സീമന്തരേഖ ~ അവസാനഭാഗം , എഴുത്ത്: രസ്ന (ഇന്ദ്ര)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“”” സീതേ…….!!!!”””

“”” എന്റമ്മേ…..!!!”””

വീട് മുഴങ്ങുന്ന രീതിയിലുള്ള അവന്റെ ശബ്ദം കേട്ട് കയ്യിലെ പാൽഗ്ലാസ് നിലത്ത് ചിന്നി ചിതറി.

“”” ഈ അനന്തേട്ടനെ കൊണ്ട്..ഇങ്ങേർക്ക് ഇത്രയും ശബ്ദമുണ്ടോ?പാൽ പോയി…മാലു ഇനി കളിച്ച് വരുമ്പോൾ എന്താക്കും?”””

ഇടുപ്പിൽ കൈ വച്ച് കൊണ്ട് ചില്ല് കഷ്ണം ശ്രദ്ധയോടെ നുള്ളി പെറുക്കുമ്പോഴാണ് അടുക്കളയിലേക്ക് അനന്തൻ കയറി വന്നത്.

“”” ചവിട്ടരുത്…. ഗ്ലാസ് പൊട്ടി കിടക്കുവാ..”””

“”” ഇതെന്താ പറ്റിയേ? നിനക്കൊന്ന് ശ്രദ്ധിച്ചൂടെ? മാറങ്ങട്ട്… ഞാൻ തൂക്കാം”””

അവളെ പിടിച്ച് മാറ്റി കൊണ്ട് അനന്തൻ ഓരോ ചില്ലുകളായി പെരുക്കിയും തൂത്തും വൃത്തിയാക്കി.

“””മനുഷ്യനെ കാറി പേടിപ്പിച്ചതും പോരാ.. കുറ്റം പറയുന്നോ… ഇതിനു മാത്രം അലറാൻ എന്താ?””

“”” ടീ..നിനക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയി.. ഇതാ ലെറ്റർ.. മാലുവിന്റെ സ്കൂളിലേക്കാ.. മിക്കവാറും നീയാവും അവളുടെ ടീച്ചർ”””

ചിരിയോടെ കൈയിലെ ട്രാൻസ്ഫർ ലെറ്റർ ഉയർത്തി കൊണ്ട് പറയുന്ന അനന്തനെ ഒരമ്പരപ്പോടെ നോക്കി കൊണ്ടവൾ അത് പിടിച്ച് വാങ്ങി വായിച്ചു.

“”” ഈ മാസം ജോയിൻ ചെയ്യാം.. മാലു നോട് ഇന്ന് തന്നെ പറയാം…”””

അനന്തനെ സന്തോഷത്താൽ കെട്ടിപിടിച്ച് കൊണ്ടവൾ താഴത്തെ പറമ്പിലേക്ക് ഓടാൻ കുനിഞ്ഞു.

“” നിൽക്ക്… അധികവും ഇവിടത്തെ ബാങ്കിലേക്ക് എനിക്കും ഒരു പോസ്റ്റ് റെഡിയാവും..”””

“”” സത്യാണോ അനന്തേട്ടാ…?”””

“”” അതെ… ഞാൻ ബാഗ്ലൂരിൽ വിളിച്ച് സംസാരിച്ചിരുന്നു. ശരി ആയെന്നാ കിട്ടിയ വിവരം..”””

“””എന്നാൽ പിന്നെ തിരിച്ച് പോവണ്ടല്ലോ..? ജാനകിയമ്മയെ വിവരം അറിയിച്ച് ഇപ്പോൾ വരാവേ…”””

തൊടിയിലേ പശുവിനെ പുല്ല് തീറ്റിക്കുന്ന ജാനകി ചേച്ചിയുടെ പിന്നാലെ ഓടി നടക്കുന്ന സീതയെ ഒന്ന് നോക്കി ചിരിച്ച് കൊണ്ട് അനന്തൻ കയ്യിലെ മറ്റൊരു കത്തിലേക്ക് മിഴികൾ പായിച്ചു.

?????

സന്തോഷവാർത്തയിൽ മധുരം നുണഞ്ഞ് കൊണ്ട് വരാന്തയിൽ ഇരിക്കുകയായിരുന്നു എല്ലാരും. ഭദ്രൻ ഇടക്ക് കണ്ണ് കൊണ്ട് ജാനകിയമ്മക്ക് ആംഗ്യം കാണിക്കുന്നുണ്ട്.

“”” ആ… ഇപ്പോൾ ജോലി ഒക്കെ ശരിയായ സ്ഥിതിക്ക് എന്താ രണ്ടിന്റെയും തീരുമാനം?”””

