അവളുടെ വിയർപ്പിന്റെ മണവും കാച്ചെണ്ണയുടെ മണവും കൂടി കലർന്ന അവളുടേതായ ഒരു മണം എന്നെ ഒരു യന്ത്രം കണക്കെ മുന്നോട്ട് നടത്തി…

Story written by ABDULLA MELETHIL

അനുവും കുട്ടികളും വന്നില്ലല്ലേ..ഇപ്രാവശ്യത്തെ ലീവിനും അവർ കൂടെ വരുന്നില്ല എന്നറിയാമായിരുന്നിട്ടും വീട്ടിലേക്ക് കയറിയ ഉടനെ ഹരിയോട് അമ്മ ചോദിച്ചത് അനുവിനെയും കുട്ടികളെയും ആയിരുന്നു

അവൾ ജനിച്ചതും വളർന്നതും ഗൾഫിൽ ആയിരുന്നില്ലേ അമ്മേ അവൾ ഇല്ലാതെ വരാൻ ഉള്ള പ്രായം കുട്ടികൾക്ക് ആയിട്ടുമില്ല പിന്നെ കൂടെ വരാൻ ഞാൻ നിർബന്ധിച്ചുമില്ല അവസാന വാക്കുകൾ പറഞ്ഞപ്പോൾ പഴയ ഉത്തരത്തിന്റെ ഓർമ്മയിൽ തല ഒന്ന് കുനിച്ചാണ് ഹരി ഉമ്മറത്തേക്ക് കയറിയത്..

കഴിഞ്ഞ പ്രാവശ്യം അവർ യാത്ര ചെയ്യാനുള്ള പ്രായം ആയിട്ടില്ല അമ്മേ എന്നൊക്കെ പറഞ്ഞൊഴിഞിരുന്നു ഇരട്ട കുട്ടികളാണ് ഒരാൾക്ക് അസുഖം വന്നാൽ രണ്ട് പേർക്കും വരും എന്നൊക്കെ വിശദീകരിച്ചപ്പോൾ അമ്മക്ക് തൃപ്തിയായി..

അച്ഛൻ പെട്ടികൾ അകത്തേക്ക് എടുത്ത് വെക്കുന്നതിനിടയിൽ ചോദിച്ചു യാത്രയൊക്കെ സുഖമായിരുന്നില്ലേ

അച്ഛൻ പണ്ടും അങ്ങനെയാണ് ഏത് കാര്യങ്ങളുടെയും ആഴം മനസ്സിലാക്കിയേ സംസാരിക്കൂ ഇപ്രാവശ്യം വരുമ്പോൾ അനുവിനെയും കുട്ടികളെയും കൂടെ കൊണ്ട് വരാൻ താൻ ആവുന്നതും ശ്രമിച്ചിരിക്കും എന്നൊക്കെ അച്ഛൻ മനസ്സിലാക്കിയിരിക്കാം

ഗൾഫിൽ ജനിച്ചു വളർന്ന കുട്ടി ആണെന്ന് കണ്ടാൽ പറയില്ല നല്ല അടക്കവും ഒതുക്കവും ഉള്ളൊരു കുട്ടി അനുവിന്റെ വിവാഹ ആലോചന വന്നപ്പോൾ അത് നമുക്ക് ശരിയാകില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ..

ഹരി മാത്രേ ഉള്ളൂ..അവളെയും കുട്ടികളെയും കൊണ്ട് വന്നില്ലേ?

അടുക്കള ഭാഗത്ത് നിന്ന് കേട്ട ശബ്ദം ശരിക്കും മനസ്സിലായി നാണിയമ്മ അമ്മ തന്റെ പേരകുട്ടികളെ തന്റെ ആയുസ്സ് ഒടുങ്ങും മുമ്പ് കാണാൻ കഴിയണം എന്ന പ്രാർത്ഥന മാത്രമേയുള്ളൂ എന്ന് പറഞ്ഞു നെടുവീർപ്പ് ഇടുന്നത് വരെ നാണിയമ്മ കുട്ടികളുടെ കാര്യങ്ങൾ ചോദിച്ചിരിക്കും..

