ഞാൻ നിന്നെക്കെട്ടും, നുമ്മ ഒന്നിച്ചു പൊറുക്കുമെന്നുമൊക്കെ ഒരുപാടു പറഞ്ഞു വിശ്വാസിപ്പിക്കാൻ ശ്രെമിച്ചുവെങ്കിലും….

Story written by Latheesh Kaitheri

നിന്റെ നിക്കാഹുണ്ടോ ഈ വരുത്തിനു ?

മ്മ് നോക്കണം.

അതെന്തേ , വയസ്സു മുപ്പത്തഞ്ചായില്ലേ ഇനക്കു ?

മ്മ്മ്.

പിന്നെന്താ ഇജ്ജ് വൈകിക്കുന്നതു ? വീട്ടിൽ അതിനമ്പാട് പ്രാരബ്ദമൊന്നും ഇല്ലാലോ…?

ഇല്ലാ എന്ന് തലയാട്ടി ,അവിടുന്ന് സ്ഥലം കൈചലാക്കി.

ചിന്തിക്കുന്നവർക്കെന്താ , കെട്ടിച്ചയക്കാൻ പെങ്ങൻ മാർ ഇല്ല, കുടുംബത്തിലാണെങ്കിൽ സ്ഥലവും സ്വത്തും വേറേം.

സ്നേഹിച്ച പെണ്ണിനെകെട്ടാൻ കുടുംബക്കാര് സമ്മതിക്കൂല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ,ഈ സാഹസത്തിനു ഇറങ്ങിപുറപ്പെട്ടതു.

അല്ലങ്കില് നാട്ടുകാര് ബഹുമാനിക്കുന്ന ഉമ്മറുഹാജിയുടെ മോന് എന്തിനു പേർഷ്യ, അവന്റെ പേർഷ്യ ഇവിടെ തന്നെയാണ്.

തന്റെ നാട്ടിലെ കീരീടം വെക്കാതെ സുൽത്താൻ ആണ് തന്റുപ്പ. ഉപ്പാക്ക് പിരുസപ്പെട്ടു ജീവിച്ചാൽ ഞാനും. പക്ഷെ എന്തുചെയ്യാം ആ ഹൂറി തന്റെ നെഞ്ച് തകർത്തു , അതിനകത്തു കയറി ഇരിപ്പായി.

ഒരുപാടു താൻ അവളുടെ പിറകെ നടന്നു. അവൾ പിടിതന്നില്ല. അവസാനം വര്ഷങ്ങളുടെ എന്റെ പിറകെ നടപ്പു തുടർന്നുകൊണ്ടേയിരുന്നു.

കോരിച്ചൊരിയുന്ന മഴയത്തും തന്റെ സ്വന്തം ബി- സ് -എ സൈക്കിളിൽ അവൾക്കു വേണ്ടി കാത്തിരുന്ന തനിക്ക് മുന്പിൽ അവൾ അവസാനം പ്രസാദിച്ചു.

അന്നവൾ പറഞ്ഞു.

ഇക്കായെ എനിക്ക് മുൻപേ ഇഷ്ട്ടായിരുന്നു ,പക്ഷെ അറിഞ്ഞുകൊണ്ട് എന്തിനാ വെളളത്തിലെന്റെ ഇഷ്ടം എഴുതുന്നൂന്നു വെച്ച്…. മാറിമാറിപോയതാ , പക്ഷെ ഈ പെരു മഴയത്തു ഇക്ക നിൽക്കുന്ന ഈ നിൽപ്പു കണ്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല അതുകൊണ്ടാ ഞാൻ ഇപ്പോ തുറന്നു പറഞ്ഞത്.

ഞാൻ നിന്നെക്കെട്ടും നുമ്മ ഒന്നിച്ചു പൊറുക്കുമെന്നുമൊക്കെ ഒരുപാടു പറഞ്ഞു വിശ്വാസിപ്പിക്കാൻ ശ്രെമിച്ചുവെങ്കിലും ,അത് എന്തോ അവൾക്കു അങ്ങ് വിശ്വാസം വന്നില്ല.

പതിയെ പതിയെ കാര്യങ്ങൾ ബാപ്പയും അറിഞ്ഞു ,കാര്യങ്ങൾ വഷളായി.

നാട്ടിൽ നിന്നാൽ ഒന്നും നടക്കില്ല എന്ന തോന്നലുണ്ടായി.

ഈ നാടുതന്നെ വിടണം.

മറ്റുള്ള നാട്ടിൽ പോയിട്ട് എന്തുഫലം, അവസാനം ഒരു ചിന്തയിലെത്തി.

