പ്രണയവും അവൾക്ക് പിന്നാലെ ധാരാളമുണ്ടാകാറുണ്ടായിരുന്നു, പൂവിനുചുറ്റും പാറിനടക്കുന്ന വണ്ട്പോലെ കാമുകഹൃദയങ്ങൾ അവൾക്ക് പിന്നാലെ ചുറ്റിതിരിയാറുണ്ടായിരുന്നു…

എഴുത്ത്: ഭാഗ്യ ലക്ഷ്മി

“നിങ്ങൾക്ക് എന്നെക്കുറിച്ച് എന്തറിയാം….. ഒന്നും അറിയില്ല, ഞാൻ ആയി ആരെയും ശല്യം ചെയ്യാൻ വരുന്നില്ലല്ലോ, എന്നെ എന്റെ പാട്ടിനുവിട്ടേക്ക്…..”

ലാലുവിന് നേരെ കയർത്തു സംസാരിച്ച് ഒന്നു തിരിഞ്ഞു പോലും നോക്കാതെ ദക്ഷ നടന്നകന്നു, വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ വളരെ ബുദ്ധിമുട്ടി ആ കോളേജ് വരാന്തയിൽ കൂടി നടന്നുപോകുന്ന അവളെ നോക്കി നിന്ന ലാലുവിന്റെ മനസ്സിനെ വല്ലാത്തൊരു വിങ്ങൽ പിടികൂടി, ദക്ഷ ഇങ്ങനെയൊന്നും ആയിരുന്നില്ല. അവനോർത്തു….

ആരെയും കൂസാത്ത പ്രകൃതമായിരുന്നു അവൾ, വാശിയും തന്റേടവും അവളുടെ കൈമുതലായിരുന്നു, അഹങ്കാരം ഒരു അലങ്കാരമാക്കിയവൾ. ‘പെണ്ണെന്നാൽ അടക്കവും ഒതുക്കവും ഉണ്ടായിരിക്കണം’ എന്ന പെൺസങ്കല്പത്തിന്റെ മുഖ്യ എതിരാളി തന്നെയായിരുന്നു ദക്ഷ, ശരിക്കുമൊരു പെൺപുലി…

എങ്കിലും അവൾ ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു, കോളേജിലെ ജൂനിയർ സ്റ്റുഡന്റ് ആയിരുന്നിട്ടു കൂടി അവളെ അറിയാത്തവരായി ആ കോളേജിൽ തന്നെ ആരുമുണ്ടായിരുന്നില്ല. കോളേജിലെ അവളുടെ ആദ്യദിനം തന്നെ എല്ലാവരുടെയും മനസ്സ് കവർന്നവൾ, എന്റെ ഹൃദയത്തിൽ കൂടുകൂട്ടിയവൾ….ലാലുവിനെ ഓർമ്മകൾ നാളുകൾ പിന്നിലേക്ക് കൂട്ടികൊണ്ട് പോയി….

കോളേജ് പ്രവേശനോൽസവം…,

അന്നായിരുന്നു ഞാൻ അവളെ ആദ്യമായി കണ്ടത്, ഏതോ ഒരു അടിച്ചുപൊളി പാട്ടിന് മുദ്രകൾ ചേർത്ത് ചുവട് വയ്ക്കുന്ന അവളെ ഞാൻ ഏറെ കൗതുകത്തോടെ നോക്കി നിന്നുപോയിട്ടുണ്ട്.

സീനിയേർസിനോട്‌ ഒരിക്കലും ബഹുമാനത്തോടെ, അമിതവിനയത്തോടെ അവൾ പെരുമാറി കണ്ടിട്ടില്ല. അവളുടെ സംസാരത്തിൽ എപ്പോഴും ഒരു തന്റേടമുണ്ടായിരുന്നു, ഒരു കുട്ടിത്തമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ അവളെ എല്ലാർക്കും കാര്യവുമായിരുന്നു. ദക്ഷയോട് എല്ലാവർക്കും ഒരു പ്രത്യേക താല്പര്യമായിരുന്നു.

പ്രണയവും അവൾക്ക് പിന്നാലെ ധാരാളമുണ്ടാകാറുണ്ടായിരുന്നു, പൂവിനുചുറ്റും പാറിനടക്കുന്ന വണ്ട്പോലെ കാമുകഹൃദയങ്ങൾ അവൾക്ക് പിന്നാലെ ചുറ്റിതിരിയാറുണ്ടായിരുന്നു, ദക്ഷ തമാശരൂപത്തിലോ അല്പം കർക്കശമായോ അവരുടെ പ്രണയത്തെ നിരസിക്കുന്നതും പതിവായിരുന്നു. എന്റേതൊഴികെ….

എന്നോട് മാത്രം അവൾ കുറുമ്പ് കാട്ടി, എന്റെ പ്രണയം മാത്രം അവൾ നിരസിച്ചില്ല, എന്നോട് മാത്രം ദേഷ്യം കാട്ടിയില്ല, പക്ഷെ എന്റെ ഇഷ്ടം അവൾ സ്വീകരിച്ചതുമില്ല. ഞാൻ പിന്നാലെ ഉണ്ടെന്നുള്ളതും അവൾക്ക് സന്തോഷമുള്ളത് പോലെനിക്ക് തോന്നി.

