മഴനൂലുകൾ ~ ഭാഗം 07, എഴുത്ത്: NIDHANA S DILEEP

ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

“”ജിതൂ….ഞാൻ പെട്ടെന്നു പറഞ്ഞു പോയതാ…””

“” ഈ സ്നേഹംന്നു പറയുന്നത് വാശീം ദേഷ്യമൊന്നും കാട്ടി പിടിച്ച് വാങ്ങാൻ പറ്റിയ ഒന്നല്ല അല്ലേ..തനൂ…”” തനുവിന്റെ വാക്കുകൾ വല്ലാതെ നോവിച്ചു.തനുവിനെ പോലെ ജിതനും പേടിച്ചു പോയിരുന്നു.

“”അങ്ങനെയല്ല ജിതൻ…ഇന്നു നീരജ വന്നിരുന്നു..മോളെ ധ്രുവന് കൊടുക്കണമെന്നു പറയാൻ…മോളെ നഷ്ടപെട്വോന്നു ആലോചിച്ച് ടെൻഷനോടെ നിക്കുമ്പോഴാ മോള് വീണത്..ആ നേരം വായിൽ നിന്നും അറിയാണ്ട് വീണുപോയതാ..””

“”അറിയാണ്ട് പറ്റിപ്പോയതാ…ജിതാ…പ്ലീസ്..”” വീണ്ടും പറഞ്ഞു.

“” മ്ഹും..”” ഒരു മൂളൽ മാത്രം…

“” നീ ധ്രുവന്റെ കാര്യം ഓർത്ത് ടെൻഷനാവേണ്ട..നമുക്ക് നോക്കാം..അവൻ എന്തുവേണേലും ചെയ്യട്ടേ…”” കാറിൽ നിന്നും ഇറങ്ങാൻ നോക്കവേ ജിതൻ പറഞ്ഞു.പാത്തുവിന്റെ നെറ്റിയിൽ ചെറിയ കെട്ടുണ്ട്.അതൊന്നും ആശാത്തിക്ക് പ്രോബ്ളമല്ല….ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ കുരുത്തക്കേടുകൾ പിന്നെയും തുടർന്നു.തലയിലെ സ്റ്റിച്ചെടുക്കുന്നത് വരെ ലീവെടുത്ത്‌ വീട്ടിലിരുന്നു.ആരെയും അനുസരിക്കില്ല ഇത്തിരി പേടിയുണ്ടേൽ അത് തനുവിനെ മാത്രമാണ്.പിന്നെ അപ്പച്ചൻ പറഞ്ഞതു കൊണ്ട് ജോലിക്ക് പോവാൻ തുടങ്ങി.ജിതന് ഇത്തിരി പിണക്കമുള്ളോണ്ട് തനുവെ കാണുമ്പോ മുഖം വീർപ്പിച്ചു പിടിക്കും.തനു അങ്ങോട്ട് പോയി മിണ്ടിയാലും കനപ്പിച്ച മറുപടിയായിരിക്കും തിരിച്ച്.

“”അടങ്ങിയിരുന്നോളണം….ഓടി കളിക്കാൻ പാടില്ല..ഇനീം വീണാ തുന്നികെട്ടാൻ ഈ കുഞ്ഞിത്തലേ ഇനി സ്ഥലമില്ലാന്നു ഓർമ വേണം…പറഞ്ഞത് കേട്ടോ..””

“”കേട്ടു..””

“”ഡോക്ടറുടെ കൈയിലെ സൂചി ഓർമയുണ്ടല്ലോ…”” ഒന്നു കൂടി ഓർമിപ്പിച്ചു.എല്ലാം തലകുലുക്കി സമ്മതിച്ചു..തലയൊക്കെ ആട്ടുന്നുണ്ട് എന്ത് സംഭവിക്കുമെന്നു കണ്ടറിയാം..ആ ബോളെടുത്ത് ഒളിപ്പിച്ചു വെച്ചു.അതുണ്ടെങ്കിലല്ലേ കളിക്കൂ.