കാര്യം മനസിലാവാതെ മുഖത്തോട് മുഖം നോക്കുവായിരുന്നു സീതയും അനന്തനും.

“”” ഇങ്ങനെ പോവാനാണോ ധരിച്ചിരിക്കുന്നത്? ഇപ്പോൾ തന്നെ നാട്ടുകാര് അപവാദം പറയാൻ തുടങ്ങിയിരിക്കുന്നു. ഇനി രണ്ടിനെയും വെറുതെ വിടുന്ന ഉദ്ദേശ്യമില്ല. പിടിച്ച് കെട്ടിക്കുക തന്നെ അല്ലേ ഭദ്രാ…?”””

ഒരു ഞെട്ടലോടെ ജാനകിയമ്മയുടെ സംസാരം കേട്ട് നിൽക്കുവായിരുന്നു സീതയും അനന്തനും.

“”” അത് ഞാൻ പറയാൻ വരുവായിരുന്നു. നമുക്ക് നാളെ തന്നെ ഇവരുടെ ജാതകം നോക്കി കളയാം.. നല്ല ദിവസം തന്നെ ആ ചടങ്ങും നടത്താം. എന്താ അഭിപ്രായം?”””

“”” എനിക്ക് താൽപര്യമില്ല ഈ കല്യാണത്തിന്…!”””

വേഗം ചാടി എഴുന്നേറ്റ് കൊണ്ട് നിഷേധം അറിയിച്ച് സീത അകത്തേക്ക് പോയി. അവളുടെ പ്രതികരണം എല്ലാവരിലും ഞെട്ടലുളവാക്കിയിരുന്നു.

“”” അനന്താ…നിന്റെ അഭിപ്രായം?”””

ഒരു മടിയോടെ ഭദ്രൻ ചോദിച്ചു.

“””നിനക്ക് ഞാൻ പറയാതെ തന്നെ അറിയാലോ എന്റെ അഭിപ്രായം.. ആരെയും നിർബന്ധിക്കരുത് ഭദ്രാ…””””

കൂടുതലൊന്നും പറയാൻ നിൽക്കാതെ അനന്തനും അകത്തേക്ക് പിൻവലിഞ്ഞു.

മുറിയിലെ ജനലഴികളിൽ പിടിച്ച് ദൂരേക്ക് മിഴികൾ പായിച്ചിരിക്കുകയായിരുന്നു സീത. നിറഞ്ഞ് വരുന്ന കണ്ണുകൾ തുടയ്ക്കുന്നതിനോടൊപ്പം കൈകൾ വയറിനെ വരിഞ്ഞ് മുറുകിയിരുന്നു.

“”” ഞാനകത്തേക്ക് വന്നോട്ടെ…?”””

വാതിലിൽ തട്ടി കൊണ്ടുള്ള അനന്തന്റെ ചോദ്യം കേട്ടതും വേഗം കണ്ണ്നീർ തുടച്ച് നീക്കി കൊണ്ട് അനന്തനെ നോക്കി പുഞ്ചിരിച്ചു.

“”” ഇത് തരാൻ വന്നതാ….”””

“”” അനന്തേട്ടാ.. ദേഷ്യമാണോ?””

കത്ത് നീട്ടികൊണ്ട് തിരിഞ്ഞ് നടന്ന അനന്തനെ പിറകിൽ നിന്നവൾ വിളിച്ചു.

“”” നിന്റെ അഭിപ്രായം എന്തായാലും ഞാനതിനെ അംഗീകരിക്കും. നിനക്ക് സമയം ആവശ്യമാണ് സീത.. ഒരിക്കലും നിന്നെ ആരും നിർബന്ധിക്കില്ല. തീരുമാനം നിന്റേതാണ്. അമ്മയാവാൻ പറ്റില്ല എന്ന കാരണമാണ് നിന്നെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെങ്കിൽ എന്നെക്കാളും നിനക്കറിയാം എനിക്കത് പ്രശ്നമല്ലെന്ന്.. അത് കൊണ്ട് ഇഷ്ടമല്ലാത്തതിന്റെ കാരണം നിരത്തുമ്പോൾ കുറച്ച് കൂടി നിലവാരമുള്ളത് കണ്ടെത്തുക”””

ഒന്ന് കൂടി തന്നെ നോക്കി കൊണ്ട് നടന്നകലുന്ന അവനെ നീർമിഴികളോടെ നോക്കിയവൾ തന്റെ കയ്യിലെ കത്ത് തുറന്നു.

“””മോളെ… വല്യേട്ടനാ…,”””

തുടക്കം വായിച്ചതും കൂടുതൽ വായിക്കാൻ ത്രാണിയില്ലാതെ ദൂരേക്ക് വലിച്ചെറിഞ്ഞു കത്ത്.

