ഒരു പ്രണയവും മാനഹാനിയും എല്ലാം കൊണ്ട് മുറിവേറ്റ മനസാ അവളുടേത്… ഇനി എന്റെ ഇഷ്ടം അറിയിച്ചാൽ അമ്മയോടുള്ള അവളുടെ ബഹുമാനം പോലും പോവും…

പ്രണയ വർണ്ണന

എഴുത്ത്: മാനസ ഹൃദയ

“”എനിക്കിന്ന് നിങ്ങടെ കൂടെ കിടക്കണം ശ്രീയേട്ടാ…. “””

മുറി വാതിലിൽ ചാരി നിന്നുകൊണ്ടുള്ള വർണ്ണനയുടെ വാക്കുകളാൽ ഇടം പിടിച്ചു ലാപ്ടോപ്പിൽ തിരയുകയായിരുന്ന കണ്ണുകളിൽ അല്പം ആശ്ചര്യം നിറച്ചുകൊണ്ടവൻ അവളെ അടിമുടിയൊന്നു നോക്കി…. വർണ്ണന … ഈ ശ്രീഹരിയുടെ മാത്രം പെണ്ണ് …. അവളിൽ നിന്നും ഇങ്ങനൊരു ചോദ്യം … ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായി പോയി ……

“”ശ്രീയേട്ടൻ ഒന്നും പറഞ്ഞില്ല….ഇഷ്ടല്ലേൽ വേണ്ടാട്ടോ….. “””

പ്രതികരണം ലഭിച്ചില്ലെന്നോണം ഒരു നറു ചിരി തൂകിയവൾ പുറത്തേക്ക് ഇറങ്ങി…..അവൻ വീണ്ടും ലാപ്ടോപ്പിലേക്ക് മുഖം പൂഴ്ത്തിയെങ്കിലും മനസ്സിൽ മുഴുവൻ മറ്റെന്തൊക്കെയോ മാത്രമായിരുന്നു…. വർണ്ണന .. അവൾ മാത്രം…..ലാപ്ടോപ്പും ഒതുക്കി വച്ചു മുറിയിലെ ലൈറ്റ് അണച്ചു കൊണ്ടവൻ കിടക്കാൻ തുനിഞ്ഞതും അവൾ പറഞ്ഞ വാക്കുകൾ ഒന്നുകൂടി കാതുകളിൽ അലയടിച്ചു..

“”‘”എനിക്കിന്ന് നിങ്ങടെ കൂടെ കിടക്കണം ശ്രീയേട്ടാ….. “”

ഓർമകളിൽ അവളുടെ സ്വരം കേട്ടപ്പോൾ വാതിൽ തുറന്നു അപ്പുറത്തെ മുറിയിലേക്ക് നോക്കി….ഒന്നു ചുരുണ്ടു കൂടി കൊണ്ട് വർണ്ണന നല്ല ഉറക്കത്തിലായിരുന്നു….. പതിയെ അവളുടെ അടുത്തേക്ക് ചെന്നു മുടിയിഴകളിൽ തലോടി മെല്ലെയാ നെറ്റി തടത്തിൽ ഉമ്മ വച്ചു….പെണ്ണ് ഉറക്കത്തിൽ മെല്ലെ ഒന്ന് ചിണുങ്ങി…. പിന്നെ അവൾ കാണാതെ കട്ടിലിനിടയിലേക്ക് മാറി ഒളിച്ചു…. അവൾക്കറിയില്ല… പതിവായി ശ്രീ ഇങ്ങനൊരു സമ്മാനം നൽകുന്ന കാര്യം… ഉണർന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും മെല്ലെ എഴുന്നേറ്റിരുന്നു കട്ടിയുള്ള അവളുടെ ആ പുരികങ്ങൾക്ക് നടുവിലൂടെ വിരൽ ഓടിച്ചു….

“””എന്താ ഇപ്പോ എന്റെ പെണ്ണിന് ഇങ്ങനൊരു പൂതി… ശ്രീയേട്ടന്റെ കൂടെ കിടക്കാൻ.. “”

ചെറിയൊരു മന്ദഹാസത്താൽ അവൻ ഉറങ്ങിക്കിടക്കുന്ന അവളോടായി മെല്ലെ ചോദിച്ചു…… പിന്നെ വീണ്ടും നെറ്റി തടത്തിൽ ഉമ്മ നൽകികൊണ്ട് വാതിൽ അടച്ചു മുറി വിട്ടിറങ്ങി…..

