തുടർന്നു വായിക്കൂ….

Story written by SATHEESH VEEGEE

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“മൊന്തേ വണ്ടിയൊക്കെ സൂക്ഷിച്ചു ഓടിക്കണേ മാന്നാർ സ്റ്റേഷനിലെ ഏമാന്മാർ വല വീശുന്ന സ്ഥലങ്ങളാണ് ഇതൊക്കെ ” നാണപ്പൻ മൊന്തക്ക് തികച്ചും ഫ്രീയായി ഒരു ഉപദേശം കൊടുത്തു

“പിന്നേ അതിച്ചിരി പുളിക്കും, കുടിയന്മാരുടെ പേടി സ്വപ്നമായ മിന്നൽ സോമനുപോലും നമ്മൾ പിടി കൊടുത്തിട്ടില്ല പിന്നല്ലേ മാന്നാർ പോലീസ് ” മൊന്ത വീരനെപ്പോലെ പറഞ്ഞു.

വെട്ടിയിട്ട പാളയൻ തോടൻ വാഴ പോലെ ചരിഞ്ഞു കിടന്നിരുന്ന രതീഷിനെ നാണപ്പൻ എഴുന്നേൽപ്പിച്ചു നേരെ ഇരുത്തി. മുഖം കഴുകിപ്പിച്ചു.

“നാണപ്പൻ ചേട്ടാ എന്റെ പ്രിയതമയുടെ വീടെത്തിയോ ” രതീഷ് ചോദിച്ചു.

“എത്തുമെടാ രതീഷേ നീയൊന്ന് അടങ്ങ് ” എടാ മൊന്തേ അമ്പലത്തിന്റെ സൈഡിലൂടെ കാണുന്ന റോഡിലൂടെ വണ്ടി വിട്ടോ. നാണപ്പൻ ഒന്ന് ഉന്മേഷവാൻ ആയിക്കോണ്ട് രണ്ടാളോടും പറഞ്ഞു.

“മാർഷൽ ചേട്ടാ അമ്പലത്തിൽ കയറി ഒരു രക്തപുഷ്പാഞ്ജലി അങ്ങ് നടത്തിയാലോ….” രതീഷ് നാണപ്പനോട് ചോദിച്ചു

“പിന്നേ ഇത് ഷാപ്പല്ല തോന്നുമ്പോൾ ചെല്ലാൻ അമ്പലമാ, ഉച്ചക്ക് പതിനൊന്നേ മുക്കാലിനല്ലേ അവന്റെയൊരു രക്ത പുഷ്പാഞ്ജലി.

“രതീഷേ വിവാഹത്തിന് ശേഷം രക്തപുഷ്പാഞ്ജലി ഇടാനെ നിനക്ക് നേരം കാണൂ ” മൊന്ത ചിരിച്ചുകൊണ്ട് പറഞ്ഞു.

തെങ്ങും തോപ്പുകൾക്കിടയിൽ ഓടുമേഞ്ഞ വിശാലമായ വീടിനു മുന്നിൽ മൊന്തയുടെ ആപ്പ ഓട്ടോ ദീർഘ നിശ്ശ്വാസം വിട്ടുകൊണ്ട് നിന്നു.

എയർ മാർഷൽ നാണപ്പൻ ജാഥാ ക്യാപ്റ്റനെപ്പോലെ മുന്നിലും രതീഷ് തൊട്ടുപുറകിലുമായി ഇറങ്ങി. “മൊന്തേ വണ്ടി ഒതുക്കിയിട്ട് കേറിപ്പോരെ ” മാർഷൽ ഓർഡർ കൊടുത്തു.

“അല്ലണ്ണാ ഈ മൂന്നുപേര് പോയാൽ…. മൂ @#@# പോകുമെന്നല്ലേ, നിങ്ങള് പോയിട്ട് വാ….ഞാനിവിടെ ഇരിക്കാം ” മൊന്ത മൊഴിഞ്ഞു.

