പക്ഷെ ഒന്നുണ്ട് അവനിൽ നല്ല ഒരു മനുഷ്യൻ ഉണ്ടാകണമെന്നും അവൻക്കൊരു വ്യക്തിത്വം ഉണ്ടാകണമെന്നും ഞാൻ ആഗ്രഹിക്കാറുണ്ട്…

ഒരു പ്രസവക്കഥ

എഴുത്ത്: റസീന

വേണ്ടാന്നു വാശി പിടിച്ച ഒരു ആലോചന വിവാഹത്തിൽ എത്തിയതിനേലും ട്വിസ്റ്റായിരുന്നു കെട്ടി രണ്ടു മാസം തികയുന്നതിനേ ലും മുൻപ് വിശേഷം ആയത്.

വിവാഹ ജീവിതം തുടങ്ങി ഉടനെതന്നെ ഗർഭ കാലവും തുടങ്ങിയ പെണ്ണുങ്ങളുടെ കൂട്ടത്തിലെ ഒരാളാണ് ഞാനും.പക്ഷേ, കൊച്ചിനെ ഞങ്ങൾ പ്ലാൻ ചെയ്തത് അല്ലായിരുന്നുട്ടോ… ആണായാലും പെണ്ണായാലും ഉള്ളിൽ ഉള്ളത് ഇച്ചിരി കൂടിയ ഇനമാണെന്ന് അന്നേ തോന്നിയിരുന്നു.

പ്രെഗ്നൻസി ടെസ്റ്റിൽ രണ്ടു ചുവന്ന വരകൾ കണ്ടു രണ്ടു ദിവസം തികയുന്നതിനു മുൻപേ മൂപ്പര് ഫ്ലൈറ്റ് കേറി… എന്താല്ലേ??

പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ഗർഭകാലം അറുബോറായിരുന്നു. ഇങ്ങനെയൊക്കെ പറയാവോന്നു ചോദിച്ചാൽ അങ്ങനെയൊക്കെ ആയിരുന്നു മാഷേ..

എന്റെ വീട്ടിൽ നിന്ന് ഇക്കാടെ വീട്ടിലേക്കും, അവിടെ നിന്ന് തിരിച്ചും, പിന്നെ ആശുപത്രിയിലേക്കുമുള്ള യാത്രകളായിരുന്നു എന്റെ ഗർഭ കാലയാത്രകൾ.പിന്നെ ഈ ഗർഭകാല ഫോട്ടോ ഷൂട്ട്‌ എന്നുള്ളൊരു സംഭവം ഉണ്ടല്ലോ അതൊക്ക ഉണ്ടായിരുന്നുട്ടോ… ദാ.. ഇപ്പൊ മനസ്സിൽ വന്നത് ഞാൻ വയറു താങ്ങിപ്പിടിച്ചോണ്ടും, കെട്ടിയോൻ താങ്ങുന്നതും,പിന്നെ ആൺകുഞ്ഞിന്റേം പെൺകുഞ്ഞിന്റേം ഷൂസിൽ നോക്കി നോക്കി കൺഫ്യൂഷൻ വാരിവിധറുന്ന ആ ടൈപ്പ് ഫോട്ടോഷോട്ട് അല്ലേ….ക്ഷമിക്കണം എന്നാൽ അതല്ലായിരുന്നു സീൻ. പിന്നെ എന്തോന്ന് ഫോട്ടോ ഷൂട്ട്‌ എന്നല്ലേ??

“റെസീ, നമ്മുടെ കുഞ്ഞു വളർന്നോന്നു നോക്കട്ടെടി ” എന്നൊരു മെസ്സേജ് വരുമ്പോൾ ഞാൻ തന്നെ എന്നെ തന്നെ ഫോട്ടോ എടുത്തു അയച്ചു കൊടുത്തിരുന്നതായിരുന്നു ഞമ്മന്റെ ഫോട്ടോഷോട്ട്.തികച്ചും പരിതാപകരം.

