മകളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് പെട്ടന്ന് അകത്തെ മുറിയിലേക്ക് ഓടി. വെപ്രാളത്തിൽ വാതിൽപ്പടിയിൽ…..

അമ്മുവും കുട്ടനും

എഴുത്ത്: രാജു പി കെ കോടനാട്

“അമ്മേ അയ്യോ ഒന്നോടി വായോ ഇവനെന്നെ കൊല്ലുന്നേ..”

മകളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് പെട്ടന്ന് അകത്തെ മുറിയിലേക്ക് ഓടി. വെപ്രാളത്തിൽ വാതിൽപ്പടിയിൽ വിരൽ തട്ടി വല്ലാതെ വേദനിച്ചു

മുറിയിൽ ഓടി എത്തുമ്പോൾ രണ്ട് കൈ കൊണ്ടും അമ്മുവിന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് നിൽക്കുന്ന മകനെയാണ് കണ്ടത് ശ്വാസം കിട്ടാതെ അമ്മുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നു.

ഒന്നും നോക്കിയില്ല കൈയ്യിൽ ഇരുന്ന തവി കൊണ്ട് ഒന്ന് കൊടുത്തതും മകന്റെ പിടി അല്പം അയഞ്ഞു വീണ്ടും കൊടുത്തു ഒന്നുകൂടി.

പിടി വിട്ടതും ശ്വാസം തിരികെ കിട്ടിയ മകൾ ചുമച്ച്കൊണ്ട് താഴേക്കിരുന്നു.

അടി കിട്ടിയ ഭാഗം തിരുമ്മിക്കൊണ്ട് മകൻ പറയുന്നുണ്ട്.

“പുന്നാരമോൾ എന്ത് തെറ്റ് ചെയ്താലും കാര്യം എന്താണെന്ന് തിരക്കുകപോലുമില്ല കൈയ്യിൽ കിട്ടുന്നത് കൊണ്ട് എന്നെ തല്ലിക്കൊല്ലാൻ വന്നോളും സാധനം”

“മിണ്ടരുത് നീ ഞാൻ വരാൻ അല്പം താമസിച്ചിരുന്നേൽ എന്താകുമായിരുന്നെടാ ഇവിടെ”

“നീ എന്താടി അവനെ ചെയ്തത്”

“അത് അമ്മേ ഞാൻ കുട്ടേട്ടനോട് എനിക്ക് കുറച്ച് നേരം ഗയിം കളിക്കാൻ മൊബൈൽ ചോദിച്ചു അവൻ തരില്ലെന്ന് പറഞ്ഞു ഞാൻ തട്ടിപ്പറിക്കാൻ ശ്രമിച്ചു അപ്പോൾ ഒന്ന് താഴെ വീണു അത്രോള്ളൂ കാര്യം”

“അമ്മ ഇത് കണ്ടോ ഇനി ഞാൻ എങ്ങനെ ക്ലാസ്സ് അറ്റന്റ് ചെയ്യും.”

തകർന്ന് പോയ ഫോൺ മകൻ എന്റെ നേരെ കാണിച്ചതും.

“നിനക്ക് അങ്ങനെ തന്നെ വേണം ഞാൻ ചോദിച്ചപ്പോൾ തന്നിരുന്നേൽ ഇങ്ങനെ വരുമായിരുന്നോ”

എന്തോ ഒന്ന് ശക്തിയിൽ നെറ്റിയിൽ വന്ന് പതിക്കുന്നതും താഴെ വീണ് ചിതറുന്നതും മാത്രം ഓർമ്മയുണ്ട് കണ്ണ് തുറക്കുമ്പോൾ നെറ്റിയിലും കാലിലും വല്ലാത്ത വേദന.

അരികിൽ ഗോപേട്ടൻ ഉണ്ട്

“വേദനിക്കുന്നുണ്ടോ..?

ഇല്ലെന്ന് പതിയെ കണ്ണുകൾ അടച്ച് കാണിച്ചു.

“നോക്കി നടക്കണ്ടേ കാലിലെ നഖവും പോയി തലയിൽ അഞ്ച് സ്റ്റിച്ചും”

“അവരെവിടെ”

“പുറത്തുണ്ട്”

ഈശ്വരാ അഞ്ച് സ്റ്റിച്ച് മേശപ്പുറത്തിരുന്ന ഗ്ഗാസ് എടുത്ത് അമ്മുവിനെ കുട്ടൻ എറിഞ്ഞപ്പോൾ എനിക്കിട്ട് കൊണ്ടതാണെന്ന് എന്തായാലും അവർ അച്ഛനോട് പറഞ്ഞിട്ടില്ല.

വീട്ടിൽ എത്തി കുറച്ച് കഴിഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞു.

“എല്ലാം അമ്മു എന്നോട് പറഞ്ഞു അവൻ വല്ലാത്ത വിഷമത്തിലാണ് അതുകൊണ്ട് ഞാനൊന്നും ചോദിച്ചില്ല തൽക്കാലം ഞാൻ അറിഞ്ഞതായി ഭാവിക്കുന്നില്ല.”

“ചോദിക്കണ്ട നമ്മളും അത്ര നല്ല കുട്ടി ഒന്നും അല്ലായിരുന്നല്ലോ വല്യേട്ടൻ പ്രാവിൻ കൂട് വീടിനടുത്ത് നിന്നും അല്പം ദൂരെ മാറ്റിവയ്ക്കാൻ പറഞ്ഞ് വഴക്കിട്ടതിന് കൂട്ടിലുണ്ടായിരുന്ന പതിനഞ്ചോളം പ്രാവുകളെ കഴുത്തറുത്ത് കൊന്ന അപ്പന്റെ മക്കളല്ലേ..?

“ഓ എന്റെ ഭാര്യ ഒരു പഞ്ച പാവം ഞാൻ പറയണോ പഴയ കാര്യങ്ങൾ.”

ഏട്ടാ….

ഏട്ടന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ ചാരിയിട്ടിരുന്ന കതക് പതിയെ തുറന്ന് രണ്ട് പേരും അകത്തെത്തി.

അച്ഛാ ഞങ്ങൾ ഇന്ന് ഇവിടാ കിടക്കുന്നത് എന്ന് മകളും.

കെട്ടിപ്പുണർന്ന് ചേർന്ന് കിടന്ന് നെറ്റിയിൽ തലോടിക്കൊണ്ട് കുട്ടൻ തിരക്കി.

“വേദനിക്കണുണ്ടോ അമ്മേ”

ചോദിച്ചതും അവൻ പൊട്ടിക്കരഞ്ഞു.

“ഹേയ് എന്താടാ നീ കൊച്ചു കുട്ടിയാ”

“അച്ഛാ അമ്മ തെന്നിവീണതെന്നും അല്ല ഞാൻ…”

“മിണ്ടാതെ കിടന്നോണം രണ്ടും ചേർന്ന് ഓരോന്ന് ഒപ്പിച്ച് വച്ചിട്ട്”

എന്തായാലും എന്റെ നെറ്റിയിലെ മുറിവുണങ്ങുന്നത് വരെ വീട് ശാന്തമായിരുന്നു.

മുറിണങ്ങിയതും വീണ്ടും മകളുടെ വിളി തുടങ്ങി.

“അമ്മേ ഓടിവായോ കുട്ടേട്ടൻ എന്നെ തല്ലാൻ വരുന്നേ…!