നല്ല സൗഹൃദത്തിൽ നിന്നല്ലേ നല്ല പ്രണയം ഉണ്ടാവുന്നത്…വിവാഹം നടന്നാൽ നിനക്ക് നല്ലൊരു സുഹൃത്തായും ഭാര്യയായും എല്ലാമായും ഞാൻ ഉണ്ടാവില്ലേ നിന്റെ കൂടെ…

എന്നും നിന്റെ….

എഴുത്ത്: അക്ഷര മോഹൻ

“ദേ എന്നെ ദേഷ്യം പിടിപ്പിക്കണ്ടട്ടോ.. വിട്ടേ എനിക്ക് വേറെ പണി ണ്ട്..”

” ആഹാ ദേഷ്യം വരുന്നുണ്ടോ എന്റെ പാറുകുട്ടിക്ക്. പാറുന്റെ ദേഷ്യം കാണാൻ എനിക്കിഷ്ടാ..”

“കണ്ണേട്ടന് ഇപ്പോ വേറെ കുറെ ആൾക്കാരില്ലേ ദേഷ്യം പിടിപ്പിക്കാനും കാണാനും. അവരുടെ അടുത്തേക്ക് ചെന്നോ. ഇനി ന്റെടുത്തേക്ക് വരണ്ട.ഞാൻ ഇപ്പോ ശല്യം ആണല്ലോ..”

“അങ്ങനെയാണോ എന്നാൽ ഇനി നിന്റടുത്ത് വരുന്നില്ല.ഞാൻ ഇനി വേദികയെ കൂട്ടി വന്നോളാം.അവൾ ആവുമ്പോ നിന്നെപോലെ ഇടക്കിടെ പിണങ്ങി പോവില്ല. എപ്പോഴും കൂടെ തന്നെ നിന്നോളും ..” അതും പറഞ്ഞു കണ്ണൻ പാറുന്റെ കൈ വിട്ടു.

“പാർവതി…വീട്ടിൽ പറയണം അമ്മായിയോട് ഞാൻ കുറച്ച് കഴിയുമ്പോ അങ്ങോട്ട് വരുംന്ന്.”

പാറു തിരിഞ്ഞുപോലും നോക്കാതെ ദാവണിതുമ്പ് വിരലിൽ കുരുക്കി നടന്നു.

“പാർവതി.. എത്ര പെട്ടെന്നാ പാറു മാറി പാർവതി ആയത്. ഇനി അങ്ങനെ ണ്ടാവു. എന്നെ മടുത്തുകാണും. അല്ലെങ്കിലും പുറത്തൊക്കെ ജോലിക്ക് പോവുമ്പോ അവിടെ കാണുന്ന പെങ്കുട്യോളെ ഇഷ്ടപ്പെട്ടുകാണും.എപ്പോ നോക്ക്യലും ഒരു വേദിക…” പിറുപിറുത്തു കൊണ്ട് പാറു വീട്ടിലേക്ക് കയറി.

“പാറു കണ്ണൻ എന്താ പറഞ്ഞെ സുഖാണോ അവന് അവിടെ. 3-4 മാസം കഴിഞ്ഞു വന്നതല്ലേ..നീ എന്താ ഒന്നും മിണ്ടാത്തെ പാറു.. “

“അമ്മ എന്തിനാ എന്നോട് ചോദിക്കണേ പോയി കണ്ണനോട് ചോദിക്ക്. ഞാൻ അമ്മേടെ കണ്ണനെ കാണാൻ പോയതല്ല.അമ്പലത്തിലെ കണ്ണനെ കാണാനാ പോയത്.വരുന്ന വഴി അവിടെ കേറിന്നേ ഉള്ളു. പിന്നെ അമ്മേടെ കണ്ണൻ ഇപ്പോ കണ്ണൻ അല്ല. ആദിത്യൻ ആയി. കണ്ണൻ എന്ന് വിളിക്കുന്നതൊന്നും ഇപ്പോ ഇഷ്ടല്ല.”
മുഖം വീർപ്പിച്ചുകൊണ്ട് പാറു മുറിയിലേക്ക് കയറിപോയി.

സന്ധ്യ മയങ്ങുന്ന വരെയും അമ്മയോട് ഒന്നും മിണ്ടാതെ പാറു മുറിയിൽ തന്നെ ഇരുന്നു.ഇടക്ക് ഇങ്ങനെ ഉള്ളതിനാൽ അമ്മയും മിണ്ടാൻ പോയില്ല.

