ഒരു ദിവസം ഞാൻ വീട്ടിൽ വരുന്ന വഴി ഒരു കാറിൽ നിന്നും ഇറങ്ങി പോകുന്ന അവളെയാണ് ഞാൻ കണ്ടത്…

ശ്രീരാഗം

Story written by VIJAYKUMAR UNNIKRISHNAN

“നിലവിളക്കിനു മുന്നിൽ നിന്ന് തൊഴുകൈയോടെ പ്രാർത്ഥിക്കുന്ന അഞ്ജലിയുടെ നെറ്റിയിൽ ചന്ദനം ചാർത്തിക്കൊണ്ട് അമ്മ പറഞ്ഞു…

“മോളെ നമ്മുടെ അമ്പലത്തിലെ വഴിപാടാണ് കഴിച്ചിട്ട് വേഗം ഇറങ്ങാൻ നോക്കു…ഇന്ന് നേരത്തെ എത്താനുള്ളതല്ലേ. . “

പുതിയ കോളേജിൽ പോവുകയാണ്.. ഇംഗ്ലീഷ് അധ്യാപികയായി..ഏറെ നാൾ കൊതിച്ചിരുന്നു കിട്ടിയ ജോലി…വീട്ടിൽ നിന്നും അര മണിക്കൂർ വേണം കോളേജിൽ എത്താൻ. നാട്ടിൽ നിന്നും നേരിട്ട് ബസ് ഉള്ളത് കൊണ്ട് എളുപ്പമായി..

ക്യാമ്പസ്സിനുള്ളിൽ കടക്കുമ്പോൾ ഒരു തുടക്കകാരിയുടെ പരിഭ്രമമുണ്ടായിരുന്നു..അവൾക്ക്..

ഇതേ പോലെയുള്ള ഒരു കോളേജിലാണ് അഞ്ചു കൊല്ലത്തോളം പഠിച്ചതെങ്കിലും ഇതിപ്പോൾ ഒരു അധ്യാപികയുടെ റോളിൽ ആദ്യമായല്ലേ….അതിന്റെ ഒരു ചെറിയ ആശങ്ക..തുടക്കം തന്നേ പിഴയ്ക്കരുതല്ലോ….ഉറച്ച കാൽവെപ്പുകളോടെ കോണിപ്പടികൾ കയറി….

ആദ്യം പ്രിൻസിപ്പലിന്റെ ഓഫീസിൽ ചെന്നു. അദ്ദേഹത്തെ പരിചയപ്പെട്ടു…മനസ്സിൽ ഈശ്വരനേ പ്രാർത്ഥിച്ചു അറ്റെൻഡൻസ് രജിസ്റ്റർ സൈൻ ചെയ്തു…..

അദ്ദേഹം ഒരു ടീച്ചറെ പരിചയപ്പെടുത്തി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ സീനിയർ അധ്യാപിക….’ സുനിത’…

“എന്താ ടീച്ചറെ പേര് “?

“അഞ്ജലി “.

പുതിയ ടീച്ചർ അല്ലേ..?

അതേ .

എന്റെ കൂടേ പോന്നോളൂ..ക്ലാസ്സ്‌ റൂം കാണിച്ചു തരാം..

അഞ്ജലി ടീച്ചറുടെ പിറകെ ചെന്നു….ടീച്ചർ ക്ലാസ്സ്‌ റൂം കാണിച്ചു തന്നിട്ട് അവരുടെ ക്ലാസ്സിലേക്ക് പോയി. കോളേജിൽ ക്ലാസ്സ്‌ തുടങ്ങി രണ്ടാഴ്ച ആവുന്നേ ഉള്ളു.

ഒന്നാം വർഷ ഡിഗ്രി ക്ലാസ്സിലാണ് എന്റെ തുടക്കം….ദൈവമേ അനുഗ്രഹിക്കണേ..

ആദ്യ ദിവസം അങ്ങനെ കഴിഞ്ഞു. കുറച്ചു പേരെ പരിചയപ്പെട്ടു..ഏറെയും നല്ല കുട്ടികൾ തന്നേ..

ക്ലാസും പഠനവും ആയി കുറച്ചു ദിവസങ്ങൾ കടന്നു പോയി..

ഒരു ദിവസം ഇന്റർവെൽ സമയത്തു സുനിത ടീച്ചർ പറയുന്നത് കേട്ടു.