“ഇക്കാലത്തൊക്കെ ആരാടാ ഈ പഴഞ്ചൊല്ല് പറയുന്നത് വണ്ടി മുന്നോട്ട് നീക്കി ഇട്ടേച്ചു നീയിങ്ങോട്ട് ഇറങ്ങിക്കെ ” എയർ ദേഷ്യപ്പെട്ടു

മൊന്ത വണ്ടി കുറച്ചു മുന്നിലേക്ക് നീക്കിയിട്ട് ജാഥയിൽ പങ്കുചേരാനയി വേഗത്തിൽ ചാടിയിറങ്ങി. ചെത്തുകള്ളിന്റെ പിടുത്തം പൂർണമായും മാറാത്ത മൊന്തയുടെ അപ്രതീക്ഷിതമായ ഇറങ്ങലിൽ ഓട്ടോയുടെ ഹാന്റിലും മൊന്തയുടെ MCR മുണ്ടും അനുരാഗ ബദ്ധരായി കെട്ടിയൊരു പിടുത്തം.

ഇതൊന്നുമറിയാതെ മൊന്ത ചാടിയിറങ്ങി അണ്ട്രയാറും ഇട്ട് നെറ്റിയിലേക്ക് വീണു കിടക്കുന്ന ചുരുളൻ മുടി കൈകൊണ്ട് കോതി ഒതുക്കി സുരേഷ് ഗോപി സ്റ്റൈലിൽ ഒരു നടത്തം.

വേലിപ്പടർപ്പുകളിൽ കയ്യും താങ്ങി നിന്ന പെണ്ണും വീട്ടുകാർ ചിരിച്ചു ചിരിച്ചു വേലിയും അടർത്തിക്കൊണ്ട് പുറകോട്ട് മറിഞ്ഞു.

അപ്പോഴാണ് ഉടുത്തുണിയില്ലാതെ വീരനെപ്പോലെ വരുന്ന മൊന്തയെ എയർ മാർഷൽ കാണുന്നത്.

“കാലമാടാ നിന്റെ ഉടുതുണി എന്തിയേടാ….” ഒറ്റ ചാട്ടത്തിന് മൊന്തയുടെ അടുത്തെത്തി എയർ മാർഷൽ അലറി.

താഴേക്കു നോക്കിയ മൊന്ത ഞെട്ടിത്തരിച്ചു. വേഗം ഉടുമുണ്ട് വലിച്ചെടുത്തു ഒറ്റ ഉടുക്കൽ.

ഇതെല്ലാം കണ്ടുകൊണ്ട് നിന്ന മഠത്തിൽ പറമ്പിൽ രതീഷിന്റെ നെഞ്ചിൽ ഇലഞ്ഞിത്തറ മേളം തന്നെ നടന്നു. “ദൈവമേ ഈ പെണ്ണ് കാണലും ചീറ്റുമോ “

വീടിന്റെ രണ്ടുവശത്തുമായി കൂട്ടിയിട്ടിരിക്കുന്ന തേങ്ങാ, ഉണക്കാനായി ഇട്ടേക്കുന്ന കൊപ്ര. നാലുപാടും തെങ്ങുകൾ മാത്രം. ആകെയൊരു എണ്ണ മയമാണ് വീടിനു ചുറ്റും, രതീഷ് മനസ്സിൽ ഓർത്തു

ചെത്തു കള്ളിന്റെ പിടുത്തത്തിൽ, കക്ഷത്തിൽ ഇഷ്ട്ടിക വെച്ചുകൊണ്ട് രതീഷ് വീട്ടിലേക്ക് കയറി. ഗമ കളയാൻ പാടില്ലല്ലോ…കൂടെ കാറ്റുപോയ ബലൂൺ പോലെ ചമ്മിയ മുഖവുമായി മൊന്തയും.

ആദ്യമായി എയർ മാർഷൽ രതീഷിനെ പറ്റി ഉഗ്രൻ ഒരു സ്റ്റഡിക്ലാസ്സ്‌ എടുത്തു.

“ഞാൻ പുഷ്ക്കരൻ പെണ്ണിന്റെ അച്ഛൻ, അത് അമ്മ പുഷ്പ, ഞങ്ങൾക്ക് ആകെ ഒരു മോളാണ്. പുഷ്കല”

അച്ഛൻ പുഷ്ക്കരൻ പരിചയപ്പെടുത്തൽ തുടങ്ങി

മൊന്തയും രതീഷും എന്തിന് എയർ മാർഷൽ പോലും ഞെട്ടി. മൊത്തം തള്ള് ഫാമിലി ആണല്ലോ എല്ലാവർക്കും ഉണ്ട് ഒരു പുഷ്……

“ആഹാ ചെറുക്കൻ കൂട്ടർ എത്തിയോ ” എന്നു ചോദിച്ചുകൊണ്ട് പെണ്ണിന്റെ ചിറ്റപ്പൻ പുഷ്പാംഗദൻ കൂടി രംഗത്ത് എത്തിയതോടെ തള്ളുകാരുടെ എണ്ണം കൂടി.

