ഇത് കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ തോന്നുന്നു, ഇത് ഞാനെങ്ങനെ കിരണിൻ്റെ വീട്ടുകാരോട് പറയും…

Story written by Saji Thaiparambu

കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ സ്തബ്ധയായി.

എന്താ അമ്മേ.. ഈ പറയുന്നത്, ഇത് കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ തോന്നുന്നു, ഇത് ഞാനെങ്ങനെ കിരണിൻ്റെ വീട്ടുകാരോട് പറയും

മോളേ.. നീയല്ലേ കുറെ നാള് കൊണ്ട് നിനക്കൊരു കൂടെപ്പിറപ്പില്ലാത്തതിൻ്റെ വിഷമം പറയുന്നത് ,എന്നിട്ടിപ്പോൾ നീ തന്നെയിങ്ങനെ പറഞ്ഞാലോ ?

അത് ഞാൻ കുഞ്ഞിലെ പറഞ്ഞതല്ലേ അമ്മേ.., ആ എനിക്കിപ്പോഴൊരു കുഞ്ഞായപ്പാഴാണോ, നിങ്ങൾക്ക് എൻ്റെ ആഗ്രഹത്തെ കുറിച്ച് വീണ്ട് വിചാരമുണ്ടായത്?

ങ്ഹേ, മോളും ഗർഭിണിയാണോ? സെയിംപിച്ച്, എങ്കിൽ നമുക്കൊരുമിച്ച് ഡോക്ടറെ കാണാം മോളേ.. ലീലാ കോശി നല്ല ഡോക്ടറാ, നിന്നെ ഞാൻ ഗർഭം ധരിച്ചപ്പോൾ അവരെയാ കാണിച്ചത്

ദേ അമ്മേ.. എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ, അമ്മയ്ക്ക് നാണമില്ലേ, ഈ വയസ്സാംകാലത്ത് ഗർഭിണിയാണെന്ന് പറഞ്ഞ് നടക്കാൻ

ആർക്കാടീ..വസ്സായത്, എന്നെ നേരത്തെ കെട്ടിച്ച് വിട്ടത് കൊണ്ട് നിന്നെ ഞാൻ നേരത്തെ പ്രസവിച്ചു, എന്നിട്ടിപ്പോഴും എനിക്ക് നാല്പത് തികഞ്ഞിട്ടില്ല, എൻ്റെ അമ്മ അൻപത് കഴിഞ്ഞപ്പോഴാ, എൻ്റെ രണ്ട് ഇളയതുങ്ങളെ പ്രസവിച്ചത്

അമ്മേ… ഇത് പഴയ കാലമൊന്നുമല്ല, ഇപ്പോൾ ഇരുപത്തിയഞ്ച് കഴിഞ്ഞവരാരും പ്രസവിക്കില്ല

ങ്ഹാ, എനിക്കതൊന്നും അറിയില്ല, എന്തായാലും ഗർഭിണിയായി, ഇനി പ്രസവിക്കാതിരിക്കാൻ പറ്റില്ലല്ലോ?

എന്നാര് പറഞ്ഞു, ഗർഭിണിയായെന്ന് പറഞ്ഞ് പ്രസവിക്കണമെന്നുണ്ടോ ?അതിന് വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്

നീയെന്താ പറഞ്ഞു വരുന്നത്, ഞാൻ അബോർട്ട് ചെയ്യണമെന്നാണോ?

പിന്നല്ലാതെ ,അമ്മ എൻ്റെ കാര്യമൊന്നാലോചിച്ച് നോക്ക്, കിരണിൻ്റെ വീട്ടുകാരിതറിഞ്ഞാൽ, പിന്നെ ഞാനവരുടെ മുഖത്തെങ്ങനെ നോക്കും, നാണക്കേട് കൊണ്ട് പിന്നെ, എനിക്ക് തല ഉയർത്തി നടക്കാനൊക്കില്ല, അമ്മയ്ക്ക് എൻ്റെ സന്തോഷകരമായ ദാമ്പത്യമാണോ , അതോ അമ്മയുടെ ഗർഭമാണോ വലുത് ?

