കൂർത്തൊരു നോട്ടവുമായി അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ പടിയിറങ്ങി നടക്കുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയാരുന്നു താൻ…

അനിയത്തി

Story written by DHANYA SHAMJITH

“എനിക്ക് വേറൊന്നും വേണ്ട,,ന്റ ഏട്ടൻ ആദ്യായി തന്ന ഇത് മാത്രം മതി… മറ്റെ ന്തിനേക്കാളും നിയ്ക്ക് വില ഇതിന് മാത്രാ…..”

പഴയൊരു തുണി നെഞ്ചോട് ചേർത്ത് അവളത് പറയുമ്പോൾ എന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീര് ഒഴുകിയിറങ്ങി, അത് പക്ഷേ സന്തോഷം കൊണ്ടായിരുന്നില്ല മറിച്ച് പശ്ചാത്താപം കൊണ്ടായിരുന്നു.ഇത്രയും നാൾ അവളെയൊരു ശത്രുവായി കണ്ടതിന്റെ,, ഇത്രയും നാൾ അവളെ സ്നേഹിക്കാതിരുന്നതിന്റെ, ഇത്രയും നാൾ അവളെ സംരക്ഷിക്കാതിരുന്നതിന്റെ….

അമ്മ മരിച്ചപ്പോൾ തനിക്കത് വല്ലാത്തൊരു ശൂന്യതയായിരുന്നു, വെറുപ്പ് തോന്നിയിരുന്നു അച്ഛനെന്നയാളോടും,, കാരണം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതെ കുടുംബഭാരമെല്ലാം അമ്മയിൽ ഏൽപ്പിച്ച് സമയാസമയം തിന്നു കുടിച്ച് നടക്കുന്ന അയാളെ അച്ഛനെന്ന് പറയാൻ പോലും ദേഷ്യമായിരുന്നു….

അന്നന്നത്തെ ആഹാരത്തിന് വേണ്ടി വീടുതോറും കയറിയിറങ്ങി പാത്രം കഴുകിയും അടുക്കളപ്പണിയെടുത്തും നെട്ടോട്ടമോടി, അച്ഛന് ഭക്ഷണം വിളമ്പുന്ന അമ്മ മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ… അസുഖത്തെ പോലും മറന്നുള്ള ആ ഓട്ടം ഒടുവിൽ പറമ്പിലെ ആറടി മണ്ണിൽ തീർന്നപ്പോൾ നഷ്ടം തനിക്ക് മാത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ആറു മാസം തികയും മുൻപേ മറ്റൊരു സ്ത്രീയുമായി വന്ന അച്ഛനെ കണ്ടപ്പോളാണ്… അന്നുതൊട്ട് എന്റെ സ്ഥാനം വീടിനു പിറകിലെ ചായ്പ്പിലായി,, ഞാൻ സ്വയം മാറി കൊടുക്കുകയായിരുന്നു. അമ്മയുടെ പകരക്കാരിയായി മറ്റൊരാളെ കാണാൻ കഴിയാത്തതുകൊണ്ട് തന്നെ…

പലപ്പോഴും അവരുടെ വിളികളും നോട്ടങ്ങളും കേട്ടു പഴകിയ രണ്ടാനമ്മമാരിൽ നിന്ന് വ്യത്യസ്തമായിരുന്നു…അമ്മയെപ്പോലെ തന്നെ അവരും കൂലിവേല ചെയ്ത് കുടുംബം പോറ്റുന്നത് കണ്ടിട്ടും ഒഴിഞ്ഞു മാറുകയായിരുന്നു.. അവരുണ്ടാക്കി വയ്ക്കുന്ന ഭക്ഷണം എന്നും എന്റെ മുറിയുടെ മേശയിൽ അടഞ്ഞുതന്നെയിരുന്നു.
ഒരിക്കൽപ്പോലും അതൊന്ന് തുറന്നു നോക്കാൻ പോലും ഞാൻ തയ്യാറായില്ല, അതറിഞ്ഞിട്ടും പിന്നേയും അടഞ്ഞ പാത്രങ്ങൾ മേശയിൽ പതിവ് കാഴ്ചയായി..

