അതിനിടയിൽ അവളുടെ വീട്ടുകാരും ദേഷ്യവും പിണക്കവും മാറ്റി വന്നത് ഞങ്ങളുടെ ജീവിതത്തിനു പത്തരമാറ്റേകി…

എഴുത്ത്: ശിവ

“””കാമുകി തേച്ചു പോയെന്നു അറിഞ്ഞു സാരമില്ല മാഷേ നിങ്ങൾക്ക് അവളെക്കാൾ നല്ലൊരാളെ കിട്ടും എന്നും പറഞ്ഞു ആശ്വാസ വചനവുമായി ഫേസ്ബുക്ക് ഇൻബോക്സിൽ മെസ്സേജ് അയച്ചവൾ തന്നെ പിന്നീട് എന്റെ ഭാര്യ ആവുമെന്ന് ഞാൻ ജന്മത്തിൽ പോലും വിചാരിച്ചില്ല…..

എഴുത്തുകാരനോട് തോന്നിയ ആരാധനയിൽ സൗഹൃദവുമായി കൂടെ കൂടിയവൾ വിഷമഘട്ടത്തിലും എനിക്ക് താങ്ങായി നിന്നു…..

പിന്നീട് ആ സൗഹൃദം എപ്പോഴോ പ്രണയത്തിനു വഴിമാറിയപ്പോൾ മുതൽ ഒരുതരം വാശിയോടെ അവളെന്നെ പ്രണയിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്….തേച്ചിട്ട് പോയവളെക്കാൾ എന്ത് കൊണ്ടും നല്ലത് താൻ ആണെന്ന് കാണിക്കാൻ ഉള്ള ഒരുതരം പരാക്രമം പോലെയാണ് അതെനിക്ക് ആദ്യം തോന്നിയത്….

പിന്നീട് കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും കുസൃതിയും കുറുമ്പുമായി അവളെന്റെ ജീവിതത്തിൽ നിറഞ്ഞു നിന്നതോടെ പിന്നെ ഒന്നും നോക്കിയില്ല അവളെയങ്ങു കെട്ടി…..

മതത്തിന്റെ വേലിക്കെട്ട് ഞങ്ങളുടെ പ്രണയത്തിനു പ്രശ്നം തീർത്തപ്പോൾ വേറൊന്നും നോക്കിയില്ല എതിർപ്പുകൾ വകവെച്ചു അവളെ ഇറക്കി കൊണ്ട് വരേണ്ടി വന്നു……

നിലവിളക്കുമായി ജ്വലിച്ചു നിൽക്കുന്ന ദീപങ്ങൾ സാക്ഷിയായി വലതു കാൽ വെച്ച് അമ്മ അവളെ സ്വീകരിക്കുമ്പോൾ ” നിനക്കു തലക്ക് സ്ഥിരതയുള്ള ഒരുത്തനെയും കിട്ടിയില്ലേ മോളെ പ്രേമിക്കാൻ ” എന്നൊരു ഒറ്റ ചോദ്യത്തോടെ അമ്മ എന്റെ സകല ഇമേജും തകർത്തു…..

അമ്മയെ കുറ്റം പറയാൻ പറ്റില്ല പോത്തു പോലെ വളർന്നിട്ടും ഇപ്പോഴും എന്റെ കുട്ടിക്കളി മാറിയിട്ടില്ല….പോരാത്തതിന് മുൻകോപം ഉള്ള എന്നെ സഹിക്കാൻ പാവം അമ്മ ഒരുപാട് പാട് പെട്ടിരുന്നു…..എന്തായാലും അമ്മക്ക് ഇപ്പോൾ എന്നെ സഹിക്കാൻ ഒരു കൂട്ടു കിട്ടി…..അമ്മയും അവളും ഒറ്റ കെട്ടായതോടെ വീട്ടിൽ പൊടി പൂരമായിരുന്നു….എന്ത് കുരുത്തക്കേടുകൾ ഒപ്പിച്ചാലും അമ്മ അവൾക്കൊപ്പം നിന്നു….

അതിനേക്കാൾ എന്റെ സമനില തെറ്റിച്ചത് ആഴ്ചയിൽ ഒരിക്കൽ ഉള്ള അവളുടെ പാചക പരീക്ഷണങ്ങൾ ആയിരുന്നു….ടെസ്റ്റർ ഞാൻ ആയിരുന്ന കൊണ്ട് തന്നെ ആഴ്ചയിൽ വയർ ക്ലീനിങ് പരുപാടി ഭംഗിയായി നടന്നു പോന്നു…..അമ്മയും മോളും എനിക്ക് കുഴപ്പമില്ല എന്ന് കണ്ടാലേ അത് കഴിക്കാറും ഉള്ളൂ….ആ സമയത്തു ആദ്യ കാമുകിയെ ഞാൻ പ്രാകി പോവാറുണ്ട്.. അവൾ ഒറ്റൊരുത്തി തേച്ചത് കൊണ്ടാണല്ലോ ഞാൻ ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്…….

