പെണ്ണിന്റെ കഴിവാണ് ആണിനെ നിലക്ക് നിർത്തേണ്ടത്. അതിന് കഴിയുന്നില്ലെങ്കിൽ അവൻ പറയുന്നതും കേട്ട് അവന്റെ അടിമ ആയി അവിടെ തന്നെ നിന്നോ…

അവൾ

Story written by GAYATHRI GOVIND

“പറ്റില്ല അച്ഛാ.. ഇനിയും അയാളുടെ കൂടെ ജീവിക്കാൻ..”

“എങ്കിൽ ഇന്ന് ഇറങ്ങിക്കോണം ഇവിടുന്ന്.. എവിടെയെങ്കിലും പൊയ്ക്കോ..” ഗീതുവിന്റെ ചെറിയമ്മ അലറി..

അവൾ നിസ്സഹയായി അച്ഛനെ നോക്കി..

“നീ ഒന്ന് സമാധാനപ്പെടു ശോഭേ.. നമ്മുക്ക് എന്തെങ്കിലും തീരുമാനം ഉണ്ടാക്കാം.. മോള് അകത്തേക്ക് ചെല്ല്..”

ഗീതു കുഞ്ഞിനേയും കൊണ്ടു അകത്തേക്ക് പോയി..

????

കുഞ്ഞിനെ ഉറക്കിയ ശേഷം.. ഗീതു കണ്ണാടിയിൽ അവളുടെ പ്രതിബിംബത്തിലേക് നോക്കി.. പഴയ കാര്യങ്ങൾ എല്ലാം ഇന്നലത്തെ പോലെ മനസ്സിലേക്ക് വന്നു..

“അച്ഛന്റെയും അമ്മയുടെയും തന്റെയും സന്തോഷങ്ങൾക്ക് ഇടയിലേക്കാണ് ഇടിത്തിപോലെ ക്യാൻസർ എന്ന വ്യാധി കടന്നു വന്നത്.. അതും അമ്മക്ക്.. ബ്രേസ്റ്റ് ക്യാൻസർ ഫൈനൽ സ്റ്റേജ് ആയിട്ടാണ് അറിഞ്ഞത്.. അന്ന് തനിക്ക് 10 വയസ്സ്..ഒരുവർഷത്തിനുള്ളിൽ അമ്മ ഞങ്ങളെ വിട്ടുപോയി.. എന്റെ കാര്യങ്ങൾ നോക്കാനായി വീട്ടുകാരുടെ എല്ലാം നിർബന്ധ പ്രകാരം അച്ഛൻ അമ്മയുടെ അനിയത്തിയെ വിവാഹം ചെയ്തു.. ചെറിയമ്മക്ക് വലിയ സ്നേഹമായിരുന്നു എന്നെ.. അവർക്ക് ഒരു കുഞ്ഞു ഉണ്ടാകുന്നത് വരെ.. എന്റെ അനിയൻ ഗോവിന്ദ്.. അവനും ചെറുപ്പത്തിൽ എന്നോട് വലിയ സ്നേഹം ആയിരുന്നു.. പക്ഷേ വലുതാകും തോറും അത് കുറഞ്ഞു കുറഞ്ഞു വന്നു.. അവർക്ക് ഞാൻ ഒരു അധിക പറ്റായി തുടങ്ങിയിരുന്നു.. അച്ഛനു ശബ്ദം ഉയർത്താൻ പറ്റാത്ത അവസ്ഥ..