ഹരി എന്നെ ഒന്ന് മനസ്സിലാക്കൂ കല്ല്യാണം കഴിഞ്ഞ ശേഷമുള്ള പത്ത് ദിവസം തന്നെ നാട്ടിൽ കഴിഞ്ഞു കൂടിയത് എനിക്ക് ഓർക്കാൻ പറ്റുന്നില്ല. കുഞ്ഞുങ്ങൾക്കും അവിടത്തെ അന്തരീക്ഷം പിടിക്കില്ല പാതിയിലേറെ ഇംഗ്ലീഷിലും മുറി മലയാളത്തിലും അവളത് പറഞ്ഞപ്പോൾ മുഴുവൻ ഇംഗ്ലീഷിൽ അവളുടെ ഡാഡിയും അവളെ പിന്തുണച്ചു..Hari be practical….

എന്ത് ചൂടാണ് ഹരിയെ ഇവിടെ ഗൾഫിനെക്കാളും ചൂട് ഇപ്പോൾ നാട്ടിലാണ് നാണിയമ്മ ഉമ്മറത്തേക്ക് അതും പറഞ്ഞു വരുമ്പോൾ ഹരി പതിയെ അകത്തേക്ക് നടന്നു..

അമ്മു കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഇവിടെ വന്നിരുന്നു നിന്റെ വിവരങ്ങൾ ഒക്കെ ചോദിച്ചു ചോറ് വിളമ്പി തരുമ്പോൾ അമ്മ പറഞ്ഞു നാല് വർഷത്തിന് ഇടക്ക് മൂന്നോ നാലോ പ്രവശ്യമേ അവൾ ആകെ നാട്ടിലേക്ക് വന്നിട്ടുള്ളൂ..അവളുടെ കെട്ടിയോൻ പട്ടാളത്തിൽ ആണല്ലോ ലീവ് ഒക്കെ കുറവാണെത്രെ

ഹരി ഒന്ന് മൂളി…

അഴിച്ചിട്ട നീണ്ട തല മുടിയും നെറ്റിയിൽ ഒരു ചന്ദന കുറിയും ദാവണിയും ഇട്ടൊരു കൗമാരക്കാരി നുണ കുഴി ചിരിയോടെ മുന്നിൽ വന്ന്നിന്നു..

ഹരിയേട്ടാ ഏട്ടന് ഇഷ്ടമുള്ള വളകൾ വാങ്ങിച്ചോളൂ അമ്മു അണിയും തറവാടിന് അടുത്തുള്ള ഉത്സവത്തിന് വള വാങ്ങിക്കാൻ വീട്ടിൽ ബഹളം ഉണ്ടാക്കിയത് തന്നെ തന്നോട് ഒത്ത് നടക്കാൻ ആയിരുന്നു

നല്ലോണം ഇരുട്ടി ഈ നേരത്ത് ഇനി പോകേണ്ട നാളെ രാവിലെ വാങ്ങിക്കാം അമ്മായി പറഞ്ഞു..

ഞാൻ ഹരിയേട്ടന്റെ കൂടെ പൊക്കോളാം അമ്മായി ഒരു പാതി സമ്മതം തന്നതും അവൾ തന്റെ കൈയ്യും പിടിച്ചു ഓടി..