സ്നേഹം പ്രതിഫലിപ്പിക്കാതെ ഉള്ള അവന്റെ ആ കരുതൽ എന്നും ഉണ്ടായിരുന്നു .. പക്ഷെ അവളെ സ്വന്തമാക്കാൻ അല്ലെങ്കിൽ ഇഷ്ടം പ്രകടിപ്പിക്കുവാൻ അവൻ മുതിർന്നില്ല …

ഇതിപ്പോ വർണ്ണനയുടെ ആവശ്യങ്ങൾ കൂടി വരികയാണ്… രണ്ട് ദിവസം മുന്നേ ചോദിച്ചത്.. ഒരുരുള ചോറ് വായിൽ വച്ചു തരുമോ എന്നായിരുന്നു…. അന്നും മൗനമായിരുന്നു തന്റെ മറുപടി… ഒരു നാൾ തന്നെ പേടിയായിരുന്നവൾക്ക് ഇന്ന് ഒട്ടും ഭയമില്ല ചോദിക്കുവാനും പറയുവാനും ഒന്നും…..നല്ലതാണ്… അവളിൽ കാണുന്ന ഈ മാറ്റങ്ങളൊക്കെയും…. പക്ഷെ…. മനസ്സ് നിന്റെ മുന്നിൽ തോൽക്കുന്നില്ല വർണ്ണന … …നിന്നെ സ്നേഹിക്കാൻ അല്ലെങ്കിൽ എന്റെ സ്നേഹം നിന്നോട് പ്രകടിപ്പിക്കുവാൻ എനിക്കാവുന്നില്ല… നീ ഉറങ്ങുമ്പോഴല്ലാതെ… നിന്നോട് മിണ്ടുവാൻ തോന്നുന്നില്ല……

പിന്നൊരു നാളിൽ വീണ്ടുമവൾ ഒരുരുളയ്ക്കായി അവനോട് ചോദിച്ചു… അന്നു പക്ഷെ മൗനമായി നിന്നില്ല അവൻ….ഒരുരുള ചോറ് ആ വായിൽ വച്ചു കൊടുത്തു….. കണ്ണീർ അപ്പോൾ പൊഴിയുന്നുണ്ടായിരുന്നു….

”””””വർണ്ണന.. .. നിനക്ക് തുടർന്നു പഠിച്ചുടെ… “””

മൗനമായിരുന്നു അവളുടെ മറുപടി….നുരഞ്ഞു വന്ന സങ്കടത്താൽ ആ ഉരുള ചോറ് അവളുടെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു…. എന്തോ ഓർത്തെന്ന പോലെ ആ കണ്ണുകളിൽ കടും ചുവപ്പ് നിറം പടർന്നിരുന്നു.

ചോദിക്കേണ്ടെന്ന് തോന്നി അവനു….ഭ്രാന്താശുപത്രിയിൽ നിന്നും അവളെ മാത്രം വീട്ടിലേക്ക് കൂട്ടിയതാണ്… അവളെ അങ്ങനെ ചങ്ങലയിൽ തളച്ചിടുന്നത് കാണാൻ വയ്യാത്തത് കൊണ്ട്….എന്തോ ഒരാത്മ ബന്ധം ആ പെണ്ണിനോട്‌ എന്റെ അമ്മയ്ക്ക് തോന്നിയത് കൊണ്ട്

“”” രണ്ടീസം കഴിഞ്ഞാൽ ഏട്ടൻ വരും കൊണ്ടോകാൻ…..അപ്പോ പോകും ഞാൻ….. “”

കണ്ണീർ തുടച്ചു മാറ്റി അവനെ നോക്കികൊണ്ടവൾ പറഞ്ഞു…

പോവേണ്ടന്നു പറയണംന്നു തോന്നിയെങ്കിലും ശ്രീ അതിനെ കുറിച്ച് ഒന്നും മിണ്ടിയില്ല…

“”മ്മ്മ്മ്… ബാക്കി കൂടി കഴിച്ചിട്ട് എണീറ്റാൽ മതി…. അമ്മ നിന്നെ തിരക്കിയിരുന്നു…. “

