എത്ര രാത്രികൾ നിങ്ങൾക്കു വേണ്ടി എന്റെ ശരീരം പോലും ഞാൻ തന്നു. അതൊക്കെ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമായിരുന്നു…

Story written by RIVIN LAL

ടി ടി ആറുടെ തട്ടൽ കേട്ടപ്പോളാണ് ഞാനൊരു മയക്കത്തിൽ നിന്നും ഉണർന്നത്.

ടിക്കറ്റ്..??? ടി ടി ആർ ചോദിച്ചു.

മൊബൈലിൽ നിന്നും ഓൺലൈൻ ട്രെയിൻ ടിക്കറ്റിന്റെ കോപ്പി ഞാൻ കാണിച്ചു കൊടുത്തു.

ഐഡി.?? ടി ടി ആർ വീണ്ടും ചോദിച്ചു.

ഞാൻ ആധാർ കാർഡ് കാണിച്ചു കൊടുത്തു. അതും നോക്കി ടി ടി ആർ തിരിച്ചു പോയി.

ഞാൻ വീണ്ടും എ സി കംപാർട്മെന്റിലെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കിയിരുന്നു. സന്ധ്യ കഴിഞ്ഞതിനാലാവണം പുറത്തേക്കു നോക്കിയിട്ടു ഒന്നും കാണാൻ പറ്റുന്നില്ല. മഴയും നന്നായി പെയ്തു തുടങ്ങി. ഗ്ലാസ്സിൽ മഴത്തുള്ളികൾ പറ്റുന്നതു ഞാൻ ശ്രദ്ധിച്ചു.

മുംബൈ എത്തണം. ഇനിയും ഒരുപാട് പോകാനുണ്ട്. ഞാൻ ജാക്കറ്റ് എടുത്തിട്ടു ട്രെയിനിന്റെ വാതിലിനു അരികിലേക്ക് നടന്നു. പുറത്തേക്കു നോക്കിയപ്പോൾ നല്ല തണുത്ത കാറ്റ്. ട്രെയിൻ നല്ല സ്പീഡിലാണ് പോകുന്നത്. വാതിലിന്റെ അടുത്തുള്ള വാഷ് ബേസിൽ നിന്നും ഞാൻ മുഖം കഴുകി കണ്ണാടിയിൽ നോക്കി. മുഖം തുടച്ചു പിന്നിലേക്കു തിരിഞ്ഞതും ഞാൻ ഒരു നിമിഷം ഞെട്ടിപോയി.!

തൊട്ടു പിന്നിൽ ബെല്ല നിൽക്കുന്നു. ഇസബെല്ല. ഒരു കാലത്തു എന്റെ ആരൊക്കെയോ ആയിരുന്ന ബെല്ല.

അവളും മുഖം കഴുകാൻ വന്നതായിരുന്നു.

വർഷം ആറു കഴിഞ്ഞിട്ടും ആ മുഖം എനിക്ക് പെട്ടെന്നു ഓർമ വന്നു. എന്നെ ഒരു കാലത്തു ഭ്രാന്ത് പിടിപ്പിച്ചിരുന്ന അവളുടെ ചിരി.. കണ്ണുകൾ.. ഒരായുസിയിലേക്കുള്ള കഥകൾ ഒരു നിമിഷം കൊണ്ട് ഞാൻ ഓർത്തു പോയി. എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അവളും പെട്ടെന്ന് വല്ലാണ്ടായി. കണ്ട ഞെട്ടൽ ഭാവം മറയ്‌ക്കാൻ അവൾ മുഖം തിരിച്ചു എന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഞാൻ മുന്നിൽ നിന്നതിനാലാവണം അവൾക്ക് വാഷ് ബേസിന്റെ അടുത്തേക്കുപോകാൻ കഴിഞ്ഞില്ല.

“എക്സ്ക്യുസ് മീ.!!” അവൾ മാറി തരാൻ മാന്യതയോടെ പറഞ്ഞു.

ഞാൻ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ മാറിക്കൊടുത്തു.അവൾ മുഖം കഴുമ്പോളും കണ്ണാടിയിലൂടെ എന്റെ മുഖം ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു.

മുഖം കഴുകി അവൾ സീറ്റിന്റെ അടുത്തേക് പോകാനൊരുങ്ങി.

ഞാൻ മുന്നിൽ കൈ കൊണ്ട് അവളെ തടഞ്ഞു. “ബെല്ലാ.!!”

“കൈ മാറ്റണം മിസ്റ്റർ. എനിക്ക് പോകണം.!” അവളുടെ സംസാരത്തിൽ ഞാൻ അവൾക്ക് ശരിക്കും അപരിചിതനാണെന്ന് എനിക്ക് തോന്നി.

