ഭദ്ര IPS ~ ഭാഗം 08, എഴുത്ത്: രജിത ജയൻ

ഭാഗം 07 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് ഭദ്രയെത്തുമ്പോൾ അവിടെയാകെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു…

ജേക്കബ് അച്ചന്റ്റെയും, ശവകുഴിതൊമ്മിയുടെയും , അനാഥാലയകുട്ടികളുടെയും മരണത്തിനുപിന്നിൽ ജോസപ്പൻ ഡോക്ടറും പീറ്ററുമാണെന്ന വാർത്ത കേട്ടതുമുതൽ തെന്മലയിൽ ആകെയൊരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പുമൊത്ത് ഭദ്ര ബംഗ്ളാവിലേക്കെത്തിയത്…!!

‘ഷാനവാസ് .., നമ്മുടെ കൂടെ ആവശ്യമായ പോലീസുകാർ ഉണ്ടല്ലോ അല്ലേ.’.?

തിങ്ങി നിറഞ്ഞു നിൽക്കുന്ന ജനങ്ങളെ നോക്കി ഒട്ടൊരു ആശങ്കയോടെ ഭദ്ര ചോദിച്ചു

“ഉണ്ട് മാഡം…,

“പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം, ഫിലിപ്പിനെ വണ്ടിയിൽ നിന്ന് ഇറക്കിയാൽ മതി ,കാരണം ബംഗ്ളാവിലുള്ള എല്ലാവരോടും പകയോടെയായിരിക്കും ജനങ്ങളുടെ നിൽപ്പ്. “..!!

“ശരി മാഡം. ..,,,

ആശങ്കയോടെ ഭദ്ര വണ്ടിയിൽ നിന്നിറങ്ങിയതും തെന്മല സുനി ഭദ്രയ്ക്ക് അരികിലെത്തി. .

“ഭദ്ര മാഡം, ഇവിടെ നിങ്ങൾക്ക് യാതൊരു വിധ പ്രശ്നങ്ങളും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല..,,, മാഡം വേഗം അന്വേഷണം തുടങ്ങിക്കോ..”

സുനിയുടെ വാക്കുകൾ കേട്ട് ഭദ്രയവനെയൊന്ന് നന്ദിയോടെ നോക്കി, തുടർന്നവളും സംഘവും ഫിലിപ്പിനൊപ്പം ബംഗ്ളാവിലേക്ക് കയറി ….

വിശാലമായി പരന്നു കിടക്കുന്ന ബംഗ്ളാവിന്റ്റെ മുക്കും മൂലയുംവരെ ഭദ്രയും കൂട്ടരും അരിച്ചുപെറുക്കി. ..

“മാഡം , ഇതൊരു കൂറ്റൻ ബംഗ്ളാവാണ്.., ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോവണമെങ്കിൽ വണ്ടി വിളിക്കേണ്ട അവസ്ഥ…!! ഇവിടെ എവിടെയാവും അവരാ കുട്ടികളെ ഒളിപ്പിച്ചിരിക്കുന്നത് ആവോ..?

തിരഞ്ഞു മടുത്തതുപോലെ നിരാശയോടെ രാജീവ് പറഞ്ഞപ്പോൾ ഭദ്രയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അയാൾ പറഞ്ഞത് സത്യം തന്നെയാണെന്ന്..!

പുറമെ നിന്ന് നോക്കിയാൽ കാണുന്നൊരിടത്തും ആ പെൺ കുട്ടികൾ ഇല്ല , ഒരുവേള സുനിയുടെ വാക്കുകൾ കേട്ട് ഇറങ്ങി തിരിച്ചത് വെറുതെയായെന്നു പോലും ഭദ്രയ്ക്ക് തോന്നി ,

“ഫിലിപ്പേ..,നിങ്ങൾ നാലഞ്ചുപേർക്ക് താമസിക്കാനെന്തിനാടോ ഇത്രയും വലിയ ബംഗ്ളാവ്…? കഷ്ടം , ഓരോ മനുഷ്യ ജീവനും പൂപറിക്കുന്ന ലാഘവത്തോടെ പറിച്ചെടുത്ത പണംകൊണ്ടാണ് തന്റെ അപ്പനീ കൊട്ടാരം കെട്ടി പൊക്കിയത് അറിയുമോ തനിക്ക് …?

ഭദ്ര വെറുപ്പോടെ പറഞ്ഞതും കുറ്റമൊന്നും ചെയ്യാതെ തന്നെ ഫിലിപ്പിന്റ്റെ തലതാണുപ്പോയി ,തന്റെ ഡാഡിയുടെയും സഹോദരന്റ്റെയും ചെയ്തികളോർത്തിട്ട്…!!

“മാഡം”..,അവൻ മെല്ലെ ഭദ്രയെ വിളിച്ചു …

“ഞാൻ അഞ്ചു കൊല്ലം മുമ്പ് പഠനാവശ്യത്തിനായ് വിദേശത്തേക്ക് പോവുംമുമ്പ് ഇവിടെ ഉണ്ടായിരുന്നത് പഴയ തറവാട് വീടായിരുന്നു ..,

അവൻ പറഞ്ഞതും ഭദ്രയവനെ നോക്കി. ..

“ലീവിനൊരിക്കൽ ഞാൻ വന്നപ്പോൾ ഡാഡിയോട് ചോദിച്ചതാണ് ഇത്രയും വലിയ കൊട്ടാരം എന്തിനാണ് നമുക്കെന്ന്.., അന്നവരെന്നെ കളിയാക്കി മമ്മിയെപോലെതന്നെ ജീവിതം ആഘോഷിക്കാൻ അറിയാത്തവനെന്നും പറഞ്ഞ്. …”

“അതെന്താണ് ഫിലിപ്പ് ജോസപ്പൻ അങ്ങനെ പറഞ്ഞത് .., ഫിലിപ്പിന്റ്റെ മമ്മിയെ ജോസപ്പന് ഇഷ്ടം ആയിരുന്നില്ലേ…?

