പതിമൂന്ന് വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യനെങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപെട്ടു…

കൂലി

Story written by PRAVEEN CHANDRAN

പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായവും മറ്റു മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപെടുന്നത്..

പതിമൂന്ന് വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യനെങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപെട്ടു…

“ഇവനെക്കൊണ്ട് ഇതൊക്കെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലടോ.. തന്നെയുമല്ല ആകെ പതിമൂന്ന് വയസ്സും ആയിട്ടുള്ളൂ.. വല്ലോരും അറിഞ്ഞാ ബാലവേല ചെയ്യിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കും.. വേറെ ആരെയെങ്കിലും നോക്കാം ” ബ്രോക്കറോടായി അദ്ദേഹം പറഞ്ഞു..

“ഒരു പ്രശ്നവുമുണ്ടാവില്ല.. നല്ല പയ്യനാണ് സാറേ.. സാറൊരു അവസരം കൊടുക്കാണെങ്കിൽ അവന്റെ കുടുംബത്തിന് ആശ്വാസമാകും.. ഒരു കുടുംബം പട്ടിണി ആവുന്നതിലും ഭേദമല്ലേ? തന്നെയുമല്ല അവൻ പതിനയ്യായിരം രൂപയേ വാങ്ങിക്കുന്നുള്ളൂ..”

ബ്രോക്കർ പറഞ്ഞത് കേട്ട് അദ്ദേഹത്തിന് അത്ഭുതമായി… സാധാരണ പ്രസവം കഴിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് സ്ത്രീകൾ അമ്പതിനായിരം വരെ വാങ്ങിക്കുന്നുണ്ട്.. ആ സമയത്താണ് പതിനയ്യായിരം രൂപയ്ക്ക് ഒരു പയ്യൻ ചെയ്യാമെന്ന് പറയുന്നത്.. കഴിഞ്ഞ രണ്ട് കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ നോക്കാനായി പോയത് കൊണ്ടാണ് പറ്റിയ ഒരാളെ അന്വേഷിച്ച് അദ്ദേഹം ഇറങ്ങിയത് തന്നെ..

മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അദ്ദേഹം അതിന് സമ്മതം മുളുകയായിരുന്നു.. അവന് അഡ്വാൻസായി ആയിരം രൂപ നൽകിയതിന് ശേഷം അദ്ദേഹം വിട്ടിലേക്ക് മടങ്ങി..

ഭാര്യയോട് കാര്യങ്ങൾ അവതരിപ്പിച്ചതും അദ്ദേഹം പ്രതീക്ഷിച്ചത് പോലെ അവൾ അതിനെ എതിർക്കുകയാണ് ചെയ്തത്..

“എന്തിനാ രമേശേട്ടാ ഈ മണ്ടത്തരം കാട്ടിയത്.. നമ്മൾ കണ്ടതല്ലേ കനകേച്ചി എത്ര കഷ്ടപെട്ടാ ണ് അനുമോളേയും ചിണ്ടൂനേം നോക്കിയതെന്ന്.. അത് നല്ല വശം ഉള്ളവരെക്കൊണ്ടേ സാധിക്കൂ.. കുഞ്ഞാണ് നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ ആപത്താണ്… വെറുതെ ഓരോ വയ്യാവേലികൾ എടുത്ത് തലയിൽ വയ്ക്കാതെ ആ ആയിരം രൂപ പോണെങ്കിൽ പൊട്ടെ അവനോട് വരണ്ടാന്ന് പറ..”

അവൾ പറഞ്ഞത് കേട്ട് അദ്ദേഹത്തിനും സംശയമായി..

