വളകൾ ആ കൈകളിൽ ഇട്ടുകൊടുത്തപ്പോഴാണ് അവളയാളെ പ്രണയപൂർവ്വം നോക്കിയത്…

Story written by Nitya Dilshe

കാർ ഗേറ്റ് കടന്നതും അയാൾ അവളുടെ മുറിയിലേക്ക് നടന്നു..വാതിൽക്കൽ നിന്ന് പ്രണയപൂർവ്വം അവളെ വിളിച്ചു.

“”പെണ്ണേ..””

ഉണങ്ങിയ തുണികൾ മടക്കിക്കൊണ്ടിരുന്ന അവൾ തിരിഞ്ഞു നോക്കി..കണ്ണുകൾ ഒന്നു തിളങ്ങി..പിന്നെ നിഷേധാർത്ഥത്തിൽ തലയനാക്കി..

“”അവരെല്ലാം പോയി പെണ്ണേ..ഇനി ഇപ്പോൾ ഒന്നും വരില്ല….”

അപ്പോഴും അവളുടെ മുഖം തെളിഞ്ഞില്ല..കണ്ണുകൾ ഭയത്തോടെ അകത്തേക്ക് നീണ്ടു…

അയാൾ അവളുടെ അടുത്തേക്ക് ചെന്നു..ആ കൈപിടിച്ചു അടുത്തിരുത്തി… പിന്നെ പതിയെ ആ മടിയിലേക്കു കിടന്നു…അറിയാതെ അവളുടെ കൈകൾ അയാളുടെ മുടിയിൽ തലോടി..

‘”എത്ര കൊതിയുണ്ടെന്നോ പെണ്ണേ..നിന്റെ ചൂടേറ്റു കിടക്കാൻ..ഒരേ പാത്രത്തിൽ നിന്ന് അത്താഴം കഴിക്കാൻ….ഒരുമിച്ചിരുന്ന് മഴ കാണാൻ…”” കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു ..ചുണ്ടുകൾ വിതുമ്പി..

അയാൾ പ്രേമപൂർവ്വം അവളുടെ കണ്ണുകളിലേക്കു നോക്കി..അവളും അയാളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു..അവളുടെ ഇടതു കൈ അയാളുടെ വലതു കൈവിരലുകളുമായി കോർത്തു..

അവളെ ആദ്യമായ്‌ കണ്ടതയാൾക്കപ്പോൾ ഓർമ വന്നു…ഉത്സവപ്പറമ്പിൽ പല വർണ്ണങ്ങളിലുള്ള കുപ്പിവളകൾക്കിടയിലായിരുന്നു അവളപ്പോൾ..

അടുക്കിവച്ചിരിക്കുന്ന വളകൾക്കു മേലെ അവളുടെ കണ്ണുകൾ പരതി നടന്നു..അടിയിലെ തട്ടിൽ നിന്നും ചുവപ്പിൽ സ്വര്ണപൊട്ടുള്ള കുപ്പിവള അയാൾ പുറത്തെടുത്തപ്പോൾ ആ കണ്ണുകൾ വല്ലാതെ തിളങ്ങി..

വളകൾ ആ കൈകളിൽ ഇട്ടുകൊടുത്തപ്പോഴാണ് അവളയാളെ പ്രണയപൂർവ്വം നോക്കിയത്..ആ കുപ്പിവളകളുടെ ചുവപ്പായിരുന്നു അപ്പോൾ അവളുടെ കവിളുകൾക്കും…

പിന്നീട് അയാൾ കാണാൻ വേണ്ടി മാത്രം അവൾ വളകൾ കിലുക്കി നടന്നു…അയാളെ കാണുമ്പോൾ അവളുടെ വളകൾ കിന്നാരം പറഞ്ഞു ചിരിച്ചു…

ആ ഓർമയിൽ അയാൾ അവളുടെ കൈകൾ ചുണ്ടോട് ചേർത്തു…

“”ആഹാ.. കണ്ണുതെറ്റിയാൽ ഇതാണ് പണിയല്ലേ.. വെറുതെയല്ല മേഡം എന്നെ നോക്കാനേല്പിച്ചത്..കുഴിയിലേക്ക് കാലുനീട്ടിയിരിക്കുമ്പോഴും ശൃഗാരത്തിന് ഒരു കുറവുമില്ലല്ലോ..ഇപ്പൊ രണ്ടിനെയും രണ്ടുമുറിയിലാക്കിയേ ഉള്ളു..ഇനി ഇതുപോലെ കണ്ടാൽ രണ്ടു വൃദ്ധസദനങ്ങളിൽ ആക്കുമെന്നാ പറഞ്ഞിരിക്കുന്നെ..അടങ്ങിയൊതുങ്ങി ഇരുന്നാൽ കൊള്ളാം…മക്കൾക്ക് നാണക്കേട് ഉണ്ടാക്കാൻ..””

അയാൾ ദേഷ്യത്തോടെ എണീറ്റു.. മുഖം ചുവന്നു..അവളുടെ ദയനീയ നോട്ടം കണ്ടപ്പോൾ മറുപടി പറയാനായ് വന്ന വാക്കുകൾ കടിച്ചമർത്തി…

“”പെണ്ണേ 50 വർഷം മുൻപ് നിന്റെ വീട്ടുകാർക്ക് മുന്നിൽ നിന്ന് നിന്നെ വിളിച്ചിറക്കിയ ഞാൻ ഇപ്പോൾ വീണ്ടും വിളിക്കുന്നു..പോറ്റാനുള്ള ചങ്കുറപ്പ് ഇപ്പോഴുമുണ്ട്..ആ പഴയ കൂരയിലേക്ക് പോരുന്നോ..??””

അയാൾക്കൊപ്പം പടിയിറങ്ങുമ്പോൾ പണ്ട് ആ വളക്കച്ചവടക്കാരനൊപ്പം ഇറങ്ങിയ പഴയകുറുമ്പി പെണ്ണ് തന്നെയാണവൾ എന്നവൾക്കു തോന്നി…

സ്നേഹത്തോടെ….Nitya Dilshe