ചടങ്ങുകൾ ചടങ്ങായി മാത്രം നിലനിന്നിരുന്നത് കൊണ്ട് എനിക്ക് മുൻപിലെത്തിയതും ലഡ്ഡുവും ജിലേബിയുമൊക്കെ തന്നെയായിരുന്നു. പണ്ട് ഏതോ ഗർഭിണിക്കു ഇഷ്ട്ടപ്പെട്ട പലഹാരം ആയിരിക്കണം ഇതൊക്ക. ലഡ്ഡുവും ജിലേബിയും ഗർഭിണികൾക്ക് കൊണ്ടുപോകുന്നത് പിന്നീട് ചടങ്ങായി മാറിയതാകാം. എന്തായാലും എനിക്ക് മധുര പലഹാരങ്ങളോട് പണ്ടേ താല്പര്യമില്ലാത്തത് കൊണ്ട് അതൊക്ക കൃത്യമായി വീതിച്ചു കൊടുക്കാനെ പറ്റിയുള്ളൂ. ചടങ്ങുകളുടെ ഭാരമില്ലാതെ എന്നിലേക്കെത്തിയ ചിലതുണ്ടായിരുന്നു. എന്റെ പ്രിയ കൂട്ടുകാരിൽ നിന്ന്. അവയൊക്കെയായിരുന്നു വയറിനേലേറെ മനസ്സ് നിറച്ചവ. നമ്മളുടെ ഇഷ്ട്ടങ്ങളറിഞ്ഞു നമ്മൾക്കായി സമ്മാനിക്കുന്നവ നൽകുന്നൊരു സന്തോഷം അതൊന്ന് വേറെ തന്നെയാ. അതിൽ സ്നേഹത്തിന്റെ ആഴമുണ്ടാകും ചടങ്ങുകളുടെ ഭാരമില്ലതാനും.

ഒരു ഏഴു മാസമൊക്ക ആയപ്പോൾ എനിക്ക് പ്രസവിച്ച സ്ത്രീകളോട് വല്ലാത്തൊരു ആരാധന തോന്നിത്തുടങ്ങിയിരുന്നു, പ്രത്യേകിച്ച് എന്നേലും പ്രായം കുറഞ്ഞ പെൺകുട്ടികളോട്.പ്രസവിക്കാൻ എനിക്ക് നല്ല പേടിയുണ്ടായിരുന്നു എന്ന് തന്നെ പറയണം. ഒരിക്കൽ ഞാനൊരു കസിൻ നോട് അവളുടെ പ്രസവ കഥ ചോദിച്ചിരുന്നു. അവള് നല്ല ഉഷാറായി പറഞ്ഞത് കൊണ്ടാകാം ചോദിച്ചത് വെറുതെ ആയെന്നു പിന്നീട് തോന്നിയത്. വേദനയുടെ തീവ്രത അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു. അവസാനം അവളുടെ ഒരു പഞ്ച് ഡയലോഗ് ഉണ്ടായിരുന്നു.”ഇത്താ… പ്രസവ വേദനയൊക്കെ നമുക്ക് സഹിക്കാം. പക്ഷെ ആൾക്കാരു ചുമ്മാ പേടിപ്പിക്കുന്നേ ഭയങ്കര വേദനയെന്നും പറഞ്ഞു അതാ നമുക്ക് സഹിക്കാൻ പറ്റാത്തത്.

പിന്നീട് ലേബർ റൂമിലെത്തിയപ്പോൾ വേദനയുടെ ഭീകരത ശരിക്കും അറിഞ്ഞു. ഇടയ്ക്കിടെ വന്നു പോയിരുന്ന വേദനക്കിടയിൽ ശ്വാസമോന്നു വലിക്കാനോ, ഒരു വിരൽത്തുമ്പ് അനക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല എനിക്ക്. മണിക്കൂറുകുളോളം ഞാനാ ശ്വാസം മുട്ടൽ അനുഭവിച്ചു, മരണത്തിന്റെ മണം അറിയുന്നത് പോലെ തോന്നി. ഇടക്കെപ്പോഴോ ഛർദിച്ചു അവശനിലയിലായി.

രാവിലെ പത്തര മുതൽ രാത്രി എട്ടു മണി വരെ വേദനയുടെ പല ഭാവങ്ങളും അറിഞ്ഞു. എട്ടോ പത്തോ പ്രാവശ്യം കുട്ടിയുടെ തല പുറത്തേക്കു വന്നോന്നു അറിയാൻ വേണ്ടി ഡോക്ടർ ചെക്ക് ചെയ്തു കഴുമ്പോൾ അവരുടെ കയ്യിലെ ഗ്ലൗസ്സിൽ നിറയെ രക്തം പുരണ്ടത് എനിക്ക് കാണാമായിരുന്നു. അതെ, ആ സമയത്ത് ഞാൻ മരണത്തെ തൊട്ടു നിക്കുന്നത് പോലെയായിരുന്നു. ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന സമയത്ത് നന്നായി പുഷ് ചെയ്യണം എന്നാലെ കുഞ്ഞു പുറത്തേക്കു വരുള്ളൂ എന്ന് സിസ്റ്റർ പറയുമ്പോ എനിക്കൊന്നു ഒരു ചെറു വിരൽ പോലും അനക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.

