മോന്റെ സ്കൂളില് മാഷ്മ്മാര് പറഞ്ഞു അച്ഛനെ കൂട്ടി വന്നാലെ ഇനി പഠിപ്പിക്കൂന്ന്…..ഒത്തിരി പറഞ്ഞു നോക്കി അവര് സമ്മതിക്കണില്ല അതാ ഞാൻ….

തന്തയില്ലാത്തവൻ

Story written by DHANYA SHAMJITH

”ഇവനെന്റെ മോനല്ല, ഇനി മേലാൽ അതും പറഞ്ഞീ വഴി കണ്ടുപോകരുത് “

ജ്വലിക്കുന്ന കണ്ണുകളോടെഅയാളത് പറയുമ്പോൾ കുനിഞ്ഞ മുഖവുമായി കണ്ണീരു വാർക്കുകയായിരുന്നു അമ്മ.

ചെലവിനുള്ളത് കൃത്യമായി കിട്ടുന്നതിന്റെ അഹങ്കാരം, അല്ലെങ്കിൽ നീയീ പടിക്കേ വന്ന് നിൽക്കില്ലായിരുന്നു… എല്ലാം അവസാനിപ്പിച്ചിറങ്ങിയപ്പോ സഹതാപം തോന്നിയതിന്റെ പേരിലാ അതില്ലാതാക്കാനാണോ വധൂരിചെക്കനേം കൂട്ടിയുള്ള ഈ വരവ്….

നിന്നു കത്തുകയായിരുന്നയാൾ..

എന്നിലും പുകയുന്നുണ്ടായിരുന്നു ദേഷ്യം… ഒരു വട്ടം മുന്നോട്ടാഞ്ഞതുമാണ് പക്ഷേ അമ്മയുടെ കൈപ്പിടിയുടെ മുറുക്കം പറയുന്നുണ്ടായിരുന്നു അരുതെന്ന്..

സ്കൂളിന്റെ പടി കടന്നപ്പോൾ രജിസ്റ്ററിൽ ചേർക്കാൻ പേരിന്റൊപ്പം അച്ഛന്റെ പേരില്ലായെന്ന കാരണം കൊണ്ട് ആദ്യമായി കേട്ടു ‘ തന്തയില്ലാത്തവൻ’
പിന്നീട് ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാരും വീട്ടുകാരും പാടി നടന്നതും തന്തയില്ലായ്മ തന്നെയായിരുന്നു…

മാസം തോറും എണ്ണിതിട്ടപ്പെടുത്തിയ നോട്ടുമായി വരുന്ന കള്ളിമുണ്ടുകാരനാണ് അച്ഛനെന്ന് കരുതി ഒരിക്കൽ അയാളെ നോക്കി കൊതിയോടെ അച്ഛാ.,,,യെന്ന് വിളിച്ചതേ ഓർമ്മയുള്ളൂ മുഖം പൊത്തിയൊരടിയായിരുന്നു, അമ്മ.. എന്റെ തേങ്ങലിന്റെ ആഴമറിഞ്ഞാവണം നെറുകിൽ തഴുകി അമ്മ പറഞ്ഞത് “” മോന്റച്ഛൻ പട്ടാളത്തിലാ” എന്ന്.

പിന്നീട് കളിയാക്കിയവർക്കു മുന്നിൽ എന്റച്ഛൻ പട്ടാളത്തിലായെന്ന് വീമ്പു പറയുമ്പോൾ അടക്കിച്ചിരിക്കുന്ന മുഖങ്ങൾക്കു നടുവിലൂടെ ഒരു വട്ടമെങ്കിലും അച്ഛനോടൊപ്പം നടക്കണമെന്ന വാശിയായിരുന്നു മനസിൽ.

പക്ഷേ അമ്മയുടെ മൗനം നിരാശനാക്കുകയായിരുന്നു. വളരുന്തോറും ഒളിഞ്ഞും തെളിഞ്ഞുമുള്ള അടക്കംപറച്ചിലുകളിൽ അറിഞ്ഞു താൻ തന്തയില്ലാത്തവൻ തന്നെയാണ് ,പക്വതയെത്താത്ത പ്രായത്തിലെപ്പഴോ സംഭവിച്ചൊരു തെറ്റ് അതാണ് താൻ. പലപ്പോഴും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നിസഹായതയുടെ മുഖപടം അണിയുന്ന അമ്മയോട് ദേഷ്യം തോന്നിയിരുന്നു പലവട്ടം.

