ടെൻഷൻ അടിക്കാതെന്റെ, ബിൻസി കൊച്ചെ, അന്തോണീസു പുണ്യാളനെ ഓർത്തു രണ്ടു സുകൃത ജപം ചൊല്ലി നമുക്കു പോയി നോക്കാം…

On-line Special Duty

Story written by Albin Jose

“ഇയാള് പോകാൻ റെഡി ആയോ”, എന്ന് ചോദിച്ചു കൊണ്ട് കൈയ്യിലിരുന്ന ഇൻജക്ഷൻ ട്രൈ അവിടെ ഉണ്ടായിരുന്ന ഒരു ടേബിളിൽ വെച്ച്, സാലി നേഴ്സ് ബിൻസിയോട് ചോദിച്ചു.

ഓ, സാലി ചേച്ചി ആരുന്നോ ?,”കൊച്ചെ, നീ നാളത്തെ ഡ്യൂട്ടി നോക്കിയോ” ?,

“ഹേ ഇല്ലാ”. “വെറുതെ പ്രേതീഷ ഒന്നും വക്കണ്ട covid സ്പെഷ്യൽ ഡ്യൂട്ടി ആയിരിക്കും”.

“ചേച്ചി വെറുതെ ടെൻഷൻ ആക്കാതെ മുല കുടി മാറാത്ത കൊച്ചു ഉള്ളതാ എനിക്ക്, അതിനെ ആര് നോക്കും”,എനിക്കറിയില്ല ചേച്ചി എന്നാ ചെയ്യണ്ടെന്നു” ..

“ടെൻഷൻ അടിക്കാതെന്റെ, ബിൻസി കൊച്ചെ, അന്തോണീസു പുണ്യാളനെ ഓർത്തു രണ്ടു സുകൃത ജപം ചൊല്ലി നമുക്കു പോയി നോക്കാം”. സാലി നേഴ്സ് ബിൻസിയോട് പറഞ്ഞു.

“ബെസ്ററ്, പള്ളീ പോയിട്ട് മൂന്നു മാസം ആയി, ദൈവം തമ്പുരാൻ, അവിടെ ഉണ്ടോന്നാ എന്റെ സംശയം, പുള്ളിക്ക് ഇതൊന്നും കണ്ടിട്ട് ഒരു കൂസലും ഇല്ല”. ബിൻസി ഒരു ചിരിയോടെ മറുപടി നൽകി… “ഒന്ന് പോയെ കൊച്ചെ ഒന്ന്, പിന്നെ നിന്റെ കെട്ട്യോന്റെ കാര്യം എന്തായി ! പുള്ളി തിരിച്ചു വരുന്നുണ്ടോ ?

“പണീം ഇല്ലാതെ ആ മരുഭൂമിയിൽ കെടന്നിട്ട് എന്നാ ചെയ്യാനാ ? അവിടെ രണ്ട് നേരം തിന്നണേ പോലും നാട്ടിലെ പതിനായിരം വേണം. “ജോലി പോയല്ലേ”?… എന്ന സാലി നേഴ്സിന്റെ ചോദ്യത്തിന് ബിൻസി മറുപടി ഒരു തെളിച്ചമില്ലാത്ത പുഞ്ചിരിയിൽ ഒതുക്കി… “ഇയാൾക്ക് കൊച്ചിനെ ഓർത്താ ടെൻഷൻ”.

“പിന്നല്ലാതെ ചേച്ചി, ഇനിയിപ്പോ സ്പെഷ്യർ ഡ്യൂട്ടി ഇട്ടാ പോലും എസ്ക്യൂസ് പറഞ്ഞു ഒഴിവാക്കാൻ പറ്റൂന്ന് തോന്നുന്നില്ല”, കാരണം ആ കെളവി തള്ളയല്ലേ”… ‌ അവരുടെ സംസാരത്തിനിടക്ക് തിരക്കിട്ടു ഒരാൾ ആ നേഴ്സിങ് സ്റ്റേഷനിലേക്ക് കയറി വന്നു .

