അതിലെ നായിക എന്റെ മീനാക്ഷിയാണെന്നറിഞ്ഞപ്പോ തകർന്നുപോയി…എനിക്ക് വേണ്ടി അവളെ….

Story written by MAAYA SHENTHIL KUMAR

നീട്ടിയുള്ള ചൂളം വിളികളുമായി ഇരുമ്പുപാളങ്ങളെ ഭേദിച്ചുകൊണ്ട് തീവണ്ടി മുന്നോട്ടു കുതിക്കുന്നു…അതിലേറെ വേഗതയോടെ ഓർമ്മകൾ പിറകോട്ടേക്കും… ഓരോ പ്ലാറ്റഫോം പിന്നിട്ട ചൂളം വിളികളും ഹൃദയത്തിലേക്ക് ആഴത്തിൽ തറച്ചിറങ്ങുന്നു…ഓരോ മഞ്ഞ മൈൽകുറ്റികളും ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ട് പിന്നിലേക്കോടി മറയുന്നു…

ദൂരം കുറയും തോറും മനസ്സിലെ മുറിവ് പഴുത്തു നീറുന്നുണ്ടായിരുന്നു. ഒന്നരദിവസത്തെ തീവണ്ടി യാത്രയുടെ ക്ഷീണം.. കണ്ണുകൾ പതുക്കെയടഞ്ഞു. കണ്ണുകൾ തുറക്കുമ്പോൾ ഇറങ്ങാനുള്ള സ്റ്റേഷൻ എത്താറായിരിക്കുന്നു… ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി… ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് കരുതിയിടത്തേക്കു ഇറങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം..

*************************

“സേതൂ ഇതാ മോനുള്ള പുതിയ ഉടുപ്പ്, അച്ഛന്റെ കല്യാണത്തിന് ഇടാനുള്ളതാ.. കൊണ്ടുപോയി സൂക്ഷിച്ചു വയ്ക്ക് “

അപ്പൂപ്പൻ അത് പറയുമ്പോൾ അത്ഭുതവും അതിലേറെ ആകാംഷയുമായിരുന്നു അന്നത്തെ എട്ടുവയസുകാരന്…

അച്ഛന്റെ കല്യാണത്തിന് ഉപ്പു വിളമ്പുന്നത് ഇവനാ എന്ന കൂട്ടുകാരുടെ കളിയാക്കലിന് മുന്നിലാണ് അച്ഛന്റെ കല്യാണം കൂടുന്നത് വലിയ നാണക്കേടാണെന്ന് മനസ്സിലാക്കിയത്.. മണ്ഡപത്തിൽ അച്ഛൻ രണ്ടാം ഭാര്യക്ക് താലിചാർത്തുമ്പോൾ ട്രൗസറിന്റെ കീശയിൽ ഞാനെടുത്തു വച്ച എന്റെ അമ്മയുടെ ഫോട്ടോ മുറുകെ പിടിച്ചു കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു ഞാൻ…

അച്ഛമ്മയും അപ്പൂപ്പനും പോകുന്നതുവരെ അച്ഛന്റെ രണ്ടാം ഭാര്യയുടെ അടുത്ത് പോയിട്ടേയില്ല.. അവർ സംസാരിക്കാൻ ശ്രമിക്കും തോറും അകന്നുമാറിപോയി… അച്ഛമ്മയും അപ്പൂപ്പനും തറവാട്ടിലേക്ക് തിരിച്ചു പോയപ്പോഴാണ് ഞാൻ ഒറ്റയ്ക്കായിപോയതു.. അവർ പോയി രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും പോയി അമ്മയുടെ മകനെ വീട്ടിലേക്കു കൊണ്ടുവന്നു

