അവളെ കെട്ടിയാൽ കൊടുക്കാൻ ആഗ്രഹിച്ച പലതും അവളെ പ്രേമിച്ച കാമുകന്മാർ ആറ്റിൽ ഒഴുക്കി. ഒരുനാൾ….

Story written by MIDHILA MARIYAT

” എടാ റീത്ത ആത്മഹത്യക്ക് ശ്രമിച്ചു. “

കൂട്ടുകാരൻ പറഞ്ഞത് കേട്ടത് അലക്സ് ചാടി എഴുന്നേറ്റു. കവലയിലെ ആൽമരത്തിന്റെ ചുവട്ടിൽ ജിതിനോട് തമാശ പറഞ്ഞു ഇരിക്കുമ്പോള് ആണ് അരുൺ ആ ഞെട്ടിക്കുന്ന വാർത്ത പറഞ്ഞത്.

” വാട്ട്…അവക്കെന്താ പ്രാന്താണോ? “

കൂട്ടുകാരൻ പാതി കളിയായും കാര്യമായും അവനോഡായി പറഞ്ഞു.

” അതെടാ നീയെന്ന ഭ്രാന്ത്. “

അലക്സി ന് ദേഷ്യവും ഭീതിയും ഒരേ സമയം ഉണ്ടായി. നഗരത്തിലെ പ്രമുഖനും പ്രമാണിയുമായ സാമുവൽ ജോണിന്റെ മകൾ തന്റെ ജൂനിയറായ റീത്ത ഡിഗ്രീ ചേർന്ന ആദ്യ വർഷം തന്നെ തന്നോട് പ്രണയം തുറന്നു പറഞ്ഞു. പക്ഷേ തനിക്ക് പ്രണയമോ അതിന്റെ ചാപല്യങ്ങളോ ഒന്നിനും പിന്നാലെ പോകാൻ താൽപര്യം ഇല്ലായിരുന്നു. പല തവണ തുറന്നു പറഞ്ഞതും ആണ്. ഇന്നലെ കോളേജിൽ തന്റെ അവസാന ദിവസം ആയിരുന്നു. അപ്പോഴും അവള് വന്നിരുന്നു. കാശുകാരി പെണ്ണിന്റെ അഹങ്കാരമാണ് അവളിൽ എനിക്ക് പലപ്പോഴും കാണാൻ കഴിഞ്ഞത്. കണ്ണുകളിൽ പ്രണയത്തിന്റെ ലാഞ്ജന തീരെയില്ലാത്ത പ്രണയാഭ്യർത്ഥന തള്ളിക്കളഞ്ഞത് അവളുടെ അഹങ്കാരത്തിന് ഒരു അടി ആകട്ടെ എന്ന് ഓർത്തിട്ട്‌ ആയിരുന്നു. സ്വന്തം ജീവൻ കൊണ്ട് എനിക്ക് മറുപടി തരുമെന്ന് പറഞ്ഞത് ഞാനും കൈക്കൊണ്ടില്ലാ. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോൾ രണ്ടും കല്പിച്ചു അവളെ കാണാൻ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചു. ജിതിനും അരുണും എതിർത്തു. അവളുടെ അപ്പന്റെ സ്വഭാവം എല്ലാർക്കും അറിയുന്നതാണ്. അലക്സ് പറഞ്ഞു.

” അവളുടെ അപ്പൻ മിക്കവാറും എന്നെ പോക്കും. അതിനു മുൻപ് അങ്ങോട്ട് ഒന്ന് ചെന്നു കണ്ട് സംസാരിക്കാം. “

ഇവിടെ നിന്നോ വന്ന ധൈര്യത്തിൽ മീശ പിരിച്ച് കൊണ്ട് കൂട്ടുകാരെ നോക്കി അവൻ പറഞ്ഞു.

നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയിൽ തന്നെ ആയിരുന്നു അവളെ അഡ്മിറ്റ് ചെയ്തിരുന്നത്. റിസപ്ഷനിൽ ചോദിച്ചു മുറി കണ്ട് പിടിച്ചു. അലക്സ് ചെല്ലുമ്പോൾ റൂമിൽ റീത്തയുടെ പോലീസ് കമ്മീഷണർ ഉണ്ടായിരുന്നു. അയാള് എന്തൊക്കെയോ ചോദിച്ചപ്പോൾ മറുപടി പറയാതെ മരുവശത്തെക്ക് മുഖം തിരിച്ചു കണ്ണീർ ഒഴുക്കി കിടക്കുകയാണ് അവള്. അലക്സിനേ കണ്ടതും കടുപ്പത്തിൽ ആരാണെന്ന് ആരാഞ്ഞു. കൂട്ടുകാരൻ ആണെന്നും അവളുടെ അവസ്ഥ അറിഞ്ഞപ്പോൾ കാണാൻ വന്നത് ആണെന്നും പറഞ്ഞു. റീത്ത അവനേക്കണ്ട് അത്ഭുതത്തോടെ നോക്കി. കണ്ണുകൾ കണ്ണീരൊഴുക്കി കവിളിൽ ചാലുകൾ ഉണ്ടായിരുന്നു. കമ്മീഷണർ അവനെ വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. അലക്സ് ഒരുവേള സംശയിച്ചു. പിന്നെ അയാൾക്കൊപ്പം പുറത്തിറങ്ങി. കമ്മീഷണർ ചോദിച്ചു

“എന്താ തന്റെ പേര്? “

” അലക്സ്, അലക്സ് മാത്യു.”

വിക്കി വിക്കി പറഞ്ഞു. അയാള് ചിരിച്ചുകൊണ്ട്.

” പേടിക്കണ്ടാ അലക്സ്. ഞാൻ അവളുടെ അമ്മാവൻ ആണ്. നിങ്ങള് നല്ല ക്ലോസ് ഫ്രണ്ട്സ് ആണോ?”

“അങ്ങനെ ഒന്നും ഇല്ല അങ്കൾ. അവളെ കോളേജിൽ ചേർന്നപ്പോൾ മുതൽ അറിയാം. നല്ല സുഹൃത്തുക്കൾ ആണ്. “

ദീർഘ നിശ്വാസം വിട്ടുകൊണ്ട് അയാള് തുടർന്നു.

” ഇന്നല്ലെങ്കിൽ നാളെ അവള് ഇത് ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു. “

ഇത്തവണ അലക്സ് ശെരിക്കും ഞെട്ടി. അയാള് തുടർന്നു.

” അവള് ഒരു കുഞ്ഞു കുറുമ്പിയാ. നിങ്ങളൊക്കെ നോക്കുമ്പോൾ അഹങ്കാരിയും. പക്ഷേ അവളുടെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നത് ആരും അറിഞ്ഞിട്ടില്ല. ഞാൻ ഒഴിച്ച്. എന്റെ പെങ്ങടെ മകൾ ആണ് റീത്ത. പെങ്ങളും ഭർത്താവും ബന്ധം വേർപെടുത്തി ഇല്ലെന്നെ ഒള്ളൂ. രണ്ട് ധ്രുവങ്ങളിൽ ആയിട്ടാണ് ജീവിതം. കുഞ്ഞുന്നാളിൽ മുതൽ അവൾക്ക് ഒറ്റപ്പെട്ട് ജീവിച്ച്, വാശി പിടിച്ചത് എല്ലാം സ്വന്തമാക്കി ശീലമായി. നീ നോക്ക് അവളുടെ അപ്പനോ അമ്മയോ ഇപ്പൊ ഇവിടെ ഉണ്ടോ. വരില്ല. അഹങ്കാരി മകൾ മരിച്ചാലും അവൾക്കും ഭർത്താവിനും ഒന്നുമില്ല. രണ്ട് പേരും പരസ്പരം പഴിചാരി കുഞ്ഞിനെ ഒറ്റക്ക് ആക്കി. “

അവളെ പറ്റി കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൻ നിന്നു.

