നമ്മുടെ പരിശുദ്ധ പ്രണയം ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടും വരെ വേറെയാരും അറിയാതെ ഇങ്ങനെയങ്ങ് മുന്നോട്ടു പോയാൽ മതി….

Story written by NIKESH KANNUR

“”ഹലോ,, ഹലോ,, എത്ര നേരായി വിളിക്കുന്നു എന്റെ ഏട്ടാ,, ഇപ്പോഴാണല്ലോ ഒന്ന് ആൻസർ ചെയ്തത്,, ഏട്ടനിതെവിടാ,, മിസ്സ്‌ കാൾ കണ്ടിരുന്നെങ്കിൽ ഒന്ന് തിരിച്ചു വിളിക്കാഞ്ഞതെന്താ ഏട്ടാ..

“”ഫോൺ ഓൺ ചെയ്തു കാതോട് ചേർത്തപ്പോൾ മുതൽ കേൾക്കാം അമ്മുവിന്റെ വെപ്രാളം പിടിച്ചുള്ള ചോദ്യങ്ങൾ..

ഡ്രൈവിംഗ് ആയിരുന്നു മോളൂസേ, എന്താ മോളെ എന്ത് പറ്റി,,

“”അതേ,, ഏട്ടാ,, എനിക്കൊരു രണ്ടായിരം രൂപ വേണമായിരുന്നു.,,നാളെ എന്റെ കൂട്ടുകാരിയുടെ ബർത്ത് ഡേയ്ക്ക് ഗിഫ്റ്റ് വാങ്ങി കൊടുക്കാനാണ്,,എന്റെ ഏതാഗ്രഹവും സാധിച്ചു തരുന്നതിന്റെ ക്രെഡിറ്റ്‌ മുഴുവനും എന്നും ഏട്ടന് മാത്രം അവകാശപ്പെട്ടതല്ലേ,, നമ്മുടെ പ്രണയത്തിൽ ഇതിൽപ്പരം സന്തോഷം വേറെന്തുണ്ട് എന്റെ പൊന്നേട്ടാ..

“”മോളൂസേ ,, ഒക്കെ ശരിയാണ്,, റീ ചാർജ് ചെയ്തു തരുന്നത് ഞാൻ,, പോക്കറ്റ് മണി ഒപ്പിച്ചു തരുന്നത് ഞാൻ,, ഇടയ്ക്കിടെ കൂട്ടുകാരികൾക്കൊക്കെ ബർത്ത് ഡേ ഗിഫ്റ്റിനെന്നും പറഞ്ഞു ചോദിച്ചു വന്നാൽ അതും ഞാൻ തരുന്നുണ്ട്..എന്റെ പൊന്നു മോളൂസേ സത്യം പറയാലോ,, ഇപ്പോൾ എന്റെ കൈയിൽ നാളെ ബൈക്കിന്റെ സി സി അടയ്ക്കാനുള്ള പൈസ മാത്രമേയുള്ളു.. കഴിഞ്ഞ രണ്ടു മാസമായി അടവ് വീഴ്‌ച്ച വന്നിരിക്കുകയാണ്,,ആ പൈസയൊക്കെ തന്നത് മോൾക്ക്‌ തന്നെ ആയിരുന്നല്ലോ,,ഈ മാസം എല്ലാം കൂടെ മൊത്തത്തിൽ കൂട്ടി അടച്ചില്ലെങ്കിൽ വണ്ടി സി സിക്കാർ കൊണ്ടു പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്..എനിക്കാണേൽ ഈ ആഴ്ച മുതൽ ഇനിയങ്ങോട്ട് വരും ദിവസങ്ങളിൽ പണിയും കുറവാണ്..ഞാൻ വെറും കൂലിപ്പണിക്കാരൻ അല്ലേയെന്റെ മോളൂസേ..ഏതായാലും നീ പറഞ്ഞാൽ ഞാനെന്തും ചെയ്യും,, പൈസ ഞാൻ ഇപ്പോൾ ഒരര മണിക്കൂറിനുള്ളിൽ എത്തിച്ചു തരാം ട്ടാ…

“”ഉമ്മാആാാാാ,, എന്റെ പൊന്നേട്ടന് ചക്കര ഉമ്മ..

“”ആാാ.,,ഇതൊക്കെ എന്നെ സ്നേഹിക്കുന്ന,, എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം മെസേജ് ഇടുന്ന നിനക്ക് വേണ്ടിയല്ലേ എന്നോർക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു രോമാഞ്ചമൊക്കെയുണ്ടെന്റെ പൊന്നു മോളൂസേ.. കാൾ കട്ട്‌ ചെയ്തു വണ്ടിയുമായി പറന്നു ചെല്ലുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു..