അന്ന് അവൾ ഒരു പക്വതയുള്ളവളെ പോലെ സംസാരിച്ചു ഹരിയേട്ടനൊരു ജോലി ഉടനെ നോക്കണം ‘അമ്മക്ക് നമ്മുടെ ബന്ധം പണ്ടേ ഇഷ്ടമല്ല ഇപ്പോൾ ജോലിയിൽ കയറി പിടിച്ചു ഒഴിവാക്കാൻ ഉള്ള പരിപാടി ഉണ്ടോ എന്നൊരു സംശയം ഉണ്ട്

പൂര പറമ്പിൽ നിന്ന് ആളുകൾ ഒറ്റക്കും തെറ്റക്കും തിരികെ വരുന്നുണ്ട്. രണ്ട്പേർക്ക് കഷ്ടിച്ചു നടക്കാൻ കഴിയുന്ന ഒരു ഭാഗത്ത് വേലി കെട്ടി തിരിച്ച വഴിയിലൂടെ അമ്മു തന്നോട് ചേർന്ന് നടന്നു

അവളുടെ വിയർപ്പിന്റെ മണവും കാച്ചെണ്ണയുടെ മണവും കൂടി കലർന്ന അവളുടേതായ ഒരു മണം എന്നെ ഒരു യന്ത്രം കണക്കെ മുന്നോട്ട് നടത്തി..

വളയും മാലയും വാങ്ങി തിരികെ വരുമ്പോൾ നടത്തത്തിന്റെ വേഗത കുറഞ്ഞു കുറഞ്ഞു പലപ്പോഴും വഴിയിൽ നിൽക്കുന്ന തരത്തിലായി..

എനിക്ക് ഒരുമ്മ എങ്കിലും താ എന്റെ ഹരിയെട്ടാ വീടിന് അടുത്ത് എത്തുന്നതിന് മുമ്പുള്ള മാവിന് ചുവട്ടിൽ എത്തിയപ്പോൾ അവൾ കൈ പിടിച്ചു നിർത്തി..

ചുണ ഒലിച്ചിറങ്ങുന്ന മുത്തി കുടിക്കുന്ന ചെറിയ ചെറിയ മാങ്ങകൾ ആയിരുന്നു ആ മാവിൽ ഉണ്ടായിരുന്നത്. ഓരോ കാറ്റിനും ചരൽ എറിയുംപോലെ മാങ്ങകൾ നിലത്ത് വീണു..

ഹരിയേട്ടൻ മാങ്ങ കഴിച്ചിരുന്നോ…ഇപ്പോൾ ഇല്ലല്ലോ എന്തേ ഹരിയേട്ടന്റെ ചുണ്ടുകൾക്ക് ഈ മുത്തികുടിയൻ മാങ്ങയുടെ രുചി എന്നും പറഞ്ഞു അവൾ വീട്ടിലേക്കോടി കരിവളയുടെ കിലുക്കം അകന്നകന്ന് പോയി

അമ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു മനസ്സ് അമ്മുവിന് ചുറ്റും അലഞ്ഞു..

ഹരി റൂമിനുള്ളിൽ പോയി കിടന്നു..

ഹരിക്ക് പറയാൻ ഒരു ജോലി പോലുമില്ല ഇപ്പോ വന്നത് നല്ലൊരു ആലോചനയാണ് കുടുംബത്തിൽ ഒരു ബന്ധം ഉണ്ടാക്കാൻ എനിക്ക് താത്പര്യമില്ല അമ്മായി അച്ഛനോട്
പലതും പറഞ്ഞ കൂട്ടത്തിൽ ഇതും ഉണ്ടായിരുന്നു

അമ്മക്കും വല്ല്യ താത്പര്യം ഇല്ലായിരുന്നു. വീട്ടിലെ പണി ഒന്നും ചെയ്യില്ല ഒരു ചൂൽ എടുത്ത് ആ മുറ്റം അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അമ്മ അമ്മയുടെ നിലപാടും പറഞ്ഞപ്പോൾ അച്ഛൻ മാത്രം മൗനം പാലിച്ചു. പെങ്ങളുടെ മകൾ അല്ലേ ഗുണമോ ദോഷമോ അച്ഛൻ പറഞ്ഞില്ല..

അമ്മു അന്ന് കുറെ കരഞ്ഞു. ഷർട്ട് നനഞ്ഞു നെഞ്ചോട് ഒട്ടിയപ്പോൾ പതിയെ പിടിച്ചു മാറ്റി..

