അവന്റെ നെഞ്ചിൽ കണ്ണുകളടച്ച് തല ചായ്ച്ചു നിൽക്കുന്ന കുഞ്ഞിയെ ഒരു ഞെട്ടലോടെ അപ്പു നോക്കി നിന്നു…

?അപ്പ്വേട്ടൻ?

Story written by SREENANDHA VINOD

“”അപ്പ്വേട്ടാ…ഇന്നൊരു ദിവസം മാത്രം മോളെ എന്റെ കൂടെ ഇവ്ടെ കിടത്തിക്കോട്ടേ…””

ഇത്രയും നാൾ ചലനമറ്റ് നിന്ന അവളുടെ പാതിയടഞ്ഞ മിഴികളിലെ കറുത്ത ഗോളങ്ങൾ ഒന്നനങ്ങിയത് പോലെ തോന്നി അപ്പുവിന്.

*** *** *** *** *** ***

“”അപ്പൂ… കുഞ്ഞി ഇന്ന് വരും കൂടെ പഠിക്കണ കുട്ട്വോളും ഇണ്ട്ന്നാ പറഞ്ഞേ ..നീ വണ്ടിയെട്ത്ത് ടൗണിൽ പോയി കൂട്ടണം””പറമ്പിലെ ഈ മാസത്തെ കണക്ക് അച്ഛാച്ഛനോട് പറഞ്ഞ് കൊടുത്ത് ബുക്ക് അടച്ചു വെച്ചപ്പോൾ അച്ഛാച്ഛൻ പറഞ്ഞു

“”ഈ വേഷമൊന്നു മാറ്റീട്ട് പോവാം””ബുക്കുമെടുത്ത് എഴുന്നേറ്റു.

“” നീ ഇനി വേഷം മാറാനൊന്നും നിക്കണ്ട അവള് വിളിച്ചിരുന്നു ഇപ്പോ..ഇങ്ങെത്താറായി”” ഇറയത്തേക്ക് വന്ന ചെറിയച്ഛൻ പറഞ്ഞു.ബുക്ക് മേശമേൽ വെച്ച് കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് നടന്നു.

വലിയ ബാഗുകളുമെടുത്ത് നന്ദുജയും കൂട്ടുകാരും അവന്റെടുത്തേക്ക് നടന്നു.കട്ട് ചെയ്ത മുടി അവളുടെ മുഖത്ത് കുരുത്തക്കേട് കാണിക്കുന്നുണ്ടായിരുന്നു.യാത്ര ക്ഷീണം കൊണ്ടാവാം അലസ ഭാവം മുഖത്ത് തങ്ങി നിൽക്കുന്നുണ്ട്.അതിലും അലസമായ ഒരു നോട്ടം അപ്പുവിന് നൽകി അവൾ ഡിക്കിയിൽ വെക്കാനായി ബാഗ് അവന്റെ കൈയിൽ കൊടുത്തു.

“”അപ്പ്വേട്ടന് നല്ല ഷർട്ടും മുണ്ടും ഇട്ട് വന്നൂടായിരുന്നോ മനിഷനെ നാണം കെട്ത്താനിയിട്ട്”” കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ കാറിൽ കേറിയതും നന്ദുജ ശബ്ദം താഴ്ത്തി പറഞ്ഞു.

“”നീ കേറാൻ നോക്ക് എല്ലാരും കാത്തിരിക്കുന്നുണ്ട് അവ്ടെ”” ശബ്ദത്തിൽ അൽപം കനം വരുത്തി തന്നെ അപ്പു പറഞ്ഞു.ഡ്രൈവിങിനിടെ അവളെ അവളെ നോക്കിയപ്പോൾ പിറകിലിരിക്കുന്ന ഫ്രൺസിനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.