“”” എന്തിനാണാവോ.. ഇനിയും പുതിയ വേഷം കെട്ടി ജീവിതം തുലയ്ക്കാനോ.. വല്യേട്ടൻ പോലും..”””

നിറഞ്ഞ് വന്ന കണ്ണീർ തുടച്ച് കൊണ്ട് കത്ത് കീറി പറിച്ചു.

മുഖം അമർത്തി തുടച്ച് കൊണ്ട് കിടക്കയിലേക്ക് വീഴുമ്പോഴും പഴയ ഓർമകൾ അവളെ ചുട്ടുപൊള്ളിച്ച് കൊണ്ടിരുന്നു.

?????

“”” അനന്തേട്ടാ.. കഴിഞ്ഞില്ലേ? ഇതിപ്പോൾ വൈകുവല്ലോ? ഞങ്ങൾ ബസിന് പോവാ…”””

“”” നിൽക്ക് നിൽക്ക്… ഒരഞ്ച് മിനിറ്റ്”””

ഏതോ ഫയലും പൊക്കിപിടിച്ച് കൊണ്ട് ഇറങ്ങി വരുന്ന അനന്തനെ ഒന്ന് കൂർപ്പിച്ച് നോക്കിയവൾ മാലുവിന്റെ മുടി ഒന്ന് ശരിയാക്കി കെട്ടി കൊടുത്തു.

“”” കയറ്.., കയറ്.. വൈകിപോയി.. ഇനി ഉണ്ടാവില്ല”””

കണ്ണാടിയിലൂടെ തന്നെ നോക്കി പേടിപ്പിക്കുന്ന സീതയെ ദയനീയമായി നോക്കി കൊണ്ട് അനന്തൻ കാർ എടുത്തു.

“”” ജാനിയമ്മേ റ്റാ റ്റാ….”””

മുറ്റത്ത് അവരെ യാത്രയാക്കാൻ നിന്ന ജാനകിയമ്മക്ക് നേരെ കൈ വീശി കൊണ്ട് മാലു കണ്ണനോട് കലപില കൂടാൻ തുടങ്ങി.

“”” എന്താ ഉഷാറ് രണ്ടാൾക്കും പുതിയ സ്കൂളിൽ പോവാൻ?”””

രണ്ട് മക്കളെയും നോക്കി കൊണ്ട് അനന്തൻ വണ്ടിയുടെ വേഗത കുറച്ചു.

“”” ചേച്ചിയമ്മ ന്റെ ടീച്ചറാ അച്ഛായി… അപ്പോ ചേച്ചിയമ്മ ന്നെ വക്ക് പയൂല്ല..ല്ലേ?”””

മാലു കൊഞ്ചലോടെ സീതയോട് ചേർന്നിരുന്നു.

“”” ദേ..അവളിപ്പോഴേ ആളെ വശത്താക്കി.. സീതേ ഈ പെണ്ണ് ഭയങ്കര വഴക്കാളിയാ… ബാഗ്ലൂർ എനിക്ക് നിന്ന് തിരിയാൻ സമയം കാണില്ല ഇവൾ കാരണം.. വഴക്ക് കൂടിയാൽ നല്ലോണം പറഞ്ഞോ…””””

മാലുവിനെ നോക്കി കുസ്യതിയോടെ അനന്തൻ പറയുന്നത് കേട്ട് മാലു മുഖം വീർപ്പിച്ചവന് നേരെ കോക്രി കാട്ടികൊണ്ട് സീതയെ കെട്ടിപിടിച്ചു.

“”” സ്കൂൾ വീട്ടാൽ നീ വിളിച്ചാൽ മതി.. ഞാൻ കൂട്ടാൻ വരാം.പിന്നെ രണ്ടാളോടും മര്യാദക്ക് പഠിച്ചോണം. കുറുമ്പ് ഒപ്പിക്കരുത്.”””

സ്കൂളിന്റെ വരാന്തയിൽ അവരെ ഇറക്കി കൊണ്ട് അനന്തൻ സീതയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അന്നത്തെ സംഭവത്തിന് ശേഷം അനന്തനും സീതയും അധികം സംസാരിക്കാറില്ല. പലപ്പോഴും നേരിൽ കാണുമ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കാറാ പതിവ്. മക്കളുടെ മുന്നിൽ മാത്രം വല്ലതും മിണ്ടും.

സീതയ്ക്കതിൽ വിഷമമുണ്ടെങ്കിലും പുതിയ മാറ്റത്തിലേക്ക് കടക്കാൻ അവൾക്ക് സമയം വേണമായിരുന്നു. അത് അനുവദിച്ച് നൽകാൻ അനന്തനും തയ്യാറായി.