അനികുട്ടൻ.. ആദ്യം അവനോടും അകൽച്ച തോന്നിയെങ്കിലും പിന്നീട് അടുത്തു…

ചിക്കൻപോക്സ് വന്നപ്പോഴാണ് അച്ഛന്റെ രണ്ടാം ഭാര്യ എന്നാൽ എനിക്ക് അമ്മ തന്നെയാണെന്ന ബോധ്യം വന്നത്…വേറാരും അടുത്തു വരാതിരുന്നപ്പോൾ അമ്മ ഉറക്കം പോലുമില്ലാതെ എന്നെ പരിചരിച്ചു.. വേദനിച്ചു കരയുമ്പോൾ നെഞ്ചോട്‌ ചേർത്തു.. തളർന്നുപോകുമ്പോൾ താങ്ങി നിർത്തി… അന്നാണ് ഞാനവരെ ആദ്യമായി അമ്മ എന്ന് വിളിച്ചത്… അന്ന് അവരെന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു… കുറെ നാൾ കഴിഞ്ഞാണ് മനസ്സിലായത് എന്റെ പ്രായത്തിലുള്ള അവരുടെ മകനും ഭർത്താവും ഒരപകടത്തിൽ നഷ്ടപ്പെട്ടതാണെന്നു..

പിന്നീടങ്ങോട്ട് വീടൊരു സ്വർഗ്ഗമായിരുന്നു… അമ്മയുടെ സ്വപ്നവും പ്രാര്ഥനയുമായിരുന്നു ഞങ്ങളുടെ ജോലി… ഞാനൊരു കോളേജ് അധ്യാപകനും, അനികുട്ടൻ ഒരു ബാങ്കിലും കയറി… പിന്നെ കല്യാണാലോചനയായി.. എന്റെ മനസ്സിലൊരു സങ്കല്പമുണ്ടായിരുന്നു…മൂന്നാം വയസ്സിൽ എനിക്ക് നഷ്‌ടമായ കേട്ടറിവ് മാത്രമുള്ള എന്റെ അമ്മയെപ്പോലെ വിടർന്നകണ്ണുകളും, മുട്ടോളം മുടിയുമുള്ള ഒരു ശാലീന സുന്ദരി…

മനസ്സിലുള്ളത് ആരോടും പറഞ്ഞില്ല… കണ്ടതൊന്നും മനസ്സിനിഷ്ടപ്പെട്ടതുമില്ല. ഒടുക്കം എനിക്ക് പെണ്ണ് നോക്കി എല്ലാരും മടുത്തിരിക്കുന്നു സമയത്ത് ഞാൻ തന്നെ കണ്ടെത്തി എന്റെ പെണ്ണിനെ.. അമ്പലത്തിൽ വച്ച്… മീനാക്ഷി…ആരോടൊക്കെയോ അന്വേഷിച്ചു അവളുടെ വീട് കണ്ടുപിടിച്ചു അമ്മയെയും കൂട്ടി പോയി അവളെ പെണ്ണ് ചോദിച്ചു.. അമ്മയ്ക്കും അവർക്കും നൂറുവട്ടം സമ്മതം..

ആദ്യരാത്രിയിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായാണ് അവൾ മണിയറയിലേക്ക് വന്നത്… കൂടെ ജീവിക്കാൻ ഒരു നാലുമാസത്തെ സമയമെങ്കിലും തരണമെന്ന് അപേക്ഷിച്ചപ്പോൾ തന്നെ സ്വപ്നങ്ങൾക്ക് വിള്ളലേറ്റെന്നു എനിക്ക് മനസ്സിലായി.. പിന്നീടുള്ള ദിവസങ്ങളിലും ഞാനടുക്കാൻ ശ്രമിച്ചിട്ടും അവൾ അകന്നകന്നുപോയി.. ഏതു നേരവും അമ്മയുടെ നിഴലായി മാത്രം അവൾ നടന്നു… എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഇടയ്ക്കു അച്ഛൻ ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി..