“അമ്മായി..ഞാൻ വന്നൂട്ടോ..”

“ആ ആരിത് കണ്ണൻ മോനോ.ഞാൻ പാറുനോട്‌ ചോദിച്ചതാ മോന്റെ കാര്യം.അപ്പോ കടന്നൽ കുത്തിയ പോലെ മുഖവും വീർപ്പിചോണ്ട് പോയി.ആട്ടെ അവിടെ എന്തൊക്കെ ഉണ്ട്.നല്ല സ്ഥലോം ഭക്ഷണവും തന്നെ അല്ലെ കുഴപ്പൊന്നും ഇല്ലല്ലോ.” ശോഭ അമ്മായി വാ തോരാതെ ചോദിച്ചോണ്ടിരുന്നു.

“ഇല്ല അമ്മായി അവിടെ കുഴപ്പം ഒന്നും ഇല്ല. ഞാൻ വർക്ക്‌ ചെയുന്ന ഓഫീസിലെ ആൾകാർ തന്നെയാ എന്റെ കൂടെ താമസിക്കുന്നേ.പിന്നെ ഓഫീസിലും നല്ല ആൾകാരാ എല്ലാം. അതോണ്ട് കുഴപ്പൊന്നും ഇല്ല. പിന്നെ കൂടെ വർക്ക്‌ ചെയ്യുന്ന ഒരു കുട്ടി ണ്ട്. വേദിക. അവൾ വരുന്നു എന്ന് പറഞ്ഞു അടുത്ത തവണ ഇങ്ങോട്ട്. അവൾ ബാംഗ്ലൂർലാ വളർന്നതൊക്കെ. അപ്പോ ഞാൻ നമ്മുടെ നാടിനെകുറിച്ച് പറഞ്ഞപ്പോൾ അവൾക് ഇവിടൊക്കെ കാണണം എന്ന്.അവൾ ണ്ടാവും അടുത്ത തവണ ഞാൻ വരുമ്പോ.”

പാറു കേൾക്കാൻ വേണ്ടി കുറച്ചു ശബ്ദം കൂട്ടിയാണ് കണ്ണൻ അത് പറഞ്ഞത്. അകത്തു നിന്ന് എല്ലാം കേട്ട്കൊണ്ട് പാറു പുറത്തേക്ക് വന്നു.

“അമ്മേ ഞാൻ അമ്മുന്റെ വീട്ടിലോട്ട് പോവാ.കുറച്ചുകഴിഞ്ഞേ വരു.” കണ്ണനെ ഇരുത്തിഒന്നു നോക്കി പാറു നടന്നു.

“സന്ധ്യ സമയത്ത് എന്തിനാ പാറു അങ്ങോട്ട് പോണേ.. ഈ പെണ്ണിന് ഇതെന്താ പറ്റിയെ.അല്ലെങ്കിൽ നിന്റെ പുറകിൽന്ന് മാറാത്തതാണല്ലോ.” അമ്മായി കണ്ണനെ നോക്കി.

“ഒന്നുല്ല അമ്മായി..ഞാൻ ഇറങ്ങുവട്ടോ പിന്നെ വരാം.”കണ്ണൻ പാറുവിന്റെ പിറകെ ഓടി.

“ഡീ പാറു.. നിന്നേ.. അമ്മുന്റെ വീട് വരുന്ന വഴി നേരത്തെ കഴിഞ്ഞത് നീ അറിഞ്ഞില്ലേ.” കണ്ണന്റെ ശബ്ദം കേട്ടപ്പോൾ പാറു ഒന്നുകൂടെ വേഗത്തിൽ നടന്നു. കണ്ണൻ ഉടുത്ത മുണ്ട് മടക്കികുത്തി ഓടി പാറുവിന്റെ മുന്നിൽ വട്ടം കേറി നിന്നു.

“നീ എങ്ങോട്ടാ ഈ പോകുന്നെ.അങ്ങോട്ട് പോയാൽ കാവ് അല്ലെ.. ഈ സന്ധ്യക്ക് ഒറ്റക്ക് അങ്ങോട്ടാണോ?അവിടേക്ക് സന്ധ്യ സമയത്ത് പോകാൻ പാടില്ലാന്ന് നീ തന്നെ അല്ലെ പറയാറ്.”