?????

“””എന്താ പേര്?”””

ക്ലാസ്മുറിയിൽ പുതിയ ബാഗ് അഴിച്ച് വെച്ച് പുറത്തേക്ക് നോക്കിയിരിക്കുന്ന മാലുവിനരികിലായി വന്ന് കൊണ്ട് ഒരു കുട്ടി ചോദിച്ചു.

“”” മാളവിക.. മാലു എന്ന് വിളിക്കും..”””

“”” ഞാൻ റെച്ചു.. റെയ്ഞ്ചൽ എന്നാ ശരിക്കും. എന്നെ റെച്ചു എന്ന് വിളിച്ചാൽ മതി. ഞാൻ മാലു എന്ന് വിളിക്കാം. ഇവിടെ പുതിയതാണോ?”””

“” മ്മ്മ്…”””

“””മാലുവിന്റെ വീടെവിടാ? അച്ഛ, അമ്മ ഒക്കെ എവിടെ? വന്നില്ലേ?”””

മറുപടിയായി തലയനക്കി കൊണ്ട് മുഖം കുനിച്ചിരുന്നു.

“”” അയ്യോ ബെല്ലടിച്ചു. ഞാൻ പോട്ടെ..എന്റെ സീറ്റ് അവിടാ..”””

മാലുവിന് നേരെ കൈ വീശി കൊണ്ട് ആ കുട്ടി പിറകിലേ ഇരിപ്പിടത്തിലേക്കോ ടീ…

“”” ഗുഡ് മോർണിംഗ്….!!”””

അകത്തേക്ക് കയറി വന്ന സീതയെ കണ്ടതും മാലുവിന്റെ മുഖം സന്തോഷത്താൽ നിറഞ്ഞു.

“”” ഞാനാണ് നിങ്ങളുടെ പുതിയ മിസ്. പേര് സീത.. ആദ്യം നമുക്ക് പരിചയപ്പെടാം ല്ലേ.”””

മാലുവിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞതും മാലു വായ പൊത്തി ചിരിച്ച് കൊണ്ട് സീതയുടെ അരികിലേക്കോടീ കെട്ടിപിടിച്ചു..

“”” ന്റെ സീതമ്മയാ… അമ്മയാ…”””

ദൂരെ ഇരിക്കുന്ന റെച്ചുവിനെ നോക്കി കൊണ്ട് പറയുന്ന മാലുവിനെ ആദ്യം ഒരമ്പരപ്പോടെ നോക്കിയെങ്കിലും പിന്നീട് സീതയുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞിരുന്നു.

“”” ആണല്ലോ.. ഞാൻ മാലുവിന്റെ അമ്മയാണല്ലോ.. മാലു മോള് എല്ലാരുമായി കൂട്ടായോ?”””

നിറഞ്ഞ കണ്ണ് തുടച്ച് കൊണ്ട് മാലുവിനെ എടുത്തുയർത്തി.

ചുമൽ കൂച്ചി ഇല്ലെന്ന് പറയുന്ന അവളെ സീറ്റിലായി ഇരുത്തി സീത എല്ലാർക്കും അവളെ പരിചയപ്പെടുത്തി കൊടുത്തു.

വൈകീട്ട് സ്കൂൾ വിട്ട് നടന്ന് വരുമ്പോഴാണ് അനന്തനുമായി സംസാരിക്കുന്ന വ്യക്തിയിൽ സീതയുടെ കണ്ണ് പതിഞ്ഞത്. വെറുപ്പാൽ മുഖം ചുളുങ്ങിയിരുന്നു.

“”” സീതേ… എനിക്ക് സംസാരിക്കണമായിരുന്നു”””

“”” എന്താണാവോ ഇനി എന്റെ രണ്ടാമത്തെ ചേട്ടന് പറയാനുള്ളത്? എന്താ സ്വത്ത് കിട്ടിയത് കുറഞ്ഞ് പോയോ? അതിന് എന്റടുത്ത് സ്വത്തിലല്ലോ ചേട്ടാ..?”””

പുച്ഛത്തോടെ മുഖം തിരിച്ച് കൊണ്ട് മക്കളെ അനന്തനെ ഏൽപ്പിച്ച് കൊണ്ടവൾ സത്യരാജ് ന്റെ അരികിലേക്ക് നടന്നു.

“”” നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. വല്യേട്ടന് സുഖമില്ല.. ചെറിയ ഒരു അപകടം.. കാല് മുറിച്ച് മാറ്റേണ്ടി വന്നു. ഓപറേഷൻ കഴിഞ്ഞിരിക്കുവാ.. ചേട്ടന് നിന്നെ കാണണം എന്ന് പറഞ്ഞു. ഒന്നവിടം വരെ വന്നൂടെ?”””