“അറിയില്ല മാഡം, എന്റെ മമ്മിയൊരു പാവപ്പെട്ട വീട്ടിലെ ആളാണ്,മമ്മിയെ കണ്ടിഷ്ടപ്പെട്ടാണ് ഡാഡി വിവാഹം കഴിച്ചത് …

പക്ഷേ മമ്മിയുടെ ജീവിതം എന്നും സാധാരണകാരിയുടേതായിരുന്നു.ഒരിക്കലും ആർഭാടങ്ങൾ മമ്മിയെ സ്വാധീനിച്ചിട്ടില്ല ദൈവഭയമുളളവളായിരുന്നു മമ്മി ,എപ്പോഴും പ്രാർത്ഥനയും പളളിയും ആയിരുന്നു മമ്മിയുടെ ജീവിതത്തിൽ, ഞാനും വളർന്നത് മമ്മിയുടെ അരികുപറ്റിയായിരുന്നു, അതുകൊണ്ട് തന്നെ ഞാനെപ്പോഴും മമ്മിയുടെ മോനായിരുന്നു,, പീറ്റർ ഡാഡിയുടെയും” അവൻ പറഞ്ഞു നിർത്തി

“അപ്പോൾ ഈ വീട്ടിൽ മമ്മിക്ക് അധികാരങ്ങളില്ലായിരുന്നോ ഫിലിപ്പ് …? ഭദ്ര ചോദിച്ചു. ..

“ഇല്ല മാഡം, എന്നോടും മമ്മിയോടും ഒരു തരം പുച്ഛമായിരുന്നു ഡാഡിക്കും പീറ്ററിനും, എനിക്ക് മമ്മിയെ വിട്ട് ദൂരെപോയി പഠിക്കേണ്ട എന്ന് ഞാൻ നിർബന്ധം പിടിച്ചിട്ടും അവരെന്നെ വിദേശത്തേക്കയച്ചത് ഇവിടെ നിന്ന് എന്നെ മാറ്റാൻ വേണ്ടി തന്നെയാണെന്നെനിക്കിപ്പോൾ ഉറപ്പായി മാഡം.., പഠനംകഴിഞ്ഞിവിടെ ഹോസ്പിറ്റലിൽ ഞാൻ ഇനിമുതൽ ജോലിചെയ്തോളാം എന്ന് പറഞ്ഞപ്പോഴും അവരെന്നെ എതിർത്തിരുന്നു .

“അതായത് ഈ വീട്ടിൽ വേറെ ഒരാൾ താമസിക്കുന്നത് അവർക്ക് പ്രശ്നം ആയിരുന്നു ,അത് സ്വന്തം മകനാണെങ്കിലും അതായത് ഈ വീട്ടിൽ എന്തൊക്കെയോ നിഗൂഡതകൾ ഉണ്ട് ഫിലിപ്പേ പക്ഷേ അതെങ്ങനെ കണ്ടെത്തും ..”?

“ഈ വീട്ടിൽ വെച്ച് നടന്ന എന്തോ കാര്യം നേരിട്ട് കണ്ടത്തിനു ശേഷമാണ് ഫിലിപ്പിന്റ്റെ മമ്മിയുടെ സ്ഥിതി ഇങ്ങനെ ആയത്, അതായത് ഈ വീട്ടിലെവിടെയോ എന്തോ മറഞ്ഞിരിക്കുന്നുണ്ട് ഫിലിപ്പ് , ഭദ്ര ആലോചനയോടെ അയാളെ നോക്കി ..

” മാഡം, എന്നെക്കാൾ കൂടുതൽ ഈ വീടിനെപറ്റിയറിയുക ആന്റ്റണി ചേട്ടനും രമണി ചേടത്തിക്കും ആയിരിക്കും.., ഫിലിപ്പ് പെട്ടെന്ന് പറഞ്ഞു

ആരാണ് ആന്റണിയും രമണിയും…..?

“ഇവിടുത്തെ ജോലികാരാണ് മാഡം, ഒരുപാടുവർഷമായ് അവരിവിടെ ഉണ്ട്. ..”

ഫിലിപ്പ് പറഞ്ഞതും ഭദ്ര അവരെ വിളിപ്പിച്ചു..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടും കേട്ടും പരിഭ്രമിച്ചു നിന്നിരുന്ന ആണ്റ്റണിയും രമണിയും പേടിയോടെ ഭദ്രയ്ക്ക് മുമ്പിലെത്തി. ..

“നിങ്ങൾ പേടിക്കുകയൊന്നും വേണ്ട…, കുറച്ചു കാര്യങ്ങൾ ഈ വീടിനെ പറ്റി ഞങ്ങൾക്കറിയണം ,അപ്പോൾ ഫിലിപ്പ് പറഞ്ഞു നിങ്ങളോട് ചോദിച്ചാൽ മതിയെന്ന് അതാണ് ട്ടോ..” ഭദ്ര അവരുടെ ഭയംകണ്ടു പറഞ്ഞു

“സാറേ … ,ഞാൻ രാവിലെ വന്നാലിവിടുത്തെ ജോലികൾ തീർത്ത് എന്റെ വീട്ടിൽ പോവും എനിക്ക് ഒന്നും അറിയില്ല രമണിവിറച്ചു കൊണ്ട് പറഞ്ഞു. ..

“ഇവിടെ അടുത്താണോ രമണിയുടെ വീട് .?

“അതേ സാറെ, കുറച്ചു പോയാൽ മതി..

“ഓകെ ആന്റണിയുടെ വീടും ഇവിടെ അടുത്താണോ..? ഭദ്ര ആന്റണിയെ നോക്കി

“മാഡം, ആന്റണി ചേട്ടന് വീടും കുടുംബവും ഒന്നും ഇല്ല “… ഫിലിപ്പ് പറഞ്ഞു

“ശരിയാ സാറെ, എനിക്ക് വേറെ കിടപ്പാടമോ കുടുംബമോ ഒന്നും ഇല്ല . ഇവിടെ തന്നെയാണെന്റ്റെ ജീവിതം…

ആന്റണി പറഞ്ഞു നിർത്തിയതും ഭദ്ര അയാളെ സൂക്ഷിച്ച് നോക്കി ..,,

“അപ്പോൾ രാത്രിയും പകലും ആന്റണി ഈ വീട്ടിൽ തന്നെ ഉണ്ടാവും അല്ലേ..? ഭദ്ര അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു

“ഇല്ല സാറെ, രാത്രി ഇപ്പോൾ ഞാനിവിടെ ഉണ്ടാവില്ല …ഈ വീട് പുതുക്കി പണിയുന്നത് വരെ പഴയ വീടിന്റെ ചായ്പ്പിലായിരുന്നു എന്റ്റെ കിടത്തം പിന്നെ ഇതുണ്ടാക്കിയപ്പോൾ, ജോസപ്പൻ സാറുപറഞ്ഞു പറമ്പിന്റ്റെ അതിർത്തിയിലൊരു കാവൽ പുരയുണ്ട് അവിടെ കിടന്നോളാൻ അതുകൊണ്ട് അന്ന് മുതൽ രാത്രി ഞാനവിടെയാ കിടക്കുക” അയാൾ പറഞ്ഞു

“അതായത് ആന്റണിയെയും ഇവിടെ നിന്ന് ജോസപ്പൻ മാറ്റിയെങ്കിൽ ഈ വീടിനെന്തോ പറയാനുണ്ട് ഷാനവാസേ നമ്മളോട് …,” ഭദ്ര പ്രതീക്ഷയോടെ പറഞ്ഞതും ഷാനവാസ് കൂടെയുളളവരെ നോക്കി …

ബംഗ്ളാവ് മുഴുവൻ നടന്നു നോക്കിയിട്ടും ഒന്നും കണ്ടെത്താൻ കഴിയാതെ നിരാശരായ് ഇരിക്കുകയാണോരോരുത്തരും…!!

“ആന്റണിക്ക് ഈ വീടിനെകുറിച്ചെന്തെങ്കിലും കൂടുതൽ അറിയുമോ ..? ഭദ്ര അയാളോട് ചോദിച്ചു ..

“കൂടുതൽ എന്നു വെച്ചാൽ എന്താണ് സാറെ, ഇതിന്റെ പണികളെല്ലൊം ചെയ്തത് പുറത്തു നിന്ന് പീറ്റർ കുഞ്ഞു വരുത്തിയ ആളുകളാണ് .., പിന്നെ പഴയ തറവാട് മുഴുവൻ പൊളിച്ചു കളയാതെ പുതിയതുമായ് ചേർത്തും കുറെയൊക്കെ ചെയ്തിട്ടുണ്ട് ..”

അയാൾ പറഞ്ഞതും വീടിനകത്തുനിന്ന് ഗ്രേസിയമ്മ ഉറക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി …

“സാറെ , ഗ്രേസികൊച്ചിന് ഇന്നലെ മുതൽ മരുന്നുകൾ ഒന്നും കൊടുക്കാത്തതുകൊണ്ട് ആകെ ഒച്ചപാടാ” രമണിപറഞ്ഞു

അതെന്താ നിങ്ങൾ മരുന്ന് നൽകാത്തത്. ..?

“അത് ,മരുന്നുകൾ എല്ലാം വലിയ സാറാണ് കൊടുക്കുക…, ഏതാണത് എന്ന് ഞങ്ങൾകാർക്കും അറിയില്ല ..”

രമണിവീണ്ടും പറഞ്ഞതും ഫിലിപ്പ് വേഗം മമ്മിയുടെ മുറിയിലേക്ക് നടന്നു കൂടെ മറ്റുളളവരും. .

ഗ്രേസിയുടെ മുറിയിലാകെ സാധനങ്ങൾ കീറിപറിച്ചിട്ടിരിക്കുകയായിരുന്നു,തലയിണയിലെ പഞ്ഞി മുറിയാകെ പാറിനടക്കുന്നതു കണ്ട ഫിലിപ്പ് വേദനയോടെ മമ്മിയെ നോക്കി..,,

“മാഡം ഞാൻ മമ്മിയുടെ മുറിയൊന്ന് തുറന്നോട്ടെ .?

ഫിലിപ്പ് ഭദ്രയോട് ചോദിച്ചു

ഫിലിപ്പിനെ നോക്കിയ ഗ്രേസിയുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നത് ഭയവുംദേഷ്യവുംമാണെന്ന് കണ്ട ഭദ്ര ഫിലിപ്പിനെ പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും അവനാ മുറിക്കുളളിലേക്ക് കയറി. ..

ഫിലിപ്പിനെ പേടിയോടെ നോക്കി കൊണ്ട് ഗ്രേസി ഓരോ ചുവടുകൾ പിന്നോട്ടു വെച്ച് ചുമരിൽ തലയടിച്ച് നിൽക്കുന്നത് ഭദ്രയും കൂട്ടരും നെഞ്ചിടിപ്പോടെ നോക്കി നിന്നു …

പെട്ടന്നാണ് വികൃത ശബ്‌ദം ഉണ്ടാക്കികൊണ്ട് ഗ്രേസി ഫിലിപ്പിനെ അക്രമിച്ചത്…, തടയാനായ് ഷാനവാസ് മുറിക്കുള്ളിലേക്ക് ഓടികയറവേ അയാളെ പിന്നോക്കം തള്ളിയിട്ട് ഗ്രേസി മുറിയിൽ നിന്ന് പുറത്തേക്ക് കുതിച്ചു. ..!!

ഗ്രേസിയുടെ പുറകെ ഭദ്ര കുതിച്ചെങ്കിലും ഓഫീസുമുറിയോട് ചേർന്ന പ്രാർഥനാമുറിയിൽ ഗ്രേസിയുടെ ഓട്ടം നിലച്ചു , അവൾ ചുമരിലെ യേശുദേവന്റ്റെ ഫോട്ടോയിൽ നോക്കി വികൃത ശബ്ദം ഉണ്ടാകി തലയിട്ടുരുട്ടാൻ തുടങ്ങി …

“സാറെ…, ആണ്റ്റണി പെട്ടെന്ന് വിളിച്ചു

എന്താ ആണ്റ്റണി..?

“സാറെ..,എപ്പോൾ മുറിയിൽ നിന്നിറങ്ങി ഓടിയാലും ഗ്രേസിയമ്മ വന്നു നിൽക്കുക ഈ പ്രാർത്ഥനാ മുറിയിലാണ്, അയാൾ പറഞ്ഞതും ഭദ്ര ആ മുറിയിലാകെ കണ്ണോടിച്ചു. ..

“ആന്റണി ഇത് പഴയ തറവാടിന്റ്റെ ഭാഗമാണോ.? അവൾ പെട്ടെന്ന് അയാളോട് ചോദിച്ചു ..

