തന്നെ കാണുമ്പോഴൊക്കെ ടീച്ചറെ എന്ന് വിളിച്ചുള്ള ഒരു ചിരിയുണ്ട്. നോക്കാതെ കടന്നു പോവുകയാണ് പതിവ്. അവൾ അടുത്ത് വന്നു…

Story written by NITYA DILSHE

കണ്ണുതുറന്നപ്പോൾ ചുറ്റും നീല നിറം …ഞാനിപ്പോൾ എവിടെയാണ് ??തല വെട്ടിപൊളിയുന്ന വേദന ..എന്തൊക്കെയൊ യന്ത്രങ്ങളുടെ മുരൾച്ച ..തൊണ്ടയാകെ വരണ്ടിരിക്കുന്നു ..അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ ..

ആരുമില്ലേ ഇവിടെ ?? ..ഉറക്കെ വിളിക്കാൻ നോക്കി .. ശബ്ദം പുറത്തേക്കു വരുന്നില്ല ..എഴുന്നേൽക്കാൻ നോക്കി ..ഈശ്വരാ ..എന്റെ ശരീരം അനങ്ങുന്നില്ലല്ലോ ..ഞാൻ മരിച്ചോ!!! സ്വർഗത്തിന് നീലനിറമാണോ ..!!!

നീലയുടുപ്പിട്ട ഒരു പെൺകുട്ടി നീലമറ മാറ്റി അടുത്തേക്ക് വന്നു ..കട്ടിലിനടുത്തു വന്നു എന്തൊക്കെയോ നോക്കി ..എനിക്കല്പം വെള്ളം തരൂ എന്ന് ഉറക്കെ പറയാൻ ശ്രമിച്ചു ..കുറച്ചു കഴിഞ്ഞപ്പോൾ നേരത്തെ കണ്ട പെണ്കുട്ടിയും മറ്റൊരാൾ കൂടി അടുത്തേക്ക് വന്നു ..വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും ..ഡോക്ടർ !!!അപ്പോൾ ഞാൻ മരിച്ചിട്ടില്ല ….

രാവിലെ ജോലിക്കായി സ്കൂളിൽ പോയതാണ്…..ഈ നശിച്ച തലവേദന രണ്ടുമൂന്നു ദിവസമായി കൂടെയുണ്ട്..ബസ്സിറങ്ങി ഗേറ്റ് കടന്നതോർമ്മയുണ്ട് ..കുഴഞ്ഞു വീഴുകയായിരുന്നു ..ആരാവോ ഇങ്ങോട്ടു കൊണ്ടുവന്നത് ..കുട്ടികൾ പേടിച്ചിട്ടുണ്ടാവും ..തനിക്കൊരു പനി വന്നാൽ പോലും കിടക്കുന്നതിഷ്ടമില്ലാത്തവരാണ് ..’അമ്മ എണീറ്റിരിക്കു എന്ന് പറയുന്നവരാണ് ..

“പേഷ്യന്റിന്റെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ കാണിച്ചു കൊടുത്തോളു ..”” ഡോക്ടറുടെ ശബ്ദം കേട്ടു ..

അല്പം കഴിഞ്ഞതും രണ്ടുപേർ അടുത്തേക്ക് വന്നു ..എന്റെ മക്കൾ ..മുഖത്ത് നല്ല ക്ഷീണമുണ്ട് ..

“”ഒന്നും കഴിച്ചില്ലേ മക്കളേ..അമ്മക്ക് ഒന്നുമില്ല ..””പറയാൻ വന്നതൊക്കെ തൊണ്ടയിൽ തന്നെ തടഞ്ഞു നിന്നു ..കുറച്ചു നേരം നോക്കി അവർ പോയി..

“”അൽപനേരം നേരം കൂടി അടുത്ത് നില്ക്കു ..ഇവിടെ വല്ലാതെ ഒറ്റപ്പെട്ടപോലെ “”എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു ..