“മോളെന്താ ചെയ്യുന്നേ, ചുമ്മാ പല്ലിറുക്കി എക്സ്പ്രഷൻ കാണിക്കാതെ കൊച്ചേ, ശരിക്കും പ്രഷർ കൊടുത്ത് മുക്കിയാലെ കൊച്ചു പുറത്തേക്കു വരുള്ളൂ ” എന്ന് പറഞ്ഞപ്പോൾ ഒരു അഭിനയം പാളിപ്പോയ ചമ്മൽ എന്റെ മുഖത്തു അവര് കണ്ടിരുന്നു കാണും.

എനിക്കപ്പൊ അത്രയൊക്ക സാധിച്ചിരുന്നുള്ളൂ. എന്റെ മാക്സിമത്തിന് അപ്പുറം ആയിക്കഴിഞ്ഞിരുന്നു. സുഖ പ്രസവത്തിന്റെ ടേബിളിൽ നിന്ന് ഓപ്പറേഷൻ തീയേറ്ററിലോട്ടു മാറ്റുമ്പോൾ രാവിലെ മുതൽ അനുഭവിച്ച വേദനയെല്ലാം വെള്ളത്തിലായതിന്റെ വിഷമത്തിലായിരുന്നു. നടു കുനിച്ചു നിറുത്തിയ ഇൻജക്ഷനു ശേഷം എന്റെ അരക്കു കീഴ്പോട്ട് മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പിന്നെ ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വീണുപോയി.

ഡോക്ടർ തട്ടിവിളിച്ചു കൊണ്ട് “ആൺകുട്ടിയാ, ഉമ്മം കൊടുക്കൂ ” എന്ന് പറഞ്ഞപ്പോഴാ ഞാനെന്റെ പൊന്നിനെ ആദ്യമായി കാണുന്നത്, ഉമ്മം വെക്കുന്നത്. പിന്നെ അവിടെന്ന് ഓപ്പറേഷൻ നൽകിയ വേദനയായിരുന്നു. കിടന്നു കൊണ്ടായിരുന്നു ഗുളിക പോലും കഴിച്ചിരുന്നത്.

എന്റെ അടിവയറ്റിൽ ഓപ്പറേഷന്റെ പാട് കാണാം, ഒരിക്കൽ പോലും ആ പാട് അന്നത്തെ വേദനയെ ഓർമിപ്പിച്ചു കൊണ്ട് എന്നെ കരയിപ്പിച്ചിട്ടില്ല. പക്ഷെ പാടുകളൊന്നും പുറത്തേക്കു കാണുന്നില്ലെങ്കിലും മനസ്സിലേറ്റ വിള്ളലിൽ ഇടകൊക്കെ ഞാൻ നീറിപ്പുകയാറുണ്ട്, ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ട്, ഒരു ഭ്രാന്തിയെ പോലെ അലമുറയിട്ട് കരയാൻ തോന്നാറുണ്ട് എന്നിട്ടും ഞാൻ നിശബ്ദമായി കരഞ്ഞതുള്ളൂ . എന്റെ കണ്ണീരു നിങ്ങൾ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കണ്ണുകൾ തുടച്ച് ചുണ്ടിൽ പുഞ്ചിരി വിടർത്തി നിങ്ങൾക്ക് മുൻപിലൂടെ ഞാൻ നടന്നിരുന്നു. ഇടക്കെപ്പോഴോ ആ ചിരി ഞാൻ നിങ്ങൾക്ക് തന്നെ സമ്മാനിച്ചിരുന്നു. ഒരിക്കൽ പോലും നിങ്ങളൾക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ലല്ലോ തൊട്ടു മുൻപ് വരെ കരഞ്ഞു കൊണ്ടിരുന്ന എന്നെ.ഇല്ലാ… അതിനൊരിക്കലും സാധിക്കില്ല. കാരണം ഞാൻ നിങ്ങളുടെ പ്രിയപ്പെട്ടവളല്ല, കൂടപ്പിറപ്പുമല്ല, പിന്നെ സുഹൃത്തുമല്ല. അങ്ങനെ ഞാൻ നിങ്ങൾക്ക് ആരും ആരും അല്ല. അതുകൊണ്ടു തന്നെയായിരുന്നല്ലോ എന്നെ വേദനിപ്പിക്കുന്നതിൽ ഒരു കാലത്ത് നിങ്ങൾ ലഹരി കണ്ടെത്തിയിരുന്നത്.