“ഞാൻ എങ്ങോട്ട് പോയാലും കണ്ണേട്ടന് എന്താ. കാവിൽ പോയാൽ അവിടന്ന് നാഗത്താൻ കൊത്തി വിഷം കേറി മരിക്കട്ടെ ഞാൻ.അപ്പോ പിന്നെ തീർന്ന്കിട്ടുല്ലോ എന്റെ ശല്യം.”

“ആ എന്നാ പോ. അതാവുമ്പോ എനിക്ക് കുറച്ചു സമാധാനവും കിട്ടും.. വേഗം പോകാൻനോക്ക്.”

കണ്ണൻ കുസൃതിചിരിയോടെ പാറുനെ നോക്കി.ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ പാറു കണ്ണനെ പിറകോട്ടു തള്ളി.പുറകിൽ ഉണ്ടായ കല്ലിൽ തട്ടി കണ്ണൻ താഴോട്ട് വീണു.

” അയ്യോ കണ്ണേട്ടാ.. വേദന പറ്റിയോ. നോക്കട്ടെ..ന്റെ കണ്ണാ കൈമുട്ട് മുറിഞ്ഞല്ലോ…” വീണുകിടന്ന കണ്ണന്റെ അടുത്ത് മുട്ട്കുത്തി ഇരുന്ന് പാറു പറഞ്ഞു.ആ കണ്ണിൽ 2 തുള്ളി കണ്ണീരും വന്നുകഴിഞ്ഞിരുന്നു.

“എന്റെ പാറു കരയുവാ..ഞാൻ അല്ലെ വീണേ..എനിക്കല്ലേ മുറിഞ്ഞെ.എന്നിട്ടു നീ ആണോ കരയുന്നെ..”കണ്ണൻ കളിയാക്കി. അതുകൂടി കേട്ടപ്പോൾ കണ്ണിൽ ഒളിപ്പിച്ച കണ്ണീർ ധാരയായി പുറത്തേക്ക് ഒഴുകി.കണ്ണൻ അവളെ അവന്റെ നെഞ്ചിലെക്ക് പിടിച്ചിട്ടു. എന്റെ പെണ്ണെ എനിക്കൊന്നും പറ്റിട്ടില്ല.പിന്നെ എന്തിനാ എന്റെ പാറുകുട്ടി കരയണേ. “വാ എഴുന്നേൽക്ക് പോവാം.”അവനെ നോക്കാതെ അവന്റെ നെഞ്ചിൽ നിന്ന് അവൾ എഴുന്നെല്കാൻ ശ്രമിച്ചു. ഒന്നുകൂടെ കണ്ണൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.

“നീ ഉണ്ടാവും പാറു എന്നും എന്റെ കൂടെ..നിന്റെ കഴുത്തിൽ താലി ചാർത്തിയില്ലെങ്കിലും എനിക്ക് നീ എന്റെ ഭാര്യയാ.ആ സ്ഥാനത്ത് മറ്റാരും ഈ ജന്മം വരില്ല.അതോർത്തു എന്റെ പാറു വിഷമിക്കണ്ട.എത്രയും പെട്ടെന്ന് നിന്നെ എന്റേത് മാത്രമാക്കാൻ ഞാൻ വരും.ഇതുവരെ കാത്തിരുന്നത് ഒരു ജോലിക്കല്ലേ.അതും കൂടി ആയ സ്ഥിതിക്ക് ഇനി അധികം വൈകിക്കില്ല ഞാൻ.അച്ഛനോടും അമ്മയോടും പറയും. എനിക്ക് വേണ്ടി പെണ്ണിനെ തിരയണ്ടാന്ന്.മറ്റന്നാൾ എനിക്ക് പോണം. ഒരു മാസം കഴിഞ്ഞു പിന്നെ ഞാൻ വരുന്നത് നിന്നെ എന്റെ കൂടെ കൂട്ടാൻ വേണ്ടി മാത്രം ആയിരിക്കും.” കണ്ണൻ അതു പറയുമ്പോഴേക്കും സങ്കടം നിറഞ്ഞിരുന്ന കണ്ണുകളിൽ സന്തോഷത്തിന്റെ നീർതിളക്കം ആയിരുന്നു.

“ഞാൻ കരുതി ബാംഗ്ലൂർ ഒക്കെ പോയപ്പോ എന്നെ മറന്നുന്ന്.എന്നെ വേണ്ടാതായിന്ന്.അതാ ഞാൻ ദേഷ്യവും സങ്കടവും ഒക്കെ വന്നപ്പോ എന്തൊക്കെയോ പറഞ്ഞെ..”അവന്റെ നെഞ്ചിൽ തലചായിച്ച് അവൾ പറഞ്ഞു.

