അൽപനേരം കഴിഞ്ഞപ്പോൾ മുറിയിലുണ്ടായിരുന്നവരൊക്കെ ഒന്നൊന്നായി കൊഴിഞ്ഞു പോവാൻ തുടങ്ങി, ഒപ്പം അടക്കം പറച്ചിലും…

കല്യാണവീട്

എഴുത്ത്: ഭാഗ്യ ലക്ഷ്മി

‘നാളെ തന്റെ കല്യാണമാണ്, നാളെ മുതൽ ഞാൻ വേറൊരു വീട്ടിലെ കുട്ടിയാണ്, നാളെ മുതൽ എന്റെ പുതപ്പിന് വേറൊരവകാശി കൂടിയുണ്ടാവും…..’

മീനാക്ഷിക്ക് വല്ലായ്മ തോന്നി, കരച്ചിൽ വന്നു. തന്റെ വീടിന് ഇനി താൻ അന്യായവുമല്ലോ, വെറുമൊരു വിരുന്നുകാരി മാത്രമാവുമല്ലോ….

കല്യാണവീടിലെ തിരക്കിൽ മീനാക്ഷിയുടെ കരച്ചിൽ മിടായി പോലെ അലിഞ്ഞില്ലാതായി. തലയിണ മാത്രം കുതിർന്നുകൊണ്ടിരുന്നു.

അവൾ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റു, ഉറക്കം വരുന്നതേയില്ല. അർധരാത്രി എപ്പോഴോ അവളെ കടന്നുപോയി . അരണ്ട വെളിച്ചത്തിൽ അലമാരയ്ക്കുള്ളിൽ മയങ്ങുന്ന കല്യാണസാരിയും ആഭരണങ്ങളും നിറഞ്ഞ കണ്ണുകളോടെ നോക്കിക്കണ്ടു.

പുറത്ത് അടുക്കളഭാഗത്ത് നിന്ന് അച്ഛന്റെ ഉറക്കെയുള്ള സംസാരം അവൾ കേട്ടു, അച്ഛാ…. അച്ഛന്റെ വാഴക്കാളിപ്പെണ്ണ് നാളെ മുതൽ ഒരു ഭാര്യയാണ്, ഉത്തരവാദിത്തമുള്ള ഒരു കുടുംബനാഥ….അവളുടെ ഉള്ളിലെ തേങ്ങൽ അവളല്ലാതെ മറ്റാരും കേട്ടില്ല..

നേരം പുലർന്നു, കല്യാണവീടുണർന്നു. കല്യാണപ്പെണ്ണ് മാത്രം ഉറങ്ങാതെ നേരം വെളുപ്പിച്ചു…

തറവെട്ടം വീണപ്പോൾ തന്നെ ബ്യൂട്ടീഷൻ ചെയ്യാനാളെത്തി, സാരീ ഉടുപ്പിക്കാനും മുടിയിൽ മുല്ലപ്പൂ വെയ്ക്കാനും ആഭരണങ്ങൾ അണിയിക്കാനും സമപ്രായക്കാരായ പെൺകുട്ടികൾ വേറെയും. മീനാക്ഷിയുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെങ്കിലും അവൾക്ക് മാത്രം ഒരു ഉഷാറുണ്ടായിരുന്നില്ല.

ഒൻപതരയോടെ ക്ഷേത്രത്തിലേക്കും തുടർന്ന് വിവാഹമണ്ഡപത്തിലേക്കും പുറപ്പെട്ടു. ഭഗവാന് മുന്നിൽ ശൂന്യമായ മനസോടെ അവൾ നിന്നു, പ്രാർഥിക്കുകയാണെന്ന് നടിച്ചു.

വിവാഹമണ്ഡപത്തിൽ വധുവിനായുള്ള മുറിയിൽ ബ്യൂട്ടീഷൻ മുഖത്ത് അവസാന മിനുക്കുപണി നടത്തിക്കൊണ്ടിരിക്കവേ അവൾക്ക് വല്ലായ്മ തോന്നി, എന്തോ നടക്കാൻ പാടില്ലാത്തത് സംഭവിക്കുന്ന പോലൊരു ഭീതി അവളുടെ ഉള്ളിൽ പടർന്നു.

അൽപനേരം കഴിഞ്ഞപ്പോൾ മുറിയിലുണ്ടായിരുന്നവരൊക്കെ ഒന്നൊന്നായി കൊഴിഞ്ഞു പോവാൻ തുടങ്ങി, ഒപ്പം അടക്കം പറച്ചിലും, ഒടുവിൽ ആരിൽ നിന്നോ മീനാക്ഷിയും അതറിഞ്ഞു. കല്യാണച്ചെക്കൻ ഒരു കത്തുമെഴുതി വച്ച് കാമുകിയോടൊപ്പം പോയത്രേ…. അവൾക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല, എങ്കിലും അവൾ കരഞ്ഞില്ല.

മണ്ഡപത്തിൽ തളർന്നിരിക്കുന്ന അച്ഛനെ കണ്ടു മീനാക്ഷിയുടെ ചങ്കൊന്ന് പിടഞ്ഞു, എനിക്ക് വിഷമോന്നും ഇല്ലച്ഛാ… അല്ലേലും എനിക്കീ കല്യാണത്തിൽ ഇഷ്ടം ഉണ്ടായിരുന്നില്ല ന്ന് വിളിച്ചു പറയണമെന്ന് തോന്നി. പക്ഷെ തൊണ്ടയിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല.

മീനാക്ഷി മൗനമായി അച്ഛനരികിൽ ചേർന്നു നിന്നു, ആ കൈകൾ അവളെ വട്ടം പിടിച്ചപ്പോൾ തനിക്ക് വേറെ ആരും വേണമെന്നില്ല എന്നൊരു തോന്നലായിരുന്നു.

“മോൾക്ക് സങ്കടം ഉണ്ടോ….”

അച്ഛന്റെ സ്വരം ഇടറിയിരുന്നു.

“എനിക്കെന്റെ അച്ഛൻ കൂടെയുള്ളപ്പോൾ എന്തിനാ സങ്കടം…..”

മീനാക്ഷി ഒന്നുകൂടി ആ നെഞ്ചോട് പറ്റിച്ചേർന്നു. ആ കൈകളിൽ അവളെന്നും സുരക്ഷിതയാവുമെന്ന ഉറപ്പോടെ…..

💗💗💗💗💗💗💗💗💗

ഏതൊരു പ്രതിസന്ധിയിലും കൈവിടാതെ ചേർത്തുനിർത്തുന്ന, ആശ്വസിപ്പിക്കുന്ന, ധൈര്യം പകരുന്ന മാതാപിതാക്കളാണ് എല്ലാ മക്കളുടെയും ജീവിതത്തിലെ പുണ്യം

Leave a Reply

Your email address will not be published. Required fields are marked *