അങ്ങനെ ഇരിക്കുമ്പോഴാണ് ചെറിയമ്മയുടെ ബന്ധു വഴി എനിക്ക് പ്രതീഷ് ഏട്ടന്റെ ആലോചന വരുന്നത്.. നിശ്ചയത്തിനു മുൻപ് പ്രതീഷ് ഏട്ടൻ എന്നെ കാണാൻ വന്നിരുന്നു.. ഈ വിവാഹത്തിൽ നിന്നു പിന്മാറണം.. അമ്മയുടെ നിർബന്ധം കൊണ്ടു പെണ്ണുകാണാൻ വന്നതാ.. അച്ഛൻ മരിച്ച ശേഷം അമ്മയെ എതിർത്തിട്ടില്ല..പുള്ളിക്ക് വേറെ മതത്തിൽ ഉള്ള ഒരു കുട്ടിയും ആയി അടുപ്പം ഉണ്ട്.. അമ്മയെ ധികരിക്കാൻ കഴിയില്ല.. എന്നൊക്കെ… വീട്ടിൽ ചെറിയമ്മയോട് പറഞ്ഞെങ്കിലും ഒരു ഫലവും ഉണ്ടായില്ല.. എല്ലാവരും ചേർന്നു ഞങ്ങളെ കല്യാണം കഴിപ്പിച്ചു..

കല്യാണം കഴിഞ്ഞു അകൽച്ച കാണിക്കുമായിരുന്നുവെങ്കിലും.. പതിയെ പതിയെ പ്രതീഷ് ഏട്ടൻ എന്നോട് സ്നേഹം കാണിക്കാൻ തുടങ്ങി.. ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്.. ഒരു വർഷം കഴിഞ്ഞു ഞങ്ങൾക്ക് മോളും ജനിച്ചു..പിന്നീട് ഞാൻ അറിഞ്ഞു ഏട്ടൻ ഇപ്പോഴും അവളെ കാണാൻ പോകാറുണ്ടെന്നും.. ഇടക്കൊക്കെ അവളോടൊപ്പം താമസിക്കാറുണ്ട് എന്നും എല്ലാം..

ഒരുദിവസം ഞാൻ ചോദിച്ചു.. എന്തിനാ എന്നെ ഇങ്ങനെ വഞ്ചിക്കുന്നത് എന്ന്??

“നിന്നെ ഞാൻ വഞ്ചിച്ചോ?? എല്ലാം പറഞ്ഞല്ലേ കല്യാണം കഴിച്ചത്.. റീനയെ ഈ ജന്മം എനിക്ക് മറക്കാൻ കഴിയില്ല അവൾക്കും.. അമ്മ കുഞ്ഞു കുഞ്ഞു എന്നു ബഹളം വച്ചത് കൊണ്ടാണ്.. നിന്നോട് ഞാൻ സ്നേഹത്തോടെ പെരുമാറിയത്.. നീ എന്നെ കൂടുതൽ ഭരിക്കാൻ വരേണ്ട.. ഇപ്പോൾ ഉള്ള പരിഗണന പോലും തരില്ല ഞാൻ “

അന്ന് തന്നെ വീട്ടിൽ ചെന്നു അച്ഛനോടും ചെറിയമ്മയോടും വിവരം പറഞ്ഞു..

“പെണ്ണിന്റെ കഴിവാണ് ആണിനെ നിലക്ക് നിർത്തേണ്ടത്.. അതിന് കഴിയുന്നില്ലെങ്കിൽ അവൻ പറയുന്നതും കേട്ട് അവന്റെ അടിമ ആയി അവിടെ തന്നെ നിന്നോ..” ചെറിയമ്മ പറഞ്ഞു

അവർ എന്നെ തിരിച്ചു അവിടെ കൊണ്ടുവിട്ടു.. അച്ഛന്റെ മുഖം ഓർത്ത് ഞാൻ അവിടെ തന്നെ പിടിച്ചു നിന്നു.. അയാളുടെ എല്ലാ കാര്യങ്ങളും നോക്കി..

