കൂട്ടുകാരുടെ ആഹ്വാന പ്രകാരം വധുവിനെ കൈയിൽ കോരിയെടുത്തു നടന്നു വരൻ തന്റെ വീടിന്റെ മുറ്റത്തേയ്ക്ക്…

Story written by NIKESH KANNUR

പഠിക്കുന്ന കാലം തൊട്ട് വളയ്ക്കാൻ എത്ര ശ്രമിച്ചിട്ടും വളയാതിരുന്ന പെണ്ണിനെത്തന്നെ എങ്ങിനെയും കെട്ടണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരാൾ,,

എനിക്കീ പെണ്ണ് തന്നെ മതിയെന്ന കോടീശ്വര പുത്രനായ ചെറുക്കന്റെ കടുത്ത പിടിവാശി കാരണം വീട്ടുകാർ മൂന്നു പ്രാവശ്യം ആവതു ശ്രമിച്ചിട്ടും പെണ്ണിന്റെ കടുത്ത എതിർപ്പ് കാരണം മൂന്നു പ്രാവശ്യവും തെറ്റി പിരിഞ്ഞ കല്യാണ ആലോചനയാണിത്,,

തന്നെ കെട്ടാൻ പോകുന്നത് ഈ ചെറുക്കനാണെങ്കിൽ തനിക്ക് ഈ ജന്മം കല്യാണമേ വേണ്ടെന്ന ഒറ്റ വാശിയിൽ ആയിരുന്നു ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന പെണ്ണ്,,

കാരണം,,ഈ കല്യാണം വേണ്ടെന്ന് ഓരോ തവണയും ഭീഷണി മുഴക്കിയ പെണ്ണിന് ,,കോളേജിൽ കൂടെ പഠിക്കുമ്പോൾ തന്നെ മഹാ തെമ്മാടിയും ലഹരി മരുന്നിനടിമയും പെണ്ണ് പിടിയനുമായിരുന്ന ചെറുക്കന്റെ ഭൂതകാലം നന്നായി അറിയാവുന്നതാണ്,,

അച്ഛനും അമ്മയ്ക്കും അവൾ ഒറ്റ മോളായിരുന്നു,,നല്ലവണ്ണം സ്നേഹിച്ചും ലാളിച്ചും തന്നെയാണ് മകളെ അവർ വളർത്തി ഇത്രത്തോളമാക്കിയത്,,

ഓരോ തവണയും തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന പെണ്ണിനെ ഇത്രയും നല്ലൊരു ആലോചന ഈ ജന്മത്തിൽ വേറെ കിട്ടുമോ??പണ്ട് ചെറുക്കൻ അങ്ങിനെയാണെന്ന് കരുതി ഇപ്പോൾ നല്ല രീതിയിൽ നടക്കുന്ന അവനെ തള്ളി കളയണോയെന്നു തിരിച്ചു ചോദിച്ചനുനയിപ്പിക്കാൻ ഓരോ പ്രാവശ്യവും അവർ ശ്രമിച്ചു കൊണ്ടേ ഇരുന്നു,,

ഒടുവിൽ പെണ്ണിന്റെ കടുത്ത പിടിവാശിക്കുമേൽ അവളുടെ അച്ഛനെയും അമ്മയെയും വശത്താക്കാൻ ഉപയോഗിച്ച ചെറുക്കന്റെ പണവും വാശിയും വിജയിച്ചു,,

തന്റെ ഇഷ്ടം നോക്കാതെ,, അച്ഛനും അമ്മയ്ക്കും ഇനിയെന്തു വന്നാലും ഈ കല്യാണം നടത്തിയേ തീരൂന്ന് വാശിയായി,,അതവരുടെ അഭിമാനത്തിന്റെ പ്രശ്നമാണെന്ന്..നീയിനി എന്ത് വാശി കാണിച്ചിട്ടും കാര്യമില്ലെന്ന്,,

മനസ്സില്ലാ മനസ്സോടെ ,, വേറൊരു ഗത്യന്തരമില്ലാതെ പാവം പെണ്ണിന് ഈ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു..