“”വീടിനു മുൻപിൽ ചെന്ന് ഫോൺ ചെയ്യുമ്പോൾ അവളുടെ നമ്പർ ബിസി,,വണ്ടിയുടെ ഹോൺ കുറെ നേരം അടിച്ചു കഴിഞ്ഞപ്പോഴാണ് അവൾ ആരോടോ സംസാരിച്ചു കൊണ്ടിരുന്ന കാൾ കട്ടാക്കി ചുറ്റിനും നോക്കി പതുക്കെ പുറത്തേക്കു വന്നതും കൈയിലുള്ള പൈസയും വാങ്ങി ഏട്ടാ ഒരുപാട് സന്തോഷം,, ബാക്കി ഫോണിൽ സംസാരിക്കാം ചേട്ടൻ പൊയ്ക്കോളൂ ആരെങ്കിലും കാണുമെന്ന് പറഞ്ഞു ശരിക്കുമൊന്നു അവളെ കാണാനോ മിണ്ടാനോ കിട്ടും മുൻപേ വന്നതിലും ഇരട്ടി സ്പീഡിൽ ശരം വിട്ട പോലെ വീടിനുള്ളിലേക്ക് കയറി പോയി..

“”അവളുടെ പെരുമാറ്റത്തിൽ ഒന്നമ്പരന്നുവെങ്കിലും വീടിനുള്ളിൽ അവളുടെ അച്ഛനോ അമ്മയോ ചിലപ്പോൾ ഉണ്ടാവും,,ടീച്ചർമാർക്കൊക്കെ ഇപ്പോൾ വെക്കേഷനാണല്ലോ.. രണ്ടാളും കണ്ടാൽ ചിലപ്പോൾ അവളോട്‌ ചോദിച്ചാലോ അവനുമായി നിനക്കെന്താ ഇടപാടെന്ന്,, അതാവും.. എന്റെയും അമ്മുവിന്റെയും പ്രണയത്തിൽ മൂന്നാമതൊരാൾ ഇതുവരെ ഇടപെടാൻ ഞങ്ങൾ അവസരം കൊടുത്തിട്ടില്ല.. രണ്ടാളും അത്ര കെയർ ചെയ്തു മുൻപോട്ടു കൊണ്ടു പോകുന്ന പ്രണയമാണിത്..

“”വൈകീട്ട് അമ്മുവിനെ വിളിച്ചു ജസ്റ്റ്‌ സംസാരിച്ചപ്പോൾ തമാശയായി ഞാൻ ചോദിച്ചു കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് ഞാനും വന്നോട്ടെ,,കുറച്ചകലെയെങ്ങാനും മാറി നിന്ന് ഞാൻ ആഘോഷം കണ്ടോളാം.. അമ്മൂസ് എന്നെ കണ്ട ഭാവം നടിക്കേണ്ട..

“”അയ്യോ വേണ്ട ഏട്ടാ,, നമ്മുടെ പരിശുദ്ധ പ്രണയം ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടും വരെ വേറെയാരും അറിയാതെ ഇങ്ങനെയങ്ങ് മുന്നോട്ടു പോയാൽ മതി,,,അതാണ് ഏട്ടാ എനിക്കിഷ്ട്ടം..

“”അവൾ അങ്ങിനെ പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും ആ ബർത്ത് ഡേ പാർട്ടി ഒന്ന് കണ്ടിട്ട് തന്നെ കാര്യമെന്ന് ഞാനും മനസ്സിൽ കുറിച്ചിട്ടു.. അതിനു വേണ്ടുന്ന വഴിയുമെന്റെ മനസ്സിൽ തെളിഞ്ഞു..

“”പിറ്റേന്ന് രാവിലെ അവളെന്നും കോളേജിൽ പോകാൻ ബസ് കാത്തിരിക്കാറുള്ള സ്റ്റോപ്പിൽ ആ ഷെൽട്ടറിലേ ഇരിപ്പിടത്തിൽ അവൾക്കരികിലായി അവൾക്കും അവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കും സംശയമേതുമില്ലാത്ത വിധത്തിൽ ഒരു പർദ്ദയും ധരിച്ചു വന്ന ഞാനുമിരുന്നു.. ബൈക്ക് പുറത്തെടുക്കാൻ പറ്റില്ല.. അടവ് മുടങ്ങിയത് കൊണ്ട് സി സിക്കാര് എപ്പോൾ പൊക്കിയെന്നു ചോദിച്ചാൽ മതി..അപ്പോൾ പിന്നെ ഇതേ ഉള്ളു വഴി..

