അയാൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി…റോഡിൽ ഒഴുകി പരന്ന രക്തവും ആൾക്കൂട്ടവും കണ്ട് അയാൾ പരിഭ്രമത്തോടെ അങ്ങോട്ടോടി…

എഴുത്ത്: ഭദ്ര

എനിക്കൊരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത നിങ്ങളൊരു പുരുഷനാണോ??

ഭാര്യയുടെ ആ വാക്കുകൾ ഒരു ഈർച്ചവാള് കണക്കെ അയാളുടെ മനസിനെ കീറിമുറിച്ചു കടന്നു പോയി

ദേവൂ…. നമുക്കൊരു കുഞ്ഞിനെ ദത്ത് എടുക്കാം…. അയാൾ ദയനീയതയോടെ ഭാര്യയെ നോക്കി

ദത്ത് എടുക്കാനോ?? പൂർണ ആരോഗ്യമുള്ള ശരീരവും ഗർഭപാത്രവും സ്വന്തമായുള്ള ഞാനെന്തിന് അന്യന്റെ കുഞ്ഞിന്റെ അമ്മയാവണം..അവളുടെ മുഖത്ത് പുച്ഛം തെളിഞ്ഞു

പിന്നെ നമ്മൾ എന്ത് ചെയ്യും??? അയാൾ വിഷമത്തോടെ ഭാര്യയെ നോക്കി

എനിക്ക് ഡിവോഴ്സ് വേണം..എനിക്കൊരു കുഞ്ഞിന്റെ അമ്മയാവണം… ഒരിക്കലും ഒരച്ഛനാവാൻ കഴിയാത്ത നിങ്ങൾക്കൊപ്പം കഴിഞ്ഞു ജീവിതം ഹോമിക്കാൻ എനിക്ക് വയ്യ….

അവൾ വെറുപ്പോടെ മുറിയിൽ കേറി വാതിൽ വലിച്ചടച്ചു

മനസ് നുറുങ്ങുന്ന വേദനയോടെ അയാൾ സെറ്റിയിലേക്ക് തളർന്നിരുന്നു…

കുറവുകൾ തന്റേത് മാത്രമാണ്…ജോലിയുണ്ട് വീടുണ്ട് പണമുണ്ട് എല്ലാമുണ്ട്.. പക്ഷെ ഒരച്ഛൻ ആവാനുള്ള കഴിവ് തനിക്കില്ലാതെ പോയി….

അയാളുടെ ഭാര്യ തന്റെ വസ്ത്രങ്ങൾ നിറഞ്ഞ ബാഗുമായി ഹാളിലേക്ക് വന്നു

ഞാൻ പോവുന്നു…അവർ നിർവികാരതയോടെ പറഞ്ഞു

ദേവൂ…. അയാൾ ഹൃദയം തകർന്ന വേദനയോടെ അവളുടെ കയ്യിൽ ബലമായി പിടിച്ചു

അവൾ വെറുപ്പോടെ അയാളുടെ കൈകളെ തട്ടി മാറ്റി

അയാളുടെ കൈ തട്ടി മേശ പുറത്തിരുന്ന ഫ്ലവർവേയ്സ് വലിയ ശബ്ദത്തോടെ നിലത്ത് വീണു ഉടഞ്ഞു…..

സർ………

കണ്ണുകൾ അടച്ചു കസേരയിൽ ചാരിയിരിക്കുകയായിരുന്ന അയാൾ ഞെട്ടി കണ്ണ് തുറന്നു

മുൻപിൽ ചായയുമായി വേലക്കാരി നില്പുണ്ടായിരുന്നു

സർ ചായ….

അവിടെ വെച്ചേക്കു….

അവർ പോയതും അയാൾ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്ന വിവാഹഫോട്ടോയിലേക്ക് വീണ്ടുമൊന്നു നോക്കി

ഇന്ന് തങ്ങളുടെ ഇരുപതാം വിവാഹവാർഷികമായിരുന്നു…. അവൾ തന്നെ വേണ്ടെന്ന് വെച്ച് പോയി വേറെയൊരു വിവാഹം ചെയ്‌തെങ്കിലും തന്റെ മനസ്സിൽ നിന്നും തനിക്ക് ഒരിക്കലും അവളെ പറിച്ചെറിയാൻ സാധിക്കില്ല…. അത്രയ്ക്ക് താൻ അവളെ സ്നേഹിച്ചിരുന്നു…

എവിടെ ആയിരുന്നാലും കുട്ടികളും ഭർത്താവുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ അത് മതി…. അയാൾ ദീർഘനിശ്വാസത്തോടെ എണീറ്റ് ചായ കപ്പുമായി ബാൽക്കണിയിൽ പോയി നിന്നു

