവിക്കാം. കുട്ടികൾക്കൊന്നും അറിയില്ല. നമ്മളുടെ അശ്രദ്ധ മൂലം അവർ അറിയാൻ പാടില്ലാത്തത് അറിയുകയും അത് വലിയൊരു വിപത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എല്ലാ മാതാപിതാക്കളും ഇങ്ങനെയുള്ള കാര്യങ്ങൾ കുട്ടികളിൽ നിന്നും മറച്ചു വെക്കുകയും അവർക്ക് ഇത് കാണാനും അറിയാനും ഉള്ള അവസരങ്ങൾ ഇല്ലാതാകുകയും ചെയ്യുക. നല്ലൊരു തലമുറയെ നമുക്ക് വളർത്തിയെടുക്കാം.