“”ബസ് വന്നതും അവൾക്ക് പിന്നാലെ ഞാനും കയറി.. ബസിൽ നല്ല തിരക്കുണ്ടായിരുന്നു.. ഞാൻ അവളെ മാത്രം ശ്രദ്ധിച്ചുകൊണ്ട് തൊട്ടു പിന്നിൽ തന്നെ നിന്നു..കോളേജ് സ്റ്റോപ്പിൽ ഇറങ്ങാതെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങിയ അവൾക്ക് പിന്നാലെ ഞാനും ഇറങ്ങി..

“”ചുറ്റും കണ്ണോടിച്ച അവൾ ബസ് സ്റ്റോപ്പിലെ വാക മരച്ചുവട്ടിൽ ആരെയോ പ്രതീക്ഷിക്കും പോലെ ഇടയ്ക്ക് മൊബൈലിൽ നോക്കിയും റോഡിൽ രണ്ടു വശത്തേക്കും നോക്കിയും അക്ഷമയായി നിന്നു.. അവൾക്ക് തൊട്ടടുത്തു തന്നെ ഞാനും ഒന്നുമറിയാത്ത ഭാവത്തിൽ ചെന്നു നിന്നു..

“”കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു പുതു പുത്തൻ മോഡൽ ബൈക്ക് ഞങ്ങൾക്കരികിൽ വന്നു ബ്രേക്കിട്ടു നിന്നു..ഹെൽമെറ്റ് അഴിച്ചു കൈയിൽ പിടിച്ചോണ്ട് ഒരു സുന്ദരൻ പയ്യൻ ബൈക്കിൽ തന്നെ ഇരുന്നു കൊണ്ട് അമ്മൂസിനെ നോക്കി ചിരിച്ചു,, അവളുടെ മുഖത്തു പരിഭവം,, പിന്നെ പല പല ഭാവങ്ങൾ മിന്നി മറയുന്നു..ഡാ,, ഇന്നലെ വീട്ടിൽ ആരുമില്ലായിരുന്നു,,ഞാൻ നിന്നെ വീട്ടിലേക്കു ക്ഷണിച്ചു കാത്തിരുന്നിട്ട് നീ വന്നില്ലല്ലോ,,

“”ങ്ങേ ?? എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി,, ഞാൻ കഥയൊന്നുമറിയാതെ ശ്വാസമടക്കി പിടിച്ചു നിൽക്കുകയാണ്,,

“”ഡീ കുശുമ്പി അമ്മൂസെ,,,നീ വാ ബൈക്കിൽ കയറു..നമുക്ക് നമ്മുടെ സ്ഥിരം പ്ളേസിൽ പോകാം.. പരിഭവമൊക്കെ അവിടെവച്ചു ആരും കാണാതെ ഞാൻ തീർത്തു തരാം..സമയം കളയാതെ വാ വന്നു കേറടി മോളൂസേ,,

“”ഒരു കൂസലുമില്ലാതെ അവൾ ചെന്നു ബൈക്കിൽ കയറി..അവനെയും ചുറ്റിപ്പിടിച്ചിരുന്നു,,ബൈക്ക് സ്റ്റാർട്ട്‌ ചെയ്യും മുൻപ് അവന്റെ കണ്ണുകൾ അവളുടെ കൈയിലുള്ള കിറ്റിൽ ഉടക്കി..

“”എന്താഡാ അമ്മൂസെ നിന്റെ കൈയിൽ ഒരു പാർസൽ ഒക്കെ,, ഓഹ് എനിക്കുള്ള പുത്തൻ ഡ്രസ്സ്‌ തന്നെ ആണോ ഇന്നും കൊണ്ടു വന്നിരിക്കുന്നത്.. ഓഹ് നിനക്ക് എടുത്തു കളിക്കാൻ ഇഷ്ട്ടം പോലെ കാശ് ഉണ്ടല്ലോ പിന്നെ ഇതൊക്കെ എന്ത് അല്ലേ..

“”ഓഹ് ഇത് അത്രയൊന്നും ആയില്ല,, ആയിരത്തി എണ്ണൂറു രൂപയുടെ മാത്രം ഡ്രസ്സ്‌ ആണെടാ.. അതൊക്കെ പോട്ടെ,, മോൻ വണ്ടി വിട്.. ഇന്നെങ്കിലും ലേറ്റ് ആകും മുൻപ് തിരിച്ചു വീടെത്താൻ നോക്കണം നമുക്ക്.. ഇതിങ്ങനെ എന്നും ലേറ്റ് ആയാൽ പണി പാളും മോനെ..

“”ആ ബൈക്ക് കണ്ണിൽ നിന്നും മറയും വരെ നോക്കി നിൽക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു.. അതിനു മുൻപേ ബോധം നശിച്ചു ഞാൻ ആ വാകചോട്ടിൽ വീണിരുന്നു..