അങ്ങിനെ മൂന്നു മാസത്തിനു ശേഷം കല്യാണം,,

അടിച്ചുപൊളി തമിഴ് പാട്ടിനൊപ്പം ചുവടുകൾ വച്ച് കല്യാണ പന്തലിലേക്ക് വധുവിന്റെയും സുഹൃത്തുക്കളുടെയും കലക്കൻ എൻട്രി,,

കല്യാണം കൂടാനെത്തിയവരുടെ അമ്പരപ്പോടുകൂടിയ ആഹ്ലാദാരവങ്ങൾക്കിടയിൽ പന്തലിനു മുന്നിൽ വച്ച് വരനും കൂട്ടുകാരും വധുവിന്റെ ടീമിനൊപ്പം ചേർന്നത് പൊളിച്ചടുക്കി,,

തുടർന്ന്,, കൂട്ടുകാരുടെയൊപ്പം ബന്ധുക്കളും നാട്ടുകാരും ചേർന്നുള്ള കുരവയിടലും ബഹളവുമായി താലികെട്ടടക്കമുള്ള വിവാഹ നിമിഷങ്ങളും നന്നായി ചിരിച്ചാസ്വദിച്ചു രസിച്ചു രണ്ടാളും,,

താലി കെട്ടുമ്പോൾ താലിയുടെ കൊളുത്ത് കടിച്ചു ശരിയാക്കുന്നതിനിടയിൽ വധുവിന്റെ കഴുത്തിൽ ആരുമറിയാതെ ഇരു കൈകൊണ്ടും മറച്ചു പിടിച്ച തന്റെ ചുണ്ടുകൾ കൊണ്ടൊന്നുരുമ്മി ഇക്കിളിയാക്കി വരനും,,വരന്റെ കഴുത്തിൽ മാലയിട്ട ശേഷം അടി വയറ്റിൽ എല്ലാവരും കാൺകെ തന്നെ മോശമല്ലാത്ത രീതിയിൽ ഒരൊന്നൊന്നര ഇടി തിരിച്ചു കൊടുത്തു വധുവും ന്യു ജനറേഷൻ വിവാഹത്തിന് മാതൃകയായി..

കരാട്ടെയിൽ രണ്ടു തവണ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള വധുവിന്റെ ഓർക്കാപ്പുറത്തുള്ള ഇടി കിട്ടിയപ്പോൾ വയർ അമർത്തിപ്പിടിച്ച്‌ ശബ്ദം പുറത്തു കേൾക്കാത്ത വിധത്തിൽ സ്വന്തം അമ്മച്ചിയെ വിളിച്ചൊന്നു കുനിഞ്ഞു പോയ വരന്റെ ഭാവാഭിനയം പന്തലിൽ കൂടിയിരിക്കുന്ന എല്ലാവർക്കും ‘”ക്ഷ “”രസിച്ചു,,

തലയിൽ പ്ലാവില തൊപ്പിയും,, കൂളിംഗ് ഗ്ലാസും വച്ച് സദ്യ കഴിക്കാൻ ഇരുന്നപ്പോൾ കരിപിടിച്ച പഴയ കറി ചട്ടിയിൽ കൂട്ടുകാർ കൊണ്ട് വച്ച സദ്യയിൽ ഉള്ളതെല്ലാം ഒന്നിച്ചു കൂട്ടി കുഴച്ചുള്ള സ്പെഷ്യൽ സദ്യ പരസ്പരം വാരിക്കൊടുത്തു തീറ്റിച്ചു അവിടെയും വധൂവരന്മാർ അവരുടെ ജനറേഷൻ കടമ നിർവഹിച്ചു..

വരന്റെ വീടിന്റെ അരകിലോമീറ്റർ അകലെ വച്ച് രണ്ടുപേരെയും ആനപ്പുറത്തു കയറ്റി ചെണ്ട വാദ്യങ്ങളുടെ അകമ്പടിയോടെയും കൂട്ടുകാരുടെ നൃത്ത ചുവടോടു കൂടിയ ആരവങ്ങളോടെയും വരന്റെ വീട്ടിലേക്ക് ഗംഭീര വരവേൽപ്പ്,,

ആനപ്പുറത്തു നിന്നിറങ്ങിയ വധു വരന്മാർ സ്വയം മറന്നു കൂട്ടുകാരുടെ കൂടെ ചേർന്ന് ആനന്ദ നൃത്തം ചവിട്ടിയതോടെ രംഗം കൊഴുത്തു..

പരിസരം മറന്ന ആഘോഷങ്ങൾക്കൊടുവിൽ വരന്റെ കാർന്നോരുടെ നിർദേശ പ്രകാരം ഗൃഹ പ്രവേശനത്തിന്റെ മുഹൂർത്തം കഴിയും മുൻപ് കൊട്ടിക്കലാശം നടത്തി,,

കൂട്ടുകാരുടെ ആഹ്വാന പ്രകാരം വധുവിനെ കൈയിൽ കോരിയെടുത്തു നടന്നു വരൻ തന്റെ വീടിന്റെ മുറ്റത്തേയ്ക്ക് ,,

വീടിനകത്തു നിന്നറങ്ങി വന്ന അമ്മായിഅമ്മ കൈയിൽ വച്ച് കൊടുത്ത നിലവിളക്കുമായി വധുവും പിന്നാലെ വരനും വലതുകാൽ വച്ചു വീട്ടിലേക്ക് കയറി,,

ആദ്യ രാത്രിയിൽ വളരെ നേരത്തെ തന്നെ നല്ല കുട്ടി ചമഞ്ഞു നവവരൻ മണിയറയിൽ മുല്ലപ്പൂമൊട്ട് മാല കൈയിൽ ചുറ്റി മണത്തു കൊണ്ട് സീലിങ്ങിൽ നോക്കി രോമാഞ്ച കഞ്ചുകനായി ഓരോരോ പുതു മോഹങ്ങൾ നെയ്തു കൂട്ടുകയാണ്…

കുളിച്ചണിഞ്ഞൊരുങ്ങിയെങ്കിലും വിവാഹ വസ്ത്രത്തിൽ തന്നെ സർവ്വാഭരണ വിഭൂഷിതയായി ഒരു ഗ്ലാസ്സ് പാലുമായി മണിയറയിലേക്ക് കയറി വന്ന നവവധു,, വരൻ ശ്രദ്ധിക്കാനായി ഒന്ന് ചെറുതായി ചുമച്ചു,,,

തനിക്ക് മേയാൻ കരിമ്പിൻ തോട്ടത്തിനായി കാത്തിരുന്ന ആനയെ പോലെ ഒരാക്രാന്തത്തിൽ ഞെട്ടി പിടഞ്ഞു നോക്കിയ നവവരന്റെ മുഖത്തേയ്ക്ക് നോക്കി ആ ക്ലാസ്സിലെ പാല് മുഴുവൻ ഒറ്റയടിക്ക് കുടിച്ചു തീർത്ത് ഒരേമ്പക്കവും വിട്ടു പുഞ്ചിരിയുമായി നിൽക്കുന്നു നവവധു,,

അപ്പോൾ തന്റെ മുഖത്തേയ്ക്ക് തുറിച്ചു നോക്കി സങ്കടവും ദേഷ്യവും കൊണ്ട് വല്ലാതായി ഒരാത്മ പ്രതിഷേധമായി കൈയിൽ ചുറ്റിയ മാലയിലെ മുല്ലപ്പൂ മൊട്ടുകൾ കടിച്ചു പറിച്ചു തുപ്പിക്കൊണ്ടിരിക്കുന്ന നവവരന്റെ നവരസങ്ങൾ വിരിയുന്ന മുഖം ഒളികണ്ണാൽ നോക്കി ഉള്ളിൽ പൊട്ടി പൊട്ടി ചിരിച്ചു നവവധു,,

ആദ്യ രാത്രിയിൽ തനിക്ക് തരാതെ ഒറ്റയ്ക്ക് കുടിച്ചു തീർത്ത പാലിൽ തനിക്കുള്ള പൊതു അവകാശം സങ്കട ചിത്തനായി ഓർമ്മിപ്പിച്ചു നവവരൻ,,,വിവാഹശേഷം ധരിക്കാനായി താൻ വാങ്ങി നൽകിയ ഡ്രസ്സ്‌ ധരിക്കാത്തതിലുള്ള പ്രതിക്ഷേധവും കൂടെ അറിയിച്ചു,,

പാല് കുടിച്ചത് നമുക്ക് രണ്ടാൾക്കുമുള്ളതല്ലെന്നും തന്റെ വയറ്റിൽ വളരുന്ന രണ്ടു മാസം പ്രായമായൊരഥിതിക്ക്‌ വേണ്ടിയാണെന്നും,, കല്യാണ ഡ്രസ്സും ആഭരണങ്ങളും എന്റെ വീട്ടുകാരുടെ സമ്മാനമാണെന്നും തനിക്ക് അത് മാത്രം മതിയെന്നും,,സമയവും സന്ദർഭവും ഒത്തു വരുമ്പോൾ താനത് തിരിച്ചേൽപ്പിക്കുമെന്നും,,നിന്റെ ഒരൗദാര്യവും തനിക്ക് വേണ്ടെന്നും അറിയിച്ചു നവവധു,,

തന്റെ കാതുകളെ വിശ്വസിക്കാനാവത്ത വാക്കുകൾ കേട്ടു ഞെട്ടിത്തരിച്ചു ബെഡിൽ നിന്നും ചാടിയെഴുനേൽക്കാൻ നോക്കിയ നവവരനോട് തന്റെ കഥകൾ മുഴുവൻ കേൾക്കും മുൻപേ കൂടുതൽ ചാടേണ്ടെന്നും അവിടെ തന്നെ കിടന്നു കേട്ടോണ്ട് നന്നായി റെസ്റ്റെടുക്കാനും മൊഴിഞ്ഞു നവവധു,,

നവവരൻ അന്തം വിട്ടു വാ പൊളിച്ചങ്ങിനെ വധുവിന്റെ വായിൽ നിന്നും വീഴുന്ന വാക്കുകൾക്കായി വീണ്ടും വീണ്ടും ശ്രദ്ധയോടെ കാത്തിരിക്കെ അവൾ വീണ്ടും മൊഴിഞ്ഞു,,