എന്റെ വ്യക്തിത്വത്തെ പ്രസവ സമയത്തെ എന്റെ മനക്കട്ടിയുമായിപോലും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്ത് മനക്കട്ടി, അന്നേരം ഞാൻ അവിടെക്കിടന്നു ഉരുകിയത് ആരും കാണാത്തത് കൊണ്ടായിരുന്നു.

ഓത്തു പള്ളിയിൽ പഠിക്കാൻ പോയിരുന്ന സമയത്ത് രണ്ടോ മൂന്നോ മിനിറ്റ് വൈകിയെന്നും പറഞ്ഞു അന്നത്തെ സഖാഫി ചൂരൽ നീട്ടി ഒരു അടി അടിക്കുമായിരുന്നു. ആ വേദന ഞാൻ പലപ്പോഴും കൗമാരത്തിലും യവ്വനത്തിലും അനുഭവിച്ചിരുന്നു. എങ്ങനെയെന്നോ… സ്വപ്നങ്ങളിലൂടെ. പിന്നെയും ഉണ്ട്, പരീക്ഷ ദിവസം മറന്നതായോ, നേരം വൈകി പരീക്ഷക്ക്‌ എത്തുന്നതായോ അതുമല്ലെങ്കിൽ ഉത്തരങ്ങളൊന്നും അറിയാതെ വിറക്കുന്നതൊക്കെ ഞാൻ പല പ്രാവശ്യം സ്വപ്നം കണ്ടുട്ടുണ്ട്.

ദാ… ഇപ്പൊ എന്റെ സ്വപ്നങ്ങളിൽ ഞാൻ ഒറ്റപ്പെടുന്നതും, എന്നോട് കൂട്ടത്തോടെ ആളുകൾ ദേശ്യപ്പെടുന്നതും, എന്റെ തൊണ്ട വരളുന്നതും, ഏതെങ്കിലും മൂലയിൽ ഒറ്റക്കിരുന്നു കരയുന്നതുമൊക്കെ കാണാറുണ്ട്.

മോനെ ഡോക്ടറാക്കോ സീ എ ക്കാരൻ ആക്കോ എന്നൊക്കെ ചോദിച്ചവരുണ്ട്. ഇപ്പോഴും കോഴ്സ് പൂർത്തിയാക്കാത്ത ഞാൻ എങ്ങനെയാ പതിറ്റാണ്ടുകൾ കഴിഞ്ഞുള്ള അവന്റെ കരിയറിനെ കുറിച്ച് ചിന്തിക്കാ.. പക്ഷെ ഒന്നുണ്ട് അവനിൽ നല്ല ഒരു മനുഷ്യൻ ഉണ്ടാകണമെന്നും അവൻക്കൊരു വ്യക്തിത്വം ഉണ്ടാകണമെന്നും ഞാൻ ആഗ്രഹിക്കാറുണ്ട് പിന്നെ അവനുമായി ബന്ധത്തിൽ ആകുന്ന ആർക്കും തന്നെ അവൻ ഒരു ബന്ധനം സൃഷ്ടിക്കാതിരിക്കണമെന്നും. അവന്റെ എക്കാലത്തെ കൂട്ടുകാരുടെ ലിസ്റ്റിൽ എനിക്കൊരു ഇടം നേടാനും ആഗ്രഹിക്കാറുണ്ട്.

അങ്ങനെ ഇന്നേക്ക് എന്റെ കുഞ്ഞിക്കഷണത്തിന് രണ്ടു വയസ്സ് തികയുന്നു. അതേ… കഠിനമായ വേദനക്കിടയിലും എനിക്ക് സന്തോഷം പകർന്ന ആ നിമിഷത്തിന് രണ്ടാണ്ട്.