“അതേ സാറെ, ഈ പ്രാർഥന മുറി പഴയ വീടിന്റെ ആണ് , ഇത് പൊളിക്കാതെ വെച്ചതാ.., പക്ഷേ ഇവിടെ ആരും പ്രാർത്ഥന ചൊല്ലാറില്ല.., അധികം ആരും വരുകയും ഇല്ല ഇവിടെ ..

അതെന്താ ആണ്റ്റണി ..?

ഇവിടെയുംപിന്നെ ആ ഓഫീസു മുറിയിലും ഞങ്ങളോട് ആരോടും കയറരുതെന്ന് ജോസപ്പൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് സാറെ, ഇവിടെ പീറ്ററും ലീനകൊച്ചും വലിയ ഡോക്ടറും മാത്രമാണ് വരുക..!!

അയാൾ പറഞ്ഞു നിർത്തിയതും ഭദ്ര ആ പ്രാർത്ഥനാ മുറിയിലേക്ക് കയറി..

“രാജീവ്..,,

അവളുടെ വിളിയുടെ അർത്ഥം മനസ്സിലാക്കിയ രാജീവും സംഘവും ആ മുറിയുടെ ഓരോ ഭാഗവും സൂക്ഷ്മതയോടെ നോക്കാൻ തുടങ്ങി . ..

ഭദ്ര ഗ്രേസിയുടെ അരികിലേക്ക് നീങ്ങിയതും അവൾ പുറത്തേക്ക് ഓടാനൊരുങ്ങിയത് ഭദ്ര തടഞ്ഞു .

ഫിലിപ്പിനോടൊപ്പം രണ്ടാളുകൾ ചേർന്ന് ബലമായി ഗ്രേസിയെ അവിടെ നിന്ന് മുറിയിലേക്ക് കൊണ്ടു പോയി.

ചുമരിലെ യേശുദേവന്റ്റെ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കിയ ഭദ്ര പെട്ടന്നൊരാവേശത്തിൽ ആ ചുമരിലിടിച്ചതും ആ ചുമരൊന്ന് കുലുങ്ങിയതുപോലെ ഭദ്രയ്ക്ക് തോന്നി ..

“ഷാനവാസ്.., ഇവിടെ, ഇവിടെ പരിശോദിക്കൂ ..

ഭദ്രയുടെ നിർദ്ദേശാനുസരണം ചുമരിലെ വലിയ ഫോട്ടോ ഷാനവാസും കൂട്ടരും എടുക്കാൻ ശ്രമിക്കവേ ചെറിയൊരു ശബ്ദത്തോടെ ആ ചുമരുള്ളിലേക്ക് നീങ്ങി പോയി ..!!

“മാഡം ,ദാ ഇവിടെ ഒരു വാതിൽ..!!

ഷാനവാസ് ആവേശത്തോടെ വിളിച്ചു പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ അവിടേക്കായ്…

അവിടെചെന്നു നോക്കിയ ഭദ്രയുടെ കണ്ണുകൾ തിളങ്ങി

“ഷാനവാസ് വേഗം ലൈറ്റ് കൊണ്ടു വരൂ..,,

” ഹരീ താൻ ഒപ്പം തന്നെ വേണം , അറിയാലോ ഓരോ മുക്കും മൂലയുംവരെ ക്യാമറയിൽ പതിഞ്ഞിരിക്കണം “അവൾ ഹരിയോട് പറഞ്ഞു

“ശരി മാഡം,,, ക്യാമറ സെറ്റുചെയ്തുകൊണ്ട് ഹരിപറഞ്ഞു

ഭദ്ര ആ രഹസ്യ വാതിലിനു നേരെ നീങ്ങിയതും ഷാനവാസ് അവളുടെ മുന്നിൽ കയറി

“മാഡം ഞാൻ മുമ്പിൽ പോകാം, അവിടെ എന്തെങ്കിലും അപകടം ഉണ്ടോയെന്നറിയില്ലല്ലോ ..?

ഷാനവാസ് മുമ്പിലും മറ്റുള്ളവർ പുറകിലുമായാ രഹസ്യ വാതിലിനടുത്തെത്തി ..

ഷാനവാസാ വാതിൽ ശക്തിയോടെ ഉളളിലേക്ക് തള്ളിയതും മുകളിൽ നിന്നൊരു താക്കോൽ കൂട്ടം അവന്റെ മുന്നിലേക്ക് വീണു …

“ഓ.., ഇതൊക്കെ ഇവിടെ തന്നെ വെച്ചിരുന്നോ” എന്ന ചോദ്യത്തോടെ ഷാനവാസ് ആ താക്കോൽ എടുത്ത് വാതിൽ തുറന്നതും താഴേക്ക് നീണ്ടു പോവുന്ന കുറെ പടികൾ അവർ കണ്ടു..

“ഷാനവാസ്, ഇതേതോ ഭൂഗർഭ അറയാണെന്ന് തോന്നുന്നു സൂക്ഷിച്ച് പോണം”
ഭദ്ര അയാൾക്ക് മുന്നറിയിപ്പ് നൽകുമ്പോഴും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചിരുന്നു മുന്നിൽ തങ്ങളെ കാത്തിരിക്കുന്നതെന്തെന്ന ചിന്തയിൽ. ..!!

ശ്രദ്ധയോടെ പടികളിറങ്ങിയവരൊരു ചെറിയ വാതിലിനടുത്തെത്തിയതും ഷാനവാസ് ആ വാതിൽ മെല്ലെ ഒന്ന് തള്ളി..

ഉളളിലേക്ക് തുറന്ന വാതിലിനകത്തേക്ക് ടോർച്ചടിച്ച് നോക്കിയതും ഒരു ഞെട്ടലോടെ ഷാനവാസ് പിന്നോട്ടു വേച്ചു പോയി ..

“യാ അല്ലാഹ്…..”അവനിൽ നിന്നൊരു ശബ്ദമുയർന്നു….!!

“ഷാനവാസ് ,വാട്ട് ഹാപ്പെൻഡ്..?

ഷാനവാസിന്റ്റെ പെട്ടെന്നുള്ള ഭാവമാറ്റംകണ്ട ഭദ്ര അവന്റെ കയ്യിൽ നിന്ന് ടോർച്ച് വാങ്ങി തുറന്ന വാതിലിനുളളിലേക്ക് അടിച്ചു …,,

പെട്ടന്നവളുടെ ശരീരത്തിലൊരു ഞെട്ടലുണ്ടായത് കൂടെയുളളവരെല്ലാം കണ്ടു …!!