“എവിടെ പോയാലും നീ എന്റേതല്ലേ പെണ്ണെ. വേറെന്ത് മറന്നാലും നിന്നെ എനിക്ക് മറക്കാൻ പറ്റുവോ..”അവളുടെ കവിളിൽ അവൻ മുത്തി.ആ കണ്ണുകൾ വിടരുന്നത് അവൻ അറിഞ്ഞു.

“എണീക്ക് പോവാം അമ്മ തിരക്കി വരും ഇനിയും വൈകിയാൽ.” പാറു അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.

“വേദന ഉണ്ടോ ഇപ്പോ?” അവന്റെ കൈമുട്ട് ചുണ്ടിൽ ചേർത്ത് അവൾ ചോദിച്ചു.

“ഇല്ല ഇപ്പോ പോയി.”അവൻ അവളെ ചേർത്തുപിടിച്ചു നടന്നു.

“അപ്പോ ഈ വേദികയോ?അവൾ എന്തിനാ ഇടയ്ക്കിടെ കണ്ണേട്ടനെ വിളിക്കണേ? ഞാൻ ഫോൺ വിളിക്കുമ്പോ എല്ലാം അവൾ ഏട്ടനെ വിളിക്കുന്നുണ്ടല്ലോ.അന്ന് ശല്യപെടുത്താതെ ഫോൺ വെച്ച് പോകാൻ പറഞ്ഞപ്പോ ഞാൻ എത്ര സങ്കടപെട്ടുന്നോ..”പാറു പരിഭവത്തോടെ പറഞ്ഞു.

“എന്റെ പെണ്ണെ വേദികയും ഞാനും ഒരുമിച്ചാ അവിടെ ജോയിൻ ചെയ്തത്.അപ്പോൾ ഞങ്ങൾ പെട്ടെന്ന് കമ്പനി ആയി.ഓഫീസ് കാര്യത്തിൽ എന്തെങ്കിലും ഡൌട്ട് വരുമ്പോൾ അവൾ വിളിക്കും.അതു പറഞ്ഞുതീർത്താൽ വെക്കും.പിന്നെ നിന്നെ ചൂടാക്കാൻ അല്ലെ കുറച്ചു കൂട്ടി പറഞ്ഞെ.ശല്യപെടുത്തല്ലേന്ന് ഒരു തവണ അല്ലെ പറഞ്ഞുള്ളൂ.അന്നെനിക്ക് ഒരുപാട് ജോലി ഉണ്ടായിരുന്നു.അതോണ്ടല്ലേ..” കണ്ണൻ പാറുവിന്റെ ചെവിയോട് ചേർന്ന് പറഞ്ഞു.

“അവൾ വരുന്നുണ്ടോ ഇങ്ങോട്ട് അടുത്ത തവണ? അതും വെറുതെ പറഞ്ഞതാണോ?”

“അല്ല… അവൾ വരുന്നുണ്ട്. അവളും നിന്നെപോലെ ഒരു വായാടിയാ. ഇവിടെയെല്ലാം കാണണം എന്ന് നിർബന്ധം പറഞ്ഞപ്പോൾ ഞാൻ കൂടെകൂട്ടാൻ സമ്മതിച്ചു. അവൾ ഇവിടെ വന്നാൽ നീ ഉണ്ടല്ലോ കൂട്ടായ്ട്ട്..” ഓരോന്ന് പറഞ്ഞു അവർ പാറുവിന്റെ വീട്ടിലെത്തി.

“നീ കൂടെ ഉണ്ടാവും എന്ന് അറിയുന്നതോണ്ടാ ഞാൻ ഇവളെ തിരക്കിവരാഞ്ഞേ കയറി ഇരിക്ക്.” ശോഭഅമ്മായി കണ്ണനോട് പറഞ്ഞു.

“വേണ്ട അമ്മായി.ഇരുട്ടിയില്ലേ..ഞാൻ മറ്റന്നാൾ തിരിച്ചു പോകുംട്ടോ. നാളെ വേറൊരിടം വരെ പോകാനുണ്ട്. അതോണ്ട് നാളെ വരാൻ പറ്റില്ല. അടുത്ത മാസം വരുമ്പോ കുറച്ചധികം ലീവ് ഇണ്ടാവും. അപ്പോൾ ഇടക്കിടെ വരാം. ഇപ്പോ ഞാൻ പോവാട്ടോ..” കണ്ണൻ യാത്ര പറഞ്ഞിറങ്ങി.