ഒരു മാഷ് രണ്ടു മാസം ലീവ് ആയിരുന്നു എന്നും നാളെ ലീവ് കഴിഞ്ഞു വരുന്നുണ്ടെന്നും..നമ്മുടെ അതേ ഡിപ്പാർട്മെന്റ് ആണ്.. അദ്ദേഹം വന്നാൽ നമ്മുടെ കുറച്ചു ജോലി ഭാരം കുറയും.,,,ആളു നല്ല മനുഷ്യനാണ്..സ്മാർട്ട്‌ ആണ്…

പിറ്റേന്ന് കോളേജിൽ പോകാൻ നോക്കുമ്പോൾ ഒരു കാൾ. അനിയത്തീടെ കോളേജിൽ നിന്നാണ്. പേടിച്ചാണ് ഫോൺ എടുത്തത്..കരുതിയത് പോലെ തന്നെ..വേഗം ഇറങ്ങി..അമ്മയോടൊന്നും പറയാൻ നിന്നില്ല. അല്ലെങ്കിലും അമ്മയോട് പറയാൻ പറ്റില്ല. പാവം നെഞ്ചുരുകി കഴിയുകയാണ്. അച്ഛൻ ആക്‌സിഡന്റ് ആയി മരിച്ചതിനു ശേഷം ഇങ്ങനെ ആണ്. സങ്കടം വരുന്ന ഒരു കാര്യവും കേൾക്കാൻ ത്രാണിയില്ല..

ഹാവൂ ഭാഗ്യം. ബസ് പോയില്ല. “സിറ്റി ഹോസ്പിറ്റൽ ഒരു ടിക്കറ്റ്. “കണ്ടക്ടർ ക്ക് പൈസ കൊടുത്തു..

ഇനി അനിയത്തിടെ കാര്യം. എനിക്ക് ഒൻപതു വയസിനു ഇളയതാണ്.. ‘അഞ്ജന’.. അവൾക്കു ഹാർട്ട്‌ നു ചെറിയ പ്രോബ്ലം ഉണ്ട്. ഇടയ്ക്ക് ഇങ്ങനെ തല കറങ്ങി വീഴും. പിന്നെ കുറച്ചു ദിവസം ഹോസ്പിറ്റലിൽ..

ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവളുടെ ടീച്ചർ പുറത്തിരിക്കുന്നുണ്ട്.അഞ്ജലി ഓടി ചെന്ന് കാര്യം തിരക്കി. പേടിക്കേണ്ട അഞ്ജലി.. കുഴപ്പം ഒന്നുമില്ല.

ടീച്ചർ സമാധാനിപ്പിച്ചു കൊണ്ട് ഡോക്ടറെ കാണാൻ കൂട്ടികൊണ്ട് പോയി…

“നോക്കു അഞ്ജലി.. സർജറി എപ്പോൾ നടത്താമെന്നാണ് നിങ്ങൾ പറയുന്നത്..എമർജൻസി അല്ല എങ്കിലും അടുത്ത വർഷം തന്നെ നടത്തുന്നതാണ് നല്ലത്..നിങ്ങളുടെ അവസ്ഥ അറിയാം എങ്കിലും ഇടയ്ക്കിടെ ഉള്ള ഈ ട്രീറ്റ്മെന്റ്നു പകരം പൂർണമായും അവളെ സുഖപ്പെടുത്തുവാൻ അതാണ് ഏറ്റവും നല്ലത്.. “

“അറിയാം ഡോക്ടർ.. പക്ഷേ പെട്ടെന്ന് അതിനുള്ള പണം കയ്യിൽ ഇല്ല. അതാണ്..അടുത്ത വർഷം ആദ്യം തന്നെ നടത്തണം. ഇപ്പൊ എനിക്ക് ഒരു ജോലിയുണ്ട്. അവളെ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു കൊണ്ടു വരും ഞാൻ.. “.

രണ്ടു ദിവസത്തെ ട്രീറ്റ്മെന്റിനു ശേഷം വീട്ടിൽ തിരിച്ചെത്തി. ഹോസ്പിറ്റലിൽ നിന്നതിന്റെ ക്ഷീണം അവളുടെ മുഖത്തുണ്ട്. കൂടുതൽ ക്ഷീണം കണ്ടത് അമ്മയിലായിരുന്നു. ശരിക്കും ഭക്ഷണം പോലും കഴിച്ചില്ല..

പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് കോളേജിൽ പോയത്. പ്രിൻസിപ്പലിനെ വിളിച്ചു ലീവ് പറഞ്ഞിരുന്നു.