ഓഫീസിൽ നിന്നും ഇടവിട്ട് വിളിച്ചോണ്ടിരുന്നു.നല്ല അനുസരണ ആയോണ്ട് നല്ല പേടിയുണ്ട്.വിളിക്കുമ്പോഴൊക്കെ ടീവി കാണ്വാ..ത്രേസ്യാമ്മേടെ അടുത്താ..വല്യപ്പന്റെ അടുത്താന്നൊക്കെ പറയുന്നുണ്ട്.അപ്പച്ചനോട് ചോദിച്ചപ്പോഴും ഇതൊക്കെയാണ് പറഞ്ഞത്.

ജിതൻ വിളിക്കുന്നു എന്ന് പറഞ്ഞു ജിതന്റെ ക്യാബിനിലേക്ക് പോയി.

“”ഇത് പോയി ശരിയാക്കീട്ട് വാ…മുഴുവൻ തെറ്റാ…”” കുറേ പേപ്പർ മുന്നിലേക്കിട്ട് കൊണ്ട് പറഞ്ഞു.കുറച്ച് മുൻപ് ഹാർഡ് കോപ്പി വേണമെന്നു പറഞ്ഞത് കൊണ്ട്
മുഴുവൻ എഡിറ്റ് ചെയ്ത് പ്രിന്റ് എടുത്ത് കൊണ്ടു കൊടുത്തതാ.

“” ഇത് ദേഷ്യം തീർക്കുന്നതാ… അന്നു പറഞ്ഞു പോയതിന്റെ ….”” തനു പിറുപിറുത്തു കൊണ്ട് പേപ്പറുമെടുത്ത് ക്യാബിനു പുറത്തേക്ക് നടന്നു. കടലാസിലെന്തൊക്കെയോ മാർക്ക് ചെയ്ത് വെച്ചിട്ടുണ്ട്.അതൊക്കെ എടുത്ത് അതൊക്കെ മാറ്റി വീണ്ടും പ്രിന്റെടുത്തു കൊണ്ടുകൊടുത്തു.പേപ്പർ ടേബിളിൽ വെച്ച് വെട്ടിത്തിരിഞ്ഞു പോയ തനുവിനെ ഒരു ചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ജിതൻ.വൈകുന്നേരം കാറിന്റെടുത്ത് ജിതൻ നിൽക്കുന്നത് കണ്ടപ്പോൾ തന്നെ തനുവിന് മനസിലായി തന്നെ കാത്താണ് ജിതൻ നിൽക്കുന്നതെന്ന്.എന്നിട്ടും കാണാത്ത പോലെ മുന്നോട്ട് നടന്നു.

“” കേറ്..ഞാനും വീട്ടിലേക്കാ…””

“” വേണ്ട..ഞാൻ ബസിൽ വന്നോളാം..””

“” തനൂ…നിന്നോടാണ് കയറാൻ പറഞ്ഞത്..”” ജിതൻ ദേഷ്യത്തോടെ പറഞ്ഞതും തനു കാറിൽ കയറി മുഖം തിരിച്ചിരുന്നു.അതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുകയായിരുന്നു.

“”സോറീ..ജിതൻ…ഞാനാ വെപ്രാളത്തിൽ എന്തോ പറഞ്ഞതാണ്…മോളെ നഷ്ടപ്പെട്വോന്നുള്ള പേടിയിലായിരുന്നു അപ്പോ…””

“” സാരല്ല..എനിക്ക് മനസിലാവും..പെട്ടെന്ന് കേട്ടപ്പോൾ വിഷമമായി..വിട്ടേക്ക്…പിന്നെ വല്യമ്മച്ചി വിളിക്കുന്നത് പോലെ ജിതൂന്നു വിളിച്ചാ മതി..അതാ എനിക്കിഷ്ടം..””
ഒരു ചിരിയോടെ പറഞ്ഞു.

“‘അപ്പച്ചൻ പറഞ്ഞു എന്നോട് ഇഷ്ടമായിരുന്നെന്ന്…”” മടിച്ചു കൊണ്ടായിരുന്നു ചോദ്യം്.