അടുത്ത ദിവസം കണ്ണൻ തിരിച്ചു പോകാൻ ഇറങ്ങുമ്പോ പാറുവും പോയി അങ്ങോട്ട്. കഴിഞ്ഞ തവണ കണ്ണൻ പോകുമ്പോൾ ആരും കാണാതെ കരഞ്ഞ പാറു ഇന്ന് സന്തോഷത്തോടെയാണ് അവനെ യാത്രയാക്കിയത്.അവന്റെ അടുത്ത വരവിലെ സന്തോഷം ആയിരുന്നു അവളുടെ മനസ്സ് നിറയെ. കണ്ണന്റെ വരവിനു വേണ്ടി പാറു ദിവസങ്ങൾ ഓരോന്നായി തള്ളി നീക്കി. ഒരു ദിവസത്തിന് ഒരു വർഷം ദൈർഘ്യം ഉള്ളതായി അവൾക്ക് തോന്നി. കണ്ണൻ വരുന്ന ദിവസം അവനു ഏറ്റവും ഇഷ്ടപെട്ട നീല നിറത്തിലുള്ള ദാവണിയും ഉടുത്തു അവൾ കാത്തിരുന്നു. ഉച്ച തിരിഞ്ഞപ്പോൾ കണ്ണൻ പാറുവിന്റെ വീട്ടിലേക്ക് ചെന്നു. അവന്റെ കാലടി ശബ്ദം കേട്ടപ്പോൾ തന്നെ പാറു മുറ്റത്തെക്ക് ഓടി.അവന്റെ കൂടെ വേദികയെ കണ്ടപ്പോൾ മുഖം ചുളിഞ്ഞുവെങ്കിലും അതു പുറത്ത് കാണിക്കാതെ അവൾ അവരെ സ്വീകരിച്ചു അകത്തിരുത്തി.

ജീൻസും ഇറുകിയ ടോപ്പും ഇട്ട വേദികയെ കണ്ണന്റെ കൂടെ കണ്ടപ്പോഴെ പാറുവിനു ദേഷ്യം തോന്നിയതാണെങ്കിലും അവൾ അവനെ വിടാതെ പിന്തുടരുന്നതും മുട്ടിഉരുമ്മി സംസാരിക്കുന്നതും കൂടെ കണ്ടപ്പോൾ പാറുവിന്റെ നിയന്ത്രണം പോയി.

“എനിക്ക് ഇഷ്ടായിട്ടോ അമ്മായി ഈ നാട്.. ഇവിടെ സ്ഥിരതാമസം ആക്കിയാലോന്ന് വിചാരിക്കുവാ ഞാൻ..”വേദിക ചിരിച്ചുകൊണ്ട് ശോഭഅമ്മായിയോട് പറഞ്ഞു.

“എന്നാൽ കണ്ണനോട് ഒരു താലി മാല കഴുത്തിലിട്ട് തരാൻ പറ..അതാവുമ്പോ എന്നും ഇവിടെ തന്നെ കൂടാലോ..” എന്ന് അമ്മ പറഞ്ഞപ്പോൾ കലി തുള്ളി പാറു അകത്തേക്ക് പോയി. കുറച്ച്കഴിഞ്ഞു പിറകിൽ നിന്ന് മുറുകെ കണ്ണൻ പുണർന്നപ്പോൾ ആണ് അവളുടെ ദേഷ്യം തണുത്തത്.

“അമ്മായി വെറുതെ പറഞ്ഞതല്ലേ പാറു.ഞാൻ അല്ലെ എന്റെ പെണ്ണ് ആരാണെന്ന് തീരുമാനിക്കേണ്ടത്..” കണ്ണൻ പറഞ്ഞപ്പോൾ തിരിഞ്ഞു നിന്നു. “അമ്മയും വേദികയും എവിടെ കണ്ണേട്ടാ ഇങ്ങോട്ട് വരുമോ ഇനി..”

” ഇല്ലെടി അവർ വയലിൽ പോയേക്കുവാ. ഞാൻ കാലു വേദനിക്കുന്നെന്ന് പറഞ്ഞുപോയില്ല. കാരണം എനിക്കറിയാലോ എന്റെ കുട്ടി ഇവിടെ മുഖം വീർപ്പിച്ചു ഇരിപ്പാണെന്ന്..”

