വളപ്പൊട്ടുകൾ ~അവസാനഭാഗം (09), എഴുത്ത്: ദീപ്‌തി പ്രവീൺ

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

ലക്ഷ്മിക്ക് ഒരുപാട് പ്രായം ആയതുപോലെ..

ഒരു കണക്കിന് താനാണ് എല്ലാത്തിനും കാരണം…ദേവന്റെ മരണത്തിനും ലക്ഷ്മിയുടെ ഈ അവസ്ഥയ്ക്കും എല്ലാം…

തന്റെ ജീവിതം കൈവിട്ടു പോയ തീരുമാനങ്ങള്‍ …ഹരി കണ്ണുകള്‍ മുറുകെ അടച്ചു…..

ലക്ഷ്മി കണ്ണ് തുറക്കുമ്പോള്‍ ഹരി തലയില്‍ കൈയ്യും താങ്ങി അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു….. ആ കണ്ണുകള്‍ പെയ്തിറങ്ങുന്നത് കൈകളില്‍ ചാലുകള്‍ തീര്‍ത്തത് കണ്ടിട്ടും കാണാത്ത മട്ടില്‍ കണ്ണടച്ചു കിടന്നു…

ആരുടെയും പശ്ചാത്താപവും സഹതാപവും തനിക്കു വേണ്ട… അതൊക്കെ അര്‍ഹിക്കുന്ന സമയത്ത് ആരും തന്നിട്ടില്ല.. ലക്ഷ്മിയുടെ ഉള്ളില്‍ വാശിയോടെ ഓര്‍ത്തു…

ഹരിയേട്ടന്‍ പാവമാണ്‌.. അറിയാം.. പക്ഷേ ഹരിയേട്ടന്‍ മാത്രമാണ് എല്ലാത്തിനും കാരണം…

” അമ്മ ഉണര്‍ന്നാല്‍ വീട്ടിലേക്ക് കൊണ്ടു പോകാം അച്ഛാ…. പിന്നെ അടുത്താഴ്ച അഡ്മിറ്റാക്കണം… ”

ആകാശിന്റെ ശബ്ദത്തിലെ ഇടര്‍ച്ച ശ്രദ്ധിച്ചു കൊണ്ടാണ് ലക്ഷ്മി കണ്ണു തുറന്നത്……

” എനിക്കു എന്തു പറ്റി മോനേ.. ” നിര്‍വികാരമായ ചോദ്യം കേട്ട് ആകാശ് ഒന്നു നിശബ്ദമായി…

” അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ല.. നമുക്കു വീട്ടില്‍ പോകാം..ബാ.. ”

കൊച്ചു കുഞ്ഞുങ്ങളെ പോലെ ചേര്‍ത്തു പിടിച്ചു ആകാശ് ഉയര്‍ത്തുമ്പോള്‍ കിടക്കയില്‍ നിന്നും പതിയെ പൊങ്ങി…. മറുവശത്ത് ചേര്‍ത്തു പിടിച്ചു ഹരിയും കൂടെ ചേര്‍ന്നപ്പോള്‍ ലക്ഷ്മിക്ക് എതിര്‍ക്കാന്‍ കഴിഞ്ഞില്ല… ലക്ഷ്മിയുടെ ശാരീരികാവസ്ഥയും മോശമായിരുന്നു…

അടുത്ത ദിവസം നന്ദന വന്നു അമ്മയെ പരിചരിച്ചു.. ”’ എനിക്കു ഇന്നു തന്നെ പോകാതെ പറ്റില്ല അമ്മേ….. ” വിഷമത്തോടെ നന്ദന പറഞ്ഞു..

” അതൊന്നും സാരമില്ല മോളേ…അമ്മയ്ക്ക് ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ലല്ലോ.. മോള് പോയിക്കോ.. അല്ലെങ്കിലും എത്ര ദിവസം മോള്‍ക്ക് കൂടെ നില്‍ക്കാനാവും.. ” നന്ദനയെ തലോടി ആശ്വസിപ്പിച്ചു….