നിങ്ങളൊക്കെ എന്ത് വിചാരിച്ചു,, ?? എന്നെ നിങ്ങളുടെയൊക്കെ താളത്തിനൊത്ത് ഈ ജന്മം മുഴുവൻ ചാടി കളിക്കുന്ന വെറും പാവയാക്കാമെന്നോ,,ആഹാ,, അതിന് വേറെ ആളെ കിട്ടുമോന്നു നോക്ക്,,,

നിങ്ങളുടെ പണം കൊണ്ട് എന്നെ സ്വന്തമാക്കാൻ നിങ്ങൾ കളിച്ച നാടകത്തിന്റെ പ്രത്യുപകാരമായിരുന്നു നിങ്ങളുടെയൊക്കെ കൂടെ ഇന്ന് പകൽ മുഴുവനുണ്ടായിരുന്ന എന്റെ പ്രകടനം,,പൊന്നുമോൻ അത്രേം സന്തോഷിച്ചത് മതി കെട്ടാ,,

അപ്പോൾ ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ,, ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഈ വീടിന്റെ ഗേറ്റിൽ ഒരു കാർ വന്നു നിൽക്കും,,അത് ബാംഗളൂരിൽ കൂടെ ജോലി ചെയ്യുന്ന എന്റെ ഹരിയേട്ടനാണ്,,ഏറെക്കാലമായി എന്നെ നന്നായി അറിയുന്ന,, എനിക്കും നന്നായറിയുന്ന ഹരിയേട്ടനോടൊത്തു ജീവിക്കാൻ ഞാൻ തീരുമാനിച്ചു..

ആദ്യ ഹോണിന് ഞാൻ വീടിന്റെ വെളിയിൽ ഇറങ്ങും,, നീയെന്നെ തടയരുത്..

രണ്ടാമത്തെ ഹോണിന് ഞാൻ ഗേറ്റും തുറന്നു വെളിയിൽ ഇറങ്ങും,, നിന്റെ വീട്ടുകാരും എന്നെ തടയരുത്..

അവിടെ,, എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛനായ എന്റെ ജീവന്റെ ജീവനായ ഹരിയേട്ടന്റെ കാറു കിടപ്പുണ്ടാവും,,നിങ്ങളെന്തൊക്കെ ചെയ്യാൻ ശ്രമിച്ചാലും,,മൂന്നാമത്തെ ഹോണിന് കാറിൽ കയറി ഞാൻ ഹരിയേട്ടന്റെ കൂടെ പോകും,,

പറഞ്ഞു തീർന്നതും പുറത്ത് കാറിന്റെ ആദ്യ ഹോൺ മുഴങ്ങി,,

അവൾ പെട്ടെന്ന് താലിയും കല്യാണ മോതിരവും ഊരി അവന്റെ കൈയിലേക്ക് ഇട്ടു കൊടുത്ത് ഗുഡ് ബൈ പറഞ്ഞു തിരിഞ്ഞു നടന്നു,,,

അരിശം കൊണ്ട് അവളെ തടയാനായി ചാടി എഴുനേറ്റ നവവരന്റെ അടിവയറ്റിൽ താലികെട്ടു വേളയിൽ അവളുടെ കൈയിൽ നിന്നും കിട്ടിയ ഇടിയുടെ ബാക്കിയുള്ള വേദന അരുതേ,,, അവളുടെ പിന്നാലെ പോകരുതേയെന്നു വിലക്കി,,അവൻ വയറും തടവി ബെഡിൽ തന്നെ ഇരുന്നുപോയി,,

ആ വീട്ടിലെ ആരേയും കൂസാതെ അവൾ രണ്ടാമത്തെ ഹോണിൽ ഗേറ്റ് തുറന്നു പുറത്തിറങ്ങി,,അവിടെ അവളെ കാത്തു കാറുമായി അവളുടെ ഹരിയേട്ടൻ ഉണ്ടായിരുന്നു,,

മൂന്നാമത്തെ ഹോൺ നിർത്താതെ തുടർച്ചയായി മുഴക്കി കൊണ്ട് അവരിരുവരും കയറിയ ആ കാർ പാഞ്ഞു പോയപ്പോൾ അത് തന്റെ ജീവിതം എങ്ങിനെ ആയിരിക്കണമെന്ന ആ പെണ്ണിന്റെ വാശിയുടെ വിജയവും,,സമ്മതമില്ലെങ്കിലും എങ്ങിനെയും കല്യാണം നടത്തുമെന്ന മറ്റുള്ളവരുടെ ചില പിടിവാശികളുടെ പതനവുമായിരുന്നു….