സർ…. ഞാൻ പൊയ്ക്കോട്ടേ…അഞ്ചുമണി കഴിഞ്ഞു

വേലക്കാരി അയാൾക്ക് പിന്നിൽ വന്ന് നിന്ന് പരുങ്ങി

മ്മ്…. അയാൾ മൂളി

സർ കുറച്ചു പൈസ കടമായി തരുമോ….. ശബളത്തിൽ നിന്നും പിടിച്ചോളൂ…

അയാൾ മുറിയിൽ ചെന്ന് പേഴ്സ് തുറന്നു രണ്ടായിരത്തിന്റെ രണ്ട് നോട്ടെടുത്തു അവർക്ക് നീട്ടി

കാശ് കിട്ടിയതും അവരുടെ മുഖത്തൊരു പ്രകാശം പരന്നു… അവർ അതും വാങ്ങി സന്തോഷത്തോടെ അയാളെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി

അവർ പോയതും അയാൾ കുളിച്ചു ഫ്രഷ് ആയി പതിവ് സായാഹ്നസവാരിയ്ക്കായി ഇറങ്ങി….

അസ്തമയസൂര്യന്റെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന പാതയോരത്ത് കൂടി അയാൾ പതിയെ നടന്നു..

വയസ് അൻപതിനോട് അടുക്കുന്നു…എന്തൊക്കെയോ നേടി…. എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു…ജീവിതയാത്രയുടെ അവസാനം വരേയ്ക്കും ഒറ്റയാനായി ഒരു ജീവിതം… അയാൾ വേദന നിറഞ്ഞൊരു ചിരിയോടെ സിമന്റ്‌ൽ തീർത്ത വഴിയോരത്തെ ഇരിപ്പിടത്തിൽ അമർന്നിരുന്നു…

ഏറെ നേരം അവിടിരുന്ന ശേഷം തിരിച്ചു പോകുവാനായി എണീക്കവേ റോഡിൽ വല്ലാത്തൊരു ശബ്ദം കേട്ട് അയാൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി…റോഡിൽ ഒഴുകി പരന്ന രക്തവും ആൾക്കൂട്ടവും കണ്ട് അയാൾ പരിഭ്രമത്തോടെ അങ്ങോട്ടോടി

ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ട് ചെന്ന അയാൾ പെട്ടന്ന് കണ്ണുകൾ ഇറുക്കിയടച്ചു

ഒരു സ്ത്രീ തല പിളർന്ന് രക്തത്തിൽ കുതിർന്നു കയ്യ് കാലിട്ടടിക്കുന്നു….പെട്ടന്ന് അയാൾക്ക് ആ മുഖം എവിടെയോ പരിചയം തോന്നി…. അയാൾ ആ സ്ത്രീയെ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി

ഇതവരല്ലേ…ഒരു മണിക്കൂർ മുൻപ് തന്റെ കയ്യിൽ നിന്നും പൈസയും വാങ്ങി പോയ തന്റെ വീട്ടിലെ ജോലിക്കാരി…

അയാൾ മിടിക്കുന്ന ഹൃദയത്തോടെ അവരെ കൈയിൽ കോരിയെടുത്തു… ആരോ ഏർപ്പാടാക്കിയ ടാക്സിയിലേക്ക് അവരെയും എടുത്തു അയാൾ കയറി….

ടാക്സി നിറയെ രക്തം തളം കെട്ടി…..അവർ അയാളെ തിരിഞ്ഞിട്ടോ എന്തോ തന്റെ തളർന്നു തുടങ്ങിയ കൈകൾ കൊണ്ട് അയാളുടെ കൈകൾ കൂട്ടി പിടിച്ചു അവ്യക്തമായി എന്തോ പറഞ്ഞു…പിന്നെ ബോധം മറഞ്ഞു

ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് അവരെ കയറ്റുമ്പോൾ നേഴ്സ് അയാൾക്ക് നേരെ അവരുടെ കൈയിലിരുന്ന സാധനങ്ങൾ കൈമാറി…

അതൊരു മുഷിഞ്ഞ കവറായിരുന്നു… വേദന കൊണ്ട് പുളയുമ്പോഴും അവൾ കൈ വിടാതെ മുറുകെ പിടിച്ചിരുന്ന കവർ….അയാളത്‌ അരികിൽ വെച്ച് കനച്ച ഹൃദയവുമായി പുറത്തു കാത്തിരുന്നു

മണിക്കൂറുകൾ കടന്നു പോയികൊണ്ടിരുന്നു…. ഓപ്പറേഷൻ തിയറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങി വരുന്നത് കണ്ട് അയാൾ തിടുക്കത്തോടെ ഡോക്ടറുടെ അരികിലെത്തി

സോറി….അവർ പോയി…. ഡോക്ടർ നിസ്സഹായതയോടെ അയാളെ നോക്കി കൊണ്ട് നടന്നു പോയി

അയാൾ എന്ത് ചെയ്യുമെന്നറിയാതെ ഒരു നിമിഷം ഉഴറി നിന്നു….