നന്ദന പോയതോടെ ലക്ഷ്മി വീണ്ടും സ്വയം തീര്‍ത്ത ഇരുട്ടറയിലേക്ക് ഒതുങ്ങി.. ജീവിതം ഏതൊക്കെയോ വേഷം കെട്ടിച്ചു ഒടുവില്‍ ഇങ്ങനെ ഇരുട്ടറയില്‍ ഒതുക്കിയെല്ലോന്നു പരിഭവിച്ചു… ദേവനെ കെട്ടുന്നതിന് മുന്‍പുവരെയുള്ള ജീവിതം എത്ര ശാന്തമായിരുന്നെന്നു ആലോചിച്ചു.. ഹരിയേട്ടന്‍ എത്ര പ്രിയത്തോടെയാണ് ചേര്‍ത്തു പിടിച്ചിരുന്നത്…. ഏതോ മോശ സമയത്ത് എടുത്ത തീരുമാനം ആയിരിക്കാം …പക്ഷേ അനുഭവിച്ചത് മുഴുവന്‍ താനല്ലേ..

” ലക്ഷ്മി ..”

മുറിയുടെ പുറത്തു ഹരിയേട്ടന്റെ ശബ്ദം കേട്ട് ലക്ഷ്മി ചുറ്റുപാടും നോക്കി.. ചുറ്റും ഇരുട്ടാണ്‌…… ഭൂമി മുഴുവന്‍ അന്ധകാരം മൂടിയിരിക്കുന്നു… പുറത്ത് രാത്രിയാണോ പകലാണോ…? അതോ താന്‍ വേറേതോ ലോകത്താണോ….?

” താന്‍ എന്താ ഇരുട്ടത്ത് ഇരിക്കുന്നത്.. ” ഭിത്തിയിലെ സ്വിച്ച് ബോര്‍ഡ് തപ്പിയെടുത്ത് ലൈറ്റ് ഇട്ടുകൊണ്ട് ഹരി ചോദിച്ചു… കഞ്ഞിയും ആയി വന്നതാണ് ..

ലക്ഷ്മി ഹരിയെ ഒന്നു നോക്കി… കഞ്ഞിക്ക് ആയി കൈകള്‍ നീട്ടി..

” ഞാന്‍ കോരിത്തരാം.. ”

ചെറിയ ടേബിള്‍ കട്ടിലിനു അടുത്തേക്ക് നീക്കി വെച്ചു അതിന്റെ പുറത്തേക്ക് കറിപാത്രം വെച്ചു കൊണ്ട് ഹരി പറഞ്ഞു..

ലക്ഷ്മി എതിര്‍ക്കാതെ നിലത്തേക്ക് നോക്കിയിരുന്നു..

മൗനമായി ആ കഞ്ഞി മുഴുവനും ഹരി ലക്ഷ്മിക്ക് കോരി കൊടുത്തു.. വാ കഴുകി മരുന്നു കൊടുത്തു….

” ലക്ഷ്മി … എല്ലാത്തിനും കാരണം ഞാനാണ്..നിഷേധിക്കുന്നില്ല…. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു..

നിന്നെ ആരൊക്കെ തള്ളി പറഞ്ഞാലും അവസാനശ്വാസം വരെ ഞാനുണ്ട്.. ഞാന്‍ ഉള്ളിടത്തോളം നീ ഒരിക്കലും ഒറ്റപെട്ടു പോകില്ല…

എവീടെ വേണമെങ്കിലും കൊണ്ടു പോയി ചികിത്സിക്കും.. ഞാന്‍ നിന്നെ പൊന്നുപോലെ നോക്കികൊള്ളാം .. നീ വിഷമിക്കരുത്….” .അയാളുടെ വാക്കുകള്‍ ഇടറി..

അയാളെ നോക്കി എതിര്‍ത്തൊന്നും പറയാന്‍ തോന്നിയില്ല……. വെറുതെ ആ മുഖത്തേക്ക് നോക്കി കിടന്നു..

ആ മുഖവും ആകെ വാടിതളര്‍ന്നാണ് ഇരിക്കുന്നതെന്ന് അവര്‍ കണ്ടു.. എത്ര വര്‍ഷമായി ആ മുഖത്തേക്ക് ഇങ്ങനെ നോക്കിയിട്ട്..

കുറച്ചു നേരം കൂടി ലക്ഷ്മിയെ നോക്കി നിന്ന ശേഷം ഹരി പുറത്തേക്ക് പോയി..