“”അച്ഛാച്ഛന്റെ കുഞ്ഞി വന്നോ”’ നന്ദുജയെ കണ്ട് അച്ഛാച്ഛൻ വയ്യായ്കയൊക്കെ മറന്നു ഇറയത്തേക്ക് നടന്നു വന്നു.കൈയിൽ പിടിച്ച വാക്കിങ് സ്റ്റിക്കിന്റെ ആവിശ്യമുണ്ടോ എന്നു പോലും തോന്നി. അച്ഛാച്ഛനു പിറകിലായ് നിറഞ്ഞ ചിരിയോടെ ബാക്കിയുള്ളവരുമുണ്ടായിരുന്നു.പത്തായ പുരയിലേക്ക് നടക്കവേ അപ്പു തിരിഞ്ഞു നടക്കവേ അച്ഛാച്ഛനെ ചേർത്തു പിടിച്ചു നിൽക്കുന്ന നന്ദുവിലേക്ക് കണ്ണുകൾ പോയി.ഒരു അർഥവുമില്ലാത്തൊരു ചിരിയുണ്ടായിരുന്നു അവന്റെ ചുണ്ടിൽ.

തള്ളേ കൊന്നവൻ..അശ്രീകരം എന്നൊക്കെ പറഞ്ഞ് അവനെ എല്ലാവരും അകറ്റിയപ്പോൾ “അപ്പ്വോട്ടാ..”എന്ന ഒറ്റ വിളിയിൽ മനസ് തണുപ്പിച്ചത് അവളായിനുന്നു. ” കുഞ്ഞി എന്ന നന്ദുജ ” പിന്നെപ്പോഴോ അവളും വെറുത്തു തുടങ്ങി.തറവാട്ടിൽ താൻ അധികപറ്റാണെന്നു തോന്നിയപ്പോൾ പത്തായപുരയിലേക്ക് താമസം മാറി .തറവാട്ടിലെ കാര്യസ്ഥ കുപ്പായമണിഞ്ഞ് പാടത്തേയും പറമ്പിലേയും കാര്യങ്ങൾ നോക്കി നടന്നു.

പത്തായ പുരയിലെ ചെറിയ മുറിയിൽ എത്തിയതും കട്ടിലേക്ക് വീണു.ഓർമയിൽ അവളായിരുന്നു… കുഞ്ഞി.

“”അപ്പ്വേട്ടാ…നോക്കിയേ..ചിലുഞ്ചിലും പാദസരം”” ചെമ്പക ചോട്ടിലിരിക്കെയാണ് കുഞ്ഞി ഓടി വന്നത്.

പാദസരത്തിന്റെ ശബ്ദം അവനെ കേൾപ്പിക്കാനായി കാലുകൾ കൊണ്ട് ചുവട് വെച്ചു.അവനും അവളുടെ കാലിലേക്ക് തന്നെ നോക്കിയിരുന്നു.നോട്ടം അവളുടെ മുഖത്തേക്ക് പോയപ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന സന്തോഷവും കുസൃതിയും ഉള്ളിൽ അവളോടുള്ള സ്നേഹം വിരിയുന്നതറിഞ്ഞു. അതൊരു പൂക്കാലമാവാൻ ഒരുപാട് നാൾ വേണ്ടി വന്നില്ല. അവളിൽ സ്നേഹത്തിനപ്പുറം മറ്റെന്തോ മനസ് തേടി തുടങ്ങി.അപ്പ്വേട്ടാ എന്ന കൊഞ്ചിയുള്ള അവളുടെ വിളി മനസിൽ നിറഭേദങ്ങൾ സൃഷ്ടിച്ചു.

“”അപ്പ്വേട്ടനെയും കളിക്കാം കൂട്ടാം..””ചെറിയമ്മയുടെ മോൻ ജയദേവിനോട് കുഞ്ഞി പറഞ്ഞപ്പോൾ അവൻ അവളോട് എന്തോ പറഞ്ഞു.അന്ന് അപ്പുവിനെ നോക്കിയ നോട്ടത്തിൽ എന്നത്തേയും പോലെ കരുണയും സ്നേഹവുമല്ലായിരുന്നു മറ്റെന്തോ ഭാവം.പിന്നീട് അവളും അകലാൻ തുടങ്ങി.

