പല രാത്രികളിലും അവളെ ഞാൻ സ്നേഹത്തോടെ സമീപിച്ചെങ്കിലും അവൾ ശില പോലെ നിന്ന് എനിക്ക് വഴങ്ങിയെന്നല്ലാതെ പ്രത്യേകിച്ച് സ്നേഹപ്രകടനങ്ങൾ ഒന്നും എനിക്ക് ലഭിച്ചില്ല….

വിധി

എഴുത്ത്: അശ്വനി പൊന്നു

“ഗീതു എന്നാ കുട്ടിയുടെ പേര് അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി. ഇപ്പോൾ അമ്മ മാത്രമേയുള്ളൂ ഇത്തവണ തിരിച്ചുപോകുന്നതിനു മുൻപെ ഇതെങ്കിലും ഉറപ്പിക്കണം…”

അമ്മയുടെ വാക്കും കേട്ടാണ് പെണ്ണ് കാണാൻ പോയത്. പെണ്ണ് കുഴപ്പമില്ല

ചെറിയ ഓടിട്ട വീട് മാത്രമേ അവൾക്കുള്ളൂ എന്ന കാരണവന്മാരുടെ ന്യായീകരണങ്ങൾ…തനിക്ക് ഒരു ഭാര്യയെ ആണ് വേണ്ടത് എന്ന ചിന്തയുള്ളതിനാൽ കേട്ടില്ലെന്ന് നടിക്കേണ്ടി വന്നു.

മാത്രമല്ല എന്റെ കളർ കാരണമാണ് പല ആലോചനകളും മുടങ്ങിപോയത് എന്ന തിരിച്ചറിവും എനിക്കുണ്ടായിരുന്നു..പിന്നെ പാവപെട്ട കുടുംബം ആയതിനാൽ സ്നേഹിക്കാനും കുടുംബം നന്നായി നോക്കാനും അറിയുമായിരിക്കും….

പെണ്ണിന്റെ കൂട്ടർക്കും സമ്മതമാണെന്ന് വിളിച്ചു പറഞ്ഞപ്പോൾ നിശ്ചയവും കല്യാണവും എല്ലാം പെട്ടന്ന് കടന്നു പോയി

എനിക്ക് രണ്ടു മാസത്തെ ലീവ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

പല രാത്രികളിലും അവളെ ഞാൻ സ്നേഹത്തോടെ സമീപിച്ചെങ്കിലും അവൾ ശില പോലെ നിന്ന് എനിക്ക് വഴങ്ങിയെന്നല്ലാതെ പ്രത്യേകിച്ച് സ്നേഹപ്രകടനങ്ങൾ ഒന്നും എനിക്ക് ലഭിച്ചില്ല….

എന്തിനേറെ പറയുന്നു ഒന്ന് മനസ് തുറന്നു സംസാരിക്കുക പോലും ചെയ്തില്ല

ഇതെല്ലം പതിനെട്ടു വയസുകാരിയുടെ പക്വത കുറവായി ഞാൻ കണ്ടു….

വീണ്ടും പ്രവാസിയുടെ കുപ്പായം എടുത്തണിഞ്ഞു വീണ്ടും ഞാൻ യാത്രയായി
ഞാൻ പോയെങ്കിലും അവളുടെ കാര്യത്തിന് യാതൊരു കുറവും വരുത്തിയില്ല
അവളുടെ ഓരോ ആഗ്രഹങ്ങളും അവൾ പറയാതെ തന്നെ നിറവേറ്റി കൊടുത്തു

മിക്ക ദിവസങ്ങളിലും ഞാൻ വിളിക്കുമായിരുന്നു….എങ്കിലും അധിക നേരം സംസാരിക്കാതെ വേഗം തന്നെ ഞങ്ങൾ ഫോൺ വയ്ക്കും

ഇടയ്ക്കെപ്പോഴോ ഫോൺ കോളിന്റെ ദൈർഘ്യം കൂടി കൂടി വന്നു… അവളുടെ കളിയും ചിരിയും തമാശയും എല്ലാം ഫോണിലൂടെ ആണെങ്കിലും ഞാനും ആസ്വദിച്ചു തുടങ്ങി….അവളെന്നെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു അല്ലെങ്കിൽ അവൾക് ആവശ്യമായ പക്വത കൈവന്നിരിക്കുന്നു എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു ….

പിന്നെ ഒരു ആവേശമായിരുന്നു നാട്ടിലേക്ക് പോകാൻ… അവളുടെ മുഖവും മനസ്സിൽ ഓർത്തുകൊണ്ട് ഓരോ ദിവസവും ഞാൻ തള്ളി നീക്കി….