ജീവിതത്തിൽ സന്തോഷം മാത്രമാകുമ്പോൾ ദൈവത്തിന് അതിഷ്ടമാകില്ലെന്ന പോലെ, ജീവിതത്തിലെ നല്ല നാളുകൾക്ക് മേലെ ദൈവം കരിനിഴൽ വീഴ്ത്തി.

അവധിക്കാലം ആഘോഷിക്കാനായ് ഊട്ടിക്ക് കുടുംബത്തോടെ പോയതായിരുന്നു അവൾ, അവളെ അവസാനമായ് കളിചിരിയോടെ കണ്ടതും അന്നായിരുന്നു. പോകുന്ന വഴിയിൽ കാർ ആക്‌സിഡന്റ് ആയ് അച്ഛനും അമ്മയും അനിയനും മരണപ്പെട്ടു, ഗുരുതരമായ പരിക്കുകളോടെ ദക്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണ് തുറന്നവൾ ആദ്യം അന്വേഷിച്ചത് തന്റെ കുടുംബത്തെയാണ്, ഇനിയവർ ഒരിക്കലും തന്റെ കൂടെയുണ്ടാവില്ലെന്ന തിരിച്ചറിവ് അവളെ മാനസികമായ് തളർത്തി. കാലിൽ ഗുരുതരമായ പരിക്കുകൾ പറ്റിയത് കൊണ്ട് ഇനി നടക്കുക തന്നെ പ്രയാസമാണെന്ന് ഡോക്ടർ കൂടി പറഞ്ഞതോടെ ദക്ഷ ആകെ തകർന്നു, ചിലങ്കയെ തന്റെ ജീവവായുവായി കരുതിയവൾക്ക് ഇപ്പൊ നടക്കാൻ പോലും ത്രാണിയില്ല എന്ന അവസ്ഥ ദക്ഷയെ പാടെ മാറ്റിക്കളഞ്ഞു….

പക്ഷെ ദക്ഷ വിധിയോട് തോറ്റു പിന്മാറാൻ തയ്യാറാകുമായിരുന്നില്ല, വെറും വീൽചെയറിൽ തന്റെ ജീവിതം ഒതുക്കിതീർക്കാൻ അവൾ ഒരുക്കമല്ലായിരുന്നു, അവളുടെ മനനിശ്ചയം ഒന്നുകൊണ്ട് മാത്രമാണ് സ്റ്റിക്കിന്റെ സഹായത്തോടെയെങ്കിലും അവൾക്കിപ്പോ നടക്കാനെങ്കിലും കഴിയുന്നത്,

പക്ഷെ, അവളുടെ സമീപനത്തിൽ മാറ്റം വന്നു, എല്ലാരോടും.. കൂട്ടത്തിൽ എന്നോടും. പഴയ പ്രസരിപ്പ് നഷ്ടപ്പെട്ട അവളെ എല്ലാരും സഹതാപത്തിന്റെ കണ്ണുകളിലൂടെ നോക്കി.

നൃത്തത്തിന്റെ ലോകത്ത് ഒരു ചിത്രശലഭത്തെ പോലെ പാറികളിക്കാൻ ആഗ്രഹിച്ച അവൾക്ക് ഇന്ന് നടക്കാൻ പോലും പ്രയാസം, ആ ചിന്ത അവളിൽ എല്ലാത്തിനോടും വെറുപ്പ് ജനിപ്പിച്ചു.

“നിന്നെ മാറ്റിയെടുക്കാൻ എനിക്ക് കഴിയും…. പഴയ കാന്താരിപ്പെണ്ണായി…. എന്റെ പെണ്ണായി….”

നടന്നു നീങ്ങുന്ന ദക്ഷയെ നോക്കി ആത്മഗതമെന്നൊണം ലാലു പറഞ്ഞു, ചുണ്ടിൽ ഒരു ചെറുചിരിയോടെ തിരിഞ്ഞു നടക്കുമ്പോൾ അവൻ ജീവിതത്തിൽ ചില കൂട്ടികിഴിക്കലുകൾ നടത്തുകയായിരുന്നു…..

നാളുകൾക്കിപ്പുറം, ദക്ഷ രണ്ട് കുഞ്ഞിക്കാലുകൾക്ക് പിന്നാലെ പായുന്നത് ഉമ്മറപ്പടിയിലിരുന്ന് ചിരിയോടെ നോക്കുന്നുണ്ടായിരുന്നു ലാലു. ഇപ്പോൾ അവളുടെ കണ്ണിൽ വെറുപ്പിന്റെ കണിക ലേശം പോലുമില്ല, പകരം ജീവിതത്തിന്റെ മായകാഴ്ചകൾ മാത്രം.

കുഞ്ഞിക്കാലുകളിൽ കിലുങ്ങുന്ന ചിലങ്കയൊച്ചയും ദക്ഷയുടെ ചിരിയും സംഗീതമായ് ലാലുവിന്റെ കാതുകളിൽ ഒഴുകിയെത്തി…..

Leave a Reply

Your email address will not be published. Required fields are marked *