പിറ്റേന്ന് ഹരി ‘അമ്മ വീട്ടിലേക്ക് തിരിച്ചു അമ്മയെ കൂടെ വിളിച്ചെങ്കിലും അമ്മ വന്നില്ല അമ്മുവിന്റെ കല്ല്യാണം കഴിഞ്ഞതോട് കൂടി മാനസികമായി ഒരകൽച്ച അമ്മയും അമ്മായിയും തമ്മിൽ ഉണ്ടായിരുന്നു..

തറവാട്ടിൽ ആരുമില്ല തറവാട് വീട് അനാഥമായി കിടക്കുകയാണ് പട്ടികയും കഴുകോലും ദ്രവിച്ചു വീഴാതെ നിൽക്കുന്നുണ്ട് അതിനോട് ചേർന്നാണ് അമ്മുവിന്റെ വീട് അമ്മുവിന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നപ്പോൾ കയറ്റിയതാണ്

അച്ഛന്റെ പെട്ടെന്നുള്ള മരണം അമ്മായിയെ ആകെ ഉലച്ചിരുന്നു

ഹരിയോ കയറി ഇരിക്കൂ..അമ്മായി തന്നെ കണ്ട ഉടനെ ആഹ്ലാദത്തോടെ അടുത്ത് വന്ന് കൈ പിടിച്ചു ഒരു കസേരയിൽ ഇരുത്തി

ഏട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു നീ വന്നിട്ടുണ്ടെന്ന്..

അനുവും കുട്ടികളും വന്നില്ലല്ലേ ഏട്ടൻ പറഞ്ഞു..

അമ്മുവും വന്നിട്ട് ഒരുപാട് നാളായി വന്നാലും അധികം നിൽക്കില്ല..

ഹരി മൂളി കേട്ടിരുന്നു..

അമ്മായി ചായ എടുക്കാൻ അകത്തേക്ക് പോയപ്പോൾ ഹരി ആ കസേരയിൽ കണ്ണടച്ചു കിടന്നു…

മൂന്നോ നാലോ വരവ് വന്നു. ഓരോ വരവിലും അമ്മുവിനെ ഒന്ന് കാണാൻ കഴിയും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു നാല് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകും ഒന്ന് കണ്ടിട്ട്..

ചിലപ്പോൾ ഇപ്രാവശ്യം അവൾക്ക് നിന്നെ കാണാൻ ഭാഗ്യം ഉണ്ടാവും അമ്മായി ചായയുമായി വരുമ്പോൾ പറഞ്ഞു…

ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു പറ്റിയാൽ ഈവെക്കേഷനിൽ കുറച്ചു ദിവസം വരാൻ പറ്റുമോ എന്ന് നോക്കാമെന്ന്

തറവാട്ടിൽ ജോലിക്ക് നിന്നിരുന്ന തങ്കയുടെ മകൾ രാത്രി തുണക്ക് വരും പഴയ പോലെ അല്ല ഇപ്പൊ ഒരാധിയാണ് കണ്ണടയുന്ന നേരത്ത് പോലും അവൾക്ക് എന്റെ അടുത്ത് എത്താൻ കഴിയുമോ എന്നോർത്ത്..

ഹരി പെട്ടെന്ന് രണ്ട് വട്ടം ചുമച്ചു. അമ്മായി അവന്റെ ശിരസ്സിൽ പതിയെ കൈ കൊണ്ട് തട്ടി കൊടുത്തു

തറവാട് എന്ത് ചെയ്യാനാണ് പരിപാടി നീ എടുത്തതെന്തായാലും നന്നായി അന്യ ഒരാൾ വന്ന് എടുക്കുന്നതിനെക്കാൾ നല്ലത് സ്വന്തക്കാർ എടുക്കുന്നത് തന്നെയാണ്