അപ്പു തുറന്നിട്ട ജനലിൽ കൂടി കുഞ്ഞിയുടെ മുറിയിലേക്ക് നോക്കി.അന്ന് അടച്ചതാണ് അവളുടെ മുറിയിലെ പത്തായപുരയ്ക്ക് നേരെ ഉള്ള ജനൽ.പിന്നീട് ഇത് വരെ തുറന്നിട്ടില്ല.

പറമ്പിലെ മരങ്ങൾക്കിടയിൽ അടക്കിപിടിച്ച സംസാരവും ചിരിയും കേട്ട് പോയി നോക്കിയപ്പോൾ കണ്ടത് കൂട്ടുകാരന്റെ കൈക്കുള്ളിലായി നിൽക്കുന്ന കുഞ്ഞിയെ ആയിരുന്നു.അവന്റെ നെഞ്ചിൽ കണ്ണുകളടച്ച് തല ചായ്ച്ചു നിൽക്കുന്ന കുഞ്ഞിയെ ഒരു ഞെട്ടലോടെ അപ്പു നോക്കി നിന്നു.അപ്പുവിനെ കണ്ട് കൂട്ടുകാരന്റെ കൈകൾ അയഞ്ഞപ്പോഴാണ് കുഞ്ഞി അപ്പുവിനെ കണ്ടത്.

“”അപ്പ്വേട്ടാ അഗസ്റ്റിയും ഞാനും ജസ്റ്റ് ഫ്രൺസ് മാത്രമാണ്…അല്ലാതെ..”” അപ്പു തിരിഞ്ഞു നടക്കാൻ നോക്കവേ കുഞ്ഞി ചെറിയ പതറിച്ചയോടെ പറഞ്ഞു.

“”ഞാനതിന് നിന്നോടൊന്നും ചോദിച്ചില്ലാലോ കുഞ്ഞീ..”‘പുച്ഛത്തോടെ പറഞ്ഞ് അപ്പു തിരിച്ചു നടന്നു.അവൾക്കായി കാത്തു സൂക്ഷിച്ച പ്രണയം തന്നെ കുത്തി നോവിക്കുന്നറിഞ്ഞു.ഉള്ളം പൊള്ളിച്ചു കൊണ്ട് ആ നോവ് ശരീരത്തിലാകെ പടർന്നു.തന്റെ നിശ്വാസത്തിൽ പോലും അതിന്റെ ചൂടുണ്ടെന്നു തോന്നി അപ്പുവിന്.

“”അപ്പൂ…അച്ഛാച്ഛൻ വിളിക്കുന്നുണ്ട്..”” മുറ്റത്തെ പെപ്പിൽ നിന്നും കാലും മുഖവും കഴുകി ജയദേവനു പിറകെ നടന്നു.തറവാട്ടിലെ എല്ലാരുമുണ്ടായിരുന്നു അച്ഛാച്ഛനു ചുറ്റും.

“”അപ്പൂ….നിന്റെയും കുഞ്ഞിയുടെയും കല്യാണം നടത്തുന്നതിനെ പറ്റി സംസാരിക്കാനാ വിളിപ്പിച്ചത്..”” അപ്പു സംശയത്തോടെ അച്ഛാച്ഛനെ നോക്കി.

“” കുഞ്ഞി ഏതോ നസ്രാണി ചെക്കനുമായി ഇഷ്ടത്തിലായിരുന്നു.ഇപ്പോ അവള് ഗർഭിണിയാ.അബോർഷൻ ചെയ്യാൻ പറ്റില്ല അവളുടെ ജീവന് ആപത്താണെന്നാ ഡോക്ടർ പറഞ്ഞത്.അപ്പൂ..നിനക്കേ ഇപ്പോ തറവാട്ടിന്റെ മാനം രക്ഷിക്കാനാവൂ….അല്ലേ അവള് അച്ഛനില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരും..നിന്നോട് അപേക്ഷിക്കുകയാ…നീ ഈ കല്യാണത്തിന് സമ്മതിക്കണം..”” അച്ഛാച്ഛൻ വല്ലായ്മയോടെ പറഞ്ഞു നിർത്തി.