ഒരിക്കൽ കൂട്ടുകാർക്കിടയിലെ വാക്കുതർക്കങ്ങൾക്കിടയിൽ ആദ്യമായി ഒരുവൻ മുഖത്ത് നോക്കി വിളിച്ചു തന്തയില്ലാത്തവനെയെന്ന്.. കയ്യിൽ കിട്ടിയ കരിങ്കല്ലിൻ ചീള് അവന്റെ നെറ്റി പിളർത്തിയതും,വിറപൂണ്ട ശരീരവുമായി പാഞ്ഞോടുകയായിരുന്നു. പക്ഷേ അധികനേരം ഒളിച്ചിരിക്കാൻ സ്കൂൾ പറമ്പിലെ സ്ഥലം മതിയാവുമായിരുന്നില്ല, ചുഴറ്റിയടിച്ച വള്ളിച്ചൂരലിന്റെ പാട് കാൽവണ്ണയിൽ തടിച്ചുന്തിയിട്ടും ഒരിറ്റു കണ്ണീർ വീണില്ല.. ഓടിപ്പിടഞ്ഞെത്തിയ അമ്മയുടെ കണ്ണിലൊരായിരം ചോദ്യങ്ങളുണ്ടായിരുന്നു.

തോന്നിയപോലെ ഓരോന്നിനെ വളർത്തി വച്ചിട്ട് ദാ കണ്ടില്ലേ ഈ കൊച്ചിന്റെ തലയടിച്ച് പൊട്ടിച്ചേക്കണത്… അതെങ്ങനാ ശാസിക്കാനും നേർവഴി നടത്താനും തന്തയുണ്ടായിട്ടു വേണ്ടേ?

മാഷുമാരുടെ പരിഹാസം നിറഞ്ഞ വാക്കുകൾക്കു മുന്നിൽ തലകുനിച്ചു നിൽക്കാനേ തനിക്കായുള്ളൂ.

“എന്റെ മോന് അച്ഛനുണ്ട് “

അതു കണ്ടിട്ടാവണം ആദ്യമായി അമ്മയുടെ ശബ്ദം ഉയർന്നത്..

എങ്കിൽ അയാളേം കൂട്ടി വാ എന്നിട്ട് മതി ഇനിയിവനിവിടെ പഠിക്കുന്നത് ..

ആ ഒരൊറ്റ വാക്കിൽ തീരാനുള്ളതേ ഉണ്ടായിരുന്നുള്ളൂ അമ്മയുടെ ശബ്ദം..പറച്ചിലുകൾക്ക് വിലയില്ലെന്ന് മനസിലായതും തന്റെ കൈ പിടിച്ചിറങ്ങി വന്നു നിന്നത് ദാ ഇവിടെയായിരുന്നു, കണ്ണത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പറമ്പുകൾക്കു നടുവിലെ പടുകൂറ്റൻ കെട്ടിടത്തിനു മുറ്റത്ത് . പുറത്തെ വരാന്തയിലെ ചാരുകസേരയിൽ ജന്മിത്വത്തിന്റെ ആഡ്യത്വവും പേറിയിരിക്കുന്നയാളെ കണ്ടതും അമ്മയൊന്ന് നിന്നു.

ഉം,, എന്താ?

ഇഷ്ടപ്പെടാത്ത ചോദ്യമായിരുന്നു.

കുഞ്ഞൂട്ടേട്ടൻ……. തെല്ലൊരു ഭയത്തോടെ അമ്മയുടെ ചോദ്യത്തിനു മറുപടിയായി കൈയിലിരുന്ന വെറ്റിലച്ചെല്ലം വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റു അയാൾ.

ഫ്ഫ…….. തേ വടിശ്ശി, ഇമ്മുറ്റത്ത് വന്ന് പേരു വിളിക്കാനും മാത്രം വളർന്നോ നീ….

ഞാൻ, അദ്യേത്തെ ഒന്ന് കാണാൻ… മോന്റെ ഒരു കാര്യം പറയാൻ….

വിറയ്ക്കുകയായിരുന്നു അമ്മയെന്ന് ആ ശരീരത്തോട് ചേർന്നു നിന്നിരുന്ന എനിക്ക് മനസിലാകുന്നുണ്ടായിരുന്നു..