“ഭദ്രാ മാഡം..,”

വിളിച്ചു കൊണ്ട് ഹരി മുറിയിയ്ക്കുളളിലേക്ക് നോക്കി, കൂടെ ബാക്കിയുളളവരും…

അവിടെ ,അകത്ത് വാതിലിനടുത്തു തന്നെ പുറത്തേക്ക് നോക്കിയെന്ന പോലെ നാലു പെൺകുട്ടികളുടെ ശവശരീരം സ്റ്റെഫ് ചെയ്തുവെച്ചിരിക്കുന്നതുകണ്ട അവരിലും ഒരു ഞെട്ടൽ ഉണ്ടായി..!!

പെട്ടന്നൊരു ശൂന്യത ചുറ്റും നിറയുന്നതുപോലവർകു തോന്നി. ..

“മാഡം, നമ്മൾ വൈകിപോയല്ലോ ..?

ജേക്കബ് അച്ചൻ വളർത്തിയ ആ പതിനൊന്ന് കുട്ടികളും മരണപ്പെട്ടല്ലോ മാഡം..?

“നാലുപേരെ എങ്കിലും രക്ഷിക്കാൻ സാധിക്കും എന്നൊരു ചിന്ത മനസ്സിൽ ബാക്കിയുണ്ടായിരുന്നു ,പക്ഷേ ഇപ്പോൾ അതും അവസാനിച്ചല്ലോ മാഡം..”

നിരാശയോടെ രാജീവ് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ശ്രദ്ധയോടെ ഭദ്ര ആ മുറിയിലേക്ക് കയറി ..

“ഇവിടെ എവിടെഎങ്കിലും സ്വിച്ച് ബോർഡ് ഉണ്ടാവും നോക്കിക്കേ” എന്നവൾ പറയുമ്പോഴേക്കും ഗിരീഷ് ലൈറ്റ് ഇട്ടു കഴിഞ്ഞിരുന്നു. ..

പ്രകാശം മുറിയിൽ പരന്നപ്പോൾ ഭദ്രയുൾപ്പെടെ എല്ലാവരും അത്ഭുതപ്പെട്ടു …, ഒരു ചെറിയ വലിയ പരീക്ഷണശാലയായിരുന്നു ആ മുറി …!!

അത്യാധുനികമായ പല സർജിക്കൽ ഉപകരണങ്ങളും അവിടെ സെറ്റ് ചെയ്തു വെച്ചിരുന്നു, കൂടാതെ വേറെയും ധാരാളം പരീക്ഷണഉപകരണങ്ങളവിടെ ഉണ്ടായിരുന്നു. .. പലതരം ലായനികളും ഊഷ്മാവനുസരിച്ച് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നത് ഭദ്രയുടെ കണ്ണിലുടക്കി…

“മാഡം.., ഇത് ഇവിടെ….,,,

എന്താണ് പറയേണ്ടത് എന്നറിയാതെ രാജീവ് നാലുചുറ്റും നോക്കുമ്പോഴും ഭദ്രയുടെ കണ്ണുകൾ സ്റ്റെഫ് ചെയ്തുവെച്ച ആ പെൺകുട്ടികളിലായിരുന്നു. ..!!

യാതൊരു വിധ കേടുപാടുകളും വരാതെ പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്ന അവയുടെ മുഖം മാത്രം വ്യക്തമായിരുന്നില്ല …!!

“മാഡം, മാഡമെന്താണ് ഇങ്ങനെ നോക്കുന്നത് …? ഷാനവാസ് ഭദ്രയുടെ അടുത്തെത്തി

“ഹരി ….,,

പെട്ടെന്ന് ഭദ്ര ആവേശത്തോടെ ഹരിയെ വിളിച്ചു

“എന്താ മാഡം..?

“ഹരികുമാർ സൂക്ഷിച്ച് നോക്ക്, ഇത് ഇനി കണ്ടെത്താനുള്ള ആ പെൺകുട്ടികളുടെ ശരീരമല്ലല്ലോ..?

ആവേശത്തോടെ ഭദ്ര പറഞ്ഞപ്പോൾ അതുകേട്ടുനിന്നവരിലൊരു പുത്തൻ ഉണർവുണ്ടായി, അവരെല്ലാം ആ ശരീരങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി …,,,

“ശരിയാണ് ഭദ്രമാഡം പറഞ്ഞത് , ഇത് അവരല്ല എന്ന് തോന്നുന്നു …!!

ഗിരീഷ് സംശയഭാവത്തിൽ പറയുമ്പോൾ ഹരികുമാർ തന്റ്റെ കയ്യിലെ ക്യാമറയിലെന്തോ തിരയുന്ന തിരക്കിലായിരുന്നു …,,,

“ഭദ്രാ മാഡം…,ഹരി വിളിച്ചതും ഭദ്ര അയാളെ നോക്കി ..

“ഹരി ഇതവരല്ലേ..? അനാഥാലയത്തിലെ ആദ്യം മരിച്ച ആ കുട്ടികൾ…?

ഭദ്ര പെട്ടെന്ന് ചോദിച്ചു

“യെസ് മാഡം , ദാ നോക്കൂ”പറഞ്ഞു കൊണ്ട് ഹരി ക്യാമറ അവർക്ക് നേരെ തിരിച്ചപ്പോൾ എല്ലാവരും കണ്ടു ,ആദ്യം മരിച്ച ആ നാല് പെൺകുട്ടികളുടെ ഫോട്ടോ. .!!

യുഎസിൽ നിന്ന് തിരിച്ച് നാട്ടിലെ അനാഥായത്തിലേക്കെത്തുകയും, പിന്നീട് പനി ബാധിച്ചും,വാഹന അപകടംമൂലവും മരിച്ച ആ നാല് പെൺകുട്ടികൾ തന്നെയാണ് തങ്ങളുടെ മുന്നിൽ ഇപ്പോൾ സ്റ്റെഫ് ചെയ്ത രീതിയിൽ ഈ നിൽക്കുന്നതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു ..!!

“മാഡം ഇതെങ്ങനെ..?

ഇവരുടെ ബോഡി അവിടെ പള്ളി സെമിത്തേരിയിലടക്കിയതല്ലേ.?