“” മ്ഹ്…അത്ര വലിയ കഥയൊന്നുമല്ല ചെറിയ കഥയാ…ഒരു തെമ്മാടി ചെക്കൻ ഒൻപതിൽ പഠിക്കുമ്പോൾ ഒരു പുതിയ പെൺകുട്ടി സ്കൂളിൽ വന്നു.വെറുതേ ഒരു ദിവസം അവളെ ഒന്നു വിരട്ടി.അതിനു ശേഷം എല്ലാവരുടെ അടുത്തും തന്റേടിയായ ആ പെണ്ണ് എന്റെടുത്ത് മാത്രം പേടിതൊണ്ടിയായി.പേടിച്ചു നിൽക്കുന്ന അവളെ കാണുമ്പോ ഒരു രസം..അവളങ്ങനെ പേടിച്ചു തല കുനിച്ച് നടന്നു പോവുന്നത് കാണാൻ വേണ്ടി അവളെ ചുമ്മാ നോക്കി പേടിപ്പിച്ചു.സകൂളിൽ പ്രശ്നമുണ്ടാക്കിയതിന് ആ ചെക്കനെ അപ്പച്ചൻ അമ്മ വീടിനടുത്തുള്ള സ്കൂളിലേക്ക് മാറ്റി ചേർത്തു.നല്ല നടപ്പ് പഠിപ്പിക്കാൻ വേണ്ടിയായിരുന്നു പക്ഷേ വല്യമ്മച്ചിയുടെ കൂടെ കൂടി ഒന്നു കൂടി തെമ്മാടിയായി എന്നതാണ് സത്യം.അവിടെയും തല്ലും വഴക്കും വല്യമ്മച്ചി കട്ടക്ക് കൂടെ ഉള്ളതോണ്ട് അപ്പച്ചൻ ഒന്നും അറിഞ്ഞില്ല. അങ്ങനെ അവൻ സ്കൂൾ മാറി ചേർന്നപ്പോഴാണ് അവനൊരു കാര്യം മനസിലായത് ആ പെൺകൊച്ചിനെ കാണുന്നത് അവനു വെറുമൊരു രസം മാത്രമല്ല അത് പ്രണയമായിരുന്നെന്ന്.എല്ലാ കാര്യവും പറയുന്ന വല്യമ്മച്ചിയോടു പോലും പറയാതെ അവൻ ആരുമറിയാതെ അവളെ കാണാൻ പോവുമായിരുന്നു.ഇനിയും തെമ്മാടി ചെക്കനായി നടന്നാ അവൾ ഇഷ്ടപ്പെടില്ലന്നു തോന്നിയപ്പോൾ നന്നാവാൻ തീരുമാനിച്ചു.അപ്പന്റെ ബിസിനെസ് ഒക്കെ ഏറ്റെടുത്തു.അപ്പനോട് അവളോടുള്ള ഇഷ്ടം പറഞ്ഞു.പക്ഷേ അപ്പോഴേക്കും അവളുടെ കല്യാണം ഉറപ്പിച്ചു അതും പ്രണയ വിവാഹമായിരുന്നു എന്ന്.കുറേ നാൾ മാനസ മൈനേ പാടി നടന്നു. പിന്നെ ഒരു മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് അവൾ ഡിവോഴ്സായി എന്നു.അന്നു വീട്ടിൽ വന്നു ഭീഷണിപ്പെടുത്തിയതൊന്നും അപ്പച്ചന് അറിയില്ലാട്ടോ…അറിഞ്ഞപ്പോ വേണ്ടത് കിട്ടുകയും ചെയ്തു..””

“” പ്രണയ വിവാഹമൊന്നുമല്ലായിരുന്നു ഇഷ്ടംന്നു പറഞ്ഞു വന്നപ്പോഴൊക്കെ വഴി മാറി നടന്നു.അറിയാമായിരുന്നു ധ്രുവന്റെ സമ്പത്തിന് മുന്നിൽ ഒന്നുമല്ലാ എന്നു. വീട്ടിൽ വന്നു പെണ്ണു ചോദിച്ചു..പക്ഷേ ആ ഇഷ്ടമൊക്കെ ഇല്ലാതാവാൻ അധികം വേണ്ടിവന്നില്ല..”” സീറ്റിൽ ചാരി കണ്ണുകടച്ചിരുന്നു. ജിതനും ഒന്നും പറഞ്ഞില്ല.