ലക്ഷ്മി ലൈറ്റ് ഓഫാക്കി… അവര്‍ വെളിച്ചത്തെ ഭയന്നു…. ഇരുളിലെ കോലങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കു പൊട്ടിച്ചിരിക്കാന്‍ തോന്നി.. കഥയറിയാതെ കോലം കെട്ടിയ ജീവിതം തന്നെ നോക്കി പരിഹസിക്കുന്നു…..സമയവും കാലവും തനിക്ക് അന്യമായിരിക്കുന്നു… നാളെയെന്ന പ്രതീക്ഷ ഇല്ലാത്തവര്‍ക്ക് എന്തു സമയം ..എന്തു കാലം…..

അടുത്താഴ്ച ഹോസ്പിറ്റലില്‍ ചെന്നു അഡ്മിറ്റ് ആകണമെന്നാണ് ആകാശ് പറഞ്ഞത്‌… ജീവിതം ഇരുളടഞ്ഞവള്‍ക്ക് ജീവിക്കാന്‍ കൊതിയില്ലെന്ന് അവര്‍ക്കു അറിയില്ലല്ലോ..

ദേവന്റെയും ഹരിയുടെയും മുഖം മനസ്സില്‍ തെളിഞ്ഞു… സ്വാര്‍ത്ഥതയോടെ തന്റെ ജീവിതം പങ്കിട്ടവര്‍…… കൂടുതല്‍ മാനസികപീഢനം തന്നത് ദേവന്‍ ആണെങ്കിലും ഹരിയോടാണ് തന്റെ വെറുപ്പ് അധികവും എന്നു ഒന്നു കൂടി ഉറപ്പിച്ചു…. രണ്ടു പുരുഷന്‍മാരെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു വിശ്വസിച്ച വിഡ്ഢി… പുറത്തേക്ക് ഇറങ്ങി ഉച്ചത്തില്‍ അലറി പൊട്ടിച്ചിരിച്ചു നടക്കാന്‍ തോന്നി….

ആരുടെയും ദയവ് വേണ്ട… എല്ലാവരുടെയും സ്വാര്‍ത്ഥതയുടെ ബാക്കിപത്രമായി അവര്‍ക്കു മുന്നില്‍ അവശേഷിക്കാനും വയ്യ…

ചില തെറ്റുകള്‍ക്ക് കാലം പോലും മാപ്പു നല്‍കില്ല…..

സമയം എത്രയായെന്നു പിടിയില്ല.. പഴയ ഒരു ബാഗില്‍ ഒന്നു രണ്ടു തുണിയെടുത്തു .. അലമാരയുടെ മൂലയില്‍ എപ്പോഴോ എടുത്തു വെച്ചിരുന്ന ചെറിയ പേഴ്സിലെ ചുളിവുകള്‍ വീഴാത്ത നോട്ടുകള്‍ ഒന്നു നോക്കി ആ പേഴ്സും തുണിയിലേക്ക് തിരുകി വെച്ചു പതിയെ പുറത്തേക്ക് ഇറങ്ങി… ,പിന്‍വാതിലില്‍ കൂടി ഇറങ്ങുമ്പോള്‍ ജോലിക്കാരി ഹാളിലേക്ക് പോകുന്നുണ്ടായിരുന്നു..

ചെറിയ നിലാവിന്റെ മറപറ്റി പറമ്പിലൂടെ റോഡിലേക്ക് നടക്കുമ്പോള്‍ സന്ധ്യ മയങ്ങിയിട്ടേയുള്ളു എന്നു തോന്നി..

റെയില്‍വേ സ്റ്റേഷന് ആയിരുന്നു ലക്ഷ്യം..

ഹരിയേട്ടന്റെ സാമീപ്യം അത്രത്തോളം ഈര്‍ഷ്യകേടാണ്…. ആ മനുഷ്യന്‍ ഇത്രകാലം ഒറ്റക്കായിരുന്നു.. ഇനിയെങ്കിലും മറ്റൊരു ജീവിതം തേടുന്നെങ്കില്‍ ആവട്ടെ…

” എന്റെ സ്നേഹം നിന്നോടുള്ള സമര്‍പ്പണം ആണ് ലക്ഷ്മി … ”