“”എനിക്ക് കുഞ്ഞിയോട് സംസാരിക്കണം””

“അപ്പ്വേട്ടൻ ദയവ് ചെയ്ത് ഈ കല്യാണത്തിന് സമ്മതിക്കര്ത്…എന്നെ കൊണ്ട്…എന്നെ കൊണ്ട് പറ്റില്ല താലിക്കായ് കഴുത്ത് നീട്ടിത്തരാൻ..””

ഉലഞ്ഞ മുടിയിഴകൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന കണ്ണുകളിൽ അവന്റെ കണ്ണുകളുടക്കി.കട്ടിലിൽ കൂനിയിരുന്നു കാൽമുട്ടിൽ മുഖം അമർത്തിയവൾ ഇരുന്നു.കൈകളിലൊക്കെ അടി കൊണ്ട പാടുകളിലേക്ക് അപ്പു കരുണയോടെ നോക്കി.അപ്പോഴും അവളിലെ തേങ്ങൽ അടങ്ങിയിരുന്നില്ല.

“”അഗസ്റ്റിയാണോ…”” അതേ എന്നു തലയാട്ടി.

“”അവനെവിടെയുണ്ട്..???””

“”അറിയില്ല…അവന്റെ വീട്ടൂകാർ അവനെ എവിടേക്കോ മാറ്റി..”” അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“”ഞങ്ങൾ അന്വേഷിച്ചു അമേരിക്കയിലെവിടെയോ അവന്റെ റിലേറ്റീവ്സുണ്ട് അവിടേക്കാ പോയതെന്നാ അറിഞ്ഞത്..”” ജയദേവൻ മുറിയുടെ പുറത്ത് നിന്നും പറഞ്ഞു.

അപ്പുവിന്റെ താലിക്കായി നിർവികാരമായി നിന്നു കൊടുത്തു.പാതിയടഞ്ഞ മിഴികളിലെ കറുത്ത ഗോളങ്ങൾ ചലനമറ്റത് പോലായി.കല്യാണ ശേഷം അപ്പു പത്തായ പുരയിലേക്കും കുഞ്ഞി മുറിയിലേക്കും ചേക്കേറി.

“”കുഞ്ഞീ….”” അപ്പുവിന്റെ അലർച്ച കേട്ട് കട്ടിയുള്ള കമ്പിളി പുതപ്പെടുത്ത് അലക്കു കല്ലിൽ തല്ലി അലക്കുകയായിരുന്ന അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി.

“” എന്താടീ നീയീ ചെയ്യുന്നേ..”” ദേഷ്യം തിളച്ചു മറിയുന്നുണ്ടായിരുന്നു .

“”ചത്തു പോട്ടെ അപ്പ്വോട്ടാ അത്…””

“”ഡീ….””

അപ്പു കൈ വീശിക്കൊണ്ട് അലറി. അടി വീഴാതിരിക്കാനായി അറിയാതെ മുഖം ചെരിച്ചു പോയി.അവളുടെ കവിളിനടുത്തെത്തിയ കൈയിലെ വിരലുകൾ മടക്കി ദേഷ്യം കടിച്ചമർത്തി.

””മേലാൽ…മേലാൽ ഇത് ആവർത്തിക്കര്ത്…””താക്കീത് പോലെ പറഞ്ഞ് അപ്പു അവിടെ നിന്നു പോയി.ആദ്യമായാണ് അപ്പു ദേഷ്യപ്പെട്ട് കണ്ടത്. എല്ലാരും കുത്തി നോവിക്കുമ്പോഴും അകറ്റി നിർത്തുമ്പോഴും ഒരു ചിരിയോടെ നിന്നവനായിരുന്നു.

അച്ഛാച്ഛനെ കണക്ക് ബോധിപ്പിക്കാൻ വരുമ്പോൾ അവളുടെ മുറിയിലേക്ക് ഒന്നു എത്തി നോക്കും.മുഖം കുനിച്ച് കുഞ്ഞിയാ മുറിയിൽ ഇരിക്കുന്നുണ്ടാവും.

