അകത്തേക്കു കയറി ചെല്ലുമ്പോൾ എൻറെ പെണ്ണ് വാടിയ പൂവ് പോലെ കട്ടിലിൽ ഇരിപ്പുണ്ട്…

ജീവിതം

എഴുത്ത്: മനു പി.എം

ഓട്ടോയിലിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.അടുത്ത് കണ്ട കടയുടെ മുന്നിലെ മരചുവട്ടിൽ വണ്ടിയൊതുക്കി ഫോണെടുത്തു അമ്മയായിരുന്നു . തിരിച്ചു വിളിക്കാൻ നോക്കിയപ്പോഴാണ് അറിഞ്ഞത് ഫോണിൽ ബാലൻസില്ലെന്ന്..

അടുത്തു കണ്ട നെറ്റ് ഷോപ്പിൽ കയറി റീച്ചാർജ് ചെയ്ത് ഇറങ്ങി വണ്ടിക്കടുത്തു വന്നു അമ്മയെ തിരിച്ചു വിളിച്ചു .. അങ്ങോട്ട് വരുകയാണെന്ന് പറഞ്ഞു..

എന്നാൽ ഇങ്ങ് വേഗം വരാൻ പറഞ്ഞു അമ്മ ഫോൺ വച്ചു … ഫോണെടുത്ത് കൈയ്യിൽ പിടിച്ചു വെറുതെ ചുറ്റും നോക്കുമ്പോഴാണ് തൊട്ടപ്പുറത്തെ തുണിക്കടയിൽ ഞാനവളെ കാണുന്നത്..

എണ്ണകറുപ്പ് വീണ മുഖത്ത് ഒരു കറുത്ത പൊട്ടിൽ അവൾ സുന്ദരിയാണെന്ന് എനിക്ക് തോന്നി.തിടുക്കത്തിൽ വാരി കെട്ടിയ മുടി ഇടയ്ക്കിടെ മുഖത്തേക്ക് വിഴുന്നത് കോതിയെടുത്തു ചെവിയോട് ചേർത്തവൾ കടയിൽ വന്നവർക്ക് വേണ്ട വസ്ത്രളെല്ലാം എടുത്തു കൊടുക്കുകയാണ് .

തുണിയെടുത്തു അതിലുള്ളവർ ഇറങ്ങി വന്നപ്പോൾ ഞാൻ ഓട്ടോയിൽ നിന്നും ഇറങ്ങി കടയിലേക്ക് കയറിയത്…

എന്നെ കണ്ടവൾ ചിരിച്ചു ..

ഞാൻ കടക്കുള്ളിൽ ചുറ്റും നോക്കി കടയിൽ അവളല്ലാതെ വെറെയൊരു കുട്ടിയും ഉണ്ടായിരുന്നു. ഞാനവൾക്കടുത്ത് ചെന്നു. ആദ്യം നോട്ടം പോയത് അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു.

എന്തുവേണം സാർ..

പെട്ടന്നുള്ള അവളുടെ സാറെന്ന് വിളിയിൽ എൻറെ നെറ്റി ചുളിഞ്ഞു. എന്നാലും ഞാൻ പറഞ്ഞു .. ഒരു സെറ്റ് മുണ്ട് വേണം …

അവൾ അടുത്ത് നിന്ന പെൺകുട്ടിയോട് നടുക്കെ ഉള്ള വസ്ത്ര തട്ടിലേക്ക് വിരൽചുണ്ടി എടുത്തു കൊണ്ടുവരാൻ പറഞ്ഞു അവിടെ തന്നെ നിന്നു .

ആ കുട്ടി കുറച്ചുസെറ്റു മുണ്ട് കൊണ്ട് വന്നു അവൾക്ക് മുന്നിൽ വച്ചു ..

ഇതൊക്കെയെന്താ അവൾക്ക് പോയി എടുത്താൽ എന്ന് ഞാൻ ചിന്തിച്ചു. അല്ലെങ്കിലും ഇപ്പോൾ പെണ്ണുകൾ വലിയ മടിയാണല്ലോയെന്ന് ഓർത്തുന്നിൽക്കുമ്പോൾ അവളതിൽ ഒന്നെടുത്തു കാണിച്ചു .