ദിവസങ്ങളിങ്ങനെ കടന്നുപോയി…ഒരു കോരിച്ചൊരിയുന്ന മഴയിൽ, തണുത്ത രാത്രിയിൽ ബലമായല്ലെങ്കിലും അവളുടെ ഇഷ്ടമോ സമ്മതമോ ചോദിക്കാതെ ഞാനവളെ സ്വന്തമാക്കി…

പൊട്ടിത്തെറിയോ പിണക്കമോ പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഇല്ലാതിരുന്നതു എന്നെ അത്ഭുതപ്പെടുത്തി ഒപ്പം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും കാരണം എന്നോട് സ്നേഹമില്ലായിരുന്നെങ്കിൽ അവളെന്നെ വെറുതേനെ ഈയൊരു കാരണത്താൽ …

ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോ തന്നെ അനികുട്ടനും പെണ്ണ് നോക്കി തുടങ്ങി.. പക്ഷെ അവൻ കല്യാണത്തിന് സമ്മതിക്കാതെ ഇടഞ്ഞു നിൽക്കുകയാണ് അന്നുതൊട്ടിന്നുവരെ… അവസാനം അച്ഛന്റെ ബന്ധത്തിൽ നിന്ന് നല്ലൊരു ആലോചന വന്നപ്പോ അമ്മ വഴക്കുപറഞ്ഞും, ഉപദേശിച്ചും, കരഞ്ഞും നോക്കി…എന്നിട്ടും അവന്റെ മനസ്സ് മാറിയില്ല…

അവസാനം അവന്റെ കൂട്ടുകാരുമായി സംസാരിച്ചപ്പോഴാണ് അവന്റെ പ്രണയനൈരാശ്യത്തെ കുറിച്ച് അറിഞ്ഞത്… അതിലെ നായിക എന്റെ മീനാക്ഷിയാണെന്നറിഞ്ഞപ്പോ.. തകർന്നുപോയി… എനിക്ക് വേണ്ടി അവളെ വിട്ടുതന്നതാണെന്നറിഞ്ഞപ്പോ മരിക്കാനാണ് ആദ്യം തോന്നിയത്..

ഞാൻ മരിച്ചാൽ അവൻ പിന്നൊരിക്കലും സന്തോഷത്തോടെ ജീവിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ്, മീനാക്ഷിയെ അനികുട്ടന് കൊടുക്കണമെന്ന് അച്ഛനൊരു കത്തെഴുതി വച്ചിട്ട് നാട് വിട്ടത്… ഒരുപാടലഞ്ഞു… അവസാനം രാജസ്ഥാനിലെ ഒരു സ്കൂളിൽ അധ്യാപകനായി… ആറു വർഷങ്ങൾക്കു ശേഷമാണ് ഞാനവിടെ ഉണ്ടെന്നു ആരോ നാട്ടിലറിയിക്കുന്നതു… അങ്ങനെയാണ് വർഷങ്ങൾക്കു ശേഷം അനികുട്ടൻ വിളിക്കുന്നത്… അവനാണെന്നറിഞ്ഞപോ ഫോൺ കട്ട്‌ ചെയ്യാനൊരുങ്ങിയതായിരുന്നു.. അപ്പോഴാണ് അച്ഛന്റെ മരണവാർത്ത പറയുന്നത്.. ആ ഷോക്ക് മാറാൻ ഒരുപാട് സമയമെടുത്തു… അടുത്തയാഴ്ച്ച ആണ്ടാണ്.. ബലിയിടാനെങ്കിലും വരണമെന്ന് പറഞ്ഞപ്പോൾ നിരസിക്കാനായില്ല… അല്ലെങ്കിലും അതെങ്കിലും ചെയ്തില്ലെങ്കിൽ ആ പാപം എത്ര ജന്മങ്ങൾ എന്നെ പിന്തുടരും…