വീട്ടിലെ സെൻട്രൽ ഹാളിൽ അപ്പച്ചന്റെ അടുത്തിരുന്നു ടിവി കാണുന്നുണ്ട് പാത്തു. തനുവിനെ കണ്ടപ്പോ ഇടക്കിടക്ക് കള്ള നോട്ടം നോക്കുന്നുണ്ട്.അപ്പച്ചൻ പിന്നെ അവരു വന്നതറിയാത്ത പോലെ ടിവിയിൽ ശ്രദ്ധിച്ചിരിക്കുകയാണ്.

“” പാത്തൂ..ഇന്നു കളിച്ചോ…”” നോട്ടം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.

“‘ ഇല്ലമ്മേ…ഞാനും വല്യപ്പനും ടിവി കാണ്വായിരുന്നു അല്ലേ വല്യപ്പാ..””

“” ആ…തനു… മോള് നല്ല കുട്ടിയായി ഇരുന്നു..ഒരു കുരുത്തക്കേടും കാണിച്ചില്ല..””

“” കള്ളം പറയുവാ തനുമോളെ …വല്യപ്പനും പാത്തൂം കൂടി മോളിറങ്ങിയ പാടെ മോളു ഒളിപ്പിച്ചു വെച്ച ബോൾ തപ്പിയെടുത്ത് കളിയായിരുന്നു.ഞാൻ തനുവോട് പറഞ്ഞു കൊടുക്കുംന്നു പറഞ്ഞപ്പോ എന്നെ വഴക്ക് പറഞ്ഞു..”” ത്രേസ്യേട്ത്തി അടുക്കളേന്നു വിളിച്ചു പറഞ്ഞു.

“” ത്രേസിമ്മ കള്ളം പറയ്ന്നാമ്മേ…””

“” എനിക്കറിയാം..ആരാ കള്ളം പറയുന്നേന്നു…അപ്പച്ചനേം മോളേം ഞാൻ ശരിയാക്കുന്നുണ്ട്..”” രണ്ടും പിടിക്കപ്പെട്ട കള്ളൻമാരെ പോലെ നിൽക്കുന്നുണ്ട്.

“” ഇനി വീണ് പൊട്ടിയാ തിരിഞ്ഞ് നോക്കില്ല ഞാൻ…മുറിവ് ഉണങ്ങീട്ടില്ല അപ്പോഴേക്കും തൊടങ്ങി കുരുത്തക്കേട്..മുറിവുണങ്ങട്ടെ തന്നെ നിന്നെ ഞാൻ ഇവ്ടെത്തെ അംഗൻവാടീൽ ചേർക്കും..നോക്കീക്കോ…””

“” പോട്ടെ തനൂ…പിള്ളേരാവുമ്പോ കളിക്കും ..അവർക്ക് അടങ്ങിയിരിക്കാൻ പറ്റുമോ…”‘

“” ജിതുവും കൂടി സപ്പോർട്ട് ചെയ്…ഇപ്പോ കുരുത്തക്കേട് നല്ലോണം കൂടുട്ടുണ്ട് പെണ്ണിന്…”” ദേഷ്യത്തോടെ പറഞ്ഞു നോക്കിയപ്പോൾ പാത്തു കണ്ണു നിറച്ചു നിൽക്കുന്നു. കൈകൾ കൊണ്ട് കണ്ണു തിരുമ്മാൻ തുടങ്ങി.

“” മുറിവുണങ്ങാണ്ട് കളിക്കാൻ പോയിട്ടല്ലേ അമ്മ വഴക്ക് പറഞ്ഞേ…”” അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“” പോ…അമ്മോട് കൂട്ടില്ല…ഞാനും കൂട്ടില്ല..വല്യപ്പനും കൂട്ടില്ല..പിന്നെ അങ്കിളും കൂട്ടില്ല…”” കൈ തട്ടിതെറിപ്പിച്ചു കൊണ്ട് പറഞ്ഞു.”” ത്രേസിമ്മോടും കൂട്ടില്ല..ഞങ്ങളെ പറഞ്ഞു കൊടുത്തില്ലേ..”‘ ത്രേസ്യേട്ത്തിയെ നോക്കികൊണ്ട് പറഞ്ഞു.