“നീ പറഞ്ഞത് തന്നെയാ ഞാനും ബ്രോക്കറോട് പറഞ്ഞത്.. പക്ഷെ അയാൾ പറയുന്നത് അവൻ ഒരു വർഷമായി ഇങ്ങനെ പോകുന്നുണ്ടത്രേ.. ഒരിടത്ത് നിന്നും ഒരു പരാതിയും കിട്ടിയിട്ടില്ലാന്ന്.. എല്ലാവരും അവന്റെ ജോലി ഇഷ്ടപെട്ട് റെക്കമ ന്റ് ചെയ്യാറുണ്ടത്രേ.. തന്നെയുമല്ല ഇത് മൂലം അവന്റെ കുടുംബത്തിന് ഒരാശ്വാസം ആകുമെന്ന് വിചാരിച്ചാ ഞാനും..” അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ അവൾക്കും അത്ഭുതമായി..

“ഉം.. എന്തായാലും നാളെ മുതൽ വരുമല്ലോ.. നമുക്ക് നോക്കാം.. പറ്റിയില്ലേൽ നാളെ തന്നെ പറഞ്ഞുവിടുംട്ടോ.. വേറെ ഒരാളെക്കൂടെ നോക്കിവച്ചോ അപ്പോഴേക്കും…” അവൾ പറഞ്ഞതിന് ശരിയെന്ന അർത്ഥത്തിൽ അദ്ദേഹം തലകുലുക്കി…

പിറ്റെ ദിവസം അതിരാവിലെ തന്നെ കോളിംഗ് ബെൽ ഒച്ചകേട്ടാണ് അദ്ദേഹം ഉണർന്നത്.. ഉറക്കച്ചടവോടെ വാതിൽ തുറന്ന് നോക്കിയപ്പോൾ അതവനായിരുന്നു..

“ആകാശ്” അതാണ് അവന്റെ പേര്.. അല്പം തടിച്ച് ഉയരം കുറഞ്ഞ ഒരു പയ്യൻ..അവന്റെ മുഖത്തെ നിഷ്ക്കളങ്കഭാവം അദ്ദേഹത്തെ ആകർഷിച്ചു..

അദ്ദേഹം അവനെ അകത്തേക്ക് ക്ഷണിച്ചു.. ഇരിക്കാൻ പറഞ്ഞെങ്കിലും അവൻ ഇരിക്കാൻ കൂട്ടാക്കിയില്ല.. അവനേയും കൂട്ടി അദ്ദേഹം അവളുടേയും കുഞ്ഞിന്റെയും അരികിലേക്ക് പോയി..

അവനെക്കണ്ടതും കരഞ്ഞ് കൊണ്ടിരുന്ന കുഞ്ഞ് കരിച്ചിൽ നിർത്തി.. കയ്യിലുള്ള ബാഗ് നിലത്ത് വച്ച് വാത്സല്ല്യത്തോടെ അവൻ ആ കുഞ്ഞിനെ തലോടി… ആ കവിളിൽ ഒരുമ്മ കൊടുത്തു..

അത് കണ്ടപ്പോഴേ അവൾക്ക് പകുതി ആശ്വാസമായി.. പയ്യൻ കൊള്ളാമല്ലോ എന്ന് അവർക്ക് തോന്നി…

തുടർന്ന് അവൻ അവന്റെ ജോലികൾ ആരംഭിച്ചു..

അവർക്ക് വിശ്വസിക്കാനാവുന്നതിലും അപ്പുറമാ യിരുന്നു അന്നവിടെ നടന്നത്.. ഒരു പയ്യനിൽ നിന്ന് ഇത്രയും അവർ പ്രതീക്ഷിച്ചില്ലായിരുന്നു.. ഒരുപാട് കാലത്തെ പ്രവൃത്തി പരിചയമുള്ളവരേക്കാൾ കരുതലോടെയും വൃത്തിയായും അവൻ കുഞ്ഞി ന്റെ ഓരോ കാര്യങ്ങളും ഒരു മടിയും കൂടാതെ ചെയ്യാൻ തുടങ്ങി… കുഞ്ഞിനെ കുളിപ്പിക്കുക എന്നതാണ് ഏറ്റവും ശ്രമകരമെങ്കിലും അവനത് ഭംഗിയായി ചെയ്തു…

അവൾക്ക് വേണ്ട കഷായക്കൂട്ടുകളും മറ്റും വൈദ്യന്മാരേക്കാൾ വൈദഗ്ദ്ധ്യത്തോടെ അവൻ തയ്യാറാക്കി.. അത് അവളെ കുടിപ്പിക്കുകയും ചെയ്തു.. ഒരു ദിവസം കൊണ്ട് തന്നെ അവന്റെ ആത്മാർത്ഥതയും ജോലിയിലുള്ള നൈപുണ്യവും അവർക്ക് മനസ്സിലായി..