പതിയെ അവരുടെ രണ്ടു പേരുടെയും മുഖം അടുത്ത് വന്നതും ചുണ്ടുകൾ തമ്മിൽ ചേരാൻ ഒരുങ്ങിയതും പുറത്ത് നിന്ന് ആദി എന്ന വിളി കേട്ട് അവർ മാറി നിന്നു. നാണത്തോടെ പാറു അവനെ പുറത്തേക്ക് പറഞ്ഞയച്ചു.

“എന്തു നല്ല നാടാ ആദി ഇത്..വയലും കുളവും കാവും കുന്നുകളും..നല്ല അറ്റ്മോസ്ഫിയർ. നീ എന്തിനാ ഇവിടെ വിട്ട് ബാംഗ്ലൂർക്ക് വന്നേ..” കണ്ണനോട് ചേർന്ന് നിന്ന് വേദിക പറഞ്ഞപ്പോൾ പാറുവിന്റെ മുഖത്ത് വീണ്ടും ദേഷ്യം പരന്നു.

“അതേ പാറു താൻ ഉടുത്ത പോലെ ഒരു ദാവണി എനിക്കും ഉടുപ്പിച്ചു തരുവോ പ്ലീസ്..”

വേദിക പാറുവിനോട്‌ ചോദിച്ചപ്പോൾ കണ്ണൻ പാറുവിനു തലയാട്ടി സമ്മതം കൊടുത്തു.മഞ്ഞ നിറത്തിലുള്ള ദാവണി ഉടുത്തു ചെറിയ കുട്ടിയെ പോലെ ഇടയ്ക്കിടെ ആദി എന്ന് വിളിച്ചുകൊണ്ട് വേദിക അവിടെയെല്ലാം ഓടി നടന്നു.പിറകെ പാറുവും.

” കണ്ണേട്ടാ ഇവളുടെ ഈ ആദി വിളി എനിക്ക് ഇഷ്ടാവണില്ലാട്ടോ.ഏട്ടനോടുള്ള പെരുമാറ്റത്തിൽ എന്തൊക്കെയോ കുഴപ്പിണ്ട്. ഞാൻ പറഞ്ഞില്ലാന്നു വേണ്ട. വേഗം പറഞ്ഞയചോളണം.കേട്ടല്ലോ..” പാറു കണ്ണനെ പിടിച്ചുനിർത്തി പറഞ്ഞു.

“കേട്ടു..നിനക്ക് തോന്നുന്നതാ ഇതൊക്കെ. അവൾ രണ്ട് ദിവസം കഴിഞ്ഞാൽ പോകും..പ്രശ്നം തീർന്നല്ലോ..” കണ്ണൻ പാറുവിന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു.നാട് മുഴുവൻ ചുറ്റിതിരിഞ്ഞു അവർ കണ്ണന്റെ വീട്ടിലെത്തി.

“അമ്മേ..എനിക്ക് ആദിയെ ഇഷ്ടാ.ആദിക്ക് എന്നെയും.അമ്മ അച്ഛനോട് പറയണം. സമ്മതിപ്പിക്കണം.അമ്മക്ക് എതിർപ്പ് ഉണ്ടാവില്ല എന്ന് എനിക്കറിയാം.എന്റെ പേരെന്റ്സിനോട്‌ ഞാൻ പറഞ്ഞിട്ടുണ്ട്.കല്യാണം ആവുമ്പോ അവർ വരാം എന്നാ പറഞ്ഞത്..”പാറുവിന്റെയും കണ്ണന്റെയും മുന്നിൽവച്ച് കണ്ണന്റെ അമ്മയോട് വേദിക അതു പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെ പാറു കണ്ണനെ നോക്കി.

“എനിക്ക് ഒരു എതിർപ്പും ഇല്ല മോളെ.അവന്റെ കൂടെ തന്നെ ജോലിയും കൂടി ആവുമ്പോ എനിക്ക് സന്തോഷം മാത്രേ ഉള്ളു കണ്ണന്റെ അച്ഛനും എതിർപ്പൊന്നും ഉണ്ടാകില്ല.അവന്റെ സന്തോഷാ ഞങ്ങൾക്ക് വലുത്.”

