ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും എന്റെ മനസ്സ് കിരണേട്ടൻ കണ്ടിട്ടില്ല. വയ്യാതെ വന്നാൽ പോലും അതൊന്നും ശ്രദ്ധിക്കാതെ എന്നെ…

ഭർത്താവ്

Story written by MANJU JAYAKRISHNAN

“എനിക്കയാളെ വേണ്ടമ്മേ…ഇനിയും സഹിക്കാൻ മേല “

അമ്മയുടെ ചുമലിൽ വീണു കിടന്നു തേങ്ങുമ്പോൾ എന്റെ സകല നിയന്ത്രണങ്ങളും കൈവിട്ടു പോയിരുന്നു

“ഞാനപ്പോഴേ പറഞ്ഞതാ ഈ മനുഷ്യനോട്… അപ്പോ കൊച്ചിന്റെ ഇഷ്ടം.. ഇപ്പൊ മതിയായല്ലോ അല്ലേ . “

അച്ഛനെ നോക്കി അമ്മ പറഞ്ഞു നിർത്തി…

അച്ഛൻ ഒന്നും മിണ്ടാനാകാതെ എന്നെ നോക്കി ഇരുന്നു..

അച്ഛന്റെ സുഹൃത്തിന്റെ മകൻ ആയിരുന്നു കിരൺ…..

“ആമിക്കുട്ടിയെ ഞങ്ങൾക്ക് തന്നേക്കുവോ “

എന്ന് ചോദിച്ചത് കിരണിന്റെ വീട്ടുകാർ തന്നെ ആയിരുന്നു..

“അവൾ പഠിക്കുവല്ലേ.. സമയാകട്ടെ … നമുക്ക് ആലോചിക്കാം “

എന്ന് ഒരു ഒഴുക്കൻ മറുപടിയിൽ അച്ഛൻ പറഞ്ഞു നിർത്തി..

അന്ന് മുതലേ ഞാൻ സ്വപ്‌നങ്ങൾ നെയ്തു കൂട്ടാൻ തുടങ്ങിയിരുന്നു…കാരണം ആ കട്ടി മീശയും ചന്ദനക്കുറിയും എല്ലാം അത്രമേൽ എന്റെ നെഞ്ചോടു ചേർത്തിരുന്നു…

കിരൺ വെഡ്സ് അഭിരാമി എന്ന് നോട് ബുക്കിൽ എഴുതിയത് കണ്ടു പിടിച്ചു അച്ഛനു കൈമാറിയത് അമ്മ ആയിരുന്നു…

എന്റെ മനസ്സ് കൂടി അറിഞ്ഞപ്പോൾ അച്ഛൻ അങ്ങോട്ട്‌ ചെന്നു പെട്ടെന്ന് തന്നെ ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു..

പക്ഷെ……….

പിന്നീട് ഞാൻ കേൾക്കുന്നത് ഇഷ്ടപ്പെട്ട മറ്റൊരു കുട്ടിയുമായി കിരണേട്ടന്റെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു എന്നാണ്…

വിവാഹം കഴിഞ്ഞു കിരണേട്ടൻ മാപ്പ് പറയാൻ വന്നെങ്കിലും അച്ഛൻ ആട്ടി പുറത്താക്കിയിരുന്നു…

വീട്ടിൽ പെട്ടെന്ന് വിവാഹാലോചന തുടങ്ങി എങ്കിലും ഞാൻ വീണ്ടും പഠിക്കണമെന്ന് വാശി പിടിച്ചു..അങ്ങനെ വീണ്ടും ഞാൻ പഠിക്കാൻ ചേർന്നു…

പിന്നീടാണ് അറിയുന്നത്… കിരണേട്ടൻ ഡിവോഴ്സ് ആയെന്ന്..

പിന്നീട് ഞാൻ കാണുന്നത് ആകെ തകർന്ന മറ്റൊരു കിരണിനെ ആയിരുന്നു…

അവർ പിന്നീട് എന്നെ ചോദിച്ചു വന്നെങ്കിലും വീട്ടുകാർക്ക് അത്ര താല്പര്യം ഇല്ലായിരുന്നു… പിന്നീട് എന്റെ നിർബന്ധത്തിനു വീട്ടുകാർ വഴങ്ങി….ഞാൻ കിരണേട്ടന്റ ഭാര്യയായി..

പക്ഷെ പിന്നീടുള്ള പ്രവർത്തികൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു..

അസ്സഹനീയമായ സംശയരോഗത്തിന് അടിമ ആയിരുന്നു കിരണേട്ടൻ എന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മനസ്സിലായി…

ഞാൻ അറിയാതെ എന്റെ ഫോൺ പരിശോധിക്കുക…വാട്ട്‌ആപ്പ് നോക്കുക.. കാൾ ചെയ്യുന്നതിന്റെ സമയ പരിധി നോക്കുക…. ആ നമ്പർ ആരുടെയാണെന്ന് കണ്ടെത്തുക… ഇതൊക്കെ ആയിരുന്നു കിരണേട്ടന്റ മെയിൻ ജോലി

ഫേസ്ബുക്കിന്റെ ഒക്കെ പാസ്സ്‌വേർഡ്‌ ഉൾപ്പെടെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ കണ്ണു മിഴിച്ചു നിന്നു പോയി….

ഓഫീസിൽ നിന്നു ഞാൻ ഇറങ്ങുന്നതിനു മുന്നേ എവിടെയെങ്കിലും കാർ പാർക്ക്‌ ചെയ്തിട്ട് ഞാൻ കാണാത്ത വിധത്തിൽ കിരണേട്ടൻ നിൽക്കും..