“”” എനിക്കവിടെ കാണാൻ ആരുമില്ല. ഒരു കാല് പോയപ്പോഴാണോ അയാൾക്ക് പെങ്ങളെ പറ്റി ബോധം വന്നത്? അയാളെയും നിങ്ങളെയും പോറ്റി വളർത്തിയ ഒരമ്മയുണ്ടായിരുന്നു എന്ന കാര്യം മറന്ന ആൾ എന്നോടെന്ത് പറയാനാ? നെഞ്ച് പൊട്ടി മരിക്കുമ്പോൾ പോലും അവിടെ നിങ്ങളെയാരെയും ഞാൻ കണ്ടിട്ടില്ല. പറ്റുവാണെങ്കിൽ ആ അമ്മയുടെ മുൻപിൽ പോയി വീഴ്. ചിലപ്പോൾ ക്ഷമിക്കുമായിരിക്കും. മക്കളായി പോയില്ലെ..?”””

അറപ്പോടെ അവനെ നോക്കി കൊണ്ട് സീത കാറിലായി കയറി. മാലു കാറിൽ കയറിയത് മുതൽ വല്ലാത്ത ഉത്സാഹത്തോടെ സീതയേ അമ്മേ എന്ന് നിർത്താതെ വിളിച്ചോണ്ടിരിക്കുവായിരുന്നു. അനന്തനും കണ്ണനും ചിരിയോടെ അവളെ നോക്കി നിൽക്കുമ്പോഴും സീത മാത്രം പുറം കാഴ്ചകളിൽ നോട്ടമെഴ്തു.

വീടെത്തിയതും പതിവില്ലാത്ത വിധം ധാരാളം ആളുകളെ കണ്ടതും സീതയുടെ മുഖം ചുളിഞ്ഞു.

“”” കല്യാണത്തിന് പന്തൽ പണിയാൻ വന്നതാ…”””

ജാനകിയമ്മയുടെ പറച്ചിൽ കേട്ടതും വെറുപ്പോടെ എല്ലാരെയും നോക്കി കൊണ്ടവൾ മുറിയിലേക്ക് കയറി.

“”” ഞാൻ പറഞ്ഞതല്ലേ ജാനകിയമ്മേ ഇപ്പോൾ വേണ്ടെന്ന്..?”””

“”” ഭദ്രൻ ഏൽപ്പിച്ചതാ..പിന്നെ സീത സമ്മതിക്കും എന്ന് എനിക്കുറപ്പാ..പിന്നെ നീട്ടി കൊണ്ട് പോവുന്നതെന്തിനാ..? നോക്കിയേ പിള്ളേർ വരെ വലിയ സന്തോഷത്തിലാ..”””

“”” വേഗം തന്നെ ഇത് പൊളിച്ച് മാറ്റിയേക്ക്.. ഭദ്രനോട് ഞാൻ പറയാം”””

ഗൗരവത്തോടെ എല്ലാരെയും നോക്കി കൊണ്ട് അനന്തൻ അകത്തേക്ക് വലിഞ്ഞു.

വസ്ത്രം മാറി തിരിച്ച് വന്നിട്ടും പൊളിക്കാതെ വീണ്ടും കെട്ടുന്ന പന്തൽ കണ്ട് അനന്തന് കലി കയറി.

“”” ഇതെന്താ ജാനകിയമ്മേ? ഞാൻ പറഞ്ഞതല്ലേ?”””

“”” സീത മോളാ അഴിക്കണ്ട പറഞ്ഞത്.. ദാ അവർക്ക് ചായ കൊടുക്കുവാ മോള്”””

ഒരു അമ്പരപ്പോടെ മുന്നോട്ട് നോക്കിയതും തന്നെ നോക്കി ചിരിച്ച് കൊണ്ട് സീത അകത്തേക്ക് കയറി പോയി.

തന്നെ നോക്കി ആക്കീ ചിരിക്കുന്ന ജാനകിയമ്മയെ കണ്ണുരുട്ടി നോക്കി കൊണ്ട് അനന്തൻ സീതയെ തിരഞ്ഞ് നടന്നു.

പിറകിലായി മക്കളുടെ കൂടെ കളിക്കുന്ന സീതയ്ക്കരികിലായി പോയിരുന്നു.

“”” എന്തിനാ പന്തൽ അഴിക്കണ്ട എന്ന് പറഞ്ഞത്? ആരെങ്കിലും നിർബന്ധിച്ചോ? ഞാൻ സംസാരിക്കാം അവരോട്”””

“””” എനിക്ക് ഇവരുടെ അമ്മയാവണം”””

തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അനന്തൻ അവളുടെ മറുപടി കേട്ട് തിരിഞ്ഞു.