“ബെല്ലാ.. ഞാൻ.!” ഞാൻ തുടങ്ങാൻ ശ്രമിച്ചു.

“എന്താ നിങ്ങളുടെ ഉദ്ദേശ്യം. മാറണം മിസ്റ്റർ. അല്ലേൽ ഞാൻ യാത്രക്കാരെ വിളിച്ചു കൂട്ടും.!!” അവൾ കടുപ്പമായി പറഞ്ഞു.

“ബെല്ലാ.. എനിക്ക് ബെല്ലയോട് സംസാരിക്കണം.!! ഞാൻ പറഞ്ഞു.

“എനിക്കൊന്നും കേൾക്കണ്ട.!!” അവളുടെ മറുപടി പെട്ടന്നായിരുന്നു.

“എന്തിനാ ബെല്ലാ നിനക്ക് എന്നോട് ഇത്ര ദേഷ്യം. ഞാൻ നിന്നെ എന്നും ഒരുപാട് സ്നേഹിച്ചിട്ടല്ലേ ഉള്ളൂ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും നിനക്ക് പഴയ ദേഷ്യവും വെറുപ്പും ഒന്നും മാറിയില്ലേ.??” ഞാൻ ചോദിച്ചു.

“സ്നേഹം.!!” ആ വാക്കിന്റെ അർത്ഥം നിങ്ങൾക്കറിയാമോ.?? നിങ്ങളതിന് ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ.?? സ്നേഹിച്ചാലല്ലേ അതിന്റെ അർത്ഥം മനസിലാകൂ.

ഞാൻ ഒന്നും മറന്നിട്ടില്ല. എന്നോട് നിങ്ങൾ ചെയ്തതൊന്നും എനിക്ക് മറക്കാൻ കഴിയില്ല. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്‌തെന്ന നീ പറഞ്ഞു വരുന്നത്.??” ഞാൻ ചോദിച്ചു.

എന്താ ചെയ്തതെന്നോ.? ഇരുപത്തി മൂന്നാം വയസിൽ എനിക്ക് തോന്നിയ ഒരു മണ്ടത്തരം. അതായിരുന്നു നിങ്ങൾ. അതിനു പകരം എനിക്ക് വെക്കേണ്ടി വന്നത് എന്റെ ജീവിതം തന്നെയായിരുന്നു. എല്ലാം മറന്നു ഞാൻ നിങ്ങളെ സ്നേഹിച്ചിരുന്നു അന്നൊക്കെ. കൂടെ കറങ്ങിയിട്ടുണ്ട്. ബൈക്കിലും കാറിലുമൊക്കെ പല തവണ. എന്തിന്.. എത്ര രാത്രികൾ നിങ്ങൾക്കു വേണ്ടി എന്റെ ശരീരം പോലും ഞാൻ തന്നു. അതൊക്കെ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമായിരുന്നു. വിശ്വാസം ഉള്ളത് കൊണ്ടായിരുന്നു. ജീവിത കാലം മുഴുവൻ എന്റെ കൂടെ ഉണ്ടാകുമെന്നു ഞാൻ മോഹിച്ചു. എല്ലാം മണ്ടിയായ എന്റെ മണ്ടത്തരം.

അവസാനം ഞാൻ ഗർഭിണിയായി എന്നറിഞ്ഞപ്പോൾ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നിങ്ങൾ എന്നെകൊണ്ട് അത് ഒഴിവാക്കിപ്പിച്ചു. എന്നെ നിങ്ങൾക്ക് വീണ്ടും ഉപയോഗിക്കാനായിരിക്കണം ഇനി ഒരിക്കലും ഞാൻ ഗർഭിണിയാകാതിരിക്കാൻ നിങ്ങളുടെ സുഹൃത്തായ ഡോക്ടറെ കൊണ്ട് എന്റെ മാതൃത്വം ആ ഓപ്പറേഷനിലൂടെ എന്നന്നേക്കുമായി ഇല്ലാണ്ടാക്കി. എന്നിട്ട് എല്ലാം എന്നിൽ നിന്നും മറച്ചു വെച്ചു. അവസാനം എല്ലാം കൈ വിട്ടു പോകും എന്ന് കണ്ടപ്പോൾ എന്നെ നിങ്ങൾ ഒഴിവാക്കി വേറെ വിവാഹം കഴിക്കാനൊരുങ്ങി. എന്നെക്കാൾ സുന്ദരിയും പണക്കാരിയുമായ വേറെ ഒരുത്തിയെ കണ്ടപ്പോൾ ഞാൻ വെറും കറിവേപ്പിലയയല്ലേ നിങ്ങൾക്ക്.?