റബറിന്റെ വിലയിടിവിനെ പറ്റിയും തേങ്ങയുടെ താങ്ങുവിലയെപ്പറ്റിയും എയർ മാർഷലും പുഷ്പാംഗദനും പുഷ്കരനും കൂടി കൂനം കലുഷിതമായ ചർച്ച തന്നെ നടത്തിക്കൊണ്ട് ഇരിക്കുമ്പോഴാണ് ആരോ പുഷ് ചെയ്തു വിട്ട പുഷ്കല ചായയുമായി രംഗത്ത് എത്തുന്നത്.

“ദൈവമേ ലഡുവും ജിലേബിയും ആയിരിക്കരുതേ ” രതീഷ് ഉള്ളുരുകി പ്രാർത്ഥിച്ചു സമൂസയും, ഉള്ളിവടയും ആയിരുന്നു വിഭവങ്ങൾ

സമൂസ കണ്ട, മൊന്ത നാണപ്പനോട് അടക്കത്തിൽ പറഞ്ഞു

“എന്റെ പൊന്നണ്ണാ ആ സമൂസയൊന്നും എടുത്തു അബദ്ധത്തിൽ പോലും തിന്നല്ലേ. മൊത്തം ഉരുളൻ കിഴങ്ങാണ്. ചേമ്പിന്റെ പുറത്തോട്ട് ഉരുളൻ കിഴങ്ങും കൂടെ കേറ്റിയാൽ പിന്നെ നിങ്ങളിവിടെ തൃശ്ശൂർ പൂരം നടത്തും. ഈ വീട് പിന്നെ മരണ വീട് പോലെയാകും” മാർഷൽ ദയനീയമായി സമൂസയെ നോക്കി

ചായ സപ്ലൈ ചെയ്തിട്ട് പുഷ്കല തിരിച്ചു പോയി. ഒറ്റനോട്ടത്തിൽ തന്നെ രതീഷിന് പുഷ്കലയെ ഇഷ്ടമായി.

“എന്നാ പിന്നെ പിള്ളേർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ ” ചിറ്റപ്പൻ പുഷ്പാംഗദൻ തന്റെ മുൻകാല അനുഭവങ്ങൾ അയവിറക്കിക്കൊണ്ട് പറഞ്ഞു.

ചെത്തുകള്ളിന്റെ പിടുത്തം കുറച്ചൊന്നു പോയി ഒന്ന് സെറ്റായി വന്ന രതീഷ് അകത്തെ മുറിയിലേക്ക് ആനയിക്കപ്പെട്ടു

നർമ്മ സല്ലാപങ്ങളിൽ മുഴുകിയ രതീഷും പുഷ്കലയും ഹൃദയങ്ങൾ കൈമാറി

“പുഷ്കലക്ക് വാട്സാപ്പ് ഉണ്ടോ “

“ഇല്ല”

“ഫേസ്ബുക്കോ”

“ഇല്ല “

“ഹൊ സമാധാനമായി ” രതീഷ് ദീർഘ നിശ്വാസം വിട്ടു

“മൊബൈലും ഇല്ലേ “

“ഉണ്ട് ചെറിയ മൊബൈൽ ആണ് “

“എന്റെ നമ്പറിലേക്ക് ഒരു മിസ്കോൾ അടിച്ചേ ” എന്ന് പറഞ്ഞു രതീഷ് തന്റെ നമ്പർ പറഞ്ഞുകൊടുത്തു. അപ്പോൾ തന്നെ പുഷ്കല കേറി മിസ്സ് കോളും അടിച്ചു.

അടുത്ത ഞായറാഴ്ച ഇവിടുന്ന് എല്ലാവരും കൂടി അങ്ങോട്ട് ഇളകി വന്നേക്കാമെന്നും പറഞ്ഞു, കല്യാണം ഏകദേശം ഉറപ്പിച്ച രീതിയിൽ മൂവരും വീട്ടിൽ നിന്നിറങ്ങി.