ഇന്റർവെൽ സമയത്ത് സ്റ്റാഫ്‌ റൂമിൽ ചെന്നപ്പോൾ സുനിത ടീച്ചർ എന്നെയും കൂട്ടി ഒരാളെ കാണാൻ ചെന്നു..

പുള്ളി എന്തോ തിരയുകയാണ്..” മാഷേ.. ” സുനിത ടീച്ചറുടെ വിളി കേട്ടു തിരിഞ്ഞു നിന്ന് ഞങ്ങളെ നോക്കി..

“മാഷേ ഇതാണ് പുതിയ ടീച്ചർ….അഞ്ജലി “.

” ഹായ് അഞ്ജലി.. ഞാൻ ശ്രീകുമാർ.. “..

അഞ്ജലി ഞെട്ടലോടെ അയാളെ നോക്കി…

“എന്താ അഞ്ജലി.. താനെന്താ ആലോചിക്കുന്നേ..? “

“ഏയ്‌.. ഒന്നുല്ല.. മാഷിന് എന്നെ അറിയാമോ..?

“അതിപ്പോ… എവിടെയോ കണ്ടത് പോലുണ്ട്..”

“ഉം.. ഞാൻ മാഷ്ടെ ജൂനിയർ ആയിരുന്നു.. എം. ജി. കോളേജിൽ.. “

“ആഹാ.. അത് കൊള്ളാലോ.. ഇപ്പൊ മനസിലായി..കോളേജിലെ സാഹിത്യകാരി…അല്ലെടോ..? “

അഞ്ജലി ചിരിച്ചു..

അന്ന് രാത്രിയിൽ കിടന്നപ്പോൾ അഞ്ജലി യുടെ മനസ്സിൽ മുഴുവൻ ആ പഴയ
കോളേജ് ജീവിതം ആയിരുന്നു..

********************************

“ദേ.. അഞ്ജലി.. നോക്കിയേ നിന്റെ ശ്രീ വരുന്നു..”

“ഡീ കാവ്യ…ഒന്ന് പതുക്കെ….ആരെങ്കിലും കേട്ടാൽ.. ”

“ഓ.. പിന്നേ.. ” ഒന്ന് പോയേടി…

അഞ്ജലിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് കാവ്യ.. അഞ്ജലി യുടെ മനസ്സ് അറിയുന്ന കൂട്ടുകാരി..

‘ശ്രീ’… ‘ശ്രീകുമാർ..’ കോളേജിലെ പാട്ടുകാരൻ.. ഗ്ലാമർ താരം.. പഠിത്തത്തിലും കേമൻ..സ്മാർട്ട്‌ ബോയ്.. ഇങ്ങനെ പോകുന്നു വിശേഷങ്ങൾ…

അവന്റെ കടുത്ത ആരാധികയാണ് അഞ്ജലി..ആരാധനയ്ക്ക് അപ്പുറം അത് വളരുന്നുണ്ടോ എന്ന് കാവ്യയ്ക്കും സംശയമാണ്..

പക്ഷേ ഇതൊന്നും അവൻ അറിയുന്നില്ലല്ലോ എന്ന് കാവ്യ പറയുമ്പോൾ എല്ലാത്തിനും
ഒരു സമയം വരും എന്ന് അഞ്ജലി പറയും..

കോളേജ് ഡേയ്ക്കും മറ്റു പരിപാടികൾക്കുമെല്ലാം അവന്റെ പാട്ട് കേട്ടു ലയിച്ചിരിക്കുന്ന അഞ്ജലിയെ കാണുമ്പോൾ കാവ്യ കളിയാക്കി ചിരിക്കാറുണ്ട്..അവൾ ഒന്നും മിണ്ടാതെ പുഞ്ചിരിക്കും..

ഫൈനൽ ഇയർ എക്സാം അടുത്തു വരുന്നു…പഠനം ഈയിടെയായി കണക്കാണ്..

“അഞ്ജലി നീ എന്താ ആലോചിക്കുന്നേ ഇരുന്നു പഠിക്കു.. “

“ഡീ ഈ വർഷം കഴിഞ്ഞാൽ പിന്നെ ശ്രീയെ കാണാൻ പറ്റില്ലല്ലോ എന്നോർത്തതാ.. “

അതാണോ ഈ ചിന്തയുടെ പിന്നിൽ

“നീ ഒരു കാര്യം ചെയ്യൂ നാളെ തന്നെ അവനോട് കാര്യം പറ.. അതാ നല്ലത്.. “

“ഉം… “

അഞ്ജലി ഒന്നു മൂളിയിട്ട് ഉറങ്ങാൻ കിടന്നു.