കണ്ണന്റെ അമ്മ പറഞ്ഞത് കൂടി കേട്ടപ്പോൾ അലയടിച്ചു വന്ന സങ്കടം ഉള്ളിൽ ഒതുക്കി ഒരു ചിരിയോടെ വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞു പാറു പുറത്തേക്ക് ഇറങ്ങി ഓടി.കുളക്കടവിൽ പോയിരുന്നു അവൾ പൊട്ടികരഞ്ഞു.അതുവരെ കൂട്ടി വെച്ച സ്വപ്നങ്ങൾ എല്ലാം നിമിഷങ്ങൾ കൊണ്ട് പൊട്ടിതകർന്നത് അവൾ അറിഞ്ഞു. കണ്ണേട്ടൻ ചതിക്കുവായിരുന്നോ എന്നെ? ഒരുപാട് ചിന്തകൾ തലയിൽ കിടന്ന് അവളെ കാർന്നുതിന്നുന്ന പോലെ തോന്നി.

“വേദിക..താൻ എന്താ പറയണേ? നിന്നോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.ഞാൻ നിന്നെ ഒരു നല്ല സുഹൃത്തായി മാത്രമാണ് കണ്ടത്.അത് നീ ഇങ്ങനെ തെറ്റിദ്ധരിക്കുമെന്ന് കരുതിയില്ല.ഞാൻ ഒരിക്കൽപോലും നിന്നോട് ആ രീതിയിൽ പെരുമാറിയിട്ടില്ലല്ലോ.പിന്നെ നിനക്കെങ്ങനെ എന്നെ ആ കണ്ണിൽ കാണാൻ കഴിഞ്ഞു?” കണ്ണൻ ഇരച്ചു കയറിയ സങ്കടവും ദേഷ്യവും കൊണ്ട് ചോദിച്ചു.

“ആദി.. നീ എന്നെ അങ്ങനെ കണ്ടില്ലെങ്കിലും സാരമില്ല.നല്ല സൗഹൃദത്തിൽ നിന്നല്ലേ നല്ല പ്രണയം ഉണ്ടാവുന്നത്.വിവാഹം നടന്നാൽ നിനക്ക് നല്ലൊരു സുഹൃത്തായും ഭാര്യയായും എല്ലാമായും ഞാൻ ഉണ്ടാവില്ലേ നിന്റെ കൂടെ.”

വേദിക അത് പറഞ്ഞപ്പോൾ അവന്റെ അമ്മയും അത് ശെരിവച്ചു. “അമ്മയും സപ്പോർട്ട് ചെയ്യുവാണോ ഇവളെ.. അമ്മക്ക് എന്റെ മനസ്സ് മനസിലാക്കാൻ പറ്റിയില്ലല്ലോ.ഇപ്പോൾ ഇവിടുന്ന് ഇറങ്ങി പോയില്ലേ. അത് എന്റെ ജീവനാ. അവളെക്കാളും വലുതായി എനിക്ക് മറ്റൊന്നുമില്ല ഈ ഭൂമിയിൽ. ചിരിച്ചുകൊണ്ടാണ് ഇറങ്ങിപോയതെങ്കിലും അതിനുള്ളിൽ ഇപ്പോൾ ഉണ്ടായ സങ്കടത്തിന്റെ അളവ് എത്രയാണെന്ന് എനിക്കറിയാം.എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് എന്റെ പാറു മാത്രം ആയിരിക്കും…എന്നും…” കണ്ണിൽ നിന്ന് ഇറങ്ങിവന്ന ഒരുതുള്ളി കണ്ണീരിനെ മറച്ചുപിടിച്ചു കൊണ്ടവൻ പറഞ്ഞു നിർത്തി.

വിഷമത്തോടെ ആദി എന്ന് വിളിച്ച വേദിക പെട്ടെന്ന് പൊട്ടിചിരിക്കുന്നത് കണ്ട് കണ്ണൻ അവളെ അത്ഭുതത്തോടെ നോക്കി.