ആത്മാർത്ഥമായി സ്നേഹിച്ചതിനു എനിക്ക് തന്ന അവസാന സമ്മാനം. അല്ലെ മിസ്റ്റർ ദീപക് ദാസ്. എന്നിട്ട് ഇപ്പോളും ഞാൻ വെറുക്കാൻ പാടില്ലത്രേ. നാണമില്ലല്ലോ നിങ്ങൾക്കിത് പറയാൻ.

അവളുടെ വാക്കുകൾ തീച്ചൂള പോലെ എന്റെ നെഞ്ച് തുളച്ചു കയറി.

ഞാൻ എല്ലാം കേട്ടു നിന്നു.ഞാൻ മുഖം തിരിച്ചു പുറത്തേക്കു നോക്കി തിരിഞ്ഞു നിന്നു.

അവൾ പക്ഷെ മുഖം തിരിച്ചില്ല.

എന്താ ഒന്നും മിണ്ടാതെ മുഖം തിരിച്ചു നിൽക്കുന്നത്.?

ചെയ്തതൊക്കെ അബദ്ധമായി പോയി എന്ന കുറ്റബോധം വരുന്നുണ്ടോ. അത് പോലും നിങ്ങൾക്കു വരുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ മനസ് കല്ലാണ്. വേദനകളോ വികാരങ്ങളോ മാനസിലാകാൻ പറ്റാത്ത വെറും കരിങ്കല്ല്. അത് പറയുമ്പോളും അവളുടെ വാക്കുകളിൽ ദേഷ്യം വിട്ടു പോയിരുന്നില്ല. അത്രയും പറഞ്ഞു അവൾ കിതച്ചു കൊണ്ട് നിന്നു.

ഇരുട്ട് നന്നായി വീണു തുടങ്ങിയിരിക്കുന്നു. പുറത്തു കൂരാ കൂരിരുട്ട്. മഴ ശക്തിയായി പെയ്യുന്നുണ്ട്.

ഞാൻ എല്ലാം കേട്ടുകൊണ്ട് പുറത്തേക്കു തന്നെ നോക്കി നിന്നു.തണുത്ത കാറ്റു എന്റെ മുഖത്തേക്കു വീശിയടിച്ചു. ട്രെയിനിന്റെ സ്പീഡ് കൂടി കൊണ്ടേ ഇരുന്നു.

ബാഗിലെ എന്റെ കാൻസർ ചെക്കപ്പിന്റെ റിപ്പോർട്ട് എടുത്തു അവളുടെ മുഖത്തേക്കു വലിച്ചെറിഞ്ഞിട്ടു അറിഞ്ഞു കൊണ്ട് നിന്നെ ഞാൻ ചതിക്കാൻ ശ്രമിച്ചില്ലെടി എന്ന് പറയണമെന്ന് ഒരു നിമിഷം എനിക്ക് തോന്നി.

ഞാനും സ്നേഹിച്ചിരുന്നു. ഒരുപാടൊരുപാട്. മനസ്സും ശരീരവും പങ്കു വെച്ചിട്ടുണ്ട്. അതൊക്കെ ഒരിക്കൽ നീ എന്റെ സ്വന്തമാകും എന്നുറപ്പുള്ളത്ത് കൊണ്ട് തന്നെയായിരുന്നു ചെയ്തതും. എന്നാൽ ചെറു പ്രായത്തിൽ ഞാൻ കാരണം നീ വിധവയാകരുത് എന്ന് ഞാൻ ആഗ്രഹിച്ചു. അത് നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടായിരുന്നു.

എല്ലാം നഷ്ട്ടപെടും എന്ന് തോന്നിയപ്പോൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവാണെന്നു കള്ളം പറഞ്ഞു നിന്റെ മനസ്സിൽ എന്നോട് ഞാൻ വെറുപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു. അതൊരു തെറ്റായി ഇപ്പോളും എനിക്ക് തോന്നുന്നില്ല.

നിന്നെ മാത്രം ആത്മാർത്ഥമായി സ്നേഹിച്ചതിനാലാവണം കാലം ഇത്ര കഴിഞ്ഞിട്ടും ഇപ്പോളും മനസ്സിൽ ഇതു വരെ മറ്റൊരു പെൺകുട്ടി എന്റെ മനസിലേക്കോ ജീവിതത്തിലേക്കോ കടന്നു വരാത്തത്. ചികിൽസകളും മരുന്നുമായി ഇത്രയും വർഷം ജീവിച്ചു. ഇനിയെത്ര കാലം കൂടി എന്ന് മാത്രം ഇപ്പോളും അറിയില്ല.

ഇതെല്ലാം പറയണമെന്ന് എന്റെ മനസ്സ് പറയുകയല്ലാതെ ഞാൻ ഇതൊന്നും പറഞ്ഞില്ല അവളോട്. വെറുമൊരു നിശബ്ദത മാത്രമായിരുന്നു എന്റെ മറുപടി.