ആരാണ് ഇവർ…. എവിടെയാണ് ഇവരുടെ വീട്… ഒന്നുമറിയില്ല…തനിക്ക് അറിയാവുന്ന ഒരു ഏജൻസി വഴിയാണ് അവർ രണ്ട് മാസം മുൻപ് തന്റെ വീട്ടിൽ ജോലിക്ക് എത്തുന്നത്…. പേര് പോലുമറിയില്ല….പറയുന്ന ജോലിയെല്ലാം വെടിപ്പായി ചെയ്യുന്നത് കൊണ്ട് താൻ കൂടുതലൊന്നും തിരക്കാനും പോയില്ല…

അയാൾക്ക് പെട്ടന്ന് അവരുടെ കയ്യിലിരുന്ന കവറിനെ കുറിച്ചോർമ്മ വന്നു…അയാൾ പ്രതീക്ഷയോടെ അത് തുറന്നു….

വില കുറഞ്ഞ ഏതോ കമ്പനിയുടെ രണ്ട് പാക്കറ്റ് ബിസ്കറ്റ്, ഒരു പാക്കറ്റ് കളർ പെൻസിലുകൾ, മുഷിഞ്ഞ ഒരു ജോഡി സാരിയും ബ്ലൗസും കീറി തുടങ്ങിയ ഒരു പേഴ്സ് ഇത്രയുമായിരുന്നു അതിലുണ്ടായിരുന്നത്…. അയാൾ പേഴ്സ് തുറന്നു…ഏതാനും സേഫ്റ്റി പിന്നുകളും താൻ കൊടുത്ത പൈസയും കുറച്ചു രസീതുകളും അതിലുണ്ടായിരുന്നു

അയാൾ അതിലൊരു രസീത് നിവർത്തി നോക്കി….ഏതോ പണയമിടപാട് സ്ഥാപനത്തിന്റെ രസീതായിരുന്നു അത്…

ഇന്ദിരയെന്ന് അതിൽ അവരുടെ പേരും അഡ്രെസും ഉണ്ടായിരുന്നു….അയാളത്‌ ഭദ്രമായി മടക്കി തന്റെ പോക്കറ്റിലിട്ടു

അവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ അയാൾ വേഗം തന്നെ തന്റെ വീട്ടിലെത്തി വസ്ത്രം മാറി കാറുമായി അവരുടെ വീട് തേടിയിറങ്ങി……ഏതോ റെയിൽവേ ഗേറ്റിനു പുറകിലായി ഷീറ്റ് വെച്ചടിച്ച അവരുടെ വീട് അയാൾ ബുദ്ധിമുട്ടി കണ്ടെത്തിയെങ്കിലും അത് അടച്ചിട്ടിരിക്കുകയായിരുന്നു….അയാൾ നിരാശയോടെ തല ചൊറിഞ്ഞു

ആരാ അത്???

അപ്പുറത്ത്‌ താമസിക്കുന്നതെന്ന് തോന്നുന്ന ഒരു സ്ത്രീ അയാളോട് ചോദിച്ചു

ഇത് ഇന്ദിരയുടെ വീടല്ലേ??

അതെ… എന്താ കാര്യം

അവരിന്നു ഒരു അപകടത്തിൽ മരണപ്പെട്ടു…അയാൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു

എന്റെ ദൈവമേ !!!അയൽക്കാരി സ്ത്രീ ഞെട്ടലോടെ നെഞ്ചിൽ കൈ വെച്ചു

അവരുടെ കുടുംബക്കാരൊക്കെ??? അയാൾ തിരക്കി

അതിന്റെ കെട്ട്യോൻ മരിച്ചിട്ട് കൊല്ലം കൊറേയായി… ഒരു മോൻ മാത്രമേയുള്ളു… അതാണെങ്കിൽ മൊട്ടെന്ന് വിരിഞ്ഞിട്ട് പോലുമില്ല…. ഇവിടെ എന്റെ അടുത്താക്കിയിട്ടാ ആ പെണ്ണ് ജോലിക്ക് പൊയ്ക്കൊണ്ടിരുന്നേ….

അയാളുടെ ഉള്ളിലൊരു കറുപ്പ് വീണു….. ഇനിയെന്ത് ചെയ്യും… അയാൾ ഒന്നുമറിയാതെ പകച്ചു നിന്നു

അവരുടെ മകൻ എവിടെ?