“അമ്മേ എന്റെ അഭിനയം തീർന്നുട്ടോ.അമ്മ പറഞ്ഞത് പോലെ ഇവന്റെ മനസ്സിൽ ആരാ ഉള്ളത് എന്ന് ഞാൻ കണ്ടുപിടിച്ചു തന്നു.ഡാ മണ്ടൻ ആദി..ഇവിടെ വന്നപ്പോ തന്നെ അമ്മ എന്നോട് പറഞ്ഞിരുന്നു നിനക്ക് ആരോടോ കടുത്ത പ്രണയം ആണെന്ന്.നിന്റെ ഡയറി അമ്മ വായിച്ചിരുന്നു.പക്ഷെ ആരാണെന്ന് ഒരു ക്ലൂവും നീ അതിൽ വച്ചില്ല.അപ്പോൾ കണ്ടുപിടിക്കാൻ ഉള്ള വഴി ആയിരുന്നു ഇത്.എന്നെ കണ്ടപ്പോ തൊട്ട് പാറുവിന്റെ മുഖം ശ്രദ്ധിച്ചപ്പൊ എനിക്ക് തോന്നിയതാ നീയും പാറുവും തമ്മിൽ എന്തോ ഉണ്ടെന്ന്. അതോണ്ടാ അവളുടെ കൂടെ മുന്നിൽ വെച്ച് പറഞ്ഞെ. പക്ഷെ മുഴുവൻ കേൾക്കാതെ ഓടികളഞ്ഞില്ലേ…”

കള്ളച്ചിരിയോടെ വേദിക പറഞ്ഞപ്പോൾ എന്തെന്നറിയാത്ത സന്തോഷമായിരുന്നു കണ്ണന്.അമ്മയെ കെട്ടിപിടിച്ചു ഉമ്മയും കൊടുത്ത ശേഷം അവൻ പാറുവിനെ തിരക്കി ഇറങ്ങി. ഒരുപാട് സമയത്തെ തിരച്ചിലിനു ശേഷം കണ്ടത് കാവിൽ കരഞ്ഞു തൊഴുതു നിൽക്കുന്ന പാറുവിനെ ആയിരുന്നു.

“പാറു…. ” കണ്ണന്റെ ശബ്ദം കേട്ടപ്പോൾ ഒരു പൊട്ടികരച്ചിലായിരുന്നു അവളുടെ മറുപടി.

“എന്നെ ചതിക്കുവായിരുന്നോ കണ്ണേട്ടാ?ഞാൻ എന്തു തെറ്റാ ചെയ്തേ കണ്ണേട്ടനോട്‌?കണ്ണേട്ടൻ ഇല്ലാത്ത ജീവിതം എനിക്ക് വേണ്ട.പ്രാർഥിക്കുവായിരുന്നു ഞാൻ എന്റെ ജീവനെടുക്കാൻ…”

പറഞ്ഞു തീരും മുന്നേ കണ്ണൻ അവളുടെ ചുണ്ടുകൾ പൊത്തി. മുഖം നിറയെ ചുംബനം കൊണ്ട് മൂടി.

“നീ ഇല്ലാതെ പിന്നെ ഞാൻ ജീവിക്കുവൊ പെണ്ണെ ഞാൻ പറഞ്ഞതല്ലേ നീ അല്ലാതെ എനിക്ക് മറ്റൊരു പെണ്ണ് ഇല്ലാന്ന്. അത് എപ്പോഴും അങ്ങനെ തന്നെയാ…”

അപ്പോഴേക്കും വേദിക അവിടെ എത്തി കാര്യങ്ങൾ പാറുനോടും പറഞ്ഞു. ദേഷ്യത്തോടെ വേദികയുടെ അടുത്തേക്ക് പോയ പാറുനെ കണ്ട് അവർ പേടിച്ചെങ്കിലും വേദികയെ കെട്ടിപിടിച്ചു പാറു കരഞ്ഞു.

“ഇനി കരയണ്ട പാറു.. നിങ്ങൾ രണ്ട് പേരും ഒന്നാവാൻ പോകുവാ. എത്രയും പെട്ടെന്ന്..”

വേദിക പാറുവിനെ കണ്ണന്റെ അടുത്തേക്ക് പിടിച്ചു തള്ളി..കണ്ണന്റെ നെഞ്ചിൽ അമർന്നു നിന്ന പാറുവിനെ ഒത്തിരി സ്നേഹത്തോടെ കണ്ണൻ പൊതിഞ്ഞു.

കട്ടുറുമ്പ് ആവാൻ ഞാൻ ഇല്ലെന്ന് പറഞ്ഞു വേദിക അവിടെ നിന്ന് നടന്നുനീങ്ങിയപ്പോൾ കണ്ണനും പാറുവും അവരുടേത് മാത്രമായ പ്രണയലോകം മെനയുകയായിരുന്നു…