ഇതു നല്ലതാ സാർ. സാറിന്റെ ഭാര്യയ്ക്ക് ഇഷ്ടമാകും…

അതിനു ഞാൻ ഭാര്യക്കാണെന്ന് പറഞ്ഞില്ലല്ലോ..എന്ന് പറഞ്ഞു അവളുടെ മുഖത്ത് നോക്കുമ്പോൾ ..

ചമ്മി പോയ മുഖത്തെ ചുവന്ന ചുണ്ടിൽ പല്ലുക്കൊണ്ടവൾ ചെറുതായ് ഒന്നമർത്തി..

അമ്മയ്ക്ക് ആണെന്ന് പറഞ്ഞു അവളെടുത്ത സാരി നോക്കുമ്പോൾ… അവൾ മറ്റൊന്നു എടുത്തെനിക്ക് കാണിച്ചു തന്നു …

സർ വേറെ എന്തെങ്കിലും ..

വേണ്ട…. നിന്നെയൊന്നു കാണാൻ വേണ്ടി മാത്രം കയറിയത പെണ്ണെ .. എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു.. പക്ഷെ വാക്കുകൾ പുറത്തു വന്നില്ല.. അടുത്തു കണ്ട ഷർട്ടുകൾ നോക്കി നിൽക്കെ അവൾ ബില്ലെഴുതി ക്യാഷ് കൗണ്ടറിൽ നിൽക്കുന്നുണ്ടായിരുന്നു …

ബില്ല് വാങ്ങി . പണമടച്ചു ശരിയെന്ന് പറഞ്ഞു ഞാനിറങ്ങി നടന്നിട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവളെന്നെ തന്നെ നോക്കി നിൽക്കുന്നത്

ഉച്ചയ്ക്ക് വീട്ടിൽ വന്നു കൈ കഴുകി കഴിക്കാൻ വന്നപ്പോഴേക്കും അമ്മ ചോറ് വിളമ്പി വച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു..ആ മുഖത്തു നിന്നും മനസ്സിലായി എന്തോ കാര്യം സാധിക്കാനുണ്ടെന്നു

മോനെ.. ആ നാരയണൻ ഒരു പെണ്ണിന്റെ കാര്യം പറഞ്ഞു .നമ്മുക്ക് അതൊന്നു നോക്കിയാലോ മോനെ.. അതു പറയാന അമ്മ വിളിച്ചു… ഇതും നീ വേണ്ടെന്നു പറയെരുത് .ഇതെങ്കിലും ഒന്ന് നോക്ക്.. അമ്മയ്ക്ക് വയ്യാതെ ആയാ നിൻെറ കാര്യം ആരാ നോക്കുന്നു.. അതിനൊരു പെണ്ണ് വേണ്ടെ അതുകൊണ്ട അമ്മ പറയുന്നത് …

ഞാൻ ചോറ് കഴിച്ചു ഒന്നും പറയാതെ എഴുന്നേറ്റു. കൈ കഴുകി വന്നിട്ടു അമ്മയോട് പറഞ്ഞു ..നാളെ തന്നെ പോകാം .

കേട്ടത് വിശ്വാസിക്കാനാകതെ അമ്മയെന്നെ നോക്കി.. …

മുറിയിൽവന്നുകിടക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം തോന്നി .പിന്നെന്തോ ഓട്ടം പോകാൻ തോന്നിയില്ല.കണ്ണടച്ചപ്പോൾ മനസ്സ് മുഴുവൻ അവളുടെ മുഖമായിരുന്നു. അങ്ങനെ കിടന്നു എപ്പോഴോ മയങ്ങി.പിന്നെ കണ്ണു തുറന്നപ്പോൾ സമയം അഞ്ച് കഴിഞ്ഞിരുന്നു..