വീട്ടിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് അവൾക്കെന്ത് സമ്മാനം വാങ്ങിക്കൊടുക്കും എന്ന് ആലോചിച്ചു കിടന്നപ്പോൾ അവളുടെ നീണ്ട മൂക്കിൽ മൂന്നു കല്ല് പതിച്ച മൂക്കുത്തി നന്നായി ചേരുമെന്ന് എനിക്ക് തോന്നി…

നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മൂക്കുത്തി മറക്കാതെ വാങ്ങി വീട്ടിലേക്ക് വിളിച്ചു… ആരും ഫോൺ എടുക്കുന്നില്ല…. പല തവണ വിളിച്ചു ആരും ഫോൺ എടുക്കുന്നില്ല. ദൈവമേ അമ്മയ്ക്ക് ഇനിയെന്തെങ്കിലും എന്റെ മനസ് വല്ലാതെ അസ്വസ്ഥമായി …..ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു പിറ്റേന്ന് നാട്ടിലേക്ക് യാത്ര തിരിച്ചു

നല്ലൊരു കുടുംബജീവിതം സ്വപ്നംകണ്ട് കൊണ്ട് വന്നിറങ്ങിയ എനിക്ക് ആ വാർത്ത കേൾക്കാൻ മാത്രമുള്ള ശക്തി ഉണ്ടായിരുന്നില്ല…

ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ പോയി…

എനിക്കും അവൾക്കുമിടയിലെ അകൽച്ചയ്ക്ക് കാരണം എന്റെ കളർ ആണെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയാഞ്ഞ എനിക്ക് അവളുടെ കത്ത് കണ്ടപ്പോൾ ബോധ്യമായി….

അവൾ പോയ ദുഃഖത്തിൽ ഞാൻ മദ്യത്തിന്റെ കൂട്ടുകാരൻ ആയി നടക്കാൻ തുടങ്ങി… വീട്ടിലേക്ക് കയറുന്നത് പോലും പാതിരാത്രിയിൽ ഒക്കെ ആയി . ഇന്നത്തെ കാലത്തു പെണ്ണ് പോയാൽ കേക്ക് മുറിച്ചു ആഘോഷിക്കുമ്പോൾ എനിക്കതിനു കഴിഞ്ഞില്ല കാരണം എന്റെ ഉള്ളിൽ അവളോടുള്ള സ്നേഹം അത്രയുമായിരുന്നു

ഒരു ദിവസം മദ്യപിച്ചു പാതി ബോധത്തിൽ വേദനയിൽ പുളഞ്ഞു ചോരയിൽ കുളിച്ചു കിടക്കുന്ന കിടക്കുന്ന എന്നെ ആരൊക്കെയോ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി…. ബോധം വന്നപ്പോൾ ആ സത്യം ഞാൻ മനസിലാക്കി. മറ്റൊരാളുടെ സഹായമില്ലാതെ ഇനി എനിക്ക് അനങ്ങാൻ കൂടി ആവില്ലെന്ന് .. കയ്യിലും കാലിലും ഒക്കെ പ്ലാസ്റ്റർ ഇട്ടു കിടന്നു….അച്ഛനും അമ്മയ്ക്കും എല്ലാം എന്റെ അവസ്ഥയിൽ ഉള്ളു നീറുന്നുണ്ടായിരുന്നു….

“ആരോടും ഒരു തെറ്റും ചെയ്യാത്ത എന്റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ എന്ന് അവർ പലപ്പോഴായി സങ്കടം പറയുന്നത് കേട്ടു

ഹോസ്പിറ്റൽവാസം തുടങ്ങിയതോടെ കള്ളുകുടിയും ഇല്ലാതായി തുടങ്ങി ആറു മാസങ്ങൾക് ശേഷം ഞാൻ പഴയ പോലെ ആയി

ഒരു ദിവസം ഗൾഫിൽ നിന്നും എന്റെ ഒരു കൂട്ടുകാരൻ നാട്ടിൽ എത്തി……

എന്റെ ഇപ്പോഴത്തെ കഥകൾ മനസിലാക്കിയ അവൻ വീട്ടിൽ നിന്നും എന്നെ നിർബന്ധിച്ചു പുറത്തേക്ക് കൂട്ടികൊണ്ടു പോയി. കുറെ കറങ്ങിയ ശേഷം കുറച്ചു ഡ്രസ്സ് എടുക്കാനായിട്ട് അവന്റെ ചെറിയച്ഛന്റെ കടയിൽ കയറി

അവിടെയുള്ള സെയിൽസ് ഗേളിനെ കണ്ടു ഞാൻ ഞെട്ടി.. “ഗീതു “

ഗീതുവിന്റെ അതേ മുഖച്ഛായ എന്നാൽ ശരീരം ഉണങ്ങി കരിഞ്ഞിരിക്കുന്നു….