‘ഞാൻ ആരുടെ കൂടെയാണ് വരുന്നത് ‘

എന്നത് നോക്കാൻ ആയിരുന്നു

നല്ല ഒരു സാരീയുടുത്താൽ … കിരണേട്ടന്റ മുഖം വലിഞ്ഞു മുറുകും

“ആരെ കാണിക്കാൻ ആടീ ഈ ആണിഞ്ഞോരുങ്ങണെ “

എന്ന് കേൾക്കുമ്പോൾ തന്നെ ഞാൻ അതു വലിച്ചെറിയും

ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും എന്റെ മനസ്സ് കിരണേട്ടൻ കണ്ടിട്ടില്ല….

വയ്യാതെ വന്നാൽ പോലും അതൊന്നും ശ്രദ്ധിക്കാതെ എന്നെ കീഴടക്കികൊണ്ടേ ഇരുന്നു..

“ഞാൻ ഒരു ശരീരം മാത്രമല്ല…. ഒരു മനസ്സ് കൂടി അതിനുള്ളിലുണ്ട് “

എന്ന് പറഞ്ഞിട്ട് പോലും ഒരു മാറ്റവും ഉണ്ടായില്ല

എല്ലാം കൊണ്ടു സഹികെട്ടു അവസാനം ഞാൻ ആ പടിയിറങ്ങി…

അപ്പോഴാണ് കിരണേട്ടൻ ഹോസ്പിറ്റലിൽ ആണെന്ന് ഞാൻ അറിയുന്നത്….

എന്നെ അടക്കിഭരിച്ച ആളിന് പകരം നിസ്സഹായനായ ഒരു മനുഷ്യനെയാണ് ഞാൻ അവിടെ കണ്ടത്..

പിന്നീട് ഡോക്ടർ ആണ് എന്നോടെല്ലാം പറയുന്നത്..

കിരണേട്ടന്റെ ആദ്യഭാര്യയെ ഒരുപാട് വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തു പോന്നിരുന്നു…

എല്ലാ സ്വാതന്ത്ര്യവും അവർക്ക് ഉണ്ടായിരുന്നു…..

ഒരുപാട് താമസിച്ചു വീട്ടിൽ വന്ന അവർക്ക് നേരെ കയർത്ത വീട്ടുകാരെ ശാസിച്ചതും മറ്റാരും ആയിരുന്നില്ല…

മണിക്കൂറോളം നീണ്ട ഫോൺ വിളികളിൽ പോലും ഒരിക്കലും കിരണേട്ടൻ അസ്വസ്ഥൻ ആയിരുന്നില്ല

പലരും അവരെ പലസ്ഥത്തു വച്ചു കണ്ടു എന്ന് പറഞ്ഞെങ്കിലും

‘ഞാൻ സ്നേഹിച്ച പെണ്ണാ എനിക്കറിയാം ‘

എന്ന് ആത്മവിശ്വാസത്തോടെ കിരണേട്ടൻ പറഞ്ഞു …

ഒരിക്കൽ വീട്ടിൽ നിന്നു പോയ അവർ തിരികെ വന്നില്ല…

പിന്നീടറിഞ്ഞു മറ്റാരുടെയോ കൂടി അവർ പോയെന്നു..

പോലീസ് സ്റ്റേഷനിൽ വച്ചു അവർ ‘കഴിവുകെട്ടവന്റെ കൂടെ ‘ പോകാൻ താല്പര്യമില്ല എന്നറിയിച്ചു.

“ഭാര്യയെ ഇങ്ങനെ അഴിച്ചു വിടരുതെന്നും…കൊടുക്കേണ്ടത് കൊടുത്തില്ലെങ്കിൽ പെണ്ണ് ചാടിപ്പോകും ” എന്നൊക്കെ പോലീസ്‌കാർ പറഞ്ഞപ്പോൾ അപമാനം കൊണ്ട് തലകുനിഞ്ഞു….

“ക്ഷമിക്കാൻ പറ്റുവോടോ തനിക്ക്…. ചൂടുവെള്ളത്തിൽ ചാടിയ പൂച്ച അല്ലേ….അതാ പറ്റിയത് “

എന്ന് പറഞ്ഞു എന്റെ കാലുകളിൽ തൊടാൻ തുടങ്ങിയ കിരണെട്ടനെ തടഞ്ഞു ഞാൻ മുറുകെപ്പിടിച്ചു..

കിരണെട്ടനെ കാണാൻ പോയി എന്ന വാർത്തയറിഞ്ഞു ദേഷ്യം പിടിച്ചു വന്ന അച്ഛനും അമ്മയും കാണുന്നത് കെട്ടിപ്പിടിച്ചു നിൽക്കുന്ന ഞങ്ങളെയാണ്…

“ദേ ഇത്രേം ഒള്ളൂ…. അവരതൊക്കെ പറഞ്ഞു തീർത്തു “

എന്ന് പറഞ്ഞു കിരണേട്ടന്റെ വീട്ടുകാർ കൂടെ ഞങ്ങൾക്കൊപ്പം കൂടി..

പഴയതൊക്കെ മറന്നു ഞങ്ങൾ ജീവിച്ചു തുടങ്ങി എങ്കിലും ആ ‘ സംശയരോഗം ‘ പൂർണ്ണമായും മാറിയോ എന്നറിയാൻ ഞാൻ ഇടയ്ക്കിടെ ഓരോ ഉടായിപ്പ് ആയിട്ട് ചെന്നെങ്കിലും കിരണേട്ടൻ അതിലെല്ലാം എന്നെ പരാജയപ്പെടുത്തി വാശിയോടെ സ്നേഹിച്ചു കൊണ്ടേ ഇരുന്നു….