“”” ഇന്ന് മാലു എന്നെ അമ്മേ എന്ന് വിളിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. മാതൃത്വം എന്ന അനുഭൂതി ഇത്രയ്ക്കും കുളിർമ പകരുന്നതാണല്ലേ? സ്വന്തമെന്ന് പറയാൻ ഒരാൾ.. ഇത്രയും ദിവസം സ്വന്തം ചോരയെ ഉദരത്തിൽ ചുമക്കാൻ സാധിക്കില്ലല്ലോ എന്ന വിഷമമായിരുന്നു എനിക്ക്. അനന്തേട്ടനും കാണില്ലേ ഒരു കുഞ്ഞെന്ന മോഹം… എന്നെ കെട്ടിയാൽ ആ മോഹം ഉപേക്ഷിക്കേണ്ടി വരും..അതാ ഞാൻ… പക്ഷേ ഇന്ന് ചേട്ടനെ കണ്ടപ്പോൾ ബോധ്യമായി രക്തത്തിലൊന്നു ഒരു കാര്യവുമില്ലെന്ന്..അതാ ചാടി കേറി സമ്മതിച്ചത്.. അനന്തേട്ടന് ഇഷ്ടമല്ലാ ച്ചാൽ…””””

പറഞ്ഞു തീരുന്നതിന് മുന്നേ അവനാ പെണ്ണിനെ ചേർത്ത് പിടിച്ച് മൂർധാവിൽ ചുംബിച്ചിരുന്നു.

കുറച്ച് നേരം അവളും അതിൽ ലയിച്ചിരുന്നു.

“”” എനിക്കതൊന്നും ഒരു പ്രശ്നമല്ല സീതേ.. ഞാൻ സ്നേഹിച്ചത് നിന്റെ മനസിനെയാണ്. എല്ലാരെയും ഇഷ്ടപ്പെടുന്ന ഈ മനസ് മാത്രം മതി എനിക്ക്…എന്നാലും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിലല്ലോ നീ…”””

നിരാശയോടെ തലകുനിച്ച് പിണങ്ങിയിരിക്കുന്ന അവനെ കണ്ടപ്പോൾ അവൾക്ക് ചിരി പൊട്ടി.

“”” അനന്തേട്ടാ..എനിക്ക് കാട്ടുമാക്കാനെ യാ ഇഷ്ടം..”””

ഒരു കള്ളചിരിയോടെ അവന്റെ കാതോരം മൊഴിഞ്ഞ് കൊണ്ടവൾ ഓടിയൊളിക്കാൻ ശ്രമിച്ചതും അവൻ അവളെ നെഞ്ചോരം വലിച്ചിട്ടിരുന്നു.

“”” അനന്തേട്ടാ… മക്കൾ… പിടി വിട്”””

അനന്തന്റെ നെഞ്ചിലിട്ടടിച്ച് കൊണ്ട് അവന്റെ മുഖം തിരിച്ച് കൊടുത്തതും മുന്നിലായി രണ്ട് കണ്ണും മറച്ച് പിടിച്ച് നിൽക്കുന്ന മക്കളെ കണ്ട് ഞെട്ടി കൊണ്ട് സീതയിലെ പിടി അനന്തൻ വീട്ടു. അപ്പോൾ തന്നെ അവൾ താഴേക്ക് വീണു.

“”” അയ്യോ…..എന്റമ്മേ…”””

നിലത്ത് വീണ് കിടന്ന് പൊടി തട്ടുന്ന സീതയെ അനന്തൻ പിടിച്ചെഴുന്നേൽപ്പിച്ചു..

“”” എന്താ ഇവിടെ ബഹളം?”””

അകത്ത് നിന്ന് ജാനകിയമ്മ ഇറങ്ങി വന്നു.

“”” ഈ അച്ഛായി അമ്മയെ തള്ളിയിട്ടു”””

“”” പിള്ളേർ അടുത്തുണ്ടായി പോയി. ഇല്ലെങ്കിൽ… വയസ്സിത്രയായിട്ടും പിള്ളേർ കളിച്ച് നടക്കാ രണ്ടാളും. പോയേ രണ്ടും.. സീത ഇനി എന്റെ വീട്ടിൽ നിന്നാ മതി”””

“”” അതെന്താ?”””

ശബ്ദം ഉയർത്തി കൊണ്ട് തന്നെ അനന്തൻ ചോദിച്ചു.