വീട്ടിലെത്തിയപ്പോൾ ഒരു ആശ്വാസം തോന്നി ..ഈ കാറ്റ് ശ്വസിച്ചപ്പോൾ ഒരുണർവ്വ് കിട്ടി ..

“”എനിക്കിന്നു വീട്ടിൽ പോണം രണ്ടാഴ്ചയായി ഈ ആശുപത്രിവാസം ..ചേട്ടൻ ഇന്ന് തന്നെ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ..””മോളാണ് ..

ഇവിടെ കുറച്ചു ദിവസം നിന്നു, പോകുന്ന ദിവസം കണ്ണ് നിറക്കുന്നവളാണ് ..അവൾക്കിഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുത്ത് പറഞ്ഞയക്കുമ്പോൾ …അപ്പോൾ അവളുടെ മുഖം കാണുമ്പോൾ തോന്നും അവളിപ്പോഴും പഴയ അഞ്ചുവയസ്സുകാരി തന്നെയെന്ന്..വീണ്ടും കയർത്ത സംസാരം ..ചെവിയോർത്തു ..മോനാണ് ..

“”അപ്പൊ അമ്മേ ആര് നോക്കും ??””

“”ആരെയെങ്കിലും വക്കണം ..സ്കൂളിൽ നിന്നും പിരിവെടുത്ത് തന്ന കാശില്ലേ ..””

“”മ്ഉം ..ആ പ്രൈവറ്റ് സ്കൂളിൽ നിന്നും കിട്ടിയതൊക്കെ ആശുപത്രിയിൽ തന്നെ ചെലവായി ..നീ പിന്നെ മൂന്നുനേരം അതുവേണം ഇതുവേണം എന്നൊക്കെ പറയുമ്പോ അതിൽ നിന്നുതന്നെയാ എടുത്തത് ..ഇനിയിപ്പോ അവിടുന്നൊന്നും കിട്ടും ന്നു നോക്കണ്ട ..വല്ല സർക്കാർ സ്കൂൾ ആയിരുന്നേൽ. പെൻഷൻ എങ്കിലും കിട്ട്യേനെ ..””

“”ന്നാ പിന്നെ ഞങ്ങളെയൊക്കെ എതിർത്തു ‘അമ്മ നിന്റഷ്ടത്തിനു ഒറപ്പിച്ച പെണ്ണില്ലേ ..അവളോട് നോക്കാൻ പറ ..””

“”‘അമ്മ ഇങ്ങനെ കിടക്കുന്നിടത്തേക്കു വരില്ലെന്ന് അവൾ പറഞ്ഞിട്ടുണ്ട് ..””

മതി ..ഇനി കൂടുതൽ കേൾക്കാൻ വയ്യ ..ഈ കേൾവിശക്തി മാത്രമായി എന്തിനു തന്നു.. ദൈവമേ ..കണ്ണുകൾ അടച്ചുകിടന്നു ..ഇരുപത്തെട്ടാം വയസ്സിൽ വിധവ ആയതാണ് ..ഒരു ഒൻപതുവയസ്സുകാരനും ആറു വയസ്സുകാരിയും അമ്മയുടെ അടുത്ത് കിടക്കാൻ വാശി പിടിക്കുന്നു..രണ്ടുപേരെയും ഇരുവശത്തുമായി കിടത്തി ..അപ്പോഴും വഴക്കു കഴിഞ്ഞില്ല …’അമ്മ ഇങ്ങോട്ടു തിരിഞ്ഞു കിടക്കു എന്നായി അടുത്തത് ..രണ്ടുപേരെയും തൃപ്തിപ്പെടുത്താൻ പുറം കടഞ്ഞിട്ടും മലർന്നു തന്നെ കിടന്നു ..ഇരു കൈത്തണ്ടയിലും മക്കളും …

“”ടീച്ചറെ “”ആരോ വിളിക്കുന്നുണ്ടല്ലോ ..പുറത്തെ ശബ്ദങ്ങൾ നിലച്ചിരിക്കുന്നു ..ആരോ മുറിയിലെ ലൈറ്റ് ഇട്ടു ..അടുത്തേക്ക് വന്നു ..