അതും പറഞ്ഞവൻ എഴുന്നേറ്റു… അവളുടെ ഈ മൂകത മാറിയാൽ തിരിച്ചേൽപ്പിക്കാം എന്ന ഒറ്റ വാക്കിലാണ് വർണ്ണനയെ ഇവിടെ കൊണ്ട് വന്നത്…. അവളുടെ ഏട്ടന് ശ്രീയുടെ അമ്മ നൽകിയ വാഗ്ദാനം.

പിന്നെ എപ്പോഴോ അവൾ അവളെ തന്നെ സ്വയം തിരിച്ചറിയുവാൻ തുടങ്ങി…ഭ്രാന്തൻ ചിന്തകൾ പതിയെ ഒഴിഞ്ഞു മാറി പുതിയ വർണ്ണനയായി ചുവടു വച്ചു

ഭക്ഷണം കഴിച്ചു കൈ കഴുകിയ ശേഷം വർണ്ണന സുജാതയുടെ അടുത്തേക്കായി ചെന്നു…… പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്ന അവരെ ഒന്ന് നോക്കി.

“”‘ഡോക്ടറമ്മേ….ഞാൻ നാളെ പോകും… ഇടയ്ക്ക് വരാട്ടോ കാണാൻ….. “

വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ച് അടുത്തേക്ക് ചെല്ലാൻ സുജാത അവളോട് കണ്ണുകൾ കാട്ടി…. നിലത്തിരുന്നു കൊണ്ടവൾ വെറുതെ ആ കൈകളിൽ പിടിച്ചു….

“””സ്വയം ഉയിർത്തെഴുന്നേറ്റതാണ് ഞാൻ…ഈ ലോകത്ത് ആരെയും വിശ്വാസം ഇല്ലാത്തൊരു കാലം ഉണ്ടായിരുന്നു എനിക്ക്….ഭ്രാന്ത് മൂത്തപ്പോൾ അമ്മയെ ഒരുപാട് നോവിച്ചിട്ടുണ്ട്… പക്ഷെ ഒരുനാൾ ഈ അമ്മയുടെയും മകന്റെയും സ്നേഹം ആവോളം ആസ്വദിച്ചിട്ടുമുണ്ട് . .അമ്മയില്ലാത്ത എനിക്ക് ഒരമ്മയെ കിട്ടി…. ഈ ഭ്രാന്തിയായിരുന്നവളെ കൂടെ കൂട്ടിയതിനു…..എല്ലാത്തിൽ നിന്നും മോചനം തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല… വരും… ഇടയ്ക്ക് ഈ അമ്മയെ കാണാൻ…. “”

“”മ്മ്……. “”

സ്നേഹപൂർവമവർ അവളുടെ തലയിലൂടെ വിരൽ ഓടിച്ചു…. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.. മെല്ലെയാ മടിയിലേക്ക് ഒന്നുകൂടി ചാരി….പെറ്റമ്മയല്ലെങ്കിലും അമ്മ എന്താണെന്ന് തൊട്ടറിഞ്ഞ സന്തോഷത്തിൽ…..

അന്ന് രാത്രിയിലും അവൾ ശ്രീയോടായി കൂടെ കിടക്കുവാനുള്ള അനുവാദം ചോദിച്ചു….. അന്നും അവൻ ഉത്തരം നൽകിയില്ല….. പക്ഷെ നാളെ ആ വീട് വിട്ട് അവൾ ഇറങ്ങുന്നതിന്റെ നിരാശ ശ്രീയുടെ ഉള്ളിൽ തളം കെട്ടിയിരുന്നു…. ഒരുപാട് തിരിഞ്ഞും മറിഞ്ഞും കിടന്നു…. വർണനയെ പരിചയപെട്ട നാളുകൾ കണ്ണിലെ ചിത്രങ്ങളായി തെളിയുവാൻ തുടങ്ങി.