“അതെ, ഞാൻ പോവാ കേട്ടോ ചേച്ചിമാരെ”, “ഓവർ കൊടുക്കാൻ ലേറ്റ് ആയി, ഇനി ഓടി ചെന്നില്ലേ ബസ് കിട്ടൂല്ല, “ഡീ പെണ്ണെ നിക്ക്”, “അയ്യോ, ഇല്ലാ ഞാൻ പോട്ടെ, ചെന്നിട്ടു വേണം രാത്രിക്കു ഉള്ളത് വെച്ചൊണ്ടാക്കാൻ”, “അതേ, ഡ്യൂട്ടി മാറ്റിട്ടുണ്ട് കേട്ടോ,വാട്ട്സ് ആപ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്. “നിനക്കു എവിടാ ഡ്യൂട്ടി” ?,

നടക്കുന്നതിനിടയിൽ ബിൻസിയുടെ ചോദ്യം കേട്ട്, അവൾ ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ട് മറുപടി ഒരു വികാരമില്ലാത്ത ചിരിയിൽ ഒതുക്കി എന്നിട്ട് കൈയിൽ ഇരുന്ന കുട വെച്ച് ടാറ്റ കാണിച്ചു അവൾ നടത്തം തുടർന്നു … “അപ്പോ ചേച്ചി, നോക്കിട്ടു കാര്യം ഇല്ലല്ലേ? കൊച്ചിനെ ‘അമ്മ നോക്കൂടി മോളെ, ” ഇല്ല ചേച്ചി, ആ പരട്ട തള്ള നോക്കത്തൊന്നുമില്ല”.

“കെട്ടും കഴിഞ്ഞ് മൂന്നാം മാസം എനിക്കിട്ടുള്ള പണീം തന്ന് അതിയാൻ ഗൾഫ് പിടിച്ചു, ഞാനപ്പഴേ അപ്പനോട് പറഞ്ഞതാ എനിക്കിപ്പോ കല്യാണം വേണ്ടാ വേണ്ടാന്ന്, പുള്ളിക്കാണെ എങ്ങനേലും ബാധ്യത ഒഴിഞ്ഞാ മതീന്നാരുന്നു. “അയർലന്റിൽ പോണം അവിടെ ജോലി ചെയ്യണോന്ന് ഒക്കെ ആഗ്രഹമുണ്ടായിരുന്നു ചേച്ചി”. “വീട്ടിന്ന് അടുത്തായോണ്ട് മാത്രമാ ജോലിക്ക് പോലും വിടാൻ സമ്മതിച്ചേ, ഇല്ലേ വീട്ടിലിരുന്നോളാനാ പുള്ളിടെ ഓഡർ”..

“ഞാൻ ജോലിക്ക് പോണത് ഒട്ടും ദഹിക്കണില്ല കെളവി തള്ളക്ക്”. “അവനെന്തെലും കുരുത്തക്കേട് കാണിച്ചാ നല്ല കിഴുക്ക് വെച്ചു കൊടുക്കും പരട്ട തള്ള”.. ബിൻസിയുടെ പല്ല് കടിച്ചുള്ള വർത്തമാനം സാലി ചേച്ചിക്ക് ചിരി പൊട്ടി . “ചിരിച്ചോട്ടോ”… സാലി ചേച്ചിയുടെ ചിരി ബിൻസിക്ക് അത്രയ്ക്കങ്ങ് രസിച്ചില്ല.

“മതി മതി പോവാം നോക്കാം.സാലി ചേച്ചി പോകാൻ ധ്രിതി കൂട്ടി. ഒരു മൂലക്ക് ഇരുന്ന ഹാൻഡ് ബാഗും തൂക്കി ബിൻസിയും,സാലിയും പുറത്തേക്കിറങ്ങി. “ബിൻസി നാളത്തെ ഡ്യൂട്ടി നോക്കണ്ടേ”? “എന്റെ പൊന്ന് ചേച്ചി സമാധാനം കളയല്ലേ വരാനുള്ളത് ദേ, “ഷൈൻ സ്റ്റാർ” പിടിച്ച് വരും”.. അവർ സ്ഥിരം പോകുന്ന ഒരു പ്രൈവറ്റ് ബസ് ആ ബസ് സ്റ്റോപ്പിൽ വന്നു നിന്നു.

തുടരും…