അവൾക്ക് മുഖം കൊടുക്കാതെ ഡ്രസ്സ്‌ ഒന്നുമെടുക്കാതെ അവനെയും കൂട്ടി അതിവേഗം അവിടെ നിന്നും ഇറങ്ങി. പെട്ടെന്ന് ഇറങ്ങിയതിനെ കാരണം അവൻ തിരക്കിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് വിശദീകരിക്കേണ്ടി വന്നു….

അവൻ അവളെക്കുറിച്ചു വിശദമായി അന്വേഷിച്ചു….

അതെ അവൾ എന്റെ ഗീതു തന്നെ ആയിരുന്നു. കളർ നോക്കി കൂടെ പോയവൻ അവനു കിട്ടേണ്ടതൊക്കെ കിട്ടിക്കഴിഞ്ഞപ്പോൾ നാടുവിട്ടു….

അന്ന് മുതൽ തുടങ്ങിയ കഷ്ടപ്പാട് ആണത്രേ അവൾക്. അമ്മയുടെ മരണവും വീടിന്റെ ജപ്തിയും എല്ലാം കൂടി ആയപ്പോൾ അവൾക്ക് ഒറ്റമുറിയുള്ള വാടകവീട്ടിലേക്ക് ചേക്കേറേണ്ടി വന്നു…

ജീവിതം വഴിമുട്ടിയ അവൾക് സെയിൽസ് ഗേൾ ആയി കിട്ടുന്ന തുച്ഛ വരുമാനത്തിൽ ജീവിക്കേണ്ടതായി വന്നു..

രാത്രി വൈകി വീട്ടിലെത്തിയ എന്നെ അവളുടെ ഓർമ്മകൾ വേട്ടയാടി

നിദ്രാദേവി പോലും കടാക്ഷിക്കാതെ വന്നപ്പോൾ കല്യാണ ആൽബം എടുത്തു കുറെ നേരം നോക്കിയിരുന്നു

അതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി…

പിറ്റേന്നു രാവിലെ അമ്മ തട്ടിവിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്

അവളുടെ ഫോട്ടോയും നോക്കി കിടക്കുന്നത് കണ്ടപ്പോൾ എന്നെ വിലക്കി…ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു കുളിച്ചു ചായയും കുടിച്ചു പുറത്തേക്കിറങ്ങി

ഇന്നലെ കൂട്ടുകാരൻ പറഞ്ഞു തന്ന വഴിയിലൂടെ സഞ്ചരിച്ചു ആ ഒറ്റമുറി വാടകവീട്ടിൽ എത്തിച്ചേർന്നു കതകിനു മുട്ടുമ്പോൾ എന്റെ മനസാകെ കലങ്ങി മറിയുകയായിരുന്നു

കതകു തുറന്നു മുന്നിൽ നിൽക്കുന്ന എന്നെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പൽ കൊണ്ടു…അവൾ അകത്തേക്ക് ക്ഷണിച്ചു…

“ഗീതു സുഖമാണോ നിനക്ക് “

അവൾ അതെയെന്ന് തലയാട്ടുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി

ചെയ്തത് തെറ്റായിപ്പോയി എന്നും ക്ഷമിക്കണമെന്നും പറഞ്ഞു അവൾ എന്റെ കാലിൽ വീണപ്പോൾ അവളുടെ കണ്ണിൽ എന്റെ കൂടെ വീണ്ടുമൊരു ജീവിതം എന്ന നേർത്ത പ്രതീക്ഷയുടെ കണം ഞാൻ കണ്ടു

ഞാൻ അവളെ പിടിച്ചെഴുന്നേല്പിച്ചു അവളുടെ കയ്യിൽ പിടിച്ചു പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു…

“ഹോസ്പിറ്റലിൽ കിടന്നപ്പോൾ എന്നെ പരിചരിച്ച നഴ്സ് ആണ് എന്റെ വധു” എന്ന് പറഞ്ഞു എന്റെ കല്യാണക്കുറി അവളുടെ കയ്യിൽ കൊടുക്കുമ്പോൾ അണപൊട്ടി ഒഴുകുന്ന അവളുടെ കണ്ണുനീരിന് അതിരില്ലായിരുന്നു

അത് കണ്ടില്ലെന്നു നടിച്ചു തിരിച്ചു നടക്കുമ്പോൾ എന്റെ മനസ്സിൽ പതിഞ്ഞ ഞാൻ പഠിച്ച കാര്യം കഥകളിൽ വായിക്കുന്ന പോലെ പാവപെട്ട വീട്ടിലെ പെണ്ണിനെ കെട്ടിയാൽ പൊന്നുപോലെ നോക്കുന്ന ഉത്തമ ഭാര്യ ആയിരിക്കും എന്ന് കരുതുന്നത് വെറുതെയാണ്..ഒരാൾ വളർന്ന ചുറ്റുപാടുകളാണ് അവരുടെ സ്വഭാവം നിർണയിക്കുന്നതെന്ന സത്യം