പക്ഷേ ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ കണ്ണൊന്നു നിറഞ്ഞാൽ അവളുടെ ചങ്ക് പിടയും….എന്റെ മുഖമൊന്ന് വാടിയാൽ പിന്നവൾ എന്റെ നെഞ്ചോരം ചേർന്ന് കിടന്നു തൊട്ടാവാടി പെണ്ണായി മാറും……അപ്പോഴൊക്കെ തോന്നാറുണ്ട് നഷ്ടമായതിനേക്കാൾ മനോഹരം നേടിയതിന് ആണെന്ന്…..അതേ എന്തുകൊണ്ടും എന്റെ പാതിയാവേണ്ടവളെ തന്നെ ദൈവം എനിക്ക് സമ്മാനിച്ചു…..അതിനിടയിൽ അവളുടെ വീട്ടുകാരും ദേഷ്യവും പിണക്കവും മാറ്റി വന്നത് ഞങ്ങളുടെ ജീവിതത്തിനു പത്തരമാറ്റേകി……

കുസൃതിയും കുറുമ്പുമായി വിവാഹത്തിന് ശേഷവും ഞങ്ങളുടെ പ്രണയമിങ്ങനെ തുടർന്ന് കൊണ്ടേയിരിക്കുന്നു……

“””അതേ ഇച്ചായാ നിങ്ങൾ ഇത് എന്തെടുത്തോണ്ട് ഇരിക്കുവാ….??””

“ഹേ ഒന്നുമില്ലെടി ഞാൻ വെറുതെ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാൻ വേണ്ടി ഒരു കഥ എഴുതുവായിരുന്നു…..

“”ഓ നിങ്ങളുടെ ഒടുക്കത്തെ ഒരു കഥയെഴുത്തു കാരണം ബാക്കി ഉള്ളവൻ പെട്ടത് പോരെ ഇനി വേറെ ഒന്നൂടി വേണോ നിങ്ങൾക്ക്..??

“അതുപിന്നെ ഒന്നിനെ കൂടി കിട്ടിയാൽ കൊള്ളാമെന്നുണ്ട് നിനക്ക് സമ്മതമാണോ..??””

“”ഓ ചുമ്മാതല്ലടോ അവൾ തന്നെ തേച്ചിട്ട് പോയത്…..

“”ഓ അതുകൊണ്ടല്ലേടി നിനക്ക് എന്നെപോലെ ഒരു അടിപൊളി കെട്ടിയോനെ കിട്ടിയത്….””

“””ഹും ഒരടിപൊളി കെട്ടിയോൻ എന്നെ കൊണ്ടൊന്നും പറയിക്കരുത്….എന്റെ കഷ്ടകാലത്തിന് ആണ് ഞാൻ അന്ന് ആശ്വസിപ്പിക്കാൻ വന്നത്….ആ പാവം എന്നെ താൻ വളച്ചൊടിച്ചു കുപ്പിയിൽ കേറ്റി യതല്ലേടോ മനുഷ്യാ..??””

“എന്തോ..എങ്ങനെ.. ആര് ആരെ കുപ്പിയിൽ കേറ്റി..?? ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്..??””

“”അതുപിന്നെ അറിയാതെ പെട്ടെന്ന് ഞാനൊന്നു ഇഷ്ടം ആണെന്ന് പറഞ്ഞു പോയി….

അന്ന് ഞാൻ അറിഞ്ഞോ അവസാനം ഈ കുരിശെന്റെ തലയിൽ ആവുമെന്ന്…..””

“”ഓ നിനക്ക് ഞാനിപ്പോൾ കുരിശ് ആണല്ലേ..എന്നാൽ പിന്നെ നമുക്ക് ഡിവോഴ്സ് ചെയ്തേക്കാം…ഇനി വെച്ചു താമ സിപ്പിക്കേണ്ട…ഇന്ന് തന്നെ നമുക്ക് വക്കീലിനെ കണ്ടേക്കാം…..

“”ഡാ ദുഷ്ട അപ്പോൾ ഇതാണല്ലേ തന്റെ മനസ്സിൽ ഇരുപ്പല്ലേ….. ഞാനൊന്ന് പറയാൻ കാത്തിരിക്കു വായിരുന്നു ഡിവോഴ്സ് ചെയ്യാൻ…..അങ്ങനെ ഇപ്പോൾ എന്നെ ഡിവോഴ്സ് ചെയ്ത് നിങ്ങൾ സുഖിക്കണ്ട….””

“”അതുപിന്നെ നിന്നെ പ്രേമിച്ചു വല്ലാതെ ബോറടിച്ചന്നെ അതുകൊണ്ട് ഇനി വേറെ ഒരെണ്ണത്തിനെ നോക്കാമെന്നു വെച്ചു പറഞ്ഞതാണ് എന്നും പറഞ്ഞു ഞാൻ ചിരിച്ചതും അവളുടെ മുഖഭാവം ആകെ മാറി കലിതുള്ളി ഭദ്രകാളിയെ പോലെ ആയി….

“”എന്താ പറഞ്ഞത് നിങ്ങൾക്കെന്നെ പ്രേമിച്ചു ബോറടിച്ചല്ലേ..?? നിങ്ങൾക്ക് വേറെ ഒരുത്തിയെ കൂടി വേണം അല്ലേ..?? നിങ്ങളെ ഇന്ന് ഞാൻ കൊല്ലുമെടോ എന്നും പറഞ്ഞു കൊണ്ട് കൈയിൽ കിട്ടിയ ഫ്ലവർ ബോട്ടിലുമായി അവൾ എന്റെ നേർക്ക് ഓടി വരുമ്പോളേക്കും “എന്റെ പൊന്നു രച്ചു ഞാൻ വെറുതെ തമാശക്ക് പറഞ്ഞതാണടി എന്നും പറഞ്ഞു കൊണ്ട് ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ അവിടെ നിന്നും ഞാൻ ജീവനും കൊണ്ട് ഓടി…..

“””എന്തായാലും ഇനി ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നമുക്ക് അടുത്ത കഥയുമായി കാണാട്ടോ….”””

(സ്നേഹപൂർവ്വം… ? ശിവ ?)