“രതീഷേ ഇത് നിന്റെ ഭാഗ്യമാണ്. ഒറ്റ മോൾ. പുഷ്കരന് തെങ്ങു കൃഷി. നിനക്ക് റബ്ബറും. റബറിന് വിലയില്ലാത്തപ്പോൾ തേങ്ങാ വെട്ടി വിൽക്കാം. തേങ്ങയ്ക്ക് വിലയില്ലാത്തപ്പോൾ റബ്ബറും” എയർ മാർഷൽ നാണപ്പൻ ഓട്ടോയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

അത് ശെരിയാണ്. കല്യാണം, കുട്ടികൾ, കാറ്, വലിയ വീട്…. രതീഷ് സ്വപ്നങ്ങൾ കാണാൻ തുടങ്ങി, എന്തിനേറെ സ്വന്തമായി റബ്ബർ ഫാക്ടറി വരെ സ്വപ്നം കണ്ടു.

ചെങ്ങന്നൂർ എത്തിയപ്പോൾ മൊന്തയുടെ വക ഒരു ഡയലോഗ് “രാവിലെ മുതൽ ചെത്തുകള്ള് മാത്രം ആണ് അടിക്കുന്നത് എന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ദേ മ്മടെ ‘ഭഗത് ‘ ബാർ എത്തി”

“എന്നാപ്പിന്നെ അങ്ങോട്ട് വിടെടാ മൊന്തേ, ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്” രതീഷ് ആവേശത്തോടെ പറഞ്ഞു.

ബാറിന്റെ മുന്നിൽ ഓട്ടോ നിൽക്കുന്നതിനു മുന്നേ എയർ മാർഷൽ ചാടിയിറങ്ങി കൂടെ രതീഷും. സ്വന്തം ഓട്ടോ ആയതിനാലും, മാനം മര്യാദക്ക് എവിടെ എങ്കിലും പാർക്ക് ചെയ്തില്ല എങ്കിൽ പണി കിട്ടും എന്നുള്ള കാരണങ്ങളാലും മൊന്ത ലേറ്റായിപ്പോയി. നടയടിയായി മൂവരും ഈരണ്ടു ലാർജ് വീതം അടിച്ചു.

“ഹൊ ഇപ്പോഴാണ് ഒരു സുഖം ആയത്. കള്ളുകുടിച്ചു വയർ വീർത്ത് ഇരിക്കുവാരുന്നു” മൊന്ത സമാധാനത്തോടെ പറഞ്ഞു,

വീണ്ടും ലാർജുകൾ, ഇടക്ക് സ്‌മോളുകൾ, ബീഫ് ഫ്രൈ, അച്ചാർ, ഓംലറ്റ്, “അടിച്ചു മരിക്കേടാ അങ്ങോട്ട് ” എന്ന രതീഷിന്റെ ഡയലോഗ്. കള്ളുകുടി പൂർവാധികം ശക്തിയോടെ പുരോഗമിച്ചു.

“എന്റെ എയർ ചേട്ടാ നിങ്ങളെന്റെ ദൈവമാണ്, എന്റെ പുഷ്കലയെ എനിക്ക് തന്നത് നിങ്ങളാണ്, പറ ചേട്ടാ ഞാൻ എന്താണ് നിങ്ങൾക്ക് തരേണ്ടത് പറയൂ ” രതീഷ് സെന്റിമെന്റൽ ആയി

“ങ്‌ഹും കല്യാണം കഴിയട്ടെ എന്നിട്ടാകാം കൊടുക്കവാങ്ങലുകൾ ഒക്കെ. വേഗം താങ്ങിയിട്ട് ഇറങ്ങിക്കെ എനിക്ക് വൈകുന്നേരം ഒരു ബുക്കിങ് ഓട്ടം ഉണ്ട്” മൊന്ത ഇടയ്ക്കുകയറി പറഞ്ഞു.

അവസാനം ബാറിൽ നിന്നും ഇഴഞ്ഞിറങ്ങിയ മൂന്നു കരിമൂർഖന്മാരെയും മൊന്തയുടെ ഓട്ടോ കൃത്യമായി വീടുകളിൽ എത്തിച്ചു

അന്യായ പെണ്ണുകാണലിൽ തകർന്നുപോയ രതീഷ് “ഈ കല്യാണം നടക്കും അമ്മേ” എന്നൊരു ശുഭവാർത്ത മാത്രം പുറപ്പെടുവിച്ചിട്ട് മാളത്തിൽ കയറി.