അവളെ മാത്രം മതിയെന്ന് പറഞ്ഞു വാശി പിടിച്ചൊരു ചെക്കൻ ഉണ്ടായിരുന്നു വർണനയ്ക്ക്… സിദ്ധാർഥ്….. അവളുടെ കൂടെ പഠിച്ചിരുന്ന പയ്യൻ. ആ കോളേജിലെ എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും ഓടി നടക്കുന്ന ഒരുത്തൻ. … പ്രണയ നിമിഷങ്ങളും അവൾ അവനോടൊപ്പം ആ മൂന്ന് വർഷം ആസ്വദിച്ചു ….. അന്നൊരു ദിവസം കോളേജു വിട്ടതിനു ശേഷം അവനെയും കാത്തു ക്ലാസിൽ തന്നെ നിൽക്കുകയായിരുന്നു വർണ്ണന …ആ കാത്തിരിപ്പും ഓരോ തിരക്കുകൾ കഴിഞ്ഞ് അവളോട് വൈകുന്നേരം സംസാരിക്കുവാൻ വരുന്നതുമൊക്കെ പതിവ് കാര്യങ്ങളായിരുന്നു.

പക്ഷെ ആ ഒരു ദിവസം….. കാര്യങ്ങൾ മാറി… സിദ്ധാർത്ഥിന് മുന്നേ അവിടെ എത്തിപെട്ടത് കള്ളും കഞ്ചാവും അടിച്ചു നടക്കുന്ന സീനിയർ പിള്ളേർ ആയിരുന്നു… അവർ അവളെ കടന്നു പിടിച്ചു… . ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ ഷാൾ അവളുടെ വായിൽ തിരുകി .. ആ പെണ്ണുടലിനെ മുറിവേൽപ്പിച്ചു… സിദ്ധാർഥ് തേടി വന്നപ്പോഴേക്കും കണ്ടത് ബോധം പോയിരിക്കുന്ന വര്ണനയെയായിരുന്നു… നഗ്നമായ ദേഹം അവൻ പുതപ്പിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴേക്കും അവളെ നശിപ്പിച്ചവർ തന്നെ ക്ലാസ് മുറിയിൽ കയറി സിദ്ധാർഥ് ആണ് എല്ലാം ചെയ്തതെന്ന് വരുത്തി തീർത്തു….ജീവന് വേണ്ടി വർണ്ണന മല്ലടിക്കുമ്പോഴേക്കും മറു വശത്തു സിദ്ധാർഥ്ന്റെ ആത്മഹത്യ നടന്നിരുന്നു…. എല്ലാം മനസിന്‌ താങ്ങുവാൻ പറ്റാതെ വന്നപ്പോൾ അവൾക്ക് സമനില തെറ്റി…..

കേസും വാർത്തയും അവൾക്ക് നീതി വേണംന്നൊക്കെ ആ ഒരു കാലത്തെ വാർത്തയായി….കുറച്ചു കാലത്തെ ശിക്ഷയ്ക്ക് ശേഷം പ്രതികളെ വെറുതെ വിട്ടു…പക്ഷെ രണ്ട് വർഷത്തോളം ഭ്രാന്താശുപത്രിയിലെ ഷോക്കും ട്രീറ്റ്മെന്റുമായി അവൾ തളർന്നു… അവളുടെ ഏട്ടനെ പോലും പേടിയായി തുടങ്ങി.. പിന്നീടാണ് അമ്മ ഹോസ്പിറ്റലിൽ നിന്നും അവളെ ഈ വീട്ടിലേക്ക് കൊണ്ട് വന്നത്… മൂന്ന് വർഷമായുള്ള സ്നേഹത്തോടെയുള്ള അമ്മയുടെ പരിചരണം അവളെ മാറ്റിയെടുത്തു എന്ന് പറയാം….. പിന്നെ ഇടയ്ക്കിടെ അവളോട് ഞാനും സംസാരിക്കാറുണ്ടായിരുന്നു… ഈയിടെയായി നേരെ നോക്കികൊണ്ടുള്ള സംസാരവും വിരളമാണ്. പക്ഷെ കൂടെ കിടന്നോട്ടെ എന്നവൾ ചോദിക്കുന്നതിന്റെ പൊരുൾ മാത്രം പിടികിട്ടുന്നില്ല.. എങ്കിലും നാളെയവൾ പോവുമെന്നറിഞ്ഞപ്പോൾ മുതൽ ഒരു വിങ്ങൽ….