“”ഓ..ഞങ്ങളുടെ കൂട്ട് വേണ്ട..”” അതും പറഞ്ഞ് തനു അകത്തേക്ക് പോയി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വല്യമ്മച്ചി വന്നു.അല്ലെങ്കിലും വല്യമ്മച്ചിക്ക് ജിതനെ അധികം പിരിഞ്ഞിരിക്കാൻ പറ്റില്ല. തനു സംസാരിച്ചപ്പോൾ അധികമൊന്നും സംസാരിച്ചില്ല.ജിതനോട് സംസാരിച്ചു.

“”സാരമില്ലടോ…വല്യമ്മച്ചിക്ക് ഒരാളെ ഇഷ്ടപെടണേൽ കുറച്ച് സമയമെടുക്കും പക്ഷെ ഇഷ്ടപെട്ടാ ജീവൻ കൊടുക്കും.നിന്നോട് കാണിക്കുന്നത് എന്നോടുള്ള പിണക്കമാ…ഞാൻ എല്ലാ കാര്യവും വല്യമ്മച്ചിയോട് പറഞ്ഞില്ലായിരുന്നു..അതാ…””

പാത്തൂം അപ്പച്ചനും ജിതനും കൂടി ബോൾ തട്ടിക്കളിക്കുകയായിരുന്നു.ഇറയത്ത് തനു അത് നോക്കിയിരിക്കുന്നു.കുറച്ച് കഴിഞ്ഞ് വല്യമ്മച്ചി വന്നു കുറച്ചു മാറിയിരുന്നു.

“” വല്യമ്മച്ചീ..ബാ..കളിക്കാലോ…”” പാത്തു വിളിച്ചതും വല്യമ്മച്ചി മുഖം തിരിച്ചു.

“” വാ..വല്യമ്മച്ചീ..മോളു വിളിക്കുന്നത് കേട്ടില്ലേ..”” ജിത്തു പറഞ്ഞപ്പോൾ ഞാനില്ലാന്നു മാത്രം പറഞ്ഞു.

“” ബാ…വല്യമ്മച്ചീ…”” പാത്തു ഒന്നു കൂടി വിളിച്ചപ്പോൾ വല്യമ്മച്ചി എഴുന്നേറ്റു.
അവരുടെ കൂടെ കളിക്കാൻ തുടങ്ങി.കുറച്ച് കഴിഞ്ഞ് ജിതൻ കളി നിർത്തി തനുവിന് അടുത്തു വന്നിരുന്നു

“”കണ്ടില്ലേ.. ഇത്രേ ഉള്ളൂ വല്യമ്മച്ചി…പഴയ ആൾക്കാരല്ലേ അതിന്റെ ഇത്തിരി പിടിവാദങ്ങളിയിരുന്നു..പക്ഷേ വല്യമ്മച്ചീടെ ജിതുവിന് വേണ്ടി വല്യമ്മച്ചി എന്തും ക്ഷമിക്കും..”” പന്തു തട്ടി കളിക്കുന്ന വല്യമ്മച്ചിയെ നോക്കി കൊണ്ട് ജിതൻ പറഞ്ഞു

“”” പിന്നേ…വല്യമ്മച്ചീടെ ജിതുവും ഇത്രേ ഉള്ളൂ…വല്യമ്മച്ചിയെ പോലെ തന്നെയാ…ഭയങ്കര സ്നേഹാ എല്ലാവരോടും…പ്രത്യേകിച്ച് നിന്നോട്…”” തനുവിന്റെ കൈകൾക്കു മുകളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.പിന്നേ കണ്ണുകൾ ഇറുകി ചിമ്മി കൊണ്ട് എഴുന്നേറ്റു അവരുടെ കൂടെ കളിക്കാൻ തുടങ്ങി.

തുടരും