ഹരി പതിയെ അങ്ങോട്ട് നടന്നു

എന്തിനാണ് ഹരി അവിടെ ഇടിഞ്ഞു പൊളിഞ്ഞ വീടും പറമ്പും എടുക്കുന്നത് ആ നേരം ഇവിടെ ഫ്‌ളാറ്റിൽ രണ്ട് റൂം എടുത്തിരുന്നെങ്കിൽ റെന്റിനെങ്കിലും കൊടുക്കായിരുന്നു തറവാട് വീട് എടുത്ത വിവരം പറഞ്ഞപ്പോൾ അനു ഒരു പരിഹാസ ചിരിയോടെ പറഞ്ഞതാണ്

മുറ്റത്ത് നിന്നിരുന്ന മാവ് വെട്ടിയത് അച്ഛൻ പറഞ്ഞിരുന്നു. അമ്മുവിന്റെ വീടിന്റെ മേലേക്ക് ആയിരുന്നു അതിന്റെ കൊമ്പുകൾ

ഹരി വീടിന് പുറത്ത് കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി കുറെ നേരം നിന്നു..

തെക്കിനിയും വടക്കിനിയും ശ്വാസ നിശ്വാസങ്ങളുടെയും നെടുവീർപ്പുകളുടെയും
കലവറകളാണ്..

ബാംഗ്ലൂരിൽ ഒരു ജോലി ശരിയായി ഒരു മാസം തികയും മുമ്പേ അമ്മുവിന്റെ രണ്ട് കത്തുകൾ വന്നു..

ഹരിയെട്ടനെ കാണാതെ ഇനിയും മുന്നോട്ട് പോകാൻ വയ്യ ഈ പ്രണയം എന്നെ കാർന്നു തിന്നുന്നു ഒറ്റക്ക് ഇരുന്ന് പൊട്ടി കരഞ്ഞു ഞാൻ ഒരു ഭ്രാന്തി ആയി പോകുമോ എന്ന് പോലും ഞാൻ ഭയപ്പെടുന്നു

ജോലി ഉണ്ടായാലും ഇല്ലെങ്കിലും നമുക്ക് ഒന്നാകാൻ കഴിയില്ല ഹരിയെട്ടാ ഇവിടത്തെ സംസാരങ്ങൾ അങ്ങനെയാണ് ഇഷ്ടപ്പെടുന്നവരെ വേർപിരിക്കാൻ ആർക്കാണ് കഴിയുക ദൈവത്തിന് അല്ലാതെ..

രണ്ട് കത്തുകളും രണ്ടായി നിന്നു ഞങ്ങളെ പോലെ..

ഹരി അമ്മയിയോട് യാത്ര പറഞ്ഞിറങ്ങി

നിങ്ങൾ തമ്മിൽ കുഴപ്പം ഒന്നും ഇല്ലല്ലോ ‘അമ്മ ചെറിയ ഒരു ഭയത്തോടെയാണ് സംസാരിച്ചത് അമ്മക്ക് ആയിരുന്നു ഗൾഫ്കാരുടെ ആലോചനയോട് അടക്കി വെക്കാൻ കഴിയാത്ത ആസക്തി ഉണ്ടായത് അമ്മുവിന്റെ ‘അമ്മ കാണട്ടെ എന്നൊരു വൈരാഗ്യ ബുദ്ധിയും അതിന് പിന്നിൽ ഉണ്ടായിരിക്കാം..

ഹരി… ‘അമ്മ വീണ്ടും വിളിച്ചു

ഇല്ലമ്മേ കുഴപ്പമൊന്നുമില്ല അച്ഛൻ രാത്രിയിലെ ഭക്ഷണം കഴിഞ്ഞാൽ മുറ്റത്ത് നടക്കുന്ന പതിവ് ഇപ്പോഴും വിട്ടിട്ടില്ല..