പത്മ .. കഴിഞ്ഞവർഷം തൊട്ടു അപ്പുറത്തു വാടകക്ക് താമസിക്കുന്നതാ …പല പുരുഷന്മാരും അവളുടെ വീട്ടിൽ കയറി ഇറങ്ങുന്നത് കണ്ടിട്ടുണ്ട് ..താൻ വീടുടമസ്ഥരോട് പറഞ്ഞിട്ടുണ്ടായിരുന്നു അവളെ അവിടുന്ന് ഒഴിവാക്കാൻ ..

തന്നെ കാണുമ്പോഴൊക്കെ ടീച്ചറെ എന്ന് വിളിച്ചുള്ള ഒരു ചിരിയുണ്ട് ..നോക്കാതെ കടന്നു പോവുകയാണ് പതിവ് ..അവൾ അടുത്ത് വന്നു ..

“”ആശുപത്രിയിൽ കാണാൻ വരണമെന്ന് വിചാരിച്ചതാ ..കാണിച്ചില്ലെങ്കിലോ എന്ന് വിചാരിച്ചാണ് ..ഇപ്പൊ എല്ലാരും പുറത്തു പോണ് കണ്ടു ..അതാ വന്നത് ..””

അവൾ മൂക്കു ചുളിച്ചു …പുതപ്പു പൊക്കി..

“”അയ്യോ ..മൂത്രം ഒഴിച്ചിട്ടുണ്ടല്ലോ ടീച്ചറെ ..”” അവളെന്നെ ചെരിച്ചു കിടത്തി പതിയെ ഷീറ്റ് മാറ്റി ..ദേഹം നനച്ചു തുടച്ചു ..മറ്റൊരു വസ്ത്രം മാറ്റി ..ചെയ്യുന്നതിനിടയിലും സംസാരം തുടർന്നു ..

“”ടീച്ചർക്ക് എന്റെ അമ്മേടെ. ഛായയാണ് ..കാണുമ്പോഴൊക്കെ അമ്മേ ഓർമ വരും ..’അമ്മ ഉള്ളത് വരെ ഒരു ധൈര്യായിരുന്നു ..ഒരു ദിവസം ‘അമ്മ അങ്ങ് പോയി ..”” ഒരു നിമിഷം നിർത്തി അവൾ കണ്ണ് തുടച്ചു ..

“”സംരക്ഷിക്കേണ്ടവർ തന്നെ നശിപ്പിക്കേം ചെയ്തപ്പോൾ ശരീരത്തോടും വെറുപ്പായി ..ചാവാൻ പറ്റില്ലല്ലോ . .ദൈവം തന്ന ജീവിതം ഒടുക്കാൻ നമുക്ക് അവകാശമില്ലല്ലോ ടീച്ചറെ….””അവൾ ചിരിച്ചു ..

“”ചുണ്ടൊക്കെ വല്ലാണ്ട് വരണ്ടിരിക്കുന്നല്ലോ …””അവൾ ഒന്നുകൂടി പുതപ്പിച്ചു ..പുറത്തു പോയി ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു ..തുണിയിൽ മുക്കി ചുണ്ടു നനച്ചു തന്നു..ഒരായിരം വട്ടം കൈകൂപ്പി തൊഴാൻ തോന്നി ..മൂക്കിൽ ഘടിപ്പിച്ച ട്യൂബിലേക്കു അൽപാൽപമായി വെള്ളം ഒഴിച്ചു തന്നു..എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ..

“”ടീച്ചർ എന്തിനാ കരേണേ ..??മക്കൾ പറേണത് കേട്ടാണോ ..ടീച്ചറ് വിഷമിക്കേണ്ട ..പത്മക്ക് ജീവനുള്ളിടത്തോളം ഞാൻ നോക്കിക്കോളാം ടീച്ചറെ ..ഞാൻ കഞ്ഞിയുണ്ടാക്കിക്കൊണ്ടു വരാം …””എന്റെ കണ്ണുനീർ അവൾ സാരിത്തുമ്പുകൊണ്ടു തുടച്ചു ..

കണ്ണടച്ച് കിടന്നു ..അവളെ ഓർക്കുകയായിരുന്നു ..പത്മയെ ..മോൾടെ പ്രായേ കാണൂ..

പുറത്തു ആളനക്കം കേട്ടു ..വീണ്ടും ആരോ വരുന്നുണ്ടല്ലോ ..മോനാണ് ..അവൻ മദ്യപിച്ചിട്ടുണ്ടോ ..ആ കണ്ണുകളിൽ ഇതുവരെ ഇല്ലാതിരുന്ന ഭാവം ..

“”കുഴഞ്ഞു വീണു മരിച്ചു എന്ന് കേട്ടിട്ടുണ്ട് .. നിങ്ങൾ മരിച്ചില്ലല്ലോ ..ഇനി ചിലപ്പോൾ വർഷങ്ങളോളം ഇതേ കിടപ്പ്‌ കിടക്കുമത്രേ ..ഞങ്ങളെ ബുദ്ധിമുട്ടിക്കാനായി ..അവള് പോയി ..നിങ്ങടെ മോൾ ..നോക്കാൻ പറ്റില്ലത്രേ ..എന്റെ ജീവിതം കൂടി നിങ്ങൾ തുലച്ചില്ലേ ..വയ്യാത്ത അമ്മെ നോക്കാൻ എന്റെ പെണ്ണിനും വയ്യെന്ന് ..പിന്നെ ആര് നോക്കാനാ ഇങ്ങനെ കിടക്കുന്നേ ..””അവന്റെ ശബ്ദം കുഴഞ്ഞിരുന്നു ..

എന്റെ മനസ്സിലെ ഒൻപത് വയസ്സുകാരൻ എന്റെ വയറിൽ ചെവി ചേർത്ത് ഇരിക്കുന്നതായിരുന്നു, ഉറക്കത്തിൽ എപ്പോഴോ എണീറ്റപ്പോൾ കണ്ടത് ..’എന്താ മോനെ ‘ എന്ന് ചോദിച്ചതും ചുണ്ടുകൾ വിതുമ്പി..കണ്ണുകൾ നിറഞ്ഞു ..

“”അമ്മേടെ ശ്വാസം കേൾക്കണ്ടാരുന്നില്ല ….കൊറേ നേരായി ..ഞാൻ പേടിച്ചു ..’അമ്മ മരിച്ചു പോവോ ??””

എന്റെ കണ്ണുകളും നിറഞ്ഞിരുന്നു ..അവനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു പറഞ്ഞു..

“”അമ്മക്ക് നിങ്ങളെ ഒറ്റക്കാക്കി പോവാൻ കഴിയില്ലാട്ടോ ..’അമ്മ ഇവിടന്നെ ഉണ്ട് “”

മകൻ വീണ്ടും അടുത്തേക്ക് വന്നു ..ചോരനിറമുള്ള കണ്ണുകൾ ..പെടുന്നനെ അവൻ തലയിണ എടുത്ത് മുഖത്തമർത്തി ..ഞാൻ വല്ലാതെ ഭയന്നു ..പത്മ വരാനുള്ള സമയമായിട്ടുണ്ട് ..അവളെങ്ങാൻ കണ്ടാൽ എന്റെ കുഞ്ഞിന്റെ ഭാവി ..ശ്വാസം പിടിച്ചുവച്ചു അവനെ സഹായിച്ചു ..

ശരീരത്തിൽ നിന്നും പ്രാണൻ വിട്ടകലുമ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു “”അറിവില്ലാത്ത എന്റെ കുഞ്ഞുങ്ങളോട് ക്ഷമിക്കണേ ..””

സ്നേഹത്തോടെ …Nitya Dilshe