“”” എനിക്ക് നിന്നെ വിശ്വാസമില്ല.. കല്യാണം കഴിയുന്ന വരെ ചെക്കനും പെണ്ണും ഒരു വീട്ടിൽ നിൽക്കുന്നത് ശരിയല്ല.. സീതേ പോയി വേണ്ട സാധനങ്ങൾ എടുത്തോ.. ഇപ്പോ തന്നെ ഇറങ്ങാം”””

മുഖം മങ്ങി നിൽക്കുന്ന അനന്തനെ ഇരുത്തി നോക്കി കൊണ്ട് ജാനകിയമ്മ സീതയെയും പിടിച്ച് നടന്നു.

?????

“”” അച്ഛായി.. ഇത് കൂടി…”””

മാലുവിന് മുടിയിൽ മുല്ലപ്പൂ കെട്ടി കൊടുക്കുന്നതിന്റെ തിരക്കിലാണ് അനന്തൻ.

അധികം ആരെയും വിളിക്കാതെ അമ്പലത്തിൽ വച്ചൊരു താലിക്കെട്ട്.

“”” അനന്താ… നീയിത് വരെ ഒരുങ്ങിയില്ലെ?”””

മുറിയിലേക്ക് കടന്ന് കൊണ്ട് ഭദ്രൻ ചോദിച്ചു.

“”” കഴിഞ്ഞു. ഞാനീവരെ ഒന്ന് ഒരുക്കട്ടെ…”””

“”” അതൊക്കെ ഞാൻ ചെയ്യാം.. നീ നടന്നേ..”””

അനന്തനെ ഉന്തി തള്ളി കൊണ്ട് ഭദ്രൻ അമ്പലത്തിലേക്ക് പറഞ്ഞയച്ചു. അമ്പലത്തിൽ എത്തിച്ചേർന്നപ്പോഴേക്കും ജാനകിയമ്മയും സീതയും എത്തിയിരുന്നു.

“”” അമ്മേ…..!!!””””

സീതയെ കണ്ടതും മാലുവും കണ്ണനും അവൾക്കരികിലേക്ക് പാഞ്ഞു.

അനന്തൻ അവളെ നോക്കി കണ്ണിരുക്കിയതും സീത മുഖം കൂർപ്പിച്ചൊരു നോട്ടം നോക്കി..

“”” കാണാൻ സുന്ദരിയായിട്ടുണ്ട്…”””

അമ്പലനടയിൽ പ്രാർത്ഥിക്കുന്നതിനിടയിലായി അനന്തൻ അവളുടെ ചെവിയോരത്തായി മൊഴിഞ്ഞു.

“”” കഷ്ടം…! അനന്തേട്ടൻ പൈങ്കിളിയാവണുണ്ടോ എന്നൊരു സംശയം?”””

“”” അത് വെറും തോന്നൽ മാത്രം. ഒന്ന് പുകഴ്ത്തിയപ്പോൾ പുച്ഛം.. എന്നാൽ സത്യത്തിൽ നിന്നെ കാണാൻ കഴുതക്കുട്ടിയെ പോലുണ്ട്”””

“”” എന്തോന്നാ രണ്ടാളും കുശുകുശുക്കുന്നെ…? അമ്പല നടയാ.. എന്നെ കൊണ്ട് വടി എടുപ്പിക്കരുത്”””

ഒരു താക്കീത് പോലെ ജാനകിയമ്മ പറഞ്ഞതും അനുസരണയുള്ള കുട്ടികളെ പോലെ രണ്ടാളും കേട്ടു നിന്നു.

പൂജാരി നൽകിയ താലി കഴുത്തിൽ അണിയിച്ചു കൊണ്ട് അനന്തൻ സീതയെ സുമംഗലിയാക്കി. അവളുടെ സീമന്തരേഖ ആദ്യമായി അവന്റെ പേരിനാൽ ചുമന്നു. നിറകണ്ണുകളോടെ അവളത് സന്തോഷപൂർവ്വം സ്വീകരിച്ചു.

തിരിച്ചുള്ള യാത്രയിൽ അവളുടെ ആവശ്യപ്രകാരം അമ്മയെ അടക്കിയ ഇടത്തായി തൊഴുകൈയോടെ പ്രാർത്ഥിച്ചു.

രാത്രിയിലെ ഏതോ യാമത്തിൽ അനന്തന്റെ മാത്രം സീതയായി മാറുമ്പോഴും ആ സീമന്തരേഖ കൂടുതൽ ശോഭയോടെ ചുവന്നു…

?????

വർഷങ്ങൾക്ക് ശേഷം….,

“”” കണ്ണാ… എല്ലാം എടുത്തിട്ടില്ലെ? ഒന്നും മറന്നിട്ടിലല്ലോ?”””

“”” ഇല്ല അമ്മേ… ഈ അച്ഛൻ എവിടെ?”””