അങ്ങനെയിരിക്കെയാണ് പെട്ടെന്ന് പ്രതീഷ് ഏട്ടന്റെ അമ്മക്ക് ഹാർട്ട്‌ അറ്റാക്ക് ആയി അവർ ഏട്ടന്റെ അച്ഛനരികിലേക്ക് പോയി.. പതിയെ പതിയെ അയാൾ വീട്ടിലേക്ക് ഉള്ള വരവ് കുറഞ്ഞു.. ചോദിക്കാൻ ഉള്ള ധൈര്യം ഒന്നും ഉണ്ടായില്ല എനിക്ക്..

ഇന്നലെ രാത്രി അയാൾ വന്നപ്പോൾ കൂടെ അവളും ഉണ്ടായിരുന്നു.. റീന.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ.. അയാൾ അവളെ വിളിച്ചു റൂമിലേക്ക് കയറി പോയി.. കണ്ണുനിറഞ്ഞു ഒഴുകുന്ന എനിക്ക് അരികിലേക്ക് എന്റെ രണ്ടു വയസ്സ്കാരി വന്നു പറഞ്ഞു

“കതയാതെ അമ്മേ..”

മോളേ എടുത്തു കെട്ടിപ്പിച്ചു റൂമിൽ വന്നു കുറെ കണ്ണുനീർ ഒഴുക്കി.. ഒപ്പം അവിടം വിടാനുള്ള തീരുമാനവും എടുത്തു.. ബാഗ് എടുത്ത് ഇറങ്ങുമ്പോൾ പോലും അയാൾ എന്റെ മുഖത്തേക്ക് നോക്കിയില്ല..

ഇല്ലാ ഒരിക്കലും ഭർത്താവിനും അയാളുടെ കാമുകിക്കും വച്ചു വിളമ്പാൻ ഞാൻ അങ്ങോട്ടേക്ക് പോകില്ല… “

????

“മോളേ നമ്മുക്ക് പ്രതീഷിനോട് സംസാരിച്ചു നോക്കാം..”

“അച്ഛാ.. ഇത്രെയും നാൾ നിങ്ങൾ എല്ലാം പറഞ്ഞത് ഞാൻ അനുസരിച്ചു.. ഇനിയും അതുപറ്റില്ല..”

എന്തോ പറയാൻ വന്ന ചെറിയമ്മയെ ഞാൻ തടഞ്ഞു

“ചെറിയമ്മ എന്റെ കാര്യത്തിൽ ഇടപെടേണ്ട.. ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്.. അതിൽ നിന്നും പിന്നോട്ട് ഇല്ലാ.. ഇത്രെയും നാൾ പ്രായവും സ്ഥാനവും ഓർത്തു ബഹുമാനിച്ചിട്ടേയുള്ളു.. താഴ്ന്നു തരും തോറും തലയിൽ കയറി നൃത്തം ചെയ്യരുത്.. അതുകൊണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ടു പറയിക്കാതിരിക്കുന്നത് ആവും നിങ്ങൾക്ക് നല്ലത്..”

“അച്ഛാ.. എനിക്ക് ഒരു വാടക വീട് എടുത്തു തരണം.. ജോലി കിട്ടുന്ന വരെ ചിലവിനും തരണം.. ഇല്ലെങ്കിൽ എന്റെ ഷെയറിനു വേണ്ടി ഞാൻ നിയമപരമായി മുൻപോട്ട് പോകും..”

എന്റെ വാക്കുകൾ ചെറിയമ്മയിൽ ഞെട്ടൽ ഉളവാക്കി..അവർ ഒന്ന് ഭയന്നു എന്നതാവും ശരി.. അച്ഛൻ എനിക്ക് ഒരു വീട് എടുത്തു തന്നു..

ഒന്ന് രണ്ടു മാസങ്ങൾക്കു ശേഷം ഒരു ജോലി ശരിയായി.. അച്ഛൻ എന്റെ കൂടെ താമസം തുടങ്ങി ഞങ്ങൾക്ക് കൂട്ടായി.. ജീവിക്കുകയാണ് ഞാൻ എന്റെ മകൾക്കായി.. അവൾക്കായി മാത്രം…

അവസാനിച്ചു..