ഒരിക്കലവരുടെ ഉറക്കെയുള്ള നിലവിളി കേട്ടിട്ടും ഉറക്കം നടിച്ച് കിടക്കാനായിരുന്നു തോന്നിയത്.ആരൊക്കെയോ ഓടിക്കൂടി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ചായ്പ്പിലെ പഴുതിലൂടെ കണ്ടത് അവരുടെ കാലിലൂടെ അരിച്ചൊഴുകുന്ന ചോരത്തുള്ളികളായിരുന്നു.. ദിവസങ്ങൾക്കു ശേഷം കയ്യിലൊരു ചോരക്കുഞ്ഞുമായി വീട്ടിലേക്ക് കയറി വന്ന അവർ എന്നെ കണ്ടതും കുഞ്ഞിനെ നീട്ടി പറയുന്നുണ്ടായിരുന്നു..

”ദേ വാവമോൾടെ കുഞ്ഞേട്ടൻ”……..

കൂർത്തൊരു നോട്ടവുമായി അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ പടിയിറങ്ങി നടക്കുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയാരുന്നു താൻ…ഇപ്രായത്തിലൊരു കൂടപ്പിറപ്പ്….. നാട്ടുകാരുടെ കളിയാക്കലുകൾ കേട്ട് വെറുക്കുകയായിരുന്നു ഓരോ നിമിഷവും..

അവളുടെ ഓരോ ചുവടുകളും തന്റെ കൺമുന്നിലൂടെയായിരുന്നിട്ടും കണ്ട ഭാവം നടിച്ചില്ല….പലവട്ടം വീണുരുണ്ടും, ചോര വാർത്തും അവൾ തന്നെ നോക്കി കിടന്ന് കരയുമ്പോഴും കാണാത്ത പോലെ കയറിപ്പോവുകയായിരുന്നു…തന്നെ കാണുമ്പോൾ ഓടിയെത്തി കെട്ടിപ്പിടിച്ച അവളെ കുടഞ്ഞെറിഞ്ഞിട്ടും, “ഞ്ഞേട്ടാ…. ” എന്ന് വിളിച്ചു കൊണ്ട് മുറിയ്ക്കു മുന്നിലെത്തുന്ന അവൾക്കു മുന്നിൽ വാതിൽ കൊട്ടി അടച്ചിട്ടും അവരൊരക്ഷരം പോലും പറഞ്ഞിരുന്നില്ല…

സ്വയം അധ്വാനിച്ച് കീശ നിറയ്ക്കുമ്പോഴും, ഓരോ ആഴ്ചയിലും പുതിയ പുതിയ ഡ്രസ്സുകൾ വാങ്ങിക്കൂട്ടുമ്പോഴും, ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കൊണ്ടുവന്ന് കഴിക്കുമ്പോഴും അപ്പുറത്ത് അടുക്കളയിലെ തലേന്നത്തെ പുളിച്ച കഞ്ഞിയുടെ മണവും അഴയിൽ ഉണക്കാൻ ഇട്ടിരിക്കുന്ന പിഞ്ചി തുടങ്ങിയ ഉടുപ്പുകളും കണ്ടില്ലെന്ന് തന്നെ നടിക്കുകയായിരുന്നു…അച്ഛന്റെ മരണശേഷവും രാപകലില്ലാതെ പണിയെടുക്കുന്ന അവരുടെ അവസ്ഥ അറിഞ്ഞിട്ടും,, തനിക്ക്ഒന്നുംതോന്നിയില്ല കാരണം അവർ തനിക്കാരുമല്ലല്ലോ..

അപ്പോഴും അവർ ഒന്നും മിണ്ടിയില്ല,, പതിവുപോലെ ഭക്ഷണപാത്രങ്ങൾ മാത്രം എന്റെ മേശയിൽ പ്രതീക്ഷയോടെ കാത്തു കിടന്നിരുന്നു..

ഒരിയ്ക്കൽ കൂട്ടുകാരനോടൊപ്പം മറന്നു വച്ച പണി സാധനങ്ങളെടുക്കാൻ സ്കൂളിലെത്തുമ്പോഴാണ് അത് കണ്ടത്,, ഓഫീസ് മുറിയുടെ പുറത്ത് പാവാട യൊതുക്കിപ്പിടിച്ചു നിൽക്കുന്ന അവൾ..