മോളേ.. നീയെന്നെ ധർമ്മസങ്കടത്തിലാക്കല്ലേ? നിൻ്റെ അച്ഛനും ഇതറിഞ്ഞ് വലിയന്തോഷത്തിലാണ്, അച്ഛൻ ,അബോർഷന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

അച്ഛനെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ച് കൊള്ളാം

എന്നാൽ പിന്നെ ഞാനായിട്ട് നിൻ്റെ സ്വസ്ഥത നശിപ്പിക്കുന്നില്ല, നീ അച്ഛനെ വിളിച്ച് കാര്യങ്ങൾ സംസാരിക്ക് ,നാളെ എന്തായാലും നമുക്കൊരുമിച്ച് തന്നെ ഡോക്ടറെ കാണാം ,നിൻ്റെ കുഞ്ഞിനെ വളർത്താനും, എൻ്റെ കുഞ്ഞിനെ കൊല്ലാനുമുള്ള മാർഗ്ഗം അവർ നോക്കിക്കൊള്ളും

പിറ്റേന്ന് ,അച്ചൻ്റെ സമ്മതം വാങ്ങി അനുപമയും, അമ്മ രതികലയും കൂടി ഗൈനക്ഡോക്ടർ, ലീലാ കോശിയുടെ അടുത്തെത്തി.

നിങ്ങളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ?

രതികലയെ നോക്കി ,ഡോക്ടർ സംശയം പ്രകടിപ്പിച്ചു.

ഉണ്ട് ഡോക്ടർ ,ഞാൻ കല്യാണം കഴിഞ്ഞ് , ഡോക്ടറെ കാണാൻ ഹസ്ബൻ്റുമായി ,നിരവധി തവണ ഇവിടെ വന്നിട്ടുണ്ട്. എൻ്റെ പേര് രതികല, ഹസ്സിൻ്റെ പേര് കലാധരൻ

ഓഹ് ഓർക്കുന്നു ,നിങ്ങളുടെ പേരിൻ്റെ പ്രത്യേകതയെക്കുറിച്ച് ഞാനെപ്പോഴും സംസാരിക്കുമായിരുന്നു അല്ലേ ?അത് കൊണ്ട് നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു ശരിയല്ലേ?

ശരിയാണ് ഡോക്ടർ

ഓകെ ഓകെ ,പിന്നെ എന്തൊക്കെയാ വിശേഷങ്ങൾ ഇതാരാ കൂടെ?

ഇതെൻ്റെ മോളാണ് ഡോക്ടർ അവൾ ഗർഭിണിയാണ്, പിന്നെ ഞാനും…രതികല ,ലജ്ജയോടെ പറഞ്ഞു

ങ്ഹേ,എനിക്കൊന്നും മനസ്സിലാകുന്നില്ല ,കുട്ടി ഒന്ന് പുറത്തിരിക്കു, ഞാനാദ്യം അമ്മയെ പരിശോധിക്കട്ടെ

ഡോക്ടറുടെ നിർദ്ദേശപ്രകാരം അനുപമ ,വെളിയിലേക്കിറങ്ങി.

ഏറെ നേരത്തിന് ശേഷം ,രതികല ഇറങ്ങി വന്നിട്ട് ,അനുപമയോട് അകത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു.

ങ്ഹാ അനുപമ ഇരിക്കു, അമ്മ വിവരങ്ങളൊക്കെ പറഞ്ഞു ,അനുപമയോടൊപ്പം അമ്മയും ഗർഭം ധരിച്ചത് തനിക്ക് നാണക്കേടായെന്നും ,അത് കൊണ്ട് അമ്മയുടെ ഗർഭം അലസിപ്പിക്കാൻ കൊണ്ട് വന്നതാണെന്നും

സീ..അനുപമാ.. കുഞ്ഞ് നാള് മുതൽ തനിക്കൊരു കൂടെപ്പിറപ്പിനെ വേണമെന്ന് പറഞ്ഞിട്ട് അവരത് സാധിച്ച് തരാതിരുന്നത് എന്താണെന്ന് തനിക്കറിയാമോ ?രതി കലയ്ക്ക് താൻ ഗർഭിണിയാവില്ലെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ടായിരുന്നു, കാരണം അവർ കല്യാണം കഴിഞ്ഞ നാള് മുതൽ മൂന്ന് വർഷത്തോളം എൻ്റെയടുത്ത് ഗർഭധാരണത്തിനുള്ള ചികിത്സയ്ക്ക് വന്നിട്ടുണ്ട്, താൻ ഒരിക്കലും ഗർഭിണിയാവില്ലെന്ന സർട്ടിഫിക്കറ്റും വാങ്ങിയാണ് അവസാനമായിട്ട് എൻ്റെയടുത്ത് വന്നിട്ട്, രതികല പോയത് ,അതെന്തിനായിരുന്നെന്ന് എനിക്കിന്നാണ് മനസ്സിലായത്

എന്താ ഡോക്ടർ ഈ പറയുന്നത്, എനിക്കൊന്നും മനസ്സിലാകുന്നില്ല?