മെല്ലെ ഓരോന്ന് അവൻ പുലമ്പുവാൻ തുടങ്ങി.

അവളെ നാളെ കൊണ്ട് പോകാൻ വരുമ്പോൾ പിടിച്ചു വയ്ക്കാൻ ഞാൻ ആരും അല്ലല്ലോ…. എനിക്കവളോട് എന്താ… ഒന്നുമില്ല…..അമ്മ കൊണ്ട് വന്നൊരു രോഗി… . എന്നോട് ഇടയ്ക്കവൾ മിണ്ടീമ് പറഞ്ഞെന്നും വച്ചു പോവേണ്ടന്നു പറഞ്ഞു പിടിച്ചു വെയ്ക്കാൻ പറ്റുവോ… ഒരു പ്രണയവും.. മാനഹാനിയും എല്ലാം കൊണ്ട് മുറിവേറ്റ മനസാ അവളുടേത്… ഇനി എന്റെ ഇഷ്ടം അറിയിച്ചാൽ അമ്മയോടുള്ള അവളുടെ ബഹുമാനം പോലും പോവും… വേണ്ടാ…. പോട്ടെ… എല്ലാം മറന്ന് ജീവിക്കട്ടെ…അന്ന് രാത്രിയിൽ അവൻ അവളെ പോയി നോക്കിയില്ല..പതിവായി നൽകാറുള്ള പുണരലും.. കുറച്ചു നേരം അവളെ ചേർത്ത് പിടിച്ചുള്ള ഉറക്കവും… ഒന്നും പഴേ പോലെ ചെയ്തില്ല…കണ്ണുകളിൽ . ഇരുൾ മൂടുന്നത് വരെയും വർണനയുടെ ഓർമ്മകൾ മാത്രമായിരുന്നു ശ്രീയുടെ മനസ്സിൽ….

പിറ്റേന്ന് രാവിലെ വർണനയെ കൊണ്ടുപോവാൻ അവളുടെ ഏട്ടൻ വന്നു… അവളുടെ സന്തോഷം അതിരു കടന്നിരിക്കുന്നതായി അപ്പോൾ ശ്രീക്ക് തോന്നി…. സുജാതയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

“”നിന്റെ പെങ്ങളെ ഞാൻ പറഞ്ഞത് പോലെ തിരിച്ചു തന്നിരിക്ക്യ…. ഇടയ്ക്ക് ഇവിടേക്ക് വരണം…. ഇനി ഇവൾ ഇല്ലാതെ പറ്റുവൊന്ന് … അറിയില്ല… ഒരു മോളെ കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്… നല്ലതേ വരു..”.

വർണ്ണന ഒരു ചിരി തൂകി…. പിന്നെ ശ്രീയെ നോക്കി… അവൻ അതേ പോലെ തന്നെയുണ്ട്…

“‘അല്ലെങ്കിലും അയാൾക് ഞാൻ ആരാ… ആരും അല്ലല്ലോ.. അമ്മ കൂടെ കൊണ്ട് വന്ന ഒരു രോഗി… മിണ്ടിയതും പറഞ്ഞതുമൊക്കെ ഈ ഭ്രാന്തിയെ മാറ്റി എടുക്കുവാൻ ആയിരിക്കും….. ന്നാലും വീണ്ടും വരണംന്നോ… എന്നോട് പോവേണ്ട ന്നോ എന്തേലും ഒന്ന് ഇയാൾക്ക് പറഞ്ഞൂടെ…. വേണ്ട… അര്ഹിക്കാത്തതാ… ഈ എല്ലാം നശിപ്പിക്കപ്പെട്ടവൾക്ക് ഇനി ജീവിതം ഇല്ലല്ലോ… ആരു സ്വീകരിക്കാൻ… ഇത് വരെയും തന്നെ സ്നേഹത്തിനു നന്ദി പറയുകയല്ലേ വേണ്ടേ….. “”(ആത്മ )