” ഇന്ന് കുഞ്ഞിന്റെ പിറന്നാളാണ്. അവര് രണ്ടും ഒന്നു വിളിച്ചത് പോലും ഇല്ലാ. മോൻ അവളോട് ഒന്ന് സംസാരിക്കണം. അവളുടെ മനസ്സിന് അല്പം സമാധാനം കിട്ടും. “

ഇത്രയും പറഞ്ഞു കമ്മീഷണർ അങ്കിൾ റീത്തയോട് യാത്ര പറഞ്ഞു നിന്നും പോയി. അന്ന് ആദ്യമായി അവളെ കണ്ടപ്പോൾ അവന് പാവം തോന്നി. തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരിക്കുന്ന അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കാൻ കഴിയും എന്ന് അവൻ ആലോചിച്ചു കൊണ്ട് ഇരുന്നു. അവളുടെ കട്ടിലിനു അടുത്തായി കസേര വലിച്ചിട്ട് ഇരുന്നു. താടിക്ക് കൈ കൊടുത്ത് അവളെ നോക്കിയിരുന്നു. വല്ലാതായ പോലെ അവള് അവന്റെ മുഖത്തേക്ക് കൈകൊണ്ട് ‘ പോ ‘ എന്ന് ആംഗ്യം കാണിച്ചു. അവൻ അവളോടായി പറഞ്ഞു.

” ഡോ, താൻ തന്റെ അമ്മാവനോഡ്‌ എന്നെപ്പറ്റി പറഞ്ഞില്ലേ? “

ഇല്ലെന്നവൾ ചുമൽ കുലുക്കി കണ്ണുകൾ അടച്ചു പറഞ്ഞു. നെഞ്ചില് കൈവച്ചുകൊണ്ട് അവൻ ‘ ഭാഗ്യം ‘ എന്ന് പറഞ്ഞു ചിരിച്ചു. അവളും ഒപ്പം ചിരിച്ചു. അവന്റെ മുഖം അല്പം കൂടി സീരിയസ് ആയി. അവളെ നോക്കി.

” തനിക്ക് ഞാൻ ഒരു പഴയ റൊമാന്റിക് കഥ പറഞ്ഞു തരട്ടെ. “

” അപ്പോ കലിപ്പന് റൊമാന്റിക് കഥയൊക്കെ അറിയാലെ? ” അവള് കളിയാക്കി ചിരിച്ചു.

” അങ്ങനെ കലിപ്പൻ എന്ന് മൊത്തത്തിൽ ജഡ്ജ് ചെയ്യണ്ട. അത്യാവശ്യം കാര്യങ്ങള് നമ്മക്ക് അറിയാം. താൻ കഥ കേൾക്കു. “

അവള് അവനിലെ മാറ്റം വിശ്വസിക്കാൻ കഴിയാതെ ശരി എന്ന ഭാവത്തിൽ കഥ കേൾക്കാൻ ഇരുന്നു.