ഇപ്പൊ വിളിക്കാം സാറെ…. അയൽക്കാരി സ്ത്രീ കണ്ണീരോടെ അപ്പുറത്തേക്ക് പോയി…

മടങ്ങി വന്ന അവരുടെ കയ്യിൽ തൂങ്ങി പിന്നി തുടങ്ങിയ ഒരു നിക്കറുമിട്ട് ദാരിദ്ര്യത്തിന്റെ എല്ലാവിധ ലക്ഷണങ്ങളും എടുത്തു കാണിക്കുന്ന ഒരഞ്ചു വയസുകാരൻ ഉണ്ടായിരുന്നു…

ന്താ നിന്റെ പേര്?? അയാൾ കുട്ടിയോട് ചോദിച്ചു

കാശി…. അവൻ നാണത്തോടെ അയാളെ നോക്കി

സാർ ഏതാ…. അയൽക്കാരി അയാളോട് ചോദിച്ചു

എന്റെ വീട്ടിലാണ് അവർ ജോലിക്ക് നിന്നിരുന്നത്…. ഇവിടെ ഇവർക്ക് സ്ഥലം ഒന്നുമില്ലേ???

ഇവിടെയോ… ഇത് പുറമ്പോക്ക് അല്ലേ സാറെ…. ഇവിടെ ആർക്കും സ്ഥലോം വീടും ഒന്നുല്ല…. അവർ സങ്കടത്തോടെ മൂക്ക് പിഴിഞ്ഞു

അങ്ങനെ ആണെങ്കിൽ അവരെ ഹോസ്പിറ്റലിൽ തന്നെ സംസ്കരിക്കേണ്ടി വരും….കുട്ടിയെ ഞാൻ കൊണ്ട് പോയി അവരെ കാണിച്ചിട്ട് വരട്ടെ…. അയാൾ ചോദിച്ചു

ആം സാറെ…അയൽക്കാരി സങ്കടത്തോടെ തലയാട്ടി………

അമ്മേ…. അമ്മേ…….

തണുത്തു മരവിച്ച തന്റെ അമ്മയുടെ ശരീരത്തെ ആ അഞ്ചു വയസുകാരൻ കുലുക്കി വിളിച്ചു

അത് നോക്കി നിൽക്കവേ അയാൾക്കെന്തോ നെഞ്ചിൽ വല്ലാത്ത വേദന നിറഞ്ഞു….

മോൻ അമ്മയ്ക്ക് ഒരുമ്മ കൊടുക്ക്…അയാൾ കുഞ്ഞിന്റെ നിറുകയിൽ തലോടി

അനുസരണയുള്ള കുട്ടിയായി അവൻ അമ്മയുടെ നെറ്റിയിൽ ഉമ്മ വെച്ചു

വെളുത്ത തുണിയിൽ പൊതിഞ്ഞ അവരെ ഒന്ന് കൂടി നോക്കികൊണ്ട് അയാൾ ആ കുട്ടിയേയും കൊണ്ട് തിരിച്ചു യാത്രയായി

പുറമ്പോക്കിലെ ആ വീട്ടിലേക്ക് അവന്റെ കയ്യും പിടിച്ചു നടക്കവേ അവളുടെ കുട്ടി അയാളുടെ കാലിൽ ഇറുക്കി വട്ടംപിടിച്ചു

എന്റെ അമ്മ ഇനി വരില്ലേ??? എന്റെ അമ്മ അച്ഛന്റെ അടുത്തേക്ക് പോയതാണോ?? അവന്റെ കുഞ്ഞികണ്ണുകൾ നിറഞ്ഞിരുന്നു

എന്ത് മറുപടി പറയുമെന്നറിയാതെ അയാൾ മരവിച്ചു നിന്നു…. അയാൾ അവനെ വാരിയെടുത്തു നെറ്റിയിൽ ചുംബിച്ചു

ഇരുളിൽ മുങ്ങി നിൽക്കുന്ന അവരുടെ വീട്ടിലേക്ക് നോക്കി നിൽക്കവേ അയാൾക്ക് അതിയായ ദുഃഖം അനുഭവപെട്ടു

തിരികെയുള്ള യാത്രയിൽ അയാളുടെ നെഞ്ചോട് ചേർന്ന്…ആ നെഞ്ചിലെ ചൂട് പറ്റി ആ അഞ്ചുവയസുകാരൻ ഉണ്ടായിരുന്നു…പുതിയൊരു ജീവിതത്തിലേക്ക്… പുതിയൊരു സുരക്ഷിതത്തിലേക്ക് അയാൾ അവനെ ചേർത്ത് പിടിച്ചു

ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് ഇനി അയാൾ അവന് അച്ഛനായി മാറും…. അവൻ അയാൾക്ക് മകനും….

ഒന്നുമില്ലാത്തവനിൽ നിന്ന് എന്തൊക്കെയോ നേടിയൊരു നിർവൃതിയോടെ അയാൾ തന്റെ വീട്ടിലേക്ക് വണ്ടിയോടിച്ചു……..