അവനോട് ഒന്ന് ചിരിച്ചെന്നു വരുത്തി കൊണ്ട് അവൾ കാറിൽ കയറി… എങ്കിലും പോവരുതെന്ന് പറഞ്ഞെങ്കിൽ എന്നവസാനമായി ആശിച്ചു…..അന്ന് ശ്രീ അമ്മയോട് ഒന്നും മിണ്ടിയില്ല… കസേരയിൽ തല ചായ്ച്ചു കൊണ്ട് വെറുതെ അങ്ങനെ കിടന്നു….. രണ്ട് ദിവസം രണ്ടു പേരും പിടിച്ചു നിന്നു…പക്ഷെ അവളുടെ സാമീപ്യമില്ലാത്ത ദിവസങ്ങൾ ദുഃഖം പൊഴിക്കുന്നതായി അവർക്ക് തോന്നി.

“”മോനെ….. ആ കുട്ടി പോയപ്പോൾ ഒരു വിഷമം പോലെ….നീ അതിനെ ഒന്ന് വിളിച്ചു നോക്കിയേ…… “”

ശ്രീയോട് സുജാത അങ്ങനെ പറഞ്ഞപ്പോൾ ഒരാവേശം അവനു തോന്നിയെങ്കിലും അവൻ എതിർത്തു.

“”വേണ്ടാ… കുറെ കാലത്തിനു ശേഷം അവളുടെ വീട്ടിലേക്ക് പോയതാ… ഞങ്ങൾ ആരാ അവളുടെ… ആരും അല്ലല്ലോ.. അവൾക്ക് സ്വന്തമായി ആൾക്കാറില്ലേ.. പിന്നെന്തിനു വിളിക്കണം…അവിടെ ജീവിക്കട്ടെ “”

“”അമ്മ ഒരു കാര്യം ചോദിച്ചോട്ടെ…. മോനു ആ കുട്ടിയെ ഇഷ്ടാണോ… നിന്റെ പെണ്ണായി സ്വീകരിക്കുവോ… “”

കേൾക്കാനാഗ്രഹിച്ച കാര്യമെന്നപോലെ അവൻ സന്തോഷത്തിലൊന്ന് ഞെട്ടി… അല്പനേരം മൗനമായിരുന്നു…മറുപടിയൊന്നുമില്ലാഞ്ഞു സുജാത പോകാൻ തുനിഞ്ഞതും അവനാ കൈ തണ്ടയിൽ പിടിച്ചു….

“””എനിക്കൊരുപാട് ഇഷ്ടമാണമ്മേ അവളെ….പക്ഷെ… അവൾക്കങ്ങനെയൊന്നും ഇല്ലാ… ഞാൻ തുറന്നു പറയാഞ്ഞിട്ടാ ഒന്നും.. അവളെ പ്രണയിച്ചാൽ അമ്മയ്ക്കല്ലേ അതിന്റെ മോശം… അമ്മ കൊണ്ടുവന്നവളെ ഞാൻ അങ്ങനൊരു കണ്ണുകളിലൂടെ നോക്കിയാൽ അവളുടെ ഏട്ടൻ എന്ത് കരുതും.. അമ്മയെ വിശ്വസിച്ചു ഏല്പിച്ചതല്ലേ….. എന്നാലും ഒത്തിരി ഇഷ്ടാണ് അവളെ… “””””

മുഖത്തു വലിയ ഭാവമാറ്റമൊന്നും അവർക്ക് തോന്നിയില്ല… ചിലപ്പോൾ അവന്റെ മനസ് സുജാത മനസിലാക്കിയിരിക്കണം…..

“”അവളെ കൊണ്ട് വരാം…. “”

സുജാത പിറ്റേന്ന് തന്നെ അവളെ കാണുവാൻ ചെന്നു….വർണനയോട് ശ്രീക്കുള്ള ഇഷ്ടം അവളുടെ വീട്ടുകാരെ അറിയിച്ചു….. സന്തോഷമായതല്ലാതെ അവർ എതിർത്തില്ല….