“ദേ ടാ….നെന്റെ അനിയത്തി ” യെന്ന് കൂട്ടുകാരൻ പറഞ്ഞപ്പോൾ കത്തുന്ന ഒരു നോട്ടമാണ് ഞാനവന് കൊടുത്തത്… അവൾക്കരികിലൂടെ പോയപ്പോൾ നിറഞ്ഞു തൂവിയ മിഴികളുമായി വിതുമ്പിക്കൊണ്ട് അവൾ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കാതെ അകത്തേക്ക് കയറിപ്പോവുകയാണ് താൻ ചെയ്തത്.

സ്കൂൾ ഫീസടക്കാതെ,, കീറിയ പേപ്പർതാളുകൾ എഴുതാൻ എടുക്കുന്ന, വർഷങ്ങൾ പഴകിയ യൂണിഫോമും ഇട്ടു കൊണ്ടുവരുന്ന അവളെ പുറത്തു നിർത്തി ശിക്ഷിച്ചതാണ് ‘എത്ര പറഞ്ഞാലും മനസ്സിലാവാത്ത വക , ഉച്ചക്കഞ്ഞിക്ക് നേരാവുമ്പോ മുന്നിലുണ്ടാവും,, എന്നാ ബാക്കിയൊന്നിനും ഇല്ലേം താനും പഠിപ്പിക്കാൻ കഴിവില്ലാത്തോര് ഇതുങ്ങളെയൊക്കെ വീട്ടിലിരുത്തിയാ പോരെ, ബാക്കിയുള്ളോർക്ക് മെനക്കേടുണ്ടാക്കാൻ ഇങ്ങോട്ട് പറഞ്ഞയക്കുന്നതെന്തിനാ ” എന്ന അധ്യാപികയുടെ വാക്കിനു മുന്നിൽ കുനിഞ്ഞ ശിരസ്സുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ ആദ്യമായി എന്റെയുള്ളിലൊരു പോറൽ വീണു….

ദയനീയമായ ആ നോട്ടത്തെ വകവയ്ക്കാതെ ഇറങ്ങി നടക്കുമ്പോൾ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു, അവൾ നിന്റെ അനിയത്തിയല്ലേ…. എന്ന്… തുറന്നു വച്ച ആഹാരപ്പൊതിയിൽ കയ്യിടവേ ആദ്യമായി അവളുടെ മുഖമാണ് ഓർമ്മ വന്നത്..

വൈകിട്ട് മേശയിലെ ഭക്ഷണപാത്രം കഴുകി അതിലൊരു ജോടി പുതിയ യൂണിഫോമും,തയ്യൽ കൂലിയും അടച്ച് വച്ചപ്പോൾ മനസ് പറഞ്ഞു പഠിക്കുകയായിരുന്നു.. സ്നേഹം കൊണ്ടൊന്നുമല്ല, പഠിക്കാൻ പറ്റാത്തവന്റെ വിഷമം അറിയുന്നതു കൊണ്ട് മാത്രമാണെന്ന്…

കുഞ്ഞേട്ടാ……യെന്ന് നീട്ടി വിളിച്ചു കൊണ്ടവൾ ഓടി വന്നെന്റെ നെഞ്ചോട് ചേർന്നപ്പോൾ ആ യൂണിഫോം തുണി കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.. അവളുടെ കണ്ണുകളിൽ എനിക്കാ സ്നേഹം കാണാമായിരുന്നിട്ടും, തിരികെയൊന്നു പുൽകാൻ തോന്നിയിട്ടും എന്തുകൊണ്ടോ ഞാനവളെ തള്ളിമാറ്റുകയാണ് ചെയ്തത്…. കാരണം അവൾ എന്റെ ആരുമല്ലല്ലോ…

പിന്നീട് എന്റെ വാങ്ങലുകളിൽ ഞാനറിയാതെ തന്നെ രണ്ടെണ്ണമായി തുടങ്ങി… എന്റെ മേശപ്പുറത്തെ പാത്രത്തിനരികിൽ അവ കാത്ത് കിടന്നു…

നിറഞ്ഞു ചിരിച്ചു കൊണ്ട് അവളത് എടുക്കുമ്പോൾ ഉള്ളിലെ നിറവ് പുറത്തു കാണിക്കാതെ മുഖം കറുപ്പിച്ചേ ഞാൻ നിന്നിരുന്നുള്ളൂ….