ഹോസ്റ്റലിലും അവർ ഒരുമിച്ചാണ് കിടക്കാറ്..

പിറ്റേന്ന് ഇന്റർവെൽ സമയത്ത് കാവ്യയെ കണ്ടതേ ഇല്ല.”പുറത്തു പോയിട്ട് എന്താ അവൾ വരാത്തത്.. ഓ ദേ.. വരുന്നുണ്ട്..”

“ഡീ നീ എവിടെ പോയതാ..? “

“അതൊക്കെയുണ്ട് പറയാം, ലഞ്ച് ബ്രേക്ക്‌ ആവട്ടെ “.

ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു അവർ അവിടുള്ള മരച്ചുവട്ടിൽ ഇരുന്നു..

“ഡീ പറ.. “

“ഞാൻ പറയാം നീ എല്ലാം ക്ഷമയോടെ കേട്ടാൽ മതി. “

“ഉം.. ”

“ഞാനിന്ന് ഇന്റർവെൽ സമയത്ത് ലൈബ്രറിയിൽ പോയിരുന്നു. അപ്പൊ നിന്റെ ശ്രീ യെ കണ്ടു. കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു. മുൻപും ഞാൻ അവരെ കണ്ടിട്ടുണ്ട് ഒരുമിച്ച്. ഫ്രണ്ട്സ് ആണെന്ന് കരുതി.ഇന്ന് ഞാൻ അവരുടെ ക്ലാസ്സിലെ ഒരു പെണ്ണിനോട് ചോദിച്ചപ്പോ അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞു. കുറെ നാളായി പോലും… “.

മനസ്സിൽ കൂടുകൂട്ടിയ സ്വപ്‌നങ്ങൾ ഒറ്റ നിമിഷം കൊണ്ട് തകർന്നു പോകുന്നത് പോലെ അഞ്ജലിക്ക് തോന്നി..പിന്നീട് അവൾ ഒന്നും സംസാരിച്ചില്ല.. കണ്ണുകൾ നിറയുന്നത് കണ്ട് കാവ്യക്കും വിഷമമായി.

” ഡീ സാരമില്ല.. പോട്ടെ.. നിനക്ക് അവനെക്കാൾ നല്ല ചെക്കനെ കിട്ടും. നീ വിഷമിക്കല്ലേ.. നീ എന്റെ സുന്ദരിക്കുട്ടി യല്ലേ.. വാ നമുക്ക് ക്ലാസ്സിൽ പോകാം.. “

“ഞാൻ വരുന്നില്ല..നീ പൊയ്ക്കോ.. “

“വേണ്ട നിന്നെയും കൂട്ടിയെ ഞാൻ പോകൂ. “

” എനിക്ക് പറ്റില്ലെ ഡീ. ഞാൻ ഹോസ്റ്റലിൽ പൊയ്ക്കോട്ടേ. എനിക്ക് കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കണം.. “

“ഉം.. എന്നാ ശരി.. നീ ഇവിടെ ഒറ്റയ്ക്ക് ഇരിക്കേണ്ട.. ഹോസ്റ്റലിൽ പൊക്കോ.
ഞാൻ എന്തേലും പറഞ്ഞോളാം.. “

ഹോസ്റ്റലിൽ ഒറ്റയ്ക്കിരുന്ന് കുറേ നേരം കരഞ്ഞു..വൈകുന്നേരം വീട്ടിൽ നിന്നും അച്ഛന്റെ കാൾ..

” മോളെ.. മോൾടെ എക്സാം ഫീസ് അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് കേട്ടോ.

പിന്നെ മോൾക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ വാങ്ങിക്കോ ട്ടോ..നന്നായി പഠിക്കണം.. “

“ശരി അച്ഛാ.. ഞാൻ പഠിക്കുന്നുണ്ട്.. “

ഫോൺ വച്ചതിനു ശേഷം കുറെ നേരം കരഞ്ഞു. തന്റെ അച്ഛനും അമ്മയും തന്നിലാണ് പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്.

അവരുടെ ആ വിശ്വാസം തകരാൻ പാടില്ല.. ഇനി നല്ല കുട്ടിയായി പഠിക്കണം. വേറൊന്നും ആലോചിക്കാൻ പാടില്ല..