കുഴപ്പമില്ല എന്നതിന് സുഖമാണ് സന്തോഷമാണ് എന്ന അർത്ഥം അല്ല ഉള്ളതെന്ന് പറയുന്ന ആൾക്കും കേൾക്കുന്ന ആൾക്കും അറിയാം എന്നുള്ളതാണ് ആ വാക്ക് തന്നെ തെരഞ്ഞെടുത്തത്..അമ്മ ഒന്ന് ഉത്സാഹിച്ചിരുന്നെങ്കിൽ അമ്മു ഇവിടെ ഉണ്ടാകുമായിരുന്നു

ദിവസങ്ങൾ കടന്ന് പോയി….

വായനശാലയും കളിക്കാൻ പോയിരുന്ന പാടങ്ങളും നിരത്തുകളും പറമ്പുകളും ആളുകളും എന്തിനേറെ ശ്വസിക്കുന്ന വായു പോലും പഴയ കാലഓർമ്മകളുടെ സുഗന്ധവും വഹിച്ചു കടന്ന് വരുമ്പോൾ കണ്ണുകൾ പലപ്പോഴും ഈറനണിഞ്ഞു…

പോകുന്നതിന്റെ തലേന്നാണ് അമ്മു വന്നിട്ടുണ്ട് എന്ന വിവരം അറിഞ്ഞത്

ഒരിക്കൽ നാം തമ്മിൽ കാണും അന്ന് നമുക്ക് ഒന്നിന്റെയും ഭാരങ്ങൾ ഉണ്ടാകില്ല കുമിളകൾ പോലെ നാം മുകളിലേക്ക് ഉയരും

കല്യാണം കഴിഞ്ഞ ശേഷം അവളയച്ച കത്തിലെ വരികൾ..

ഹരി അങ്ങോട്ട് ചെല്ലുമ്പോൾ അമ്മു കുട്ടികളെയും കൊണ്ട് മുറ്റത്ത് തന്നെ നിന്നിരുന്നു..

തന്നെ കണ്ട സന്തോഷം അവൾ ഒളിച്ചു വെച്ചില്ല ഓടി വന്ന് കൈപിടിച്ചു

ഒറ്റ ശ്വാസത്തിൽ അവൾ തന്റെ ഒരു നൂറ് കാര്യം ചോദിച്ചു..

എല്ലാത്തിനും ചെറിയ മൂളലുകളും ചെറിയ വാചകങ്ങളും മറുപടിയായി പറഞ്ഞപ്പോൾ അവൾ പുതിയ ചോദ്യങ്ങൾക്ക് വേണ്ടി പരതി

കുട്ടികളുടെ അടുത്തേക്ക് അമ്മായി പോയപ്പോൾ ഹരി സംസാരിച്ചു..

കാണാൻ സാധിക്കുമെന്ന് കരുതിയില്ല കണ്ടതിൽ ഒരു പാട് സന്തോഷം ഭാരങ്ങൾ ഇല്ലാതെയാകുന്ന ഒരു കാലം വരുമ്പോൾ അവിടെ ഒന്നുമില്ലാത്ത ശൂന്യത മാത്രമാകില്ലേ അമ്മൂ..

അവൾ ദൂരേക്ക് നോക്കി കൊമ്പുകൾ വെട്ടികളഞ്ഞ മാവിന്റെ കുറ്റിയിൽ വീണ്ടുംപുതു മുകുളങ്ങൾ തളിർത്തു വരുന്നുണ്ടായിരുന്നു

ഹരിയേട്ടനെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത് ഞാനും നാളെയോ മറ്റന്നാളോ പോകും അമ്മു ശബ്ദം താഴ്ത്തി അമ്മയും കുട്ടികളും കളിക്കുന്ന ഇടത്തേക്ക് നോക്കി പറഞ്ഞു..