കുഞ്ഞിനെ കൈ വെള്ളയിൽ വാങ്ങിയത് മുതൽ അപ്പുവിന്റെ നെഞ്ചിൽ കിടത്തിയാണ് ഉറക്കിയത്.പാലു കൊടുക്കാൻ വേണ്ടി മാത്രം കുഞ്ഞിയുടെ അടുത്തു കൊണ്ടു പോയി.ഭക്ഷണത്തിനായും കുഞ്ഞിനു പാലു കൊടുക്കാനും മാത്രമേ അവളുടെ മുറിയുടെ വാതിൽ തുറക്കാറുള്ളൂ.അവളെ നോക്കാനായി നിർത്തിയ ആയയാണ് കുഞ്ഞിനെ അവളുടെ മാറിലേക്ക് ചേർത്തു പിടിക്കുന്നതും ബ്ലൗസിന്റെ ഹു ക്കഴിച്ച് നിപ്പിൾ കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തതുമെല്ലാം.ആ നേരം അവളേതോ ചിന്തയിലായിരിക്കും.ചുറ്റുമുള്ളത് അവൾ അറിയുന്നോണ്ടോ എന്നു പോലും സംശയം തോന്നി.

പത്തായ പുരയിലെ അവന്റെ മുറിക്കുള്ളിൽ ഒരു ചെറിയ വിളക്ക് കത്തിച്ച് വെച്ച് അപ്പു കുഞ്ഞിന് പേര് വിളിച്ചു..” ശ്രീ പാർവതി ” അവന്റെ അമ്മയുടെ പേര്. പാറൂട്ടിയുടെ കാത് കുത്തും അവൻ മാത്രം ആഘോഷമാക്കി.

എന്നെത്തേയും പോലെ പാലു കൊടുത്ത് പാറൂട്ടിയെ അവളിൽ നിന്നും മാറ്റാൻ നോക്കുമ്പോഴാണ് ആയ പാറൂട്ടിയുടെ കൈവിരലിൽ കുഞ്ഞിയുടെ മുടി ചുരുട്ടിപിടിച്ചത് ശ്രദ്ധിച്ചത്.അവരത് പതിയെ എടുത്തു മാറ്റാൻ ശ്രമിക്കുമ്പോഴേക്കും പാറൂട്ടി ശക്തിയായി വലിച്ചു.

“”ആഹ്..””

കുഞ്ഞി അവളെ നോക്കുന്നതു വരെ അവൾ വിടാതെ വലിച്ചു.കുഞ്ഞിയുടെ കണ്ണുകൾ പാറൂട്ടിയിലെത്തിയതും ശബ്ദമുണ്ടാക്കി ചിരിച്ചു.കൈകാലിട്ടടിച്ച് അവളോട് എന്തൊക്കെയോ പറഞ്ഞു.കുഞ്ഞി അറിയാതെ വിരൽ കൊണ്ട് ചോര നിറമുള്ള കുഞ്ഞി ചുണ്ടിൽ തൊട്ടു.വാ മുഴുവൻ തുറന്നു കാട്ടി ചിരിക്കുന്ന പാറൂട്ടിയെ കണ്ടപ്പോൾ അവളുടെ ചുണ്ടിലും ചിരി വിടരാൻ തുടങ്ങി.

പതിയെ പതിയെ അവൾ പാറൂട്ടിയോട് അടുത്തു.ആദ്യമൊക്ക വിരൽ പിടിച്ചും തൊട്ടു നോക്കുകയും ചെയ്ത കുഞ്ഞി തനിയെ അവളെ മുലയൂട്ടാൻ തുടങ്ങി. മുലപ്പാലിനൊപ്പം മാതൃത്വവും ചുരന്നു തുടങ്ങി.

“”അപ്പ്വേട്ടാ…ഇന്നൊരു ദിവസം മാത്രം മോളെ എന്റെ കൂടെ ഇവ്ടെ കിടത്തിക്കോട്ടേ…””

മോളെയുമെടുത്ത് അപ്പു പുറത്തേക്ക് പോകാൻ നോക്കവേ കുഞ്ഞി പറഞ്ഞു. ഇത്രയും നാൾ ചലനമറ്റ് നിന്ന അവളുടെ പാതിയടഞ്ഞ മിഴികളിലെ കറുത്ത ഗോളങ്ങൾ ഒന്നനങ്ങിയത് പോലെ തോന്നി അപ്പുവിന്.