ഞാൻ ട്രെയിനിന്റെ വാതിലിൽ നിന്നും മുഖം തിരിച്ചു അവൾക്കഭിമുഖമായി നിന്നു.

“ബെല്ല.. എനിക്ക് പറയാനുള്ളതൊക്കെ നീയൊന്ന് ‌ ആദ്യം ക്ഷമയോടെ കേൾക്കണം. എന്നിട്ട് നീ എന്നെ എന്ത് വേണേലും പറഞ്ഞോളൂ. എനിക്ക് പറയാനുള്ള ഒരു സാവകാശം തരൂ.!” ഞാൻ പറഞ്ഞു.

“വേണ്ട മിസ്റ്റർ ദീപക്. നിങ്ങൾ ഒരു കൊടും ചതിയനാണ്. നിങ്ങളുടെ വാക്കുകൾ കേൾക്കാനുള്ള മനസിപ്പോൾ എനിക്കില്ല. നിങ്ങളുടെ പഴയ ബെല്ലയല്ല ഞാനിന്ന്. ആ ബെല്ലയൊക്കെ എന്നേ മരിച്ചു. ഞാനിന്ന് ഈ നാട്ടിലെ അറിയപ്പെടുന്നൊരു ലോയറാണ്. എനിക്ക് എന്റേതായ വ്യക്തിത്ത്വം ഉണ്ടിന്ന്. പക്ഷെ പോകുന്നതിനു മുൻപ് എനിക്ക് നിങ്ങളോടു ഒരു കാര്യം മാത്രം ചോദിക്കാനുണ്ട്.??”

എന്ത് തെറ്റായിരുന്നു ഞാൻ നിങ്ങളോടു ചെയ്തേ.?? അത് പറഞ്ഞപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ബെല്ലാ.. ഞാൻ.!!” ഞാനവളുടെ ഇടതു ഷോൾഡറിൽ കൈ വെച്ചു.!

“തൊട്ട് പോകരുതെന്നെ.. !” അവൾ ചീറ്റ പുലിയെ പോലെ ചീറി.!!!

മഴ തകർത്തു പെയ്തു കൊണ്ടിരിക്കുകയാണ്. ഇടി മിന്നലും. ശക്തമായ കാറ്റു കൊണ്ട് ഞങ്ങൾ രണ്ട് പേരുടെയും മുടികൾ പാറി കൊണ്ടിരുന്നു. അവളുടെ മുഖത്തു ഒരു പ്രത്യേക തരം രൗദ്ര ഭാവം വരുന്നത് ഞാൻ ശ്രദ്ധിച്ചു. ഞങ്ങൾ മുഖത്തോടു മുഖം നോക്കി മിണ്ടാതെ നിൽക്കുകയാണ്.

“ഇത്രയൊക്കെ എന്നോട് ചെയ്തതിന് ഞാൻ തിരിച്ചൊരു സമ്മാനം തരണ്ടേ ദീപക്. എനിക്ക് തന്നത് പോലെ മറക്കാനാവാത്ത നീ അർഹിക്കുന്ന ഒരു സമ്മാനം.!!” അവളുടെ മുഖം ദേഷ്യം കൊണ്ട് വിളറി വെളുത്തു. ട്രെയിനൊരു പാലത്തോടടുത്തു. ശക്തമായ മഴയിൽ മഴത്തുള്ളികൾ വാതിൽക്കൽ നിൽക്കുന്ന എന്റെ ജാക്കറ്റിന്റെ പിൻവശം നനച്ചു കൊണ്ടിരുന്നു.

“ബെല്ലാ.. നീ.!!” ഞാനത് പറഞ്ഞു മുഴുമിപ്പിക്കുമ്പോളേക്കും അവളെന്റെ നെഞ്ചിലേക്ക് കൈ നീട്ടി ട്രെയിനിന് പുറത്തേക്കു എന്നെ പെട്ടെന്ന് തള്ളിയതും ഒരുമിച്ചായിരുന്നു.

പാലത്തിനു മുകളിൽ നിന്നും പിന്നിലേക്കു താഴെ പുഴയിലേക്ക് ഞാൻ പതിക്കുമ്പോളും ഞാൻ കാണുന്നുണ്ടായിരുന്നു….

“ട്രെയിനിന്റെ വാതിലിൽ നിന്നും എന്നെ നോക്കുന്ന പ്രതികാര ദാഹിയായ ഒരു കാമുകിയുടെ തീ പോലെ ജ്വലിക്കുന്ന തിളങ്ങുന്ന കണ്ണുകൾ.!!”

ശുഭം