” പണ്ട് വളരെ പണ്ട് ഒരു കൊച്ചു ഗ്രാമത്തിൽ ഒരു മുത്തശ്ശനും മുത്തശ്ശിയും ഒരു സുന്ദരി പെൺകുഞ്ഞിനെ വളർത്തിയിരുന്നു. അവള് അതി ബുദ്ധിശാലിയും മിടുക്കിയും സർവോപരി സുന്ദരിയും. വളരും തോറും നാടിനും വീടിനും വേണ്ടപ്പെട്ട പ്രിയമകൾ ആയിമാറി. അവള് നാടിന്റെ പേര് നാല് ദിക്കിലും പരത്തുമെന്ന് മുത്തശ്ശനും മുത്തശ്ശിയും വിശ്വസിച്ചു. എന്നാലോ അവളോ തന്നെ പ്രണയപൂർവം നോക്കിയ വായിനോക്കികളുടെ കണ്ണുകൾ വെട്ടിച്ച് സുന്ദരനും നാട്ടിലെ പ്രമുഖ കവിയുമായ ഒരാളെ പ്രേമിച്ചു. ഇരുവരും ഒരു സുപ്രഭാതത്തിൽ നാടുവിട്ടു. വീട്ടുകാരും നാട്ടുകാരും കാലങ്ങൾ കണ്ണീർ വാർത്തു. അവളെ കെട്ടിയാൽ കൊടുക്കാൻ ആഗ്രഹിച്ച പലതും അവളെ പ്രേമിച്ച കാമുകന്മാർ ആറ്റിൽ ഒഴുക്കി. ഒരുനാൾ അവളും ഒക്കത്തൊരു കൊച്ചു കുഞ്ഞും ആ നാട്ടിലേക്ക് തിരിച്ചു വന്നു. ഓജസ്സും തേജസ്സും നഷ്ടപ്പെട്ട അവളെയും അവളുടെ കൊച്ചു കുഞ്ഞിനേയും മുത്തശ്ശനും മുത്തശ്ശിയും സ്വീകരിച്ചു. കവി മറ്റൊരു പെണ്ണിന്റെ കുറച്ചു കൂടി നല്ല ‘ കവിത ‘ കണ്ടപ്പോൾ അവളെ ഉപേക്ഷിച്ചു പോയി. പുതിയ പല കവിതകളും രചിച്ചുകൊണ്ടെ ഇരുന്നു. “

” അലക്സ് ഇതിൽ എവിടെയാ റൊമാൻസ്. “

കഥയുടെ അവസാനം ഇഷ്ടമാകാതെ അവള് ചോദിച്ചു.

” ശോ, പ്രധാന കാര്യം പറയാൻ വിട്ടു. റൊമാൻസ് അല്ലേ. ഈ കവികൾ സ്വപ്ന ജീവികൾ ആണല്ലോ. അപ്പോ ഒരിക്കൽ കവലയിൽ കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞു ഇരിക്കുന്ന അവന്റെ മുന്നിലൂടെ അവള് പോയി. പ്രണയികൾ അല്ലേ, പ്രേയസി നോക്കാതെ ഇരുന്നപ്പോൾ വിഷമം കൊണ്ട് ബീപി കൂടി കാമുകൻ ദേ കിടക്കുന്നു താഴെ. അതോടെ പ്രേമം നാട്ടിൽ പാട്ടായി. “

അവള് മുഖം വീർപ്പിച്ചു.

” സോ മോറൽ ഓഫ് ദ്‌ സ്റ്റോറി ഇസ്, പ്രണയം അത് വിശപ്പും ദാഹവും പോലെ ഒരു വികാരം മാത്രം ആണ്. അതിനു വേണ്ടി ജീവൻ എന്ന അമൂല്യ നിധി നമ്മൾ ആയിട്ട് നശിപ്പിക്കരുത്. താൻ മരിച്ച് പോയിരുന്നേൽ എനിക്ക് ഒരിക്കലും ഒരു നഷ്ടം ഉണ്ടാകില്ല. ഞാൻ കല്യാണം കഴിക്കും, ജീവിക്കും. പക്ഷേ തനിക്കോ. ഒന്ന് ഓർത്തോ പ്രണയം എല്ലാവർക്കും ഉണ്ടാകണം. അത് ഒരു മനുഷ്യനോട് തന്നെ വേണം എന്ന് വാശി പിടിക്കരുത്. ജീവിതത്തോടും സ്വപ്നങ്ങൾക്കും പ്രാധാന്യം കൊടുത്ത് നോക്ക്. നീ ഹാപ്പി ആയിരിക്കും. നമുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം. പ്രണയവും വിവാഹവും ഒക്കെ എനിക്ക് സെറ്റ് ആകില്ല. അമ്മയുടെ ഇഷ്ടം മാത്രമേ എനിക്കുള്ളൂ. അമ്മ കാണിച്ചു തരുന്ന പെണ്ണിനെ അതിനി നീ ആയാലും ഞാൻ കെട്ടും. മനസ്സിലായോ. “