തിരികെ വന്ന് മോളെ അവൾക്കടുത്തായി കിടത്തിയിട്ട് അവൻ പുറത്തേക്ക് പോയി.കുഞ്ഞിനെ കൈക്കുള്ളിലൊതുക്കി കുഞ്ഞി ചേർന്നു കിടന്നു .പാറൂട്ടിയുടെ പതുപതുപ്പുള്ള ശരീരം മാറിലേക്ക് അമർത്തി.പാറൂട്ടിയും അവളെ നോക്കി കിടക്കുകയായിരുന്നു.വായിൽ വെച്ച കുഞ്ഞിക്കൈ എടുത്ത് ഉമ്മ വെച്ചു. പാറൂട്ടിയുടെ ഉമനീരിന്റെ നനവ് അവളുടെ വരണ്ട ചുണ്ടിൽ നനവേകി.

രാത്രി ആയപ്പോഴേക്കും പാറൂട്ടി നിർത്താതെ കരയാൻ തുടങ്ങി.കുഞ്ഞി എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാൻ പറ്റാതായപ്പോൾ അപ്പുവിനെ വിളിച്ചു.

“” സഥലം മാറി കിടന്നത് കൊണ്ടാവും..കുറച്ച് കഴിഞ്ഞ് മോളെ കൊണ്ട് തരാം..””

“”വേണ്ട അപ്പ്വേട്ടാ…മോള് അവ്ടെ കിടന്നോട്ടെ..ഇവ്ടെയാവുമ്പോ മോള് കരയുമ്പോ എല്ലാവരും മോളെ നാശം…പെഴച്ചു പെറ്റത് ന്നൊക്കെ പറഞ്ഞു പ്രാകാൻ തുടങ്ങും. അവിടെയാകുമ്പോ അതൊന്നും കേൾക്കണ്ടാലോ..എനിക്കറിയാം അപ്പ്വേട്ടനും മോളില്ലാതെ ഉറങ്ങി കാണില്ല..”” ഒരു വിതുമ്പലോടെ കുഞ്ഞി പറഞ്ഞു.

അപ്പു പോയതും കുഞ്ഞി മുറിയിലേക്ക് വന്നു പത്തായപുരയിലേക്കുള്ള ജനൽ തുറന്നു.അവന്റെ മുറിയിലെ ചുവരിൽ അപ്പുവിന്റേയും അവന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന പാറൂട്ടിയുടേയും നിഴൽ നോക്കി കിടന്നു.

ഫോൺ റിങ് ചെയ്യുന്നത് കണ്ട് അപ്പു ഫോൺ എട്ത്ത് നോക്കി.

“”ഹലോ…എന്താ..കുഞ്ഞീ…””

“”അപ്പ്വേട്ടൻ ഒന്നു പുറത്തിറങ്ങി നിൽക്ക്വോ…ഇരുട്ടായോണ്ട് പേടിച്ചിട്ടാ…”” വേവലാതിയോടുള്ള അപ്പുവിന്റെ ശബ്ദം കേട്ടതും അവൾ പറഞ്ഞു.മോളെ പതിയെ കട്ടിലിൽ കിടത്തി പുറത്തേക്കിറങ്ങി.

“”എന്താ കുഞ്ഞി..””

“”ഞാനും ഇനി മുതൽ ഇവിടെ താമസിച്ചോട്ടെ..”” അവനോട് കനിവ് തേടും പോലെ ചോദിച്ചു.

“”നീ വരുന്നത് ചെറിയച്ചനോടും ചെറിയമ്മയോടും പറഞ്ഞോ..അവര് പേടിക്കില്ലേ..””

“”ആരും അന്വേഷിക്കില്ല ഇത്രേം നാൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും അവരാരും തിരിഞ്ഞു നോക്കിയിട്ടില്ല.അവരുടെയൊക്കെ മനസിൽ എന്നെ പണ്ടേ പടിയടച്ച് പിണ്ഠ്ം വെച്ചതാ..അവർക്ക് സന്തോഷേ ആവൂ..അശ്രീകരം..നാശം പിടിച്ചവൾ പോയീന്നേ പറയൂ…””

“”ഞാൻ താഴെ കിടന്നോളാം..്‌നീ മോളെ കൂടെ കട്ടിലിൽ കിടന്നോ..””

“”അത് വേണ്ട അപ്പ്വേട്ടാ…എനിക്ക് കുഴപ്പൂല്ല..””പാറൂട്ടിയെ നെഞ്ചിൽ കിടത്തി അപ്പു കിടന്നപ്പോൾ അവനരികിലായി അവളും കിടന്നു.

അപ്പു രാവിലെ തന്നെ അച്ഛാച്ഛനോട് കുഞ്ഞി പത്തായപുരയിൽ വന്നത് പറഞ്ഞപ്പോൾ ഒന്നു മൂളുക മാത്രം ചെയ്തു. പത്തായപുര കുഞ്ഞിയുടെ കൂടി ലോകമായി മാറി.

കുഞ്ഞി പാറുവിനെ നെഞ്ചിൽ കിടത്തി കണ്ണടച്ചു കിടക്കുന്ന അപ്പുവിനെ നോക്കി

അമ്മായിയുടെ മരണത്തിന് കാരണം അപ്പുവേട്ടനാണെന്നു എല്ലാരും പറഞ്ഞപ്പോൾ അന്നത്തെ കുഞ്ഞു മനസിൽ ഒരിഷ്ടക്കേട് തോന്നി.അച്ഛാച്ഛൻ അമ്മായിയേയും അമ്മാവനെയുമോർത്ത് ഓർത്ത് കരയുന്നതു കണ്ടപ്പോൾ ഇഷ്ടക്കേട് കൂടി.അന്നു വന്ന അകലം വലുതായപ്പോഴും അങ്ങനെ തന്നെ തുടർന്നു.

ഇതുവരെ അപ്പുവിനോട് തോന്നാത്തതെന്തോ മനസിൽ മുളക്കുന്നതറിഞ്ഞു.കുഞ്ഞി അവളുടെ നെഞ്ചിന്റെ ഓരത്തായി തല വെച്ചു.അതറിഞ്ഞിട്ടും അപ്പു കണ്ണടച്ചു കിടന്നു.

“”ഞാൻ വരാൻ ലേറ്റാവും…ഒരാളെ കാണാനുണ്ട്..”” ഷർട്ടെടുത്ത് ഇട്ടു കൊണ്ട് അപ്പു പറഞ്ഞു.

“”ആരെയാ..???””

“‘വന്നിട്ട് പറയാം…”” അപ്പുവിനെ കണ്ട് കുഞ്ഞിയുടെ കൈയിലിരുന്നു ബഹളം വെക്കുന്ന പാറൂട്ടിക്ക് ഉമ്മ വെച്ചു

“”അപ്പ്വേട്ടാ…എത്ര സമയായി പോയിട്ട്…ആരെ കാണാനാ പോയത്..””

അഗസ്റ്റി…..

അപ്പുവിനോട് പറഞ്ഞു കഴിഞ്ഞാണ് അവനു പിറകിൽ നിൽക്കുന്ന അഗസ്റ്റിയെ കണ്ടത്.

“”നിങ്ങൾ സംസാരിക്ക്…ഞാൻ പുറത്ത് കാണും…”” അതും പറഞ്ഞു കുഞ്ഞിയുടെ കൈയിൽ നിന്നും മോളെ വാങ്ങി പുറത്തേക്ക് പോയി.

പറമ്പിൽ മോളെ എന്തൊക്കെയോ കാണിച്ച് സംസാരിക്കുകയാണ് അപ്പു.കുഞ്ഞി അവന്റെ പിറകിലായി വന്നു നിന്നു.

“”ഇത്ര വേഗം സംസാരിച്ചു കഴിഞ്ഞോ…എന്തു തീരുമാനിച്ചു..”” അവൾ പിറകിൽ വന്നു നിന്നു എന്നു മനസിലായപ്പോൾ അപ്പു ചോദിച്ചു.

“”അധികമൊന്നും സംസാരിക്കാനില്ലായിരുന്നു..സോറി…വിട്ടിട്ട് പോയത് തെറ്റാണ്…നീ ക്ഷമിക്കണമെന്നു പറഞ്ഞു..ഞാൻ പറഞ്ഞു സാരല്ലന്നു..””

“” എന്ത് തീരുമാനിച്ചു …ഇന്നു തന്നെ പോവുന്നുണ്ടോ…”” അത് ചോദിച്ചപ്പോൾ അവന്റെ സ്വരം ചെറുതായി ഇടറി.

“” മ്ഹ്…കൂടെ പോവാൻ പറഞ്ഞു.എന്റെ മോളുടെ അച്ഛനെ വിട്ട് ഞാൻ വരില്ലാന്നു പറഞ്ഞു..”” അവന്റെ പുറത്ത് കവിൾ ചേർത്തു നിന്നു.

“മോളെ സ്നേഹിക്കും പോലെ എന്നേം സ്നേഹിച്ചു കൂടെ..ഇത്തിരി സ്നേഹം മതി..അർഹത ഇല്ലാന്നറിയാം…”” അപ്പു അവളെ അവന്റെ ഒരുവശത്തേക്ക് വലിച്ചു ചേർത്തു പിടിച്ചു.

“”എന്താ കുഞ്ഞീ നിന്നോട് ഞാൻ പറയേണ്ടത്…ഓർമ വെച്ച കാലം മുതൽ നീയെന്റെ പ്രാണനാണെന്നോ..അതോ അപ്പുവിന്റെ ഉള്ളിൽ നിന്റെ മുഖം പതിഞ്ഞിട്ട് വർഷങ്ങളായിയെന്നോ…”” പതിഞ്ഞ സ്വരത്തിൽ അവനത് പറഞ്ഞപ്പോൾ അവൾ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.എന്തിനെന്നില്ലാതെ രണ്ടു പേരുടെ കണ്ണും പെയ്തു കൊണ്ടിരുന്നു.

രാത്രി കുഞ്ഞി നെഞ്ചിൽ തല വെച്ചു കിടന്നതും പാറൂട്ടി കാലു കൊണ്ടവളെ ഉന്തിമാറ്റി. പാറൂട്ടിയുടെ സ്ഥലം കൈയേറിയ ദേഷ്യത്തിൽ കുഞ്ഞിക്കണ്ണു കൊണ്ടവളെ നോക്കി പേടിപ്പിച്ചു. എന്നിട്ട് കുഞ്ഞി കിടക്കാതിരക്കാനായി കാലു രണ്ടും വിടർത്തി വെച്ച് അപ്പുവിന്റെ നെഞ്ചിൽ കിടന്നു.””ന്തെ ച്ചാ…””.പാറു അപ്പുവിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കിടന്നു.

“”നിന്റെ മാത്രല്ല എന്റേം കൂടിയാ..”” കളിയായി കൊറുവിച്ച് അപ്പുവിനോട് ചേർന്നു.ഒരു ചിരിയോടെ അപ്പു അവളെ ചേർത്തു പിടിച്ചു.

“”അപ്പ്വേട്ടാ…നമുക്കിവിടുന്ന് എവിടേക്കെങ്കിലും പോവാം..””

“” എന്റെ കൂട്ടുകാരനൊരു ഫാമും അതിനോട് ചേർന്നൊരു വീടും ഉണ്ട്. ഫാം നോക്കി നടത്താൻ ആളെ വേണം എന്നു പറഞ്ഞിരുന്നു.അവിടേക്ക് പോവാൻ തീരുമാനിച്ചപ്പോഴാ നമ്മുടെ കല്യാണം..”” അവളേയും ചേർത്തു പിടിച്ച് അപ്പു കണ്ണുകളടച്ചു കിടന്നു.

ആ രാത്രി പെയ്ത ഹിമമഴയുടെ തണുപ്പ് അവരുടെ പ്രണയചൂടിൽ അലിഞ്ഞു പോയി