“”” അനന്തേട്ടാ വരുന്നുണ്ടോ ഇങ്ങോട്ട്.. ഇതെന്താ കൊച്ച് കുട്ടികളെ പോലെ…”””

മുറിയിലായി പുറത്തേക്ക് നോക്കി കണ്ണ് നിറച്ചിരിക്കുന്ന അനന്തനെ ആശ്വസിപ്പിച്ച് കൊണ്ട് സീത അവനെ കണ്ണനരികിലായി പിടിച്ച് നിർത്തി.

“”” ദേ അനന്തേട്ടാ…ഒന്ന് ചിരിച്ചേ..അവന് വിഷമമാവും ട്ടോ..””””

കലങ്ങിയിരിക്കുന്ന കണ്ണുകൾ സാരിതുമ്പിൽ തുടച്ച് കൊടുത്ത് കൊണ്ടവൾ നിർബന്ധിച്ചു.

“”” പോയി വാ കണ്ണാ…”””

അവനെ കെട്ടിപിടിച്ച് കരഞ്ഞ് കൊണ്ട് അനന്തൻ അവന്റെ കവിളിലായി ചുംബിച്ചു.

“”” എന്താ അച്ഛായി ഇത്? അച്ഛായിന്റെ കരച്ചിൽ കേട്ടാൽ തോന്നും ചേട്ടൻ പട്ടാളത്തിൽ ചേരാൻ പോവാണെന്ന്..ഒന്ന് ബോംബെ വരെ ജോലിക്ക് പോവുന്നതിനാ ഇത്രയും വിഷമം?”””

അനന്തനെ കളിയാക്കി കൊണ്ട് മാലു ഫോണിൽ തോണ്ടി കൊണ്ടിരുന്നു.

“”””നിനക്കിപ്പോഴും ഈ കുന്ത്രാണ്ടത്തിൽ കുത്താനെ സമയമുള്ളോ? പോയിരുന്ന് പഠിക്കെടീ…”””

അനന്തൻ ചൂടായതും മാലു ചുണ്ട് കോട്ടി കൊണ്ട് കണ്ണനെ കെട്ടി പിടിച്ചു.

“”” നല്ലോണം പഠിക്കണേ മാലുസേ… ഞാൻ ഇവിടെ ഇല്ലെന്ന് കരുതി ഉഴപ്പിയാൽ… ട്രെയിൻ പിടിച്ച് വരും ഞാൻ..”””

കണ്ണൻ സങ്കടത്തോടെ പറഞ്ഞതും അത് വരെ അടക്കി വച്ച കണ്ണീർ നിയന്ത്രണം വിട്ടവൾ ഒഴുക്കി

“””പോവണ്ടാ ചേട്ടാ…….””””

“”” അയ്യേ നീ കരയണോ…ഞാനിപ്പോ ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇടുവേ…”””

“”” നീ പോടാ മാക്രി…”””

“”” അമ്മേ ഞാൻ പോവട്ടെ…””””

സീതയുടെ കൈയ്യിൽ പിടിമുറുക്കി കൊണ്ട് കണ്ണൻ അവളെ കെട്ടി പിടിച്ചു.

“”” വേഗം വരണേ കള്ള കണ്ണാ..”””

കണ്ണ് തുടച്ച് കൊണ്ട് അവർ മകനെ യാത്രയാക്കി.

എല്ലാം നേടി കൊണ്ടുള്ള അവന്റെ തിരിച്ച് വരവിനായി കൊതിയോടെ.. പ്രതീക്ഷയോടെ.. അവന്റെ അമ്മയും അച്ഛനുമായി..

അവസാനിച്ചു

സീതയുടെയും അനന്തന്റെയും ജീവിതത്തിനവസാനമില്ല. അത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കുന്നു. നമ്മളിൽ പലരിലും ചിലപ്പോൾ അനന്തന്റെയോ സീതയുടെയോ സ്വഭാവ ഗുണവും ദൂഷ്യവും കാണാം.

എഴുതി തുടങ്ങിയപ്പോൾ എന്താവും എന്ന് ഒരു പ്രതീക്ഷയുമില്ലാത്ത കഥയെ ഇത് വരെ എത്തിച്ചത് പ്രിയ വായനക്കാരുടെ സഹകരണമാണ്. അതിന് ഒരുപാടൊരുപാട് നന്ദി..

അനന്തനെയും സീതയെയും മനസ് തുറന്ന് സ്വീകരിച്ചു..

ഈ യാത്ര അവസാനിക്കുകയാണിവിടെ… ഇനി എപ്പോഴെങ്കിലും കാണാം…

അവസാനഭാഗമല്ലെ എല്ലാരും വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു.