തനിക്ക് വേണമെങ്കിൽ ഈ കാര്യങ്ങൾ എല്ലാം മറച്ചു വച്ചു എന്നെ കല്യാണം കഴിക്കാമായിരുന്നു. ചിലപ്പോൾ ഒരിക്കൽ പോലും ഞാൻ ഇതൊന്നും അറിയില്ലായിരുന്നു

എഴുത്ത് : ANU BEN

പെങ്ങളുടെ കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾക്കും നാട്ടുകാർക്കും ഒക്കെ എന്റെ കല്യാണം നടത്താൻ ധൃതിയായി. ഒരു പ്രണയവിവാഹം വേണ്ടെന്നും അച്ഛനും അമ്മയും കണ്ടുപിടിച്ചു തരുന്ന ഒരാളെ കല്യാണം കഴിക്കുള്ളൂ എന്നും നേരത്തെ പറഞ്ഞിരുന്ന കൊണ്ട് എന്റെ മനസ്സിൽ ആരും ഉണ്ടാവില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.

അച്ഛൻ പറഞ്ഞ പ്രകാരം പിന്നെ ബ്രോക്കർ കുറെ ഫോട്ടോകളും ആയിട്ട് വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. കാണുന്ന വീട്ടിൽ എല്ലാം പെണ്ണ് കണ്ട് കയറി ഇറങ്ങി നടക്കാൻ താൽപ്പര്യം ഇല്ലാത്തകൊണ്ട് എല്ലാം ഒത്തിണങ്ങിയത് വരുമ്പോൾ മാത്രം എന്നോട് പറഞ്ഞാൽ മതി എന്ന എന്റെ ആവശ്യം അംഗീകരിച്ചു.

വൈകാതെ തന്നെ നല്ലൊരു ആലോചന ഉണ്ടെന്ന് പറഞ്ഞു ബ്രോക്കർ വരികയും വീട്ടിൽ എല്ലാവർക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു. അമ്മയുടെ നിർബന്ധപ്രകാരം വച്ചു താമസിപ്പിക്കാതെ അടുത്ത അവധി ദിവസം തന്നെ പെണ്ണ് കാണാൻ പോകാമെന്ന് ഞാനും സമ്മതിച്ചു.

അച്ഛനും അമ്മയും പെങ്ങളും അളിയനും ഒക്കെ ആയി പെണ്ണ് കാണാൻ ഇറങ്ങുമ്പോൾ ആദ്യത്തെ പെണ്ണ് കാണലിന്റെ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്തു കാണിച്ചില്ല. ബ്രോക്കർ പറഞ്ഞു തന്ന വഴി അനുസരിച്ച് കുറച്ചു ദൂരത്തെ യാത്രയ്ക്ക് ശേഷം ഒരു വീടിന്റെ മുന്നിൽ വണ്ടി നിർത്തി.

നല്ല ഭംഗിയുള്ള പൂന്തോട്ടവും കുറച്ചു പക്ഷികളും ഒക്കെയുള്ള ഒരു വീടും പരിസരവും. ആദ്യകാഴ്ചയിൽ തന്നെ ആരും ഇഷ്ടപ്പെട്ട് പോകുന്നൊരു ചുറ്റുപ്പാട്. ഞങ്ങൾ എത്തുന്നതിന് മുൻപ് തന്നെ ബ്രോക്കർ എത്തിയിരുന്നു. ഞങ്ങളെ കണ്ടതും ബ്രോക്കറും പെണ്ണിന്റെ അച്ഛനും ഒക്കെ ചേർന്ന് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരുത്തി.

പലഹാരങ്ങൾ ഒക്കെയായി പെണ്ണിന്റെ അമ്മയും കൂടെ കുറച്ചു പെണ്പടകളും വന്നു. ആരോട് എന്താ പറയേണ്ടത് എങ്ങനെയാ തുടങ്ങേണ്ടത് എന്ന് ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാണ് ബ്രോക്കർ പെണ്ണിനെ വിളിക്കാൻ പറഞ്ഞത്

“അവൾ കുറച്ചു നാണക്കാരിയാണ്. ഞാൻ വിളിക്കാം” എന്നും പറഞ്ഞു പെണ്ണിന്റെ അമ്മ അകത്തേക്ക് പോയി.