അവസാനം പറഞ്ഞത് അവളെ ചിന്തിപ്പിച്ചു. താൻ എന്തൊരു മണ്ടി ആണ്. ആവശ്യമില്ലാതെ ഓരോന്ന് ചെയ്തു കൂട്ടി. അലക്സിനേ നോക്കി അവള് പറഞ്ഞു.

” അലക്സ് താൻ കരുത്തും പോലെ വെറും വാശി അല്ലാ എന്റെ പ്രണയം. പക്ഷേ താൻ പറഞ്ഞത് എനിക്ക് മനസ്സിലാകും. ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കും. എന്നിട്ട് തനിക്ക് മുന്നിൽ വരും. അന്ന് ഈ പ്രണയം എന്നിൽ ബാക്കിയുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ആരും ഇല്ലെങ്കിൽ എനിക്കൊരു അവസരം തരുമോ? “

അവൻ അവളെ നോക്കി ചിരിച്ചു.

” ഉറപ്പില്ല റീത്ത. എനിക്കെന്റെ അമ്മയാണ് മുഖ്യം. അമ്മ ആഗ്രഹിക്കുന്നത് തന്നെപ്പോലെ ഒരു കുട്ടി അല്ലാ. അത് ഉറപ്പാണ്. അങ്കിൾ എന്നോട് തന്റെ വീട്ടിലെ കാര്യം എല്ലാം പറഞ്ഞു. നമ്മുടെ ജീവിതത്തിൽ ഉള്ള ദുഃഖങ്ങൾ നമുക്ക് മോട്ടിവേഷൻ ആയി എടുക്കണം. നമ്മൾ ഇങ്ങനെ ആയത് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ. തിരിച്ചറിഞ്ഞു കൊണ്ട് നമ്മൾ കൂടുതൽ നന്മ ഉള്ളവര് ആകണം. പോട്ടെന്ന് വെക്കണം. നീ വിചാരിച്ചാൽ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയും. നിനക്ക് ജീവിതത്തിൽ കിട്ടിയ ഈ രണ്ടാം അവസരം നന്നായി ഉപയോഗിക്കൂ. നന്നായി വരും. ബൈ ദ വേ, ഹാപ്പി ബെർത്ത്ഡേ”

അതും പറഞ്ഞു അവൻ ഇറങ്ങാൻ തുടങ്ങി. അവള് അവന്റെ കയ്യിൽ പിടിച്ചു നിർത്തി.

” കഥയിലെ നായിക അലക്‌സിന്റെ അമ്മ അല്ലേ? “

” അതേ. അതുകൊണ്ട് തന്നെ പ്രണയത്തിൽ എനിക്ക് വിശ്വാസമില്ല. നീ നന്നായി പഠിക്ക്‌. എന്റെ പിന്നാലെ നടന്നോ എനിക്ക് വേണ്ടി ജീവിതമോ ജീവനോ കളയരുത്. “

അവൻ പുഞ്ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.

‘ പ്രണയം കാലത്തിനും പണത്തിനും കാമത്തിനും അപ്പുറം ഉള്ള ഒരു വികാരമാണ് എന്ന് നിന്നെ സ്വന്തമാക്കി നിന്റെ നല്ല പാതിയായി ഞാൻ തെളിയിക്കും അലക്സ് ‘

അവള് മനസ്സിൽ ഉറപ്പിച്ചു. കണ്ണുകൾ തുടച്ചു. അവൻ പോയ വഴിയേ നോക്കി ഇരുന്നു.