കുറച്ച് ദിവസങ്ങൾക്കകം തന്നെ അവനാ കുടുംബത്തിലെ ഒരംഗം പോലെ ആയി.. സാധാരണ ആളുകളെപ്പോലെ കുട്ടീടെ കാര്യം മാത്രം അല്ല അവൻ നോക്കിയിരുന്നത്.. മറ്റ് രണ്ട് കുട്ടികളുടേയും കാര്യങ്ങളും വീടും മുറിയും വൃത്തിയാക്കലും അവൻ ചെയ്തിരുന്നു..

അത് കണ്ടപ്പോൾ അവർക്ക് ഒരുപാട് സന്തോഷം തോന്നി.. എങ്ങനെയാണ് അവനിതൊക്കെ ചെയ്ത് പഠിച്ചത് എന്ന് ഒരിക്കൽ അവൾ അവനോട് ചോദിച്ചു..

അത് കേട്ടപ്പോൾ അവനൊന്ന് പുഞ്ചിരിച്ചു..

“ഞങ്ങളുടെ വീട് തുരുത്തിനപ്പുറമുള്ള ചേരിയിലാ ണ് ചേച്ചി.. അച്ഛൻ എന്നും കുടിച്ച് ബോധം ഇല്ലാതെ ആണ് വീട്ടിൽ വന്നിരുന്നത്.. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ വീട്ടിലേക്ക് കുഞ്ഞാവ വരുന്നത്.. അച്ഛന്റെ കൈയിൽ പൈസ ഇല്ലാടന്നത് കൊണ്ട് അമ്മയെ നോക്കാൻ അപ്പുറത്തെ വീട്ടിലെ ചേച്ചിയാണ് വന്നിരുന്നത്.. അവർ കുഞ്ഞാവയെ കുളിപ്പിക്കുന്നതും അമ്മയ്ക്ക് കഷായമുണ്ടാക്കുന്നതും എല്ലാം ഞാൻ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു.. അങ്ങനെ ഒരു പെട്ടെന്ന് അവർക്ക് പനി പിടിച്ച് വരാതായതോടെ കുഞ്ഞാവയെ നോക്കാൻ ആരുമില്ലാതെയായി.. അങ്ങനെയാണ് ആ ജോലി ആദ്യമായ് ഞാനേറ്റെടുത്തത്.. അമ്മ ആദ്യം എതിർത്തെങ്കിലും പിന്നെ മറ്റാരും ഞങ്ങൾക്കി ല്ലാത്തതോണ്ട് അമ്മ പിന്നെ ഒന്നും പറഞ്ഞില്ല… ആദ്യം ഒക്കെ കുറച്ച് അബദ്ധം പറ്റിയെങ്കിലും പിന്നെ പിന്നെ ശരിയായി എല്ലാം.. ആരും ഇല്ലാന്ന് മനസ്സിലായാ പിന്നെ നമുക്ക് എല്ലാം തന്നെ ചെയ്യാന്നേ… “

അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു… ഈ കുഞ്ഞുപ്രായത്തിൽ എത്ര പക്വതയോടെയാണ് അവൻ സംസാരിക്കുന്നത്.. ജീവിതം തന്നെയാണ് ഏറ്റവും വലിയ പാഠം..