പിന്നെ എങ്ങനെ ഇവിടെ ..?

ഗിരീഷ് ചോദിച്ചു

“ഗിരീഷ്, ജീവനോടെ ഇരിക്കുന്നവരെ സെമിത്തേരിയിലെത്തിക്കാൻ കഴിവുള്ള ജോസപ്പനും മകനും , മരിച്ചു മണ്ണിനടിയിലാക്കിയവരെ ഇവിടെ എത്തിക്കാനാണോ പാട് .., സെമിത്തേരിയിൽ ജേക്കബ് അച്ചനും പളളിക്കാരും ശവം മറവുചെയ്ത അന്നു രാത്രി തന്നെ ഒരുപക്ഷേ മാന്തിയെടുത്ത് ഇവിടെ കൊണ്ടു വന്നിട്ടുണ്ടാവും അവർ …!!

“മാഡം….,,

“അതെ ഗിരീഷ് , ഞാൻ ഈ കേസിന്റെ ആദ്യം തന്നെ പറഞ്ഞിരുന്നില്ലേ , ആദ്യം മരിച്ച പെൺകുട്ടികളുടേതൊരു കൊലപാതകം ആയിരിക്കാമെന്ന്. ..!!

“എന്തിനിവരെ മാന്തിയെടുത്തിവിടെ എത്തിച്ചെന്ന് നമുക്ക് പീറ്ററോടു തന്നെ ചോദിക്കാം , പക്ഷെ അതിനുമുൻപ് നമുക്ക് അവരെ കണ്ടെത്തണം..,, ജീവനോടെ അവശേഷിക്കുന്നു എന്ന് നമ്മൾ കരുതുന്ന ആ നാലു കുട്ടികളെ,,,,പറഞ്ഞു കൊണ്ട് ഭദ്ര ആ മുറിയിലാകെ കണ്ണോടിച്ചു,അവളുടെ കണ്ണുകൾ മുറിക്കുളളിലാകെ വട്ടം കറങ്ങി..

“ഇവിടെ എവിടെയും അവരുളളതിന്റ്റെ ലക്ഷണങ്ങൾ ഇല്ല, അവരെവിടെയാവും,,, “രാജീവ് ആലോചനയോടെ നാലു പാടും നോക്കവേ ഭദ്ര ആ മുറിയുടെ ചുമരുകളും മറ്റും സൂക്ഷിച്ച് നോക്കാൻ തുടങ്ങി. .

“മാഡം, ഇവിടെ വാതിലുകൾ ഒന്നും കാണുന്നില്ലല്ലോ.? നിരാശയോടെഷാനവാസ് പറഞ്ഞു

“നോക്കാം ഷാനവാസ് ..,, അവരിവിടെ തന്നെ ഉണ്ടെന്നെന്റ്റെ മനസ്സു പറയുന്നു , പറഞ്ഞതും ഭദ്ര ആ തറയിലേക്ക് കിടന്നു കൊണ്ട് ചെവി തറയോട് ചേർത്തുവെച്ചു എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ എന്ന് അറിയാൻ….!!

“ഷാനവാസ് …!! ഭദ്ര വിളിച്ചതും ഷാനവാസ് തന്റെ കാതുകളാ തറയോട് ചേർത്ത് വെച്ചു. .

“മാഡം…, അയാൾ ആവേശപൂർവ്വം വിളിച്ചപ്പോൾ രാജീവനു മനസ്സിലായ് തങ്ങൾ നിൽക്കുന്ന തറയ്ക്ക് താഴെ തങ്ങളെ കാത്തെന്തോ ഉണ്ടെന്ന്..!!

“രാജീവ് സാർ ,ഇതിനിടയിൽ ആരോ ഉളളതുപോലെ .., ആരുടെയോ കാൽപെരുമാറ്റം കേട്ടതുപോലെ.., ഷാനവാസ് ആവേശത്തോടെ വിളിച്ചു പറഞ്ഞു.

തങ്ങൾ നിൽക്കുന്ന മാർബിൾ പാളികളിലോരോന്നിലും ഭദ്രയും കൂട്ടരും അമർത്തി ചവിട്ടി നോക്കി , എവിടെ നിന്നെങ്കിലും ശബ്ദവ്യത്യാസം കേൾക്കുന്നുണ്ടോയെന്നറിയാൻ….!!

” ദാ.., ഇവിടെ ,ഇവിടെ ഒരു ശബ്ദവ്യത്യാസം” ഹരി വിളിച്ചു പറഞ്ഞതും ഭദ്ര അങ്ങോട്ടു ചെന്നു

“ശരിയാണ് ഹരി പറഞ്ഞത്.., ഇവിടെ ആണ് താഴേക്ക് ഉള്ള വാതിൽ ..,, പക്ഷേ എങ്ങനെ , എങ്ങനെ അതു തുറക്കും. .?

“മാഡം.,, പൊളിച്ചെടുക്കാൻ പറ്റുമോന്ന്…,,ഗിരീഷ് ചോദ്യം പാതിയിൽ അവസാനിപ്പിച്ച് ഭദ്രയെ നോക്കിയതും ഭദ്ര തീഷ്ണതയോടെ അയാളെ നോക്കി.

“ഗിരീഷ്..,,, ആവേശം നല്ലതാണ്, പക്ഷേ ഇതൊരു പരീക്ഷണശാലയാണ് …,,മനുഷ്യ ജീവനുയാതൊരു വിലയും കൽപ്പിക്കാത്ത ചെകുത്താന്മാരുടെ പരീക്ഷണശാല..,ഒരുപക്ഷേ നമ്മുടെ ആവേശം മൂലം നഷ്ടപ്പെടുക നമ്മുടെ ജീവൻ തന്നെയാവും .., അതുകൊണ്ട് ശ്രദ്ധിച്ചു മാത്രമേ ഇവിടെ ഓരോന്നും കൈകാര്യം ചെയ്യാൻ പറ്റുകയുളളു മനസ്സിലായോ..?

“യെസ് മാഡം,, കുറ്റബോധത്തോടെ ഗിരീഷ് തലയാട്ടി .

“മാഡം ഇവിടെ ഈ തറ ഓപ്പൺ ചെയ്യാൻ നമ്മുക്കാരെയെങ്കിലും കൊണ്ടു വന്നാലോ..?