ഗൾഫിൽ പോയി കുറച്ചു പണം സംബാധിച്ചു മറ്റെവിടെയെങ്കിലും പോയി ഇവളുമായി പൊറുക്കണം.

പിന്നെ രാവും പകലും അതിനുള്ള ചിന്തയായി.

പേരുകേട്ട ഏജന്റ് മാരെയൊക്കെ മുട്ടിനോക്കി ഞാൻ റെഡി ആക്കുന്ന പലതും ഉപ്പ മുടക്കി.

അവസാനം , സഹികെട്ടു അവളോട് കാത്തിരിക്കണം എന്ന് പറഞ്ഞു ,മുംബൈക്ക് വണ്ടി കയറി..

തൊട്ടടുത്ത് ഞാൻ അന്വേഷിക്കുന്ന ബിൽഡിങ് ഇരുപതു കിലോമീറ്റർ ചുറ്റിഎന്നെ എത്തിച്ചു ആദ്യം തന്നെ അവിടുത്തെ ടാക്സി ഡ്രൈവർ എനിക്ക് മുംബൈയുടെ രൂപഘടന മനസസ്സിലാക്കി തന്നു.

പിന്നീട് അങ്ങോട്ട് കൈയിൽ ഉള്ള കാശു സൂക്ഷിച്ചുവെച്ചു തന്റെ അവസരത്തിന് വേണ്ടി കാത്തിരുന്നു.

അതിനിടയിൽ ,ഹോട്ടലിൽ ക്‌ളീനിംഗ് , പേപ്പർ വിൽപ്പന ,, കാർകഴുകൽ ,ഹോട്ടലിന്റെ കക്കൂസ് കഴുകൽ ,, തുടങ്ങീ എല്ലാം ചെയ്തു ,,,അപ്പോഴൊന്നും മനസ്സ് തളരാതെ പടച്ചവൻ കൂട്ടുനിന്നു.

കൃത്യമായി പറഞ്ഞാൽ ഒരു വർഷവും രണ്ടുമാസവും പതിനൊന്നു ദിവസവും ആയപ്പോൾ ഗൾഫിലും എത്തി.

ബോംബയിൽ ഉള്ള അനുഭവങ്ങൾ ഏതു വിപരീത സാഹചര്യയങ്ങളേയും പിടിച്ചു നിർത്താനുള്ള ആത്മബലം വേണ്ടുവോളം തന്നിരുന്നു.

അല്ലെങ്കിലും മുൻപ് നമ്മുടെ അടുത്തുള്ള മൊയ്‌ദീൻ ഹാജി ,ഇപ്പോഴത്തെ നാട്ടിലെ കോടീശ്വരൻ എപ്പോഴും പാറയുമായിരുന്നു ഏതു ലോകത്തു ജോലിക്കുപോയാലും ഒരു ആറുമാസമെങ്കിലും ബോംബയിൽ പോയിട്ട് ജോലി ചെയ്തു പോയാൽ അവൻ പിന്നെ എങ്ങനെയും ജീവിക്കുന്നു ,അത് എത്ര ശരിയാണ്.

ദുബായിൽ എത്തി..

കഫ്റ്റീരിയയിൽ ജോലി അതും പതിനാല് ,പതിനഞ്ചു മണിക്കൂർ ,, അതിനിടയിൽ രണ്ടു ഷിഫ്റ്റ് ,,, കുളി ,ഭക്ഷണം ,,ഒക്കെ കഴിയുമ്പോള് ഒരു അഞ്ചു മണിക്കൂർ ഉറക്കം കിട്ടിയാൽ ഭാഗ്യം.

എങ്കിലും എല്ലാം സഹിച്ചു പിടിച്ചു നിന്നു ,,മനസ്സിൽ അവളെ സ്വാന്തമാക്കുക എന്ന ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

വര്ഷം ഒന്നുകഴിഞ്ഞിട്ടും അവളുമായി ഒന്ന് ബന്ധപ്പെടാൻ പോലും അവസരം ഇല്ല ,ഫോൺ ഇല്ലാ ,കൃത്യമായി അവൾക്കു കിട്ടുമോ എന്ന് അറിയായത്ത് കൊണ്ട് കത്തയക്കാനും നിവൃത്തിയില്ല.

എല്ലാം ദൈവത്തിലർപ്പിച്ചു രണ്ടുകൊല്ലം കാത്തിരുന്നു , അതിനിടയിൽ തനിക്കും മാറ്റങ്ങൾ ഉണ്ടായി, തന്റെ ആത്മാർത്ഥത്തിൽ വളര്ന്ന ആ സ്ഥാപനത്തിൽ തന്നെ അർബാബ് പാർട്ടണർ ആക്കി.

