പഴയ കാമുകി സുഖ വിവരം അന്വേഷിച്ചു എന്നെ വിളിച്ചെന്നു അറിഞ്ഞപ്പോളെ എന്റെ ഭാര്യ കലിതുള്ളി ഭദ്രകാളിയെ പോലെ എന്റെ നേർക്ക് വന്നു…

എഴുത്ത്: ശിവ

പഴയ കാമുകി സുഖ വിവരം അന്വേഷിച്ചു എന്നെ വിളിച്ചെന്നു അറിഞ്ഞപ്പോളെ എന്റെ ഭാര്യ കലിതുള്ളി ഭദ്രകാളിയെ പോലെ എന്റെ നേർക്ക് വന്നു..

ആ ഒരൊറ്റ നിമിഷം കൊണ്ട് മെഡിക്കൽ കോളേജിലെ ഒരു ബെഡ് ഞാൻ സ്വപ്നം കണ്ടു….

“ആരോട് ചോദിച്ചിട്ടാണ് മനുഷ്യാ നിങ്ങൾ അവളുടെ കോൾ അറ്റൻഡ് ചെയ്തത്….??

“ഡി അതുപിന്നെ നമ്പർ വേറേ ആയത് കൊണ്ട് അവളാകുമെന്ന് വിചാരിച്ചില്ല..വേറേ ആരെങ്കിലും ആവും എന്നോർത്ത് എടുത്തു പോയതാണ്..”

“ഉവ്വ എനിക്കറിയാം നിങ്ങളെ.. ഇപ്പോഴും നിങ്ങളുടെ മനസ്സിൽ അവളല്ലേ….??”

“സത്യമായിട്ടും എന്റെ മനസ്സിൽ ഇപ്പോൾ നീയെ ഒള്ളൂ..”

“അങ്ങനെ എങ്കിൽ ഇപ്പോൾ അവളെ വിളിക്ക് എനിക്ക് അവളോട് സംസാരിക്കണം..”

“എന്തിന്.. നിനക്ക് വേറേ പണിയൊന്നും ഇല്ലേ..”

“ഇച്ചായാ മര്യാദക്ക് അവളെ വിളിക്കാനാണ് പറഞ്ഞത് അല്ലെങ്കിൽ നിങ്ങൾ വിവരമറിയും” എന്നും പറഞ്ഞവൾ മേശയിൽ ഇരുന്ന സ്റ്റീൽ ഗ്ലാസ്‌ കൈയിലെടുത്തു..

ഇത് പണിയാവും വെറുതെ അവളെ ദേഷ്യം പിടിപ്പിക്കണ്ട എന്നു വിചാരിച്ചു ഞാൻ പഴയ കാമുകിയെ ഫോണിൽ വിളിച്ചു..അവൾ കോൾ എടുത്തതും ഞാൻ ഭാര്യയുടെ കൈയിലേക്ക് ഫോൺ കൊടുത്തു..

“ഹലോ അശ്വതിയല്ലേ.. ഞാൻ ഇച്ചായന്റെ വൈഫാണ്.. അഞ്ജലി മോൾ ഇച്ചായനെ വിളിച്ചെന്നു ഞാൻ അറിഞ്ഞു..നിന്നെ ഒന്ന് നേരിട്ട് കാണണം എന്ന് ഇച്ചായനോട് പലവട്ടം പറഞ്ഞിട്ടും ഈ മനുഷ്യൻ അതിന് സമ്മതിച്ചില്ല.. നിന്റെ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു..”

ഇപ്പോൾ എന്തായാലും നീ ആയിട്ട് ഇങ്ങോട്ട് വിളിച്ചത് നന്നായി..ഡി ശരീരവും മനസ്സും കൊടുത്തു സ്നേഹിച്ചവൻ തേച്ചിട്ടു പോയപ്പോൾ എല്ലാം അറിഞ്ഞു കൊണ്ടു തന്നെ നിന്നെ സ്നേഹിച്ച ഇച്ചായനെ ഒന്നര വർഷം സ്നേഹിച്ചെന്ന് നടിച്ചു കാണിച്ചു ഒടുവിൽ പ്രണയം കൊണ്ട് ജീവിതം സെറ്റിൽ ആവില്ല ഇച്ചായ അതിന് കാശും സ്വത്തും നല്ല ജോലിയും ഉള്ളവൻ തന്നെ വേണം എന്നും പറഞ്ഞു തേച്ചിട്ടു പോയ നിന്നെ പോലൊരു മൊതലിനെ പത്തു പറഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ അങ്ങേരുടെ കെട്ടിയോൾ ആണെന്ന് പറഞ്ഞു നടക്കുന്നതിൽ എന്ത്‌ കാര്യം….പ്രേമിക്കാൻ ഒരുത്തൻ കല്യാണം കഴിക്കാൻ മറ്റൊരുത്തൻ എന്തായാലും നീ ആള് കൊള്ളാം ഒരു ഉള്ളുപ്പും ഇല്ലല്ലോടി ..പിന്നെ ഭർത്താവ് ഉണ്ടായിട്ടും ഇപ്പോൾ പഴയ കാമുകനെ തേടിയെത്തിയ നിന്റെ കൃമികടി എന്താണെന്ന് എനിക്ക് മനസ്സിലായി എന്തായാലും ആ വിളവ് മോള് ഇങ്ങോട്ട് ഇറക്കാൻ നിൽക്കേണ്ട..ഇനി എങ്ങാനും എന്റെ ഇച്ചായനെ നീ വിളിച്ചെന്നു അറിഞ്ഞാൽ പൊന്നു മോളെ നീ വിവരമറിയും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട കേട്ടോടി തേപ്പ് പെട്ടി.. എന്നും പറഞ്ഞവൾ ഫോൺ കട്ട്‌ ആക്കി എന്നെ നോക്കി ഒന്ന് ചിരിച്ചു….