***********************

“മോളെ അഞ്ജു… എണീക്ക്.. ഇന്നെന്താ വൈകിയത്..? “

അഞ്ജലി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു..

“അത് അമ്മേ ഇന്നലെ കിടന്നപ്പോ പണ്ട് കോളേജിൽ പഠിച്ചിരുന്ന കാലത്തെ കാര്യങ്ങളൊക്കെ ഓർത്തുപോയി. അതാണ്.. എണീക്കാൻ വൈകിയത്

“സാരമില്ല നീ വേഗം കുളിയൊക്കെ കഴിഞ്ഞു റെഡി ആയിക്കോ. ചായയൊക്കെ എടുത്തു വച്ചിട്ടുണ്ട്. “

കോളേജിൽ സമയത്തു തന്നെ എത്തി.

ഇന്റർവെൽ സമയത്ത് ശ്രീകുമാർ മാഷ് അടുത്ത് വന്നിരുന്നു

“ആ.. അഞ്ജലി.. തന്റെ വിശേഷങ്ങൾ ഒന്നും ചോദിച്ചില്ല.. ഫാമിലി ഒക്കെ? ഭർത്താവ് കുട്ടികൾ ഒക്കെ? “

“എന്റെ മാര്യേജ് കഴിഞ്ഞില്ല മാഷേ..”

“ഇല്ലേ.. എന്തേ ഇങ്ങനെ ലേറ്റ് ആയത്? ജോലി കിട്ടിയിട്ട് മതി എന്ന് കരുതിയാണോ? “

“ഏയ്‌.. അതൊന്നും അല്ല മാഷേ.. “

“പിന്നെ.. പിന്നെന്താ? “

“അതൊക്കെ പറയാനാണെങ്കിൽ കുറെയുണ്ട് കാര്യങ്ങൾ..

പിന്നീട് വിശദമായി പറയാം. “

” ഓ.. ശരി.. തനിക്കു താല്പര്യമില്ലഎങ്കിൽ വേണ്ടാട്ടോ. “..

” ഏയ്‌ അതല്ല മാഷേ ഒരു ദിവസം എല്ലാം പറയാം.. സമയം കിട്ടുമ്പോ.. “

“എന്നാൽ ശരി. “

” അല്ല.. മാഷ്ടെ ഫാമിലി ഭാര്യ,..കുട്ടികൾ?? “

” അഞ്ജലി ബെൽ അടിച്ചു. ഇപ്പൊ എനിക്ക് ക്ലാസ്സ്‌ ഉണ്ട്…

സമയം കിട്ടുമ്പോ എന്റെ കാര്യവും പറയാം കേട്ടോ.. ” നമുക്ക് കാണാം..

“ഉം . ശരി മാഷേ “.

അഞ്ജലിക്ക് മാഷെന്തോ ഒഴിഞ്ഞു മാറിയതു പോലെ തോന്നി..

” എന്താ ടീച്ചറെ പഴയ സൗഹൃദം പുതുക്കുകയാണോ? ” സുനിത ടീച്ചറാണ്.

“ഏയ്‌.. ഞാൻ മാഷ്ടെ ഫാമിലിയെ പറ്റി ചോദിക്കുവായിരുന്നു…

“അപ്പൊ അതൊന്നും ടീച്ചർക്ക്‌ അറിയില്ലേ? “

“എന്താ ടീച്ചറെ? എനിക്കൊന്നും അറിയില്ല. “

“മാഷ് ഡിവോഴ്സ് ആയി. ഇപ്പൊ നാലഞ്ചു മാസമേ ആയുള്ളൂ.. ഒരു വർഷം മാത്രമേ അവർ ഒന്നിച്ചുണ്ടായിരുന്നുള്ളൂ..മാഷ് ഒരു പാവമാ.. അവൾ നേരെ മറിച്ചും.. എന്തു ചെയ്യാം.. ഓരോ വിധി..തലയിലെഴുത്ത് മാറ്റാൻ പറ്റില്ലല്ലോ.. “

അന്ന് രാത്രി മുഴുവൻ ശ്രീകുമാറിന്റെ ജീവിതത്തിൽ എന്തായിരിക്കും സംഭവിച്ചത് എന്നാലോചിച്ചു ഉറക്കം വന്നില്ല..നാളെ തന്നെ ചോദിച്ചാലോ..വല്ലാത്ത ഒരു വീർപ്പുമുട്ടൽ…

ഉറപ്പായിട്ടും നാളെ തന്നെ ചോദിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു അവൾ കിടന്നു..

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…