സ്ഥാപനങ്ങൾ ഒന്നിനുപിറകെ ഓരോന്നായി തുറന്നു കൊണ്ടേ യിരുന്നു.

രണ്ടു വര്ഷം കഴിഞ്ഞു, ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും സ്വരക്കൂട്ടിവെച്ചു നാട്ടിലേക്കു വന്നു.

ഉമ്മ കരഞ്ഞുകൊണ്ടും ഉപ്പ ഒരു തരം നിസ്സംഗഭാവത്തോടെയും എതിരേറ്റു.

ആ പാവത്തിന് ( ഉപ്പയ്ക്കു ) പഴയ ആരോഗ്യവും മത്സരിക്കാനുളള കരുത്തുമൊക്കെ നഷ്ട്ടപ്പെട്ട പോലെ.

ഉമ്മ പറഞ്ഞു നീ പോയേപ്പിന്നെ ഉപ്പങ്ങനെയാ ആരോടും അതികം മിണ്ടാട്ടം ഇല്ല. എന്താ നിന്റെ ആഗ്രഹം എന്നുവെച്ചാൽ അതുനമുക്കു നടത്താം ,നീ അത് നിന്റെ ചങ്ങായി മാരോടുപോയി അവിടെ പോയി ആലോചിക്കൂ , എന്തായാലും ഉപ്പ വരൂല്ല ,,

അപ്പോഴേക്കും അവർ അവിടെ നിന്നും വീടുമാറി അങ്ങ് അകലേക്ക് താമസം മാറിയിരുന്നു.

ഒരുപാടു അന്വേഷിച്ചു അവളുടെ വീട് അവസാനം കണ്ടുപിടിച്ചു

അവളുടെ വീട്ടിൽ എത്തി.

കാര്യം പറഞ്ഞു.

അവളുടെ എളയാപ്പ തന്നെ ഒരു ഒരു റൂമിലേക്ക് കൊണ്ടുപോയി.

അവിടെ കണ്ടകാഴ്ച “ഒരുനിമിഷം ഒരു ഷോക്ക് ശരീരത്തിലൂടെ കയറി ഇറങ്ങി പോയി “.

തന്റെ മുൻപിൽ നിൽക്കുന്നു താൻ ഒന്നിച്ചൊരു ജീവിതം സ്വപനം കണ്ട ആള് , ഒരു പെൻസിലിന്റെ ആരോഗ്യത്തിൽ കട്ടിലിൽ കിടക്കുന്നു. പലവട്ടം തന്നെ കൊതിപ്പിച്ച വെള്ളാരം കണ്ണുകൾ ഒരു നേര്ത്ത രീതിയിൽ മാത്രമേ തുറക്കുന്നുള്ളു…വെളുത്ത സ്വർണ്ണ കൊലുസിട്ട കാലുകൾ ഈറക്കലി കഷ്ണങ്ങൾ പോലെ.

തന്നെ മനസ്സിലായോ എന്നറിയില്ല ,കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടേ ഇരുന്നു.

അവളുടെ ഉമ്മ ആ കണ്ണുനീർ തന്റെ സാരിത്തലപ്പുകൊണ്ട് ഒപ്പി കൊടുക്കുന്നു.

എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ.

ജീവിതത്തിലെ എല്ലാ യാതനകൾക്കും പകരമായി താൻ കണ്ട സ്വപനം എന്റെ സ്വർഗ്ഗം എല്ലാം പോയി ,,ഇനി എന്തിനു..?

ചെറുപ്പത്തിൽ പലരും അസൂയയോടെ പറയുന്നത് കേട്ടിട്ടുണ്ട് ഈ നാട്ടില് ഏറ്റവ്വും ഭാഗ്യള്ള കുട്ടിയാഞാന്നെന്നു.

എന്തു ഭാഗ്യം, പണോം കുടുംബ പാരമ്പര്യവും ഉണ്ടായാല് മനുഷ്യൻ പൂര്ണ്ണനാണ്‌കുമോ , എല്ലാവര്ക്കും വേണ്ടത് സന്തോഷും സമാധാനും അല്ലെ?

അവളുടെ എളാപ്പ പറഞ്ഞു, അവൾക്കു ബ്രെയിൻ ട്യൂമർ ആണ്. ഒരു വർഷായി അവക്ക് ഈ സൂക്കേട് തുടങ്ങീട്ട് ,കൊണ്ടാവുന്നടത്തൊക്കെ കൊണ്ടോയി ചികിത്സിച്ചു ,പക്ഷെ എല്ലാവരും ഒരു ഉറപ്പും തരുന്നില്ല , ഈ രോഗത്തിന്, ഉള്ള സ്വര്ണ്ണവും വീടും സ്വത്തും ഒക്കെ പണയത്തിലാണ് ,,,,ഇനി അങ്ങോട്ട് ചികിത്സ ചെയ്യാൻ തന്നെ പറ്റാത്ത അവസ്ഥയിലാണ്.