അപ്പോഴാണ് എനിക്ക് ആശ്വാസമായത്..

“ഡി കാന്താരി നീ ആള് കൊള്ളാട്ടോ..

എന്തായാലും അവൾക്കിട്ട് കൊടുത്തത് എനിക്ക് ഇഷ്ടമായി..അപ്പോൾ നിനക്കെന്നെ അത്രക്കും ഇഷ്ടമാണല്ലേ..

“ഇഷ്ടം മാങ്ങാത്തൊലി.. ആ അശ്വതി പണ്ടാരക്കാലി ഒറ്റൊരുത്തി കാരണമല്ലേ നിങ്ങൾ എന്റെ തലയിലായത്..അച്ഛനില്ലാത്ത കുട്ടിയാണ് ആനയാണ് ചേനയാണ് എന്നൊക്ക പറഞ്ഞു നിങ്ങൾ സ്നേഹിച്ചിട്ട് ഒടുവിൽ അവൾ നിങ്ങളെ തേച്ചെന്ന് അറിഞ്ഞപ്പോൾ നിങ്ങളോട് ചെറിയൊരു ഇഷ്ടം തോന്നിപ്പോയി എന്ന് വെച്ച് അവസാനം നിങ്ങൾ എന്റെ തലയിൽ ആവുമെന്ന് ഞാൻ വിചാരിച്ചില്ല..അങ്ങനെ ഉള്ളപ്പോൾ ഇതിനെല്ലാം കാരണക്കാരിയായ ആ ദാസന്റെ മോളോട് എനിക്ക് പിന്നെ ദേഷ്യം തോന്നാതെ ഇരിക്കുമോ..അതുകൊണ്ട് അന്നേ അവളെ പത്തു പറയണം എന്ന് ഞാൻ ഉറപ്പിച്ചത് ആണ്..അല്ലാതെ നിങ്ങളോടുള്ള ഇഷ്ടം പുല്ലും കൊണ്ടൊന്നുമല്ല..”

“ആഹാ ഡി പുല്ലേ ഇഷ്ടമാണെന്നു പറഞ്ഞു എന്റെ പിന്നാലെ നടന്നു ഒടുവിൽ ഞാൻ കെട്ടിയപ്പോൾ ഇപ്പോൾ ഞാൻ നിന്റെ തലയിൽ ആയെന്നോ..??”

“ഹാ ഞാനും തേച്ചിട്ട് പോയാൽ മതിയായിരുന്നു എന്റെ വിധി അനുഭവിച്ചല്ലേ പറ്റൂ..

“ഓഹോ എങ്കിൽ ഇപ്പോൾ തന്നെ ഡിവോഴ്സ് ചെയ്തേക്കാം പോരെ..”

“ഓ എന്നാൽ പിന്നെ പെട്ടെന്ന് ആയിക്കോട്ടെ ഇച്ചായാ വെറുതെ കൊതിപ്പിക്കാതെ..

“ദേ ഇപ്പോൾ തന്നെ തരാമെടി എന്നും പറഞ്ഞു ഞാൻ മുണ്ടും മടക്കി കുത്തി അവളുടെ അടുത്തേക്ക് ചെന്നു ചെവിയിൽ ഒരു കിഴുക്ക് കൊടുത്തതും..

“ഞാൻ ചുമ്മാ പറഞ്ഞതാണ് എന്റെ ഇച്ചായോ എന്നും പറഞ്ഞവളെന്നെ തള്ളി മാറ്റി ചിരിച്ചു കൊണ്ടു ഓടുമ്പോൾ ചെറു പുഞ്ചിരിയോടെ പിന്നാലെ ഞാനും ചെന്നു..

ആദ്യ പ്രണയം നഷ്ടമായപ്പോൾ ഇനിയൊരിക്കലും പ്രണയിക്കില്ല എന്നു മനസ്സ് കൊണ്ടു ഉറപ്പിച്ചതാണ്….പക്ഷേ നിഷ്കളങ്ക പ്രണയത്തിന്റെ വളക്കിലുക്കവുമായി വന്നെയെന്റെ ഈ നാട്ടിൻപുറത്തുക്കാരി പെണ്ണിന്റെ പ്രണയത്തിന് മുന്നിൽ എന്റെ മനസ്സിന് അടിയറവ് പറയേണ്ടി വന്നു……പിന്നീട് ഒരു താലി ചരടിൽ അവളെ സ്വന്തമാക്കിയപ്പോൾ ആത്മാർത്ഥമായ പ്രണയത്തിന്റെ ലഹരി ഞാൻ നുണയുക ആയിരുന്നു….കുസൃതിയും കുറുമ്പുമായി പഴയ പ്രണയത്തെ മനസ്സിന്റെ ഏതോ മൂലയിൽ ചിതലരിച്ച വെറും ഓർമ്മകളാക്കി തീർത്ത പെണ്ണ്..അവളാണ് ഇന്നെന്റെ പെണ്ണ്…

എന്റെ പ്രണയമായവൾ..

പ്രണയം നഷ്ടമാവുമ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരോട് അതൊരു തുടക്കമാണ് നിങ്ങളുടെ സ്നേഹം അർഹത ഇല്ലാത്തത്തിൽ നിന്ന് അർഹത ഉള്ളതിലേക്ക് എത്തി ചേരാനുള്ള തുടക്കം…..

സ്നേഹപൂർവ്വം…? ശിവ ?