പച്ച പട്ടുസാരി ഉടുത്തു അധികം ചമയങ്ങൾ ഒന്നുമില്ലാതെ കൈയിൽ ചായ ട്രെയുമായി എന്റടുത്തേക്ക് വരുന്ന അവളെ കണ്ടപ്പോൾ എന്റെ നെഞ്ചിൽ പഞ്ചാരിമേളം ആയിരുന്നു. എന്റെ മുഖത്തേക്ക് പോലും നോക്കാതെ ചായ എന്റെ നേരെ നീട്ടിയപ്പോൾ ഞാൻ ഓർത്തു

“ഹാ നാണക്കാരി തന്നെ”

ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടമായെങ്കിലും അവളോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. ഇത്രയും പേരുടെ മുൻപിൽ വച്ചു സംസാരിക്കണം എന്ന് പറഞ്ഞാൽ ആരെങ്കിലും കളിയാക്കിയാലോ എന്നോർത്തു ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും അളിയനും പെങ്ങളും കണ്ണ് കൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു ഇഷ്ടമായോ എന്ന്. പെട്ടെന്ന് തന്നെ എന്റെ മനസ്സ് വായിച്ചിട്ട് എന്ന പോലെ അച്ഛൻ പറഞ്ഞു

“അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ”

അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.

എന്ത് പറയണം എന്നോ എങ്ങനെ തുടങ്ങണം എന്നോ അറിയാതെ നിൽക്കുമ്പോഴാണ് അവളുടെ ചോദ്യം

“അതേയ് ഞാൻ ഒന്ന് ചോദിച്ചോട്ടെ ഒന്നും വിചാരിക്കല്ലേ, ചിലന്തിയെ പേടിയുണ്ടോ ?”

അവളുടെ ചമ്മൽ കലർന്ന മുഖം നോക്കി ഇതെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്ന് ഞാൻ മനസ്സിൽ ഓർത്തപ്പോഴേക്കും അവൾ പിന്നെയും ആവർത്തിച്ചു

“അതേയ് ചിലന്തിയെ പേടിയുണ്ടോ എന്ന് ?”

“ഇല്ല എന്താ ?”

“അല്ല എനിക്ക് ഈ ചിലന്തിയെ ഒക്കെ ഭയങ്കര പേടിയാണ് അതുകൊണ്ട് ചോദിച്ചതാ”

“വേറെ എന്തൊക്കെയാ പേടി ?”

“വേറെ ഒന്നുമില്ല. ചേട്ടൻ എന്തിനാ പേടിക്കുന്നത് ഞാൻ ചേട്ടനെ ഒന്നും ചെയ്യില്ല”

“പേടിയോ എനിക്കോ എന്തിന്”

“പിന്നെന്തിനാ ചേട്ടന്റെ കൈ വിറയ്ക്കുന്നത്. രണ്ടെണ്ണം അടിക്കാത്തതിന്റെ ആണോ”

ദൈവമേ ഇതാണോ നാണക്കാരി. കല്യാണവും പെണ്ണുകാണലും ഒന്നും വേണ്ടായിരുന്നു ഈ കല്യാണം കഴിക്കുന്നവരെയൊക്കെ സമ്മതിക്കണം.

“ഞാൻ അടിക്കാറൊന്നുമില്ല. എനിക്ക് അങ്ങനത്തെ ശീലം ഒന്നുമില്ല”

പിറകെ അടുത്ത ചോദ്യം വരുന്നതിന് മുമ്പ് അങ്ങോട്ട് ചോദിക്കാം അതാ നല്ലത് എന്ന് ഞാൻ ഓർത്തു.

“കുട്ടി ഭയങ്കര നാണക്കാരി ആണെന്ന് അമ്മ പറഞ്ഞിരുന്നു സംസാരിച്ചിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ”

“അമ്മ വെറുതെ പറഞ്ഞതാണ്. പെണ്ണുകാണൽ ആവുമ്പോ ചെറുക്കന്റെ മുഖത്തേക്ക് നോക്കാതെ ചായയും കൊടുത്തു അമ്മയുടെ പിറകെ പോയി നിന്ന് ചെറുക്കനെ ഒളികണ്ണിട്ട് നോക്കി കാല് കൊണ്ട് നിലത്തു ചിത്രം വരയ്ക്കണം എന്നൊക്കെയാണ് അമ്മയുടെ നിലപാട് കാലം മാറിയത് ഒന്നും അമ്മ അറിഞ്ഞില്ല”

അവൾ അത് പറഞ്ഞപ്പോൾ ഞാനും ഓർത്തു സിനിമകളിൽ കണ്ടു പഴകിയ പെണ്ണുകാണൽ ഇതൊക്കെ ആണല്ലോ.