പക്ഷെ വർണ്ണന അവനെ വേണ്ടെന്ന് പറഞ്ഞു…..വിവാഹത്തെ എതിർത്തു…

“”നിന്നെ പോലൊരു മോളെ എനിക്ക് വേണം… എന്റെ മോനും…. അവനു അത്രയ്ക്കിഷ്ടാണ്… ന്നോട് മറ്റൊന്നിനും അവൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല..ഈ മോൾക്ക് വേണ്ടിയല്ലാതെ… മോൾ സമ്മതിക്കണം….. “””

അമ്മയുടെ കണ്ണീർ മാത്രം അവൾക്ക് സഹിച്ചില്ല…. തന്നെ മാറ്റിയെടുത്ത സ്ത്രീയുടെ മനസാണ് ഇപ്പോ വിങ്ങുന്നത് .. തനിക്ക് വേണ്ടി കേഴുന്നത്…. പാടില്ല…വിഷമിപ്പിക്കരുത്…. ഒരുപക്ഷെ ആ വീട് വിട്ട് ഇറങ്ങുവാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല… പിന്നെന്തിനു ഈ ഒരവസരത്തെ തട്ടി മാറ്റണം..പാതി മനസാൽ അവൾ സമ്മതം മൂളി. ചെറിയ ചടങ്ങോടെ അവരുടെ വിവാഹം കഴിഞ്ഞു…. ആളും ബഹളവും ഒഴിഞ്ഞു വർണനയോടായി സംസാരിക്കുമ്പോൾ ആകാംഷയോടെ അവൻ ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ….

“” വർണനേ …. നീ എന്തിനാ എന്റെ കൂടെ കിടന്നോട്ടെ എന്നു ചോദിക്കുന്നെ… “”

അവൾ മെല്ലെ അവന്റെ കണ്ണുകളിലേക്ക് നോക്കി…..

“”പ്രതീക്ഷിച്ച ചോദ്യം… അതിനു ഒരൊറ്റ ഉത്തരമേ ഉള്ളു ശ്രീയേട്ടാ…. നിങ്ങൾ എന്നെ ചുറ്റി പിടിച്ചു ഇടയ്ക്കിടെ കിടക്കുന്നത് അറിയാവുന്നത് കൊണ്ട് …കാമത്തോടെയുള്ള ഒരു കണ്ണുകളും അപ്പോൾ ഞാൻ ഇയാളിൽ കാണാറില്ലായിരുന്നു… ഒരു കരുതൽ… നേർത്ത ചുംബനം… അതൊക്കെ…. തന്നെയാ എന്നെ മാറ്റി എടുത്തത്…ഞാൻ ഉറങ്ങിയെന്നു ഉറപ്പായ ശേഷമുള്ള നിങ്ങളുടെ സ്നേഹം… ന്നാൽ രാവിലെ കാണിക്കുന്ന ഒരു തരം കർക്കശ ഭാവം.. എന്നും ഇത് പോലെ കൂടെ ഉണ്ടായിരുന്നെങ്കിൽ എനിക്കൊരു താങ്ങായേനെ എന്നാഗ്രഹിച്ചു പോയി… അന്ന് ഈ വീട് വിട്ടു പോവുമ്പോഴും എന്നെ തിരികെ വിളിച്ചെങ്കിൽ എന്നാശിച്ചിരുന്നു…പ്രണയമല്ല.. പക്ഷെ അകലാൻ പറ്റാത്ത ഒന്ന്…… “””

“”വർണനാ…..എനിക്ക് പക്ഷെ നിന്നോട് പ്രണയമായിരുന്നു…. നീ എന്ന ഭ്രാന്തി പെണ്ണ് ഇവിടെ കയറി വന്നപ്പോൾ മുതൽ.. ഇപ്പൊ വരെ….ആദ്യമായി നിന്നോട് ഇടപെടുമ്പോൾ ഇഷ്ടമല്ലാതെ അലറുവായിരുന്നു നീയ്യ്… പതിയെ പതിയെ നീ എന്നെ അകറ്റി മാറ്റതിരുന്നു…എന്നോട് സ്നേഹം മാത്രമായി….നീ എന്നെ തിരിച്ചു സ്നേഹിക്കുവാൻ തുടങ്ങിയത് മുതൽ ന്റെ ഇഷ്ടം പ്രകടിപ്പിക്കുവാൻ തോന്നിയില്ല…..പക്ഷെ ഇനിയങ്ങനെ അല്ല… എനിക്ക് ഇരട്ടിയായി പ്രണയിക്കണം നിന്നെ…..ഭൂതകാലമൊന്നും നിന്റെ മനസ്സിൽ ഇനി സ്ഥാനം പിടിപ്പിക്കാതെ….ഈ ശ്രീയുടെ മാത്രം വർണ്ണനയായി……. അവൻ അവളെ ചേർത്തണയ്ക്കാൻ ശ്രമിച്ചു.. പക്ഷെ വർണ്ണന തട്ടി മാറ്റി.