“യെസ് ഷാനവാസ് അതേയുളളു മാർഗം ,കാരണം ഈ പരീക്ഷണശാലയുടെ നിർമ്മാണം നമ്മൾ കണ്ടു ശീലിച്ച രീതിയിൽ അല്ല.., കൂടുതൽ ശക്തി പ്രയോഗിക്കുന്നത് അപകടമാവുമൊരുപക്ഷേ ,,,”..

ഭദ്ര പറഞ്ഞു നിർത്തിയതും ഫിലിപ്പ് ഭദ്രയ്ക്ക് മുമ്പിലെത്തി. .

“മാഡം, ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ ..? ഫിലിപ്പ് പെട്ടെന്ന് ഭദ്രയോട് ചോദിച്ചപ്പോൾ, ഭദ്ര ആകാംക്ഷയോടെ അയാളെ നോക്കി …

“തനിക്ക് ഇത് ഓപ്പൺ ചെയ്യാൻ അറിയുമോ ഫിലിപ്പ് ..? ഭദ്ര ചോദിച്ചു

“മാഡം യുഎസിലെല്ലാം ഇതുപോലെ ധാരാളം അണ്ടർഗ്രൗണ്ടോരോ ഹോസ്പിറ്റലിനും ഉണ്ടാകും, പക്ഷേ അതെല്ലാം നല്ല ഉദ്ദേശം വെച്ചാണെന്നുമാത്രം..”പറഞ്ഞു കൊണ്ട് ഫിലിപ്പ് ആ മുറിയിലാകെ കണ്ണോടിച്ചു

പെട്ടെന്നവൻ ചുമരിലെ സ്വിച്ച് ബോർഡിനടുത്തേക്ക് നീങ്ങി , ഒരുനിമിഷം അവയിലോരോന്നിലും അവന്റെ കണ്ണുകൾ ദ്രുതഗതിയിൽ സഞ്ചരിച്ചു..

കൂട്ടത്തിൽ നിന്ന് മാറിയൊരു സ്വിച്ചിലവന്റ്റെ കണ്ണുകളുടക്കിയതും അവന്റെ മുഖത്തൊരു വിഷാദ ചിരി വിടർന്നു ..

അവൻ ഭദ്രയും സംഘവും നിൽക്കുന്ന തറയിലേക്കൊന്നു നോക്കി. .,

“മാഡം ,അവിടെ നിന്ന് മാറി നിൽക്കൂ എല്ലാവരും, ഇവിടെ ഇങ്ങോട്ടു പോരൂ….”

ഫിലിപ്പ് പറഞ്ഞതും ഭദ്രയും കൂട്ടരും ഫിലിപ്പിനടുത്തേക്ക് നീങ്ങി. ..

ഫിലിപ്പ് കൈനീട്ടി ഒറ്റപ്പെട്ട ആ സ്വിച്ചിൽ വിരലമർത്തിയതും ചെറിയൊരു മൂളലോടെ ഭദ്രയും കൂട്ടരും ആദ്യം നിന്നിരുന്ന ആ തറ, ഇരുവശത്തേക്കും തെന്നി മാറി, പകരം അവിടെനിന്ന് താഴേക്ക് ഏതാനും പടികൾ പ്രത്യക്ഷപ്പെട്ടു..

അത്ഭുതത്തോടെ ഭദ്രയും കൂട്ടരും അങ്ങോട്ടു നോക്കി , പെട്ടന്നവിടെയെല്ലാം വെളിച്ചം വീണു ഫിലിപ്പ് സ്വിച്ചിൽ നിന്ന് കൈ മാറ്റി. ..

” കമോൺ എവരിബഡി.., പറഞ്ഞു കൊണ്ട് ഭദ്രയാ പടികളിലൂടെ താഴേക്ക് വേഗത്തിൽ ഇറങ്ങി മുന്നിൽ കണ്ട വാതിൽ ആവേശപൂർവ്വം തുറന്ന ഭദ്ര തൊട്ടു മുന്നിൽ കണ്ട കാഴ്ചയിൽ വിറങ്ങലിച്ചു.. …!!

അവളുടെ തൊണ്ടയിലൊരു കരച്ചിൽ പിടഞ്ഞമർന്നു …!!

” ഷാനവാസ് …,,,,

വിളിച്ചു കൊണ്ട് ഭദ്ര ആ മുറിയിലേക്ക് ഓടി കയറി …

പുറകെ കയറിയ ഷാനവാസും രാജീവുമെല്ലാം തൊട്ടു മുമ്പിലെ ദൃശ്യങ്ങൾ കണ്ടു വിറച്ചുപോയി..!!

“യാ ..അളളാഹ് ,,, പറഞ്ഞു കൊണ്ട് ഷാനവാസ് തന്റ്റെ കണ്ണുകളൊരു നിമിഷം ഇറുകെയടച്ചു, കൂടെ മറ്റുളളവരും…!!

ആ നാലു പെൺകുട്ടികൾ ,,, ജീവനോടെ അവർക്ക് മുമ്പിൽ…!!

പക്ഷേ…,അർദ്ധനഗ്നരായിരുന്ന അവരുടെ കൈകാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ചൊരു തൂണുമായ് ചേർത്ത് കെട്ടിയിരുന്നു. . , വായിൽ പ്ളാസ്റ്ററൊട്ടിച്ചിരുന്നവരുടെ കണ്ണുകൾ ഗർത്തതിലെന്നെപോലെ കുഴിഞ്ഞു പോയിരുന്നു…!!

അനങ്ങാൻ പോലും സാധിക്കാതെ നീരുവന്നു പൊട്ടിയൊലിക്കുന്ന അവരുടെ കാലുകളിലൂടെ ചെറിയ രീതിയിൽ രക്തം ഒഴുക്കിയിറങ്ങുന്നുണ്ടായിരുന്നപ്പോൾ…, മുറിയിലാകെ മൂത്ര വിസർജ്യങ്ങളുടെ മണം നിറഞ്ഞു നിന്നിരുന്നു. …!!

നിറകണ്ണുകളോടെ അവരെ നോക്കിയ ഭദ്ര ഞെട്ടലോടെ കണ്ടു , അവരുടെ വീർത്തുന്തിയ വയറിന്റ്റെ അസാമാന്യമായ ഇളക്കം. ..!!