എഴുന്നേറ്റ് ഒരുങ്ങി ഓട്ടോ എടുത്തു അവളുടെ കടയുടെ മുന്നിൽ പോയി..മനസ്സ് എന്തോ അവളെ വീണ്ടും കാണാൻ കൊതിക്കും പോലെ..വണ്ടി സൈഡിലായി ഒതുക്കി ഇട്ടു..

കുറിച്ച് നിമിഷങ്ങൾക്ക് ശേഷം അവൾ കടയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. മനസ്സിൽ ഞാൻ നെയ്യ്തു കൂട്ടിയ എൻറെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു പോയി..

അവളുടെ ഒരു കൈയ്യിൽ പിടിച്ച വോക്കിങ് സ്റ്റിക്കിൽ തന്റെ പാതി ശരീരത്തിന്റെ ഭാരം ഏല്പിച്ചു നടന്നകലുന്ന അവളെ കണ്ടു എന്റെ മനസ്സ് പിടഞ്ഞു..എൻറെ ശരീരമാകെ തളർന്നു പോയ പോലെ..തൊണ്ട വരണ്ടു നെഞ്ച് ചെറുതായി വേദനയെടുത്തു. കണ്ണിൽ വല്ലാത്തൊരു നീറ്റൽ പടർന്നു നീറി കണ്ണീര് പൊടിഞ്ഞു..

അവൾ മുന്നോട്ട് നടന്നിട്ട് തിരിഞ്ഞു ചുറ്റുമൊന്നു നോക്കി . എന്നെ കണ്ടില്ല . പതിയെ കൈയിലെ സ്റ്റിക് നിലത്തേക്ക് കുത്തി മുടന്തി അവൾ നടന്നു പോകുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി ..

ഞാൻ ഓട്ടോയിൽ ഇരുന്നു മുൻ വശത്തെ ചില്ലുകൾക്ക് ഇടയിലൂടെ മുന്നോട്ടു നോക്കി സീറ്റിൽ ചാരി കിടന്നു.. മിഴികൾ നിറയെ കാഴ്ചകൾ ആയിരുന്നെങ്കിലും മനസ്സ് ശൂന്യമായിരുന്നു.. ഞാൻ മെല്ലെ കണ്ണു തുടച്ചു ഓട്ടോസ്റ്റാർട്ട് ചെയ്തു അപ്പോഴേക്കും അവൾ നഗരത്തിൽ നിന്നും ഒത്തിരി ദൂരെ നടന്നെത്തിയിരുന്നു .

ഞാൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു ഓടിച്ചു നീങ്ങി അവളുടെ അടുത്തെത്തി നിർത്തി .

കേറുന്നോ. എവിടെയാ പോകണ്ടെന്നു വെച്ചാൽ ഞാൻ കൊണ്ടാക്കി തരാമെന്നു പറഞ്ഞു…

വേണ്ടാ …ഞാൻ നടന്നു പൊയിക്കോളാം എന്നവളും. .

തനിക്ക് ബുദ്ധിമുട്ട് അല്ലെ ഇങ്ങനെ നടക്കാൻ എന്ന എന്റെ ചോദ്യത്തിനു ..

എനിക്കിതൊന്നും ബുദ്ധുട്ടല്ലെന്ന് അവൾ പറഞ്ഞു…

ഒടുവിൽ എൻറെ നിർബന്ധത്തിനു വഴങ്ങി അവൾ വണ്ടിയിൽ കയറി..

വീട്ടിൽ ആരൊക്കെ ഉണ്ട്. എന്ന് ചോദിച്ചു കൊണ്ട് ഞാൻ സംസാരിക്കാൻ ആരംഭിച്ചു..

ചെറിയമ്മയും ചെറിയച്ഛനും ഉണ്ട്.. പിന്നെ അവരുടെ ഒരു മോളും..

അപ്പോൾ അച്ഛനും അമ്മയും ..?

എന്റെ കുഞ്ഞിലെ മരിച്ചു.ഒരു ആക്സിഡന്റിൽ.അന്നാ എനിക്ക് കാലിൻെറ ചലന ശേഷി നഷ്ടപ്പെട്ടത് .. ആ വേദനിപ്പിക്കുന്ന ഓർമകളുടെ നൊമ്പരത്താൽ ആവാം അവൾ നിശബ്ദയായി..