മുറ്റത്തെ കൊമ്പിലിരുന്ന അമ്മക്കിളി മക്കളോട് കഥകൾ പറഞ്ഞു കലപില കൂട്ടി. വീടിന്റെ തൊടിയിലും പറമ്പിലും പാറി പറന്നിരുന്ന രണ്ട് ഇണകുരുവികളുടെ വർഷങ്ങൾക്ക് ശേഷമുള്ള കണ്ട് മുട്ടലിനെ കുറിച്ചാണെന്ന് തോന്നുന്നു അമ്മക്കിളി
മക്കളോട് പറഞ്ഞത് കാരണം അതിലെ ആൺകിളി യാത്രപറഞ്ഞു പരിഞ്ഞപ്പോൾ പെൺകിളി കണ്ണ് നിറഞ്ഞു നിൽക്കുന്ന ഇടത്തേക്കായിരുന്നു കിളി കുഞ്ഞുങ്ങൾ നോക്കി നിന്നത്..

പിറ്റേന്ന് ഹരി ലീവ്കഴിഞ്ഞു മടങ്ങുമ്പോൾ ‘അമ്മ പതിവ് പോലെ രണ്ടും കണ്ണും നിറച്ചു നിന്നു അച്ഛൻ എന്നത്തേയും പോലെ ഗൗരവത്തിൽ നിന്നു..

ഹരി കാറിൽ കയറി പാട വരമ്പിലൂടെ ആ കാർ പതിയെ മുന്നോട്ട് പോയി അങ്ങാടി കഴിഞ്ഞു അമ്മുവിന്റെ വീട്ടിലേക്ക് പോകുന്ന റോട്ടിൽ കയറി വേണം ഹൈവേയിലേക്ക് കയറാൻ..

ആ റോട്ടിലേക്ക് കയറി ഒരു ഹമ്പ് ചാടിയ സ്ഥലത്ത് അമ്മു നിന്നിരുന്നു. കാർ ഒരു സൈഡിലേക്ക് നിർത്താൻ പറഞ്ഞു ഹരി കാറിൽ നിന്നിറങ്ങി

അവൾ കരയുകയായിരുന്നു. ബാംഗ്ലൂരിൽ പോയി തിരിച്ചു വന്നപ്പോൾ അന്ന് കരഞ്ഞിരുന്ന ആ കൗമാരകാരിയെ പോലെ അമ്മു നിന്ന് കരഞ്ഞു. ഹരി അവളെ തന്നോട് ചേർത്ത് നിർത്തി നല്ലതേ വരൂ എന്നും കൂടെ ഉണ്ടാകും

ഹരി അവളെ മാറ്റി നിർത്തി ധൃതിയിൽ കാറിൽ കയറാൻ നേരം അവളൊരു എഴുത്ത് അയാളുടെ കൈയ്യിൽ കൊടുത്തു കാർ മുന്നോട്ട് നീങ്ങി..

“ഒരിക്കൽ നീ വരുമ്പോൾ ഞാൻ ഉറങ്ങുകയാകും നീയെന്നെ ഉണർത്തരുത് പതിയെ എന്നരികിൽ ഇരിക്കുക എന്നിട്ട് എന്റെ നെറുകയിൽ ചുംബിച്ചു കടന്ന് പോകുക..

നീ എനിക്ക് നൽകിയ ചുംബനങ്ങൾ ഏകാന്തമായ എന്റെ ലോകങ്ങളിൽ വെച്ചു എന്നെ കുത്തി നോവിക്കുമ്പോൾ ഞാൻ ആശ്വാസം കൊള്ളുക നീ എന്നെ കാണാൻ വരുന്ന ആ ദിനത്തെ ഓർത്തു കൊണ്ടാകും”

സ്നേഹത്തോടെ ഏട്ടന്റെ അമ്മൂസ്…

അവസാനപേരിന് താഴെ രണ്ട് തുള്ളി കണ്ണ് നീർ വീണ് കുതിർന്നു

പാടങ്ങളും പറമ്പുകളും റോഡുകളും ഒരുപാട് ജീവനുള്ള ഓർമ്മകളെയും അമ്മുവിനെയും വിട്ട് ആ കാർ മുന്നോട്ട് പോയി…