അതേ കുട്ടി, ഞാൻ കുത്തികുത്തി ചോദിച്ചപ്പോഴാണ്, ആ സത്യം അവളെന്നോട് പറഞ്ഞത്, അന്ന് ആ സർട്ടിഫിക്കറ്റുമായി പോയത് ,നിന്നെ ശിശുഭവനിൽ നിന്ന് സ്വന്തമാക്കാനായിരുന്നു, നിന്നോടിക്കാര്യം ഒരിക്കലും പറയരുതെന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടാണ്, അവളെന്നോടിത് പറഞ്ഞത്, പക്ഷേ ,ഞാൻ നിന്നോട് മനപ്പൂർവ്വം പറഞ്ഞതാണ്, എങ്കിലേ അമ്മയാകാൻ കഴിയാതെ പോയ ആ സത്രീയുടെ നിരാശയെന്തായിരുന്നെന്നും , കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ താൻ ഗർഭിണിയാണെന്ന് അറിയുമ്പോഴുള്ള , സന്തോഷമെന്താണെന്നും നിനക്ക് മനസ്സിലാക്കാൻ കഴിയു

അപ്പോൾ ഞാൻ എൻ്റെ അമ്മ പ്രസവിച്ച മകളല്ലേ ?

ഒരിക്കലുമല്ല ,രതികലയുടെ ദത്ത് പുത്രിയാണ് താൻ

പക്ഷേ, ഒരിക്കലും ഗർഭിണിയാകില്ലെന്ന്, പറഞ്ഞ് ഡോക്ടർ തന്നെയല്ലേ അമ്മയ്ക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്?

അത് ശരി തന്നെ ,പക്ഷേ മെഡിക്കൽ സയൻസിനെ പോലും ഞെട്ടിച്ച് കൊണ്ട്, ദൈവത്തിൻ്റെ അനുഗ്രഹം ചിലർക്കുണ്ടാവും, അങ്ങനെയൊരു കൃപാകടാക്ഷമാണ്, രതികലയ്ക്കുണ്ടായിരിക്കുന്നത്, പത്തിരുപത് കൊല്ലം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ,വളർത്ത് മകൾക്ക് വേണ്ടി അവർ നശിപ്പിച്ച് കളയാൻ തയ്യാറായെങ്കിൽ, രതികല നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും, എന്നിട്ട് ആ സ്നേഹം തിരിച്ച് നീ കൊടുത്തിട്ടുണ്ടോ ?അപ്പോഴും നിൻ്റെ ജീവിതം, സന്തോഷ പ്രദമാകണമെന്നല്ലേ നീ ചിന്തിച്ചത്?

ഇല്ല ഡോക്ടർ , ഞാനിതൊന്നുമറിഞ്ഞിരുന്നില്ല, എനിക്കെൻ്റെ അമ്മയുടെ സന്തോഷം തന്നെയാ വലുത്, അത് കൊണ്ട് ഇനി അബോർഷനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട, ഡോക്ടർ എനിക്കും അമ്മയ്ക്കുമുള്ള ഗർഭരക്ഷാ മരുന്നുകൾ തന്നാൽ മതി

കൺസൾട്ടിങ്ങ് കഴിഞ്ഞ്, മോളേയും കൊണ്ട് പുറത്തേയ്ക്കിറങ്ങുമ്പോൾ, രതികല ഡോക്ടറെ കണ്ണിറുക്കി കാണിച്ചു.

എന്നിട്ട് വീട്ടിലെത്തിയ ഉടനെ മോളറിയാതെ രതികല ,ഡോക്ടർ ലീലാ കോശിയെ ഫോൺ ചെയ്തു.

ഡോക്ടർ , എൻ്റെ രണ്ടാമത്തെ കുട്ടിയെ നശിപ്പിക്കാതിരിക്കാൻ, ഒരു വലിയ നുണയാണ്, മോളോടു പറഞ്ഞതെന്ന്, എൻ്റെ പ്രസവം കഴിയുമ്പോൾ, ഡോക്ടർ തന്നെ അവളെ പറഞ്ഞ് മനസ്സിലാക്കിയേക്കണേ?

അത് ഞാനേറ്റെടോ.. പിന്നേ, താനിതൊരു സ്ഥിരം ഏർപ്പാടാക്കല്ലേ? ഇനിയുമൊരു കള്ളക്കഥയുണ്ടാക്കാൻ, എനിക്ക് എപ്പോഴും കഴിഞ്ഞെന്ന് വരില്ല

ഒന്ന് പോ ഡോക്ടറെ, ഡോക്ടറുടെയൊരു കാര്യം

നാണം കൊണ്ട് രതികലയുടെ മുഖം ചുവന്നു.