എന്താ അവിടെ……. മുഴക്കമുള്ള ചോദ്യത്തോടൊപ്പം തടിച്ചു കുറുകിയ ഒരാൾ പുറത്തേക്കിറങ്ങി വന്നു..

നീയോ . നിന്നോട് പറഞ്ഞിട്ടില്ലേ ഈ പടി കയറി വരരുതെന്ന്… ഉച്ചത്തിലായിരുന്നു ചോദ്യം.

മോന്റെ സ്കൂളില് മാഷ്മ്മാര് പറഞ്ഞു അച്ഛനെ കൂട്ടി വന്നാലെ ഇനി പഠിപ്പിക്കൂന്ന്…..ഒത്തിരി പറഞ്ഞു നോക്കി അവര് സമ്മതിക്കണില്ല അതാ ഞാൻ…..

അമ്മയുടെ സ്വരം പതറുന്നുണ്ടായിരുന്നു.

അച്ഛനോ??? ഉറക്കെയുള്ള പൊട്ടിച്ചിരി അവിടം മുഴുവൻ പ്രതിധ്വനിച്ചു.

അങ്ങനെ തിരക്കി വരാനായിരുന്നെങ്കിൽ ഈ മുറ്റത്ത് നിന്നെപ്പോലെ പലരും കണ്ടേനേ… ആണൊരുത്തൻ കണ്ണും കയ്യും കാട്ടീപ്പോ മണത്ത് വന്നതും പോരാ ഇനീപ്പോ കെട്ടിലമ്മയാക്കി വാഴിക്കണം എന്നാവും.. കണ്ണി കണ്ട തേ വിടിശ്ശിമാരൊക്കെ മുറ്റത്ത് കയറി എന്തും പറയാന്നായായോ.. അവള് വന്നിരിക്കുന്നു ആരാണ്ടിനോ ഒണ്ടായ വധൂരിയുടെ തന്തയെ തെരക്കി….

അങ്ങനെ പറയല്ലേ, നമ്മടെ മോന്റെ ഭാവി ഇല്ലാണ്ടാവും, അവനൊരു നെലയിലെത്തിക്കാനാ നാട്ടാര്ടേം വീട്ടാര്ടേം പിഴുക്കം കേട്ടും ഞാനെല്ലാം സഹിക്കണത്… ഒറ്റത്തവണ മതി , ഇനിയിതും പറഞ്ഞ് ഇങ്ങേത്തെ ഞാൻ ബുദ്ധിമുട്ടിക്കില്ല…

കരഞ്ഞ് കാലു പിടിച്ച അമ്മയെ ചവിട്ടിയെറിയുകയായിരുന്നു അയാൾ.

ഛീ, തൊട്ട് അറപ്പിക്കുന്നോടീ പെ ഴച്ചവളേ……. അടുത്തു കൂടുന്നോന് മുന്നിൽ മടിക്കുത്തഴിച്ച് കൊടുത്ത് വയറും വീർപ്പിച്ചപ്പോ പഴയ വാല്യക്കാരന്റെ മോളാണെന്ന ദയ തോന്നീയിട്ടാ നെന്നെ ഇന്നാട്ടി നിർത്തീതും ചെലവിനൊരു തൊക തരണതും,ന്നിട്ട് അതും തിന്ന് എല്ലുമ്മേ കുത്തീട്ടാണോടീ പെഴച്ചൊണ്ടായെ ചെക്കനേം കൂട്ടി വന്നേക്കണത്, ആട്ടിയിറക്കി ചാണകം തളിക്കണ്ടയെങ്കി ഇറങ്ങിക്കോണം ഇമ്മുറ്റത്ത്ന്ന്….. തേ വിടിശ്ശീ…….

അലറിക്കൊണ്ടയാൾ അമ്മയ്ക്കു നേരെ അടുക്കുമ്പോൾ താനറിയാതെ ചുവടുകൾ മുന്നോട്ട് പായുകയായിരുന്നു, അമ്മയ്ക്കു നേരെ വീശിയ കൈ തട്ടി മാറ്റി മുന്നിലേക്ക് കയറി നിന്ന് വിളിച്ചു പറഞ്ഞു, തൊട്ടു പോകരുതെന്റമ്മയെ എന്ന്. ഇനിയൊരക്ഷരം അമ്മയെ പറഞ്ഞാൽ എന്റെ കൈയ്യാവും തൊട്ടറപ്പിക്കുകയെന്ന്…

“മോനേ…… അരുത്, അത് നെന്റെ അച്ഛനാണ് ” അമ്മയുടെ പിൻ വിളി തെല്ലും ഏശിയില്ല.