പതിയെ പതിയെ അവളുടെ വിളികൾക്കും, ആ ചിരിക്കുമായി എന്തെങ്കിലുമൊക്കെ വാങ്ങി വയ്ക്കുക പതിവായി… എന്നിട്ടും ഞാൻ സമ്മതിക്കാൻ തയ്യാറായിരുന്നില്ല അത് അവളോടുള്ള സ്നേഹം കൊണ്ടായിരുന്നുവെന്ന്..

പിന്നീടവളുടെ ഓരോ വളർച്ചയിലും എന്റെ നോട്ടമെത്തിയിരുന്നുകോളേജിൽ ചേർന്നപ്പോഴും, നല്ലൊരു ജോലി വാങ്ങി കൊടുത്തപ്പോഴും,, അവൾക്കായി നല്ലൊരു വരനെ കണ്ടെത്തിയപ്പോഴും ഒക്കെ….. അപ്പോഴും ഒരു അകലം മന:പൂർവം ഇട്ടു കൊണ്ട് അവൾ എനിക്ക് ആരുമല്ല എന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ടിരുന്നു…

ഇന്നിപ്പോൾ വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോവാനിറങ്ങിയ അവളുടെ സാധനങ്ങൾ എടുക്കുന്ന അവരെ തടഞ്ഞു കൊണ്ട് അവൾ എടുത്തു വച്ചത് ആ പഴയ യൂണിഫോം ആയിരുന്നു….

” എനിക്ക് വേറൊന്നും വേണ്ടാ, എന്റെ കുഞ്ഞേട്ടൻ ആദ്യായി വാങ്ങിത്തന്ന ഇതിനോളം വിലയുള്ളതൊന്നും വേറെയില്ല” എന്നു പറഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ച അവളുടെ മിഴികൾ നിറഞ്ഞിരുന്നു…. എന്റെ കണ്ണും നിറയുകയായിരുന്നു. ഞാനറിയുന്നുണ്ടായിരുന്നു കൂടപ്പിറപ്പെന്ന രക്തത്തിന്റെ സ്നേഹം എത്ര ആട്ടിയകറ്റിയാലും ചോർന്നു പോവാത്തതാണെന്ന്..

അപ്പോഴും അവളെ ബലമായി അടർത്തിമാറ്റി കനത്ത സ്വരത്തിൽ ഇല്ലാത്ത തിരക്കു ഭാവിച്ച് പറഞ്ഞൊപ്പിക്കുകയായിരുന്നു

” എല്ലാരും ഇറങ്ങി, സമയം കളയണ്ട “…. എന്ന്.

ഒരിക്കൽ കൂടി എന്നെ നോക്കി പടിയിറങ്ങി പോകുന്ന അവളുടെ രൂപം കണ്മുന്നിൽ നിന്ന് മായും വരെ അവിടെത്തന്നെ നിൽക്കുകയായിരുന്നു…

” മോനേ….. “

അവരതു കണ്ട് ആദ്യമായി വിളിക്കുമ്പോൾ ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചെറിഞ്ഞ് തിരിഞ്ഞു നോക്കി.

” നീ കരയുവാണോ മോനേ “

എന്റെ കൈത്തലം കവർന്നുകൊണ്ട് അവരത് ചോദിക്കുമ്പോൾ ആ കൈകൾ തട്ടിമാറ്റി അകത്തേക്ക് കയറവേ ഉറക്കെ പറയുകയായിരുന്നു ഞാൻ…. അവർക്കു കേൾക്കാനും പിന്നെ എനിക്ക് സ്വയം വിശ്വസിപ്പിക്കാനും..

” അതിന് അവൾ എന്റെ ആരുമല്ലല്ലോ”…

അതു കേട്ട് അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി വിളിച്ചു പറയുന്നുണ്ടായിരുന്നു, അവൾ നിന്റെ അനിയത്തിയാണെന്ന്….. ഒപ്പം അവന്റെ മനസ്സും.