പിറ്റേന്ന് കൊച്ചുവെളുപ്പാൻ കാലത്ത് ബോധം വീണ രതീഷ് ചാടിയെഴുന്നേറ്റു. പെണ്ണുകാണാലൊക്കെ മിന്നായം പോലെ ഓർമയുണ്ട്. മൊബൈൽ എടുത്തു നോക്കുമ്പോൾ ഒരു നമ്പരിൽ നിന്ന് നാല് മിസ്കോൾ

“ഇതാരപ്പാ എന്നെ കേറി മിസ്കോൾ അടിക്കാൻ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തിരിച്ചു വിളിച്ചു

ആരും എടുക്കുന്നില്ല

വീണ്ടും വിളിച്ചു. അപ്പോൾ കട്ട് ചെയ്തു കളഞ്ഞു. റബർ വെട്ടിക്കൊണ്ട് ഓടി നടന്നപ്പോൾ വീണ്ടും ഒരു കോൾ

തിരിച്ചു വിളിച്ചപ്പോൾ അങ്ങേ തലക്കൽ ഒരു കിളിനാദം “ആരാ ഇത് ” രതീഷ് ചോദിച്ചു

“പൊട്ടിയ ഒരു ചിരി ആയിരുന്നു അപ്പുറത്ത് നിന്നും

“ദേ രാവിലെ മനുഷ്യനെ ചുമ്മാ പൊട്ടനാക്കാതെ ആരാണെന്നു പറ ” രതീഷിന് ദേഷ്യം വന്നു

“ആരാണെന്നു കണ്ടുപിടിക്ക് ” മറുപടി

“ഭാ… പട്ടി…. കഴു…….. @##@###!!!!!!!!!!മോളെ, നീ ആരാടീ @##@##….കൊച്ചുവെളുപ്പാൻ കാലത്തു വിളിച്ചു അവളുടെ ഒരു കൊഞ്ചൽ” അവളെ കണ്ടു പിടിക്കണം പോലും വെച്ചിട്ട് പോടീ മരഭൂതമേ “””” രതീഷ് അലറി

പെട്ടന്ന് അങ്ങേ തലക്കൽ ഒരു പുരുഷ ശബ്ദം “ഞാനാ രതീഷേ പുഷ്ക്കരൻ “

” ഏത് പുഷ്ക്കരൻ ഇങ്ങനെയാണോടാ പെൺപിള്ളേരെ വളർത്തുന്നത് മൈ@##@@…. അവന്റെ ഒരു പുഷ്ക്കരൻ. മേലിൽ ഈ ഫോണിലേക്ക് വിളിച്ചേക്കരുത്. അല്ല പിന്നെ… @##@###

രതീഷ് ഫോൺ കട്ട് ചെയ്തു ജോലിയിൽ മുഴുകി….കല്യാണം കഴിഞ്ഞില്ല എന്നേയുള്ളൂ മാനം വിട്ടുള്ള കളിക്ക് രതീഷ് ഇല്ല.

പെട്ടന്ന് രതീഷിന്റെ ഫോൺ വീണ്ടും ശബ്ദിച്ചു

‘എയർ മാർഷൽ നാണപ്പൻ’

രതീഷ് സന്തോഷത്തോടെ ഫോൺ എടുത്തു…

“പറയൂ നാണപ്പൻ ചേട്ടാ, എന്താ രാവിലെ പരിപാടി…?”

“ഭാ @##@##…നീ മിണ്ടരുത് ” നീയെന്തിനാടാ പുഷ്കലയെയും പുഷ്കരനെയും രാവിലെ കട്ടക്ക് തെറി വിളിച്ചത് . അവർക്കീ കല്യാണം വേണ്ടെന്ന്…. നീ പോയി @##@#

“അയ്യോ അത് അവരായിരുന്നോ, കിളി പോയ രതീഷ് കരച്ചിലിന്റെ വക്കോളം ആയി “

“നീയിന്നലെ അവൾക്ക് നമ്പർ കൊടുത്തിട്ടല്ലേ പോന്നത് “

“നമ്പർ കൊടുത്തോ ആര് ആർക്ക് എപ്പോ…. നാണപ്പൻ ചേട്ടാ… ചെത്തുകള്ളും മുന്തിരിക്കള്ളും പറ്റിച്ച പണിയാണ്. രതീഷിന് തന്റെ ശരീരം തളരുന്നതായി തോന്നി.