ഹരിയേട്ടന്‍റെ വാക്കുകള്‍ ചുറ്റും അലയടിക്കുന്നു…

” ഒരിക്കല്‍ നീ എന്നെ തിരിച്ചറിഞ്ഞാല്‍ അതുമാത്രം മതിയെനിക്ക്…”

ഇല്ല ഹരിയേട്ടാ… എനിക്കു ഒരിക്കലും നിങ്ങളെ തിരിച്ചറിയാന്‍ കഴിയില്ല… ഒരിക്കലും നിങ്ങളോട് ക്ഷമിക്കാനും കഴിയില്ല.. ഈ ജീവിതത്തില്‍ നിങ്ങള്‍ എത്രത്തോളം സന്തോഷം തന്നോ..അതിന്റെ എത്രമോ മടങ്ങ് ഇരട്ടി സങ്കടം തന്നു… എന്റെ മകന്‍ പോലും എന്റെ മുഖത്തു നോക്കി പി ഴച്ചവളെന്നു വിളിക്കാന്‍ കാരണം നിങ്ങളാണ്‌. നിങ്ങളുടെ പിടിവാശിയാണ്…

എനിക്കു നിങ്ങളുടെ ദയവ് വേണ്ട.. സഹതാപവും പശ്ചാത്താപവും വേണ്ട…അതൊന്നും എന്റെ നഷ്ടങ്ങള്‍ക്കോ അനുഭവങ്ങള്‍ക്കോ പകരം ആകില്ല….

” അമ്മേ.. എന്തു പറ്റി.. ”’

ഇന്നലെ രാത്രിയില്‍ കണ്ട ചെറുപ്പക്കാന്‍ പയ്യനാണ്….

” ഞാന്‍ അമ്മയെ രാവിലെ വീളിക്കാന്‍ വന്നതാണ്..അപ്പോഴാ എന്തൊക്കെയോ പറഞ്ഞു കരയുന്നത് കണ്ടത്.. ”

അപ്പോളാണ് താന്‍ കരയുകയായിരുന്നൂന്ന് ലക്ഷ്മി ശ്രദ്ധിച്ചത്.. പെട്ടെന്ന് സാരിയുടെ തുമ്പ് ഉയര്‍ത്തി മുഖം അമര്‍ത്തി തുടച്ചു..

” ഉറക്കത്തില്‍ അറിയാതേ…” ബാഗ് എടുത്തു അടുക്കി പിടിച്ചു …

” രാവിലത്തെ ട്രെയിന്‍ ഇപ്പോള്‍ വരും.. എന്റെ ഡ്യൂട്ടി തീര്‍ന്നു..പോകും മുന്‍പ് അമ്മയെ വിളിക്കാന്‍ വന്നതാ..പോട്ടെ…”

പുഞ്ചിരിയോടെ ആ പയ്യന്‍ പറഞ്ഞപ്പോള്‍ തിരികെ ഒരു ചിരിയും കൊടുത്തു കൈകള്‍ കൂപ്പി…

ഫ്ലാറ്റ് ഫോം ഉണര്‍ന്നു തുടങ്ങിയിരുന്നു .. കച്ചവടക്കാര്‍ അവരുടെ ജോലീകള്‍ ആരംഭിച്ചു യാത്ര പോകാനൂള്ള ചിലര്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നു..

ലക്ഷ്മി കൗണ്ടറിന് അരുകിലേക്ക് ചെന്നു.. തന്നെ തേടി ആരെങ്കിലും വരും മുന്‍പ് പോകണം…. രണ്ടുമൂന്നു പേര്‍ക്ക് പുറകില്‍ നില്‍പ്പുറപ്പിച്ചു….

ടിക്കറ്റുമായി വരുമ്പോള്‍ അകലെ നിന്നും തീവണ്ടിയുടെ ചൂളം വിളി കേട്ടു… ,

തീവണ്ടി വന്നു നിന്നപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ലക്ഷ്മി ഒന്നു പുറകിലേക്ക് പോയി…

മറ്റു യാത്രക്കാരോടൊപ്പം ഒടുവില്‍ ഒരു വിധം തീവണ്ടിയില്‍ കയറിയതും തീവണ്ടി ചലിച്ചു തുടങ്ങി…

വീട്ടാനാവാത്ത കടങ്ങളെ ചേര്‍ത്തുപിടിച്ചൊരു യാത്ര….

അവസാനിച്ചു….