ആ നിമിഷങ്ങൾ മറക്കാൻ ഞാൻ വീണ്ടും പറഞ്ഞു. എനിക്ക് അമ്മ മാത്രമേ ഉള്ളു ..എന്റെ ജീവിതത്തെക്കുറിച്ച് ഏകദേശം അവളോട്‌ പറഞ്ഞു വന്നപ്പോഴേക്കും . പിന്നിൽ നിന്നും അവൾ പറഞ്ഞു അവളുടെ വീടെത്തി എന്ന്

ഞാൻ ഓട്ടോ നിറുത്തി ..അവൾ എനിക്ക് തരാൻ കാശെടുക്കാൻ നോക്കിയപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞു..

അതെന്താ ഓട്ടം വന്നാൽ കാശു വാങ്ങില്ലേ..

കാശൊക്കെ വാങ്ങും പക്ഷേ ഇപ്പോൾ നിന്റെ അടുത്തുനിന്നും എനിക്ക് കാശ് വേണ്ട..

അവൾ ഒരു ശങ്കയോടെ അൽപനേരം എന്നെ നോക്കി നിന്നിട്ട് പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങി…

ഒന്നു നിന്നെ..

എന്താ തന്റെ പേര് പറഞ്ഞില്ല…

എന്റെ പേര് അനിത..

എന്നാൽ അനിതാ..

ഞാൻ ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്.. എതിർക്കരുത് . എനിക്ക് നിന്നെ ഇഷ്ടമായി. കല്ല്യാണം കഴിക്കാൻ താൽപര്യം ഉണ്ട്.ഞാൻ നാളെ അമ്മയെ കൂട്ടി വരും.. പെണ്ണ് ചോദിക്കാൻ..

എനിക്ക് ഒരു പെണ്ണിനെ വേണം എൻറെ അമ്മയേയും എന്നെയും നോക്കാൻ അത് നീയാവണമെന്ന് എനിക്ക് തോന്നി..നീ എന്നെ ഇഷ്ടമല്ലെന്ന് പറയില്ലെന്ന് എന്റെ മനസ്സ് പറയുന്നു ..എന്നാലും അനിതയൊന്നു ആലോചിക്കു..

ഒന്നും മറുപടി പറയാതെ നടന്നു പോകുന്ന അവളെ നോക്കി ഞാനവിടെ നിൽക്കുമ്പോൾ.. അവൾ മെല്ലെ തിരിഞ്ഞു നോക്കി ചിരിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു.ഒപ്പം എൻറെ മനസ്സും… ..

അവളുടെ കാര്യം ഞാനന്ന് അമ്മയോട് പറഞ്ഞു ..അങ്ങനെ ഒരു ഞാറാഴ്ച ഞാനവളെ പെണ്ണുകാണൽ പോയി …അമ്മയ്ക്കും അവളെ ഇഷ്ടപ്പെട്ടു കല്ല്യാണമുറപ്പിച്ചു…

കതിർമണ്ഡപത്തിൽ ഇരിക്കുമ്പോൾ നാട്ടുക്കാരുടെയും ബന്ധുക്കളുടെയും മുഖത്തെ സഹതാപവും, കുറിച്ചിലും ഞാൻ കണ്ടില്ലെന്ന് നടിച്ചു.അമ്മയുടെ നിറഞ്ഞ പുഞ്ചിരിയിലും മനസ്സു നിറഞ്ഞ അനുഗ്രഹത്തോടും ഞാനവളുടെ കഴുത്തിൽ താലി ചാർത്തി…

ആദ്യരാത്രിയിൽ അവൾക്ക് പകരമായ് മുറിയിലേക്ക് പാലുമായി കയറി വന്നത് ഞാനായിരുന്നു .