“അമ്മ നിർബന്ധിച്ചിട്ടാണോ ഈ കല്യാണം ?”

“സത്യം പറഞ്ഞാൽ എനിക്കിപ്പോൾ കല്യാണം വേണമെന്ന് നിർബന്ധം ഒന്നുമില്ല. ഒരു ജോലിയൊക്കെ ആയിട്ട് കുറച്ചു നാൾ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു നടക്കണം എന്നാ ആഗ്രഹം. പക്ഷേ വീട്ടുകാരുടെ നിലപാട് പെണ്കുട്ടി ആയാൽ പഠിത്തം കഴിഞ്ഞയുടനെ കെട്ടിച്ചു വിടണം എന്നാണ്”

“അപ്പൊ എങ്ങനെയാ ഞാൻ നിൽക്കണോ പോവണോ ?”

“അങ്ങനെ അല്ല, ചേട്ടൻ പോയാൽ അടുത്ത ആലോചന കൊണ്ടുവരും എന്തായലും കല്യാണം നടത്തും.”

“പേടിക്കണ്ട ഞാൻ തന്നെ കൊണ്ട്‌ പോയി വീട്ടിൽ പൂട്ടി ഇടുകയൊന്നുമില്ല. ജോലി ഉള്ള ഒരു പെണ്ണായാൽ നല്ലത് ആയിരുന്നു എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. സാരമില്ല നല്ല പഠിപ്പ് ഒക്കെ ഉള്ളതല്ലേ തനിക്ക് സമ്മതം ആണെങ്കിൽ നമുക്ക് ഒരുമിച്ച് നല്ലൊരു ജോലി നോക്കാം എന്താ സമ്മതം അല്ലേ”

ഒരു ചിരി ആയിരുന്നു അവളുടെ ഉത്തരം എങ്കിൽ പോലും ആ ചിരിയിൽ എന്നോട് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ തോന്നി. എന്റെ മനസ്സ് വായിച്ചെടുത്ത പോലെ അവൾ പറഞ്ഞു

“ചേട്ടന് കല്യാണത്തിന് സമ്മതം ആണെങ്കിൽ എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്. കല്യാണം കഴിക്കാൻ പോവുന്ന ആളോട് ചില കാര്യങ്ങൾ പറയണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ ഇതൊന്നും ആരോടും പറയില്ലെന്ന് ചേട്ടൻ എനിക്ക് വാക്ക് തരണം”

“എന്തായാലും പറഞ്ഞോളൂ”

“ചെറുപ്പം മുതൽ വീട്ടുകാർ വലിയ സ്വാതന്ത്ര്യം ഒന്നും തരാതെയാണ് വളർത്തിയിരുന്നത്. അതുകൊണ്ട് തന്നെ ദൂരെ ഒരു കോളേജിൽ അഡ്മിഷൻ കിട്ടി പോയപ്പോൾ ആ സ്വാതന്ത്ര്യത്തെ കുറച്ച് അധികം മുതലെടുത്തിരുന്നു. കൂട്ടുകാരുടെ പ്രോത്സാഹനവും അമിത സ്വാതന്ത്ര്യം കൂടിയായപ്പോൾ ഒരിക്കൽ പോലും നേരിട്ട് കാണാത്ത ഒരാളുമായി പ്രണയത്തിലായി. പലപ്പോഴായി അയാളുടെ ആഗ്രഹത്തിന് വഴങ്ങി നഗ്നചിത്രങ്ങളും വീഡിയോയും ഒക്കെ അയച്ചു കൊടുത്തിട്ടുണ്ട്. പിന്നെ പലരിൽ നിന്നുമായി അയാളുടെ പല ബന്ധങ്ങളും അറിഞ്ഞപ്പോഴാണ് വലിയൊരു ചതിയിലാണ് വീണു പോയത് എന്ന് മനസ്സിലായത്. ചെയ്തത് വലിയ തെറ്റാണെന്ന് അറിയാം കേൾക്കുന്ന ആർക്കും ക്ഷമിക്കാൻ പറ്റില്ലെന്നും അറിയാം എന്നാലും കല്യാണം കഴിക്കാൻ പോവുന്ന ആളോട് എല്ലാം പറയണമെന്ന് തോന്നി.”

കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി. എന്റെ മുഖഭാവം കണ്ടിട്ടാവണം അവൾ തുടർന്നു

” ചേട്ടൻ എന്നെ ഇഷ്ടമായില്ല എന്നേ വീട്ടിൽ പറയാവുള്ളൂ ഇതൊന്നും അച്ഛനും അമ്മയ്ക്കും അറിയില്ല, അറിഞ്ഞാൽ അവർക്ക് അത് സഹിക്കാൻ കഴിയില്ല”

“കണ്ണ് തുടയ്ക്ക് ഇങ്ങനെ കരയുന്ന ആരെങ്കിലും കണ്ടാൽ എല്ലാവരും കാര്യം തിരക്കും. വീട്ടുകാരോട് ഒന്നും പറയാൻ നിൽക്കണ്ട എന്താണെന്ന് വച്ചാൽ ഞാൻ പറഞ്ഞോളാം. പേടിക്കണ്ട ഞാൻ ആരോടും ഇതിനെപ്പറ്റി ഒന്നും പറയില്ല. വാ അകത്തേയ്ക്ക് പോവാം”

തിരിച്ചു വീട്ടിലേക്ക് കയറി അളിയന്റെ അടുത്ത് ഇരുന്ന് എല്ലാവരോടുമായി കല്യാണത്തിന് സമ്മതമാണെന്ന് അറിയിച്ചപ്പോൾ ഞെട്ടലോടെ അവളെന്നെ നോക്കി നിന്നു. എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് സന്തോഷവും അതിലുപരി ഒരു സംശയവും നിഴലിച്ചിരുന്നു.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം എല്ലാവരുടെയും അനുഗ്രഹത്തോടെ കല്യാണം നടന്നു. എന്റെ ആവശ്യപ്രകാരം ആയിരുന്നു അധികം നീട്ടാതെ വേഗത്തിൽ കല്യാണം നടത്തിയത്.

ആദ്യരാത്രിയിൽ പാലുമായി എന്റടുത്തേക്ക് വന്ന അവൾക്ക് എന്നോട് ചോദിക്കാൻ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ

“എന്റെ കഥകൾ എല്ലാം കേട്ടിട്ടും എന്തിന് വേണ്ടിയാ എന്നെ പോലൊരു ചീത്ത പെണ്ണിനെ കല്യാണം കഴിച്ചത് “

“അതിന് താൻ ചീത്തയാണെന്ന് ആരാ പറഞ്ഞത്”

ഞാൻ പറഞ്ഞത് മനസ്സിലാകാത്ത പോലെ അവൾ എന്നെ നോക്കിയതും ഞാൻ തുടർന്നു

” എടോ, തനിക്ക് വേണമെങ്കിൽ ഈ കാര്യങ്ങൾ എല്ലാം മറച്ചു വച്ചു എന്നെ കല്യാണം കഴിക്കാം ആയിരുന്നു ചിലപ്പോൾ ഒരിക്കൽ പോലും ഞാൻ ഇതൊന്നും അറിയില്ലായിരുന്നു. പക്ഷേ തന്റെ തെറ്റ് മനസ്സിലാക്കി കല്യാണത്തിന് മുമ്പ് തന്നെ അതൊക്കെ എന്നോട് തുറന്നു പറയാൻ കാണിച്ച മനസ്സുണ്ടല്ലോ, ആ മനസ്സ് ചീത്തയാണെന്ന് എനിക്ക് തോന്നിയില്ല. “

സന്തോഷത്താൽ അവൾ എന്നെ കെട്ടിപ്പിടിച്ചു കരയുമ്പോൾ പറയുന്നുണ്ടായിരുന്നു

“എനിക്ക് കിട്ടിയ ഭാഗ്യമാണ് എന്നെ മനസ്സിലാക്കിയ ഈ ഏട്ടൻ”.

കഴിഞ്ഞതെല്ലാം മറന്ന് അവളുടെ കുറുമ്പുകളും കുസൃതികളും ഒക്കെയായി ഞങ്ങളും ജീവിക്കാൻ തുടങ്ങി.