“കുറച്ച് നാളുകൾക്ക് ശേഷം അച്ഛൻ മരിച്ചു.. അമ്മയ്ക്ക് കാൻസർപിടിപെട്ടു… അതോടെ കുടുംബം പട്ടിണിയിലായി.. ബ്രോക്കർ വിനോദേട്ടനാണ് ഞങ്ങളുടെ വീട്ടിലെ ദയനീയ അവസ്ഥ കണ്ട് എനിക്ക് ഒരു വീട്ടിൽ ജോലി ശരിയാക്കി തന്നത്.. അവിടത്തെ കുട്ടിയെ നോക്കിയാണ് ഞാനാദ്യം തുടങ്ങിയത്.. അവർക്ക് ഇഷ്ടപെട്ടതോടെ മറ്റുപലയിടങ്ങളിൽ നിന്നും വിളിക്കാൻ തുടങ്ങി.. എല്ലായിടത്തും രഹസ്യമാ യാണ് പോകാറുള്ളത്.. പുറത്തധികം അറിഞ്ഞാ ഉള്ള കഞ്ഞികുടി മുട്ടുമെന്നറിയാം.. “

അവൻ പറഞ്ഞതെല്ലാം അത്ഭുതത്തോടെ അവൾ കേട്ട് നിന്നു…

ഈ വിവരങ്ങൾ അവൾ അദ്ദേഹത്തോടും കൂടെ അവതരിപ്പിച്ചു.. അദ്ദേഹത്തിനും ആശ്ചര്യമായി രുന്നു അത് കേട്ടപ്പോൾ…

അങ്ങനെ അവന്റെ അവസാനത്തെ ദിവസത്തെ ജോലിയും ഭംഗിയായി നിർവ്വഹിച്ച് പോകാൻ നേരം അയാൾ അവന് അമ്പതിനായിരം രൂപ കൊടുത്തുകൊണ്ട് പറഞ്ഞു..

“ഇത് നിനക്ക് ഞങ്ങളുടെ വക എക്സ്ട്രാ പൈസ യായി കരുതണ്ട.. നീ ചെയ്യുന്ന ജോലിക്ക് അർഹതപ്പെട്ട വരുമാനമാണത്.. ഒരു പക്ഷെ നീ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ ഇത് മറ്റാർക്കെ ങ്കിലും കൊടുക്കുമായിരുന്നു.. ഇത് ഞങ്ങൾ സന്തോഷത്തോടെ തരുന്നതാ..”

അദ്ദേഹം പറഞ്ഞത് കേട്ട് പുഞ്ചിരിച്ചുകൊണ്ട് അവൻ അതിൽ നിന്ന് പതിനയ്യായിരം എടുത്ത് ബാക്കി തിരിച്ച് കൊടുത്തു…

“അത് വേണ്ട സാറേ… സാറിന്റേന്ന് ഈ പൈസ വാങ്ങിയാൽ അത് പലരും അറിയും അത് പിന്നീടുള്ള എന്റെ ജോലിയെ ബാധിക്കും.. ഇപ്പോ തന്നെ സാറ് എന്നെ വിളിച്ചത് ഞാൻ പതിനയ്യായി രം വാങ്ങിക്കുള്ളൂ എന്നറിഞ്ഞ് കൊണ്ടല്ലേ? അല്ലെങ്കിൽ സാറെന്നെ പരീക്ഷിച്ച് നോക്കുമായി രുന്നോ? ഞാനമ്പതിനായിരം വാങ്ങിക്കുമെന്ന് അറിഞ്ഞാ ആരും എന്നെ വിളിക്കാതെ ആവും.. ഒന്നും വിചാരിക്കരുത്… പറ്റുമെങ്കിൽ മറ്റാർക്കെ ങ്കിലും ഇത് പോലെ ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മാത്രം മതി….”

അതും പറഞ്ഞ് സഞ്ചിയും തൂക്കി അവൻ നടന്ന് പോകുന്നത് കണ്ട് അവർ ആശ്ചര്യത്തോടെ നോക്കി നിന്നു…

പ്രവീൺ ചന്ദ്രൻ