ബോധരഹിതനായി വെട്ടിയിട്ട വാഴ പോലെ റബറും തോട്ടത്തിൽ വീണ രതീഷിനെ മുഴക്കോൽ ശശിയും രായപ്പൻ അണ്ണനും കൂടി മൊന്തയുടെ ഓട്ടോയിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

വൈകുന്നേരം വരെ നിരീക്ഷണത്തിൽ വെച്ച മഠത്തിൽ പറമ്പിൽ രതീഷിനെ ഡിസ്ചാർജ് ചെയ്തു….

“വിധിയുടെ വിളയാട്ടത്തിൽ ആടിതീർക്കാൻ രതീഷിന്റെ ജീവിതം ഇനിയും ബാക്കിയോ. ഈ നൂറ്റാണ്ടിൽ എങ്ങാനും രതീഷ് വിവാഹിതനാകുമോ ” തുടങ്ങി നൂറായിരം ചോദ്യങ്ങളുമായി രതീഷ് വീട്ടിലേക്ക് തിരിച്ചു.

“എടാ രതീഷേ നീ വിഷമിക്കാതെ ദേ നീയിത് കണ്ടോ ” കൈമുട്ട് ഉയർത്തിക്കാണിച്ചുകൊണ്ട് രായപ്പണ്ണൻ രതീഷിനെ വിളിച്ചു

നീരുവെച്ച കൈ മുട്ട് കണ്ട് രതീഷിന്റെ കണ്ണ് തള്ളി

“ഭാര്യ നാരായണി ഇന്നലെ ചിരവത്തടിക്ക് വച്ച് താങ്ങിയതാ ” കല്യാണം കഴിഞ്ഞ എന്റെ ഒക്കെ അവസ്ഥ ഇതാണ് അന്നേരമാ ഒരുത്തൻ ഇവിടെ കല്യാണം കഴിക്കാത്തതിന് വിഷമിക്കുന്നത്…..സന്തോഷിക്കേടാ രതീഷേ നീ സന്തോഷിക്ക്

മഠത്തിൽ പറമ്പിൽ വീടിനു മുന്നിൽ ഓട്ടോ നിന്നു സന്തോഷവാനായി രതീഷ് പുറത്തിറങ്ങുമ്പോൾ അതാ വീട്ടിൽ ആരൊക്കെയോ നിൽക്കുന്നു.

പുന്നെല്ലു കണ്ട എലിയെപ്പോലെ ചിരിച്ചു കുഴഞ്ഞുകൊണ്ട് അതാ വരുന്നു സാക്ഷാൽ എയർ മാർഷൽ നാണപ്പൻ

” രതീഷേ നീ വിഷമിക്കേണ്ട ഈ നാണപ്പൻ ആരാണെന്നാ നീ കരുതിയത്. നിന്റെ കാര്യം അറിഞ്ഞപ്പോൾ തന്നെ ഞാൻ കടപ്രക്ക് വിട്ടു, പുഷ്കരനെയും, പുഷ്പാംഗദനെയും കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കി. കൂടെ പുഷ്കലയെയും,

ഒരു പെണ്ണ് മിസ്കോൾ അടിച്ചാൽ വീഴുന്ന ആളല്ല രതീഷ് എന്നോർത്ത് അവൾക്കിപ്പോൾ നിന്നെപ്പറ്റി അഭിമാനം ആണെടാ അഭിമാനം ആണ്…ദേ അവർ എത്തിയിട്ടുണ്ട് വീട് കാണാൻ സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ…

രതീഷ് വളിച്ച ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്തുകൊണ്ട് വീട്ടിലേക്ക് കയറുമ്പോൾ അതാ ഇരിക്കുന്നു താൻ തെറി വിളിച്ചു കലക്കിയ തന്റെ ഭാവി അമ്മായിഅച്ഛനും ചിറ്റപ്പനും….

” അപ്പോൾ രതീഷിന്റെ മനസ്സിൽ തെളിഞ്ഞു വന്ന രൂപം പുഷ്കലയുടെ മാത്രം ആയിരുന്നില്ല. ഭാര്യ നാരായണിയുടെ ചിരവത്തടിക്കുള്ള അന്യായ അടികൊണ്ടു കൈമുട്ട് നീരുവെച്ച കട്ട ചങ്ക് സ്വന്തം രായപ്പണ്ണന്റെ കൂടി ആയിരുന്നു…???