അകത്തേക്കു കയറി ചെല്ലുമ്പോൾ എൻറെ പെണ്ണ് വാടിയ പൂവ് പോലെ കട്ടിലിൽ ഇരിപ്പുണ്ട്…

കൈലിരുന്ന പാൽ അടുത്തിരുന്ന മേശപ്പുറത്തു വച്ചു….ഞാനവളുടെ തോളിൽ കൈവച്ചു.. നിറഞ്ഞു വന്ന കണ്ണുകളോടെ വിറയ്ക്കുന്ന കൈകൊണ്ട് അവളെൻെറ കൈയ്യിൽ പിടിച്ചു ഏട്ടാന്ന് വീളിച്ചു ചുണ്ടുകൾ അമർത്തി വിതുമ്പുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ ഞാനും ഒരു നിമിഷം ദുർബലനായി…

ഇരുകൈകളിലും അവളുടെ മുഖമെടുത്തു..നെറുകയിൽ ഒരു ചുംബനം കൊടുത്തു..

ഇനി നീ ഒന്നും കൊണ്ടും വിഷമിക്കേണ്ട . നിനക്ക് ഞാനില്ലെയെന്ന് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം കരഞ്ഞു ചുവന്നിരുന്നു … ഏട്ടാ..ഞാൻ എന്റെ കുറവുകൾ.. അതറിഞ്ഞ് ഏട്ടൻ എനിക്ക് തന്ന ഈ ജീവിതം എന്റെ പുണ്യമാണ്.

ഒരിക്കൽ പോലും ഇങ്ങനെ ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടിട്ടില്ല… അതിനുള്ള അർഹത എനിക്കിലെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.. പക്ഷേ ഏട്ടന്റെ നല്ല മനസ്സുകൊണ്ട് ഞാൻ ഇന്നൊരു ഭാര്യയായി.. എന്റെ മനസ്സിൽ ഏട്ടനുള്ള സ്ഥാനം ഇപ്പോൾ ദൈവങ്ങൾക്കെപ്പമാണ്.. ബാക്കി പറയാൻ കഴിയാതെ അവൾ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു

മതി ഇനി നീ കരയരുത്..കുറവുകൾ എല്ലാവർക്കും ഉണ്ടാകും.ജനിക്കുമ്പോഴോ ജനിച്ചു വീണതിനു ശേഷമോ . കുറവുകൾ ഇല്ലാത്ത മനുഷ്യനുണ്ടോ…ദെ എനിക്ക് തന്നെഎന്തെല്ലാം കുറവുകൾ ഉണ്ട് . നല്ല വിദ്യാഭ്യാസമില്ല. നല്ലൊരു ജോലിയില്ല നല്ല വരുമാനമില്ല. അതൊക്കെ ഒരോ മനുഷ്യൻെറ കുറവുകൾ തന്നെയാണ്..

പക്ഷെ ഒരു മനുഷ്യൻ ചെയ്യുവുന്നത് ഒന്നാണ്.എല്ലാ കുവുകൾക്ക് ഇടയിലും നമ്മുക്ക് കഴിയുമെങ്കിൽ അങ്ങനെ ഒരാളെ ചേർത്തു പിടിക്കുക എന്നുള്ളത് .

നീ വിഷമിക്കേണ്ട ..ഇനി ഒരിക്കലും… നീ എൻറെ ഭാര്യാണ്.. എൻറെ അമ്മയുടെ നല്ല മരുമകളാണ്..നിനക്കെന്നും ഞാനുണ്ട് നിന്റെ ഏതു ദുഃഖത്തിലും, സന്തോഷത്തിലും…ഇതെന്റെ വാക്കാണ് .. അത് പറഞ്ഞു ഞാൻ അവളുടെ നെറുകിയിൽ എന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു…

തെല്ലകന്നു അവൾ എന്റെ മുഖത്തേക്കു നോക്കി അവളുടെ നിറഞ്ഞ ആ കണ്ണിൽ നിറഞ്ഞ പ്രത്യാശയുടെ തിളക്കത്തിനൊപ്പം പ്രണയവും നിറഞ്ഞിരുന്നു..