ചികിത്സ മുടക്കേണ്ട ,എന്താ എന്ന് വേണ്ടത് എന്നുവെച്ചാൽ ചെയ്യാം എന്ന് പറഞ്ഞു, അവളെ ഒരിക്കൽ കൂടി എത്തി ഒന്ന് നോക്കി അവിടുന്നിറങ്ങി.

പിറ്റേ ദിവസം നിക്കാഹിനു സ്വരക്കൂട്ടിവെച്ച സ്വർണ്ണമൊക്കെ വിറ്റു അതിന്റെ കാശ് ഒരു സുഹൃത്തു കൈവശം അവളുടെ വീട്ടിൽ എത്തിച്ചു.

ഇനിയെന്തു നിക്കാഹ് ,അവളുടെ ശരീരത്തിൽ അണിയാൻ മേടിച്ച സ്വർണ്ണം, അതിന്റെ കാശു അവളുടെ ശരീരത്തിൽ മരുന്നായെങ്കിലും അവളിൽ തന്നെ ലയിക്കട്ടെ

എന്തോ പിന്നെ അധികകാലം നാട്ടിൽ നില്ക്കാൻ തോന്നിയില്ല ,വീണ്ടും ദുബായിലേക്ക് തന്നെ വന്നു.

ആങ്ങള നാടുവിട്ടുപോയി എന്നുപറഞ്ഞു തന്റെ രണ്ടു കൂടപ്പിറപ്പുകളേ അവരുടെ ഭർത്താവിന്റെ കുടുംബത്തിൽ കുത്തിമുറിവേൽപ്പിക്കുന്നതു അവരുപറഞ്ഞു താൻ അറിഞ്ഞിട്ടുണ്ട്.

ഇനി കുടുംബസ്വത്തു അന്യപ്പെണ്ണിന് വേണ്ടി മുടിപ്പിച്ചു എന്ന കാര്യം കൂടി വേണ്ട അതുകൊണ്ടാണ് പെട്ടെനെയുള്ള ഈ ദുബായി യാത്ര.

കഴിഞ്ഞ നാലുവര്ഷവും അവളുടെ ചികത്സക്ക് മുടങ്ങാതെ കാശ് അയച്ചു.

ഇതിനിടയിൽ നാട്ടിൽ നിന്നും സുഹൃത്തു വിളിച്ചുപറഞ്ഞു

അവള് ഒരു മണിക്കൂർ മുൻപ് മയ്യത്തായി , നീ വരുന്നുണ്ടോ ?

ഇല്ലാ എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്തു.

മനസ്സിലുള്ള അവളുടെ രൂപം ! ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത രീതിയിൽ തനിക്കു കാണേണ്ടി വന്നു ! ഇനി അതിലും മോശമായ അവസ്ഥയിൽ തനിക്കു അവളെകാണേണ്ട, ഞാൻ കണ്ട രൂപം മാറ്റി…

അവളുടെ ആ പഴയ രൂപത്തിൽ എന്റെ മനസ്സിൽ പ്രതിഷ്ഠിക്കാനാണ് എനിക്കിഷ്ട്ടം! ഇനിയും കണ്ടാൽ ആ പുതിയ രൂപം കൂടുതൽ മനസ്സിൽ ശക്തി പ്രാപിക്കും, അതുവേണ്ട !

ഒരുപാടു പ്രാവശ്യം കണ്ടിട്ടുണ്ടുവെങ്കിലും മൂന്നോ നാലോ പ്രാവശ്യമേ ഉരിയാടിയിട്ടുള്ളുവെങ്കിലും, അവളാണ് എന്നെ ഞാൻആക്കിയത്, അവൾക്കുവേണ്ടയാണ്‌ ഞാൻ ഈ ലോകം വെട്ടിപിടിക്കാൻ ഇറങ്ങിയത് ! പലതും ഞാൻ സാധിച്ചെടുത്തതും അവളോടു ഒന്നിച്ചുള്ള എന്റെ ജീവിതത്തിനു വേണ്ടി ആയിരുന്നു, എന്നെ ഒരുപാടു ജയിപ്പിച്ചു സ്വന്തം ജീവിതത്തോട് തോറ്റുമടങ്ങിയ അവളെ പോലുള്ള ഒരാളെ എന്നുഞാൻ കാണുന്നു ! അന്നാണെന്റെ നിക്കാഹ്

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ❤️?