“ഭദ്ര മാഡം..,, വിളിച്ചു കൊണ്ടങ്ങോട്ടു വന്ന ഫിലിപ്പ് ഞെട്ടലോടെയാ പെൺകുട്ടികളെ നോക്കി …, അവന്റെ മുഖം ഭീതിയിൽ മുങ്ങി. ..,,

“ഭദ്രാ..മാഡം.., അവനുച്ചത്തിൽ വിളിച്ചു. ..

ഭദ്ര ഞെട്ടലോടെ അവനെ നോക്കി..

“മാഡം ഇവരുടെ വയറ്റിലുമുണ്ട് മൂന്നോ അധിലധികമോ ജീവനുകൾ , ഏതുനിമിഷവും ഇവരുടെ വയർകീറിയവ പുറത്തേക്ക് വരും ..,എത്രയും പെട്ടന്നിവരെ ഹോസ്പിറ്റലിൽ എത്തിച്ചേ മതിയാകൂ..,, ബ്ളീഡിംഗ് കൂടുതൽ ആയാൽ ഒരു പക്ഷേ…….,,,

ഫിലിപ്പ് പറഞ്ഞു നിർത്തുമ്പോൾ ഒരുസെക്കന്റ്റ് ഭദ്രയുടെ കൺമുന്നിൽ കല്ലറയിൽ നിന്നും കിട്ടിയ ആ പെൺകുട്ടികളുടെ ശവ ശരീരം തെളിഞ്ഞു…!!

വയർ പിളർന്നാണവരുടെ മരണം സംഭവിച്ചതെന്ന ഡോക്ടർ ഇക്ബാൽ മുഹമദ്ദിന്റ്റെ വാക്കുകൾ തെളിഞ്ഞു. ..!!

ഭദ്രയാ പെൺകുട്ടികളുടെ വീർത്ത വയറിലേക്ക് നോക്കി ഏതുനിമിഷവും ആ വയർ പൊട്ടുംഎന്ന ചിന്തയാലവളുടെ ഉടൽ വെട്ടി വിറച്ചു…

“കമോൺ ക്വിക്..,, പറഞ്ഞു കൊണ്ട് ഭദ്രയുൾപ്പെടെ എല്ലാവരും ശ്രദ്ധയോടെ ആ പെൺകുട്ടികളുടെ വായമൂടിയിരുന്ന പ്ളാസ്റ്റർ നീക്കം ചെയ്യവേ വേദനയാലവരുടെ മുഖം ചുളുങ്ങി ..,

മിണ്ടാപ്രാണികൾ കണ്ണീനീർ വാർക്കുംപോലെ അവരുടെ കണ്ണിൽ നിന്നിറ്റുവീണ തുളളികൾ ഭദ്രയുടെയും കൂട്ടരുടെയും കൈകളിൽ വീണു ചിതറി തെറിച്ചു. ..!!

” ഇവരെ ഇവിടെ കൊണ്ടു വന്നതിനുശേഷം ആ ദുഷ്ടൻമാർ ഈ പ്ളാസ്റ്റർ നീക്കിയിട്ടില്ലേ ആവോ …, രാജീവ് ആത്മഗതം പറയുമ്പോൾ ഫിലിപ്പ് ശ്രദ്ധയോടെ അവരുടെ പ്ളാസ്റ്റർ നീക്കം ചെയ്തുകൊണ്ടിരുന്നു ..!!

“മാഡം ഈ ചങ്ങലകൾ എങ്ങനെ റിമൂവ് ചെയ്യും ..? ഷാനവാസ് ആശങ്കയോടെ ചോദിച്ചു.

ഭദ്രയുടെ കണ്ണുകൾ ആ മുറിയിലാകെ പരതവേ പെൺകുട്ടികളിലൊരാൾ കുറച്ചപ്പുറത്തുളള ഓപ്പറേഷൻ ടേബിൾ പോലുള്ള വസ്തുവിനു നേരെ മുഖം നീട്ടി ..

മേശയ്ക്കരികിലെത്തിയ ഭദ്ര ശ്രദ്ധയോടെ ആ ടേബിൾ പരിശോധിച്ചു പെട്ടന്നവളുടെ കണ്ണുകൾ വികസിച്ചു ..

ചങ്ങലകൾ ബന്ധിച്ച താക്കോൽ കൂട്ടം അവിടെ ആ ടേബിളിൽ ഉണ്ടായിരുന്നു..,അതെടുക്കാൻ കൈനീട്ടിയ ഭദ്ര വേഗം കൈകൾ പിൻവലിച്ചു…

“രാജീവ് ….,,

ഭദ്രയുടെ വിളികേട്ടങ്ങോട്ടു ചെന്ന രാജീവ് കണ്ടു ചെറിയ ബൗളുകളിലായ് ലായനികളിൽ മുക്കിവെച്ചിരിക്കുന്ന ഒന്നോരണ്ടോ മാസം പ്രായമുള്ള ഭ്രൂണങ്ങൾ …!!

മാഡം ഇത്…?

രാജീവ് ഭദ്രയെ നോക്കിയപ്പോൾ ഭദ്രം വേഗം താക്കോലുമായ് ആ പെൺകുട്ടികളുടെ അരികിലെത്തി ശ്രദ്ധയോടെ അവരുടെ കൈകാലുകൾ സ്വതന്ത്രമാക്കവേ അവരോരുത്തരും തളർന്ന് ,ബോധം മറഞ്ഞ് ഷാനവാസിന്റ്റെയും ഭദ്രയുടെയും കൈകളിൽ വീണു …!!

അതീവ ജാഗ്രതയോടെ അവരെ കൈകളിൽ കോരിയെടുത്ത് മുകളിലേക്കുളള പടികളോരോന്നായ് കയറുമ്പോൾ ആ നാലുജീവനുകൾക്കൊന്നും വരരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഭദ്രയുടെയും കൂട്ടരുടെയും ഉളളിൽ …!!

ആ പ്രാർഥന നിഷ്ഫലമാക്കാനെന്നവണ്ണം അപ്പോഴാ പെൺകുട്ടികളുടെ വയർ വല്ലാതെ ഇളകി തുടിക്കുന്നുണ്ടായിരുന്നു…..!!

പിളരാനെന്നപോലെ….!!

ഭാഗം 09 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….