“അച്ഛൻ”……. ഇരുട്ടിന്റെ മറവിൽ ഒരൊറ്റ നാളു കൊണ്ട് മാത്രം ഉണ്ടായ ബന്ധം,
ജനിപ്പിച്ചത് കൊണ്ടു മാത്രം അച്ഛനാവില്ലല്ലോ….

ഇത്രയും നാൾ ഞാൻ മനസിൽ കൊണ്ടു നടന്നതും കാത്തിരുന്നതും ഇങ്ങനെയൊരൊളെയല്ല, രണ്ടു കൈയ്യും കൂട്ടിയടിച്ചിട്ട് ശബ്ദമുണ്ടായപ്പോൾ മറു കൈക്ക് മാത്രം കുറ്റം പറയുന്നു… കണ്ണും കൈയ്യും കാണിച്ചവനല്ല പിറകെ ചെന്നവളാണ്തേ വിടിശ്ശി.. നല്ല ന്യായം തന്നെ….. അവന്റെ സ്വരം ഉയർന്നിരുന്നു.

നെലത്തു നിന്നും പൊങ്ങിയിട്ടില്ലാത്ത ചള്ള് ചെക്കന്റെ അഹമ്മതി കണ്ടില്ലേ….. കയ്യും കാലും കെട്ടി കുളത്തിൽ താഴ്ത്തണ്ടെങ്കി പോക്കോണം രണ്ടും….

ഇവിടെ കേറി പൊറുക്കാൻ വന്നതൊന്നുമല്ല, ഓർമ്മ വച്ച അന്നു മുതൽ കേൾക്കണതാ തന്തയില്ലാത്തവൻന്ന്, അതിനൊരു മാറ്റമുണ്ടാവാൻ കൊതിച്ചിട്ടാ…എത്ര ചോദിച്ചിട്ടും നിങ്ങളുടെ പേരു പോലും പറയാൻ കൂട്ടാക്കാതെ ഈ നിമിഷം വരെ നിങ്ങളെ മാത്രം ഓർത്ത് ജീവിച്ചവളാ എന്റെ അമ്മ… ആ മനസ് ഇന്നുവരെ ഞാൻ പോലും മനസിലാക്കിയിട്ടില്ല, നോവിച്ചിട്ടേയുള്ളൂ എന്നും നിങ്ങളെപ്പറ്റി ചോദിച്ച്….

ഇങ്ങനൊരാളാണ് എന്റെ അച്ഛൻ എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം തന്തയില്ലാത്തവൻ എന്ന പേര് തന്നെയാ,, ഇനിയൊരിക്കലും തന്നെ തേടി എന്റമ്മ വരില്ല, ഇനിയൊരിക്കലും ഇവടത്തെ പടിപ്പണവുമായി ഒരുത്തനും ഞങ്ങടെ മുന്നിലും വരരുത്, വാ കീറിയ ദൈവം ഇരയും തരും ,എനിക്കറിയാം എന്റമ്മയെ നോക്കാൻ…

ഒരു പതിനാറുകാരന്റെ മനസിനേക്കാൾ മൂർച്ചയുണ്ടായിരുന്നു അവന്റെ വാക്കുകൾക്ക്…

അമ്മയുടെ കൈ പിടിച്ച് പടിയിറങ്ങുമ്പോൾ ആ കണ്ണുകളിലെ ചോദ്യം മനസിലാവുമായിരുന്നു..

“ജീവിക്കാനുള്ള പഠിപ്പൊക്കെ എനിക്ക് കിട്ടി ,ഇനി വേണ്ടത് പട്ടിണിയില്ലാതെ കഴിയാനൊരു ജോലിയാ, കൂലിപ്പണിക്കാർക്കൊക്കെ ഇപ്പോ നല്ല ഡിമാന്റാ അമ്മേ”…….ചിരിയോടെ പറഞ്ഞു കൊണ്ട് അമ്മയെ ചേർത്തു പിടിക്കുമ്പോൾ ആ മുഖത്തു തെളിഞ്ഞ പുഞ്ചിരി മാത്രം മതിയായിരുന്നു ഒരു തന്തയില്ലാത്തവന്റെ മുന്നോട്ടുള്ള നാളുകൾക്ക്……