“””””” എനിക്കറിയില്ല…. പ്രണയിക്കാൻ മാത്രം അർഹത എനിക്കില്ല… ചീത്തയായൊരു പെൺ ശരീരം…. ഈ അമ്മയെയും മകനെയും ഇനിയും കൂടെ വേണംന്നെ ആഗ്രഹിച്ചിട്ടുള്ളു… കൂടെ കിടക്കുവാൻ ആഗ്രഹിച്ചതും മറ്റൊരു കണ്ണുകളിലൂടെയല്ല…..ഞാൻ പറഞ്ഞില്ലേ അതിന്റെ കാരണമൊക്കെ…പക്ഷെ നിങ്ങളെ എനിക്കു ഇഷ്ടവും ആണ്.. എന്റെ മനസിനെ തന്നെ ഞാൻ പല തവണ പഴി ചാരിയിട്ടുണ്ട്… ഉള്ളിൽ നിങ്ങളോടുള്ള ഭ്രാന്ത് പൂക്കുമ്പോൾ…. “””””””

അവളുടെ മനസിന്റെ താളം എന്താണെന്ന് ശ്രീക്ക് അപ്പോൾ തന്നെ പിടികിട്ടി…

“”””നിനക്കെന്നെ ഇഷ്ടമാണ്….. പക്ഷെ എന്തോ ഒന്ന് നിന്നെ അകറ്റുന്നു…. ഭൂതകാല ഓർമ്മകളാവാം…. അതിനെ മറന്നു കൂടെ സ്നേഹിക്കാൻ ഇപ്പോ ഞാൻ ഉണ്ട്… നിന്നെ സ്വന്തം മോൾ ആയി സ്വീകരിക്കുന്ന എന്റെ അമ്മയുണ്ട്… നിന്നെ നശിപ്പിച്ചു കടന്നവർ ഇന്നും സമൂഹത്തിൽ തലയുയർത്തി നടക്കുന്നുണ്ടെങ്കിൽ….. നിനക്കെന്ത് കൊണ്ട് ആയിക്കൂടാ… അവരെക്കാൾ നന്നായി … കുടുംബമായി ജീവിക്കണം….സമൂഹത്തിൽ വർണ്ണനയ്ക്ക് ഒരു സ്ഥാനം സൃഷ്ടിക്കണം.. അവിടെയാണ് വർണ്ണന നിന്റെ വിജയം… കൂടെ ഞാനുണ്ട്. “”

അവന്റെ വാക്കുകളെ ഉറ്റുനോക്കുമ്പോൾ അവളിലെ ആത്മവിശ്വാസം ഒന്ന് കൂടി… മെല്ലെയ നെറ്റി തടത്തിൽ അവൾ ഉമ്മ വച്ചു….

“”എന്നെ അത്രയ്ക്കിഷ്ടാണോ ഇയാൾക്ക്.””

”’മ്മ്മ്…. ഒരുപാട് “”””

സ്നേഹം നിറഞ്ഞ ആ മറുപടിയിൽ അവൾ അവനെ ഇറുകെ പുണർന്നു….വാചകങ്ങളെക്കാളുപരി മനസിന്റെ കോണിൽ പൂക്കുന്നൊരു പ്രണയമുണ്ട്…. അവിടെ ആ സ്ഥാനം ഈ ശ്രീഹരിക്കും വർണ്ണനയ്ക്കും മാത്രമാണ്…. അറിയിക്കാതെ പ്രണയിച്ചു സ്വന്തമാക്കിയവന്റെ ആഹ്ലാദം….