************************

വണ്ടിയിറങ്ങുമ്പോൾ സ്റ്റേഷനിൽ കാത്തുനിൽപ്പുണ്ടായിരുന്നു അനിക്കുട്ടൻ… നാടും വഴികളും ഏറെ മാറിപ്പോയിരിക്കുന്നു… അനികുട്ടൻ പഴയതുപോലെ തന്നെ നിർത്താതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… വ്യക്തമായി ഒന്നും കേൾക്കാത്തപോലെ തലയ്ക്കുള്ളിലൊരു പെരുപ്പ്… അത് ഊർന്നിറങ്ങി നെഞ്ചിലൂടെ കാലുവരെയെത്തി… വീടെത്തിയിട്ടും കാലനങ്ങുന്നില്ല എന്ന തോന്നൽ… മുറ്റത്തേക്കിറങ്ങിയപ്പോൾ അവിടത്തെ കാറ്റിന് പോലും അച്ഛന്റെ മണം… എന്റെ വരവും കാത്തു അച്ഛനെവിടെയോ നിൽപ്പുണ്ട്… ചിന്തകൾ മുറുകുമ്പോഴാണ് അമ്മയെത്തിയത് നെഞ്ചിൽ വീണു കരഞ്ഞു എന്തൊക്കെയോ പറയുന്നുണ്ട്…പിന്നെ കൈപിടിച്ച് കൊണ്ടുപോയി അച്ഛനുറങ്ങുന്ന സ്ഥലത്തേക്ക്… അവിടെ മുട്ടുകുത്തി കരഞ്ഞപ്പോൾ മനസ്സിൽ നിന്ന് ഒരല്പം ഭാരം ഇറങ്ങിപോയപോലെ… അമ്മ എന്നെ കൂട്ടി അകത്തേക്ക് നടന്നു… ഇനിയാണ് അടുത്ത കടമ്പ… സ്വന്തം ഭാര്യയായി ഉയിര്ക്കൊടുത്തു സ്നേഹിച്ചവളെ ഇനി അനിയന്റെ ഭാര്യയായി.. അനിയത്തിയായി കാണണം…

അതോർത്തപ്പോഴേക്കും കാലുകളുടെ വേഗം കുറഞ്ഞു.. അപ്പോഴേക്കും അനിക്കുട്ടൻ ഒരു കുഞ്ഞിനേയും എടുത്തു വന്നു..എന്നെ ചൂണ്ടി വല്യച്ഛനെന്നു പരിചയപ്പെടുത്തി… വാത്സല്യത്തോടെ അവളെ ഒന്നെടുക്കുമ്പോൾ മേലാസകലം തീയിലകപ്പെട്ടപോലെ പൊള്ളുന്നുണ്ടായിരുന്നു…

ഇതാണ് രഞ്ജു, എന്റെ ഭാര്യ.. അനിക്കുട്ടൻ അവളെ പരിചയപ്പെടുത്തിയത് ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്..

അപ്പൊ എന്റെ.. എന്റെ മീനാക്ഷി മുഴുവിപ്പിക്കാനാവാതെ എന്റെ ചുണ്ടുകൾ വിറച്ചു..

അവൾ മുകളിലുണ്ട്.. നിന്റെ മുറിയിൽ..പറഞ്ഞത് അമ്മയായിരുന്നു..

പിന്നെ എന്റെ കാലുകൾക്കു വേഗത കൂടി… ഓടി മുറിയിലെത്തുമ്പോൾ, ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു അവൾ…

മീനു…

അവളുടെ തീക്ഷണമായ നോട്ടത്തിനുമുന്നിൽ മിണ്ടാനാവാതെ ഒരു നിമിഷം നിന്നുപോയി… എന്തോപറയാൻ തുടങ്ങിയതും.. അവളുടെ കൈ ആഞ്ഞു പതിച്ചു എന്റെ കവിളിൽ… പിന്നെ സ്തബ്ധനായി നിൽക്കുന്ന എന്റെ നെഞ്ചിൽ വീണു കരഞ്ഞു… കൈകളുയർത്തി അവളെ ചേർത്തുപിടിക്കുമ്പോൾ ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ മിന്നുന്നുണ്ടായിരുന്നു.. പത്തരമാറ്റോടെ…